കാർട്ടൂൺ കാഴ്ചകളിൽ ഉറങ്ങാൻ മടിക്കുന്ന കുഞ്ഞുങ്ങൾ:

ഉറക്കത്തെ അവഗണിച്ചാൽ അപകടങ്ങൾ ഏറെ
കുട്ടികൾക്ക് പോഷകങ്ങൾ നിറഞ്ഞ ആഹാരം നൽകി, വൃത്തിയുള്ള ഉടുപ്പുകൾ അണിയിച്ച് ഇടയ്ക്കിടെ പാർക്കിലും മറ്റും ഓടിച്ചാടി നടന്ന് വ്യായാമം ചെയ്യാൻ അനുവദിച്ച്, പഠനത്തിൽ ആവോളം സഹായിച്ച് – അങ്ങനെ അവർക്ക് വേണ്ട കാര്യങ്ങളിലെല്ലാം ശ്രദ്ധ പതിപ്പിക്കുന്നവരാണ് നമ്മൾ രക്ഷിതാക്കൾ. പക്ഷെ, നല്ല ഭക്ഷണത്തോളം തന്നെ പ്രാധാന്യമുള്ള
മറ്റൊരു കാര്യം, അതർഹിക്കുന്ന പരിഗണന നൽകുന്നതിൽ നമ്മളിൽ പലർക്കും പിഴവ് പറ്റാറുണ്ട് – കുട്ടികളുടെ ഉറക്കം സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ നൽകാൻ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ സ്ഥിരമായി ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത് കുഞ്ഞുങ്ങളെ ശാരീരികമായും മാനസികമായും ഏറെ ദോഷകരമായി ബാധിക്കും.
ഉറക്കക്കുറവ് കുട്ടിയുടെ ആരോഗ്യം, മാനസികാവസ്ഥ, സ്വഭാവം, രോഗപ്രതിരോധശേഷി, തലച്ചോറിന്റെ വികാസം എന്നിവയെ എങ്ങനെയെല്ലാം നിശ്ശബ്ദമായി തകരാറിലാക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
ഉറക്കം എന്ന സൂപ്പർ പവർ
വിശ്രമിക്കാനായിട്ടുള്ള പ്രത്യേക സമയമായി ഉറക്കത്തെ കണക്കാക്കാനാവില്ല. കാരണം മസ്തിഷ്ക്കം, അതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്ന സമയമാണത്—പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ ഉറപ്പിക്കുക, വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുക, കോശങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നിവയെല്ലാം നടക്കുന്നത് ഉറക്കത്തിലാണ്.
- ഗാഢനിദ്രയിൽ, തലച്ചോറ് പുതിയ ഓർമ്മകളെയും വൈകാരിക അനുഭവങ്ങളെയും ശരിയായി ക്രമീകരിക്കുന്നു.
- ശരീര വളർച്ചയെ സഹായിക്കുന്ന ഗ്രോത്ത് ഹോർമോൺ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്നത് ഉറക്കത്തിലാണ്.
- രോഗപ്രതിരോധ സംവിധാനം, രോഗാണുക്കളെ ചെറുക്കാനുള്ള ഊർജ്ജം നേടുന്നത് ഉറങ്ങുമ്പോഴാണ്.
- ആരോഗ്യകരമായ ഉറക്കം ഏകാഗ്രത, സർഗ്ഗാത്മകത, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നു.
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, അത്, കുഞ്ഞിൻ്റെ വളർച്ചയിൽ വലിയ തടസ്സങ്ങൾക്ക് ഇടനൽകാം.
ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിലോ?
കുറച്ച് ദിവസങ്ങൾ മാത്രം ഉറക്കം ശരിയായില്ലെങ്കിൽ പോലും അതിൻ്റെ ലക്ഷണങ്ങൾ കുട്ടികളിൽ പ്രകടമാകും. പക്ഷെ, നിരന്തരമായി ഉറക്കം നഷ്ടപ്പെടുന്നത് താഴെ പറയുന്ന കാര്യങ്ങളെ ഗുരുതരമായി ബാധിക്കും:
1. പഠനത്തിലും ചിന്താശേഷിയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുന്നു.
- ക്ലാസ്സിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
- ഓർമ്മക്കുറവ് ഉണ്ടാകുന്നു.
- പഠനത്തിൽ പിന്നോട്ട് പോകുന്നു.
2. മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ
- ദേഷ്യം, വാശി, പെട്ടെന്നുണ്ടാകുന്ന സങ്കടം തുടങ്ങിയ സ്വഭാവമാറ്റങ്ങൾ.
- അനാവശ്യമായ ഉത്കണ്ഠ, അസ്വസ്ഥത, വിഷാദം എന്നിവ.
- ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാൻ കഴിയാതെ വരിക.
3. അനാരോഗ്യകരമായ തരത്തിൽ ശരീരഭാരം കൂടുന്നു
- ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുകയും, ഇത് ജങ്ക് ഫുഡിനോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- കുറച്ച് മാത്രം ഉറങ്ങുന്ന കുട്ടികളിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്.
4. രോഗപ്രതിരോധ ശേഷി കുറയുന്നു
സ്ഥിരമായ ഉറക്കക്കുറവ് കുട്ടികളിൽ തുടർച്ചയായുണ്ടാകുന്ന അസുഖങ്ങൾക്കും, ജലദോഷത്തിനും, അസുഖം ഭേദമാകാൻ വൈകുന്നതിനും കാരണമാകുന്നു.
💉5. ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു
- ദീർഘകാലത്തെ ഉറക്കക്കുറവ്, ഭാവിയിൽ ഇൻസുലിൻ റെസിസ്റ്റൻസ്, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ഉപാപചയ തകരാറുകൾ എന്നിവയ്ക്ക് കാരണമായേക്കാം.
ഉറക്കം നഷ്ടപ്പെടുത്തുന്ന പ്രധാന കാരണങ്ങൾ
ഇന്നത്തെ കാലത്ത് കുട്ടികളുടെ ഉറക്കം തടസ്സപ്പെടുത്തുന്ന ചില പൊതുവായ കാര്യങ്ങൾ ഇവയാണ്:
- ഉറങ്ങുന്നതിന് തൊട്ടുമുൻപുള്ള സ്ക്രീൻ ഉപയോഗം: ഇത് ഉറക്കത്തെ സഹായിക്കുന്ന മെലാറ്റോണിൻ (melatonin) എന്ന ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കുന്നു.
- കൃത്യമല്ലാത്ത ഉറക്കസമയം: ഹോംവർക്ക്, യാത്രകൾ, അല്ലെങ്കിൽ വാരാന്ത്യങ്ങളിലെ ശീലങ്ങൾ എന്നിവ കാരണം ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയമില്ലാതിരിക്കുന്നത് ഉറക്കം നഷ്ടപ്പെടാൻ കാരണമാകും.
- മാനസിക സമ്മർദ്ദവും ഉത്കണ്ഠയും: പഠനസംബന്ധമായോ കൂട്ടുകാരുമായുള്ള പ്രശ്നങ്ങൾ മൂലമോ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം.
- ഉറങ്ങുന്നതിന് മുൻപുള്ള അമിത ഉത്തേജനം: ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് കംപ്യൂട്ടർ ഗെയിമുകൾ കളിക്കുക, ബഹളമുള്ള സാഹചര്യങ്ങളിൽ ഇടപെടുക തുടങ്ങിയവ.
കുട്ടികൾക്ക് യഥാർത്ഥത്തിൽ എത്ര മണിക്കൂർ ഉറക്കം വേണം?
കുട്ടികളുടെ ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധരുടെ (pediatric sleep specialists) അഭിപ്രായത്തിൽ, ഓരോ പ്രായത്തിലും ആവശ്യമായ ഉറക്കത്തിൻ്റെ അളവ് വ്യത്യസ്തമാണ്:
- 3 മുതൽ 5 വയസ്സുവരെ: 10–13 മണിക്കൂർ (പകൽ ഉറക്കം ഉൾപ്പെടെ)
- 6 മുതൽ 12 വയസ്സുവരെ: 9–12 മണിക്കൂർ
- 13 മുതൽ 18 വയസ്സുവരെ: 8–10 മണിക്കൂർ
കുഞ്ഞുങ്ങളുടെ ഉറക്കത്തിന് പകരം വെയ്ക്കാൻ മറ്റൊന്നിനുമാകില്ല. മനസ്സും ശരീരവും സ്വാഭാവികമായി ആരോഗ്യത്തോടെ നിലനിർത്താൻ കുട്ടികൾ ആവശ്യത്തിന് ഉറങ്ങിയേ തീരൂ. അതുകൊണ്ട്, അവരുടെ പഠനത്തിനും കളികൾക്കും വ്യായാമത്തിനും സന്തോഷത്തിനും നൽകുന്ന അതേ പ്രാധാന്യവും ശ്രദ്ധയും കുഞ്ഞുങ്ങളുടെ സ്വസ്ഥമായ ഉറക്കത്തിനും നമുക്ക് നൽകാം.




