ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ആധുനിക കാലത്ത് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ

ഉപാധികളില്ലാത്ത സ്നേഹവും കരുതലും ബന്ധങ്ങളിൽ വേരോടുമ്പോഴാണ് അതു കരുത്തുറ്റതാകുക എന്നാണ് പൊതുവെ പറയാറുള്ളത്. സ്നേഹം, പ്രണയം, സൗഹൃദം, വാൽസല്യം എല്ലാം ആവോളം ലഭിക്കുമ്പോൾ, അതനുഭവിക്കുന്നവർക്കും നൽകുന്നവർക്കും ആനന്ദം ഇരട്ടിക്കുന്നു. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ, വർത്തമാനകാലത്ത്, ബന്ധങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അനാദികാലം മുതൽക്കേ മനുഷ്യരുടെ അടിസ്ഥാനവികാരങ്ങൾ ഒന്നുതന്നെയാണെങ്കിലും അതു പ്രകടമാക്കുന്ന രീതിയിൽ കാലാനുസൃതമായ വ്യത്യാസങ്ങൾ വന്നുകൊണ്ടേയിരുന്നു. നവീനകാലബന്ധങ്ങളിൽ കണ്ടുവരുന്ന സങ്കീർണ്ണതകൾ എന്തെല്ലാമാണെന്ന് തിരയുമ്പോൾ, നിരവധി കാര്യങ്ങൾ നമുക്ക് കണ്ടെത്താനാകും.

ക്ലിനിക്കുകളിലും തെറാപ്പി സെഷനുകളിലും, നമ്മുടെ സാധാരണ സംഭാഷണങ്ങളിൽ പോലും സ്ഥിരമായി കേൾക്കുന്ന ചില വാചകങ്ങളുണ്ട്:

“ഇന്നത്തെ കാലത്ത് എല്ലാം വെറും കൊടുക്കൽ വാങ്ങലുകൾ മാത്രമായി മാറിയതുപോലെ തോന്നുന്നു.” 

“ഒന്നിനും പഴയതുപോലെ നിരുപാധികമായ സ്നേഹമില്ല.”

ഈ വാചകങ്ങൾ വാസ്തവത്തിൽ ആധുനികകാലത്തെ ചില യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ്.

ഇന്ന് സൗഹൃദങ്ങൾ സോപാധിക വ്യവസ്ഥയാണ്.

വിവാഹബന്ധങ്ങൾ പലപ്പോഴും വിട്ടുവീഴ്ചകൾക്കും ലാഭനഷ്ടങ്ങൾക്കും ഇടയിലുള്ള വിലപേശലുകളായി മാറുന്നു.

അടുത്ത ബന്ധുക്കൾക്കിടയിലുള്ള സ്നേഹം പോലും പലപ്പോഴും വരവ് വെയ്ക്കുന്നതിനു മാത്രമുള്ള കണക്കുപുസ്തകമായി മാറുന്നു.

എന്തുകൊണ്ടാണ് സ്നേഹം ഇങ്ങനെ കരാറടിസ്ഥാനത്തിലാകുന്നത്? എന്തുകൊണ്ടാണ് ഇന്നത്തെ ലോകത്ത് പല ബന്ധങ്ങളും കേവലം ഒരിടപാട് പോലെ അനുഭവപ്പെടുന്നത്?

മനഃശാസ്ത്രപരവും സാമൂഹികവും വൈകാരികവുമായ കാഴ്ചപ്പാടുകളിലൂടെ നമുക്കിതിനെ നോക്കിക്കാണാം.

1. പരസ്പര സഹായത്തിനായി രൂപകൽപ്പന ചെയ്യപ്പെട്ട മസ്തിഷ്കം

മനഃശാസ്ത്രപരമായി നോക്കുകയാണെങ്കിൽ, ബന്ധങ്ങൾ എപ്പോഴും ഒരു കൊടുക്കൽ വാങ്ങലിന്റെ (Exchange) പുറത്താണ് നിലനിന്നിട്ടുള്ളത്.

മനുഷ്യൻ അതിജീവിച്ചതുതന്നെ പരസ്പരം സഹായിച്ചും സഹകരിച്ചും (Reciprocity) മുന്നോട്ട് പോയതുകൊണ്ടാണ്. നമ്മുടെ പൂർവ്വികർ അതിജീവനത്തിനായി തെരഞ്ഞെടുത്ത വഴികൾ  നോക്കിയാൽ ഇതു വ്യക്തമാകും:

  • അവർ ഭക്ഷണം പങ്കിട്ടു
  • പരസ്പരം സംരക്ഷിച്ചു
  • കൂട്ടുകെട്ടുകളും സഖ്യങ്ങളും ഉണ്ടാക്കി

നീതിപൂർവ്വമായ പെരുമാറ്റങ്ങളെ നമ്മുടെ മസ്തിഷ്കം എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. നമ്മൾ ഒരാൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് ബദലായി തിരിച്ചും പരിഗണന കിട്ടുമ്പോൾ, നമ്മുടെ ശരീരത്തിൽ ഡോപമിൻ (Dopamine), ഓക്സിടോസിൻ (Oxytocin) എന്നീ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് നമുക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു. അതേസമയം, നമ്മുടെ പരിശ്രമങ്ങൾ അവഗണിക്കപ്പെടുമ്പോൾ, അതിനെ വലിയ തിരസ്കരണമായി (Rejection) മസ്തിഷ്കം കണക്കാക്കുന്നു.

അതുകൊണ്ട് തന്നെ, പരസ്പരമുള്ള ഈ കൊടുക്കൽ വാങ്ങലുകൾ  പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. ബന്ധങ്ങൾ സ്വാഭാവികമായ സ്നേഹത്തിൽ നിന്നും മാറി, ഓരോ കാര്യവും വിട്ടുവീഴ്ചയില്ലാതെ അളവുപാത്രത്തിലെന്നപോലെ കണ്ടുതുടങ്ങുമ്പോഴാണ് യഥാർത്ഥ പ്രശ്നം ആരംഭിക്കുന്നത്.

2. വൈകാരിക കണക്കുപുസ്തകമാകുന്ന ജീവിതം

ആധുനിക ജീവിതം നമ്മെ എപ്പോഴും എന്തിനേയും അളന്നു തിട്ടപ്പെടുത്താൻ (Measurable outcomes) പഠിപ്പിക്കുന്നു. ഉദാഹരണത്തിന്:

  • ജോലിസ്ഥലത്തെ നമ്മുടെ പ്രകടനം (Performance metrics).
  • ഒരു ദിവസം നമ്മൾ എത്രത്തോളം കാര്യങ്ങൾ ചെയ്തു തീർത്തു എന്ന കണക്ക് (Productivity tracking).
  • സോഷ്യൽ മീഡിയയിലെ ലൈക്കുകളും ഷെയറുകളും (Engagement numbers).
  • വ്യായാമത്തിന്റെ ലക്ഷ്യങ്ങൾ (Fitness goals).
  • സാമ്പത്തിക ലക്ഷ്യങ്ങൾ (Financial targets).

പതിയെപ്പതിയെ, നമ്മളറിയാതെ തന്നെ ഈ ‘കണക്കെടുപ്പ് രീതി’ നമ്മുടെ ചിന്താഗതിയുടെ ഭാഗമായി മാറുന്നു. ഇതിന്റെ ഫലമായി നമ്മൾ നമ്മുടെ ബന്ധങ്ങളെയും ഇതേ കണ്ണിലൂടെ നോക്കി കകാണാൻ തുടങ്ങുന്നു:

  • “ഞാൻ മൂന്നാലു തവണ അങ്ങോട്ട് വിളിച്ചു, പക്ഷേ അവൻ തിരിച്ചു വിളിച്ചില്ല.”
  • “അവൾക്ക് വേണ്ടി ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുത്തു.”
  • “ഞാൻ എടുക്കുന്ന അത്രയും പ്രയത്നം അവനും എടുക്കേണ്ടതല്ലേ?”

ഇതിനെയാണ് ‘ഇമോഷണൽ അക്കൗണ്ടിംഗ്’ (Emotional Accounting) എന്ന് പറയുന്നത്. അതായത്, ബന്ധങ്ങൾക്കിടയിൽ ഉപബോധമനസ്സിൽ അറിയാതെ തന്നെ ഒരു കണക്കുപുസ്തകം (Relational ledger) സൂക്ഷിക്കുന്ന രീതി.

ബന്ധങ്ങളിൽ ഈ കണക്കെടുപ്പ് എപ്പോഴും തുടർന്നുകൊണ്ടിരുന്നാൽ, സ്നേഹം എന്നത് സ്വാഭാവികമായ ഒരു വികാരമല്ലാതാവുകയും പകരം ചില നിബന്ധനകൾക്ക് (Conditions) വിധേയമാവുകയും ചെയ്യുന്നു.

3. സോഷ്യൽ മീഡിയയും താരതമ്യം മൂലമുള്ള ഉത്കണ്ഠയും

സാമൂഹ്യ മനഃശാസ്ത്ര പഠനങ്ങൾ പ്രകാരം, മറ്റുള്ളവരുടെ ആകർഷകമായി ചിട്ടപ്പെടുത്തിയ ജീവിതം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്, കാണികളിൽ താഴെ പറയുന്ന ഘടകങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നു എന്നാണ്:

  • ബന്ധങ്ങളിലെ അതൃപ്തി
  • താരതമ്യം ചെയ്യുന്നതു മൂലമുണ്ടാകുന്ന ഉത്കണ്ഠ
  • ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം (FOMO)

ദമ്പതികളും സുഹൃത്തുക്കളും തങ്ങളുടെ ബന്ധങ്ങൾ തികച്ചും മനോഹരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുമ്പോൾ, നാം അറിയാതെ തന്നെ നമ്മുടെ ബന്ധങ്ങളെ കൂടുതൽ കടുപ്പമേറിയ രീതിയിൽ വിലയിരുത്താൻ തുടങ്ങുന്നു.

അവിടെ നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്:

“ഈ ബന്ധത്തിൽ ഞാൻ മാനസികമായി സുരക്ഷിതനാണോ?”

എന്നാൽ ഇതിന് പകരം നമ്മൾ, “ മറ്റുള്ളവരുടെ മുന്നിൽ എല്ലാം തികഞ്ഞ ബന്ധമാണോ ഇത്?” “ഈ വ്യക്തി എന്റെ ജീവിതത്തിന് എന്തെങ്കിലും ഗുണം നൽകുന്നുണ്ടോ?”എന്നെല്ലാം ചോദിക്കാൻ തുടങ്ങുന്നു.

സ്നേഹത്തിൽ അധിഷ്ഠിതമായ ബന്ധത്തിൽ നിന്നുമാറി, പ്രകടനപരതയിൽ അധിഷ്ഠിതമായ ബന്ധത്തിലേക്ക് നമ്മൾ യാത്ര ചെയ്യുന്നു.

സ്നേഹം ആസ്വദിക്കുന്നതിന് പകരം, അതൊരു വലിയ ഉത്തരവാദിത്തമായി മാറുന്നു.

4. മുതലാളിത്ത മനോഭാവവും ഉൽപ്പാദനക്ഷമതയിലുള്ള അമിത ശ്രദ്ധയും

ഇന്നത്തെ സമൂഹത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ലാഭേച്ഛയോടെയും ആധിപത്യസ്വഭാവത്തോടെയും പെരുമാറാനുള്ള ത്വര പൊതുവെ നിലനിൽക്കുന്നുണ്ട്. ഇത് സ്വാഭാവികമായും ചില ഘടകങ്ങൾക്ക് മുൻഗണന നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നു:

  • കാര്യക്ഷമത: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുക.
  • ലാഭവിഹിതം: നമ്മൾ നൽകുന്നതിന് അനുസരിച്ചുള്ള ലാഭം തിരിച്ചു കിട്ടുന്നുണ്ടോ എന്ന ചിന്ത.
  • ഉൽപ്പാദനം: എത്ര അധ്വാനിച്ചു, അതിൽ നിന്ന് എന്ത് ഫലം കിട്ടി എന്ന കണക്കെടുപ്പ്.

ഈ സാമൂഹിക സാഹചര്യങ്ങൾ പതിയെപ്പതിയെ നമ്മുടെ വൈകാരിക ജീവിതത്തിലേക്കും പടരുന്നു. അറിയാതെ തന്നെ നമ്മൾ സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നു:

  • “ഇയാൾക്ക് വേണ്ടി എന്റെ സമയം ചെലവാക്കുന്നത് എനിക്ക് ലാഭകരമാണോ?”
  • “ഞാൻ നൽകുന്ന അത്രയും സ്നേഹവും പരിഗണനയും എനിക്ക് തിരിച്ചു കിട്ടുന്നുണ്ടോ?”
  • “ഈ വ്യക്തി എന്റെ വ്യക്തിപരമായ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ടോ?”

ഈ ചിന്താഗതിയെ സ്വാർത്ഥത എന്ന് വിശേഷിപ്പിക്കാനാകില്ല. വാസ്തവത്തിൽ, നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ ഇങ്ങനെ ചിന്തിക്കാനാണ് നമ്മെ പഠിപ്പിക്കുന്നത്.

എങ്കിലും, സ്നേഹത്തെയും അടുപ്പത്തെയും നമ്മൾ ഉൽപ്പാദനക്ഷമതയുടെ കണ്ണിലൂടെ നോക്കിക്കാണുമ്പോൾ, അവിടെ സ്നേഹത്തിന് പകരം കേവലം വിലപേശലുകൾ മാത്രം അവശേഷിക്കുന്നു.

5. വൈകാരിക തകർച്ചകളെക്കുറിച്ചുള്ള ഭയം

ബന്ധങ്ങൾ ഇടപാടു മാത്രമായി മാറുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട  മനഃശാസ്ത്രപരമായ കാരണം മനസ്സ് തുറക്കാനുള്ള പേടിയാണ്.

ഇന്നത്തെ കാലത്ത് പലരും തങ്ങളുടെ ഉള്ളിൽ ഇത്തരം ഭയങ്ങൾ പേറുന്നുണ്ട്:

  • മുൻകാല പ്രണയനൈരാശ്യങ്ങൾ
  • കുട്ടിക്കാലത്തുണ്ടായ വൈകാരിക മുറിവുകൾ
  • മറ്റൊരാളെ വിശ്വസിക്കാനുള്ള പ്രയാസം
  • നമ്മളെ ഉപേക്ഷിച്ചു പോകുമോ എന്ന പേടി

വേദന ഒഴിവാക്കാൻ വേണ്ടി നമ്മൾ ബന്ധങ്ങൾക്ക് ചില നിബന്ധനകൾ വെയ്ക്കുന്നു. അതുകൊണ്ട് തന്നെ:

നമ്മൾ സ്വതന്ത്രമായി സ്നേഹിക്കുന്നതിന് പകരം, വളരെ സൂക്ഷ്മതയോടെ മാത്രം സ്നേഹിക്കുന്നു.

ആഴത്തിൽ വിശ്വസിക്കുന്നതിന് പകരം, പരീക്ഷിച്ചുകൊണ്ട് വിശകലനം ചെയ്യുന്നു.

ഉപാധികളോടെയുള്ള (Conditional) ബന്ധങ്ങൾ നമുക്ക് കൂടുതൽ സുരക്ഷിതമായി തോന്നും, കാരണം അവിടെ നമുക്ക് വികാരങ്ങൾ അധികം പുറത്തു കാണിക്കേണ്ടി വരുന്നില്ല.

സുരക്ഷിതമാണെന്നു തോന്നാമെങ്കിലും പലപ്പോഴും ഇത് ബന്ധങ്ങളുടെ ആഴം കുറയ്ക്കുകയാണ് ചെയ്യുക.

6. ആധുനിക ബന്ധങ്ങളിലെ സ്വഭാവരീതികൾ

മനഃശാസ്ത്ര വീക്ഷണമനുസരിച്ച് മനുഷ്യർക്ക് പ്രധാനമായും നാല് തരം അറ്റാച്ച്‌മെന്റ് സ്റ്റൈലുകൾ അഥവാ വൈകാരിക സ്വഭാവരീതികളാണുള്ളത്:

  • സുരക്ഷിതമായ രീതി: മറ്റുള്ളവരെ വിശ്വസിക്കാനും സ്നേഹം പ്രകടിപ്പിക്കാനും പ്രയാസമില്ലാത്തവർ.
  • ആകുലതയുള്ള രീതി: ബന്ധങ്ങളിൽ എപ്പോഴും പേടിയും ഉത്കണ്ഠയും അനുഭവപ്പെടുന്നവർ.
  • ഒഴിഞ്ഞുമാറുന്ന രീതി: അധികം അടുപ്പം കാണിക്കാൻ താല്പര്യമില്ലാത്തവർ; സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവർ.
  • പേടിയും ഒഴിവാക്കലുമുള്ള രീതി: അടുപ്പം ആഗ്രഹിക്കുകയും എന്നാൽ ഒരേസമയം അത് ഭയപ്പെടുകയും ചെയ്യുന്നവർ.

ഇന്നത്തെ വേഗതയേറിയ ലോകത്ത് ഈ മാറ്റങ്ങൾ പ്രകടമാണ്:

  • അമിതമായ സ്വയംപര്യാപ്തത (Hyper-independence): ആരെയും ആശ്രയിക്കേണ്ട എന്ന ചിന്ത കാരണം ‘ഒഴിഞ്ഞുമാറുന്ന രീതി’ (Avoidant) വർദ്ധിക്കുന്നു.
  • അസ്ഥിരതയും താരതമ്യവും: സോഷ്യൽ മീഡിയയിലെ താരതമ്യങ്ങളും ജീവിതത്തിലെ അസ്ഥിരതയും കാരണം ‘ആകുലതയുള്ള രീതി’ (Anxious) വർദ്ധിക്കുന്നു.

ഈ മാറ്റങ്ങൾ, ബന്ധങ്ങളിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നു. ആകുലതയുള്ളവർ മറ്റുള്ളവരുടെ പരിശ്രമങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും. എന്നാൽ ഒഴിഞ്ഞുമാറുന്ന സ്വഭാവമുള്ളവർ കൂടുതൽ സ്നേഹവും ഉത്തരവാദിത്തവും ആവശ്യപ്പെടുമ്പോൾ പിൻമാറും.

ഇങ്ങോട്ടുണ്ടെങ്കിൽ മാത്രമേ തിരിച്ചുമുള്ളൂ എന്നു ചിന്തിക്കാനുള്ള പ്രേരണ കൂടുന്നു. നമ്മുടെ ബന്ധത്തിൽ എനിക്ക് വിശ്വാസമുണ്ട് എന്ന ചിന്തയ്ക്ക് ഇവിടെ  പ്രസക്തിയില്ലാതാകുന്നു.

7. നഗരജീവിതവും ചിതറിപ്പോകുന്ന ബന്ധങ്ങളും

പഴയകാലത്തെ സമൂഹങ്ങൾ പരസ്പരം ഊഷ്മളമായി ഇഴചേർന്ന തരത്തിലുള്ളവയായിരുന്നു. എല്ലാവരും പരസ്പര സഹകരണത്തോടെയും ആശ്രയിച്ചുമാണ് ജീവിച്ചിരുന്നത്.  എന്നാൽ ഇന്നത്തെ നഗരജീവിതത്തിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്:

  • അണുകുടുംബങ്ങൾ (Nuclear families): വലിയ കൂട്ടായ്മകളിൽ നിന്ന് മാറി നമ്മൾ ചെറിയ കുടുംബങ്ങളിലേക്ക് ഒതുങ്ങി.
  • ഇടയ്ക്കിടെയുള്ള താമസം മാറലുകൾ: ജോലിക്കും പഠനത്തിനുമായി ആളുകൾ പലപ്പോഴും നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
  • മാറിക്കൊണ്ടിരിക്കുന്ന സുഹൃദ്‌വലയങ്ങൾ: ഓരോ കരിയർ മാറ്റത്തിനൊപ്പവും നമ്മുടെ സുഹൃത്തുക്കളും മാറുന്നു.

ദീർഘകാലം നിലനിൽക്കുന്ന സുസ്ഥിരമായ ബന്ധങ്ങളുടെ അഭാവത്തിൽ, നമ്മുടെ സൗഹൃദങ്ങൾ പലപ്പോഴും സാഹചര്യത്തിന് അനുസരിച്ചുള്ളവ (Situational) മാത്രമായി മാറുന്നു.

ബന്ധങ്ങൾ അധികകാലം നിലനിൽക്കില്ല എന്ന തോന്നൽ വരുമ്പോൾ, അതിൽ വൈകാരികമായി നിക്ഷേപിക്കാൻ നമ്മൾ മടിക്കുന്നു. അമിതമായ ഈ ജാഗ്രതയാണ് പലപ്പോഴും ബന്ധങ്ങൾ വെറും ഇടപാട് അഥവാ ട്രാൻസാക്ഷൻ ആണെന്ന തോന്നൽ ഉണ്ടാക്കുന്നത്.

8. അതിർവരമ്പുകളുടെ നല്ലവശം

ബന്ധങ്ങളിലെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് ബോധവാന്മാരാകുന്നത് എല്ലായ്പ്പോഴും മോശമായ ഒരു കാര്യമല്ല എന്നു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ആധുനിക മനഃശാസ്ത്രം താഴെ പറയുന്ന ഘടകങ്ങൾക്ക് പ്രോത്സാഹനം  നൽകുന്നു:

  • വൈകാരികമായ അതിർവരമ്പുകൾ (Emotional boundaries): നമ്മുടെ മനസ്സിനെ മുറിപ്പെടുത്താൻ ആരെയും അനുവദിക്കാതിരിക്കുക.
  • ആത്മാഭിമാനം (Self-respect): സ്നേഹത്തിന് വേണ്ടി സ്വയം നഷ്ടപ്പെടുത്താതിരിക്കുക.
  • അസമത്വം തിരിച്ചറിയുക: ഒരു വ്യക്തി മാത്രം എപ്പോഴും കഷ്ടപ്പെടുകയും മറ്റേയാൾ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തിരിച്ചറിയുക.

മുൻതലമുറകൾ ബന്ധങ്ങളിലെ ഇത്തരം വിവേചനങ്ങൾ നിശബ്ദമായി സഹിച്ചുപോന്നു. ഇന്നത്തെ തലമുറ അതിനെ ചോദ്യം ചെയ്യുന്നു. നമുക്ക് ചിലപ്പോൾ ബന്ധങ്ങൾ ഇടപാടുമാത്രമായി തോന്നുന്നത് യഥാർത്ഥത്തിൽ നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ആഗ്രഹമായിരിക്കാം.

പക്ഷേ, ആരോഗ്യകരമായ അതിർവരമ്പുകൾ കടുത്ത നിബന്ധനകളായി മാറുമ്പോൾ, തുല്യത എന്നത് കണക്കുവെച്ച് അളക്കാൻ തുടങ്ങുമ്പോൾ, സ്വന്തം കാര്യങ്ങൾ നോക്കുന്നത് സ്വാർത്ഥതയായി മാറുമ്പോൾ- അപ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങുക.

9. ദൗർലഭ്യ മനോഭാവവും വൈകാരിക അരക്ഷിതാവസ്ഥയും

ആധുനിക ജീവിതം പലപ്പോഴും നമുക്ക് ചുറ്റും ഒരുതരം ക്ഷാമം അല്ലെങ്കിൽ ദൗർലഭ്യം (Scarcity) അനുഭവപ്പെടുത്തുന്നുണ്ട്. പ്രധാനമായും നാല് കാര്യങ്ങളിലാണ് നമ്മൾ ഈ കുറവ് അനുഭവിക്കുന്നത്:

  • സമയക്കുറവ് (Scarcity of time): എപ്പോഴും തിരക്കിലാണ് എന്ന തോന്നൽ
  • വിശ്വാസക്കുറവ് (Scarcity of trust): ആരെ വിശ്വസിക്കണം എന്നറിയാത്ത അവസ്ഥ
  • ശ്രദ്ധക്കുറവ് (Scarcity of attention): മറ്റുള്ളവർക്ക് നമ്മെ കേൾക്കാൻ സമയമില്ലെന്ന തോന്നൽ
  • സ്ഥിരതക്കുറവ് (Scarcity of stability): നാളെ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ

നമ്മുടെ ഉള്ളിൽ ഇത്തരം കുറവുകൾ അനുഭവപ്പെടുമ്പോൾ, സ്വാഭാവികമായും നമ്മൾ സ്വയം സംരക്ഷിക്കാൻ ശ്രമിക്കും. ഈ സ്വയം സംരക്ഷണം പലപ്പോഴും സോപാധിക സ്നേഹത്തിലേക്കോ കരുതലിലേക്കോ നമ്മെ നയിക്കുന്നു. ഇതാണ് ബന്ധങ്ങളെ വെറും ഇടപാടുകളാക്കി മാറ്റുന്നത്.

ഞാൻ അമിതമായി സ്നേഹിച്ചാൽ, അവസാനം എനിക്കെല്ലാം നഷ്ടപ്പെടുമോ എന്ന ഭീതിയാണിതിന് കാരണമാകുന്നത്.

10. ബന്ധങ്ങളെ കണക്കുകൾക്കതീതമാക്കാനാകുമോ?

തീർച്ചയായും സാധിക്കും — പക്ഷേ അതിന് പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ പൂർണ്ണമായും നിർത്തുകയല്ല, നമ്മൾ നമ്മുടെ ചിന്താഗതി മാറ്റുകയാണ് വേണ്ടത്. കണക്കുപുസ്തകം സൂക്ഷിക്കുന്നതിൽ നിന്നും സുരക്ഷിതമായ ബന്ധങ്ങളിലേക്ക് മാറുക എന്നതാകണം നമ്മുടെ ലക്ഷ്യം.

ആ ലക്ഷ്യത്തിലേക്കു മുന്നേറാൻ മനഃശാസ്ത്രം നിർദ്ദേശിക്കുന്ന ചില വഴികൾ ഇവയാണ്:

പെട്ടെന്നുള്ള വിലയിരുത്തലുകൾ ഒഴിവാക്കുക 

ബന്ധങ്ങളിൽ എപ്പോഴും തുല്യത ഉണ്ടാവണമെന്നില്ല. ചിലപ്പോൾ ഒരാൾ കൂടുതൽ നൽകേണ്ടി വരും. ഓരോ ചെറിയ കാര്യത്തിലും ലാഭനഷ്ടങ്ങൾ നോക്കാതെ, അല്പം സമയം നൽകി ബന്ധത്തെ നിരീക്ഷിക്കുക.

ആവശ്യങ്ങൾ തുറന്നു പറയുക 

പലപ്പോഴും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പങ്കാളി ചെയ്യാതെ വരുമ്പോഴാണ് നമ്മൾ കണക്കുകൾ നോക്കി തുടങ്ങുന്നത്. അതുകൊണ്ട് തന്നെ, നമ്മുടെ പ്രതീക്ഷകൾ വ്യക്തമായി സംസാരിക്കുന്നത് ബന്ധങ്ങളിലെ സമ്മർദ്ദം കുറയ്ക്കും.

വിശ്വാസം വളർത്തുക

തുടർച്ചയായ സ്നേഹവും കരുതലും വിശ്വാസം ജനിപ്പിക്കും. ഒരാളെ പൂർണ്ണമായി വിശ്വസിച്ചു തുടങ്ങുമ്പോൾ അവിടെ കണക്കുകൾക്ക് പ്രസക്തിയില്ലാതാകും.

നേട്ടങ്ങൾക്ക് പകരം ബന്ധത്തിന് മുൻഗണന നൽകുക

എത്ര കിട്ടി എന്ന് നോക്കുന്നതിന് പകരം താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക:

  • എനിക്ക് ഈ ബന്ധത്തിൽ വൈകാരിക സുരക്ഷിതത്വം തോന്നുന്നുണ്ടോ?
  • എന്റെ യഥാർത്ഥ സ്വഭാവത്തിൽത്തന്നെ എനിക്കിവിടെ പെരുമാറാൻ കഴിയുന്നുണ്ടോ?
  • പരസ്പര ബഹുമാനം നിലനിൽക്കുന്നുണ്ടോ?

ഇന്നത്തെ ബന്ധങ്ങൾ വെറും ഇടപാടുകളായി തോന്നുന്നത് സ്നേഹം കുറഞ്ഞതുകൊണ്ടല്ല, നമ്മുടെയുള്ളിലെ ആകുലതകളും പേടിയും വർദ്ധിച്ചതുകൊണ്ടാണത്.

നമ്മൾ ഇന്ന് പഴയതിനേക്കാൾ കൂടുതൽ സ്വാവബോധമുള്ളവരും സ്വതന്ത്രരും സ്വയം  സംരക്ഷിക്കാൻ താല്പര്യപ്പെടുന്നവരുമാണ്. എങ്കിലും, മനുഷ്യർ എന്ന നിലയിൽ നമ്മുടെ മനസ്സ്, ഇപ്പോഴും ഒറ്റപ്പെടലില്ലാത്ത അവസ്ഥയ്ക്കും ഊഷ്മളമായ വൈകാരിക ബന്ധത്തിനും വേണ്ടി

കൊതിക്കുന്നു.

ബന്ധങ്ങളിൽ നിന്ന് പരസ്പര സഹായം എന്ന ആശയം മാറ്റുകയല്ല നമ്മുടെ ലക്ഷ്യം. നമ്മുടെയുള്ളിലെ ഭയം ഇല്ലാതാക്കുകയാണ് വേണ്ടത്.

കാരണം, ഉള്ളിലെ ഭയം കുറയുമ്പോൾ നമ്മുടെ മനസ്സിൽ ഔദാര്യം വർദ്ധിക്കുന്നു. മനസ്സ് തുറന്ന് സ്നേഹിക്കാൻ തുടങ്ങുമ്പോൾ ബന്ധങ്ങൾ വെറും കരാറുകൾ അല്ലാതാവുകയും അവ ആത്മബന്ധങ്ങളായി മാറുകയും ചെയ്യുന്നു. അങ്ങനെ ജീവിതത്തിൽ ബന്ധങ്ങൾ ജീവശ്വാസം പോലെയായി മാറുന്നു. 

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe