ലോക ഹൃദയദിനം 2025: ഹൃദയങ്ങൾക്ക് സൗഖ്യമേകാം, ജീവൻ സംരക്ഷിക്കാം

ലോക ഹൃദയദിനം 2025: ഹൃദയങ്ങൾക്ക് സൗഖ്യമേകാം, ജീവൻ സംരക്ഷിക്കാം

മനുഷ്യ ഹൃദയത്തിന്റെ ഓരോ മിടിപ്പും വാസ്തവത്തിൽ ഒരത്ഭുത പ്രതിഭാസമാണ്—വിശ്രമം എന്തെന്നറിയാത്ത, താളാത്മകമായ, ജീവൻ നിലനിർത്തുന്ന സ്പന്ദനം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്നതും ഹൃദ്രോഗം തന്നെയാണ്. ഓരോ വർഷവും ഏകദേശം 18 ദശലക്ഷം ജീവനുകളാണ് ഹൃദ്രോഗം കവർന്നെടുക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഓരോ 1.7 സെക്കൻഡിലും ഒരു ജീവൻ നഷ്ടമാകുന്നുണ്ട് എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

സെപ്റ്റംബർ 29-ന് ലോക ഹൃദയദിനം ആചരിക്കുമ്പോൾ, ബോധവൽക്കരണം എന്നതിനപ്പുറം അത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്: ഒരു നിമിഷം, ഹൃദയതാളത്തിന് ചെവിയോർക്കാനും ഏറെ വൈകുംമുമ്പ്  ഉണർന്നു പ്രവർത്തിക്കാനും. ഈ വർഷത്തെ സന്ദേശം കേവലം അവബോധത്തിനപ്പുറം, ഓരോ മിടിപ്പും നമ്മൾ കൈവിടാതെ കാത്തുവെയ്ക്കണമെന്ന് ഓർമ്മിപ്പിക്കാൻ കൂടിയുള്ളതാണ്.   

ഹൃദയാരോഗ്യത്തിന്റെ വൈകാരിക സ്പന്ദനങ്ങൾ

ഹൃദയാഘാതത്തിൽ നിന്ന് ഒരാൾ രക്ഷപ്പെടുമ്പോൾ, ആ വ്യക്തിയുടെ ജീവിതം മാത്രമല്ല മാറുന്നത്. കുടുംബങ്ങൾ പുനഃസംഘടിപ്പിക്കപ്പെടുന്നു, മുൻഗണനകൾ മാറുന്നു, ഓരോ ഹൃദയമിടിപ്പിനോടും പുതിയൊരു കരുതൽ ഉടലെടുക്കുന്നു.

  • 38 വയസ്സുള്ള റിത, കൊച്ചിയിലെ ഓഫീസിലേക്ക് തിരക്കിട്ട് പോകുമ്പോൾ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു. അത് നെഞ്ചെരിച്ചിലാണെന്ന് കരുതി അവർ അവഗണിച്ചു. മണിക്കൂറുകൾക്ക് ശേഷം, ഹൃദയാഘാതത്തെ തുടർന്ന് അവർക്ക് ICU-വിൽ കിടക്കേണ്ടി വന്നു.  ഇന്ന്, അവർ തൻ്റെ അനുഭവം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പങ്കുവെയ്ക്കുന്നു. തിരക്കുകൾക്കിടയിൽ സ്വന്തം ഹൃദയമിടിപ്പിന് കൂടി ശ്രദ്ധ നൽകേണ്ടതിൻ്റെ ആവശ്യം അവർ വിശദമാക്കുന്നു. ഹൃദ്രോഗം പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല എന്ന് സ്വാനുഭവത്തിൽ നിന്ന് അവർ സ്ത്രീകളോട് പറയുന്നു. 
  • ഡോ. മൈക്കിൾ ഡിബേക്കിയുടെ കഥ, നാം എത്ര ദൂരം മുന്നോട്ട് പോയി എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. “ആധുനിക കാർഡിയോവാസ്കുലർ സർജറിയുടെ പിതാവ്” എന്നറിയപ്പെടുന്ന അദ്ദേഹം, ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ബൈപാസ് സർജറി സംവിധാനത്തിന് തുടക്കമിട്ടു. 97-ആം വയസ്സിൽ, അദ്ദേഹം രൂപകൽപ്പന ചെയ്യാൻ സഹായിച്ച ഉപകരണം ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് സ്വയം വിധേയനായി, അങ്ങനെ വരും തലമുറയിലെ ഡോക്ടർമാർക്ക് പ്രചോദനമേകി,വർഷങ്ങളോളം ജീവിതം നയിച്ചു.

ഈ കഥകൾ ശാസ്ത്രത്തെക്കുറിച്ച് മാത്രമല്ല—അത് അതിജീവനത്തെയും പോരാടാനുള്ള ഇച്ഛാശക്തിയെയും കുറിച്ചുകൂടിയാണ്.

പുതിയ മാറ്റങ്ങൾ: 2025-ലെ നൂതനാശയങ്ങൾ

ഹൃദയ സംബന്ധമായ രോഗങ്ങളുമായി ജീവിക്കുന്നവർക്ക് ആധുനിക വൈദ്യശാസ്ത്രം വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചില ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഇതാ:

1.കാർഡിയോളജിയും നിർമ്മിത ബുദ്ധിയും (AI): 

AI സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇസിജി മെഷീനുകളും സ്മാർട്ട് വാച്ചുകളും ഇപ്പോൾ അട്രിയൽ ഫൈബ്രിലേഷൻ പോലുള്ള ക്രമരഹിതമായ ഹൃദയമിടിപ്പുകളും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളും വരെ തിരിച്ചറിയാൻ കഴിവുള്ളവയാണ്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപുതന്നെ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

2.പുനരുജ്ജീവന ഹൃദയ ചികിത്സ: 

ഹൃദയാഘാതത്തിനു ശേഷം തകരാറിലായ ഹൃദയ പേശികളെ പഴയ പടിയാക്കാൻ സ്റ്റെം സെൽ, ജീൻ തെറാപ്പികൾ തുടങ്ങിയവ വലിയ പ്രതീക്ഷ നൽകുന്നു. ആജീവനാന്തം ഹൃദയത്തകരാറുകളുമായി ജീവിക്കുന്നതിന് പകരം പെട്ടെന്നുതന്നെ ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ രോഗികളെ സഹായിക്കുന്നതരം ചികിൽസാമാറ്റങ്ങൾ വൈകാതെ വന്നേക്കാം  .

3.ശരീരത്തിൽ ധരിക്കാവുന്ന ഡിഫിബ്രില്ലേറ്ററുകളും മിനി ഐസിഡികളും: 

പെട്ടെന്നുള്ള ഹൃദയസ്തംഭന സാദ്ധ്യതയുള്ളവർക്കായി, പുതു തലമുറയിലെ ധരിക്കാവുന്നതരം ഡിഫിബ്രില്ലേറ്ററുകളും ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ-ഡിഫിബ്രില്ലേറ്ററുകളും (ICDs) ഗുണം ചെയ്യും. ഇത് ഭാരം കുറഞ്ഞതും മികവുറ്റതുമാണ്. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ ഇവ വലിയ പങ്കു വഹിക്കുന്നു.

4.ട്രാൻസ്കത്തീറ്റർ വാൽവ് ചികിത്സകൾ:

TAVR (ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ്) പോലുള്ള ഏറ്റവും ചെറിയ മുറിവുണ്ടാക്കിയുള്ള ശസ്ത്രക്രിയകൾ പല രോഗികൾക്കും ഓപ്പൺ ഹാർട്ട് സർജറികൾക്ക് പകരമാകുന്നു. ഇത് പ്രായമായവർക്കും ആരോഗ്യം തീരെ കുറഞ്ഞവർക്കും ഹൃദയ ചികിത്സ സാദ്ധ്യമാക്കുന്നു.

5.3D പ്രിന്റ് ചെയ്ത ഹൃദയ വാൽവുകളും രക്തക്കുഴലുകളും ഇത് പരീക്ഷണ ഘട്ടത്തിൽ നിന്ന് ക്ലിനിക്കൽ ഉപയോഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.  സങ്കീർണ്ണമായ തകരാറുകളുള്ള രോഗികൾക്ക് വ്യക്തിഗതമായ ചികിൽസാഫലം ഇത് സാദ്ധ്യമാക്കുന്നു.

ചരിത്രത്തിൽ നിന്ന് : ഹൃദയശാസ്ത്രം മാറ്റിയെഴുതിയ ധീരത

വൈദ്യശാസ്ത്ര ചരിത്രം, പ്രതികൂല അവസ്ഥകളെ വലിയ കണ്ടുപിടിത്തങ്ങളാക്കി പരിവർത്തനം ചെയ്ത നായകന്മാരുടെ കഥകൾ കൊണ്ട് സമ്പുഷ്ടമാണ്:

  • 1967-ൽ, ഡോ. ക്രിസ്റ്റ്യൻ ബർണാഡ് ലോകത്തിലെ ആദ്യത്തെ മനുഷ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ  ദക്ഷിണാഫ്രിക്കയിൽ വിജയകരമായി നടത്തി. അദ്ദേഹത്തിന്റെ രോഗിയായ ലൂയിസ് വാഷ്‌കാൻസ്കി ശസ്ത്രക്രിയക്ക് ശേഷം 18 ദിവസം ജീവിച്ചു. ഈ രോഗിയുടെയും ഡോക്ടറുടെയും ധൈര്യം വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ചു. ഇന്ന്, ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പതിനായിരക്കണക്കിന് ആളുകൾ ആരോഗ്യത്തോടെ ജീവിക്കുന്നു.
  • ഇന്ത്യയിൽ, ഡോ. ദേവി ഷെട്ടി, പാവപ്പെട്ടവർക്ക് വളരെ കുറഞ്ഞ ചെലവിൽ ഹൃദയ ശസ്ത്രക്രിയകൾ ലഭ്യമാക്കി, ഹൃദയ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു. ചികിത്സയ്ക്ക് പണം നൽകാൻ കഴിയാത്തതുകൊണ്ട് മാത്രം ആരും മരണത്തിലേക്ക് പോകില്ലെന്ന് അദ്ദേഹം ഉറപ്പാക്കി.

ഓരോ ഉപകരണത്തിനും മരുന്നിനും സ്റ്റെന്റിനുമൊക്കെ പിന്നിൽ മനുഷ്യന്റെ ഇച്ഛാശക്തിയും കഠിനപ്രയത്നവും ദീർഘവീക്ഷണവും ഉണ്ടെന്ന് ഈ ചരിത്ര സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമുക്കും ശ്രദ്ധിക്കാം

ലോക ഹൃദയദിനം എന്നത് ലാബുകളിലെ കണ്ടെത്തലുകൾക്ക് വേണ്ടി മാത്രമല്ല. അത്, ആരോഗ്യം സംബന്ധിച്ച്  നമ്മൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കും വേണ്ടിയുള്ളതാണ്:

1.ഈ പരിശോധനകൾ മറക്കണ്ട:  നിങ്ങളുടെ രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ എന്നിവ കൃത്യമായി പരിശോധിക്കുക.

2.കൂടുതൽ സജീവമാകാം: ദിവസവും 30 മിനിറ്റ് വേഗത്തിൽ നടന്നാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം.

3.ഹൃദയത്തിന് വേണ്ടി ഭക്ഷണം കഴിക്കാം:  പഴങ്ങൾ, നട്‌സ്, ധാന്യങ്ങൾ, കുറഞ്ഞ അളവിൽ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ശീലമാക്കുക.

4.പുകയിലയും മദ്യവും വേണ്ട: ഓരോ സിഗരറ്റും നിങ്ങളുടെ ശ്വാസവും ഹൃദയമിടിപ്പിന്റെ ആയുസ്സും കുറയ്ക്കുന്നു.

5.ശരീരം പറയുന്നത് ശ്രദ്ധിക്കുക: നെഞ്ചുവേദന, ക്ഷീണം, അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ അവഗണിക്കരുത്.

ഹൃദയത്തിൽ നിന്നുള്ള ആഹ്വാനം

ലോക ഹൃദയദിനം ആചരിക്കുന്നതിലൂടെ, ഹൃദ്രോഗത്തിനെതിരെ ധീരമായി പോരാടിയവരെയാണ് നാം ആദരിക്കുന്നത്. ഹൃദയാരോഗ്യത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന ഡോക്ടർമാരെയും നൂതനാശയങ്ങൾ കൊണ്ടുവരുന്ന പ്രഗൽഭരെയും നമുക്കോർക്കാം. പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലതെന്ന് ഒരിക്കൽക്കൂടി സ്വയം ഓർമ്മിപ്പിക്കാം.

നമ്മുടെ ഹൃദയം ഒരു ദിവസം ഒരു ലക്ഷത്തിലധികം തവണ സ്പന്ദിക്കുന്നു—ഓരോ സ്പന്ദനവും നമുക്കും നമ്മുടെ  പ്രിയപ്പെട്ടവർക്കുമുള്ള വാഗ്ദാനമാകട്ടെ: കൂടുതൽ കാലം, കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ  നൽകുന്ന വാഗ്ദാനം.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe