നാഡീവ്യൂഹത്തിന് അമിതഭാരം നൽകുമ്പോൾ: മാനസിക സമ്മർദ്ദം ശരീരത്തിലേൽപ്പിക്കുന്ന ആഘാതങ്ങൾ മനസ്സിലാക്കാം

ജീവിതസാഹചര്യങ്ങൾക്കനുസൃതമായി മനസ്സിൽ ഉടലെടുക്കുന്ന ചിന്തകളാണ് സമ്മർദ്ദത്തിന് കാരണമാകുന്നത് എന്ന് നമുക്കെല്ലാവർക്കുമറിയാം. മാനസിക പിരിമുറുക്കം എത്രതന്നെ കൂടിയാലും ബാക്കി കാര്യങ്ങളെല്ലാം മുറപോലെ നടക്കുമെന്നും നമുക്കൊരു ധാരണയുണ്ട്. ഇത് എത്രമാത്രം ശരിയാണ് എന്നു നമുക്ക് പരിശോധിക്കാം.
ആത്യന്തികമായി സമ്മർദ്ദം നമ്മുടെ മനസ്സിലും ശരീരത്തിലും വലിയ പരിവർത്തനങ്ങൾ വരുത്തുണ്ട്. അതെന്തെല്ലാമാണെന്നും അതിൽ നിന്നെങ്ങനെ മുക്തി നേടാമെന്നും നമുക്ക് നോക്കാം.
യഥാർത്ഥത്തിൽ ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ജൈവ പ്രതിഭാസമാണ് സമ്മർദ്ദം. അയച്ച മെസേജിന് മറുപടി കിട്ടാതിരിക്കുമ്പോൾ, ഗതാഗതക്കുരുക്കിൽപ്പെടുമ്പോൾ, ജോലികൾ തീർക്കാനുള്ള സമയപരിധി അടുത്തു വരുമ്പോൾ, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽക്കാണുന്ന ആശങ്ക സൃഷ്ടിക്കുന്ന സംഭവങ്ങളുമെല്ലാം ചിന്തകളെ അലോസരപ്പെടുത്തുമ്പോൾ, അപ്പോഴെല്ലാം നമ്മുടെ നാഡീവ്യൂഹത്തിലേക്ക് നിരന്തരം സിഗ്നലുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ സിഗ്നലുകൾ മാഞ്ഞുപോകുന്നില്ല; പകരം അവ ശാരീരിക പ്രവർത്തനങ്ങളെ ക്രമേണ മാറ്റിമറിക്കുന്നു.
നമ്മൾ അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും, ഉദാഹരണത്തിന് ക്ഷീണം, ഉത്കണ്ഠ, അമിതഭാരം, ഉറക്കമില്ലായ്മ —ഇവയുടെ ആരംഭം നമ്മുടെ നാഡീവ്യൂഹത്തിലാണ് (Nervous System) രൂപപ്പെടുന്നത്.
നമ്മളിൽ ഭൂരിഭാഗം പേരും എപ്പോഴും ജാഗ്രത പാലിക്കേണ്ടി വരുന്ന ഒരു ‘അലേർട്ട് മോഡ്’ അവസ്ഥയിലാണ് ജീവിക്കുന്നത്. പക്ഷെ അതു നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
അനന്തമായി നീളുന്ന ‘ഫൈറ്റ്-ഓർ-ഫ്ലൈറ്റ്’ അവസ്ഥ
നമ്മുടെ നാഡീവ്യൂഹത്തിന് പ്രധാനമായും രണ്ട് അവസ്ഥകളാണുള്ളത്:
- പോരാടുക അല്ലെങ്കിൽ പലായനം ചെയ്യുക (സിംപതെറ്റിക് )(Sympathetic Mode): അപകടസമയങ്ങളിൽ ശരീരം കാണിക്കുന്ന അമിത ജാഗ്രത
- വിശ്രമിക്കുക, ദഹിപ്പിക്കുക (പാരാസിംപതെറ്റിക്) (Parasympathetic Mode): ശരീരം ശാന്തമായിരിക്കുകയും ഭക്ഷണം ദഹിപ്പിക്കുകയും സ്വയം പുതുക്കുകയും ചെയ്യുന്ന അവസ്ഥ
‘ഫൈറ്റ്-ഓർ-ഫ്ലൈറ്റ്’ എന്നത് അത്യാഹിത ഘട്ടങ്ങൾക്കായി രൂപപ്പെട്ടതാണ്. ആസന്നമായ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇത് ഹൃദയമിടിപ്പ് കൂട്ടുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു, പേശികളെ മുറുക്കുന്നു, ഏകാഗ്രത വർദ്ധിപ്പിക്കുന്നു.
പുരാതന മനുഷ്യനെ സംബന്ധിച്ചിടത്തോളം, അപകടം ഒഴിഞ്ഞുമാറുന്നതോടെ ഈ അവസ്ഥയും അവസാനിക്കുമായിരുന്നു. എന്നാൽ ആധുനിക ജീവിതത്തിൽ അപകടങ്ങൾ മനസ്സിനെ സ്ഥായിയായി ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു:
- ജോലി തീർക്കാനുള്ള സമ്മർദ്ദം
- സാമ്പത്തിക ബുദ്ധിമുട്ടുകൾ
- ഗതാഗതക്കുരുക്കുകൾ
- ഫോണിലെ നോട്ടിഫിക്കേഷനുകൾ
- കുടുംബ കലഹങ്ങൾ
- ഭീതിയുളവാക്കുന്ന വാർത്തകൾ
നമ്മുടെ മുന്നിലേക്ക് പൊടുന്നനെ ഒരു കടുവ ചാടിവരുമ്പോഴും അടിയന്തിര സ്വഭാവമുള്ള ഇ മെയിൽ ലഭിക്കുമ്പോഴും, ശരീരത്തെ സംബന്ധിച്ച്, അതൊരു അപകടാവസ്ഥയാണ്. സാഹചര്യത്തിലെ വ്യത്യസ്തത ശരീരത്തിനറിയില്ല.
അതുകൊണ്ടു തന്നെ,ശരീരം രണ്ടിലും ഒരേപോലെയാണ് പ്രതികരിക്കുന്നത്—അഡ്രിനാലിൻ (Adrenaline), കോർട്ടിസോൾ (Cortisol) എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിച്ചുകൊണ്ട് അത് പോരാടാൻ തയ്യാറെടുക്കുന്നു.
ഈ അവസ്ഥ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുമ്പോൾ, ശരീരം പൂർണ്ണമായ വിശ്രമത്തിലേക്ക് തിരികെ പോകുന്നില്ല. അങ്ങനെ അൽപ്പനിമിഷങ്ങൾ മാത്രം നേരിടേണ്ട സമ്മർദ്ദം നമ്മുടെ ശരീരത്തിന്റെ സ്ഥിരം സ്വഭാവമായി മാറുന്നു.
കോർട്ടിസോൾ ഹോർമോൺ: അവശ്യഘട്ടങ്ങളിൽ മാത്രം വേണ്ടത്
കോർട്ടിസോൾ ഹോർമോൺ, ‘സ്ട്രെസ് ഹോർമോൺ’ എന്നും അറിയപ്പെടുന്നു. താഴെ പറയുന്ന പ്രധാന കാര്യങ്ങൾക്ക് കോർട്ടിസോൾ അത്യന്താപേക്ഷിതമാണ്:
- രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ
- രക്തസമ്മർദ്ദം (Blood Pressure) നിയന്ത്രിക്കാൻ
- ശരീരത്തിലെ വീക്കം (Inflammation) തടയാൻ
- ഉണർവ്വും ഉൻമേഷവും നിലനിർത്താൻ
കോർട്ടിസോൾ ശരീരത്തിന് ആവശ്യം തന്നെയാണ്. പക്ഷെ, നിരന്തരമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ, അത് ദോഷകരമാകുന്നു.
ശരീരം ശാന്തമാകുമ്പോൾ ഈ ഹോർമോണിന്റെ അളവ് കുറയേണ്ടതാണ്. എന്നാൽ നമ്മൾ തുടർച്ചയായ സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോൾ, കോർട്ടിസോളിൻ്റെ തോത് താഴുന്നില്ല.
സമ്മർദ്ദം വിട്ടുമാറാതെ നിൽക്കുമ്പോൾ സംഭവിക്കുന്നത്:
- കോർട്ടിസോൾ നില ഉയർന്നുതന്നെ നിൽക്കുന്നു
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു
- ശരീരം അനാവശ്യമായി കൊഴുപ്പ് ശേഖരിച്ചുവെയ്ക്കാൻ തുടങ്ങുന്നു
- ഉറക്കം തടസ്സപ്പെടുന്നു
- രോഗപ്രതിരോധ ശേഷി കുറയുന്നു
- തൈറോയ്ഡ് ഹോർമോണുകളെ ബാധിക്കുന്നു
ഈ അവസ്ഥ തുടർന്നാൽ അത് ഗുരുതരമായ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു:
- വ്യായാമം ചെയ്താലും കുറയാത്ത രീതിയിൽ വയറിന് ചുറ്റും കൊഴുപ്പ് കൂടുന്നു
- വിട്ടുമാറാത്ത ക്ഷീണം
- ഉത്കണ്ഠ (Anxiety): എപ്പോഴും എന്തോ സംഭവിക്കാൻ പോകുന്നു എന്ന പേടിയും അസ്വസ്ഥതയും തോന്നുന്നു
- അടിക്കടിയുള്ള അസുഖങ്ങൾ
- സ്വഭാവ മാറ്റങ്ങൾ
- ഹോർമോൺ അസന്തുലിതാവസ്ഥ
ഈയവസ്ഥയിൽ, നാഡീവ്യൂഹം എപ്പോഴും സമ്മർദ്ദത്തെ പ്രതീക്ഷിക്കാൻ പരിശീലിക്കപ്പെടുകയാണ്. അങ്ങനെ ഈ ‘അസാധാരണമായ അവസ്ഥയെ’ ശരീരം ‘സാധാരണ അവസ്ഥയായി’ തിരിച്ചറിയുന്നു.
കുടലും തലച്ചോറും തമ്മിലുള്ള ബന്ധത്തെ സമ്മർദ്ദം എങ്ങനെ തകർക്കുന്നു?
നമ്മുടെ വയറും (Gut) തലച്ചോറും (Brain) തമ്മിൽ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നാഡികൾ, ഹോർമോണുകൾ, പ്രതിരോധ സിഗ്നലുകൾ എന്നിവ വഴിയാണ് ഇതു നടക്കുന്നത്. ഇതിനെ ‘ഗട്ട്-ബ്രെയിൻ ആക്സിസ്’ (Gut–Brain Axis) എന്ന് പറയുന്നു.
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഈ ആശയവിനിമയതാളം തെറ്റിക്കുന്നു.
സമ്മർദ്ദ ഹോർമോണുകൾ കൂടുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്:
- ദഹനപ്രക്രിയയിൽ സഹായിക്കേണ്ട രക്തം പേശികളിലേക്കും മറ്റും വഴിമാറി ഒഴുകുന്നു
- ആമാശയത്തിലെ ആസിഡിന്റെ അളവിൽ മാറ്റങ്ങൾ വരുന്നു
- ദഹനം മന്ദഗതിയിലാകുന്നു
- ദഹനത്തിന് സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകൾ നശിക്കുന്നു
- വയറിനുള്ളിൽ അസ്വസ്ഥതകളും വീക്കവും ഉണ്ടാകുന്നു
ഇത് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ:
- വയർ വീർക്കുക (Bloating)
- മലബന്ധം അല്ലെങ്കിൽ വയറിളക്കം
- നെഞ്ചെരിച്ചിൽ (Acid Reflux)
- പോഷകാഹാരക്കുറവ്
- ഭക്ഷണത്തോടുള്ള അലർജി
- വിശപ്പിലെ മാറ്റങ്ങൾ
അതേസമയം തന്നെ, വയറ്റിലുണ്ടാകുന്ന ഈ അസന്തുലിതാവസ്ഥ തിരിച്ച് തലച്ചോറിലേക്ക് അപകടസൂചനകൾ (Distress signals) അയക്കുന്നു. ഇത് താഴെ പറയുന്നവ വർദ്ധിപ്പിക്കാൻ കാരണമാകുന്നു:
- അമിതമായ ഉത്കണ്ഠ
- പെട്ടെന്നുള്ള ദേഷ്യം
- മ്ലാനമായ മാനസികാവസ്ഥ
- മസ്തിഷ്ക മന്ദത
അവസാനമില്ലാത്ത ചങ്ങലക്കണ്ണികൾ പോലെ ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു:
മാനസിക സമ്മർദ്ദം വയറിനെ ബാധിക്കുന്നു → വയറ്റിലെ അസ്വസ്ഥത മാനസികനിലയെ കൂടുതൽ വഷളാക്കുന്നു → മാനസികാവസ്ഥ മോശമാകുന്നത് സമ്മർദ്ദം വീണ്ടും വർദ്ധിപ്പിക്കുന്നു.
ഈ കണ്ണി മുറിച്ചില്ലെങ്കിൽ ശരീരം എപ്പോഴും സമ്മർദ്ദത്തിന് കീഴ്പ്പെട്ടു പോകും.
ക്ഷീണവും പിരിമുറുക്കവും ഒന്നിച്ചനുഭവപ്പെടുന്നത് എന്തുകൊണ്ട്?
പലരും പറയുന്ന ഒരു വിചിത്രമായ അവസ്ഥയാണിത്:
- അങ്ങേയറ്റം ക്ഷീണം അനുഭവപ്പെടുന്നു, എങ്കിലും വിശ്രമിക്കാൻ കഴിയുന്നില്ല
- ഉറക്കം വരുന്നുണ്ട്, പക്ഷേ ഗാഢനിദ്ര ലഭിക്കുന്നില്ല
നാഡീവ്യൂഹം അമിതഭാരത്താൽ തളർന്നിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഈ അവസ്ഥയിൽ ശരീരത്തിൽ സംഭവിക്കുന്നത്:
- പേശികൾ എപ്പോഴും വലിഞ്ഞുമുറുകിയിരിക്കും
- ആഴത്തിലുള്ള ശ്വാസത്തിന് പകരം വേഗത്തിലുള്ള ചെറിയ ശ്വസനം മാത്രം നടക്കുന്നു
- ഹൃദയമിടിപ്പ് കൂടുന്നു
- ഉറങ്ങാൻ കിടക്കുമ്പോൾ തലച്ചോറിൽ ചിന്തകൾ വന്നുകൊണ്ടേയിരിക്കും
- ദഹനം മന്ദഗതിയിലാകുന്നു
ഉറങ്ങുമ്പോഴും നിങ്ങളുടെ ശരീരം അതിന്റെ ‘റിപ്പയറിംഗ്’ (Repair mode) ജോലി പൂർണ്ണമായി ചെയ്യുന്നില്ല. നിങ്ങൾ ഏഴെട്ടു മണിക്കൂർ ഉറങ്ങിയാൽപ്പോലും രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷം തോന്നില്ല. കാരണം, നിങ്ങൾ ഉറങ്ങിയെങ്കിലും നിങ്ങളുടെ നാഡീവ്യൂഹം യഥാർത്ഥത്തിൽ വിശ്രമിച്ചിരുന്നില്ല എന്നതുതന്നെ.
ശാരീരികപ്രശ്നമായി മാറുന്ന സമ്മർദ്ദം
നാഡീവ്യൂഹം തുടർച്ചയായി ‘അലേർട്ട്’ മോഡിൽ ഇരിക്കുന്നത് ശരീരത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പ്രധാനമായും രണ്ട് ഭാഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ നോക്കാം:
ഹൃദയാരോഗ്യം :
- ഉയർന്ന രക്തസമ്മർദ്ദം
- ഹൃദയമിടിപ്പിന് വേഗമേറുന്നു
മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ:
- ഇൻസുലിൻ പ്രതിരോധം (Insulin Resistance)
- കൊഴുപ്പ് അടിഞ്ഞുകൂടുന്നു
- മധുരത്തോടുള്ള ആർത്തി (Sugar Cravings)
ഹോർമോണുകൾ:
- തൈറോയ്ഡ് പ്രവർത്തനം കുറയുന്നു
- ആർത്തവ ചക്രത്തിലെ മാറ്റങ്ങൾ
- ടെസ്റ്റോസ്റ്റിറോൺ കുറയുന്നു
രോഗപ്രതിരോധ ശേഷി:
- ശരീരത്തിലെ വീക്കം
- അണുബാധകൾ കൂടുന്നു
- ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ
മസ്തിഷ്ക്കം:
- ഉത്കണ്ഠ
- ഓർമ്മക്കുറവ്
- ശ്രദ്ധക്കുറവ്
- പ്രചോദനമില്ലായ്മ
കാലക്രമേണ, സദാസമയവും അപകടം തൊട്ടടുത്തുണ്ട് എന്ന് ശരീരം തെറ്റായി ധരിക്കുകയും അതിനനുസരിച്ച് പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നു.
ആധുനിക ജീവിതം ഇത് സങ്കീർണ്ണമാക്കാനുള്ള കാരണം?
നഗരജീവിതം നമ്മുടെ ഇന്ദ്രിയങ്ങൾക്ക് വിശ്രമമില്ലാത്ത തരത്തിലുള്ള ഉത്തേജനങ്ങളാണ് (Stimulation) നൽകിക്കൊണ്ടിരിക്കുന്നു:
- കൃത്രിമ വെളിച്ചം
- സ്‌ക്രീനുകളുടെ ഉപയോഗം
- ട്രാഫിക്കും മറ്റ് ശബ്ദമലിനീകരണങ്ങളും
- ക്രമമല്ലാത്ത ഭക്ഷണം
- വ്യായാമമില്ലായ്മ
- പ്രകൃതിദത്തമായ താളക്രമങ്ങൾ നഷ്ടമാകുന്നു
പുലർകാലത്തെ കിരണങ്ങൾ കണ്ടുണരുന്നതിന് പകരം പല സമയങ്ങളിൽ അലാം സെറ്റുചെയ്തും സ്ക്രീനുകളിൽ ശ്രദ്ധയർപ്പിച്ച് ആഹാരം കഴിച്ചും വിശ്രമിക്കുമ്പോൾ പോലും റീലുകളും വാർത്തകളും കണ്ടും നമ്മൾ ഓരോദിവസവും തള്ളിനീക്കുന്നു.
വനങ്ങളിലും ആകാശത്തിന് കീഴിലും ജീവിക്കാനായാണ് നമ്മുടെ ശരീരവും നാഡീവ്യൂഹവും രൂപപ്പെട്ടത്. നോട്ടിഫിക്കേഷനുകൾക്കും ഡെഡ്‌ലൈനുകൾക്കും ഇടയിൽ ചുരുങ്ങിപ്പോകുമ്പോൾ, നാഡീവ്യവസ്ഥയും തകരാറിലാകുന്നു.
നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ലളിതമായ വഴികൾ
ജീവിതത്തിൽ നിന്ന് സമ്മർദ്ദത്തെ പൂർണ്ണമായി ഒഴിവാക്കാൻ നമുക്ക് കഴിയില്ല. എന്നാൽ സമ്മർദ്ദത്തിന് ശേഷം എത്രയും വേഗം ശാന്തതയിലേക്ക് തിരികെ വരാൻ നാഡീവ്യൂഹത്തെ പരിശീലിപ്പിക്കാൻ (Retrain) നമുക്ക് സാധിക്കും.
1. സാവധാനം ശ്വസിക്കാം
നമ്മൾ സാവധാനം ശ്വാസം പുറത്തേക്ക് വിടുമ്പോൾ അത് നമ്മുടെ ശരീരത്തിലെ വേഗസ് നാഡിയെ (Vagus Nerve) ഉത്തേജിപ്പിക്കുന്നു. ശരീരം ഇപ്പോൾ സുരക്ഷിതമാണെന്ന സന്ദേശം തലച്ചോറിലേക്ക് എത്തിക്കുന്നത് ഈ നാഡിയാണ്.
ഇത് പരീക്ഷിച്ചു നോക്കൂ:
4 സെക്കൻഡ് എടുത്തുകൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക.
6 സെക്കൻഡ് എടുത്തുകൊണ്ട് ശ്വാസം സാവധാനം പുറത്തേക്ക് വിടുക.
ഇത് തുടർച്ചയായി 5 മിനിറ്റ് ചെയ്യുക.
2. പ്രഭാതത്തിലെ സൂര്യപ്രകാശമേൽക്കാം
പ്രകൃതിദത്തമായ വെളിച്ചം കോർട്ടിസോൾ (Cortisol), മെലറ്റോണിൻ (Melatonin) എന്നീ ഹോർമോണുകളെ ശരീരത്തിൽ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
രാവിലെ 10-15 മിനിറ്റ് ഇളവെയിൽ കൊള്ളുന്നത് ഉറക്കവും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കും.
3. സ്‌ക്രീനുകൾ ഒഴിവാക്കി ഭക്ഷണം കഴിക്കാം
നമ്മുടെ ദഹനപ്രക്രിയ കൃത്യമായി നടക്കാൻ ശരീരം ശാന്തമായിരിക്കണം. ടിവിയോ ഫോണോ നോക്കി ഭക്ഷണം കഴിക്കുമ്പോൾ ശരീരം ‘സ്ട്രെസ് മോഡിൽ’ തന്നെ തുടരുന്നു. ഇത് ദഹനത്തെ ദോഷകരമായി ബാധിക്കും.
4. ലളിതമായ ചലനങ്ങളാകാം
നടക്കുക, ശരീരം സ്ട്രെച്ച് (Stretch) ചെയ്യുക, യോഗ ചെയ്യുക. കഠിനമായ വ്യായാമങ്ങൾ ചെയ്ത് ശരീരം തളർത്താതെ തന്നെ, ‘ഫൈറ്റ്-ഓർ-ഫ്ലൈറ്റ്’ അവസ്ഥയിൽ നിന്ന് ശരീരത്തെ തിരിച്ചുകൊണ്ടുവരാൻ ഇത്തരം ലളിതമായ ചലനങ്ങൾ സഹായിക്കും.
5. രാത്രികാലത്തെ അമിതോത്തേജനം കുറയ്ക്കാം
രാത്രി വൈകിയുള്ള വാർത്തകൾ കാണുന്നത്, ആവേശം കൂട്ടുന്ന സിനിമകളോ ഷോകളോ കാണുന്നത്, ഫോൺ ഉപയോഗം എന്നിവയൊക്കെ കുറയ്ക്കണം. അല്ലെങ്കിൽ, ഉറങ്ങാൻ നേരത്ത് ശാന്തമാകേണ്ട സമ്മർദ്ദ ഹോർമോണുകളെ ഇവ ഉയർന്ന അളവിൽ തന്നെ നിലനിർത്തും.
6. സ്നേഹവും സൗഹൃദവും തുടരാം
മറ്റുള്ളവരുമായി സംസാരിക്കുന്നതും ഇടപഴകുന്നതും സ്പർശിക്കുന്നതും ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മനുഷ്യരുമായുള്ള ഇത്തരം ബന്ധങ്ങൾ മനസ്സിനെ ശാന്തമാക്കും.
7. നിശബ്ദത ആസ്വദിക്കാം
നിശബ്ദത ശൂന്യമായ ഒരവസ്ഥയല്ല. നാഡീവ്യൂഹം സ്വയം അറ്റകുറ്റപ്പണികൾ നടത്തി പുനരുജ്ജീവിക്കപ്പെടുന്ന സമയമാണത്. ദിവസവും അല്പനേരം നിശബ്ദമായി ഇരിക്കുന്നത് ശീലമാക്കാം.
നാഡീവ്യൂഹത്തിന് സുരക്ഷിതാവസ്ഥ വീണ്ടും പഠിച്ചെടുക്കാനാകും
നമ്മുടെ മസ്തിഷ്ക്കത്തിന് പരിവർത്തനപ്പെടാനും പുതിയ കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനും കഴിയും. അതുപോലെതന്നെയാണ് നമ്മുടെ നാഡീവ്യൂഹവും.
സമ്മർദ്ദം ശരീരത്തെ നിരന്തര ജാഗ്രതയോടെ ഇരിക്കാൻ പഠിപ്പിച്ചത് പോലെതന്നെ, സ്ഥായിയായ ശാന്തതയുടെ സിഗ്നലുകൾ നൽകിക്കൊണ്ട് ശരീരത്തെ വീണ്ടും വിശ്രമിക്കാനും ശാന്തമാകാനും നമുക്ക് പഠിപ്പിക്കാൻ സാധിക്കും.
ഒറ്റദിവസം കൊണ്ട് സമ്പൂർണ്ണ മാറ്റം പ്രതീക്ഷിക്കണ്ട. പക്ഷേ, ഓരോ ദിവസവും നമ്മൾ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ ഒത്തുചേർന്ന് വലിയ മാറ്റമുണ്ടാക്കും.
സാവധാനത്തിലാണെങ്കിലും ഇത് സംഭവിക്കുമ്പോൾ:
- ഹൃദയമിടിപ്പ് സാധാരണ നിലയിലാകുന്നു
- ഗാഢനിദ്ര നേടാനാകുന്നു
- ദഹനപ്രക്രിയ മെച്ചപ്പെടുന്നു
- ഉത്കണ്ഠ കുറയുന്നു
- നഷ്ടപ്പെട്ട ഊർജ്ജം തിരികെ ലഭിക്കുന്നു
- ഹോർമോണുകൾ വീണ്ടും തുലനാവസ്ഥയിലാകുന്നു
മരുന്നുകൾ കൊണ്ട് മാത്രം രോഗശാന്തി കൈവരില്ല. ശരീരം സുരക്ഷിതമാണെന്ന ബോധം ഉള്ളിൽ നിന്ന് ഉണ്ടാകുമ്പോഴാണ് അതിനു തുടക്കമാകുക.
നെല്ലിക്ക.ലൈഫ് വീക്ഷണം
മനസ്സ് കൈവിട്ടുപോകുന്നതും പരിഭ്രമം തോന്നുന്നതുമൊന്നും നിങ്ങളുടെ ദൗർബല്യമായി കണക്കാക്കരുത്. നാഡീവ്യൂഹത്തെ എപ്പോഴും അസ്വസ്ഥമാക്കുന്ന ഒരു ലോകത്താണ് ജീവിക്കുന്നത് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക.
വിട്ടുമാറാത്ത സമ്മർദ്ദം കേവലമൊരു വികാരമല്ല. അത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനരീതിയിൽ തന്നെ മാറ്റം വരുത്തുന്ന ഒന്നാണ്.
നാഡീവ്യൂഹത്തിന് അമിതജോലി ചെയ്യേണ്ടി വരുമ്പോൾ:
- ദഹനം അവതാളത്തിലാകുന്നു
- ഹോർമോണുകൾ താളംതെറ്റുന്നു
- രോഗപ്രതിരോധ ശേഷി കുറയുന്നു
- ഉറക്കം നഷ്ടപ്പെടുന്നു
പക്ഷേ, ഇതേ സംവിധാനത്തെ വീണ്ടും ശരിയായ രീതിയിൽ പ്രവർത്തിക്കാൻ നമുക്ക് പരിശീലിപ്പിക്കാം.
മനസ്സിൽ സുരക്ഷിതത്വം അനുഭവപ്പെടുന്ന നിമിഷത്തിലാണ് നമ്മൾ സ്വാസ്ഥ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നതെന്ന് നെല്ലിക്ക. ലൈഫ് വിശ്വസിക്കുന്നു.




