ലോക പ്രമേഹ ദിനം 2025: അറിവിലൂടെ, പ്രവർത്തനത്തിലൂടെ ജീവിതം കരുത്തുറ്റതാക്കാം

ലോക പ്രമേഹ ദിനം 2025: അറിവിലൂടെ, പ്രവർത്തനത്തിലൂടെ ജീവിതം കരുത്തുറ്റതാക്കാം

ഓരോ കുടുംബത്തിനും വേണ്ടിയുള്ള ആഗോള ആഹ്വാനം

എല്ലാ വർഷവും നവംബർ 14 ന്, ലോകമൊന്നാകെ ഒരു നിശബ്ദ മഹാമാരിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു—പ്രമേഹത്തിലേക്ക്.  പ്രായവും ജീവിതശൈലിയും മാത്രം അടിസ്ഥാനപ്പെടുത്തി വരുന്ന ഒരു രോഗമല്ലിത്. ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും ബാധിക്കുന്ന ആരോഗ്യ വെല്ലുവിളിയാണ് പ്രമേഹം അഥവാ ഡയബെറ്റിസ്.

“ആഗോള ആരോഗ്യം ശാക്തീകരിക്കാം: നിങ്ങളുടെ അപകടസാധ്യത അറിയുക, പ്രതികരണം തിരിച്ചറിയുക” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. രോഗം നേരത്തേ കണ്ടെത്താനും പ്രതിരോധിക്കാനും, അനുകമ്പയോടെയുള്ള പരിചരണം നൽകാനും ഇത് ആഹ്വാനം ചെയ്യുന്നു.

ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ (IDF) കണക്കനുസരിച്ച്, ഇന്ത്യയിൽ ഇന്ന് 10 കോടിയിലധികം (101 മില്യൺ) ആളുകൾക്ക് പ്രമേഹമുണ്ട്. കൂടാതെ 13 കോടിയോളം (130 മില്യൺ) ആളുകൾ പ്രമേഹ സാധ്യത നേരിടുന്നുണ്ട്.  വെറും അക്കങ്ങളിൽ ഒതുങ്ങുന്ന കണക്കല്ല ഇത്; സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുമ്പോൾ തന്നെ, പ്രമേഹ പരിശോധനകൾ, മരുന്നുകൾ, ഭക്ഷണ നിയന്ത്രണം എന്നിവയുമായി മല്ലിടുന്ന മനുഷ്യരെ സംബന്ധിച്ച ഈ സംഖ്യ രോഗത്തിൻ്റെ ഗൗരവവും വ്യാപ്തിയും വിളിച്ചോതുന്നു.

പ്രമേഹത്തെ മനസ്സിലാക്കാം: ഇത് മധുര പ്രതിരോധം മാത്രമല്ല  

ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയോ, അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാതെ വരികയോ ചെയ്യുന്ന ഒരു ദീർഘകാല ആരോഗ്യ അവസ്ഥയാണ് പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകുന്നു.

പ്രമേഹം പ്രധാനമായും മൂന്ന് തരത്തിലുണ്ട്:

1.ടൈപ്പ് 1 പ്രമേഹം: ശരീരത്തിലെ പ്രതിരോധ സംവിധാനം പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്ന  അവസ്ഥയാണിത്. സാധാരണയായി കുട്ടികളിലോ കൗമാരക്കാരിലോ ആണ് ഇത് കണ്ടുവരുന്നത്.

2.ടൈപ്പ് 2 പ്രമേഹം: ഇതാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന തരം. ഇതിന് പാരമ്പര്യം, അമിതവണ്ണം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയുമായി ബന്ധമുണ്ട്. പ്രാരംഭ ഘട്ടത്തിൽ ഇത് തടയാനും ഒരു പരിധി വരെ മാറ്റിയെടുക്കാനും സാധിക്കും.

3.ഗർഭകാല പ്രമേഹം (Gestational Diabetes): ഇത് ഗർഭാവസ്ഥയിൽ ഉണ്ടാകുന്നതാണ്. ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ ഇത് അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തെ ബാധിച്ചേക്കാം.

ദീർഘകാലം പ്രമേഹം നിയന്ത്രിക്കാതെ കൊണ്ടുനടന്നാൽ അത് കണ്ണ്, വൃക്ക, ഞരമ്പുകൾ, ഹൃദയം, രക്തക്കുഴലുകൾ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തും.

ഇന്ത്യയിലെ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം

ഇന്ത്യയെ പലപ്പോഴും “ലോകത്തിൻ്റെ പ്രമേഹ തലസ്ഥാനം” എന്ന് പറയാറുണ്ട്—ഒരു രാജ്യവും ആഗ്രഹിക്കാത്ത ഒരു വിശേഷണമാണിത്.

നഗരവൽക്കരണം, മാനസിക പിരിമുറുക്കം, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ (processed food) അമിതോപയോഗം, ശാരീരിക വ്യായാമക്കുറവ് എന്നിവ പ്രമേഹ കേസുകൾ കുത്തനെ ഉയരാൻ അനുകൂലമായ സാഹചര്യം ഒരുക്കിയിരിക്കുന്നു. പ്രമേഹമുള്ള രണ്ടുപേരിൽ ഒരാൾ തനിക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് അതിലും ആശങ്കാജനകമായ വസ്തുത .

“പ്രമേഹം പലപ്പോഴും മറ്റ് ഇൻഫ്ലമേറ്ററി രോഗങ്ങൾക്കും ഓട്ടോ ഇമ്മ്യൂൺ അവസ്ഥകൾക്കും ഒപ്പമാണ് കാണപ്പെടുന്നത്. അതിനാൽ, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ജീവിതശൈലിയിലെ മാറ്റങ്ങളും വളരെ നിർണായകമാണ്.” എന്നാണ് ഐറിസ് റൂമറ്റോളജിയിലെ (IRIS Rheumatology) റൂമറ്റോളജിസ്റ്റും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. വിഷാദ് വിശ്വനാഥ് അഭിപ്രായപ്പെടുന്നത്.

ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണങ്ങൾ

  • അടിക്കടിയുള്ള മൂത്രമൊഴിക്കൽ
  • അമിതമായ ദാഹവും വിശപ്പും
  • അകാരണമായി ഭാരം കുറയുന്നത്
  • മങ്ങിയ കാഴ്ച
  • അമിതമായ ക്ഷീണം, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നത്

ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗറോ (fasting blood sugar) അല്ലെങ്കിൽ എച്ച്ബിഎവൺസി (HbA1c) ടെസ്റ്റോ ചെയ്യുക. രോഗം നേരത്തേ കണ്ടെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ജീവിതശൈലി: ഏറ്റവും മികച്ച മരുന്ന്

പാരമ്പര്യത്തിന് പങ്കുണ്ടെന്നത് ശരിയാണെങ്കിലും  നമുക്ക് മാറ്റം വരുത്താൻ കഴിയുന്ന ഏറ്റവും ശക്തമായ ഘടകം നമ്മുടെ ജീവിതശൈലി തന്നെയാണ്.

ശാസ്ത്രവും ഡോക്ടർമാരും ശുപാർശ ചെയ്യുന്ന കാര്യങ്ങൾ ഇതാ:

  • കൂടുതൽ ചലിക്കുക: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വേഗത്തിൽ നടക്കുകയോ യോഗ ചെയ്യുകയോ വേണം.
  • ശ്രദ്ധയോടെ കഴിക്കുക: മുഴുധാന്യങ്ങൾ (whole grains), പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, നട്സ്, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുക.
  • മധുരം കുറയ്ക്കുക: മധുരപാനീയങ്ങൾക്കും മൈദ പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങൾക്കും (refined carbs) പകരം പഴങ്ങളും ചെറുധാന്യങ്ങളും (millets) ശീലമാക്കുക.
  • നന്നായി ഉറങ്ങുക: മോശം ഉറക്കം ഇൻസുലിൻ പ്രതിരോധം (insulin resistance) വർദ്ധിപ്പിക്കും.
  • സമ്മർദ്ദം നിയന്ത്രിക്കുക: ധ്യാനം (Meditation), എഴുത്ത് (journaling) എന്നിവ കോർട്ടിസോളിൻ്റെ (മാനസിക സമ്മർദ്ദ ഹോർമോൺ) അളവ് കുറയ്ക്കാനും അതുവഴി ഷുഗർ നിയന്ത്രിക്കാൻ സഹായിക്കാനും ഉപകരിക്കും.

പരമ്പരാഗത ഭാരതീയ ആരോഗ്യശാസ്ത്രത്തിൽ, “ആഹാരം, നിദ്ര, ബ്രഹ്മചര്യം”  (ഇവിടെ അച്ചടക്കം എന്ന അർത്ഥത്തിൽ) എന്നിവയെ ആരോഗ്യത്തിൻ്റെ നെടുംതൂണുകളായാണ് കാണുന്നത്. ആധുനിക വൈദ്യശാസ്ത്രവും ഇന്ന് ഈ ആശയത്തെ ശരിവെക്കുന്നു.

പ്രമേഹവും മാനസികാരോഗ്യവും: പരോക്ഷമായ ഭാരം

ദീർഘകാല രോഗവുമായി ജീവിക്കുന്നത് ശരീരത്തെ മാത്രമല്ല, മനസ്സിനെയും ബാധിക്കുന്നു. പ്രമേഹവും വിഷാദവും (depression) ജൈവപരമായും വൈകാരികമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.

നിരന്തരമായ നിരീക്ഷണം, കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച കുറ്റബോധം, രോഗം ഗുരുതരമാകുമോ എന്ന ഭയം എന്നിവ പലപ്പോഴും “ഡയബറ്റിസ് ബേൺഔട്ട്” (diabetes burnout) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിലുള്ള താല്പര്യക്കുറവിനും മടുപ്പിനും കാരണമാകുന്നു.

സാങ്കേതികവിദ്യയും പ്രമേഹ പരിചരണത്തിൻ്റെ ഭാവിയും

പ്രമേഹ നിയന്ത്രണ രീതികളെ ഡിജിറ്റൽ ഉപകരണങ്ങൾ  മാറ്റിമറിക്കുന്ന കാലമാണിത്. തുടർച്ചയായി ഗ്ലൂക്കോസ് നിരീക്ഷിക്കുന്ന ഉപകരണങ്ങൾ (CGMs), സ്മാർട്ട് ഇൻസുലിൻ പേനകൾ, മൊബൈൽ ഹെൽത്ത് ആപ്പുകൾ എന്നിവയെല്ലാം രോഗികൾക്ക് തത്സമയം അവരുടെ ഷുഗർ നില അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും കരുത്തേകുന്നു.

ഇന്ത്യയിലെ ടെലിമെഡിസിൻ രംഗത്തെ കുതിച്ചുചാട്ടവും, AI (നിർമ്മിത ബുദ്ധി) അടിസ്ഥാനമാക്കിയുള്ള രോഗനിർണ്ണയ രീതികളും ഗ്രാമീണ മേഖലയിലുള്ള രോഗികൾക്ക് പോലും യഥാസമയം വിദഗ്ദ്ധ പരിചരണം ലഭ്യമാക്കാൻ സഹായിക്കുന്നു.

കുട്ടികളും പ്രമേഹവും: ആധുനിക കാലത്തെ വെല്ലുവിളി

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം നിർണ്ണയിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ഭീതിദമാണ്.

സ്‌കൂളുകൾ, രക്ഷിതാക്കൾ, ശിശുരോഗ വിദഗ്ദ്ധർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ കൃത്യമായ സ്ക്രീനിംഗ്, കായികാഭ്യാസ പരിപാടികൾ, മധുരത്തിൻ്റെ ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ നടപ്പിലാക്കണം. ഓർക്കുക, കുട്ടിക്കാലത്തെ ആരോഗ്യകരമായ ശീലങ്ങളാണ് പ്രമേഹമില്ലാത്ത ഒരു തലമുറയുടെ അടിത്തറ.

ഇപ്പോൾ തന്നെ പ്രവർത്തിക്കാം: ഓരോ ചുവടും പ്രധാനം

ലോക പ്രമേഹ ദിനം പ്രചാരണ ഘടകം മാത്രമല്ല— കൂട്ടായ മാറ്റത്തിനുള്ള ആഹ്വാനം കൂടിയാണ്.

പരിശോധന നടത്തുക. ലളിതമായ രക്തപരിശോധന നടത്താൻ നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുക. വീട്ടിൽ ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് സംസാരിക്കുകയും അതിലേക്ക് മാറുകയും ചെയ്യുക.

ഡോ. വിഷാദ് വിശ്വനാഥ് നമ്മെ ഓർമ്മിപ്പിക്കുന്ന പോലെ, “പ്രമേഹത്തെ തടയുന്നതിനുള്ള ആരംഭം അടയാളപ്പെടുത്തുന്നത്  ഒരൊറ്റ ചെറിയ ചുവടിൽ നിന്നാണ്— അവബോധത്തിൽ നിന്ന്.”

References

  1. International Diabetes Federation (IDF) Atlas, 2024.
  2. World Health Organization. Global Report on Diabetes 2023.
  3. Indian Council of Medical Research (ICMR). India Diabetes Study 2024.
  4. The Lancet Regional Health – Southeast Asia (2024). Trends in Type 2 Diabetes and Lifestyle Patterns.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe