മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.
കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ എല്ലാവരുടേയും മുഴുവൻ ശ്രദ്ധയും കുഞ്ഞിലേക്കാകുന്നു. അമ്മ എന്ന വ്യക്തി അപ്രസക്തമാകുന്ന അവസ്ഥയാണ് പലയിടങ്ങളിലും കാണാനാവുക. ശാരീരികമായും വൈകാരികമായും സ്വയം പിടിച്ചുനിൽക്കാൻ കുഞ്ഞിൻ്റെ അമ്മ ശ്രമിക്കുന്ന അവസ്ഥയിലാണ് ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ ഉൾപ്പെടെ, മനഃപൂർവ്വമല്ലാത്ത ഈ അവഗണന കാണിക്കുക.
“കുഞ്ഞിനെങ്ങനെയുണ്ട്?”എന്ന നൂറു ചോദ്യങ്ങൾക്കിടയിൽ അപൂർവ്വമായി ഉയരുന്ന ഒരു ചോദ്യം മാത്രമാകും “നിങ്ങൾക്കെങ്ങനെയുണ്ട്?” എന്നത്.
പ്രസവിച്ച സ്ത്രീയെക്കുറിച്ച് ഭൂരിഭാഗം പേരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. അവൾ എല്ലാവരേയും നോക്കി പുഞ്ചിരിക്കുകയും കുഞ്ഞിനെ പാലൂട്ടുകയും പുതിയ സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടുകയും വേണം എന്നത് ഒരു അലിഖിത നിയമം പോലെയാണ്.
മാതൃത്വം എന്ന പുതിയ റോൾ ഒരു പരാതിയുമില്ലാതെ സന്തോഷത്തോടെ നിർവ്വഹിക്കണമെന്നാണ് പൊതുവെ എല്ലാവരും പ്രതീക്ഷിക്കുന്നത്. ശാരീരിക മാനസിക വ്യതിയാനങ്ങളും ഉറക്കക്കുറവും വേദനയും അസ്വസ്ഥതകളുമൊന്നും പ്രകടിപ്പിക്കാതെ ഒരു യന്ത്രത്തെപ്പോലെ.
പക്ഷെ, കുറച്ചു മാസങ്ങളായി കുറെയേറെ മാറ്റങ്ങൾക്ക് വിധേയയാക്കപ്പെട്ട, ഒരു മനുഷ്യസ്ത്രീയാണെന്നും താൻ ഒരു യന്ത്രമല്ലെന്നും സ്വയം ബോദ്ധ്യം ഉണ്ടാകണം. ഒപ്പം, കുടുംബാംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം ഈ തിരിച്ചറിവുണ്ടാകണം.
പ്രസവം എന്നത് കേവലം ആശുപത്രിയിൽ പ്രവേശിക്കപ്പെടലും കുഞ്ഞിനെയും കൊണ്ട് വീട്ടിൽ തിരിച്ചെത്തലും മാത്രമല്ല. പവിത്രമായ പരിവർത്തനമാണത്.
നിങ്ങളുടെ ശരീരം മാസങ്ങളോളം മറ്റൊരു ജീവനെ വഹിച്ചുകൊണ്ട്, പല മാറ്റങ്ങൾക്കും വിധേയമാക്കപ്പെടുന്നു, വേദന സഹിക്കുന്നു, രക്തനഷ്ടമുണ്ടാകുന്നു, കരുത്ത് കുറയുന്നു, ചിലപ്പോൾ ശരീരത്തിൽ കീറലും തുന്നിക്കെട്ടലുമുണ്ടാകുന്നു.
ശക്തിക്കുറവനുഭവപ്പെടുന്നതും ക്ഷീണം തോന്നുന്നതും താൽക്കാലികമാണ്, പരിവർത്തനത്തിൻ്റെ ബാക്കിപത്രമാണത്. പ്രസവാനന്തരം ശാരീരികമായും മാനസികമായും സുഖം പ്രാപിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. നിങ്ങളുടെ വിശ്രമം, പോഷകാഹാരം, സ്നേഹത്തോടെയുള്ള പരിഗണന, ഇവയെല്ലാം ശരീരത്തിനും മനസ്സിനും ആവോളം നൽകുക.
വൈകാരിക മാറ്റങ്ങൾ
ഒരു നിമിഷം, നിങ്ങൾ കുഞ്ഞിന്റെ കുഞ്ഞുവിരലുകൾ നോക്കി ചിരിക്കുകയും തൊട്ടടുത്ത നിമിഷം കാരണമൊന്നുമില്ലാതെ കരയുകയും ചെയ്തേക്കാം.
പ്രസവത്തിനു ശേഷമുള്ള ഹോർമോൺ മാറ്റങ്ങൾ, അതായത്, ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയുടെ അളവ് കുറയുന്നത്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ (Mood swings)ക്ക് കാരണമാകും. ഇത്, ദേഷ്യം, പ്രസവാനന്തര വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാം. ശരീരം സ്വയം ക്രമീകരിക്കുന്നതിൻ്റെ ഭാഗമാണിത്.
സങ്കടം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒറ്റപ്പെട്ടതായോ ഉത്കണ്ഠയുള്ളതായോ തോന്നുന്നുണ്ടെങ്കിൽ ഡോക്ടറോട് കാര്യങ്ങൾ തുറന്നു സംസാരിക്കുക — ഇത് പ്രസവാനന്തര വിഷാദമാകാം, ഇതിൽ ലജ്ജിക്കാൻ ഒന്നുമില്ല. അമ്മയുടെ മാനസികാരോഗ്യം, കുഞ്ഞിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ്.
ഉറക്കം എന്ന അതിജീവനം
ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് പുതിയ അമ്മമാർ തമാശ പറയാറുണ്ട്, പക്ഷേ ഉറക്കമില്ലായ്മ (Sleep deprivation) അങ്ങനെ നിസ്സാരമായി കണക്കാക്കേണ്ട കാര്യമല്ല.
വിശ്രമം കുറഞ്ഞാൽ, അത് നിങ്ങളുടെ പ്രതിരോധശേഷിയെയും വൈകാരിക സന്തുലിതാവസ്ഥയെയും ബാധിക്കും.
കുഞ്ഞ് ഉറങ്ങുമ്പോൾ, ഒപ്പം നിങ്ങളും വിശ്രമിക്കുക എന്നതാണ് പോംവഴി.
കുറ്റബോധമില്ലാതെ സഹായം സ്വീകരിക്കണം. നിങ്ങളുടെ അമ്മായിയമ്മ ഭക്ഷണം പാചകം ചെയ്യുന്നതോ, സുഹൃത്ത് തുണികൾ മടക്കിവെയ്ക്കുന്നതോ, പങ്കാളി കുഞ്ഞിനെ ഉറക്കുന്നതോ ആകട്ടെ, ഇങ്ങനെ പങ്കിട്ടു ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ മറ്റുള്ളവർ സഹായിക്കുമ്പോൾ, നിങ്ങൾക്ക് വിശ്രമം കിട്ടും, മാനസികമായുള്ള ഒറ്റപ്പെടലും ഒഴിവാകും.
അതിവേഗം പഴയതുപോലെ ആകാൻ ശ്രമിക്കേണ്ട
പ്രസവിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പാചകം ചെയ്യുകയും വീട് വൃത്തിയാക്കുകയും, മുലയൂട്ടി ചിരിച്ചുകൊണ്ടുള്ള സെൽഫികൾ പോസ്റ്റ് ചെയ്യുകയും നവജാതശിശുവിനെയും കൊണ്ട് സൂപ്പർമാർക്കറ്റിലെത്തുകയും ചെയ്യുന്ന “സൂപ്പർമോം” എന്ന ആശയം സമൂഹത്തിന് വളരെ ഇഷ്ടമാണ്. എന്നാൽ ആ നിറഞ്ഞ ചിരിക്ക് പിന്നിൽ പലപ്പോഴും ക്ഷീണവും വേദനയുമാണെന്നതാണ് വാസ്തവം.
സ്വഭാവികമായി പൂർവ്വാവസ്ഥയിലേക്ക് വരുന്നതല്ലാതെ, അതിവേഗം മനസ്സും ആരോഗ്യവും വീണ്ടെടുക്കുന്ന രീതിയെ പ്രശംസിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത് നമുക്ക് നിർത്താം. കാരണം, വേദന കടിച്ചമർത്തി ചിരിച്ചഭിനയിക്കേണ്ടതല്ല മാതൃത്വവും പ്രസവാനന്തര ദിനങ്ങളും എന്നതുതന്നെ.
വളരെപ്പെട്ടെന്ന് പഴയതുപോലെ ആകേണ്ടതില്ല. സ്വാഭാവികമായി മാത്രം നിങ്ങൾ നിങ്ങളിലേക്ക് തിരികെ വന്നാൽ മതി. സാവധാനം ഭക്ഷണം കഴിക്കുക. പതിയെ ചലിക്കുക. പൂർണ്ണമായും സുഖം പ്രാപിക്കുക. അത് അമ്മയ്ക്കും കുഞ്ഞിനും കുടുംബത്തിനും ഗുണകരമാകും.
മാറ്റങ്ങൾ തിരിച്ചറിഞ്ഞ് മുന്നേറാം
മാതൃത്വം എല്ലാ ബന്ധങ്ങളെയും മാറ്റിമറിക്കും. ഏറ്റവും കൂടുതൽ മാറ്റം വരുന്നത് നിങ്ങൾക്ക് നിങ്ങളോടുള്ള ബന്ധത്തിൽത്തന്നെയാകും.
പങ്കാളിയിൽ നിന്ന് അകന്നുപോയതായി, സുഹൃത്തുക്കളിൽ നിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടതായി, സ്വന്തം ശരീരത്തിൽ നിന്ന് പോലും അകന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. ഇത് സാധാരണമാണ്.
ലോകത്തിലേക്ക് ഒരു പുതുജീവനെ സമ്മാനിച്ചതിന് പിന്നിലുള്ള മാസങ്ങൾ നീണ്ട പരിവർത്തനം – ചെറിയ ചെറിയ പ്രവൃത്തികളിലൂടെ അതിൽ നിന്ന് പഴയ നിങ്ങളിലേക്കുള്ള തിരിച്ചുവരാനാകും :
ഇളംവെയിലേറ്റ് അൽപ്പനേരം നടക്കുന്നത്
സ്വസ്ഥമായിരുന്ന് ഒരു കപ്പ് ചായ കുടിക്കുന്നത്
സ്നേഹിക്കുന്ന ഒരാളോട് മനസ്സ് തുറന്ന് ശാന്തമായി സംസാരിക്കുന്നത്
നിങ്ങളുടെ തോന്നലുകൾ എഡിറ്റ് ചെയ്യാതെ എഴുതി വെയ്ക്കുന്നത്
ഇതെല്ലാം പൂർവ്വാവസ്ഥയിലേക്കുള്ള പിൻനടത്തം കൂടുതൽ സുഗമമാക്കും.
കുഞ്ഞിനെ പരിപോഷിപ്പിക്കുന്നതിനൊപ്പം, സ്വയം പരിപാലിക്കാനും പഠിക്കാം.
മാതൃത്വം എന്നാൽ എല്ലാം പൂർണ്ണമായി ചെയ്യുക എന്നതല്ല — കുഴഞ്ഞുമറിഞ്ഞ ദിവസങ്ങളിൽ പോലും സ്നേഹത്തോടെ കുഞ്ഞിനെയും നിങ്ങളെത്തന്നെയും പരിപാലിക്കലാകണം അത്.
യന്ത്രത്തെപ്പോലെയല്ലാതെ, സ്വാസ്ഥ്യത്തിലേക്ക് നടന്നടുക്കുന്ന, ശരീരത്തിൻ്റെയും മനസ്സിൻ്റെയും സമ്പൂർണ്ണാരോഗ്യം കാംക്ഷിക്കുന്ന വ്യക്തിയായി മുന്നേറണം. അപ്പോൾ സ്വാസ്ഥ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നത് അനുഭവിച്ചറിയാനാകും.




