ആർസ്കോഗ് സിൻഡ്രോം എന്ന ജനിതക വൈകല്യം – മനസ്സിലാക്കേണ്ടത് എന്തെല്ലാം

ആർസ്കോഗ് സിൻഡ്രോം എന്ന ജനിതക വൈകല്യം – മനസ്സിലാക്കേണ്ടത് എന്തെല്ലാം

ആർസ്കോഗ് സിൻഡ്രോം, അഥവാ ആർസ്കോഗ് സ്കോട്ട് സിൻഡ്രോം എന്നത് കൂടുതലായും ആൺകുട്ടികളിൽ കാണപ്പടുന്ന  ഒരപൂർവ്വ ജനിതക വൈകല്യമാണ്. കുഞ്ഞിൻറെ വളർച്ച, വികാസം, ആത്മവിശ്വാസം എന്നിവയെ ഗുരുതരമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ആർസ്കോഗ് സിൻഡ്രോമിൻ്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗനിർണ്ണയം, സങ്കീർണ്ണതകൾ, ചികിൽസാരീതികൾ എല്ലാം വിശദമായി അറിഞ്ഞിരിക്കാം.

എന്താണ് ആർസ്കോഗ് സിൻഡ്രോം ?

മുഖം, പേശികൾ, അസ്ഥികൂട്, ജനനേന്ദ്രിയങ്ങൾ എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ജനിതക വൈകല്യമാണിത്. എക്സ് ലിങ്ക്ഡ് അവസ്ഥ എന്ന് പൊതുവിൽ അറിയപ്പടുന്ന  ഈ വൈകല്യം, എക്സ് ക്രോമസോമിലെ ജീനിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് ഉണ്ടാകുന്നത്. പുരുഷൻമാരിൽ ഒരു എക്സ് ക്രോമസോമും സ്ത്രീകളിൽ രണ്ട് എക്സ് ക്രോമസോമുമാണുള്ളത്. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു എക്സ് ക്രോമസോമിലെ ജീനിൽ വ്യത്യാസം വരുമ്പോൾ, അത് പുരുഷൻമാരെ കൂടുതലായി ബാധിക്കുന്നു. സ്ത്രീകളിൽ ഇതിൻ്റെ ചെറിയ ലക്ഷണങ്ങൾ കാണാറുണ്ട്.

കാരണങ്ങൾ

എക്സ് ക്രോമസോമിൽ കാണുന്ന എഫ് ജി ഡി 1 ജീനിലെ ഉൾപരിവർത്തനമാണ് ഈ അവസ്ഥക്ക് ഇടയാക്കുന്നത്. ഈ ജീൻ, ശാരീരിക ഘടനയിൽ, പ്രത്യേകിച്ച് ഭ്രൂണാവസ്ഥയിലെ വളർച്ചാ വികാസങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. അതുകൊണ്ടുതന്നെ  ഈ ജീനിൽ വരുന്ന പരിവർത്തനങ്ങൾ വ്യക്തിയുടെ വളർച്ചയേയും വികാസത്തേയും ബാധിക്കുന്നു.

  • പാരമ്പര്യം – ജീനിൻ്റെ എക്സ് ലിങ്ക്ഡ് റിസെസിവ് ശ്രേണി  ഉള്ളവരിൽ
  • ജീനിലെ പരിവർത്തനം –   എഫ് ജി ഡി 1 മ്യൂട്ടേഷൻ
  • വൈകല്യ വാഹകരിലൂടെ –  സ്ത്രീകൾ ജീനിലെ ഉൾപരിവർത്തന വാഹകരായാൽ കുഞ്ഞിന് വൈകല്യമുണ്ടാകാം

ലക്ഷണങ്ങൾ

ആർസ്കോഗ് സിൻഡ്രോം ബാധിച്ച കുഞ്ഞ് വലുതാകുന്നതിനനുസരിച്ച് ശരീര ഘടനയിലെ അസാധാരണത്വം കൂടുതൽ പ്രകടമാകും. ഒന്നിലേറെ ശരീര ഭാഗങ്ങളെ ഈ വൈകല്യം ബാധിക്കാറുണ്ട്.

1. വദന ഘടന

  • കണ്ണുകൾ തമ്മിലുള്ള അകലം കൂടിയിരിക്കുക (ഹൈപ്പർ ടെലോറിസം)
  • വൃത്താകൃതിയിലുള്ള മുഖം
  • മൂക്കിൻ്റെ പാലം കൂടുതൽ പരന്നും നാസാദ്വാരങ്ങൾ തീരെ ചെറുതായും കാണപ്പെടാം
  • മൂക്കിനും മേൽച്ചുണ്ടിനുമിടയിലെ അകലം കൂടുതലാകും
  • നെറ്റിയുടെ മദ്ധ്യഭാഗത്തേക്ക് ഇറങ്ങിയിരിക്കുന്ന ആകൃതിയിൽ മുടിയിഴകൾ കാണപ്പെടാം
  • സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള നെറ്റി

2. അസ്ഥിഘടനയിലെ വൈകല്യങ്ങൾ

  • ഉയരം കുറഞ്ഞ ശരീരം
  • തീരെ ചെറിയ കൈകാൽ വിരലുകൾ
  • പരന്ന കൈകളും പാദങ്ങളും
  • ഉറപ്പില്ലാത്ത സന്ധികൾ
  • നെഞ്ചിൻ്റെ രൂപഘടനയിൽ തകരാറുകൾ

3. ജനനേന്ദ്രിയ വൈകല്യങ്ങൾ

  • വൃഷണങ്ങൾക്ക് ചുറ്റുമുള്ള അസാധാരണ ചർമ്മ വളർച്ച (shawl scortum)
  • വൃഷണസഞ്ചിയിലേക്ക് വൃഷണങ്ങൾ ഇറങ്ങിയിരിക്കാത്ത അവസ്ഥ( cryptorchidism)
  • വലിപ്പം കുറഞ്ഞ ലിംഗം

4. ദന്തഘടനയിലേയും കണ്ണുകളിലേയും വ്യത്യാസങ്ങൾ

  • പല്ല് മുളയ്ക്കാൻ താമസം
  • ഒരേ ദിശയിലല്ലാത്ത കണ്ണുകൾ (strabismus)
  • താഴ്ന്നു തൂങ്ങിയ കൺപോളകൾ(ptosis)

5. ധാരണാശക്തിയിലും സ്വഭാവത്തിലും മാറ്റങ്ങൾ

  •   പഠനവൈകല്യങ്ങൾ
  • അമിതമായ പ്രസരിപ്പ് (Hyperctivity)
  • എ ഡി എച്ച് ഡി (Attention Deficit Hyperactivity Disorder)

പരിശോധനയും രോഗനിർണ്ണയവും

ആർസ്കോഗ് സിൻഡ്രോം ലക്ഷണങ്ങൾക്ക്  മറ്റ് രോഗാവസ്ഥകളുമായി സാമ്യമുള്ളതിനാൽ സ്ഥിരീകരണം എന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്.

ക്ളിനിക്കൽ പരിശോധകൾ, പാരമ്പര്യ ഘടകങ്ങൾ, ജനിതക പരിശോധന തുടങ്ങിയവ അവലംബിച്ചാണ് ആർസ്കോഗ് സിൻഡ്രോം നിർണ്ണയിക്കുക.

രോഗ നിർണ്ണയ രീതികൾ

  • ശാരീരിക പരിശോധന : മുഖത്തേയും അസ്ഥിഘടനയിലേയും പ്രത്യേകതകൾ ശിശുരോഗവിദഗ്ധർ ഉൾപ്പടെയുള്ള ഡോക്ടർമാർ പരിശോധിക്കും
  • കുടുംബ പശ്ചാത്തലം : പാരമ്പര്യ ഘടകങ്ങൾ സംബന്ധിച്ച്, മറ്റംഗങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണം
  • ജനിതക പരിശോധന : എഫ് ജി ഡി 1 മ്യൂട്ടേഷൻ ഉണ്ടോയെന്നറിയാനുള്ള പരിശോധനകൾ
  • ഇമേജിംഗ്: എക്സ് റേ ഉൾപ്പെടെ, അസ്ഥി ഘടന മനസ്സിലാക്കാനുള്ള പരിശോധന
  • ഹോർമോൺ ഘടനാനിർണ്ണയം : വളർച്ചാഹോർമോണുകളുടെ പ്രവർത്തനം അറിയാൻ

സങ്കീർണ്ണതാസാദ്ധ്യതകൾ

ആർസ്കോഗ് സിൻഡ്രോം അവസ്ഥയുടെ തീവ്രതയ്ക്കനുസരിച്ചാണ്  സങ്കീണ്ണമാകാനുള്ള സാദ്ധ്യതയെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുക. നേരിയ തോതിൽ സിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾ സാധാരണ ജീവിതം നയിക്കുന്നതായി കാണാം.

മാനസിക ബുദ്ധിമുട്ടുകൾ, സംസാരിക്കാനും പഠിക്കാനുമുള്ള പ്രയാസങ്ങൾ, കാഴ്ചാവൈകല്യങ്ങൾ, ദന്തഘടനയിലെ അപാകം, വളർച്ച പൂർണ്ണമാകാനുള്ള താമസം തുടങ്ങിയ പ്രശ്നങ്ങൾ ഈ വൈകല്യമുള്ളവരിൽ കാണാറുണ്ട്.

ഡോക്ടറെ കാണേണ്ടതെപ്പോൾ

കുഞ്ഞിൻ്റെ സ്വാഭാവിക വളർച്ചയിൽ വ്യത്യാസം കാണുകയോ മുഖത്തേയും അസ്ഥികളുടേയും ഘടനയിൽ അസാധാരണത്വം തോന്നുകയോ ചെയ്താൽ വിദഗ്ധാഭിപ്രായം തേടണം. വീട്ടിൽ ആർക്കെങ്കിലും ആർസ്കോഗ് സിൻഡ്രോം ഉണ്ടെങ്കിൽ, കുഞ്ഞ് സംസാരിക്കാൻ വൈകുകയോ ചലനങ്ങളിൽ വ്യതിയാനം കാണുകയോ ചെയ്താൽ,ജനനസമയത്ത് ജനനേന്ദ്രിയ ഘടനയിൽ അസാധാരണത്വം തോന്നിയാൽ ഒക്കെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തണം. വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുകയാണെങ്കിൽ കുഞ്ഞിന് മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയും. ഫിസിക്കൽ തെറാപ്പി, സ്പീച്ച് തെറാപ്പി, കൌൺസലിംഗ് തുടങ്ങിയ ചികിൽസാരീതികളിലൂടെ നല്ല മാറ്റങ്ങൾ കൊണ്ടുവരാനാകും.

വൈകല്യം തടയാൻ കഴിയുമോ 

ആർസ്കോഗ് സിൻഡ്രോം ജനിതക വൈകല്യമായതുകൊണ്ട് പ്രതിരോധിക്കാനാകില്ല. എങ്കിലും കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഈ അവസ്ഥ ഉണ്ടെങ്കിൽ,   ആർസ്കോഗ് സിൻഡ്രോം ഉള്ള കുഞ്ഞിൻറെ മാതാപിതാക്കൾ  അടുത്ത കുഞ്ഞിനു വേണ്ടി തയ്യാറെടുക്കുന്ന ഘട്ടത്തിൽ ഒക്കെ ജനിതക കൌൺസലിംഗ് തേടുന്നത് നല്ലതാണ്. 

ആർസ്കോഗ് സ്കോട്ട് സിൻഡ്രോം, ഫേഷ്യോഡിജിറ്റോജെനിറ്റൽ സിൻഡ്രോം, ഫേഷ്യോജെനിറ്റൽ ഡിസ്പ്ളാസിയ എന്നീ പേരുകളിലും ആർസ്കോഗ് സിൻഡ്രോം അറിയപ്പെടുന്നുണ്ട്.

ഓർത്തുവെയ്ക്കാം

ആർസ്കോഗ് സിൻഡ്രോം എന്നത് അപൂർവ്വമാണെങ്കിലും ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് കുഞ്ഞിൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നേരത്തെ കണ്ടെത്തി, അവശ്യം വേണ്ട തെറാപ്പികളും മരുന്നുകളും നൽകിയാൽ ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും ഏറെ ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആർസ്കോഗ് സിൻഡ്രോമിനെക്കുറിച്ചുള്ള ശരിയായ അറിവുകൾ, അതനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കും  രക്ഷിതാക്കൾക്ക് മാത്രമല്ല, സമൂഹത്തിനും പ്രയോജനമാകും. അത്തരം കുഞ്ഞുങ്ങളെ മാറ്റിനിർത്താതെ, അവഗണിക്കാതെ, അവരെ  ചേർത്തുപിടിച്ചാൽ, സമൂഹത്തിൻ്റെ ഭാഗമാക്കിയാൽ, അത് , വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കും അച്ഛനമ്മമാർക്കും നൽകുന്ന സന്തോഷം ചെറുതല്ല. 

Related News

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം....

ഓഗസ്റ്റ്‌ 24, 2025 12:24 pm
ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

വളർത്തുനായ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾ മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ  സ്ത്രീകളുടെ പൊങ്ങച്ചത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്ന രണ്ട് കാര്യങ്ങളായിരുന്നു വാനിറ്റി ബാഗും വളർത്തു നായയും. എന്നാലിന്ന്, ലോകത്താകമാനം, വളർത്തു...

ഓഗസ്റ്റ്‌ 23, 2025 8:38 am
ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

പഴന്തുണിയിൽ നിന്ന് സാനിറ്ററി പാഡുകളിലേക്ക്, ടാംപണുകളിലേക്ക്, പിന്നെ മെൻസ്ട്രൽ കപ്പുകളിലേക്ക് … കാലം മാറിയതിനനുസരിച്ച് സ്ത്രീകളുടെ ആർത്തവകാല ആരോഗ്യത്തിനും സൗകര്യത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങളും മാറിവന്നു. സ്ത്രീകൾക്ക്...

ഓഗസ്റ്റ്‌ 23, 2025 8:34 am
ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം…. അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന്  വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി...

ഓഗസ്റ്റ്‌ 23, 2025 8:25 am
X
Top
Subscribe