ശരീര ഘടനയും മാനസികാരോഗ്യവും: തിരിച്ചറിയേണ്ടത് അതിപ്രധാനം

കാഴ്ചകളുടെ കുത്തൊഴുക്ക് നിറഞ്ഞ ഡിജിറ്റൽ കാലത്തിലേക്കുള്ള നമ്മുടെ സഞ്ചാരം തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. റേഡിയോ നൽകിയ കേൾവിയുടെ ലോകത്തു നിന്ന്, ടെലിവിഷനിൽ തുടങ്ങി ഇൻ്റർനെറ്റിലെ കാഴ്ചകളുടെ വർണ്ണപ്രപഞ്ചത്തിലേക്കുള്ള പ്രയാണം കുറച്ചൊന്നുമല്ല സമൂഹത്തെ സ്വാധീനിച്ചത്. കാഴ്ചകളുടെ വസന്തം വിരൽത്തുമ്പ് നിശ്ചയിക്കുന്ന വർത്തമാനകാലത്ത്, പക്ഷെ, ജാഗ്രതയോടെ തിരിച്ചറിയേണ്ട ചില വസ്തുതകളുണ്ട്.
പലപ്പോഴും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മാനസിക അവബോധത്തേക്കാൾ, സ്വന്തം ശരീരത്തെക്കുറിച്ച് മനസ്സിലുള്ള ദൃശ്യബോധം അഥവാ ബോഡി ഇമേജ് വളർന്നിട്ടുള്ളതായി കാണാം. എന്തായാലും നമുക്ക് കണ്ണാടികൾക്കും ഫിൽറ്ററുകൾക്കും അപ്പുറത്തേക്ക് സശ്രദ്ധം നോക്കിക്കാണാനുള്ള സമയമായിട്ടുണ്ട് എന്നതിൽ സംശയമില്ല.
എന്താണ് ബോഡി ഇമേജ്?
നമ്മുടെ ശരീരത്തെ, നമ്മൾ സ്വയം എങ്ങനെ കാണുന്നു – വലിപ്പം, ആകൃതി, തൂക്കം,ഘടന,രൂപം ഇവയെല്ലാം നമ്മൾ സ്വയം എങ്ങനെ വിലയിരുത്തുന്നു- ഈ ഘടകങ്ങളുടെ ആകെത്തുകയാണ് ബോഡി ഇമേജ്. ചിന്തകൾ, വികാരങ്ങൾ, അഭിപ്രായങ്ങൾ, കാഴ്ച്ചപ്പാടുകൾ- ഇവയെല്ലാം ശരീരബോധത്തിൽ പെടും. ഇക്കാര്യങ്ങളെ എല്ലാം സ്വാധീനിക്കുന്നത് ഇനിപ്പറയുന്ന ഘടകങ്ങളാണ്.
- സാമൂഹ്യ മാദ്ധ്യമങ്ങൾ നൽകുന്ന വർണ്ണനകൾ
- സാംസ്ക്കാരിക മാനദണ്ഡങ്ങൾ
- സമപ്രായക്കാരുമായുള്ള താരത്യപ്പെടുത്തൽ
- കുഞ്ഞുന്നാളിലെ അനുഭവങ്ങൾ
- കുടുംബാംഗങ്ങളുടെ വിശ്വാസത്തിൻ്റെ സ്വാധീനം
ബോഡി ഇമേജ് സൃഷ്ടിക്കപ്പെടുിന്നത് നാല് തരത്തിലാണ്.
- ഗ്രഹണപരമായി- നിങ്ങളുടെ ശരീരത്തെ നിങ്ങൾ എങ്ങനെ കാണുന്നു
- വികാരപരമായി – നിങ്ങളുടെ ശരീരത്തെ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു
- ബൌദ്ധികമായി – നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു
- പെരുമാറ്റരീതി – നിങ്ങളുടെ ശരീരബോധം ആസ്പദമാക്കിയുള്ള നിങ്ങളുടെ പെരുമാറ്റം
ബോഡി ഇമേജ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു ?
നിങ്ങളുടെ ബോഡി ഇമേജ് സംബന്ധിച്ചുള്ള അതൃപ്തി, മാനസിക സ്വാസ്ഥ്യത്തെ ബാധിക്കുന്ന വൈകാരിക അനുഭവമാണ്.
മാനസികാരോഗ്യത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം
- സ്വയംമതിപ്പ് ഇല്ലാതിരിക്കുക, ആത്മവിശ്വാസക്കുറവ്
- വിഷാദവും ഉത്കണ്ഠയും
- ആഹാര സംബന്ധിയായ മാനസികാരോഗ്യ പ്രശ്നങ്ങൾ ( ഉദാ.വിശപ്പില്ലായ്മ, ആഹാരം കഴിക്കുന്നതിലെ ഏറ്റക്കുറച്ചിൽ,അത്യാർത്തി
- ബോഡി ഡിസ്മോർഫിക് ഡിസോഡർ (ബി ഡി ഡി ) – സ്വന്തം ആകാരത്തെ മോശമായി കാണുന്നത് മൂലമുള്ള മാനസികാസ്വാസ്ഥ്യം
- സാമൂഹിക പിൻമാറ്റം, ഉൾവലിയൽ
- സ്വയം ഹനിക്കുക, കടുത്ത അപകർഷതാബോധം, ആത്മഹത്യാ പ്രവണതയ്ക്കും വഴി വെക്കുന്നു
നാഷണൽ ഈറ്റിങ് ഡിസോഡേഴ്സ് അസോസിയോഷൻ ( എൻ ഇ ഡി എ) നൽകുന്ന കണക്കുകൾ പ്രകാരം, കൗമാരക്കാരായ 70 % പെൺകുട്ടികളിലും 40 % ആൺകുട്ടികളിലും സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവമതിപ്പുണ്ടെന്നാണ്.
സാമൂഹ്യ മാദ്ധ്യമങ്ങളുടെ പങ്ക്
ഇരുതലമൂർച്ചയുള്ള വാൾ പോലെയാണ് സാമൂഹ്യ മാദ്ധ്യമങ്ങൾ. ഒരുവശത്ത് സോഷ്യൽ മീഡിയ,വൈവിദ്ധ്യങ്ങളെ ഉയർത്തിക്കാട്ടി വിഭിന്ന ഘടകങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നു. മറുവശത്താകട്ടെ, സൌന്ദര്യം അവർ വരച്ചുകാട്ടുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എന്ന ബോധ്യം പ്രേക്ഷകരിൽ സൃഷ്ടിക്കുന്നു. അപ്രാപ്യമായ ഈ സൌന്ദര്യശാസ്ത്രത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രധാന പ്രത്യാഘാതങ്ങൾ :
- താരതമ്യപ്പെടുത്തൽ – മറ്റുള്ളവർ പൂർണ്ണതയുള്ളവരാണെന്ന് തോന്നുകയും സ്വയം കുറവുകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു
- ഫിൽറ്റൽ വിഭ്രാന്തി – സത്യവും മിഥ്യയും തമ്മിലുള്ള അന്തരം തിരിച്ചറിയാനാകാതെ വരിക
- സ്വയം അടയാളപ്പെടുത്താനുള്ള വെമ്പൽ – ലൈക്കുകളും കമൻ്റുകളും വഴി മൂല്യമുള്ള വ്യക്തിയാകാനുള്ള ശ്രമം
ആരെയെല്ലാം ബാധിക്കും?
ബോഡി ഇമേജിനെക്കുറിച്ച് പൊതുവെ സ്ത്രീകളാണ് കൂടുതലായും ചർച്ച ചെയ്യുന്നത് എങ്കിലും പുരുഷൻമാരും ഭിന്നലിംഗത്തിൽ പെട്ടവരും എല്ലാ പ്രായത്തിലുമുള്ളവരും ബോഡി ഇമേജിനെക്കുറിച്ചുള്ള ആശങ്കകൾ ഉള്ളവരാണെന്നതാണ് വാസ്തവം.
- പുരുഷൻമാർ – ഉറച്ച പേശികളാണ് ആണത്തത്തിനുള്ള അംഗീകാരമെന്ന് വിശ്വസിക്കുകയും ശരീരം അങ്ങനെ അല്ലെങ്കിൽ നിരാശരാകുകയും ചെയ്യുന്നു
- ഭിന്നലിംഗക്കാർ- സമൂഹം വിലകുറച്ചു കാണുന്നു എന്ന വിഷമത്തോടൊപ്പം ബോഡി ഡിസ്ഫോറിയ അനുഭവിക്കുന്നു
- ആറോ ഏഴോ വയസ്സാകുമ്പോഴേക്കും കുട്ടികളിൽ ബോഡി ഇമേജിനെക്കുറിച്ചുള്ള ചിന്ത വരുന്നു
ശരീര ബോധവും മാനസികാരോഗ്യവും എങ്ങനെ മെച്ചപ്പെടുത്താം
സ്വന്തം ശരീരത്തെ നല്ല രീതിയിൽ കാണുക എന്നതിനാണ് മുൻതൂക്കം നൽകേണ്ടത്.
ശരീരബോധം മെച്ചപ്പെടുത്താൻ :
- ബോഡി ന്യൂട്രാലിറ്റി പരിശീലിക്കുക- നിങ്ങളുടെ ശരീരം ചെയ്തുതരുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യം സൃഷ്ടിക്കുക. ആ കഴിവുകളെ ആദരിക്കുക. ഉപരിപ്ളവ സൌന്ദര്യ ബോധത്തേക്കാൾ ആരോഗ്യത്തിന് പ്രാധാന്യം നൽകുക
- സോഷ്യൽ മീഡിയയിലെ നല്ല സന്ദേശങ്ങൾ മാത്രം ഉൾക്കൊള്ളുക
- താരതമ്യം അവസാനിപ്പിക്കുക – സോഷ്യൽ മീഡിയ നിങ്ങളിൽ സ്വയം മതിപ്പ് സൃഷ്ടിക്കാനായി ഉപയോഗിക്കുക.
- ചികിൽസയും പിന്തുണയും – സ്വന്തം പ്രതിച്ഛായയെക്കുറിച്ച് അമിതമായ ആശങ്കയുണ്ടെങ്കിൽ, ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകൾ ഉണ്ടെങ്കിൽ, വിദഗ്ധോപദേശം തേടുക
- ശാരീരിക-മാനസിക പരിശീലനങ്ങൾ – യോഗ, മൈൻഡ്ഫുൾനെസ് പരിശീലനങ്ങൾ തുടങ്ങിയവ സഹായകമാകും
- കൂട്ടായാമകളുടെ പിന്തുണ- സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ,പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾ- ഇവരോടെല്ലാം തുറന്ന് സംസാരിക്കുന്നത് ഗുണം ചെയ്യും
മസ്തിഷ്ക്കവും ശരീര ബോധവും – ശാസ്ത്രം പറയുന്നത്
ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ശരീരബോധത്തെയും ബാധിക്കും.
ശരീരം ഒരാഭരണമല്ല എന്ന് തിരിച്ചറിയണം, വളർച്ചയുടേയും അനുഭവങ്ങളുടേയും ആകെത്തുകയാണത്. ബോഡി ഇമേജ് മെച്ചപ്പെടുത്തുക എന്നാൽ, ബാഹ്യ സൌന്ദര്യത്തെ മോടി പിടിപ്പിക്കുക എന്നല്ല അർത്ഥമാക്കുന്നത്- മനസ്സിനും ശരീരത്തിനും സ്വാതന്ത്ര്യവും സന്തോഷവും ശാന്തിയും നൽകുന്ന പരിവർത്തനമാണ് നമ്മൾ മുന്നിൽ കാണേണ്ടത്.
ശരീര ബോധത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന ആരെയെെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ വിദഗ്ധോപദേശം തേടാൻ അവരെ സഹായിക്കുക.