ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

സ്നേഹവും കരുണയും കരുതലുമൊക്കെ ആവോളം പകർന്ന് നൽകുന്നവർ  നല്ല ഹൃദയത്തിനുടമകളായി  വാഴ്ത്തപ്പെടാറുണ്ട്. ഇതേ വികാരങ്ങളോളം ശക്തമാണ് , അത്രയും തന്നെ ആത്മാർത്ഥമാണ്, നമ്മുടെയൊക്കെ ഉള്ളിൽ സദാ മിടിക്കുന്ന ഹൃദയത്തിന്  നമ്മുടെ ജീവിതത്തോടുമുള്ളത്. ജീവൻ നിലനിർത്തുന്ന  ഊർജ കേന്ദ്രം തന്നെയാണ് ഹൃദയമെന്ന് , അതിൻറെ പ്രവർത്തനം തിരിച്ചറിയുമ്പോൾ മനസ്സിലാക്കാനാകും .

ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ,  നമ്മൾ  സ്വന്തം ശരീരത്തിനോട് നീതി പുലർത്തേണ്ടതുണ്ട്. അത്, തുടങ്ങേണ്ടത് ഹൃദയത്തിൽ നിന്നുതന്നെയാണ് .

ദിവസവും ഏകദേശം ഒരു ലക്ഷം തവണ മിടിക്കുന്ന, ശരീരത്തിലെ മറ്റവയവങ്ങൾ വിശ്രമിക്കുമ്പോഴും പിണങ്ങാതെ പണിയെടുക്കുന്ന ശക്തികേന്ദ്രമാണ് മുഷ്ടിയോളം മാത്രം വലിപ്പമുള്ള നമ്മുടെ ഹൃദയം.

 ഹൃദയത്തിൽ തൊടുന്ന ചില  യാഥാർത്ഥ്യങ്ങൾ

ശരാശരി ആയുസ്സുള്ള ഒരു മനുഷ്യൻറെ  ഹൃദയം ഒരു മില്യൺ ബാരൽ രക്തം പമ്പ് ചെയ്യുന്നുണ്ട്, ദിവസം ഒരു ലക്ഷം തവണ മിടിക്കുന്നുണ്ട്. അറുപതിനായിരം മൈൽ നീളത്തിൽ രക്തവാഹിനികളിലൂടെ രണ്ടായിരം ഗ്യാലൻ രക്തം ദിനംപ്രതി കടത്തിവിടുന്നുണ്ട്. 

ഒരു ട്രക്കിന് 20 മൈൽ ദൂരം യാത്ര ചെയ്യാനുള്ള ഊർജം ദിവസവും നമ്മുടെ ഹൃദയം ഉൽപ്പാദിപ്പിക്കുന്നുണ്ട് .  മറ്റൊരു തരത്തിൽ പറഞ്ഞാൽ,  ശരാശരി ആയുസ്സുള്ള മനുഷ്യൻറെ ജീവിത കാലയളവിൽ ഹൃദയം പുറപ്പെടുവിക്കുന്ന ഊർജം കൊണ്ട്, ട്രക്കിൽ ചന്ദ്രനിലേക്ക് പോയി തിരിച്ചെത്താം എന്നർത്ഥം. ഈയൊരൊറ്റ താരമ്യത്തിൽ നിന്നു തന്നെ ,  ഹൃദയം എന്ന ഊർജ കേന്ദ്രത്തിൻറെ ശക്തി മനസ്സിലാക്കാനാവും.

കോർണിയ ഒഴികെ, ശരീരത്തിൻറെ എഴുപത്തിയഞ്ച് ട്രില്ല്യൺ കോശങ്ങളും ആശ്രയിക്കുന്നത് ഹൃദയത്തിൽ നിന്നെത്തുന്ന രക്ത പ്രവാഹത്തെയാണ് എന്നറിയുമ്പോൾ, ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിൽ ഉള്ള പങ്ക്  തിരിച്ചറിയാനാകും. അതുകൊണ്ട് തന്നെ, ഹൃദയപരിപാലനം  ജീവനോളം പ്രാധാന്യമർഹിക്കുന്നു.

ഹൃദയാരോഗ്യം മോശമായാൽ

പല കാരണങ്ങൾ കൊണ്ടും  ഹൃദയാരോഗ്യം തകരാറിലാകാം. ലക്ഷണങ്ങൾ ശ്രദ്ധിച്ച്  പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിൽസ തേടുക എന്നതാണ് ആദ്യപടി.

ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചും  തിരിച്ചറിയാനുള്ള മാർഗ്ഗങ്ങങളെക്കുറിച്ചും  സ്വയം ധാരണ ഉണ്ടാകുന്നത് ഏറെ ഗുണം ചെയ്യും.

ലക്ഷണങ്ങൾ

സാധാരണയായി കാണപ്പെടുന്ന  അസുഖമാണ്  മയോകാർഡിയൽ റിഫ്രാക്ഷൻ (Myocardial refraction)  അഥവാ ഹൃദയാഘാതം. നെഞ്ചുവേദനയാണ് പ്രധാനലക്ഷണം , നെഞ്ചുവേദനയ്ക്കൊപ്പം വരുന്ന മറ്റു ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. 

ഹൃദയത്തിൻറെ പമ്പിംഗ്  തകരാറിലാകുന്നത് മൂലം ശ്വാസകോശത്തിന് മതിയായ ഓക്സിജൻ ലഭിക്കാതെ വരികയയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും.

 ഹൃദ്ദയാഘാതം ഉണ്ടാകുമ്പോൾ, ശരീര കോശങ്ങളിലെ ഊഷ്മാവ് വർദ്ധിക്കുന്നത്  അമിതമായ വിയർപ്പിന് കാരണമാകും. 

കയ്യിലേക്ക് പടരുന്ന വേദന, മറ്റൊരു പ്രധാന ലക്ഷണമാണ്.

ഹൃദയത്തിൻറെ  പ്രവർത്തനം അവതാളത്തിലാകുന്നതോടെ, മസ്തിഷ്ക്കത്തിലേക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരികയും തലകറക്കത്തിന് കാരണമാവകയും ചെയ്യും. ന്യൂറോണുകളുടെ പ്രവർത്തനത്തിൽ കുറവ് വരുന്നത് കാഴ്ച മങ്ങലിനും ഇടയാക്കും . ഈ ലക്ഷണങ്ങളെല്ലാം ഹൃദയാഘാതം സംബന്ധിച്ച് ശരീരം നൽകുന്ന സൂചനകളാകാം.

കാരണങ്ങൾ

 ഹൃദയ പേശികൾക്ക് മതിയായ തോതിൽ രക്തം ലഭിക്കാതെ വരുന്നത്  ഹൃദയാഘാതത്തിന് കാരണമാകും.

ഹൃദയ പേശികളിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന ധമനിയിൽ ബ്ളോക്കുകൾ രൂപപ്പെടുന്നത് മൂലമുണ്ടാകുന്ന  സി എ ഡി എന്നറിയപ്പെടുന്ന കൊറോണറി ആർട്ടറി ഡിസീസ് , ഹൃദയാഘാതത്തിലേക്ക് നയിക്കും. 

ധമനിയിൽ കൊഴുപ്പടിയുന്നതോടെ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യും. ധമനിയിൽ കൊളസ്റ്ററോൾ അടങ്ങിയ പ്ളാക്കുകൾ ഉണ്ടാകുന്നത് ഹൃദയത്തെ ക്ഷീണിപ്പിക്കും. പുകവലി, അമിതവണ്ണം, ചില അണുബാധകൾ , പാരമ്പര്യ ഘടകങ്ങൾ – ഇവയെല്ലാം ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്.

സാദ്ധ്യത ആർക്കൊക്കെ

പോഷകഗുണം ഇല്ലാത്ത ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നവർക്കും കൂടിയ അളവിൽ ഉപ്പും എണ്ണയും കൊഴുപ്പും ഉപയോഗിക്കുന്നവർക്കും ഹൃദയാഘാത സാദ്ധ്യത ഏറെയാണ്.  ഉത്ക്കണ്ഠ, വിഷാദം, അമിത വണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പുകയില ഉപയോഗം തുടങ്ങിയ കാരണങ്ങളാൽ ഹൃദയാഘാതം സംഭവിക്കാം.  പ്രായമേറുന്തോറും  ഹൃദ്രോഗ സാദ്ധ്യതയും  കൂടുന്നു .

ഹൃദയാഘാതത്തിന് ശേഷം  

ഹൃദയാഘാതം സംഭവിച്ച ശേഷമുള്ള സെക്കൻറുകൾ ഏറെ വിലപ്പെട്ടതാണ്. പെട്ടെന്നു തന്നെ ചികിൽസ ഉറപ്പാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. എത്ര വേഗത്തിൽ ചികിൽസയ്ക്ക് വിധേയമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്തിയും അതിജീവനവും. ഹൃദയാഘാതത്തിൻറെ തീവ്രതയും രോഗിയുടെ ആരോഗ്യാവസ്ഥയും അനുസരിച്ചാണ് ചികിൽസകൾ നൽകുക.

ഹൃദയാഘാതം സംഭവിച്ച് ചികിൽസ തേടിക്കഴിഞ്ഞ ശേഷം , തുടർന്നുള്ള ജീവിതത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങളുണ്ട്. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം ജീവിതരീതിയിൽ മാറ്റം വരുത്തുന്നത് ആത്മവിശ്വാസത്തോടെ , തുടർന്നുള്ള ജീവിതം  ക്രമപ്പെടുത്താൻ സഹായകമാകും. 

വ്യായാമം വേണം

വിദഗ്ധ ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വ്യായാമം ചെയ്യുന്നത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കും. ദിവസവും നിശ്ചിത സമയം നടക്കുന്നത് നല്ലതാണ്. 

ഹൃദയത്തെ സ്നേഹിക്കുന്ന ഭക്ഷണം കഴിക്കാം

ഉപ്പും എണ്ണയും കൊഴുപ്പും കുറഞ്ഞ ആഹാരക്രമം സ്വീകരിക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരുകൾ അടങ്ങിയ ആഹാരം ശീലമാക്കണം. വറുത്തതും പൊരിച്ചതും ഒഴിവാക്കി, മൽസ്യവും കൊഴുപ്പ് മാറ്റിയ ചിക്കനും കറിവെച്ച് കഴിക്കാം.

 സമ്മർദ്ദം വേണ്ടേ വേണ്ട

നല്ല ഭക്ഷണവും വേണ്ടത്ര വ്യായാമവും ശ്വസന വ്യായാമവും ഹൃദയാരോഗ്യത്തിന് അവശ്യം വേണ്ട കാര്യങ്ങളാണ്. ഹൃദയാഘാതത്തിന് ശേഷം ചിലരിൽ വിഷാദവും ജീവിത വിരക്തിയും കണ്ടുവരാറുണ്ട്. 

ഉൽക്കണ്ഠ ഒഴിവാക്കുകയും സ്ട്രെസ്സ് വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയും വേണം.

മരുന്ന് മുടക്കരുത്

കൃത്യസമയത്ത് കൃത്യമായ ഡോസിൽ മരുന്നുകൾ കഴിക്കണം. നിർദ്ദേശിച്ചിരിക്കുന്ന ഇടവേളയിൽ ഡോക്ടറെ കാണാൻ മടിക്കരുത്.  രോഗിയുടെ ആരോഗ്യാവസ്ഥ അനുസസരിച്ച് ചില മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതായി വരാറുണ്ട്.

നല്ല ഉറക്കം ഉറപ്പാക്കാം

ദിവസം ചുരുങ്ങിയത് ഏഴ് മണിക്കൂർ ഉറങ്ങണം. അനാവശ്യ ചിന്തകളും ആശങ്കകളും ഒഴിവാക്കിയാൽ മാത്രമേ സ്വസ്ഥമായുറങ്ങാൻ സാധിക്കൂ. യോഗ, ധ്യാനം, ഹോബികൾ, പുസ്തക വായന, സംഗീതം  തുടങ്ങിയവ സ്ട്രെസ് ഒഴിവാക്കാനും നല്ല ഉറക്കത്തിനും സഹായിക്കും.

ആരോഗ്യം പരിശോധിക്കാം

 ഹൃദയാഘാതത്തെ തുടർന്നുള്ള ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം തിരക്കുള്ള ജോലിയിലേക്കും ജീവിത സാഹചര്യങ്ങളിലേക്കും മടങ്ങുമ്പോൾ, ഹൃദയാരേോഗ്യത്തിൽ ശ്രദ്ധ കൊടുക്കാൻ മറക്കരുത്. ബി പി , ഷുഗർ , കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ നടത്തി അത് സംബന്ധിച്ച വിവരങ്ങൾ കുറിച്ച് വെക്കുന്നത് നല്ലതാണ്. അതിൽ വരുന്ന ഏറ്റക്കുറച്ചിലും  കാരണങ്ങളും മനസ്സിലാക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും ഇത് സഹായിക്കും.

ആൻജിയോപ്ളാസ്റ്റി

കൊറോണറി ധമനികളിലെ തടസ്സങ്ങൾ ഒഴിവാക്കുന്ന പ്രക്രിയയാണിത്. രക്തപ്രവാഹം സുഗമമാക്കാനാണ് ആൻജിയോപ്ളാസ്റ്റി നടത്തുന്നത്. പ്ളാക്കുകൾ അടിയുന്നതു മൂലം തടസ്സപ്പെടുന്ന രക്തയോട്ടം പഴയപടിയാക്കാൻ ആൻജിയോപ്ളാസ്റ്റിയിലൂടെ സാധിക്കും.ഹൃദയം തുറന്നുള്ള  ശസ്ത്രക്രിയ കൂടാതെ തന്നെ,  ഹൃദയപേശികളിലേക്കുള്ള രക്ത പ്രവാഹം മെച്ചപ്പെടുത്താൻ ഈ പ്രക്രിയയിലൂടെ സാധിക്കുന്നു. അറ്റത്ത് കുഞ്ഞുബലൂൺ ഘടിപ്പിച്ച ട്യൂബ് ധമനിയിലൂടെ കടത്തി വിട്ട്, ബ്ളോക്കുള്ള സ്ഥലത്തെത്തിച്ച് ബലൂൺ വികസിപ്പിക്കുകയും  അടിഞ്ഞുകൂടിയ പ്ളാക്കിനെ ധമനികളുടെ വശങ്ങളിലേക്ക് തള്ളിനീക്കി സുഗമമായ രക്തയോട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു .  സ്റ്റെൻറ് സ്ഥാപിച്ച് ബലൂൺ നീക്കം ചെയ്യുുന്നതോടെ സ്റ്റെൻറ്, ധമനി തുറന്നിരിക്കാൻ സഹായിക്കുന്നു.

ആൻജിയോഗ്രാം

രക്തക്കുഴലുകളിലെ തടസ്സങ്ങൾ കണ്ടെത്താനുള്ള പരിശോധനയാണിത്. ധമനിയിലേക്ക് കടത്തിയ ട്യൂബിലൂടെ പ്രത്യേക ദ്രാവകം കുത്തിവെക്കുന്നു. എക്സ് റേ പരിശോധനയിൽ വ്യക്തമായി കാണാൻ കഴിയുന്ന തരം ദ്രാവകമാണിത് . രക്തചംക്രമണത്തിന് എവിടെയാണ് തടസ്സമെന്ന് കൃത്യമായറിയാൻ ഈ പരിശോധനയിലൂടെ കഴിയും.

സി എ ബി ജി

ഹൃദയത്തിലേക്കുള്ള ധമനികളിലെ തടസ്സങ്ങൾ ഒഴിവാക്കി രക്തയോട്ടം സുഗമമാക്കാനായുള്ള ശസ്തക്രിയയാണ് സി എ ബി ജി അഥവാ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് . സാധാരണയായി സങ്കീർണ്ണമായ ഹൃദയ രോഗങ്ങൾ ഉള്ളവർക്കാണ് ഈ ശസ്ത്രക്രിയ നടത്തുക. ധമനികളുടെ കാഠിന്യം കൂടുകയും വ്യാസം കുറയുകയും തൻമൂലം രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അതിരോസ്ക്ളീറോസിസ് (Atherosclerosis)  എന്ന രോഗാവസ്ഥയെ ചികിൽസിക്കാനാണ് ഈ ശസ്ത്രക്രിയ . സർജറി കൂടാതെയുള്ള ചികിൽസാരീതികൾ പ്രയോജനം ചെയ്യാത്ത അവസ്ഥയിൽ ആണ് സി എ ബി ജി ചെയ്യുന്നത്. ശരീരത്തിലെ മറ്റൊരു ഭാഗത്തുനിന്ന് രക്തക്കുഴൽ എടുത്ത് കൊറോണറി ധമനിയിൽ തുന്നിച്ചേർത്ത്, രക്തയോട്ടത്തിന് പുതിയ പാത സൃഷ്ടിക്കുകയാണ് ബൈപാസ് എന്നും അറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ചെയ്യുന്നത് .

 ഹൃദയം മാറ്റിവെയ്ക്കൽ

മറ്റു ചികിൽസാരീതികളൊന്നും ഫലം കാണാതെ വരികയും ഹൃദയത്തിനൊഴികെ മറ്റവയവങ്ങൾക്ക് കേടില്ലാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ അതിസങ്കീർണ്ണ ശസ്ത്രക്രിയ നടത്തുക. രോഗിയുടെ ഹൃദയത്തിന് പകരമായി  ആരോഗ്യമുള്ള മറ്റൊരു ഹൃദയം തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയയ്ക്ക് പരിമിതികൾ ഏറെയാണ്.  മസ്തിഷ്ക്ക മരണം സംഭവിച്ച  വ്യക്തിയിൽ നിന്നെടുക്കുന്ന  ഹൃദയം നാലു മണിക്കൂറിനുള്ളിൽ  രോഗിയിൽ വെച്ചു പിടിപ്പിക്കേണ്ടതുണ്ട്. രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം  , പുതിയ  ഹൃദയത്തെ അന്യകോശമായിക്കണ്ട് പുറന്തള്ളാൻ സാദ്ധ്യതയുള്ളതിനാൽ തുടർ ചികിൽസ അനിവാര്യമാണ്.  സ്വീകർത്താവിന് ജീവിതകാലം മുഴുവൻ മരുന്നുകൾ ഉപയോഗിക്കേണ്ടതായി വരും.

കൃത്രിമ ഹൃദയം

ഹാർട്ട് – ലങ്ങ് മെഷീൻ, മെക്കാനിക്കൽ ഹാർട്ട് എന്നിങ്ങനെ രണ്ടുതരം കൃത്രിമ ഹൃദയങ്ങളുണ്ട്. 

ഹൃദയസ്തംഭനം ഉണ്ടാകുന്ന രോഗികളിലും ഗുരുതര ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നവർക്കും  കൃത്രിമ ഹൃദയം ഗുണം ചെയ്യും. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത് വരെ രോഗിയുടെ ജീവൻ നിലനിർത്താൻ താൽക്കാലിക പരിഹാര മാർഗ്ഗമായാണ് കൃത്രിമ ഹൃദയം ഉപയോഗിക്കുക. ഹൃദയ ദാതാവിനെ കണ്ടെത്തുന്നതുവരെ ഈ കൃത്രിമ ഹൃദയം രോഗിയുടെ ശരീരത്തിലെ മിടിപ്പുകാക്കും . മണിക്കൂറുകൾ നീളുന്ന സങ്കീർണ്ണ ശസ്ത്രക്രിയക്ക് ശേഷം ആഴ്ചകൾ ഐ സി യുവിൽ കഴിയേണ്ടതായി വരാം.

 ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും  ആരോഗ്യമുള്ളവരും ഹൃദയമെന്ന അമൂല്യാവയവത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ജീവിതം താളംതെറ്റാതെ മുന്നോട്ട് കൊണ്ടുപോകാനാകും. 

———————-

References

………………

https://my.clevelandclinic.org/health/body/21704-heart
https://www.bumrungrad.com/en/health-blog/february-2017/10-incredible-facts-heart-diseases
https://www.bhf.org.uk/informationsupport/how-a-healthy-heart-works
https://www.mayoclinic.org/diseases-conditions/heart-attack/symptoms-causes/syc-20373106
https://www.nhlbi.nih.gov/sites/default/files/publications/SelfCareTips-for-HeartHealth-508.pdf
https://my.clevelandclinic.org/health/treatments/22060-angioplasty
https://my.clevelandclinic.org/health/diagnostics/4977-angiography
https://www.hopkinsmedicine.org/health/treatment-tests-and-therapies/coronary-artery-bypass-graft-surgery
https://www.mayoclinic.org/tests-procedures/heart-transplant/about/pac-20384750
https://www.britannica.com/science/artificial-heart

Related News

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യം, അല്ലേ? ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒരുപോലെയാണ് നാം ഇന്നുവരെ പ്രയോഗിച്ചു വന്നിരുന്നത്. സത്യത്തില്‍ ഇവ രണ്ടും രണ്ടാണ്. ഹൃദയാഘാതമെന്നാല്‍ Heart Attack- ഉം,...

ജൂൺ 7, 2025 5:36 am
എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

‘നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍..’ എന്ന് കവികള്‍ പാടിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വരികളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപ്പോലെ ഉറക്കം എന്നത് ഒരു പേടിസ്വപ്‌നമായ ചിലരുണ്ട്. അവരില്‍...

ജൂൺ 3, 2025 8:26 pm
X
Top
Subscribe