നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമം സുപ്രധാനം; മാതാപിതാക്കള്‍ക്കൊരു കൈപ്പുസ്തകം


ഡോ. ശോഭകുമാര്‍ നിയോനാറ്റോളജിസ്റ്റ്
ഒരു നവജാതശിശുവിന്റെ ഭൂമിയിലേക്കുള്ള ജനനം ലോകത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളാണ്. ആ നിമിഷങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരിക്കും മാതാപിതാക്കളെയും കുടുംബത്തെയും കാത്തിരിക്കുന്നത്. ഒപ്പം ഉറക്കമില്ലാത്ത രാത്രികള്‍, തെറ്റിയ ഭക്ഷണക്രമങ്ങള്‍ എന്നിങ്ങനെ അതുവരെ പരിചയിച്ചിട്ടല്ലാത്ത ഒരു ജീവിതക്രമത്തിലേക്ക് മാറേണ്ടിവരുകയും ചെയ്യുന്നു. എന്തൊക്കെ സംഭവിച്ചാലും മാതാപിതാക്കള്‍ക്ക് ഇവിടെ ഏറ്റവും പ്രധാനം കുഞ്ഞിനെ സംബന്ധിച്ചുള്ള കാര്യങ്ങളാകും എന്ന തരത്തിലേക്ക് മാറുന്നു.
ഈ സമയത്തെ ചില നിമിഷങ്ങള്‍ അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ കൂടിയും പല മാതാപിതാക്കളും അത് ആസ്വദിക്കുന്നുമുണ്ട്്. ഇന്നത്തെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവരാണ്. അതിനാല്‍ മികച്ച ആരോഗ്യ പരചരണം തന്നെ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകുന്നുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ ഷെഡ്യൂളാണ്. സമയബന്ധിതമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നിസ്സാരമല്ല. ഇത് ഒരുതരത്തിലും വീഴ്ച പാടില്ലാത്ത ഒരു കാര്യമാണ്.
വാക്‌സിനേഷനുകള്‍ കുഞ്ഞിന്റെ ജീവനുതന്നെ ഭീഷണിയാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരായ ആദ്യ പ്രതിരോധ കവചങ്ങളാണ്. അതിനാല്‍ ശരിയായ സമയത്ത് തന്നെ ഈ വാക്‌സിനുകള്‍ എടുക്കേണ്ടതാണ്. ഈ സമയക്രമം ഇത്ര വലിയ കാര്യമാകുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ ഈ സമയക്രമങ്ങള്‍ എങ്ങനെ കൃത്യമായി പാലിച്ച് കൊണ്ടുപോകാന്‍ കഴിയും? എന്നൊക്കെ നിങ്ങള്‍ ചിന്തിച്ചേക്കാം. വിഷമിക്കേണ്ട നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമങ്ങളും അത് പാലിക്കാനുള്ള ശരിയായ വഴികളും വിശദീകരിച്ച് നല്‍കാം.
കുഞ്ഞിന്റെ ആദ്യ വര്‍ഷത്തില്‍ വാക്‌സിനേഷനുകള്‍ എന്തുകൊണ്ട് പ്രധാനമാണ്?
ഒരു നവജാതശിശു ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനത്തോടെയാണ് ലോകത്തിലേക്ക് പ്രവേശിക്കുന്നത്. പ്രസവത്തിന് മുമ്പും മുലയൂട്ടലിലൂടെയും കുഞ്ഞുങ്ങള്‍ക്ക് അവരുടെ അമ്മമാരില്‍ നിന്ന് ചില സംരക്ഷണ ആന്റിബോഡികള്‍ ലഭിക്കും. ഈ പ്രതിരോധശേഷി പക്ഷെ താല്‍ക്കാലികം മാത്രമാണ്. ശിശുക്കളില്‍ ദീര്‍ഘകാല രോഗപ്രതിരോധം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് വാക്‌സിനുകള്‍ ആവശ്യമാണ്. മാരകമായ അണുബാധകളെ തിരിച്ചറിയാനും അവയെ ചെറുക്കാനും ശരീരത്തെ പരിശീലിപ്പിക്കുന്നവയാണ് ഈ വാക്‌സിനുകള്‍. ആ ഡോസുകള്‍ ശ്രദ്ധാപൂര്‍വ്വം, സമയബന്ധിതമായി നല്‍കണം.
വാക്‌സിനുകള്‍ ഇനിപ്പറയുന്ന രോഗങ്ങളെ തടയുന്നു:
– ക്ഷയം (ടിബി)
– ഹെപ്പറ്റൈറ്റിസ് ബി
– ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് (ഡിടിഎപി)
– പോളിയോ
– മീസില്‍സ്, മുണ്ടിനീര്, റുബെല്ല (എംഎംആര്‍)
– റോട്ടവൈറസ്
– ന്യൂമോകോക്കല്‍, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ് ബി (ഹിബ്)
ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വാക്‌സിന്‍ കവറേജ് കുറവുള്ള സ്ഥലങ്ങളില്‍ ഈപ്പറഞ്ഞ രോഗങ്ങള്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. അവ കുഞ്ഞുങ്ങളുടെ ജീവനെ ഹനിക്കുകയും ചെയ്യുന്നു.
നവജാതശിശുക്കളുടെ വാക്‌സിനേഷന്‍ സമയക്രമം.ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പൊതുവെ പിന്തുടരുന്ന രോഗപ്രതിരോധ സമയക്രമങ്ങളുടെ വിവരണം താഴെ:
പ്രായം | വാക്സിനുകൾ |
ജനന സമയത്ത് | ബിസിജി, ഹെപ്പറ്റൈറ്റിസ് ബി (ആദ്യത്തെ ഡോസ്), ഓറൽ പോളിയോ (0 ഡോസ്) |
6 ആഴ്ച | ഡിടിപി (ആദ്യത്തെ), ഐപിവി (ആദ്യത്തെ), എച്ച്ഐബി (ആദ്യത്തെ), ഹെപ്പറ്റൈറ്റിസ് ബി (രണ്ടാമത്തെ), റോട്ടവൈറസ് (ആദ്യത്തെ), പിസിവി (ആദ്യത്തെ) |
10 ആഴ്ച | ഡിടിപി (രണ്ടാമത്തെ), ഐപിവി (രണ്ടാമത്തെ), എച്ച്ഐബി (രണ്ടാമത്തെ), റോട്ടവൈറസ് (രണ്ടാമത്തെ), പിസിവി (രണ്ടാമത്തെ) |
14 ആഴ്ച | ഡിടിപി (മൂന്നാമത്തെ), ഐപിവി (മൂന്നാമത്തെ), എച്ച്ഐബി (മൂന്നാമത്തെ), ഹെപ്പറ്റൈറ്റിസ് ബി (മൂന്നാമത്തെ), റോട്ടവൈറസ് (മൂന്നാമത്തെ), പിസിവി (മൂന്നാമത്തെ) |
6-9 മാസം | ഇൻഫ്ലുവൻസ (ആദ്യ ഡോസ്, ഡോക്ടർ ശുപാർശ ചെയ്താൽ) |
9 മാസം | മീസിൽസ് അല്ലെങ്കിൽ എംഎംആർ (ആദ്യ ഡോസ്), ജെഇ (ബാധിത മേഖലയിൽ) |
12-15 മാസം | എംഎംആർ (രണ്ടാമത്തെ ഡോസ്), പിസിവി ബൂസ്റ്റർ, ഹിബ് ബൂസ്റ്റർ, വരിസെല്ല (ഡോക്ടറുടെ നിർദ്ദേശമുണ്ടെങ്കിൽ) |
(ഓരോ പ്രദേശത്തെയും രോഗാവസ്ഥകളനുസരിച്ച് നല്‍കേണ്ട വാക്‌സിനുകളുണ്ടാകാം. അവ മനസ്സിലാക്കാന്‍ സ്ഥലത്തെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.)
എന്തുകൊണ്ടാണ് സമയക്രമം പ്രധാനമാകുന്നത്?
വാക്‌സിന്‍ സമയത്തിന് നല്‍കാതിരുന്നാല്‍ അത് കുഞ്ഞിന് രോഗങ്ങളോട് പൊരുതാനുള്ള ശേഷി ഇല്ലാതാകും. ഉദാഹരണത്തിന്:
– ഡിടിപി വാക്‌സിനുകള്‍ വില്ലന്‍ ചുമയില്‍ നിന്ന് സംരക്ഷിക്കുന്നവയാണ്. ശിശുക്കളില്‍ വളരെ മാരകമായേക്കാവുന്ന രോഗമാണ് വില്ലന്‍ ചുമ.
– റോട്ടവൈറസ് വാക്‌സിനുകള്‍ 8 മാസം പ്രായമാകുന്നതിന് മുമ്പ് നല്‍കണം.
– ഒന്‍പതാം മാസത്തില്‍ മീസില്‍സ് വാക്‌സിനുകള്‍ നല്‍കുന്നത് രോഗബാധയില്‍ നിന്ന് രക്ഷനേടാന്‍ ഉത്തമമാണ്.
ഒരു വാക്‌സിന്‍ ഡോസ് നല്‍കാന്‍ വിട്ടുപോയാല്‍ നിങ്ങളുടെ കുട്ടിയെ മാത്രമല്ല ബാധിക്കുക എന്നറിയുക. അത് സമൂഹ പ്രതിരോധശേഷിയെക്കൂടി ബാധിക്കുന്നു. സമൂഹപ്രതിരോധ ശേഷി കുറയുമ്പോഴാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത്.
എങ്ങനെ വാക്‌സിനേഷനുകള്‍ കൃത്യമാക്കാം: മാതാപിതാക്കള്‍ക്കുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍
1. വാക്‌സിനേഷന്‍ ട്രാക്കര്‍ ആപ്പ് ഉപയോഗിക്കാം
CoWIN, ആരോഗ്യ സേതു എന്നീ ആപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ പുറത്തിറക്കുന്ന ആപ്പുകളും ലഭ്യമാണ്. ഇവയില്‍ കുഞ്ഞിനെ വാക്‌സിനേറ്റ് ചെയ്ത ഡിജിറ്റല്‍ രേഖകളും സൂക്ഷിക്കാന്‍ കഴിയും.
2. ഓരോ സന്ദര്‍ശനത്തിനും ശേഷവും കലണ്ടറില്‍ അടയാളപ്പെടുത്തുക
ഓരോ വാക്‌സിനേഷനു ശേഷവും അടുത്ത തീയതി എന്നാണെന്ന് ഡോക്ടറോട് ചോദിക്കുക. ആ വിവരം ഫോണിലോ ചുമരിലെ കലണ്ടറിലോ അടയാളപ്പെടുത്തി വെക്കുക.
3. വാക്‌സിനേഷന്‍ ചാര്‍ട്ട് വാങ്ങുക
മിക്ക ആശുപത്രികളും അച്ചടിച്ച രോഗപ്രതിരോധ വാക്‌സിന്‍ ചാര്‍ട്ട് ലഭിക്കാറുണ്ട്. അത് വീട്ടിലെ ഫ്രിഡ്ജില്‍ ഒട്ടിച്ചു വെക്കാം. അഥവാ എപ്പോഴും കാണുന്നിടത്ത് പതിച്ചു വെക്കാം.
4. എല്ലാമാസവും ശിശുരോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തുക
വാക്‌സിനേഷന്‍ ചെയ്യുന്നതിനൊപ്പം ഡോക്ടറെയും കാണുക. ഇങ്ങനെ ചെയ്താല്‍ വാക്‌സിനുകളൊന്നും വിട്ടുപോകാതിരിക്കാന്‍ ഒരു അധിക ജാഗ്രതയായി മാറും. കൂടാതെ വാക്‌സിന്‍ എടുക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയുമാകാം.
5. എല്ലാം അറിഞ്ഞുവെക്കുക, ഭയപ്പെടാതിരിക്കുക
കുഞ്ഞിന് വാക്‌സിനേഷനില്‍ നിന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്ത് മനഃപ്രയാസമുണ്ടാകുന്നത് സാധാരണമാണ്. പക്ഷേ മിക്ക വാക്‌സിന്‍ പാര്‍ശ്വഫലങ്ങളും സൗമ്യമായവയാണ് (നേരിയ പനിയോ വീക്കമോ ഉണ്ടാകാം). ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമാണ്. ഈ പാര്‍ശ്വഫലങ്ങളെ ഭയന്ന് വാക്‌സിന്‍ എടുക്കാതിരുന്നാലോ, കുഞ്ഞിന് രോഗ സാധ്യത വളരെ കൂടുതലാകും.
ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ പങ്ക്
കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും സംരക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നാണ് വാക്‌സിനേഷന്‍ സമയക്രമം കൃത്യമായി പാലിക്കുക എന്നത്. ഇതിലൂടെ നിങ്ങള്‍ ഒരു മെഡിക്കല്‍ പ്രോട്ടോക്കോള്‍ പിന്തുടരുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് അദൃശ്യമായ രോഗഭീഷണികള്‍ എപ്പോഴും നിലനില്‍ക്കുന്ന ഒരു ലോകത്ത് നിങ്ങള്‍ കുഞ്ഞിന് ചുറ്റും ഒരു പ്രതിരോധ കവചം പണിയുകയാണ്.
നെല്ലിക്ക ടിപ്‌സ്
നവജാതശിശുകളുടെ വാക്‌സിനേഷന്‍ എന്നാല്‍ കുറെ സൂചികളും കലണ്ടറിലെ തീയതികളും മാത്രമല്ല. അത് നിങ്ങളുടെ കുഞ്ഞിന്റെ ജീവിതത്തിന് സുരക്ഷിതമായ ഒരു തുടക്കം നല്‍കുന്ന ഒരു പ്രവൃത്തിയാണെന്ന് മനസ്സിലാക്കുക. നമ്മുടെ മുന്‍തലമുറകളെ നശിപ്പിച്ച രോഗങ്ങളില്‍ നിന്ന് അവര്‍ സംരക്ഷിക്കപ്പെടണമെന്ന ജാഗ്രത കൂടിയാണത്.
അതിനാല്‍ വാക്‌സിനേഷനെ ഗൗരവമായി എടുക്കുക. അത് കൃത്യമായി പാലിക്കുക. അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഡോക്ടര്‍മാരോടും ആരോഗ്യ വിദഗ്ദ്ധരോടും ചോദ്യങ്ങള്‍ ചോദിക്കുക. വിവരങ്ങള്‍ അറിഞ്ഞിരിക്കുക. കാരണം കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ ഓരോ കുത്തിവെയ്പ്പും പ്രധാനമാണ്.