ലോക മാനസികാരോഗ്യ ദിനം 2025: ഇന്ത്യയിൽ അതീവ ശ്രദ്ധ നൽകേണ്ട സാഹചര്യം

ഒക്ടോബർ 10- ലോകമൊന്നാകെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ
മാറ്റിവെച്ച ദിവസമാണിന്ന്. എന്തു വില കൊടുത്തും നമ്മൾ നിലനിർത്തേണ്ട മാനസികാരോഗ്യത്തെക്കുറിച്ച് വാസ്തവത്തിൽ എല്ലാ ദിവസവും ചിന്തിക്കേണ്ട അവസ്ഥയിലെത്തി നിൽക്കുന്നു ഇന്ത്യയിലെ സാഹചര്യം.
ഈ വർഷത്തെ ആഗോള പ്രമേയം “മാനുഷികപരമായ അടിയന്തിരാവസ്ഥകളിലെ മാനസികാരോഗ്യം” (Mental health in humanitarian emergencies) എന്നതാണ്. ദുരന്തങ്ങളിലും ആപത്ഘട്ടങ്ങളിലും മാനസികാരോഗ്യ സേവനലഭ്യത സജ്ജീകരിക്കേണ്ടതിൻ്റെ പ്രധാന്യം വിളിച്ചോതുന്ന പ്രമേയം, നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
ദുരന്തങ്ങൾ മനുഷ്യനിർമ്മിതമായാലും പ്രകൃതി നൽകുന്നതായാലും, അതിന് ഇരയാക്കപ്പെടുന്നവർക്കും അവരെ അറിയുന്നതും അറിയാത്തതുമായ മനുഷ്യർക്കും അതേൽപ്പിക്കുന്ന മുറിവ് കാലങ്ങളോളം മായാതെ നിൽക്കും.
പ്രകൃതിദുരന്തങ്ങളും സാമൂഹിക സമ്മർദ്ദങ്ങളും പലതരം പ്രതിസന്ധികളും ബാക്കിവെച്ചുപോകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഏറിവരുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിഷയം വളരെ പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെ.
ഇന്ത്യയുടെ മാനസികാരോഗ്യ മേഖല, നമ്മൾ നേരിടുന്ന വെല്ലുവിളികൾ, അവയെ നേരിടാനുള്ള നവീന ആശയങ്ങൾ, ഈ മാറ്റങ്ങളിൽ നമുക്ക് എങ്ങനെ പങ്കാളികളാകാൻ കഴിയും എന്നതിനെക്കുറിച്ചെല്ലാം വിശദമായി നമുക്ക് പരിശോധിക്കാം.
ഇന്ത്യയിലെ സാഹചര്യം
ഉയർന്ന രോഗവ്യാപനം, കുറഞ്ഞ ചികിത്സാ ലഭ്യത
- ദേശീയ മാനസികാരോഗ്യ സർവേ (National Mental Health Survey) പ്രകാരം, രാജ്യത്തെ 10.6% മുതിർന്ന പൗരൻമാരും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നാണ്.
- ആജീവനാന്ത രോഗവ്യാപനം (Lifetime Prevalence) ഇതിലും കൂടുതലാണ്—ഏകദേശം 13.7% വരെ.
- ജനസംഖ്യയുടെ ഏകദേശം 15% പേർ വിവിധതരം മാനസികാരോഗ്യ പ്രശ്നങ്ങളാൽ (ഉത്കണ്ഠ, വിഷാദം മുതലായവ) ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.
- എങ്കിലും ചികിത്സാലഭ്യത തീരെ കുറവാണ്: മാനസികാരോഗ്യ പരിചരണം ആവശ്യമുള്ളവരിൽ 80 ശതമാനത്തിലേറെപ്പേർക്ക് അത് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും പരിമിതി
- രാജ്യത്തിൻ്റെ ആരോഗ്യ ബഡ്ജറ്റിൽ നിന്ന് വളരെ ചെറിയൊരു ഭാഗം മാത്രമാണ് മാനസികാരോഗ്യത്തിനായി ചെലവഴിക്കുന്നത്.
- ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ എണ്ണം വളരെ കുറവാണ്.
- ഗ്രാമങ്ങളിലും വിദൂരമേഖലകളിലും ജീവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും പലപ്പോഴും മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല.
സാമൂഹികവും സാംസ്കാരികവുമായ പ്രതിബന്ധങ്ങൾ
- പുറത്തറിഞ്ഞാലത്തെ നാണക്കേടിനെക്കുറിച്ചുള്ള ചിന്തയും സമൂഹത്തിൻ്റെ കാഴ്ച്ചപ്പാടും തുറന്നു പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നതും പലരെയും സഹായം തേടുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു.
- മാനസികനിലയിലെ വ്യതിയാനം രോഗാവസ്ഥയായി കാണുന്നതിനു പകരം, പലപ്പോഴും വ്യക്തിപരമായ ബലഹീനതയായി കണക്കാക്കപ്പെടുന്നു.
- സാംസ്കാരികമായ സമ്മർദ്ദങ്ങൾ, സ്വകാര്യതയെക്കുറിച്ചുള്ള സാമൂഹിക കുരുക്കുകൾ, അവബോധമില്ലായ്മ എന്നിവ പ്രശ്നം കൂടുതൽ വഷളാക്കുന്നു.
ആത്മഹത്യയും യുവജന പ്രതിസന്ധിയും
- ഇന്ത്യയിൽ ആത്മഹത്യ ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയാണ്.
- യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഉയർന്ന സമ്മർദ്ദമുള്ള വിദ്യാഭ്യാസ-തൊഴിൽ സാഹചര്യങ്ങളിൽ, മാനസിക അസ്വസ്ഥത കൂടുതലാണ്.
“മാനുഷികപരമായ അടിയന്തിരാവസ്ഥകളിലെ മാനസികാരോഗ്യം” ഇന്ത്യയിൽ പ്രസക്തമാകാൻ കാരണം
ഇന്ത്യയിൽ പ്രളയം, വരൾച്ച, ഭൂകമ്പം, സാമൂഹിക സംഘർഷങ്ങൾ, പലായനം എന്നിങ്ങനെ അടിയന്തിരാവസ്ഥകൾ പതിവായി ഉണ്ടാകാറുണ്ട്. ഇത്തരം ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും മാനസികാരോഗ്യം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത കുതിച്ചുയരുന്നു:
- ദുരന്തങ്ങളെ അതിജീവിച്ചവർ പലപ്പോഴും കടുത്ത ആഘാതം, ദുഃഖം, PTSD, വിഷാദം എന്നിവ അനുഭവിക്കുന്നു.
- പലായനം ചെയ്ത സമൂഹങ്ങൾക്ക് സാമൂഹിക പിന്തുണയില്ലായ്മ,ദൈനംദിന ജീവിതത്തിലെ താളപ്പിഴകൾ, വ്യക്തിത്വത്തിലെ മാറ്റങ്ങൾ എന്നിവ നേരിടുന്നു.
- പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ (ഗോത്രവർഗ്ഗക്കാർ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ) കൂടുതൽ ദുർബലരാണ്.
- മാനസികാരോഗ്യ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കൊപ്പം ഇത്തരം അടിയന്തിരാവസ്ഥകൾ കൂടി ഉണ്ടാകുന്നതോടെ വ്യക്തികൾ വലിയ പ്രതിസന്ധിയിലേക്ക് വീണുപോകാൻ സാധ്യതയുണ്ട്.
അതുകൊണ്ട്, ലോക മാനസികാരോഗ്യ ദിനം 2025 ആചരിക്കുന്നത് കേവലം ഒരു പ്രതീകാത്മകമായ കാര്യം മാത്രമല്ല. ഇത് എല്ലാ ജില്ലകളിലും സംസ്ഥാനങ്ങളിലും പ്രതിരോധശേഷിയുള്ള മാനസികാരോഗ്യ സംവിധാനങ്ങൾ നിർമ്മിക്കാനുള്ള ഒരു ആഹ്വാനം കൂടിയാണ്.
പ്രതിരോധത്തിൻ്റെ കഥകൾ (ഇന്ത്യയിൽ നിന്നുള്ള കാഴ്ചകൾ)
നിരവധി കഥകൾ ഇനിയും പുറത്തുവരാനുണ്ടെങ്കിലും, ചില പൊതുവായ ഉദാഹരണങ്ങൾ പ്രത്യാശയ്ക്ക് മാറ്റുകൂട്ടുന്നു:
- ഗുജറാത്തിലെ ടെലി-മാനസ് ഹെൽപ്‌ലൈൻ (Tele-MANAS Helpline): പ്രതിസന്ധികൾ നേരിട്ട ശേഷം, സമ്മർദ്ദം, ഉത്കണ്ഠ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ദിവസവും ഏകദേശം 100 കോളുകൾ ഈ ഹെൽപ്പ് ലൈനിലേക്ക് എത്തുന്നുണ്ട്.
- ലൈഫ്‌ലൈൻ ഫൗണ്ടേഷൻ (കൊൽക്കത്ത) പോലുള്ള എൻ.ജി.ഒകൾ ദീർഘകാലമായി സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങൾ പരിഗണിക്കാതെ, ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക് ടെലിഫോൺ കൗൺസിലിംഗ് നൽകുന്നു.
ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ശ്രമങ്ങൾ ചെറുതാണെങ്കിലും, മനസ്സ് കലങ്ങി മറിയുന്ന സമയത്ത് വിളിക്കാനും തുറന്നുപറയാനും അത് ശ്രദ്ധയോടെ കേൾക്കാനും അപ്പുറത്ത് ഒരു സാന്നിദ്ധ്യമുണ്ടാകുന്നതിന് അതീവ പ്രാധാന്യമുണ്ടെന്ന് ഈ ഉദാഹരണങ്ങൾ നമ്മളോട് പറയുന്നു.
മാനസികാരോഗ്യപ്രാപ്തി നേടാൻ ഇന്ത്യയ്ക്ക് വേണ്ടത്
മാനസികാരോഗ്യ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ത്യ ഊന്നൽ നൽകേണ്ട പ്രധാന മേഖലകൾ ഇവയാണ്:
1. പ്രാഥമികാരോഗ്യ പരിപാലനത്തിലേക്കുള്ള സംയോജനം
മാനസികാരോഗ്യ പരിചരണം അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമാകണം. സ്ക്രീനിംഗ്, കൗൺസിലിംഗ്, നേരത്തെയുള്ള റഫറൽ എന്നിവയ്ക്കായി ആളുകൾ വിദഗ്ദ്ധ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കണം.
2. ഡിജിറ്റൽ, ടെലി-മാനസികാരോഗ്യ പരിഹാരങ്ങൾ
ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ ഉപയോഗവും ടെലികോം ശൃംഖലയുടെ വ്യാപനവും അവസരമായി കാണക്കാക്കാം. സാംസ്കാരിക സംവേദനക്ഷമതയുള്ള ചാറ്റ്ബോട്ടുകൾ, രഹസ്യാത്മകതയുള്ള ഹെൽപ്‌ലൈനുകൾ, ടെലിസൈക്യാട്രി എന്നിവയിലൂടെ ഈ ലഭ്യതക്കുറവ് നികത്താൻ കഴിയും. (ഉദാഹരണത്തിന്: കൗമാരക്കാരുടെ മാനസികാരോഗ്യത്തിനായുള്ള ഡിജിറ്റൽ ചാറ്റ്ബോട്ട് മോഡലുകൾ)
3. സമീപനം മാറണം, മാനസികാരോഗ്യ സാക്ഷരത നൽകണം
അവബോധ കാമ്പെയ്‌നുകൾ, സ്കൂളുകളിലെ ജീവിത നൈപുണ്യ വിദ്യാഭ്യാസം, തുറന്ന സമീപനം എന്നിവയിലൂടെ നാണക്കേട് ഉളവാക്കുന്ന പ്രശ്നങ്ങൾ മാററാനും സഹായം തേടുന്നതിനെ പ്രോത്സാഹിപ്പിക്കാനും സാധിക്കും.
4. നയങ്ങളും ഫണ്ടിംഗും ശക്തിപ്പെടുത്തുക
ഇന്ത്യയുടെ നയങ്ങൾ (മാനസികാരോഗ്യ സംരക്ഷണ നിയമം 2017, ദേശീയ മാനസികാരോഗ്യ പരിപാടി) വികാസം പ്രാപിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഫണ്ടിംഗും പ്ര ായോഗിക തലത്തിൽ പ്രവർത്തനങ്ങളും ഉറപ്പാക്കണം.
5. കമ്മ്യൂണിറ്റി അധിഷ്ഠിത പിയർ, വോളണ്ടിയർ പിന്തുണ
കമ്മ്യൂണിറ്റി മാനസികാരോഗ്യ പ്രവർത്തകർ, പിയർ കൗൺസിലർമാർ, സപ്പോർട്ട് ഗ്രൂപ്പുകൾ എന്നിവയ്ക്ക് ആശുപത്രികൾക്കപ്പുറം വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് പരിചരണം എത്തിക്കാൻ കഴിയും.
6. മാനസികാരോഗ്യത്തിനായി അടിയന്തിര മുന്നൊരുക്കങ്ങൾ
ദുരന്ത നിവാരണത്തിനായുള്ള നടപടികളിൽ സൈക്കോളജിക്കൽ ഫസ്റ്റ്-എയ്ഡ്, ട്രോമ കൗൺസിലിംഗ്, ദീർഘകാല സൈക്കോസോഷ്യൽ പിന്തുണ എന്നിവയും ഉൾച്ചേർക്കണം.
നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും (ഒരു വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും)
മാറ്റത്തിനായുള്ള ഈ യാത്രയിൽ നമ്മൾ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇതാ:
- സ്വയം ശ്രദ്ധിക്കാം, മറ്റുള്ളവർക്കും ശ്രദ്ധ നൽകാം: തുറന്നുചോദിക്കുക, ക്ഷമയോടെ കേൾക്കുക, വൈകാരികമായ സംഭാഷണങ്ങൾ സാധാരണമാക്കുക.
- വൈകാരിക നിയന്ത്രണമാർഗ്ഗങ്ങൾ പഠിക്കുക: ശ്വസന വ്യായാമങ്ങൾ, ജേണലിംഗ്, ലളിതമായ കോഗ്നിറ്റീവ് ടെക്നിക്കുകൾ എന്നിവ പരിശീലിക്കുക.
- ഹെൽപ്‌ലൈനുകൾക്കും എൻ.ജി.ഒ-കൾക്കും പിന്തുണ നൽകുക: സംഭാവനകൾ നൽകുക, വോളണ്ടിയറായി പ്രവർത്തിക്കുക, അവബോധം വളർത്തുക.
- ഏവർക്കും മാനസികാരോഗ്യം ഉറപ്പാക്കാൻ പ്രവർത്തിക്കുക: സ്കൂളുകൾ, തൊഴിലിടങ്ങൾ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കാൻ സജീവമായി പ്രവർത്തിക്കുക.
- പ്രത്യാശയുടെ ജീവിതപാഠങ്ങൾ പങ്കുവെയ്ക്കുക: ഒറ്റയ്ക്കല്ല എന്ന തോന്നൽ മറ്റുള്ളവർക്ക് നൽകാൻ വേണ്ടി നല്ല അനുഭവങ്ങൾ പങ്കുവെയ്ക്കുക.
ലോക മാനസികാരോഗ്യ ദിനം കലണ്ടറിൽ കടന്നുപോകുന്ന ഒരു തിയതി മാത്രമല്ല, അതൊരു പ്രചോദനമാണ്. ഇന്ത്യയിൽ, മാനസികാരോഗ്യം എന്നത് സാമൂഹ്യ നീതി, ആരോഗ്യ സമത്വം, വ്യക്തികളുടെ അന്തസ്സ് എന്നിവയുടെയെല്ലാം സംഗമസ്ഥാനത്താണ് നിലകൊള്ളുന്നത്.
നമ്മുടെ വാക്കുകൾ കൊണ്ട് ഒരാൾ ആത്മഹത്യയിൽ നിന്ന് പിന്തിരിയുകയാണെങ്കിൽ, കുറച്ചു സമയം കേൾക്കാനുള്ള ക്ഷമ കൊണ്ട്, ആരുടെയെങ്കിലും നെഞ്ചിലെ തീ അണയ്ക്കാൻ കഴിഞ്ഞാൽ, മാനസികാരോഗ്യ വിദഗ്ധനെ കാണാൻ സഹായിക്കുന്നതിലൂടെ
ആരുടെയെങ്കിലും മനസ്സിലെ കുരുക്കുകൾ അഴിക്കാൻ കഴിഞ്ഞാൽ, ഒറ്റയ്ക്കല്ല എന്ന ഒരു വാക്ക് കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ, അപ്പോൾ ഈ ദിനം അതിൻ്റെ ലക്ഷ്യം പൂർത്തിയാക്കി എന്ന് പറയാം.




