മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

നെല്ലിക്ക.ലൈഫ് വായനക്കാർക്കായി വിശദമായ ക്ളിനിക്കൽ ഗൈഡ്
കോവിഡ് മഹാമാരി പടർന്നുപിടിച്ച കാലത്ത് ഭീതി സൃഷ്ടിച്ച മറ്റൊരു രോഗമായിരുന്നു ബ്ളാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ്. പുതിയ രോഗമല്ലെങ്കിലും തുടക്കത്തിൽത്തന്നെ കൃത്യമായ ചികിൽസ നൽകേണ്ട അപൂർവ്വമായ അണുബാധയാണിത്. പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ, പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഈ രോഗം കണ്ടുവന്നിരുന്നു. ബ്ളാക്ക് ഫംഗസിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.
നമ്മുടെ ചുറ്റുപാടിലുള്ള മ്യൂക്കോർമൈസെറ്റസ് (Mucormycetes) എന്ന പൂപ്പലുകൾ മൂലമുണ്ടാകുന്ന അണുബാധയാണിത്. സാധാരണഗതിയിൽ അപകടകാരിയല്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുമ്പോൾ ഇത് ഗുരുതര സങ്കീർണ്ണതകൾ സൃഷ്ടിക്കുന്ന രീതിയിൽ ശരീരത്തെ ബാധിക്കുന്നു.
എന്താണ് മ്യൂക്കോർമൈക്കോസിസ്?
മ്യൂക്കോറേലീസ് (Mucorales) എന്ന വിഭാഗത്തിൽപ്പെട്ട പൂപ്പലുകൾ (Molds) മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണിത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മജീവികൾ നമ്മുടെ പ്രകൃതിയുടെ ഭാഗമാണ്.
എവിടെയെല്ലാം കാണപ്പെടുന്നു?
ഈ ഫംഗസ് പലയിടങ്ങളിലും കാണാറുണ്ട്:
- മണ്ണിൽ
- അഴുകിയ ഇലകളിൽ
- കമ്പോസ്റ്റിൽ
- മൃഗങ്ങളുടെ വിസർജ്യത്തിൽ
- വായുവിൽ (ഇവയുടെ സ്പോറുകൾ കലരുന്നതുവഴി)
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിന് സ്വാഭാവികമായും ഇത്തരം ഫംഗസുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകും. അതിനാൽ, സാധാരണഗതിയിൽ ഇവയുടെ പ്രത്യുൽപ്പാന യൂണിറ്റുകളായ സ്പോറുകൾ അഥവാ ബീജകോശങ്ങൾ ശ്വസിക്കുന്നത് നമുക്ക് ദോഷം ചെയ്യാറില്ല.
എന്നാൽ, ദുർബലമായ രോഗപ്രതിരോധ ശേഷി (Immunity) ഉള്ള വ്യക്തികളിൽ ഈ ഫംഗസ് കോശങ്ങളിലേക്ക് വേഗത്തിൽ പടരുകയും ശരീരഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കുറഞ്ഞവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത് അനിവാര്യമാണ്.
കോവിഡ് കാലത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടാൻ കാരണം?
കോവിഡ് മഹാമാരിക്കിടയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, ഈ അണുബാധ വർദ്ധിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്:
1. പ്രമേഹരോഗികളുടെ ആധിക്യം
ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി കൂടുമ്പോൾ അത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു. ഈ അവസ്ഥ ഫംഗസിന് വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നു.
2. സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പലരുടെയും ജീവൻ രക്ഷിക്കാൻ സ്റ്റിറോയ്ഡുകൾ അനിവാര്യമായിരുന്നു. എന്നാൽ ഇതിന്റെ തെറ്റായ ഉപയോഗം വിനയായി:
- അമിതോപയോഗം
- സ്വയം ചികിത്സ
- സ്റ്റിറോയ്ഡുകൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കാതിരുന്നത് ഫംഗസ് ബാധയ്ക്ക് വഴിയൊരുക്കി
3. ദീർഘകാലത്തെ ഐ സി യു വാസം
ആശുപത്രികളിൽ ദീർഘകാലം ചികിത്സയിൽ കഴിയേണ്ടി വന്നതും മറ്റൊരു കാരണമാണ്:
- ഓക്സിജൻ തെറാപ്പി: കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിച്ച ഓക്സിജൻ സിലിണ്ടറുകളും ഹ്യുമിഡിഫയറുകളും ഫംഗസ് പടരാൻ കാരണമായിട്ടുണ്ടാകാം.
- അമിതമായ ആന്റിബയോട്ടിക് ഉപയോഗം ശരീരത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തിന്റെ താളം തെറ്റിക്കുകയും ചെയ്തു
- മെക്കാനിക്കൽ വെൻ്റിലേഷൻ
മ്യൂക്കോർമൈക്കോസിസ് തരങ്ങൾ
ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് അണുക്കൾ ആക്രമിക്കുന്നത് എന്നതിനനുസരിച്ചാണ് ഇതിനെ തരംതിരിക്കുന്നത്. തലച്ചോറിനെയും കണ്ണിനെയും ബാധിക്കുന്ന തരം അണുബാധകളാണ് ഇതിൽ ഏറ്റവും സങ്കീർണ്ണം.
റൈനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസ്
കോവിഡ് സമയത്ത് ഏറ്റവും കൂടുതൽപ്പേരെ ബാധിച്ചത് ഈ തരത്തിൽപ്പട്ട മ്യൂർക്കോമൈക്കോസിസാണ്. മൂക്ക്, സൈനസുകൾ, കണ്ണുകൾ, തലച്ചോറ് എന്നീ ഭാഗങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
പ്രധാന ലക്ഷണങ്ങൾ:
- മുഖത്ത് വേദനയോ വീക്കമോ
- മൂക്കടപ്പ്
- മൂക്കിൽ നിന്ന് കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ ദ്രാവകം വരിക
- കാഴ്ചയിലെ മാറ്റങ്ങൾ
- കഠിനമായ തലവേദന
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ അണുബാധ മൂക്കിൽ നിന്നും കണ്ണിൽ നിന്നും അതിവേഗം തലച്ചോറിലേക്ക് പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ജാഗ്രത പാലിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
ശ്വാസകോശത്തെ ബാധിക്കുന്ന മ്യൂക്കോർമൈക്കോസിസ്
ഫംഗസ് ശ്വാസകോശത്തെ (Lungs) ബാധിക്കുന്നു. പനി, ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
സാധാരണക്കാരെ അപേക്ഷിച്ച് കാൻസർ രോഗികൾക്കും അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർക്കും ഈ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ (Immunosuppressants) കഴിക്കുന്നതിനാൽ ഇവർ കൂടുതൽ ശ്രദ്ധിക്കണം.
ചർമ്മത്തെ ബാധിക്കുന്ന മ്യൂക്കോർമൈക്കോസിസ്
ചർമ്മത്തിലുണ്ടാകുന്ന മുറിവുകളിലൂടെയോ പൊള്ളലേറ്റ ഭാഗങ്ങളിലൂടെയോ ഫംഗസ് ശരീരത്തിനുള്ളിൽ കടക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചർമ്മത്തിന്റെ ഉപരിതലത്തിൽ ഇത് പെട്ടെന്ന് പടരാൻ സാധ്യതയുണ്ട്.
പ്രധാന ലക്ഷണങ്ങൾ:
- ചുവപ്പ് നിറം
- വീക്കം
- മുറിവേറ്റ ഭാഗത്ത് കറുത്ത നിറം (Discoloration) പടരുന്നത് അണുബാധയുടെ പ്രധാന ലക്ഷണമാണ്
- ചർമ്മത്തിലെ കോശങ്ങൾ അതിവേഗം നശിക്കാൻ ഇതിടയാക്കും
ദഹനവ്യവസ്ഥയെ ബാധിക്കുന്ന മ്യൂക്കോർമൈക്കോസിസ്
ഇത് വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന, അതീവ ഗുരുതരമാകുന്ന അവസ്ഥയാണിത്. ആമാശയത്തെയോ കുടലിനെയോ ഇത് ബാധിക്കാം.
- പോഷകാഹാരക്കുറവുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ജാഗ്രത പാലിക്കണം.
- ശരീരത്തിൽ വളരെ വേഗത്തിൽ പടരുന്ന, വളരപ്പെട്ടെന്ന് വഷളാകുന്നതരം അണുബാധയാണിത്
- രക്തക്കുഴലുകളെ ബാധിക്കുകയും കോശങ്ങളുടെ നാശത്തിന് (Tissue Necrosis) കാരണമാകുകയും ചെയ്യുന്നു.
- ഒരിക്കൽ ബാധിച്ചാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത് അടുത്തുള്ള അവയവങ്ങളിലേക്ക് പടരുന്നു. ഉദാഹരണത്തിന്, മൂക്കിൽ നിന്ന് കണ്ണിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താൻ ഇതിന് കുറച്ചുസമയം മതി.
‘ബ്ലാക്ക് ഫംഗസ്’ എന് വിളിക്കാൻ കാരണം?
ഫംഗസ് രക്തക്കുഴലുകളെ ആക്രമിച്ച് കോശങ്ങളെ നശിപ്പിക്കുമ്പോൾ, ആ ഭാഗം കരിഞ്ഞ് പോയതുപോലെ കറുത്ത നിറമായി മാറുന്നു. ഇങ്ങനെ ബാധിക്കപ്പെട്ട ഭാഗത്തെ കറുപ്പ് നിറം കണ്ടാണ് ഇതിനെ ‘ബ്ലാക്ക് ഫംഗസ്’ എന്ന് വിളിക്കാൻ തുടങ്ങിയത്. യഥാർത്ഥത്തിൽ ഈ ഫംഗസ് കറുത്ത നിറമുള്ളതല്ല, ഫംഗസ് നശിപ്പിച്ച കോശങ്ങളാണ് കറുപ്പായി കാണപ്പെടുന്നത്.
രോഗനിർണ്ണയം എങ്ങനെ ?
ലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ പരിശോധനകൾ നടത്തുന്നത് അണുബാധ പടരുന്നത് തടയാൻ സഹായിക്കും. പ്രധാന പരിശോധനകൾ ഇവയാണ്:
- നേസൽ എൻഡോസ്കോപ്പി (Nasal Endoscopy)
- സി.ടി സ്കാൻ അല്ലെങ്കിൽ എം.ആർ.ഐ
- ടിഷ്യൂ ബയോപ്സി (Tissue Biopsy)
- ഫംഗൽ കൾച്ചർ
- ഹിസ്റ്റോപാത്തോളജിക്കൽ പരിശോധന (Histopathological Examination)
എക്സ്-റേ (X-ray) കൊണ്ട് മാത്രം ഈ രോഗം പലപ്പോഴും കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് സി.ടി സ്കാൻ അല്ലെങ്കിൽ എം.ആർ.ഐ പോലുള്ള ഇമേജിംഗ് പരിശോധനകളാണ് അണുബാധയുടെ വ്യാപ്തി അളക്കാൻ ഡോക്ടർമാർ പ്രധാനമായും ഉപയോഗിക്കുന്നത്.
ചികിത്സ: അതീവ ജാഗ്രത വേണ്ട സാഹചര്യം
മ്യൂക്കോർമൈക്കോസിസ് സ്ഥിരീകരിച്ചാൽ ഒട്ടും വൈകിപ്പിക്കാതെ ചികിത്സാ രീതികൾ അവലംബിക്കേണ്ടതുണ്ട്. വൈകുംതോറും ഇത് ജീവന് തന്നെ ഭീഷണിയായേക്കാം. പ്രധാനമായും രണ്ട് രീതിയിലുള്ള ചികിത്സകളാണ് നൽകി വരുന്നത്.
ആന്റിഫംഗൽ മരുന്നുകൾ
ഈ ഫംഗസിനെ നശിപ്പിക്കാൻ പ്രത്യേക മരുന്നുകൾ ആവശ്യമാണ്:
ആംഫോട്ടെറിസിൻ ബി (Amphotericin B): മ്യൂക്കോർമൈക്കോസിസിനെതിരെ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണിത്. സാധാരണയായി ഇൻട്രാവീനസ് (IV – ഇഞ്ചക്ഷൻ രൂപത്തിൽ) ആയിട്ടാണ് ഇത് നൽകുന്നത്.
രോഗിയുടെ അവസ്ഥ കണക്കിലടുത്ത്, പോസക്കോനസോൾ (Posaconazole) അല്ലെങ്കിൽ ഇസാവുക്കോനസോൾ (Isavuconazole) തുടങ്ങിയ ആന്റിഫംഗൽ മരുന്നുകളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
അണുബാധയുടെ കാഠിന്യം അനുസരിച്ച് ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ചികിത്സ നീണ്ടുനിൽക്കാം.
ശസ്ത്രക്രിയ (Surgical Debridement)
മരുന്നുകൾ നൽകുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് നശിച്ചുപോയ കോശങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നത്. ഫംഗസ് ബാധിച്ച ഭാഗങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നത് അണുബാധ വീണ്ടും പടരാൻ കാരണമാകും.
ഫംഗസ് ബാധിച്ച ഭാഗത്തെ രക്തയോട്ടം നിലച്ചതിനാൽ, നാം കഴിക്കുന്ന മരുന്നുകൾ ആ ഭാഗത്തേക്ക് കൃത്യമായി എത്തിച്ചേരില്ല. അതിനാൽ ശസ്ത്രക്രിയയിലൂടെ ഈ ഭാഗങ്ങൾ നീക്കം ചെയ്യേണ്ടി വരുന്നു.
- സൈനസ് ശസ്ത്രക്രിയ: സൈനസ് അറകളിലെ അണുബാധ നീക്കം ചെയ്യുന്നു.
- കണ്ണ് നീക്കം ചെയ്യൽ (Orbital Exenteration): അണുബാധ തലച്ചോറിലേക്ക് പടരാതിരിക്കാൻ ചിലപ്പോൾ ബാധിക്കപ്പെട്ട കണ്ണ് നീക്കം ചെയ്യേണ്ടി വന്നേക്കാം.
- തലച്ചോറിലെ ശസ്ത്രക്രിയ: തലച്ചോറിനെ ബാധിച്ച ഭാഗങ്ങൾ മാറ്റാൻ.
കേൾക്കുമ്പോൾ പ്രയാസം തോന്നാമെങ്കിലും, രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള മാർഗ്ഗങ്ങളാണിവ.
അടിസ്ഥാന കാരണങ്ങൾ നിയന്ത്രിക്കുക
മരുന്നുകൾ കൊണ്ട് മാത്രം ഈ രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ കഴിയില്ല. അതിനോടൊപ്പം ശരീരത്തിന്റെ അവസ്ഥയും മെച്ചപ്പെടുത്തേണ്ടതുണ്ട്:
- രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം
- സ്റ്റിറോയ്ഡ് ഉപയോഗം കുറയ്ക്കുക
- പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക
ഈ കാര്യങ്ങളിൽ മാറ്റം വരുത്താതെ ആന്റിഫംഗൽ മരുന്നുകൾ മാത്രം കഴിക്കുന്നത് പലപ്പോഴും ഫലം നൽകില്ല.
അതിജീവനം
മ്യൂക്കോർമൈക്കോസിസ് ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകാൻ സാധ്യതയുള്ള ഗുരുതര രോഗമാണ്. പരിഭ്രാന്തരാകുന്നതിന് പകരം കൃത്യസമയത്ത് ചികിത്സ തേടുകയാണ് വേണ്ടത്.
എങ്ങനെ അതിജീവിക്കാം?
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗമുക്തിക്കുള്ള സാധ്യത വലിയതോതിൽ വർദ്ധിപ്പിക്കാൻ കഴിയും:
- നേരത്തെയുള്ള കണ്ടെത്തൽ
- ഉടനടിയുള്ള ചികിത്സ
- കൃത്യസമയത്തുള്ള ശസ്ത്രക്രിയ
അസുഖത്തെക്കുറിച്ചുള്ള അവബോധം ഏറെ പ്രധാനമാണ്.
ആർക്കൊക്കെയാണ് രോഗസാധ്യത കൂടുതൽ?
മ്യൂക്കോർമൈക്കോസിസ് എല്ലാവരെയും ബാധിക്കുന്ന ഒരു രോഗമല്ല. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷി കുറയുമ്പോഴാണ് ഈ ഫംഗസ് അപകടകാരിയാകുന്നത്. പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ടവർ കൂടുതൽ ജാഗ്രത പാലിക്കണം:
- അനിയന്ത്രിതമായ തരത്തിൽ പ്രമേഹമുള്ളവർ
- അർബുദ രോഗികൾ
- അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ
- ദീർഘകാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ
- ആശുപത്രിയിൽ ദീർഘകാലം ഹൈ-ഫ്ലോ ഓക്സിജൻ സഹായത്തോടെ കോവിഡിന് ചികിത്സയിൽ കഴിഞ്ഞവർ
- രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
നല്ല ആരോഗ്യമുള്ള വ്യക്തികളെ ഈ അണുബാധ വളരെ അപൂർവ്വമായി മാത്രമേ ബാധിക്കാറുള്ളൂ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾക്ക് സാധാരണ നിലയിൽ ഈ ഫംഗസിനെ നശിപ്പിക്കാൻ സാധിക്കും.
പ്രതിരോധിക്കാൻ കഴിയുമോ?
ഈ ഫംഗസ് നമ്മുടെ ചുറ്റുപാടിലും വായുവിലും എപ്പോഴും ഉള്ളതിനാൽ അവയെ പൂർണ്ണമായി ഒഴിവാക്കുക പ്രായോഗികമല്ല. വ്യക്തി ശുചിത്വം പാലിക്കുകയും താഴെ പറയുന്ന മുൻകരുതലുകൾ കൈക്കൊള്ളുകയും ചെയ്താൽ രോഗം വരാനുള്ള സാധ്യത നന്നായി കുറയ്ക്കാം:
പ്രമേഹം കൃത്യമായി നിയന്ത്രിക്കുക:
രക്തത്തിലെ പഞ്ചസാരയുടെ അളവ് (HbA1c) ഡോക്ടർ നിർദ്ദേശിക്കുന്ന പരിധിക്കുള്ളിൽ നിലനിർത്താൻ ശ്രദ്ധിക്കുക. പ്രമേഹരോഗികൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണം.
സ്റ്റിറോയ്ഡ് ഉപയോഗം ശ്രദ്ധയോടെ മാത്രം:
ഡോക്ടറുടെ കർശനമായ മേൽനോട്ടത്തിൽ മാത്രം സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുക. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മുറിവുകൾ വൃത്തിയായി സൂക്ഷിക്കുക:
ശരീരത്തിലുണ്ടാകുന്ന പോറലുകളും മുറിവുകളും പൊള്ളലേറ്റ ഭാഗങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. മുറിവുകളിലൂടെ ഫംഗസ് അകത്തു കടക്കാതെ നോക്കുക.
സ്വയം ചികിത്സ ഒഴിവാക്കുക:
പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള വിശ്രമവേളകളിൽ ഡോക്ടറുടെ ഉപദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത് അപകടകരമാണ്.
പരിസര ശുചിത്വം പാലിക്കുക:
നനവുള്ളതും പൂപ്പൽ പിടിക്കാൻ സാധ്യതയുള്ളതുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുമ്പോൾ മാസ്കും കൈയുറകളും ധരിക്കുക.
ഇന്ത്യയിൽ കേസുകൾ വർദ്ധിക്കാൻ കാരണം?
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് കേസുകൾ ഇത്രയധികം കൂടാൻ ഒരേസമയം പല കാരണങ്ങളുമുണ്ടായി. വൈദ്യശാസ്ത്രരംഗത്തുള്ളവർ ഈയവസ്ഥയെ “പെർഫെക്റ്റ് സ്റ്റോം” (Perfect Storm) അഥവാ സകല സാഹചര്യങ്ങളും ഒത്തു വന്ന അവസ്ഥ എന്നാണ് വിശേഷിപ്പിക്കുന്നത്.
- പ്രമേഹത്തിന്റെ അമിത വ്യാപനം
- ഉഷ്ണമേഖലാ കാലാവസ്ഥ
- സ്റ്റിറോയ്ഡുകളുടെ വ്യാപകമായ ഉപയോഗം
- ആരോഗ്യരംഗത്തുണ്ടായ സമ്മർദ്ദം
ചുരുക്കത്തിൽ, ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം ഒരേസമയം ഒത്തുചേർന്നതാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ ഉണ്ടാകാനിടാക്കിയത്.
മാനസികാഘാതം
ബ്ലാക്ക് ഫംഗസ് കേസുകളുടെ വർദ്ധന, സമൂഹത്തിൽ വലിയ ഭീതിക്കു കാരണമായി. അതുമാത്രമല്ല, ഈ രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. രോഗമുക്തി നേടിയവർ പോലും പലവിധത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥ വന്നു:
- ശസ്ത്രക്രിയയിലൂടെ കോശങ്ങൾ നീക്കം ചെയ്യുമ്പോൾ മുഖത്തിന്റെ ആകൃതിയിൽ മാറ്റങ്ങൾ വരാം. ഇത് പലരിലും ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാകുന്നു.
- കണ്ണ് നീക്കം ചെയ്യേണ്ടി വരുന്നത് രോഗിയുടെ ജീവിതരീതിയെ ആകെ മാറ്റിമറിക്കുന്ന വലിയൊരു ആഘാതമാണ്.
- കഠിനമായ ചികിത്സാരീതികളും ദീർഘകാലത്തെ ആശുപത്രിവാസവും വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിന് വഴിവയ്ക്കുന്നു.
ശാരീരികമായ ചികിത്സ പോലെതന്നെ മാനസിക പിന്തുണയും അനിവാര്യമാണ്.
ശാസ്ത്രം പറയുന്നത്
കോവിഡിന് ശേഷമുള്ള പഠനങ്ങൾ നൽകുന്ന ശുഭസൂചനകൾ ഇവയാണ്:
- രോഗബാധ കുറഞ്ഞു: മഹാമാരിക്കാലത്തെ അപേക്ഷിച്ച് ഇപ്പോൾ മ്യൂക്കോർമൈക്കോസിസ് കേസുകൾ വളരെയധികം കുറഞ്ഞിട്ടുണ്ട്.
- കൂടുതൽ ജാഗ്രത: രോഗത്തെക്കുറിച്ചുള്ള അറിവ് വർദ്ധിച്ചതുകൊണ്ട് തന്നെ ഇപ്പോൾ വളരെ നേരത്തെ രോഗം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.
- കർശനമായ നിയന്ത്രണങ്ങൾ: സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗത്തിന് ഇപ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്.
- പ്രമേഹ നിയന്ത്രണം: പ്രമേഹത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ തന്നെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
മ്യൂക്കോർമൈക്കോസിസ് പ്രതിരോധശേഷി കുറഞ്ഞവരെ മാത്രം ബാധിക്കുന്ന ഗുരുതരമായ ഒരു അണുബാധയാണ്. സാധാരണക്കാർക്കിടയിൽ ഇത് വരാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണ്.
പകർച്ചവ്യാധി നൽകിയ പാഠങ്ങൾ
ഈ കാലഘട്ടം നമ്മെ പഠിപ്പിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്:
- പ്രതിരോധ ശേഷി പ്രധാനം: നമ്മുടെ പ്രതിരോധ സംവിധാനത്തെ കാത്തുസൂക്ഷിക്കുക.
- രോഗങ്ങൾ നിയന്ത്രിക്കുക: പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ ഒരിക്കലും അവഗണിക്കരുത്.
- സ്വയം ചികിത്സ അപകടം: ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
- ലക്ഷണങ്ങൾ അവഗണിക്കരുത്: രോഗലക്ഷണങ്ങൾ തുടക്കത്തിലേ ശ്രദ്ധിക്കുന്നത് ചികിത്സ എളുപ്പമാക്കും.
ഈ രോഗത്ത ചികിൽസിച്ചു ഭേദമാക്കാൻ ആധുനുക വൈദ്യശാസ്ത്രത്തിന് കഴിയും. കൃത്യമയത്തു ചികിൽസിക്കുക എന്നതാണ് സുപ്രധാനം. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പ്രമേഹമോ പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയോ ഉണ്ടെങ്കിൽ ജാഗ്രത പാലിക്കണം, പക്ഷ ഭയപ്പടേണ്ട കാര്യമില്ല..
ഓർക്കുക: അവബോധത്തിന് ജീവൻ രക്ഷിക്കാനാകും, ഭയത്തിന് പ്രശ്നങ്ങളെ വഷളാക്കാനേ സാധിക്കൂ.




