വായിൽ പ്രതിഫലിക്കും ശരീരത്തിൻ്റെ ആരോഗ്യം

ദന്തസംരക്ഷണം സുപ്രധാനമാകാനുള്ള കാരണങ്ങൾ
രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് കണ്ണാടി നോക്കുമ്പോൾ, ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത് പല്ലുകൾ എങ്ങനെയുണ്ട് എന്നതാകും. തിരക്കിട്ട്, പെട്ടെന്നുള്ള വൃത്തിയാക്കൽ കഴിഞ്ഞ് നോക്കുമ്പോൾ, പല്ലുകൾക്ക് പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും വാസ്തവത്തിൽ അതങ്ങനെത്തന്നെ ആണോ എന്ന് വിശദമായി അറിയേണ്ടതുണ്ട്.
വായ നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. മോണവീക്കം, വായ്പ്പുണ്ണ്, ശ്വാസത്തിലെ ദുർഗന്ധം എന്നിവയിലൂടെയെല്ലാം വായ, കാഴ്ചയിലെ വൃത്തിക്കപ്പുറമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആദ്യ സൂചനകൾ നൽകിയേക്കാം.
പണ്ടുകാലത്ത് പരമ്പരാഗത വൈദ്യശാസ്ത്രം പറഞ്ഞുവെച്ച കാര്യങ്ങൾ ആധുനിക ശാസ്ത്രവും ഇന്ന് സ്ഥിരീകരിക്കുന്നുണ്ട്: വായുടെ ആരോഗ്യം കേവലം സൗന്ദര്യത്തിൻ്റെ മാത്രം ഭാഗമല്ല, അത് നമ്മുടെ മൊത്തം ശരീര വ്യവസ്ഥയുടെ ഭാഗമാണ്. ദന്താരോഗ്യം എങ്ങനെയാണ് ശരീരത്തിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്, ദന്തസംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയാൽ എങ്ങനെയാണ് വീക്കത്തിന് കാരണമാകുന്നത്, ലളിതമായ ശീലങ്ങളിലൂടെ നമ്മുടെ ദന്താരോഗ്യവും മൊത്തം ശരീരത്തിൻറെ ആരോഗ്യവും എങ്ങനെ സംരക്ഷിക്കാം എന്നെല്ലാം പരിശോധിക്കാം.
വായും ശരീരവും തമ്മിലുള്ള ബന്ധം
ശരീരത്തിലേക്കുള്ള കവാടമാണ് വായ. ഭക്ഷണം കഴിക്കുമ്പോഴോ ശ്വാസമെടുക്കുമ്പോഴോ സംസാരിക്കുമ്പോഴോ പോഷകങ്ങൾക്കൊപ്പം ബാക്ടീരിയകൾക്കും നമ്മൾ വഴിയൊരുക്കുന്നുണ്ട്.
നമ്മുടെ വായിൽ 700ൽ അധികം തരത്തിലുള്ള സൂക്ഷ്മാണുക്കൾ ഉണ്ട്. ഇതാണ് ഓറൽ മൈക്രോബയോം (Oral Microbiome) എന്ന് അറിയപ്പെടുന്ന വായിലെ അതിലോലമായ ആവാസവ്യവസ്ഥ.
പല്ലുതേപ്പിലെ അശ്രദ്ധ, അമിതമായ അളവിൽ മധുരം കഴിക്കുന്നത്, പുകവലി, മാനസിക സമ്മർദ്ദം – ഈ കാരണങ്ങൾ വായിലെ സന്തുലിതാവസ്ഥ തകർക്കുകയും അതോടൊപ്പം, ദോഷകരമായ ബാക്ടീരിയകൾ പെരുകുകയും അത് മോണരോഗങ്ങൾക്കും വീക്കത്തിനും കാരണമാവുകയും ചെയ്യുന്നു.
ഈ വീക്കം വായിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മോണരോഗങ്ങൾ ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, അൽസ്ഹൈമേഴ്സ് എന്നീ അസുഖങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
മോണരോഗവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം
അമേരിക്കൻ ഹാർട്ട് അസോസിയേഷനും ഹാർവാർഡ് സ്കൂൾ ഓഫ് ഡെൻ്റൽ മെഡിസിനുംം നടത്തിയ ഗവേഷണങ്ങളിൽ മോണരോഗമുള്ളവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഇരട്ടിയാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം:
മോണയിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ നീർക്കെട്ട് അനുഭവപ്പെടുമ്പോഴോ ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിക്കുന്നു. ഇതിനോട് പ്രതികരിക്കുന്ന പ്രതിരോധ സംവിധാനം വീക്കമുണ്ടാക്കുന്ന ചില ഘടകങ്ങളെ പുറത്തുവിടുന്നു. ഇത് രക്തക്കുഴലുകളെ ബാധിച്ച്, അവ കട്ടിയുള്ളതും ഇടുങ്ങിയതുമാക്കുന്നു. കാലക്രമേണ, ഇത് അഥീറോസ്‌ക്ലിറോസിസിലേക്ക് നയിക്കുന്നു. ധമനികളെ തടസ്സപ്പെടുത്തുന്ന കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്.
അതുകൊണ്ട്, ബ്രഷ് ചെയ്യുമ്പോൾ കാണുന്ന മോണയിലെ രക്തസ്രാവം സാധാരണ കാര്യമായി അവഗണിക്കേണ്ടതല്ല, അതൊരു മുന്നറിയിപ്പാണ്.
പ്രമേഹവും ദന്താരോഗ്യവും
നിയന്ത്രണാതീതമായ തരത്തിൽ പ്രമേഹമുള്ളവർക്ക് മോണയിൽ അണുബാധകൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. കാരണം, രക്തത്തിലെ ഉയർന്ന തോതിലുള്ള പഞ്ചസാരയുടെ അളവ് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുറിവുകൾ ഉണങ്ങുന്നത് വൈകിക്കുകയും ചെയ്യുന്നു.
അതേസമയം, കഠിനമായ മോണരോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രമേഹത്തിലെ വ്യത്യാസങ്ങൾ മോണകളുടെ ആരോഗ്യത്തിലും തിരിച്ച് മോണകളിലെ അസുഖങ്ങൾ പ്രമേഹത്തിലും പ്രതിഫലിക്കുന്നു.
‘ജേണൽ ഓഫ് ക്ലിനിക്കൽ പിരീഡോൺടോളജി’യിലെ ഒരു പഠനം കാണിക്കുന്നത്, മോണരോഗത്തിന് ചികിത്സ നൽകുന്നത് പ്രമേഹരോഗികളിലെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ്. വായയും ശരീരത്തിലെ ചയാപചയവും തമ്മിൽ എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
ദന്താരോഗ്യവും തലച്ചോറിൻ്റെ പ്രവർത്തനവും: വിസ്മയിപ്പിക്കുന്ന ബന്ധം
ദന്ത ബാക്ടീരിയകളും ഓർമ്മക്കുറവും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മോണരോഗത്തിന് കാരണമാകുന്ന ഒരു പ്രധാന ബാക്ടീരിയയായ പോർഫൈറോമോണസ് ജിൻജിവാലിസിൻ്റെ സാന്നിദ്ധ്യം (Porphyromonas gingivalis) അൽസ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. മോണയിലെ വിട്ടുമാറാത്ത വീക്കം നാഡീവ്യൂഹത്തിലെ വീക്കത്തിന് (Neuroinflammation) കാരണമാവുകയും അത് തലച്ചോറിലെ കോശങ്ങളെ ക്രമേണ നശിപ്പിക്കുകയും ചെയ്തേക്കാം.
മോണരോഗങ്ങൾ നേരിട്ട് ഡിമെൻഷ്യക്ക് കാരണമാകുന്നു എന്നല്ല ഇതിനർത്ഥം, ശരീരത്തിൽ എവിടെയെങ്കിലും ദീർഘകാല വീക്കം നിലനിൽക്കുന്നത് വ്യവസ്ഥാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട്, ബ്രഷ് ചെയ്യുന്നതും ഫ്ലോസ് ചെയ്യുന്നതും തലച്ചോറിന് വേണ്ടിയുള്ള പരിചരണം കൂടിയായി കണക്കാക്കാം!
ദന്താരോഗ്യവും സ്ത്രീകളുടെ ആരോഗ്യവും
ഗർഭകാലം, ആർത്തവം, ആർത്തവവിരാമം തുടങ്ങിയ സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ മോണയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. മോണയിൽ അണുബാധയുള്ള ഗർഭിണികൾ അതു ചികിൽസിക്കാത്ത പക്ഷം, മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞുങ്ങൾക്ക് തൂക്കം കുറഞ്ഞിരിക്കാനും സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു.
ഗർഭകാലത്ത് വായ സൗമ്യമായി വൃത്തിയാക്കണമെന്നും കൃത്യമായ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട് — കാരണം ഗർഭിണികളുടെ ദന്താരോഗ്യം കുഞ്ഞിൻ്റെ ആരോഗ്യത്തിന് പിൻബലമേകുന്നു.
പുരാതന ജ്ഞാനവും ആധുനിക ദന്തവൈദ്യവും ഭാരതീയ വീക്ഷണത്തിൽ
ആയുർവേദ ഗ്രന്ഥങ്ങൾ പണ്ടുമുതലേ വായയെ ‘അഗ്നിയുടെ പ്രവേശന കവാടം’ (ദഹനത്തിനുള്ള അഗ്നി) എന്ന് തിരിച്ചറിഞ്ഞിരുന്നു. എണ്ണ വായിൽ കൊള്ളുന്നത് (ഗണ്ഡൂഷം), നാവ് വടിക്കുന്നത് പോലുള്ള ശീലങ്ങൾ കേവലം ശ്വാസത്തിന് സുഗന്ധം നൽകാൻ മാത്രമല്ല, ശരീരത്തിലെ ദോഷങ്ങളെ സന്തുലിതമാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു.
ഈ തത്വങ്ങളെ ആധുനിക പഠനങ്ങളും പിന്തുണയ്ക്കുന്നു: എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ചുള്ള ഓയിൽ പുള്ളിങ്, വായിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാനും വീക്കം കുറയ്ക്കാനും മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പരമ്പരാഗത ജ്ഞാനം ശാസ്ത്രീയ തെളിവുകളോടുകൂടിയ പ്രതിരോധ മാർഗ്ഗങ്ങളുമായി എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നതിൻ്റെ മികച്ച ഉദാഹരണമാണിത്.
വായും ശരീരവും സംരക്ഷിക്കാനുള്ള ദൈനംദിന ശീലങ്ങൾ
1.ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുക: മൃദുവായ ബ്രഷ് ഉപയോഗിച്ച് രണ്ട് മിനിറ്റെങ്കിലും ശരിയായ രീതിയിൽ, വൃത്താകൃതിയിൽ പതുക്കെ ബ്രഷ് ചെയ്യുക.
2.ഫ്ലോസ് ചെയ്യുക അല്ലെങ്കിൽ ഇൻ്റർഡെൻ്റൽ ക്ലീനർ ഉപയോഗിക്കുക: ബ്രഷ് ചെന്നെത്താത്ത ഭാഗങ്ങളിലെ പ്ലാക്ക് നീക്കം ചെയ്യാൻ ഇത് സഹായിക്കും.
3.ധാരാളം വെള്ളം കുടിക്കുക: ഉമിനീർ (Saliva) നമ്മുടെ ശരീരത്തിൽ സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കുന്നു; നിർജ്ജലീകരണം ഇതിനെ കുറയ്ക്കും.
4.സന്തുലിതമായ ഭക്ഷണം കഴിക്കുക: കാത്സ്യം, വിറ്റാമിൻ ഡി, പഴങ്ങൾ, ഇലക്കറികൾ എന്നിവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
5.പുകയിലയും മദ്യവും ഒഴിവാക്കുക: ഇവ രണ്ടും വായയിലെ കോശങ്ങൾക്ക് ദോഷകരമാണ്, കൂടാതെ കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
6.കൃത്യമായ ദന്ത പരിശോധന: ഓരോ 6 മാസത്തിലും പരിശോധന നടത്തുക — രോഗം വരുന്നതിനേക്കാൾ എളുപ്പവും ചെലവും കുറഞ്ഞ മാർഗ്ഗം പ്രതിരോധം തന്നെയാണ്.
വൃത്തിയുള്ളതും ആരോഗ്യകരവുമായ വായ, ചിരിക്കുമ്പോൾ ആത്മവിശ്വാസം നൽകുക മാത്രമല്ല ചെയ്യുന്നത്. അത് നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നു, പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു, തലച്ചോറിന് കരുത്ത് നൽകുന്നു, ഒപ്പം പ്രതിരോധശേഷിയെയും പിന്തുണയ്ക്കുന്നു.
സ്വാസ്ഥ്യം ആരംഭിക്കുന്നത് അവബോധത്തിൽ നിന്നാണെന്ന് nellikka.life വിശ്വസിക്കുന്നു. ദന്താരോഗ്യം മുഖത്ത് മാത്രമല്ല, ശരീരത്തിലൊന്നാകെ പ്രതിഫലിക്കുമെന്ന തിരിച്ചറിവ്, വായുടേയും പല്ലുകളുടേയും സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകാൻ സഹായകമാകട്ടെ.
References :




