മാമോഗ്രാം ജീവൻ രക്ഷിക്കും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാമോഗ്രാം ജീവൻ രക്ഷിക്കും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുഴകളൊന്നും ഇല്ലാത്തതുകൊണ്ട് തനിക്ക്  സ്തനാർബുദം വരില്ലെന്നാണ് സ്ത്രീകൾ പൊതുവെ പറയാറുള്ളത്. അർബുദം അവസാനഘട്ടത്തിൽ കണ്ടെത്തുന്ന കേസുകളിൽ ഉൾപ്പെടെ സ്ത്രീകൾ പറയുന്നതിങ്ങനെയാണ് എന്നറിയുമ്പോഴാണ് സ്തനാർബുദം സംബന്ധിച്ച അറിവില്ലായ്മയുടെയും മിഥ്യാധാരണകളുടെയും വ്യാപ്തി മനസ്സിലാക്കാൻ സാധിക്കുക. ലക്ഷണമൊന്നും പ്രകടമാക്കാതെ, രോഗിക്ക് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അർബുദത്തിന് വളരാൻ കഴിയും എന്നതാണ് യാഥാർത്ഥ്യം. അത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും വിശ്വസിക്കാനാകുന്ന പരിശോധനയാണ് മാമോഗ്രാം.

ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പോ, രോഗം മൂർച്ഛിക്കുന്നതിന് മുമ്പോ തന്നെ സ്തനാർബുദം കണ്ടെത്താൻ സ്ക്രീനിംഗ് ടെക്നിക്കുകൾക്ക് കഴിയും. ഇന്ന് ഏറ്റവും സാധാരണമായ അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദ പരിശോധനയിൽ, ലഭ്യമായതിൽ വെച്ച് ഏറ്റവും ഫലപ്രദമായ സ്ക്രീനിംഗ് രീതിയാണ്  മാമോഗ്രഫി (Mammography) .

എന്താണ് മാമോഗ്രാം?

സ്തനങ്ങളിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ എക്സ് റെയുടെ സഹായത്തോടെ കണ്ടെത്തുന്ന രീതിയാണിത്.

രോഗിക്ക്  സ്തനകലകളിലെ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ അസ്വാഭാവികതകൾ കണ്ടെത്താൻ സഹായിക്കുന്ന, വളരെ ചെറിയ തോതിൽ മാത്രം റേഡിയേഷൻ ഉപയോഗിച്ചു ചെയ്യുന്ന പരിശോധനയാണിത്. മുഴകൾ, കാൽസ്യം അടിഞ്ഞുകൂടൽ (Calcifications), അസാധാരണമായ വളർച്ചകൾ എന്നിവ കണ്ടെത്തുന്നതിനാണ് മാമോഗ്രാം ചെയ്യുന്നത്. രോഗം അപകടകരമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ തിരിച്ചറിയാനും വേണ്ട ചികിൽസയ്ക്ക് വിധേയമാകാനും ഈ പരിശോധന സഹായിക്കുന്നു.

ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രമാണ് മാമോഗ്രാം പരിശോധനയ്ക്ക് വേണ്ടിവരിക. വർഷങ്ങളോളം മനസ്സമാധാനം നേടാൻ ഈ ചുരുങ്ങിയ സമയത്തെ പരിശോധന മൂലം സാധിക്കുന്നു. വേണ്ടിവന്നാൽ, നേരത്തെയുള്ള ചികിത്സയ്ക്കും അവസരം ലഭിക്കുന്നു.

ഇന്ത്യയിലെ അവസ്ഥ

  • നമ്മുടെ രാജ്യത്ത്, 28 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ട്.
  • ഇത് നിലവിൽ ഇന്ത്യയിലെ സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ അർബുദമായി മാറിയിരിക്കുന്നു.
  • 50% കേസുകളും തിരിച്ചറിയുന്നത് മൂന്നാം ഘട്ടത്തിലോ അതിനുശേഷമോ ആണ് എന്നത് ആശങ്കാജനകമാണ്. ഈ അവസ്ഥയിൽ ചികിത്സ കൂടുതൽ ദുഷ്കരമാണ്.

നേരത്തെയുള്ള രോഗനിർണയമാണ് അതിജീവനത്തിനുള്ള മികച്ച വഴി. അതിന് ഏറ്റവും വിശ്വസനീയമായ മാർഗ്ഗം മാമോഗ്രാം, സ്വയം പരിശോധന (Self Breast Examination) എന്നിവയാണ്.

മാമോഗ്രാം ചെയ്യേണ്ടത് ആരെല്ലാം?

  • 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ: ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് 1–2 വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണം.
  • കുടുംബത്തിൽ രോഗചരിത്രമുള്ള സ്ത്രീകൾ (അമ്മയ്‌ക്കോ സഹോദരിക്കോ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉണ്ടെങ്കിൽ): ഇവർ നേരത്തെ സ്ക്രീനിംഗ് തുടങ്ങേണ്ടിവരും.
  • ആർത്തവവിരാമം വന്നവർ: കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് തുടരണം.

ആരോഗ്യവതിയാണെന്ന് സ്വയം തോന്നിയാലും, 40 വയസ്സു പിന്നിട്ടെങ്കിൽ, തീർച്ചയായും സ്ക്രീനിംഗ് നടത്തണം.

മാമോഗ്രാം ചെയ്യുമ്പോൾ വേദനിക്കുമോ?

സാധാരണ എല്ലാവർക്കും തോന്നുന്ന പേടിയാണിത്. മാമോഗ്രാം ചെയ്യുമ്പോൾ സ്തനങ്ങളിൽ താൽക്കാലികമായ സമ്മർദ്ദമോ അസ്വസ്ഥതയോ അനുഭവപ്പെട്ടേക്കാം. എങ്കിലും, മിക്ക സ്ത്രീകൾക്കും ഇത് വേദനാജനകമാകില്ല. അൽപ്പസമയത്തേക്ക് അനുഭവപ്പെടുന്ന ചെറിയ ബുദ്ധിമുട്ടിനേക്കാൾ എത്രയോ വലുതാണ് ഈ പരിശോധനയുടെ പ്രയോജനം. സൗമ്യമായും വേഗത്തിലും പരിശോധന നടത്താൻ പരിശീലനം നേടിയ ടെക്നിഷ്യൻമാരാണ് മാമോഗ്രാം ചെയ്യുക.

മാമോഗ്രാം പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്?

1.ജീവൻ രക്ഷിക്കുന്നു

പ്രാരംഭ ഘട്ടത്തിൽ (Early-stage) സ്തനാർബുദം തിരിച്ചറിഞ്ഞ് ചികിൽസ നേടിയാൽ  98% അതിജീവനം സാദ്ധ്യമാണ്. മുഴകൾ അനുഭവപ്പെടുന്നതിന് മുൻപ് തന്നെ അത് കണ്ടെത്താൻ മാമോഗ്രാം സഹായിക്കുന്നു.

2.ചെറുതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമായ പ്രശ്നങ്ങൾ കണ്ടെത്തുന്നു

സ്തനങ്ങളിലെ നീർക്കെട്ടും അപകടകരമല്ലാത്ത മുഴയും കാൽസ്യം അടിഞ്ഞുകൂടുന്നതും കണ്ടെത്താൻ മാമോഗ്രാമിന് കഴിയുന്നു. ഇവ നേരത്തെ കണ്ടെത്തിയാൽ ഭാവിയിലെ സങ്കീർണ്ണതകൾ തടയാൻ സാധിക്കും.

3.ആശ്വാസം നൽകുന്നു

പതിവായുള്ള മാമോഗ്രാമുകളുടെ കണ്ടത്തലുകൾ സംബന്ധിച്ച അടിസ്ഥാന ചിത്രം ലഭ്യമാകുന്നു. കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങൾ ഡോക്ടർമാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കുന്നു. ഇത് പരിശോധനയ്ക്ക് വിധേയയാകുന്ന വ്യക്തിക്ക് ആത്മവിശ്വാസം നൽകുന്നു.

മാമോഗ്രാം സംബന്ധിച്ച മിഥ്യാധാരണകൾ

1. “എൻ്റെ കുടുംബത്തിൽ ആർക്കും രോഗമില്ല, അതിനാൽ എനിക്ക് സ്ക്രീനിംഗ് ആവശ്യമില്ല”.

യാഥാർത്ഥ്യം: 80% സ്തനാർബുദങ്ങളും ഉണ്ടാകുന്നത് കുടുംബത്തിൽ രോഗചരിത്രമില്ലാത്ത സ്ത്രീകളിലാണ്.

2: “സ്തനാർബുദത്തെക്കുറിച്ച് ആശങ്കപ്പെടാൻ എനിക്ക് പ്രായമായിട്ടില്ല”.

യാഥാർത്ഥ്യം: മിക്ക കേസുകളും 40 വയസ്സിന് ശേഷമാണ് സംഭവിക്കുന്നതെങ്കിലും, അപകടസാധ്യതയുള്ള യുവതികളും ശ്രദ്ധിക്കണം.

3: “എനിക്ക് അസുഖമൊന്നുമില്ലാത്തതിനാൽ, അർബുദമുണ്ടാകില്ല”.

യാഥാർത്ഥ്യം: പല സ്തനാർബുദങ്ങളും രോഗം മൂർച്ഛിച്ചതിന് ശേഷം മാത്രമേ ലക്ഷണങ്ങൾ കാണിക്കൂ.

പരിശോധന എന്നതിലുപരിയായി, മാമോഗ്രാം ആരോഗ്യം സംബന്ധിച്ച കൃത്യമായ ധാരണ നൽകുന്നു. സ്വന്തം ശരീരസ്ഥിതിയെക്കുറിച്ചുള്ള ഈ ധാരണ, ആശ്വാസവും വേണ്ടിവന്നാൽ പ്രാരംഭ ഘട്ടത്തിൽത്തന്നെ ചികിൽസ തേടാനുള്ള അവസരവുമൊരുക്കുന്നു.

പ്രതിരോധ പരിചരണവും നേരത്തെയുള്ള അവബോധവും സുപ്രധാനമാണെന്ന് nellikka.life വിശ്വസിക്കുന്നു. സ്ത്രീകൾക്ക് സ്വന്തം ശരീരത്തിൻ്റെ  നിയന്ത്രണം ഏറ്റെടുക്കാനായുള്ള ശാക്തീകരണവും അത്രതന്നെ പ്രധാനമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. 

അതുകൊണ്ട്,  അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക. നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീകളുമായി ഈ സന്ദേശം പങ്ക് വെയ്ക്കുക.

കരുത്തുള്ളവരായിരിക്കുക. വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുക. മുന്നേറുക. 

സ്തനാർബുദത്തിൻ്റെ കാര്യത്തിൽ നേരത്തെയുള്ള രോഗനിർണയം അതീവ നിർണ്ണായകമാണ്.

ആരോഗ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്കുമായി   Nellikka.life സന്ദർശിക്കുക:

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe