കത്തുന്ന വേനൽച്ചൂടിൽ വാടാതെ കാക്കാം കുഞ്ഞിളംചർമ്മം

കുട്ടികളുടെ ചർമ്മസംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തുടർച്ചയായ പഠനവും ഹോംവർക്കും പരീക്ഷകളുമെല്ലാം കഴിഞ്ഞ് പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന മാസങ്ങളാണ് മധ്യവേനലവധിക്കാലം. പരീക്ഷാച്ചൂടാറുമ്പോഴേക്കും വേനൽ കനക്കാൻ തുടങ്ങി. കൂട്ടുകാരുമൊത്ത് വീടിനുപുറത്ത് കളിക്കാനും ആർത്തുല്ലസിക്കാനുമുള്ള സമയമാണിതെങ്കിലും ഈ വെയിലും ചൂടും കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഈ കാലാവസ്ഥയിൽ ചൂടുകുരു, സൂര്യതാപം, അലർജി മൂലമുള്ള തടിപ്പുകൾ, അണുബാധകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ കുട്ടികളിൽ സാധാരണയായി കണ്ടുവരാറുണ്ടെന്ന് ശിശുരോഗ വിദഗ്ധർ വ്യക്തമാക്കുന്നു.
വേനൽക്കാലത്ത് ചർമ്മപ്രശ്നങ്ങൾ കൂടാൻ കാരണം
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക്, വേനൽക്കാലത്ത് ചർമ്മസംബന്ധമായ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും താഴെ പറയുന്ന ഘടകങ്ങളാണ് ഇതിനുപിന്നിൽ:
1. ചൂടും അമിതമായ വിയർപ്പും
അന്തരീക്ഷതാപം കൂടുമ്പോൾ ശരീരം തണുപ്പിക്കാനായി സ്വേദഗ്രന്ഥികൾ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നു. ഈ വിയർപ്പ് പുറത്തേക്ക് വരാനാകാതെ ചർമ്മപാളിയിൽ തടഞ്ഞിരിക്കുമ്പോൾ അത് വീക്കത്തിനും ചൂടുകുരു പോലുള്ള ചുവന്ന തടിപ്പുകൾക്കും കാരണമാകുന്നു.
2. കടുത്ത വെയിൽ
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) രശ്മികൾ കുട്ടികളുടെ ചർമ്മകോശങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വെയിലേറ്റുള്ള പൊള്ളൽ (Sunburn), വെയിൽ മൂലമുള്ള അലർജികൾ എന്നിവയ്ക്ക് കാരണമാകുന്നതിനൊപ്പം തന്നെ, ഭാവിയിൽ ചർമ്മരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പക്കുന്നു.
3. അന്തരീക്ഷവായുവിലെ ഈർപ്പം
അന്തരീക്ഷത്തിൽ ഈർപ്പം കൂടുമ്പോൾ ചർമ്മം എപ്പോഴും നനവുള്ളതായി രിക്കും. ഈ നനവ്, ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
4. വീടിനു പുറത്തെ ഘടകങ്ങൾ
വീടിനുപുറത്ത് കളിക്കാൻ പോകുമ്പോൾ പ്രാണികളുടെ കടിയേൽക്കാനും പുല്ലിലും ചെടികളിലുമൊക്കെ ചർമ്മം ഉരസാനും സാദ്ധ്യതയുണ്ട്. ഇതിനുപുറമെ, സ്വിമ്മിംഗ് പൂളിലെ ക്ലോറിൻ കലർന്ന വെള്ളവും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത സൺസ്‌ക്രീനുകൾ തുടങ്ങിയവയും ചർമ്മത്തിൽ അലർജിയുണ്ടാക്കാൻ കാരണമാകാറുണ്ട്.
1. ചൂടുകുരു : വേനൽക്കാലത്തെ സർവ്വസാധാരണ പ്രശ്നം
കുഞ്ഞുങ്ങളിലും മുതിർന്ന കുട്ടികളിലും വേനൽക്കാലത്ത് ഏറ്റവും കൂടുതൽ അസ്വസ്ഥതയ്ക്കിടയാക്കുന്ന പ്രശ്നമാണ് ചൂടുകുരു (Prickly Heat). മിലിയാരിയ (Miliaria) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ചൂടുകുരു, സ്വേദ ഗ്രന്ഥികൾ അടഞ്ഞുപോകുകയും വിയർപ്പ് ചർമ്മത്തിനടിയിൽ കുടുങ്ങുകയും ചെയ്യുമ്പോഴാണ് ഉണ്ടാകുന്നത്.
ലക്ഷണങ്ങൾ
- ചർമ്മത്തിൽ കാണപ്പെടുന്ന ചെറിയ ചുവന്നതോ പിങ്ക് നിറത്തിലുള്ളതോ ആയ കുരുക്കൾ
- ചെറിയ കുമിളകൾ
- ചൊറിച്ചിൽ, ചർമ്മത്തിൽ കുത്തിത്തറയ്ക്കുന്നതു പോലെയുള്ള അസ്വസ്ഥത
- തൊലിമടക്കുകളിൽ ചുവപ്പ് നിറം
സാധാരണയായി വിയർപ്പ് കൂടുതൽ തങ്ങിനിൽക്കുന്ന ഭാഗങ്ങളിലാണ് ചൂടുകുരു വരുന്നത്:
- കഴുത്ത്
- നെഞ്ചും പുറവും
- കക്ഷം
- അരക്കെട്ട്, തുടയിടുക്കുകൾ
- ഇറുകിയ വസ്ത്രങ്ങളും ഡയപ്പറും സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങൾ
കുട്ടികളെ പെട്ടെന്നു ബാധിക്കാൻ കാരണം?
മുതിർന്നവരെ അപേക്ഷിച്ച് ചെറിയ കുട്ടികൾക്ക് ചൂടുകുരു വരാൻ സാധ്യത കൂടുതലാണ്. അവരുടെ സ്വേദഗ്രന്ഥികൾ (Sweat Glands) പൂർണ്ണമായി വളർച്ച പ്രാപിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണം. അതിനാൽത്തന്നെ, മുതിർന്നവരെപ്പോലെ ശരീരോഷ്മാവിൻ്റെ നിയന്ത്രണപ്രവർത്തനങ്ങൾ കുട്ടികളിൽ സജീവമല്ല.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
ലളിതമായ ചില പരിചരണങ്ങളിലൂടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മിക്കവാറും എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണാനാകും:
- കുട്ടിയെ കാറ്റും വെളിച്ചവുമുള്ള, തണുപ്പുള്ള സ്ഥലങ്ങളിൽ ഇരുത്താൻ ശ്രദ്ധിക്കുക
- വായുസഞ്ചാരമുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിപ്പിക്കുക
- ദിവസവും തണുത്ത വെള്ളത്തിൽ കുളിപ്പിക്കുകയോ അല്ലെങ്കിൽ നനഞ്ഞ തണുത്ത തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുകയോ ചെയ്യാം
- കുളി കഴിഞ്ഞാൽ ശരീരം നന്നായി തുടച്ച് ഈർപ്പം മാറ്റുക
- കട്ടിയുള്ള ലോഷനുകളും എണ്ണമയമുള്ള ക്രീമുകളും പുരട്ടുന്നത് ഒഴിവാക്കുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകും.
ചൂടുകുരു ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണം. കുരുക്കളിൽ പഴുപ്പോ വീക്കമോ പ്രത്യക്ഷപ്പെടുകയോ പനി വരികയോ ചെയ്താൽ ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ധന്റെ (Pediatrician) സഹായം തേടുക.
2. സൂര്യതാപം
സൂര്യപ്രകാശത്തിലെ അമിതമായ അൾട്രാവയലറ്റ് (UV) രശ്മികൾ ഏൽക്കുന്നത് വഴി ചർമ്മത്തിന് സംഭവിക്കുന്ന കേടുപാടുകളാണ് സൂര്യതാപം അഥവാ സൺബേൺ. കുട്ടികളുടെ ചർമ്മം അതീവ മൃദുലമായതുകൊണ്ട് തന്നെ വെയിലേൽക്കുമ്പോൾ പെട്ടെന്ന് പൊള്ളാൻ സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
- ചർമ്മം ചുവന്ന് തടിക്കുകയും വേദനയുണ്ടാകുകയും ചെയ്യുക
- ചർമ്മത്തിൽ വീക്കം അനുഭവപ്പെടുക
- ചെറിയ നീർപ്പോളകൾ (Blisters) വരിക
- കഠിനമായ പൊള്ളലാണെങ്കിൽ പനിയോ നിർജ്ജലീകരണമോ (Dehydration) ഉണ്ടായേക്കാം
കുട്ടിക്കാലത്ത് കഠിനമായ സൺബേൺ ഉണ്ടാകുന്നത് ഭാവിയിൽ ചർമ്മത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
സൺബേൺ എങ്ങനെ തടയാം?
ചർമ്മരോഗ വിദഗ്ധർ (Dermatologists) നിർദ്ദേശിക്കുന്ന പ്രധാന മുൻകരുതലുകൾ ഇവയാണ്:
- പുറത്തിറങ്ങുന്നതിന് മുൻപ് SPF 30-50+ ഉള്ള ബ്രോഡ് സ്പെക്ട്രം സൺസ്‌ക്രീൻ പുരട്ടുക.
- കുട്ടിയുടെ ചർമ്മം കൂടുതൽ സെൻസിറ്റീവ് ആണെങ്കിൽ സിങ്ക് ഓക്സൈഡ് (Zinc Oxide) അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് (Titanium Dioxide) അടങ്ങിയ സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുക
- ഓരോ 2 മണിക്കൂർ കൂടുമ്പോഴും, അല്ലെങ്കിൽ നീന്തുകയോ വിയർക്കുകയോ ചെയ്യുന്നപക്ഷം സൺസ്‌ക്രീൻ വീണ്ടും പുരട്ടേണ്ടതാണ്.
- രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കുട്ടികളെ പുറത്ത് വിടാതിരിക്കാൻ ശ്രദ്ധിക്കുക
- വെയിലത്ത് പോകുമ്പോൾ മുഖചർമ്മം സംരക്ഷിക്കുന്ന തരം തൊപ്പികളും ശരീരം നന്നായി മറയ്ക്കുന്ന വസ്ത്രങ്ങളും ധരിപ്പിക്കുക
3. വേനൽക്കാല അലർജികളും ചർമ്മത്തിലെ തടിപ്പുകളും
വേനൽക്കാലത്ത് ഉണ്ടാകുന്ന എല്ലാ ചർമ്മപ്രശ്നങ്ങളും ചൂട് കൊണ്ട് മാത്രമാകണമെന്നില്ല. ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാക്കാനിടയുള്ള മറ്റ് ചില കാരണങ്ങൾ ഇനിപ്പറയുന്നു:
വെയിൽ മൂലമുള്ള അലർജി (Sun Allergy)
ചില കുട്ടികൾക്ക് സൂര്യപ്രകാശമേൽക്കുമ്പോൾ ചർമ്മത്തിൽ പ്രത്യേക പ്രതിപ്രവർത്തനം (Immune reaction) ഉണ്ടാകാറുണ്ട്. ഇത് ‘പോളിമോർഫിക് ലൈറ്റ് ഇറപ്ഷൻ’ (Polymorphic Light Eruption) എന്നറിയപ്പെടുന്നു. മുഖം, കഴുത്ത്, കൈകൾ തുടങ്ങി നേരിട്ട് വെയിലേൽക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിലോടു കൂടിയ ചുവന്ന തടിപ്പുകൾ കാണപ്പെടുന്നു. വെയിലത്ത് പോയി അധികം വൈകാതെ തന്നെ ഈ തടിപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (Contact Dermatitis)
ചില വസ്തുക്കളുമായി സമ്പർക്കത്തിൽ വരുമ്പോൾ ചർമ്മത്തിനുണ്ടാകുന്ന അസ്വസ്ഥതയാണിത്. പ്രധാനമായും താഴെ പറയുന്ന ഘടകങ്ങൾ ഇതിന് കാരണമാകാം:
- സ്വിമ്മിംഗ് പൂളിലെ ക്ലോറിൻ കലർന്ന വെള്ളം
- സുഗന്ധമുള്ള ലോഷനുകൾ അല്ലെങ്കിൽ സൺസ്‌ക്രീനുകൾ
- വിഷച്ചെടികളുമായുള്ള സമ്പർക്കം
- ലോഹങ്ങൾ (ആഭരണങ്ങൾ പോലുള്ളവ) അല്ലെങ്കിൽ കൃത്രിമ നാരുകൾ കൊണ്ടുള്ള വസ്ത്രങ്ങൾ
പ്രാണികളുടെ കടിയേൽക്കുന്നത്
വേനൽക്കാലത്ത് കുട്ടികൾ കൂടുതൽ സമയം പുറത്ത് കളിക്കുന്നതുകൊണ്ട് കൊതുകോ മറ്റ് പ്രാണികളോ കടിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രാണികൾ കടിച്ച ഭാഗത്ത് ചൊറിച്ചിലോടു കൂടിയ തടിപ്പുകൾ ഉണ്ടാകാം. ചില കുട്ടികളിൽ ഇത് കഠിനമായ അലർജിക്ക് കാരണമാകാറുണ്ട്.
കുട്ടിക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയോ തടിപ്പുകൾ ശരീരമാകെ വ്യാപിക്കുകയോ ചെയ്താൽ ഒട്ടും വൈകാതെ ഒരു ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
4. വേനൽക്കാല ത്വഗ്രോഗങ്ങൾ
ചൂടും വായുവിലെ ഈർപ്പവും അണുക്കൾ വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നതിനാൽ, വേനൽക്കാലത്ത് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ബാക്ടീരിയ മൂലമുള്ള അണുബാധ (Impetigo)
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണിത്.
പ്രധാന ലക്ഷണങ്ങൾ:
- ചർമ്മത്തിൽ ചുവന്ന നിറത്തിലുള്ള വ്രണങ്ങൾ (Sores)
- വ്രണങ്ങൾക്ക് മുകളിൽ തേനിന്റെ നിറത്തിലുള്ള ഉണങ്ങിയ പാടുകൾ (Honey-colored crusts)
- ചൊറിച്ചിലും വേദനയുമുളവാക്കുന്ന തടിപ്പുകൾ
സാധാരണയായി ചർമ്മത്തിലുണ്ടാകുന്ന പോറലുകളിലൂടെയോ പ്രാണികൾ കടിച്ച മുറിവുകളിലൂടെയോ ബാക്ടീരിയ ഉള്ളിൽ കടക്കുമ്പോഴാണ് ഈ അണുബാധ ഉണ്ടാകുന്നത്.
ഫംഗസ് ബാധ (Fungal Infections)
അമിതമായ ചൂടും വിയർപ്പും കാരണം ചർമ്മം എപ്പോഴും നനഞ്ഞിരിക്കുന്നത് ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നു. ചർമ്മത്തിൽ ചൊറിച്ചിലോടു കൂടിയതും തവിട്ടുനിറത്തിലോ ചുവപ്പ് നിറത്തിലോ ഉള്ള ചെതുമ്പലുകൾ പോലെയുള്ള പാടുകളാണ് പ്രധാനലക്ഷണം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
സാധാരണഗതിയിൽ ചൂടുമൂലമുള്ള മിക്ക ചർമ്മപ്രശ്നങ്ങളും വീട്ടിലെ പരിചരണം കൊണ്ട് മാറുമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ശിശുരോഗ വിദഗ്ധനെ സമീപിക്കണം:
- കുരുക്കളിൽ നിന്ന് പഴുപ്പ് വരികയോ ദുർഗന്ധം ഉണ്ടാവുകയോ ചെയ്താൽ
- കുട്ടിക്ക് പനിയുണ്ടെങ്കിൽ
- തടിപ്പുകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ പടരുകയാണെങ്കിൽ
- കുട്ടിക്ക് സഹിക്കാനാവാത്ത ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ
കൃത്യസമയത്തുള്ള ചികിത്സയിലൂടെ അണുബാധകൾ കൂടുതൽ ഗുരുതരമാകുന്നത് തടയാനാകും.
കുട്ടികളുടെ ചർമ്മസംരക്ഷണത്തിന് ചില പ്രായോഗിക നിർദ്ദേശങ്ങൾ
ചില ലളിതമായ ശീലങ്ങൾ അവലംബിക്കുന്നതുവഴി വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും:
✔ വായുസഞ്ചാരമുള്ളതും കനം കുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ മാത്രം കുട്ടികളെ ധരിപ്പിക്കുക.
✔ അമിതമായി വിയർത്താൽ ശരീരം നന്നായി തുടച്ച് വൃത്തിയാക്കി ഈർപ്പരഹിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
✔ പുറത്ത് കളിച്ചു വന്നാലുടൻ കുട്ടികളെ കുളിപ്പിക്കുന്നത് ചർമ്മത്തിലെ അഴുക്കും അണുക്കളും നീക്കം ചെയ്യാൻ സഹായിക്കും
✔ ചൊറിച്ചിൽ തോന്നുമ്പോൾ കുട്ടി നഖം ഉപയോഗിച്ച് പോറലുണ്ടാക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാൽ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക.
✔ കഠിനമായ ചൂടിൽ ശരീരം തളരാതിരിക്കാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും കുട്ടി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
✔ വെയിലത്ത് കളിക്കാൻ പോകുന്നതിന് മുൻപായി കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക സൺസ്‌ക്രീൻ പുരട്ടുക.
ചൂടുള്ള സമയത്തെ ഇത്തരം ചെറിയ മുൻകരുതലുകൾ കുഞ്ഞുങ്ങളുടെ മൃദുവായ ചർമ്മത്തെ സംരക്ഷിക്കാനും വേനൽക്കാലം അസ്വസ്ഥതകളില്ലാതെ ആസ്വദിക്കാനും സഹായിക്കും.
ചർമ്മത്തിലെ തടിപ്പുകൾ മാറാതിരിക്കുകയോ കഠിനമായ ചൊറിച്ചിലോ മറ്റ് അസാധാരണ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഒരു ശിശുരോഗ വിദഗ്ധനെയോ (Pediatrician) ചർമ്മരോഗ വിദഗ്ധനെയോ (Dermatologist) സമീപിക്കാൻ മടിക്കരുത്.
References




