പ്രണയം പൊയ്പ്പോകുമ്പോൾ: ആധുനിക വിവാഹബന്ധങ്ങളിലെ തകർച്ചയ്ക്ക് കാരണമെന്ത് ?

പ്രണയം പൊയ്പ്പോകുമ്പോൾ: ആധുനിക വിവാഹബന്ധങ്ങളിലെ തകർച്ചയ്ക്ക് കാരണമെന്ത് ?

ദാമ്പത്യത്തിൽ അടുപ്പത്തിനുള്ള പങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് വീഡിയോ കോൾ ചെയ്യാൻ കഴിയുകയും ലോകം മുഴുവൻ നടക്കുന്ന സംഭവങ്ങൾ കൃത്യമായി അറിയുകയും എന്തിനേയും ഏതിനേയും കുറച്ചും സ്വന്തം അഭിപ്രായങ്ങൾ ഉറക്കെപ്പറയാൻ കഴിയുകയും ചെയ്യുന്ന കാലമാണിത്. പക്ഷെ, ഒരു മേശയ്ക്കിരുപുറവുമിരുന്ന് പങ്കാളിയോട് സംസാരിക്കാൻ കഴിയാതെ ആയിപ്പോയ കാലവും ഇതുതന്നെ.

ഈ കാലഘട്ടത്തിൽ, ആധുനിക ദാമ്പത്യബന്ധങ്ങൾ നിശബ്ദമായ പിരിമുറുക്കത്തിലാണ്. ഇന്നത്തെ ലോകം സ്വാതന്ത്ര്യത്തെയും വലിയ വലിയ ലക്ഷ്യങ്ങളെയും, സ്വന്തം കഴിവുകൾ അടയാളപ്പെടുത്തുന്നതിനേയുമെല്ലാം ആഘോഷിക്കുന്നുണ്ട്. എന്നാൽ ഈ ഓട്ടത്തിനിടയിൽ, വൈകാരികമായ പങ്കാളിത്തം (emotional partnership) എന്ന കല എവിടെയോ വെച്ച് മാഞ്ഞുപോകാൻ തുടങ്ങിയിരിക്കുന്നു.

ഇന്ത്യയിലും ലോകമെമ്പാടും, പുറമേയ്ക്ക് “എല്ലാം തികഞ്ഞത്” എന്ന് തോന്നുന്ന ബന്ധങ്ങളിൽ പോലും, വിവാഹമോചനങ്ങളും വൈകാരിക അകൽച്ചയും അതൃപ്തിയും സാധാരണമായിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്? കാരണം, ഇന്നത്തെ കാലത്ത് വിവാഹബന്ധം നിലനിർത്താൻ സ്നേഹം മാത്രം പോരാ. അതിന് വൈകാരികമായ പക്വത, പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം, മൂല്യങ്ങൾ, ആരോഗ്യകരമായ ലൈംഗികത എന്നിവ കൂടി ആവശ്യമാണ്.

ദാമ്പത്യത്തിൻ്റെ മാറുന്ന ഘടന

ഒരുകാലത്ത് വിവാഹം എന്നത് അതിജീവനത്തിനും കുടുംബ പരമ്പര നിലനിർത്താനും ഉത്തരവാദിത്തങ്ങൾ പങ്കുവെയ്ക്കാനുമുള്ള ഒരു സാമൂഹിക ഉടമ്പടിയായിരുന്നു. എന്നാൽ ഇന്ന്, അത്, വൈകാരികവും മാനസികവുമായ പങ്കാളിത്തമാണ്. അതിൽ രണ്ടുപേരും പരസ്പരം ചങ്ങാത്തവും അംഗീകാരവും വ്യക്തിപരമായ വളർച്ചയുമാണ്  തേടുന്നത്.

ഈ മാറ്റം മനോഹരമാണ്, പക്ഷെ അതത്ര ലളിതമല്ല.

പ്രതീക്ഷകൾ കൂടുകയും ക്ഷമ കുറയുകയും ചെയ്യുമ്പോൾ, ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ തുടങ്ങുന്നു. ഇന്നത്തെ ലോകം ദ്രുതഗതിയിൽ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കരിയർ, മൊബൈൽ/ടിവി സ്ക്രീനുകൾ, വ്യക്തിപരമായ ലക്ഷ്യങ്ങൾ എന്നിവ പലപ്പോഴും പ്രാധാന്യം നേടുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് പകരം, പരസ്പരം ബന്ധമില്ലാത്ത സമാന്തര ജീവിതങ്ങളാണ് തങ്ങൾ നയിക്കുന്നതെന്ന് പല ദമ്പതികളും ഒരു ദിവസം തിരിച്ചറിയുന്നു.

ആധുനിക കാലത്തെ സാധാരണമായ ചില സമ്മർദ്ദങ്ങൾ ഇവയാണ്:

  • ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള താളംതെറ്റൽ, അതിലൂടെയുണ്ടാകുന്ന വൈകാരികമായ തളർച്ച.
  • സോഷ്യൽ മീഡിയയിൽ കാണുന്ന, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത “മാതൃകാ ദമ്പതികളുടെ” ജീവിതം കണ്ട് താരതമ്യം ചെയ്യുന്നത്.
  • സാമ്പത്തിക സമ്മർദ്ദം, ഒപ്പം സ്ത്രീ-പുരുഷ റോളുകളിൽ വരുന്ന മാറ്റങ്ങൾ.
  • ഒരുമിച്ച് ചെലവഴിക്കാൻ നല്ല സമയം (quality time) ഇല്ലാത്തതും വൈകാരികമായി പരസ്പരം അടുപ്പമില്ലാത്തതും.
  • മാനസിക പിരിമുറുക്കം, പരസ്പരമുള്ള നീരസം, അല്ലെങ്കിൽ തുറന്നുപറയാത്ത പ്രതീക്ഷകൾ എന്നിവ കാരണം ദാമ്പത്യ അടുപ്പം ഇല്ലാതാകുന്നത്.

വൈകാരിക അകൽച്ച: യഥാർത്ഥ പകർച്ചവ്യാധി

ആധുനിക ബന്ധങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത് സ്നേഹം ഇല്ലാതാകുന്നതുകൊണ്ടല്ല, മറിച്ച് പരസ്പരമുള്ള അടുപ്പം ദുർബലമാകുന്നതുകൊണ്ടാണ്. പങ്കാളികൾ പരസ്പരം കേൾക്കുന്നത് നിർത്തുന്നു. സംഭാഷണങ്ങൾ ആവശ്യങ്ങൾ പറയാൻ മാത്രമായി മാറുന്നു. സ്നേഹപ്രകടനങ്ങൾ യാന്ത്രികമായ ശീലങ്ങൾ മാത്രമാകുന്നു.

മനഃശാസ്ത്രജ്ഞർ ഇതിനെ ‘ഇമോഷണൽ ഡ്രിഫ്റ്റ്’ (emotional drift) എന്ന് വിളിക്കുന്നു. അതായത്, പങ്കാളികൾ ദിവസേന നൽകേണ്ട ചെറിയ ശ്രദ്ധയും കരുതലും നൽകാതെ വരുമ്പോൾ ക്രമേണ സംഭവിക്കുന്ന വൈകാരികമായ അകൽച്ച.

‘ജേണൽ ഓഫ് സോഷ്യൽ ആൻഡ് പേഴ്സണൽ റിലേഷൻഷിപ്‌സ്’ 2020 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, പരസ്പരം മനഃപൂർവ്വം വൈകാരികമായി അടുപ്പം കാണിക്കുന്ന ദമ്പതികൾക്കിടയിൽ (ഉദാഹരണത്തിന്: അഭിനന്ദനം, കണ്ണിൽ നോക്കിയുള്ള സംസാരം, സൗമ്യമായ സ്പർശനം) വഴക്കുകൾ വളരെ കുറവാണെന്നും അവർ ദീർഘകാലം സംതൃപ്തരായിരിക്കുമെന്നുമാണ്.

വഴക്കുകളല്ല, വൈകാരികമായ അവഗണനയാണ് ദാമ്പത്യം തകർക്കുന്നത്.

ലൈംഗികതയും അടുപ്പവും 

ഒരു കാര്യം വ്യക്തമാക്കാം – ലൈംഗികതയ്ക്ക് മാത്രം ഒരു വിവാഹബന്ധത്തെ രക്ഷിക്കാൻ കഴിയില്ല, എന്നാൽ അതിൻ്റെ അഭാവം നിശബ്ദമായി ആ ബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യും.

ആരോഗ്യകരമായ ദാമ്പത്യ അടുപ്പം (Intimacy) എന്നത് ശാരീരികം മാത്രമല്ല; അത് സ്പർശനത്തിലൂടെയും വിശ്വാസത്തിലൂടെയും അടുപ്പത്തിലൂടെയും പ്രകടിപ്പിക്കുന്ന വൈകാരികമായ തുറന്നുപറച്ചിൽ കൂടിയാണ്. ഇത് ‘ഓക്സിടോസിൻ’ (oxytocin) എന്ന ഹോർമോണിനെ പുറത്തുവിടുന്നു. ഈ ‘ആത്മബന്ധത്തിൻ്റെ ഹോർമോൺ’ (bonding hormone) പരസ്പരമുള്ള അടുപ്പം വളർത്തുകയും വഴക്കുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ദമ്പതികൾ ദീർഘകാലം ശാരീരികമായ അടുപ്പമില്ലാതെ ജീവിക്കുമ്പോൾ, പലപ്പോഴും വൈകാരികമായ അകലവും വർദ്ധിക്കുന്നു. 

‘ആർക്കൈവ്സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ’ 2017 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, സ്ഥിരവും സംതൃപ്തവുമായ ദാമ്പത്യ അടുപ്പം നിലനിർത്തുന്ന ദമ്പതികൾക്ക് തങ്ങളുടെ മാനസികാവസ്ഥയെ നന്നായി നിയന്ത്രിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും പങ്കാളിയോട് കൂടുതൽ അനുകമ്പയോടെ പെരുമാറാനും കഴിയുന്നു എന്നാണ്.

മറുവശത്ത്, ലൈംഗികത യാന്ത്രികമാവുകയോ, ഒരു ശിക്ഷ എന്നോണം അനുവദിക്കാതിരിക്കുകയോ, അല്ലെങ്കിൽ മനസ്സിലെ ദേഷ്യവും വെറുപ്പും അതിനെ ബാധിക്കുകയോ ചെയ്യുമ്പോൾ, അത് പലപ്പോഴും പരിഹരിക്കപ്പെടാത്ത വൈകാരിക മുറിവുകളുടെ സൂചനയാണ് നൽകുന്നത്.

ദാമ്പത്യ അടുപ്പത്തിൻ്റെ നിശബ്ദ കൊലയാളികൾ

1.മാനസിക പിരിമുറുക്കവും ഉറക്കക്കുറവും: സ്ഥിരമായ സ്ട്രെസ്, കോർട്ടിസോൾ'(cortisol) ഹോർമോൺ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ലൈംഗിക താൽപ്പര്യവും വൈകാരികമായ ക്ഷമയും കുറയ്ക്കുന്നു.

2.സ്‌ക്രീൻ അഡിക്ഷൻ: രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം പരസ്പരം അടുത്തിടപഴകാനുള്ള സമയം ഇല്ലാതാക്കുന്നു. ഡിജിറ്റൽ ലോകത്തെ ശ്രദ്ധാമാറ്റം യഥാർത്ഥ അടുപ്പത്തിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നു.

3.ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠയും: സോഷ്യൽ മീഡിയയിൽ കാണുന്ന യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾ സ്വന്തം ശരീരത്തെക്കുറിച്ച് അപകർഷതാബോധവും നാണക്കേടും ഉണ്ടാക്കുന്നു.

4.പരിഹരിക്കപ്പെടാത്ത വഴക്കുകൾ: മനസ്സിൽ ഉണങ്ങാതെ കിടക്കുന്ന വൈകാരിക മുറിവുകൾ പലപ്പോഴും ശാരീരികമായ അകൽച്ചയുടെ രൂപത്തിൽ പുറത്തുവരുന്നു.

5.ഹോർമോൺ പ്രശ്നങ്ങളും മറ്റ് അസുഖങ്ങളും: തൈറോയ്ഡ് പ്രശ്നങ്ങൾ, പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ലൈംഗിക ആരോഗ്യത്തെ ബാധിച്ചേക്കാം. പലരും പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല. ഇവ ചികിത്സിച്ചു ഭേദമാക്കാവുന്നവയാണ്.

അടുപ്പം എങ്ങനെ വീണ്ടെടുക്കാം

  • സത്യസന്ധമായി സംസാരിക്കുക: മനസ്സിൽ വെച്ച് വഷളാക്കാതെ    കാര്യങ്ങൾ തുറന്നു സംസാരിക്കുക. ദേഷ്യത്തേക്കാൾ വേഗത്തിൽ നിശബ്ദത ഒരു ബന്ധത്തെ നശിപ്പിക്കും.
  • ഒരുമിച്ചുള്ള സമയം കണ്ടെത്തുക: ഒരുമിച്ചുള്ള നടത്തം, പാചകം ചെയ്യൽ, അല്ലെങ്കിൽ വാരാന്ത്യത്തിലെ ഏതെങ്കിലും പതിവ് ശീലം – ഇങ്ങനെ മനഃപൂർവ്വം സമയം കണ്ടെത്തുമ്പോൾ അത് പരസ്പര വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.
  • വിദഗ്ദ്ധ സഹായം തേടുക: കപ്പിൾസ് തെറാപ്പി അല്ലെങ്കിൽ സെക്സ് തെറാപ്പി എന്നിവയ്ക്ക് നിങ്ങളുടെ തുറന്നു പറയാത്ത ആവശ്യങ്ങൾ മനസ്സിലാക്കാനും ആരോഗ്യകരമായ ആശയവിനിമയം വീണ്ടെടുക്കാനും സഹായിക്കാനാകും.
  • ശ്രദ്ധയോടെയുള്ള അടുപ്പം: പങ്കാളിയോടൊപ്പം മാനസികമായി പൂർണ്ണ ശ്രദ്ധയർപ്പിച്ച് സമയം ചെലവഴിക്കുക. 
  • മാനസികാരോഗ്യത്തിന് മുൻഗണന നൽകുക: പരസ്പരം അടുപ്പം ഉണ്ടാകണമെങ്കിൽ, ആദ്യം സ്വന്തം ഉത്കണ്ഠകളും മാനസിക മുറിവുകളും ഉണക്കേണ്ടത് അത്യാവശ്യമാണ്.

വിവാഹം എന്നത് എപ്പോഴും സന്തോഷം മാത്രമുള്ള അവസ്ഥയല്ല; അത് പരസ്പരം മനസ്സിലാക്കുന്നതിൻ്റെയും ക്ഷമിക്കുന്നതിൻ്റെയും വീണ്ടും വീണ്ടും പരസ്പരം അടുക്കുന്നതിൻ്റെയും ഒരു താളമാണ്.

സാംസ്കാരികമായ വൈരുദ്ധ്യം

ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ, വിവാഹത്തിന് സാമൂഹികവും ധാർമ്മികവുമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. എന്നാൽ ആധുനിക ലോകവുമായുള്ള സമ്പർക്കം ആളുകളുടെ വൈകാരിക ആവശ്യങ്ങളെ മാറ്റിമറിച്ചു. വെറുതെ ഒരുമിച്ച് ജീവിക്കുന്ന ബന്ധങ്ങളല്ല, മറിച്ച് മനസ്സിന് സംതൃപ്തി നൽകുന്ന പങ്കാളിത്തമാണ് വ്യക്തികൾ തേടുന്നത്.

ഈ മാറ്റം ആരോഗ്യകരമാണ്. എന്നാൽ, നമ്മുടെ വൈകാരിക പക്വത അതിനനുസരിച്ച് വളരാതെ വരുമ്പോൾ, ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

വിജയം നേടാൻ നമ്മൾ പഠിച്ചു എന്നത് വാസ്തവമാണ്, പക്ഷെ ദാമ്പത്യ അടുപ്പം നിലനിർത്താൻ പലപ്പോഴും പഠിച്ചില്ല എന്നതാണ് സത്യം.

കിടപ്പുമുറിക്ക് അപ്പുറം: സ്നേഹത്തെ യഥാർത്ഥത്തിൽ ഒരുമിച്ച് നിർത്തുന്നത് എന്താണ്?

വൈകാരികവും ശാരീരികവുമായ അടുപ്പം സ്നേഹത്തിൻ്റെ പല ഭാഷകളിൽ ഒന്നു മാത്രമാണ്. അത് കേൾക്കാനും പറയാനും കഴിയണമെങ്കിൽ, പരസ്പര ബഹുമാനം, ആശയവിനിമയം, അനുകമ്പ എന്നിവ അതിന്റെ അടിത്തറയാകണം.

വിവാഹങ്ങൾ പരാജയപ്പെടുന്നത് സ്നേഹം ഇല്ലാതാകുന്നത് കൊണ്ടല്ല, മറിച്ച് അതിനെ സജീവമാക്കി നിർത്തുന്ന ചെറിയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ വരുമ്പോഴാണ്. ഉദാഹരണത്തിന്: ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ, പങ്കാളി പറയുന്നത് ക്ഷമയോടെ കേൾക്കൽ, ദയയോടെയുള്ള പെരുമാറ്റം, ഒരുമിച്ച് നിശബ്ദമായി ഇരിക്കുന്ന നിമിഷങ്ങൾ – നിസ്സാരമെന്ന് തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ദാമ്പത്യബന്ധം ഊഷ്മളമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

സ്നേഹം കണ്ടെത്തുക എന്നതല്ല വർത്തമാനകാലത്തെ ദമ്പതികൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളി. മറിച്ച് ശ്രദ്ധ പതറിപ്പോകുന്ന ഈ ലോകത്ത് പരസ്പരം പൂർണ്ണശ്രദ്ധയർപ്പിച്ച് നിലനിൽക്കുക എന്നതാണ്.

References

  1. Journal of Social and Personal Relationships (2020). Emotional Communication and Relationship Longevity.
  2. Archives of Sexual Behavior (2017). Sexual Frequency and Relationship Well-Being.
  3. Stress, Digital Distraction, and Modern Relationships.
  4. The Gottman Institute Research (2022). Predictors of Relationship Success.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe