ലോക ന്യൂമോണിയ ദിനം 2025: വിസ്മരിക്കപ്പെട്ട കൊലയാളിക്കെതിരായ പോരാട്ടം

ലോക ന്യൂമോണിയ ദിനം 2025: വിസ്മരിക്കപ്പെട്ട കൊലയാളിക്കെതിരായ പോരാട്ടം

ഓരോ ശ്വാസവും പോരാട്ടമാകുമ്പോൾ

വളരെ അനായാസമായാണ് നമ്മൾ ശ്വാസോച്ഛ്വാസം ചെയ്യുന്നത്. സ്വയം അറിയാതെ യാന്ത്രികമായി നടക്കുന്ന അയത്നലളിതമായ ഒരു പ്രവൃത്തി. ശ്വാസോച്ഛ്വാസത്തിൽ തടസ്സങ്ങൾ നേരിടുമ്പോൾ മാത്രമാണ്, എത്ര ലാഘവത്തോടെയാണ് നമ്മൾ ശ്വസിച്ചിരുന്നത് എന്ന് മനസ്സിലോർക്കുക. ശ്വസനത്തെ അങ്ങനെ തടസ്സപ്പെടുത്തുന്ന ഒരു അണുബാധയാണ് ന്യുമോണിയ.

ശ്വാസകോശത്തിലെ വായു അറകളിൽ നീർക്കെട്ട് (inflammation) സൃഷ്ടിക്കുന്ന അണുബാധയാണിത്. ലോകത്ത്, തടയാൻ കഴിയുന്ന രോഗങ്ങളിൽ വെച്ച് ഏറ്റവും മാരകമായ ഒന്നായി ഇതിപ്പോഴും തുടരുന്നു.

ഈ രോഗം ഒരു നിശബ്ദ കൊലയാളിയെപ്പോലെ പ്രവർത്തിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 7 ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെയും ലക്ഷക്കണക്കിന് മുതിർന്നവരുടെയും ജീവൻ പ്രതിവർഷം ഇത് കവർന്നെടുക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം രൂക്ഷമാണ്.

2025 നവംബർ 12ന് ലോക ന്യൂമോണിയ ദിനം ആചരിക്കുമ്പോൾ, അതൊരു വലിയ ഓർമ്മപ്പെടുത്തലാണ്. കൊവിഡ് മഹാമാരിയുടെ സമയത്ത് നമ്മൾ കാണിച്ച അതേ ഗൗരവം ശ്വാസകോശ സംബന്ധമായ മറ്റ് അണുബാധകൾക്കും നൽകേണ്ടതുണ്ട്. “ഓരോ ശ്വാസവും അമൂല്യമാണ്: ന്യുമോണിയ തടയാൻ ഉടൻ പ്രവർത്തിക്കാം” എന്ന ഈ വർഷത്തെ പ്രമേയം, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാൻ  ആഹ്വാനം ചെയ്യുന്നു. അതിനായി ശക്തമായ ആരോഗ്യ സംവിധാനങ്ങളും കൃത്യസമയത്തുള്ള വാക്സിനുകളും ആഗോളതലത്തിലുള്ള ബോധവൽക്കരണവും അനിവാര്യമാണ്.

എന്താണ് യഥാർത്ഥത്തിൽ ന്യുമോണിയ?

ന്യുമോണിയ എന്നത് ഒരൊറ്റ രോഗമല്ല. പലതരം രോഗാണുക്കൾ (pathogens) കാരണം ഇതുണ്ടാകാം. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ പോലുള്ള ബാക്ടീരിയകൾ, ഇൻഫ്ലുവൻസ, ആർ‌എസ്‌വി (RSV) പോലുള്ള വൈറസുകൾ, ചില സന്ദർഭങ്ങളിൽ ഫംഗസുകൾ എന്നിവയെല്ലാം ന്യുമോണിയയ്ക്ക് കാരണമാകാം.

ഈ അണുബാധ മൂലം, ശ്വാസകോശത്തിലെ ആൽവിയോലി (alveoli) എന്നറിയപ്പെടുന്ന ചെറിയ വായു അറകളിൽ ദ്രാവകമോ പഴുപ്പോ നിറയുന്നു. ഇത് ശ്വസനം വേദനാജനകമാക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:

  • വിട്ടുമാറാത്ത ചുമ (പലപ്പോഴും കഫത്തോടുകൂടിയത്)
  • പനിയും വിറയലും
  • അതിവേഗമുള്ള ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • കടുത്ത ക്ഷീണവും വിശപ്പില്ലായ്മയും

പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും പ്രമേഹം, ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലും രോഗനിർണയം നേരത്തെ നടത്തേണ്ടത് ഏറെ നിർണ്ണായകമാണ്.

ഇന്ത്യയിലെ സാഹചര്യം: തടയാൻ കഴിയുന്ന ദുരന്തം

ആഗോളതലത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ ന്യുമോണിയ മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്. പോഷകാഹാരക്കുറവ്, പാചക ആവശ്യങ്ങൾക്കായി വിറക് പോലുള്ളവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വീടിനകത്തെ വായു മലിനീകരണം, ആരോഗ്യ സംരക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ഈ രോഗത്തിൻ്റെ ആക്കം കൂട്ടുന്നു.

സർക്കാർ സംരംഭങ്ങളായ ‘മിഷൻ ഇന്ദ്രധനുഷ്’ ( സമ്പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ), ‘ഉജ്ജ്വല യോജന’ (ശുദ്ധമായ പാചകവാതകം നൽകുന്ന പദ്ധതി) എന്നിവയെല്ലാം പ്രതിരോധത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പുകളാണ്. എന്നിരുന്നാലും, പൊതുവായ അവബോധം ഇപ്പോഴും കുറവാണെന്നു തന്നെ പറയേണ്ടി വരും. പല രക്ഷിതാക്കളും ന്യുമോണിയയെ സാധാരണ ജലദോഷമായി തെറ്റിദ്ധരിക്കുന്നു. ഇത് ചികിത്സ വൈകാനും രോഗം മൂർച്ഛിക്കാനും കാരണമാകുന്നു.

ന്യുമോണിയയും കാലാവസ്ഥാ മാറ്റവും

വായു മലിനീകരണത്തിൻ്റെ അളവ് കൂടുന്നത്, പ്രത്യേകിച്ച് PM2.5 പോലുള്ള അതിസൂക്ഷ്മ കണികകൾ, ശ്വാസകോശ രോഗങ്ങളെ കൂടുതൽ വഷളാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ന്യൂമോണിയ മരണങ്ങളിൽ അഞ്ചിൽ ഒന്നിനും കാരണം വായു മലിനീകരണമാണ്. ഡൽഹി, കാൺപൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങൾ മലിനീകരണത്തിൻ്റെ സുരക്ഷിതമായ അളവ് പതിവായി മറികടക്കുന്നു. ഇത് ആരോഗ്യവാന്മാരായ മുതിർന്നവരുടെ ശ്വാസകോശത്തെപ്പോലും ദുർബലമാക്കുന്നു.

അതുകൊണ്ട്, നാം ശ്വസിക്കുന്ന വായുവിനെ സംരക്ഷിക്കുക എന്നതും ന്യുമോണിയ പ്രതിരോധത്തിൻ്റെ ഭാഗമാണ്. ശുദ്ധവായു എന്നത് ഒരു പാരിസ്ഥിതിക ലക്ഷ്യം മാത്രമല്ല, അത് നമ്മുടെ പൊതുജനാരോഗ്യത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നു കൂടിയാണ്.

വാക്സിനുകൾ ജീവൻ രക്ഷിക്കും

ന്യൂമോണിയയ്ക്കെതിരായ നമ്മുടെ ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗമാണ് വാക്സിനേഷൻ. പ്രധാനപ്പെട്ട ചില വാക്സിനുകൾ ഇവയാണ്:

  • പി.സി.വി. (PCV – ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ): ‘സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ’ എന്ന ബാക്ടീരിയയെ ഇത് പ്രതിരോധിക്കുന്നു.
  • ഹിബ് വാക്സിൻ (Hib Vaccine): കുട്ടികളിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ന്യുമോണിയ തടയുന്നു.
  • ഇൻഫ്ലുവൻസ, കൊവിഡ്-19 വാക്സിനുകൾ: ന്യുമോണിയയിലേക്ക് നയിച്ചേക്കാവുന്ന വൈറൽ അണുബാധകൾ കുറയ്ക്കാൻ സഹായിക്കുന്നു.

കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ  വഴി ലക്ഷക്കണക്കിന് കേസുകൾ നമുക്ക് ഒഴിവാക്കാനാകും. പ്രത്യേകിച്ച് നവജാതശിശുക്കളിലും, പ്രായമായവരിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും വാക്സിനേഷൻ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ചെറിയ കാര്യങ്ങൾ, വലിയ മാറ്റങ്ങൾ

  • മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക: ആദ്യ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുന്നത് രോഗപ്രതിരോധ ശേഷി ശക്തമാക്കുന്നു.
  • നല്ല പോഷകാഹാരം: വിറ്റാമിൻ എ, ഡി, സിങ്ക് എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുക.
  • പുക ഏൽക്കുന്നത് കുറയ്ക്കുക: വീടിനുള്ളിൽ ശുദ്ധമായ പാചക ഇന്ധനങ്ങൾ ഉപയോഗിക്കുക, വായു സഞ്ചാരം ഉറപ്പാക്കുക.
  • നേരത്തെ ചികിത്സ തേടുക: വിട്ടുമാറാത്ത ചുമയോ ശ്വാസതടസ്സമോ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടുക.
  • കൈകൾ വൃത്തിയാക്കുക: അണുബാധ തടയാൻ പതിവായി കൈ കഴുകുക, ശുചിത്വം പാലിക്കുക.

ഓരോ ശ്വാസവും അമൂല്യം

ഈ ലോക ന്യുമോണിയ ദിനത്തിൽ, നമുക്ക് ഓരോ ശ്വാസത്തിൻ്റെയും മൂല്യം തിരിച്ചറിയാം. ന്യുമോണിയ ബാധ എപ്പോഴും വലിയ വാർത്താപ്രാധാന്യം നേടാറില്ല, പക്ഷെ അത് നമ്മുടെ ആരോഗ്യരംഗത്തെ അസമത്വങ്ങളെയും ആഗോള ഐക്യത്തെയും തന്നെ പരീക്ഷിക്കുന്ന ഒന്നായി തുടരുന്നു എന്നത് നമ്മളോരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് മുതൽ, ഓരോ കുഞ്ഞിനും ജീവൻരക്ഷാ വാക്സിനുകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് വരെ, ന്യുമോണിയയ്ക്കെതിരായ ചുവടുവെയ്പ്പിന് ശക്തി പകരാൻ,

നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് കഴിയും. ഈ നിശബ്ദ കൊലയാളിയെ, അതിജീവനത്തിന്റെ  ചരിത്രമാക്കി മാറ്റാൻ നമുക്ക് സാധിക്കും.

ശ്വാസത്തിനായി ആരും ബുദ്ധിമുട്ടാത്ത ഒരു ലോകത്തിനുവേണ്ടി പോരാടുന്ന ഡോക്ടർമാർക്കും മാതാപിതാക്കൾക്കും പരിചരണം നൽകുന്നവർക്കുമൊപ്പം nellikka.life നിലകൊള്ളുന്നു.

References

  1. World Health Organization (WHO), 2024. Pneumonia: The Forgotten Killer of Children.
  2. UNICEF India, 2024. Child Health and Immunization Report.
  3. Lancet Global Health, 2023. Air Pollution and Pneumonia Mortality Trends in South Asia.
  4. Indian Journal of Pediatrics, 2024. Epidemiology of Pneumonia in Under-Five Children in India.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe