ഉള്ളിലെ ബാല്യം വിളിക്കുന്നു: കേൾക്കുന്നുണ്ടോ?

കുട്ടിക്കാലത്തെക്കുറിച്ച് ഇടയ്ക്കെങ്കിലും ഓർക്കാത്തവരായി ആരുമുണ്ടാകില്ല. അന്നത്തെ വീടും കൂട്ടുകാരും യാത്രകളും പഠനവും എല്ലാം. ബാല്യ-കൗമാര കാലങ്ങളിലെ ഓർമ്മകൾ നക്ഷത്രത്തിളക്കവുമായി മനസ്സിൻ്റെ ആകാശക്കോണിൽ ജ്വലിച്ചുകൊണ്ടേയിരിക്കും. വളർന്ന് വലുതായി, പഠനം കഴിഞ്ഞ്, ജോലി നേടി, കുടുംബം, ഉത്തരവാദിത്തങ്ങൾ…അങ്ങനെ ജീവിതം മുന്നോട്ടു പോകും.
ബാല്യ കൗമാരങ്ങളിൽ നിന്ന് മുതിർന്ന വ്യക്തികളിലേക്കുള്ള യാത്രയിലെവിടെയോ നമ്മൾ കൂടെക്കൂട്ടാൻ മറന്നുപോകുന്ന ഒന്നുണ്ട് – നമ്മുടെ മനസ്സിനുള്ളിൽ ഇപ്പോഴും വലുതാകാൻ മടിക്കുന്ന ആ കൊച്ചുകുട്ടിയെ.
ആ കുഞ്ഞ് ഒരിക്കലും നമ്മളെ വിട്ടുപോകുന്നില്ല. നമ്മുടെ ഉത്കണ്ഠകളിലൂടെ, ഭയങ്ങളിലൂടെ, ശീലങ്ങളിലൂടെ, ആഗ്രഹങ്ങളിലൂടെ – അവർ മന്ത്രിച്ചുകൊണ്ടേയിരിക്കും. കണ്ണടച്ചാൽ മാത്രം കാണാനാവുന്ന, മനസ്സുകൊണ്ട് മാത്രം കേൾക്കാനാവുന്ന ആ കുഞ്ഞ്.
മനഃശാസ്ത്രപരമായി പറഞ്ഞാൽ, ഈ ഉള്ളിലെ കുഞ്ഞ് ജീവിക്കുന്നത് നമ്മുടെ ഉപബോധമനസ്സിലാണ്. അതിലെ മുറിവുകൾ ഉണക്കിയില്ലെങ്കിൽ, മുതിർന്ന ശേഷമുള്ള നമ്മുടെ പെരുമാറ്റത്തെ അത് സ്വാധീനിക്കും; പ്രത്യേകിച്ച് ബന്ധങ്ങളിൽ, ആത്മാഭിമാനത്തിൽ, വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ.
പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാൾ യുങ്ങിൻ്റെ കാഴ്ച്ചപ്പാടിൽ, പൂർണ്ണതയും പക്വതയുമുള്ള ഒരു വ്യക്തിയായി മാറാൻ നമ്മളിലെ ആ കുട്ടിയെ അംഗീകരിക്കേണ്ടതും പരിഗണിക്കേണ്ടതും അനിവാര്യമാണ്.
ഉള്ളിലെ കുഞ്ഞ് വേദനിക്കുന്നതിൻ്റെ ലക്ഷണങ്ങൾ ചിലപ്പോൾ നമ്മൾ തിരിച്ചറിയുന്നുണ്ടാവില്ല, പക്ഷേ നമ്മുടെ ഇപ്പോഴത്തെ പല വികാരങ്ങളും കുട്ടിക്കാലത്തെ വേദനകളുടെ പ്രതിധ്വനിയാണ് എന്നതാണ് സത്യം.
പ്രതിധ്വനിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ:
- ഉപേക്ഷിക്കപ്പെടുമോ, തിരസ്കരിക്കപ്പെടുമോ എന്ന ഭീതി.
- ആത്മാഭിമാനക്കുറവ്.
- എത്രയൊക്കെ നേടിയാലും സ്വയം കുറവുണ്ടെന്ന തോന്നൽ.
- മറ്റുള്ളവരെ എപ്പോഴും സന്തോഷിപ്പിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ എല്ലാ കാര്യങ്ങളിലും പൂർണ്ണത തേടുക.
- ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായ വൈകാരിക പ്രതികരണം.
- ശിക്ഷിക്കപ്പെടുമോ എന്ന പേടിമൂലം തർക്കങ്ങൾ ഒഴിവാക്കുക.
- ചുറ്റും ആളുകളുണ്ടെങ്കിലും തീവ്രമായ ഏകാന്തത അനുഭവപ്പെടുക.
ഇവയൊന്നും നമ്മുടെ കുറവുകളല്ല. മറിച്ച്, താൻ സുരക്ഷിതനല്ലെന്നോ, തന്നെ ആരും കാണുന്നില്ലെന്നോ, ആശ്വസിപ്പിക്കുന്നില്ലെന്നോ തോന്നിയിരുന്ന അന്നത്തെ കുഞ്ഞുമനസ്സിലെ വൈകാരികമായ പ്രതിഫലനമാണവ.
എന്തിന് ബന്ധം പുനഃസ്ഥാപിക്കണം?
നമ്മുടെയുള്ളിലെ കുഞ്ഞുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നത് പഴയ വൈകാരിക വേദനകൾ ഇല്ലാതാക്കാനും, ആത്മാഭിമാനം വീണ്ടെടുക്കാനും സഹായിക്കും. ഇപ്പോഴത്തെ ജീവിതത്തിന് പൂർണ്ണത നൽകാനും ഇതിലൂടെ സാധിക്കുന്നു.
ഉള്ളിലെ കുഞ്ഞുമായി എങ്ങനെ ബന്ധം പുലർത്താം?
തുടക്കത്തിൽ ഇതൽപ്പം വിചിത്രമായി തോന്നാം—എന്നാൽ പരിശീലിക്കുന്നതിലൂടെ മനസ്സിന് സന്തോഷം വീണ്ടെടുക്കാനാകും.
ലളിതമായ ചില വഴികൾ:
- ഇന്നർ ചൈൽഡ് ജേണലിംഗ്
ഉള്ളിലെ കുഞ്ഞിലേക്ക് മനസ്സർപ്പിച്ചുകൊണ്ട് ഒരു കത്തെഴുതുക. എന്നിട്ട് പ്രായപൂർത്തിയായ, ഇപ്പോഴത്തെ നിങ്ങൾ അതിന് മറുപടി എഴുതുക. ഈ ശീലം വൈകാരികമായ വിടവുകൾ നികത്താൻ സഹായിക്കും.
- കുട്ടിക്കാലത്തെ സന്തോഷമുള്ള കാര്യങ്ങൾ വീണ്ടും ചെയ്യുക
ചിത്രം വരയ്ക്കുക. പാട്ടുകൾ പാടുക. നൃത്തം ചെയ്യുക. മരത്തിൽ കയറുക.. മഴവെള്ളത്തിൽ നനയുക. നഷ്ടപ്പെട്ടുപോയ ആ കൗതുകത്തെ വീണ്ടും കണ്ടെത്തുക.
- സ്വയം രക്ഷിതാവാകുക
വിഷമം തോന്നുമ്പോൾ സ്വയം ചോദിക്കുക: ” ഏഴുവയസ്സിൽ ഞാനിത് അനുഭവിച്ചിരുന്നെങ്കിൽ ഞാനെന്താകും എന്നോട് തന്നെ പറയുന്നുണ്ടാവുക?” ദയയോടെയും സൗമ്യതയോടെയും പെരുമാറുക.
- തെറാപ്പിയുടെ സഹായം തേടുക
ട്രോമ തെറാപ്പിയുടെ പ്രധാന ഘടകമാണ് ഉള്ളിലെ കുഞ്ഞിനെ സുഖപ്പെടുത്തുക എന്നത്.. പ്രത്യേകിച്ച് CBT, EMDR, ഇന്നർ ബോണ്ടിംഗ് തുടങ്ങിയ ചികിത്സാരീതികളിൽ.
പ്രാധാന്യം
കുട്ടിക്കാലത്തെ ചികിത്സിക്കപ്പെടാത്ത മാനസികാഘാതങ്ങൾ ഇനിപ്പറയുന്ന സങ്കീർണ്ണതകൾക്ക് കാരണമാകാം:
- ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ പാനിക് അറ്റാക്കുകൾ.
- പരസ്പരാശ്രിതത്വവും വിഷലിപ്തവുമായ ബന്ധങ്ങൾ
- വ്യക്തിപരമായ അതിരുകൾ നിർണ്ണയിക്കാൻ പറ്റാതാകുക.
- നിരന്തരമായ സംശയങ്ങൾ.
ഉള്ളിലെ കുഞ്ഞിന് സ്വസ്ഥത നൽകുന്നതിലൂടെ, നമുക്ക് വൈകാരികമായ കരുത്ത് നേടാൻ കഴിയുന്നു. പ്രതികരിക്കുന്നതിന് പകരം, പ്രതിവിധി കണ്ടെത്താൻ സാധിക്കുന്നു. സങ്കീർണ്ണമായ മാനസികാഘാതങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിലും വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്തുന്നതിലും ഇന്നർ ചൈൽഡ് വർക്ക് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നമ്മുടെ ഉള്ളിലെ കുഞ്ഞ്, ഒരുപക്ഷേ അവഗണിക്കപ്പെടുകയോ, നിശ്ശബ്ദനാക്കപ്പെടുകയോ, അപമാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം—എന്നാൽ അവർക്ക് എക്കാലവും അനിവാര്യമായിരുന്ന ആ സുരക്ഷിതമായ മുതിർന്ന വ്യക്തിയായി നമുക്ക് ഇപ്പോൾ മാറാൻ സാധിക്കും.
അതുകൊണ്ട്, സൗമ്യമായി കേൾക്കുക.
കണ്ണുകളടയ്ക്കുക…ദീർഘമായി ശ്വാസമെടുക്കുക…
സ്വയം ചോദിക്കുക:
എനിക്ക് ആവശ്യമായിരുന്നതും പക്ഷെ ഒരിക്കലും ലഭിക്കാഞ്ഞതും എന്തായിരുന്നു?
ഇനി അത് സ്വയം നൽകുക.
കാരണം, മനസ്സിലെ മുറിവുകൾ ഉണക്കാൻ പുതിയൊരു വ്യക്തിയായി മാറേണ്ടതില്ല — മുതിർന്നവരുടെ ലോകം നമ്മെ പഠിപ്പിച്ചെടുക്കും മുമ്പ്
നമ്മൾ ആരായിരുന്നു എന്ന് ഓർത്തെടുക്കലാണ്. ഇത്തിരി വൈകിയെങ്കിലും മനസ്സിനുള്ളിലെ കൊച്ചുകുഞ്ഞ് മതിവരുവോളം സന്തോഷിക്കട്ടെ.
Reference :
1. How To Heal Your Inner Child
2.Inner Child Work




