ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടായാൽ ഡയറ്റിംഗ് എളുപ്പമാക്കാം 

കൃത്യമായ തയ്യാറെടുപ്പുകളോടെ, അടുക്കും ചിട്ടയും പാലിച്ചുകൊണ്ട്,  ആഹാരം, ഉറക്കം, ജോലി, ക്രിയാത്മകത തുടങ്ങിയവയ്ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നൽകുന്ന ഒരു പട്ടിക തയ്യാറാക്കി, നാളെ മുതൽ സന്തോഷത്തോടെ ജീവിക്കുമെന്ന്  പലതവണ തീരുമാനിച്ചവരാണ് നമ്മളിൽ പലരും. 

“നാളെ മുതൽ ഞാൻ നല്ല ആഹാരം കഴിച്ചു തുടങ്ങും.”

“കൂടുതൽ വ്യായാമം ചെയ്യണം.”

“മധുരം കുറയ്ക്കണം… ഉടനെ തന്നെ ഡയറ്റിംഗ് തുടങ്ങണം.”

അങ്ങനെ നാളെ മുതൽ, അടുത്തയാഴ്ച്ച മുതൽ, അടുത്ത ഒന്നാംതിയതി മുതൽ…എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. 

പക്ഷെ ആഴ്ചകൾ പലത് കഴിഞ്ഞാലും, നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന ശീലങ്ങൾ മാത്രം മാറാതങ്ങനെ നിൽക്കും.

അപ്പോൾ പലരും സ്വയം പഴിചാരാൻ തുടങ്ങും: “എത്ര നല്ല പ്ളാനുണ്ടാക്കിയാലും എനിക്കൊന്നിനും കഴിയില്ല, ഒന്നും നടക്കില്ല, എനിക്ക്  മനക്കരുത്തില്ല.” അങ്ങനെ പോകും തുടർന്നുള്ള ചിന്തകൾ.

എന്നാൽ പ്രശ്നം നിങ്ങളുടെ മനക്കരുത്തുമായി ബന്ധപ്പെട്ടതല്ല എന്നതാണ് വാസ്തവം. ശരീരം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ശീലങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്നും ഇന്നത്തെ നമ്മുടെ ചുറ്റുപാടുകൾ ശരീരത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്നും ഉള്ള അറിവില്ലായ്മയാകാം യഥാർത്ഥ പ്രശ്നം.

കാരണം മനക്കരുത്തല്ല 

മനക്കരുത്ത് എന്നത് വ്യക്തിപരമായ ഒരു കാര്യമായി നമുക്ക് തോന്നാം, എന്നാൽ നമ്മുടെ ശീലങ്ങൾ രൂപപ്പെടുന്നത് ജൈവശാസ്ത്രപരമായ കാരണങ്ങളിൽ അധിഷ്ഠിതമായാണ്.

ഇതൊന്ന് ഓർത്തു നോക്കൂ:

  • മാനസിക സമ്മർദ്ദം കൂടുമ്പോൾ നമുക്ക് കഴിക്കാൻ തോന്നുന്നത് സാലഡല്ല, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ്.
  • ശരീരം തളർന്നിരിക്കുമ്പോൾ മധുരപലഹാരങ്ങളോടും പാനീയങ്ങളോടും വല്ലാത്തൊരാകർഷണം തോന്നും.
  • ജീവിതം തിരക്കുള്ളതാകുമ്പോൾ ആദ്യം അവഗണിക്കപ്പെടുന്നത് ഉറക്കവും ഭക്ഷണവും വ്യായാമവുമാണ്.

ഇപ്പറഞ്ഞതെല്ലാം ശരിയല്ലേ? ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണമാണിത്. അല്ലാതെ, നമ്മൾ കരുതുന്നതുപോലെ സ്വഭാവത്തിന്റെ പ്രശ്നമല്ല. 

നമ്മുടെ മസ്തിഷ്കം രൂപപ്പെട്ടിരിക്കുന്നത്:

  • കൂടുതൽ ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ തേടുക.
  • ഭീഷണികളിൽ നിന്ന് ഒഴിഞ്ഞുമാറുക.
  • പെട്ടെന്ന് സന്തോഷം നൽകുന്ന കാര്യങ്ങൾ തെരഞ്ഞെടുക്കുക.
  • സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഊർജ്ജം ലാഭിക്കുക.

ഈ കാര്യങ്ങളെല്ലാം അനുകൂലമായി വരുന്ന രീതിയിലാണ് തലച്ചോറിൻ്റെ പ്രവർത്തനം. 

നമ്മുടെ ഇന്നത്തെ ചുറ്റുപാടുകൾ നോക്കൂ — സംസ്കരിച്ച ഭക്ഷണങ്ങൾ, സ്ക്രീനുകൾ, ഏതു നേരവും ലഭ്യമാകുന്ന ലഘുഭക്ഷണങ്ങൾ… ഇവയെല്ലാം നമ്മുടെ അതിജീവനത്തിനായുള്ള ഈ സഹജവാസനകളെ ചൂഷണം ചെയ്യുന്നവയാണ്.

അതുകൊണ്ട്, ഇത്തരം സാഹചര്യങ്ങളിൽ മനക്കരുത്തില്ലെന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്തുന്നത്, വെറുതെയാണ്. താഴേക്ക് ഒഴുകുന്നതിന് പുഴയെ കുറ്റപ്പെടുത്തുന്നത് പോലെയാണത്.

മനക്കരുത്തിനേക്കാൾ അവബോധം പ്രധാനമാകാൻ കാരണം?

ശീലങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ, ആദ്യം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്:

ഭക്ഷണം നിങ്ങളുടെ തലച്ചോറിനെയും ഹോർമോണുകളെയും എങ്ങനെ ബാധിക്കുന്നു?

പഞ്ചസാരയും മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ശരീരത്തിൽ ചെന്നാൽ:

  • ഇൻസുലിൻ ഹോർമോണിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നു
  • തലച്ചോറിൽ ഡോപമിൻ (Dopamine) ഉത്പാദിപ്പിച്ച് സന്തുഷ്ടി നൽകുന്നു (ഇതുകാരണം ആ ഭക്ഷണത്തോട് വീണ്ടും വീണ്ടും ആസക്തി തോന്നും).
  • വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ താളം തെറ്റിക്കുന്നു.

അതുകൊണ്ട്, ആഹാരം കഴിഞ്ഞ് ഒരു മണിക്കൂർ തികയുന്നതിന് മുൻപേ വീണ്ടും വിശക്കുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ മനക്കരുത്തിന്റെ പിഴവല്ല. മറിച്ച്, നിങ്ങളുടെ ഹോർമോണുകൾ ശരീരത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് നൽകുന്ന സൂചനയാണ്.

സമ്മർദ്ദം നിങ്ങളെ വിശപ്പുള്ളവരാക്കുന്നു

ശരീരത്തിൽ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോൺ കൂടുമ്പോൾ, നിങ്ങളുടെ ശരീരം താഴെ പറയുന്ന രീതിയിൽ പ്രതികരിക്കുന്നു:

  • കലോറി കൂടിയ ഭക്ഷണങ്ങളോട് ആസക്തി തോന്നും
  • കൊഴുപ്പ് അടിഞ്ഞുകൂടും
  • പ്രചോദനം (Motivation) കുറയും
  • ഉറക്കത്തെ ദോഷകരമായി ബാധിക്കും

കരുത്തുവേണം എന്ന് സ്വന്തം മനസ്സിനോട് പറയുന്നതുകൊണ്ട് മാത്രം മാനസിക സമ്മർദ്ദത്തെ മറികടക്കാൻ കഴിയില്ല. അതിന് പ്രായോഗിക രീതികൾ ആവശ്യമാണ്:

ശ്വസന വ്യായാമങ്ങൾ, കൃത്യമായ ഉറക്കം, പോസിറ്റീവ് ചിന്താഗതി, നല്ല സൗഹൃദങ്ങൾ – ഇതെല്ലാം ആവശ്യമാണ്. 

തീരുമാനങ്ങളല്ല, സാഹചര്യങ്ങളാണ് നമ്മെ നയിക്കുന്നത്

ആരോഗ്യം എന്നത് നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനത്തെ അനുസരിച്ചാണുണ്ടാകുകയെന്ന് നമ്മൾ കരുതാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്:

  • ഫ്രിഡ്ജിൽ എന്താണുള്ളത് എന്നതിനനുസരിച്ചാകും ചിലപ്പോൾ നമ്മുടെ ആഹാരം സംബന്ധിച്ച തീരുമാനം. കണ്മുന്നിൽ കാണുന്ന ഭക്ഷണമാണ് നമ്മൾ ആദ്യം കഴിക്കുക.
  • ഓഫീസിലെ ഭക്ഷണരീതി
  • കുടുംബത്തിലെ ഭക്ഷണസംസ്കാരം
  • സാമൂഹികമായ ഒത്തുചേരലുകളും വിരുന്നുകളും
  • മാനസികാവസ്ഥ: സങ്കടമോ ദേഷ്യമോ വരുമ്പോൾ ഭക്ഷണത്തിൽ ആശ്വാസം കണ്ടെത്തുന്നത്.

നമുക്ക് ചുറ്റും എപ്പോഴും ഭക്ഷണം ലഭ്യമായ ഒരു സാഹചര്യത്തിൽ, വെറും മനക്കരുത്ത് കൊണ്ട് മാത്രം ശീലങ്ങൾ മാറ്റാൻ കഴിയില്ല. അതിന് കൃത്യമായ ഒരു ക്രമീകരണം ആവശ്യമാണ്.

നാഡീവ്യവസ്ഥ എന്ന നിയന്ത്രണ കേന്ദ്രം 

നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് നാഡീവ്യവസ്ഥയാണ് (Nervous System). താഴെ പറയുന്നവയെല്ലാം തീരുമാനിക്കുന്നത് ഈ സംവിധാനമാണ്:

  • വിശപ്പിന്റെ സൂചനകൾ
  • സമ്മർദ്ദത്തോടുള്ള പ്രതികരണം
  • ചില ഭക്ഷണങ്ങളോടുള്ള ആസക്തി
  • ഉറക്കത്തിന്റെ രീതികൾ

ഇന്നത്തെ നമ്മുടെ ജീവിതശൈലി നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ രീതിയിൽ ഈ സംവിധാനത്തെ ബാധിക്കുന്നുണ്ട്.

ചില ഉദാഹരണങ്ങളിലൂടെ ഇത് മനസ്സിലാക്കാം:

  • ഫോണുകളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് (Blue light): ഇത് മെലാടോണിൻ (Melatonin) എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.
  • വിട്ടുമാറാത്ത സമ്മർദ്ദം (Chronic stress):  കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും മധുരത്തോടുള്ള ആസക്തി കൂട്ടുകയും ചെയ്യുന്നു.
  • വ്യായാമമില്ലാത്ത അവസ്ഥ:  ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുന്നു.
  • രാത്രി വൈകിയുള്ള ഭക്ഷണം:  ശരീരത്തിന്റെ സ്വാഭാവിക ജൈവതാളത്തെ (Circadian rhythm) താറുമാറാക്കുന്നു.

സ്വയം നിർബന്ധിച്ച് നിയന്ത്രിക്കേണ്ട ഒന്നല്ല ആരോഗ്യമെന്ന്, ഈ ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാകും. തകരാറിലായ നമ്മുടെ ആന്തരിക സംവിധാനത്തെ വീണ്ടും ക്രമീകരിക്കുകയാണു വേണ്ടത്.

സ്വഭാവദൂഷ്യം എന്ന് നമ്മൾ തെറ്റിദ്ധരിക്കാറുള്ള പല കാര്യങ്ങളും യഥാർത്ഥത്തിൽ നമ്മുടെ ശരീരസംവിധാനം നൽകുന്ന മറുപടികളാണ്:

1. രാത്രികാലങ്ങളിലെ ഭക്ഷണത്തോടുള്ള ആസക്തി (Evening cravings)

ഇത് നിങ്ങളുടെ മടി കൊണ്ടല്ല.

മാനസിക സമ്മർദ്ദം നിറഞ്ഞ ഒരു ദിവസത്തിന് ശേഷം, തലച്ചോറ് അല്പം ആശ്വാസവും സന്തോഷവും (Reward) ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായാണ് രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുന്നത്.

2. വ്യായാമം മുടങ്ങുന്നത് (Skipping workouts)

ഇത് അച്ചടക്കമില്ലായ്മയല്ല.

ശരീരക്ഷീണം, അമിതമായ സ്ട്രെസ്, ഉറക്കമില്ലായ്മ എന്നിവ ഒത്തുചേരുമ്പോൾ സ്വാഭാവികമായും കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം (Motivation) കുറയുന്നു.

3. ഭക്ഷണനിയന്ത്രണം (Diet) പാതിവഴിയിൽ ഉപേക്ഷിക്കുന്നത്

ഇത് നിങ്ങളുടെ പരാജയമല്ല.

ഹോർമോണുകൾ വിശപ്പിനെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതുകൊണ്ടാണ് പലപ്പോഴും ഡയറ്റ് പ്ലാനുകൾ പാളിപ്പോകുന്നത്.

ശീലങ്ങളിൽ മാറ്റം കൊണ്ടുവരുന്നത് എങ്ങനെ?

1. അറിവ് നേടുക 

ശരീരം ഓരോ സാഹചര്യത്തിലും എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് ശരിയായ തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും.

ഉദാഹരണത്തിന്: ഇൻസുലിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞാൽ, രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കാത്ത തരം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെക്കുറിച്ച് മനസ്സിലാക്കിയാൽ സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ  തേടാൻ സ്വയം തോന്നും.

2. സാഹചര്യങ്ങളിൽ  മാറ്റം വരുത്തുക

ആരോഗ്യകരമായ ശീലങ്ങൾ എളുപ്പമാക്കുകയും മോശം ശീലങ്ങൾ പ്രയാസകരമാക്കുകയും ചെയ്യുക.

നിങ്ങളെ പ്രലോഭിപ്പിക്കുന്ന തരം ഭക്ഷണങ്ങൾ വീട്ടിൽ വാങ്ങി വെയ്ക്കാതിരിക്കുക. അതോടൊപ്പം, പോഷകഗുണമുള്ള ഭക്ഷണങ്ങൾ എപ്പോഴും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ ക്രമീകരിക്കുക.

3. വലിയ ലക്ഷ്യങ്ങൾക്ക് പകരം ചെറിയ മാറ്റങ്ങൾ

“10 കിലോ കുറയ്ക്കണം” എന്ന വലിയ ലക്ഷ്യത്തിന് പകരം ലളിതമായ കാര്യങ്ങളിൽ തുടങ്ങുക:

  • ദിവസവും ഒരു മധുരപാനീയമെങ്കിലും ഒഴിവാക്കുക.
  • അത്താഴത്തിന് ശേഷം 10 മിനിറ്റ് നടക്കുക.
  • ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോണുൾപ്പെടെ സ്ക്രീനുകൾ ഒഴിവാക്കുക.

ഇത്തരം ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ (Physiology) സാവധാനത്തിൽ പുനഃക്രമീകരിക്കും.

അറിവിലധിഷ്ഠിതമായ ശീലങ്ങൾ മനക്കരുത്തിനേക്കാൾ ഗുണകരം

ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കുന്നതിനേക്കാൾ, കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് എപ്പോഴും പ്രയോജനപ്രദമാകുക. നിങ്ങളുടെ ശക്തി കൊണ്ടല്ല, മറിച്ച് അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് താഴെ പറയുന്നവ ശീലമാക്കാം:

  • സമീകൃതാഹാരം: പ്രോട്ടീൻ, നാരുകൾ (Fiber), ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം.
  • ചിട്ടയായ ഉറക്കം
  • സമ്മർദ്ദ നിയന്ത്രണം
  • വ്യായാമം
  • ധാരാളം വെള്ളം കുടിക്കുക
  • ഭക്ഷണം ആസ്വദിച്ചു കഴിക്കുക 

നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ട ശീലങ്ങളല്ല ഇവയൊന്നും,  മറിച്ച്  ശരീരത്തിന്റെ ആരോഗ്യത്തിനായി നിങ്ങൾ തന്നെ ഒരുക്കി നൽകേണ്ട സാഹചര്യങ്ങളാണ്.

നിങ്ങളുടെ ശരീരം നിങ്ങളെ എതിർക്കുകയല്ല ചെയ്യുന്നത്. അത് താഴെ പറയുന്നവയോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്:

  • നിങ്ങളുടെ ശരീരശാസ്ത്രം
  • നിങ്ങളുടെ സാഹചര്യങ്ങൾ 
  • നിങ്ങളുടെ ഹോർമോണുകൾ
  • നിങ്ങളുടെ നാഡീവ്യവസ്ഥ നൽകുന്ന സൂചനകൾ

ശരീരത്തിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന ഇത്തരം അസന്തുലിതാവസ്ഥ പരിഹരിക്കാൻ ‘മനക്കരുത്ത്’ (Willpower) കൊണ്ട് മാത്രം സാധിക്കില്ല.

അതിന് കൃത്യമായ തിരിച്ചറിവാണു വേണ്ടത്.

ഇന്ന് തന്നെ തുടങ്ങാം ചില പ്രായോഗിക മാർഗ്ഗങ്ങൾ

1.കഴിക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുക

സ്വയം കുറ്റപ്പെടുത്താനല്ല — മറിച്ച് നിങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വേണ്ടി മാത്രം.

2. ഉറക്കം ശ്രദ്ധിക്കുക

ഏത് സമയത്താണ് ഉറങ്ങുന്നതെന്നും എപ്പോഴാണ് എഴുന്നേൽക്കുന്നതെന്നും നിരീക്ഷിക്കുക.

3.  സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുക

ഏതൊക്കെ സമയത്താണ് നിങ്ങൾക്ക് അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുന്നതെന്ന് (Cravings) ശ്രദ്ധിക്കുക.

4. ഒരു ശീലം മാറ്റുക

മധുരമുള്ള ലഘുഭക്ഷണത്തിന് പകരം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിച്ച് തുടങ്ങുക.

മനക്കരുത്തിനെ ആശ്രയിക്കാതെ തന്നെ, നിങ്ങളുടെ മെറ്റബോളിസത്തെയും മാനസികാവസ്ഥയെയും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും.

നിങ്ങളുടെ ശരീരം എങ്ങനെയാണ് ആഗ്രഹിക്കുന്നത് എന്നതിലുപരി, അത് യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കി ക്കഴിഞ്ഞാൽ, എന്തുകഴിക്കണമെന്നുള്ള നിങ്ങളുടെ തീരുമാനങ്ങൾ കൂടുതൽ മികച്ചതാകും, വിശപ്പിന്റെ കാരണങ്ങൾ ബോധ്യപ്പെടും, ശീലങ്ങൾ തനിയെ മാറും.

അച്ചടക്കത്തിലേക്കുള്ള പാത മാത്രമല്ലിത്, സ്വയം ശാക്തീകരിക്കലാണ് ഇതിലൂടെ സാദ്ധ്യമാകുക..

മനക്കരുത്തില്ലെന്ന സ്വയം കുറ്റപ്പെടുത്തൽ പിഴുതുമാറ്റാം. പകരം കൃത്യമായ അറിവുകൾ നട്ടുനനയ്ക്കാം. അങ്ങനെ ശരീരത്തിലും മനസ്സിലും ആരോഗ്യം പൂത്തുലയട്ടെ!

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe