ലോക രോഗി സുരക്ഷാ ദിനം 2025: “തുടക്കം മുതൽക്കേ രോഗിയുടെ സുരക്ഷ!”

 ലോക രോഗി സുരക്ഷാ ദിനം 2025: “തുടക്കം മുതൽക്കേ രോഗിയുടെ സുരക്ഷ!”

സെപ്റ്റംബർ 17 – ലോകമെമ്പാടുമുള്ള രോഗികളുടെ സുരക്ഷാപ്രാധാന്യം ലോകജനതയെ ഓർമ്മിപ്പിക്കുന്ന ദിനം. രോഗികളുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. ആരോഗ്യ പരിപാലന മേഖലയിലെ ഈ നിർണ്ണായക ദിനത്തിൽ, ഈ വർഷത്തെ പ്രമേയം ‘’ഓരോ നവജാത ശിശുവിനും ഓരോ കുഞ്ഞിനും സുരക്ഷിത പരിചരണം” എന്നതാണ്. ‘’തുടക്കം മുതൽക്കേ രോഗിയുടെ സുരക്ഷ” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് 2025 ലെ രോഗീസുരക്ഷാദിനം വന്നെത്തിയിരിക്കുന്നത്.  

സുരക്ഷിതമല്ലാത്ത തരത്തിൽ പരിചരണം നൽകുന്നതു വഴി രോഗികൾക്ക് സംഭവിക്കാവുന്ന ദോഷങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളെ പരിപോഷിപ്പിക്കാനും അതിനായി പ്രവർത്തിക്കാനും ബോധവൽക്കരിക്കാനും വേണ്ടിയുള്ളതാണ് ഇന്നത്തെ ദിവസം. (World Patient Safety Day- WPSD). “ഓരോ നവജാത ശിശുവിനും ഓരോ കുഞ്ഞിനും സുരക്ഷിതമായ പരിചരണം” എന്ന വിഷയം വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്. സുരക്ഷിതമല്ലാത്ത പരിചരണത്തിൻ്റെ സങ്കീർണ്ണതകളും അപകടസാദ്ധ്യതകളും ശിശുക്കളും കൊച്ചുകുട്ടികളും അനുഭവിക്കേണ്ടി വന്നാലുള്ള ദുരന്തത്തിൻ്റെ തീവ്രതയിലേക്ക് ഈ പ്രമേയം വിരൽ ചൂണ്ടുന്നു. 

ഈ വിഷയത്തിന്റെ പ്രാധാന്യം

ലോകാരോഗ്യ സംഘടനയുടെ 2025-ലെ ഔദ്യോഗിക വിഷയം താഴെ പറയുന്ന കാര്യങ്ങൾ എടുത്തു പറയുന്നു:

  • ജനനം മുതൽ ഒമ്പത് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ആരോഗ്യപരിരക്ഷാ രംഗത്ത് ദോഷങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. അവരുടെ ശരീരം, ശരീരശാസ്ത്രം, ആവശ്യങ്ങൾ എന്നിവയെല്ലാം  മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമാണ്.
  • നവജാതശിശുക്കൾക്കും കുട്ടികൾക്കുമുള്ള പരിചരണത്തിൽ അപകടസാധ്യതകൾ വളരെ കൂടുതലാണ്: മരുന്ന് നൽകുന്നതിലെ പിഴവുകൾ, അണുബാധകൾ, രോഗനിർണ്ണയത്തിലെ കാലതാമസം, ശസ്ത്രക്രിയയിലെ പ്രശ്നങ്ങൾ, ചികിത്സാ ഉപകരണങ്ങളുടെ ദുരുപയോഗം, ആരോഗ്യാവസ്ഥയിലെ പ്രതിസന്ധികകൾ നേരത്തെ തന്നെ തിരിച്ചറിയാതെ പോകുന്നത് എന്നിവയെല്ലാം ഇതിലുൾപ്പെടും. ഇവയിൽ പല പ്രശ്നങ്ങളും തടയാൻ കഴിയുന്നവയാണ് എന്നതാണ് വാസ്തവം.
  • ഇതൊരു ആഗോള ആഹ്വാനമാണ്: ആരോഗ്യ സംവിധാനങ്ങൾ, സർക്കാരുകൾ, പരിചരിക്കുന്നവർ, ഡോക്ടർമാർ, കുടുംബങ്ങൾ എന്നിവരെല്ലാം “തുടക്കം മുതൽ” സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാകണം. അതായത്, കുഞ്ഞുങ്ങൾ പിറന്നു വീഴുന്ന ആദ്യ ദിവസം തൊട്ടുതന്നെ അവരെ വേണ്ടവിധം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകണം എന്നർത്ഥം.

രോഗീസുരക്ഷ: ആഗോളാവസ്ഥ

ഈ വിഷയം എന്തുകൊണ്ട് അടിയന്തിര ശ്രദ്ധ അർഹിക്കുന്നു എന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ തിരിച്ചറിയാൻ സാധിക്കും:

  • ലോകമെമ്പാടുമുള്ള ഏകദേശം 10 രോഗികളിൽ ഒരാൾക്ക് എന്ന് തോതിൽ ആരോഗ്യ പരിചരണത്തിനിടെ എന്തെങ്കിലും ദോഷങ്ങളുണ്ടാകാറുണ്ട്. സുരക്ഷിതമല്ലാത്ത ചികിത്സയുമായി ബന്ധപ്പെട്ട് പ്രതിവർഷം 30 ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടമാകുന്നു.
  • കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് അപകടസാധ്യത കൂടുതലാണ്: പ്രതിവർഷം 13.4 കോടിയിലധികം പ്രതികൂല സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്, ഇത് ഏകദേശം 26 ലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു.
  • മരുന്ന് പിഴവുകളാണ് തടയാൻ കഴിയുന്ന പ്രശ്നങ്ങളിൽ മുൻപന്തിയിലുള്ളത്. രോഗനിർണ്ണയത്തിലെ കാലതാമസം, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പകരുന്ന അണുബാധകൾ, ശരിയായ നിരീക്ഷണം അല്ലെങ്കിൽ ചികിത്സ നൽകുന്നതിലെ വീഴ്ച എന്നിവയും പ്രധാന പ്രശ്നങ്ങളാണ്.

നവജാതശിശുക്കൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?

  • അവരുടെ അവയവങ്ങളും പ്രതിരോധ സംവിധാനങ്ങളും വളരുന്ന ഘട്ടത്തിലാണ്, അതിനാൽ ചികിത്സകളോടും മരുന്നുകളോടും അവർ പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും. മുതിർന്നവർക്കുവേണ്ടി നിശ്ചയിച്ച അളവിലുള്ള മരുന്നുകൾ, മുതിർന്നവർക്കായി നിർമ്മിച്ച  ഉപകരണങ്ങളുടെ ഉപയോഗം, ചികിൽസ സംബന്ധിച്ച പ്രത്യേക നടപടിക്രമങ്ങളുടെ അഭാവം എന്നിവയെല്ലാം കുഞ്ഞുങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും.
  • ആശയവിനിമയവും സമ്മതവും: നവജാതശിശുക്കൾക്ക്, അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാൻ കഴിയില്ല. ചെറിയ കുട്ടികൾക്ക് അവരുടെ രോഗലക്ഷണങ്ങളോ പാർശ്വഫലങ്ങളോ കൃത്യമായി പറയാനും കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് മാതാപിതാക്കളും പരിചരിക്കുന്നവരും പ്രത്യേകമായി ശ്രദ്ധിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയും വേണം.
  • ചെറുപ്പത്തിൽ സംഭവിക്കുന്ന പിഴവുകൾക്ക്  ആജീവനാന്തം നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാവാം—അത് തലച്ചോറിന്റെ വികാസത്തെയോ, ശാരീരിക അവസ്ഥയെയോ, മാനസിക നിലയെയോ ബാധിക്കാം. അതുകൊണ്ടുതന്നെ, കുട്ടിക്കാലത്ത് ഇത്തരം പഴവുകൾ സംഭവിക്കാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്.

“തുടക്കം മുതൽക്കേ രോഗി സുരക്ഷ!” –  പ്രായോഗിക അർത്ഥം

ഈ വിഷയത്തെ യഥാർത്ഥ ആരോഗ്യ സംരക്ഷണ പുരോഗതിയിലേക്ക് മാറ്റാൻ, താഴെ പറയുന്ന വിഷയങ്ങൾക്ക്  ഊന്നൽ നൽകേണ്ടതുണ്ട്:

1.പ്രത്യേക സംവിധാനങ്ങളും പ്രോട്ടോക്കോളുകളും ശക്തിപ്പെടുത്തുക: ശിശു/നവജാത ശിശു പരിചരണത്തിനായി പ്രത്യേകമായി തയ്യാറാക്കിയ സുരക്ഷിതമായ മരുന്ന് അളവുകൾ, നവജാത ശിശുവിനുള്ള പുനരുജ്ജീവന പരിശോധനകൾ, നവജാത യൂണിറ്റുകളിലെ ശുചിത്വം എന്നിവ ഉറപ്പാക്കണം.

2. ജീവനക്കാരും പരിശീലനവും : കുഞ്ഞുങ്ങളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, അവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, കൂടാതെ പിഴവുകൾ കുറ്റപ്പെടുത്തലുകളില്ലാതെ റിപ്പോർട്ട് ചെയ്യാൻ അവരെ പിന്തുണയ്ക്കുക.

3.മാതാപിതാക്കളെയും പരിചരിക്കുന്നവരെയും പങ്കാളികളാക്കുക:

രോഗസാദ്ധ്യതകളെക്കുറിച്ച് അവരെ പഠിപ്പിക്കുക (ഉദാഹരണത്തിന് അണുബാധയുടെ ലക്ഷണങ്ങൾ, മരുന്ന് നൽകുന്ന രീതി, സുരക്ഷിതമായ പ്രവർത്തനങ്ങൾ), സംശയങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക, സുരക്ഷാ പരിശോധനകളുടെ ഭാഗമാകാൻ അവരെയും അനുവദിക്കുക.

4.ഗവേഷണവും വിവരശേഖരണവും: കുട്ടികൾക്ക് എവിടെയാണ് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് എന്നും (ഉദാഹരണത്തിന് നവജാത ശിശുക്കളുടെ ഐ.സി.യു, കുട്ടികൾക്കായുള്ള ശസ്ത്രക്രിയാ തിയേറ്ററുകൾ), ഏത് പ്രതിരോധ പ്രവർത്തനങ്ങളാണ് ഫലപ്രദമെന്നും ശിശു സംരക്ഷണ മേഖലയിലെ സുരക്ഷാ സൂചകങ്ങൾ എങ്ങനെ അളക്കപ്പെടുന്നു എന്നതിനെക്കുറിച്ചുമെല്ലാം കൂടുതൽ പഠനങ്ങൾ നടത്തുക.

5.ആഗോളവും നയപരവുമായ പിന്തുണ: സർക്കാരുകളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ആശുപത്രികളും ആദ്യഘട്ടം മുതൽക്കു തന്നെ പരിചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷയ്ക്ക് ധനസഹായവും മുൻഗണനയും നൽകാൻ പ്രതിജ്ഞാബദ്ധരാകണം.

വെല്ലുവിളികൾ

  • അവശ്യസംവിധാനങ്ങളുടെ അപര്യാപ്തത: പല പ്രദേശങ്ങളിലും ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലായ്മ, വേണ്ടത്ര പരിശീലന സംവിധാനങ്ങളുടെ അഭാവം, അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ എന്നിവയുണ്ട്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
  • പിഴവുകൾ റിപ്പോർട്ട് ചെയ്യാൻ സങ്കോചം: കുറ്റപ്പെടുത്തലുകളോ നിയമപരമായ പ്രത്യാഘാതങ്ങളോ ഭയന്ന് പിഴവുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന രീതി പലയിടങ്ങളിലുമുണ്ട്. ഇത് തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു.
  • വ്യവസ്ഥകളിലെ സ്ഥിരതയില്ലായ്മ: ഒരു ആരോഗ്യ സംവിധാനത്തിൽ വിജയിച്ച പ്രോട്ടോക്കോളുകൾ (ഉദാഹരണത്തിന്, നവജാത ശിശുക്കളുടെ സുരക്ഷാ രീതികൾ) മറ്റു സ്ഥലങ്ങളിൽ അതേപടി നടപ്പിലാക്കാനോ വികസിപ്പിക്കാനോ കഴിഞ്ഞെന്ന് വരില്ല.
  • അവബോധമില്ലായ്മ: സുരക്ഷാ അവകാശങ്ങൾ, രോഗലക്ഷണങ്ങൾ, ആരോഗ്യ പ്രവർത്തകരോട് ഇടപെടേണ്ട രീതി എന്നീ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കും പരിചരിക്കുന്നവർക്കും വേണ്ടത്ര അവബോധമില്ല.

പ്രചോദനാത്മകമായ ചിന്ത: സുരക്ഷിതമായ ആരംഭത്തിനായുള്ള കാഴ്ചപ്പാട്

“ആദ്യ ശ്വാസം മുതൽ, ഓരോ കുഞ്ഞിനും സൗമ്യവും സുരക്ഷിതവുമായ പരിചരണം ലഭിക്കാൻ അർഹതയുണ്ട്. അതു നൽകാൻ നമുക്ക് കഴിയുന്നത് കൊണ്ടല്ല, മറിച്ച് അത്, നീതിയുക്തമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനമായതുകൊണ്ടാണ്.”

നഗരത്തിലെ ഒരു ആശുപത്രിയിൽ  കുഞ്ഞിന് ലഭിക്കുന്ന അതേ സുരക്ഷാ പരിശോധനകളും ശുചിത്വമുള്ള അന്തരീക്ഷവും കൃത്യമായ അളവിലുള്ള മരുന്നും നല്ല പെരുമാറ്റവും വിദൂര ഗ്രാമത്തിലെ ഒരു നവജാത ശിശുവിനും ലഭിക്കുന്ന ഒരു ലോകത്തെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാം. മാതാപിതാക്കൾ സങ്കോചമില്ലാതെ സംശയങ്ങൾ ചോദിക്കാൻ പ്രാപ്തി നേടുന്ന, ആരോഗ്യ പ്രവർത്തകർക്ക് വേണ്ട പരിശീലനവും പിന്തുണയും ലഭിക്കുന്ന, പിഴവുകൾ മൂടിവെയ്ക്കാതെ, അവയിൽ നിന്ന് പാഠമുൾക്കൊണ്ട് പ്രവർത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാം.

 നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?

  • നിങ്ങൾ ഒരു രക്ഷിതാവോ പരിചരിക്കുന്നയാളോ ആണെങ്കിൽ: അണുബാധ, ശ്വാസോച്ഛ്വാസത്തിൽ അസ്വാഭാവികത, വേദന തുടങ്ങിയ അടിസ്ഥാന ലക്ഷണങ്ങൾ മനസ്സിലാക്കുക, ആശുപത്രിയിൽ പോകുമ്പോൾ കാര്യങ്ങൾ തുറന്നുപറയുക, എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിച്ച് വ്യക്തത വരുത്തുക.
  • നിങ്ങൾ ഒരു ആരോഗ്യ പ്രവർത്തകനാണെങ്കിൽ: സുതാര്യമായ റിപ്പോർട്ടിംഗിന് മുൻഗണന നൽകുക, സുരക്ഷാ ചട്ടങ്ങൾ പാലിക്കുക, കുട്ടികൾക്ക് വേണ്ട പ്രത്യേക സുരക്ഷാസംവിധാനങ്ങൾക്കായി പ്രവർത്തിക്കുക.
  • നിങ്ങൾ നയരൂപീകരണത്തിൽ പങ്കാളിയോ സ്ഥാപനത്തിൻ്റെ അധികാരിയോ ആണെങ്കിൽ: സുരക്ഷാ പരിശീലനങ്ങളിലും കുട്ടികൾക്ക് അനുയോജ്യമായ ഉപകരണങ്ങൾ സജ്ജമാക്കുന്നതിലും നിരീക്ഷണ സംവിധാനങ്ങളിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുക, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുക, ഒപ്പം സമൂഹത്തിന്റെ അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുക.

ലോക രോഗി സുരക്ഷാ ദിനം എന്നത് കലണ്ടറിൽ മറഞ്ഞുപോകുന്ന ഒരു  തീയതി മാത്രമല്ല—അത്, പ്രവർത്തനത്തിനുള്ള ആഹ്വാനമാണ്. “തുടക്കം മുതൽക്കേ രോഗി സുരക്ഷ” എന്നത് വെറും മുദ്രാവാക്യമല്ല. അത്, ഓരോ നവജാത ശിശുവിനും, ഓരോ കുഞ്ഞിനും ഈ ലോകത്തെ അവരുടെ ആദ്യ നിമിഷം മുതൽ സുരക്ഷിതവും അംഗീകാരവും നല്ല പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമാണത്. നമ്മൾ പ്രതിജ്ഞാബദ്ധരാണെങ്കിൽ, അതിന്റെ പ്രയോജനങ്ങൾ പുതുതലമുറയിലൊന്നാകെ വ്യാപിക്കും— തടയാൻ കഴിയുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാം, മെച്ചപ്പെട്ട ആരോഗ്യമുള്ള സുരക്ഷിതമായ ഭാവി കുഞ്ഞുങ്ങൾക്കായി നമുക്കൊരുക്കാം.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe