ലോക ഭക്ഷ്യദിനം 2025: നല്ല ഭക്ഷണത്തിനും ശോഭനമായ ഭാവിക്കും വേണ്ടി കൈകോർക്കാം!

ലോക ഭക്ഷ്യദിനം 2025: നല്ല ഭക്ഷണത്തിനും ശോഭനമായ ഭാവിക്കും വേണ്ടി കൈകോർക്കാം!

ആമുഖം 

എല്ലാ വർഷവും ഒക്ടോബർ 16ന്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) നേതൃത്വത്തിൽ ലോകമെമ്പാടും ലോക ഭക്ഷ്യദിനം ആഘോഷിച്ചു വരുന്നു.

ഭക്ഷണത്തെക്കുറിച്ച് പറയാൻ മാത്രമുള്ള ദിവസമല്ല ഇത്. വിശപ്പും പോഷകാഹാരക്കുറവും അസമത്വവുമില്ലാത്ത, ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഒരു നേരമെങ്കിലും വയറു നിറയെ ആഹാരം കഴിക്കാൻ കഴിയുന്ന, വിശപ്പുരഹിത ലോകത്തിന് വേണ്ടിയുള്ള ആഹ്വാനം കൂടിയാണിത്.

“നല്ല ഭക്ഷണത്തിനും, ശോഭനമായ ഭാവിക്കുമായി കൈകോർക്കാം!” എന്നതാണ് ഈ വർഷത്തെ പ്രമേയം. രാഷ്ട്ര-വർഗ്ഗ ഭേദമില്ലാതെ മനുഷ്യരെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോടുന്ന സന്ദേശമാണിത് നൽകുന്നത്. സുസ്ഥിരവും നീതിയുക്തവുമായ ഭക്ഷ്യവ്യവസ്ഥയിലേക്കുള്ള ഈ യാത്രയിൽ, എല്ലാ കൈകളും എല്ലാ മനസ്സും എല്ലാ ഹൃദയവും ഒരേപോലെ അനിവാര്യമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രമേയത്തിന്റെ അർത്ഥതലങ്ങൾ 

“കൈകോർക്കാം” എന്നത് ഐക്യദാർഢ്യത്തിനും ഉത്തരവാദിത്തത്തിൽ ഏവരുടെയും പങ്കാളിത്തത്തിനും ഊന്നൽ നൽകുന്നു.

ആഹാരമെന്നത്,  ഒരു സാധാരണ ഉൽപ്പന്നത്തിനുമപ്പുറം, അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. ആരോഗ്യത്തിന്റെയും അന്തസ്സിന്റെയും സമൂഹത്തിന്റെ തന്നെയും അടിത്തറയാണ്. എന്നിട്ടും, ഇന്ന് ലോകമെമ്പാടുമുള്ള ഏകദേശം 735 ദശലക്ഷം മനുഷ്യർ വിശന്നു വലയുന്നു. വർഷം തോറും ഒരു ബില്യൺ ടണ്ണിലധികം ഭക്ഷണം പാഴാക്കപ്പെടുന്നുണ്ട് എന്ന വസ്തുത കൂടി ചേർത്തു വായിക്കുമ്പോഴാണ്, ലോകത്ത് എത്രപേർ വിശന്നുറങ്ങുന്നു, എത്ര പേർ ഭക്ഷണം പാഴാക്കിക്കളയുന്നു എന്നത് സംബന്ധിച്ചുള്ള ഏകദേശക്കണക്ക് നമുക്ക് ബോധ്യമാവുക.

സുസ്ഥിരമായ രീതിയിൽ പോഷകസമൃദ്ധമായ ഭക്ഷണം ഉൽപ്പാദിപ്പിക്കപ്പെടുകയും അത് എല്ലായിടത്തുമുള്ള എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാനായി സർക്കാരുകൾ, കർഷകർ, വ്യാപാരികൾ, ശാസ്ത്രജ്ഞർ, ഉപഭോക്താക്കൾ, സാധാരണക്കാർ എന്നിവരെല്ലാം ഒന്നിക്കണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു.

മെച്ചപ്പെട്ട ഭക്ഷ്യവ്യവസ്ഥ എന്നാൽ കൂടുതൽ ഉത്പാദനം നടത്തുക എന്നു മാതമല്ല വിവക്ഷിക്കുന്നത്,  മികച്ച ഗുണമേന്മ, ലഭ്യത, വൈവിധ്യം, സുസ്ഥിരത എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒന്നായിരിക്കണമത് എന്നുകൂടിയാണ്.

ഭക്ഷ്യസുരക്ഷ എന്തുകൊണ്ട് ഇത്രയേറെ പ്രാധാന്യമർഹിക്കുന്നു 

നമ്മുടെ ലോകം ഇന്ന് അഭൂതപൂർവമായ വെല്ലുവിളികളുടെ സംഗമസ്ഥാനമാണ്. — കാലാവസ്ഥാ വ്യതിയാനങ്ങൾ, സംഘർഷങ്ങൾ, മണ്ണിന്റെ ശോഷണം, സാമ്പത്തിക അസമത്വങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷ്യോൽപ്പാദനം, വിതരണം, ഉപഭോഗം എന്നീ ഘടകങ്ങളെയെല്ലാം ഇതു ബാധിക്കുന്നുണ്ട്.

  • കാലാവസ്ഥാ മാറ്റം വിളകളുടെ ഉൽപ്പാദനത്തിനും ജലസ്രോതസ്സുകൾക്കും ഭീഷണിയാകുന്നു.
  • പോഷകാഹാരക്കുറവ് ഇന്നും ദശലക്ഷക്കണക്കിന് കുട്ടികളെ, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ, ബാധിക്കുന്നുണ്ട്.
  • ഭക്ഷ്യവില വർദ്ധന, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം അപ്രാപ്യമാക്കുന്നു.
  • ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുന്നത് ലോകമെമ്പാടുമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനത്തിന്റെ ഏകദേശം 10% പങ്കുവഹിക്കുന്നു.

നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ, ലോകത്തിന് ഭക്ഷണം നൽകുന്നതിൽ മാത്രമല്ല, അത് സുസ്ഥിരമായി പോഷിപ്പിക്കുന്നതിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം.

കൈകോർക്കാം: മാറ്റത്തിനായി

ഭക്ഷ്യ കാർഷിക സംഘടനയുടെ ‘കൈകോർക്കാം സംരംഭം’, ഈ വർഷത്തെ പ്രമേയത്തിന് തികച്ചും അനുയോജ്യമാണ്.

എല്ലാ വ്യക്തികളും സംഘടനകളും രാജ്യങ്ങളും ഒത്തൊരുമിച്ച് സാങ്കേതികവിദ്യയും ഗവേഷണവും നവീകരണവും പങ്കുവെച്ച്, വിശന്നു വലയുന്നവരുടെ എണ്ണം കുറയ്ക്കാനും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കാനും എഫ് എ ഒ ലക്ഷ്യമിടുന്നു.

കൂട്ടായ്മയിലൂടെ എങ്ങനെ മാറ്റങ്ങൾ സൃഷ്ടിക്കാം

കർഷകർക്കും ഗ്രാമീണ സമൂഹങ്ങൾക്കും കരുത്തേകുക

ലോകത്തിലെ ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഉൽപ്പാദിപ്പിക്കുന്നത് ചെറുകിട കർഷകരാണ്, എന്നിട്ടും അവരിൽ പലരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെയും ന്യായമായ വ്യാപാര സംവിധാനങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും അവരെ പിന്തുണയ്ക്കുന്നത് വഴി, അടിത്തട്ടിൽ നിന്ന് തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുക

പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നവ വാങ്ങുന്നത് കർഷകരെ പിന്തുണയ്ക്കുക മാത്രമല്ല, കാർബൺ ബഹിർഗമനം കുറയ്ക്കാനും സഹായിക്കുന്നു. സീസണനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നത് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പുതുമ നൽകുകയും പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

ഭക്ഷ്യവസ്തുക്കൾ പാഴാക്കാതിരിക്കാം

ആവശ്യമുള്ളത് മാത്രം ശ്രദ്ധയോടെ വാങ്ങുക, ശരിയായ  രീതിയിൽ സംഭരിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ നമ്മൾ ഓരോരുത്തർക്കും ഇതിൽ പങ്ക് വഹിക്കാൻ കഴിയും.  അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലായി, ഹരിതഗൃഹ വാതകങ്ങളുടെ മൂന്നാമത്തെ വലിയ ഉൽപ്പാദകരാണ് നമ്മൾ.

പോഷകാഹാര വിദ്യാഭ്യാസം 

യഥാർത്ഥ ഭക്ഷ്യസുരക്ഷ എന്നാൽ കലോറിയെക്കുറിച്ചുള്ള കണക്കെടുപ്പ് മാത്രമല്ല — അത് പോഷകങ്ങളെക്കുറിച്ചു കൂടിയാണ്. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം പ്രോത്സാഹിപ്പിക്കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ തടയാൻ സഹായിക്കും.

നയങ്ങളും നവീകരണവും 

സ്മാർട്ട് ജലസേചനം മുതൽ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിതരണ ശൃംഖലകൾ വരെ, സാങ്കേതികവിദ്യയ്ക്ക് വലിയ തോതിൽ കൃഷിയെ രൂപാന്തരപ്പെടുത്താൻ കഴിയും. മെച്ചപ്പെട്ട നയങ്ങളിലൂടെ ഈ നവീകരണങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും ചെറുകിട കർഷകർക്കും,തുല്യ പങ്കാളിത്തം ഉറപ്പാക്കണം.

നല്ല ഭക്ഷണം, ശോഭനമായ ഭാവി 

ഏതു ഭക്ഷണം കഴിക്കണം എന്നതു സംബന്ധിച്ച്, ഇന്നു കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ചാണ് നമ്മുടെ ഭാവി. 

നമ്മൾ ചെയ്യേണ്ടത്:

  • സുസ്ഥിരമായി കൃഷി ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുക,
  • ഭക്ഷണം പാഴാക്കിക്കളയുന്നത് ഒഴിവാക്കുക,
  • പ്രാദേശികവും വൈവിധ്യമാർന്നതുമായ ഭക്ഷണം കഴിക്കുക, കൂടാതെ

ആവശ്യമുള്ളവരുമായി നമ്മുടെ വിഭവങ്ങൾ പങ്കുവെക്കുക —

ഇതിലൂടെയെല്ലാം നമ്മൾ ആരോഗ്യമുള്ള ഭൂമിക്കും നീതിയുക്തമായ ഒരു സമൂഹത്തിനും സംഭാവന ചെയ്യുന്നു.

വിശപ്പ് തുടച്ചുനീക്കുന്നതിനെക്കുറിച്ച് മാത്രമല്ല, പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനെക്കുറിച്ച് കൂടിയാണിത് — അതുവഴി സമൂഹങ്ങൾക്ക് അഭിവൃദ്ധിപ്പെടാനും കർഷകർക്ക് സമൃദ്ധി നേടാനും ആവാസവ്യവസ്ഥയ്ക്ക് പുനരുജ്ജീവിക്കാനും കഴിയും.

ഭക്ഷ്യസുരക്ഷ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയുടെ പങ്ക്

വിശാലമായ കാർഷിക പാരമ്പര്യമുള്ള ഇന്ത്യ സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങളെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ദേശീയ പോഷകാഹാര ദൗത്യം (പോഷൻ അഭിയാൻ), പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടങ്ങിയ സംരംഭങ്ങൾ പോഷകാഹാരം, സാങ്കേതികവിദ്യ, കർഷകക്ഷേമം എന്നിവ സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ യഥാർത്ഥ ശക്തി ജനങ്ങളുടെ കൈകളിലാണ് — മണ്ണ് ഉഴുതുമറിക്കുന്ന കർഷകൻ മുതൽ ശ്രദ്ധാപൂർവ്വം ഭക്ഷണം തെരഞ്ഞെടുക്കുന്ന ഉപഭോക്താവ് വരെ എല്ലാവരിലും ആ ശക്തി ഉൾച്ചേർന്നിരിക്കുന്നു.

“കൈകോർത്ത്” പ്രവർത്തിക്കുന്നതിലൂടെ, പാരമ്പര്യവും ശാസ്ത്രവും സാമൂഹിക മൂല്യങ്ങളും സംയോജിപ്പിച്ചുകൊണ്ട്, എങ്ങനെ ഒരു ഭക്ഷ്യസുരക്ഷിത രാഷ്ട്രം സൃഷ്ടിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ  ഇന്ത്യയ്ക്ക് കഴിയും.

മുന്നോട്ടുള്ള പാത 

വിശപ്പില്ലാത്ത ഒരു ലോകത്തിലേക്കുള്ള യാത്ര സുദീർഘമാണ് എന്നതു ശരിയാണ്. പക്ഷ, അത് അസാദ്ധ്യമല്ല എന്നതാണ് വാസ്തവം.

സുസ്ഥിരവും പോഷകസമൃദ്ധവും സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവർക്കും പ്രാപ്യമാകുന്ന തരത്തിലുമുള്ള  ഭക്ഷണം ലഭ്യമാക്കാൻ കർഷകർ, ശാസ്ത്രജ്ഞർ, അദ്ധ്യാപകർ, പൗരന്മാർ എന്നു വേണ്ട, എല്ലാവിഭാഗങ്ങളിലുമുള്ളവരും ഒരുമിച്ച് പ്രവർത്തിക്കണം.

“ഭാവിയെ നമ്മൾ എങ്ങനെ പോഷിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭക്ഷണത്തിന്റെ ഭാവി.”

— എഫ്.എ.ഒ, ലോക ഭക്ഷ്യദിനം 2025

ഈ സുപ്രധാന ദിനത്തിൽ, നമ്മൾ കഴിക്കുന്നതിനെക്കുറിച്ചും അത് എങ്ങനെ ഉൽപ്പാദിപ്പിക്കുന്നു, അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമെല്ലാം ശ്രദ്ധാലുക്കളായിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

നമ്മൾ പങ്കുവെക്കുന്ന ഓരോ ഭക്ഷണവും നമ്മൾ സംരക്ഷിക്കുന്ന ഓരോ ധാന്യമണിയും നമ്മൾ പിന്തുണയ്ക്കുന്ന ഓരോ കർഷകനും, വിശപ്പിൻ്റെ ദുരിതമില്ലാത്ത സംതൃപ്തിയുടെ ലോകത്തിലേക്ക് നമ്മെ ഒരു പടികൂടി അടുപ്പിക്കും.

കൈകോർത്ത് മുന്നേറാം — നല്ല ഭക്ഷണത്തിനായി, മികച്ച ജീവിതത്തിനായി, ശോഭനമായ ഭാവിക്കായി!

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe