ലോക സി ഒ പി ഡി അവബോധ ദിനം 2025: ശ്വസിക്കാം ജീവനുവേണ്ടി — ശ്വാസതടസ്സത്തെ നമുക്കൊരുമിച്ച് അതിജീവിക്കാം

ഓരോ ശ്വാസവും പോരാട്ടമാകുമ്പോൾ
ഉണർന്നെണീക്കുമ്പോൾ മുതൽ ജീവശ്വാസം കിട്ടാനായി ബുദ്ധിമുട്ടുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. വിശ്രമിക്കുമ്പോൾ പോലും ശ്വാസം തടസ്സപ്പെടുന്ന, ഒരു സ്ട്രോയിലൂടെ മാത്രം ശ്വാസം കിട്ടിയാലെന്ന പോലത്തെ വീർപ്പുമുട്ടൽ. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് അഥവാ സി ഒ പി ഡി എന്ന അസുഖം ബാധിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ഇങ്ങനെയാണ്. സാവധാനത്തിൽ തീവ്രതയേറുന്ന, അതേസമയം നമുക്ക് പ്രതിരോധിക്കാൻ കഴിയുന്ന ഒരു ശ്വാസകോശ രോഗമാണിത്. ശ്വാസവും ഊർജ്ജവും ജീവിതത്തിന്റെ സന്തോഷം തന്നെയും സി ഒ പി ഡി നിശബ്ദമായി കവർന്നെടുക്കുന്നു.
എല്ലാ വർഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ചയാണ് ലോക സി ഒ പി ഡി ബോധവൽക്കരണ ദിനമായി ആചരിക്കുന്നത്. 2025ൽ, ‘ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് ലംഗ് ഡിസീസ്’ (GOLD) പ്രഖ്യാപിച്ച ആഗോള ആശയം “ജീവനുവേണ്ടി ശ്വസിക്കാം – ഒത്തൊരുമിച്ച്” എന്നതാണ്. നേരത്തെയുള്ള രോഗനിർണയം, പ്രതിരോധം, വളർന്നുവരുന്ന ഈ ആരോഗ്യ പ്രതിസന്ധിക്കെതിരെ പോരാടാനുള്ള കൂട്ടായ പരിശ്രമം എന്നിവയുടെ പ്രാധാന്യത്തിനാണ് ഈ സന്ദേശം ഊന്നൽ നൽകുന്നത്.
എന്താണ് സി.ഒ.പി.ഡി?
ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി ഒ പി ഡി) എന്നത് ഒരു ഒറ്റ അസുഖമല്ല. പല രോഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പൊതുവായ പദമാണിത്. അതിൽ പ്രധാനമായും ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- ക്രോണിക് ബ്രോങ്കൈറ്റിസ് (Chronic bronchitis): ശ്വാസനാളികളിൽ ഉണ്ടാകുന്ന ദീർഘകാല വീക്കം. ഇത് സ്ഥിരമായ ചുമയ്ക്കും കഫക്കെട്ടിനും കാരണമാകുന്നു.
- എംഫിസെമ (Emphysema): ശ്വാസകോശത്തിലെ വായു അറകൾക്ക് (ആൽവിയോലി) സംഭവിക്കുന്ന കേടുപാടുകൾ. ഇത് ശ്വാസംമുട്ടലിലേക്ക് നയിക്കുന്നു.
ലളിതമായി പറഞ്ഞാൽ, സി ഒ പി ഡി ബാധിക്കുമ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ഇലാസ്തികത (വലിഞ്ഞുവരാനുള്ള കഴിവ്) നഷ്ടപ്പെടുന്നു. ശ്വാസനാളികൾ ഇടുങ്ങിയതായിത്തീരുകയും അതിൽ കഫം അടിഞ്ഞുകൂടുകയും ശ്വാസം പുറത്തുവിടാൻ പ്രയാസമാവുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുമ്പോൾ, കാലക്രമേണ, രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു. ഇതോടെ, ഓരോ ശ്വാസത്തിനുമായി ശരീരത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
ലോകം നേരിടുന്ന ഭീഷണി – ഒരു നിശബ്ദ അടിയന്തരാവസ്ഥ
- ലോകാരോഗ്യ സംഘടന (WHO) യുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി ഒ പി ഡി. പ്രതിവർഷം 32 ലക്ഷത്തിലധികം ജീവനുകൾ ഈ രോഗം കവർന്നെടുക്കുന്നു.
- ആഗോള സി ഒ പി ഡി മരണങ്ങളിൽ ഏകദേശം 20% ഇന്ത്യയിലാണ്. ഇത് ഇന്ത്യയെ ലോകത്തിന്റെ ‘സി ഒ പി ഡി തലസ്ഥാനം’ ആക്കി മാറ്റുന്നു.
- 5 കോടിയിലധികം (50 മില്യൺ) ഇന്ത്യക്കാരെ ഈ രോഗം ബാധിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗം പേരും രോഗം ഗുരുതരമാകുന്നതുവരെ തിരിച്ചറിയപ്പെടാതെ പോകുന്നു.
“സി ഒ പി ഡി ഇപ്പോൾ പുകവലിക്കുന്നവരെ മാത്രം ബാധിക്കുന്ന രോഗമല്ല. ഇത് ജീവിതശൈലി, പരിസ്ഥിതി, തൊഴിൽപരമായ അപകടങ്ങൾ എന്നിവയുടെ കൂടി ഫലമാണ്,” ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റൽസിലെ പൾമണോളജിസ്റ്റ് (ശ്വാസകോശ രോഗ വിദഗ്ദ്ധൻ) ഡോ. രാജേഷ് ചൗള മുന്നറിയിപ്പ് നൽകുന്നു.
മൂലകാരണങ്ങൾ: ശ്വസിക്കുന്ന വായു, ജീവിതരീതികൾ
1. പുകയിലയും പുകവലിയും:
ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. നേരിട്ടുള്ള പുകവലിയോ (active smoking) മറ്റുള്ളവർ വലിക്കുന്നത് ശ്വസിക്കുന്നതോ (passive smoking) ശ്വാസകോശ കലകൾക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തുന്നു. ഹുക്ക, ബീഡി എന്നിവയുടെ ഉപയോഗവും വീടിനുള്ളിൽ മറ്റുള്ളവർ പുകവലിക്കുന്നത് ശ്വസിക്കുന്നതും രോഗസാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.
2. വീടിനകത്തെ വായു മലിനീകരണം:
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ, വായുസഞ്ചാരം കുറഞ്ഞ അടുക്കളകളിൽ വിറക്, ചാണകം, വൈക്കോൽ തുടങ്ങിയ ജൈവ ഇന്ധനങ്ങൾ (biomass fuel) കത്തിക്കുന്നത് ഒരു പ്രധാന കാരണമാണ്. സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
3.പുറത്തെ മലിനീകരണവും തൊഴിൽപരമായ സാഹചര്യങ്ങളും:
പൊടി, വാഹനങ്ങളിൽ നിന്നുള്ള പുക, രാസവസ്തുക്കളുടെ പുക, ഫാക്ടറികളിലെ പുക എന്നിവ സ്ഥിരമായി ശ്വസിക്കേണ്ടി വരുന്നത് തൊഴിലാളികളിൽ രോഗസാധ്യത വർദ്ധിപ്പിക്കുന്നു.
4. ജനിതക കാരണങ്ങൾ:
‘ആൽഫ-1 ആന്റിട്രിപ്സിൻ ഡെഫിഷ്യൻസി’ (Alpha-1 antitrypsin deficiency) എന്ന അപൂർവമായ ഒരു ജനിതകത്തകരാർ, പുകവലിക്കാത്തവരിൽ പോലും സി ഒ പി ഡിക്ക് കാരണമായേക്കാം.
5. ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ:
തുടർച്ചയായി ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ന്യുമോണിയ, അല്ലെങ്കിൽ ക്ഷയരോഗം എന്നിവ കാലക്രമേണ ശ്വാസകോശത്തിൽ വടുക്കൾ ഉണ്ടാക്കുകയും ശ്വാസം സുഗമമായി സഞ്ചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും.
ഒരിക്കലും അവഗണിക്കരുതാത്ത നിശബ്ദ ലക്ഷണങ്ങൾ
സി ഒ പി ഡിയുടെ തുടക്കത്തിൽ സാധാരണ ക്ഷീണം പോലെയോ കാലാവസ്ഥ മാറുമ്പോൾ വരുന്ന ചുമ പോലെയോ തോന്നാം. എന്നാൽ രോഗം നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ.
- ശ്വാസമെടുക്കുമ്പോൾ ചൂളമടിക്കുന്നത് പോലെയുള്ള ശബ്ദം (വലിവ്).
- ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ഉണ്ടാകുന്ന കിതപ്പ്.
- ഇടയ്ക്കിടെ നെഞ്ചിൽ അണുബാധയുണ്ടാകുക (കഫക്കെട്ട്).
- കഠിനമായ ക്ഷീണം, അല്ലെങ്കിൽ ചുണ്ടുകളിലോ വിരലുകളിലോ നീലനിറം (ഇത് ഓക്സിജൻ കുറയുന്നതിന്റെ ലക്ഷണമാണ്).
ഈ ലക്ഷണങ്ങൾ സ്ഥിരമായി കാണുകയാണെങ്കിൽ, ഒരു ‘സ്പൈറോമെട്രി ടെസ്റ്റ്’ (ശ്വാസകോശത്തിന്റെ പ്രവർത്തനം അളക്കുന്ന പരിശോധന) ചെയ്യുന്നത് രോഗം നേരത്തെ സ്ഥിരീകരിക്കാനും അത് വഷളാകുന്നത് തടയാനും സഹായിക്കും.
രോഗം ഉണ്ടാകുന്നതെങ്ങനെ: ശാസ്ത്രീയ വശം
പുകയോ മറ്റ് അഴുക്കുകളോ ശ്വാസകോശത്തിൽ പ്രവേശിക്കുമ്പോൾ, അവിടുത്തെ ചെറിയ വായു അറകൾക്ക് (അൽവിയോലി) വീക്കം സംഭവിക്കുകയും അവയുടെ ഇലാസ്തികത (വലിയുകയും ചുരുങ്ങുകയും ചെയ്യാനുള്ള കഴിവ്) നഷ്ടപ്പെടുകയും ചെയ്യുന്നു.
പശ നിറച്ച, ഉറച്ച ഒരു ബലൂണിലേക്ക് കാറ്റ് ഊതാൻ ശ്രമിക്കുന്നതുപോലെ സങ്കൽപ്പിക്കുക – വാസ്തവത്തിൽ സി ഒ പി ഡി ബാധിക്കുമ്പോൾ നമ്മുടെ നെഞ്ചിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്.
കാലക്രമേണ, പഴകിയ വായു (stale air) ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇത് ഓക്സിജൻ സ്വീകരിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിനും തടസ്സമുണ്ടാക്കുന്നു. തത്ഫലമായി കടുത്ത ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെടുകയും രോഗം കൂടുതൽ വഷളാകുകയും ചെയ്യുന്നു.
സി ഒ പി ഡി യുമായി ജീവിക്കുമ്പോൾ – രോഗികൾക്ക് പറയാനുള്ളത്
സി ഒ പി ഡി ഒരു രോഗം എന്നതിലുപരി ദൈനംദിന പോരാട്ടമാണ്. “വെള്ളത്തിനടിയിൽ ജീവിക്കുന്നത് പോലെ” എന്നാണ് രോഗികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. കുളിക്കുകയോ സംസാരിക്കുകയോ പോലുള്ള ചെറിയ കാര്യങ്ങൾ പോലും അവരെ തളർത്തിയേക്കാം.
നേരത്തെയുള്ള ചികിത്സ, ജീവിതശൈലിയിലെ മാറ്റങ്ങൾ, ശരിയായ തെറാപ്പി എന്നിവയിലൂടെ സി ഒ പി ഡി വഷളാകുന്നത് തടയാനും ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും സാധിക്കുമെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.
ചികിത്സ: രോഗ നിയന്ത്രണമെന്നാൽ മരുന്ന് കഴിക്കൽ മാത്രമല്ല
1.പുകവലി നിർത്തുക:
രോഗം വഷളാകുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. കൗൺസിലിംഗ്, നിക്കോട്ടിൻ തെറാപ്പി, അല്ലെങ്കിൽ സപ്പോർട്ട് ഗ്രൂപ്പുകൾ എന്നിവ സഹായകമാകും.
2.ഇൻഹേലറുകൾ:
ബ്രോങ്കോഡൈലേറ്ററുകൾ, കോർട്ടിക്കോസ്റ്റിറോയ്ഡുകൾ തുടങ്ങിയ മരുന്നുകൾ ശ്വാസനാളികളെ വികസിപ്പിക്കാനും നീർക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നു.
3.പൾമണറി റീഹാബിലിറ്റേഷൻ:
ചിട്ടയായ വ്യായാമം, ശ്വസന വ്യായാമങ്ങൾ, ഭക്ഷണ ക്രമീകരണം എന്നിവ രോഗികൾക്ക് ശാരീരികക്ഷമത വീണ്ടെടുക്കാൻ സഹായിക്കുന്നു.
4.വാക്സിനുകൾ:
വർഷംതോറും എടുക്കുന്ന ഫ്ലൂ വാക്സിനും ന്യൂമോകോക്കൽ വാക്സിനും സി ഒ പി ഡി വഷളാക്കുന്ന അണുബാധകളെ തടയുന്നു.
5.ഓക്സിജൻ തെറാപ്പി:
രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ ക്ഷീണം കുറയ്ക്കാനും അതിജീവന സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
6.ശ്വാസകോശം മാറ്റിവെയ്ക്കൽ / ശസ്ത്രക്രിയ:
മറ്റ് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ, വളരെ ഗുരുതരമായ അവസ്ഥകളിൽ മാത്രം പരിഗണിക്കുന്ന അവസാന മാർഗമാണിത്.
തടയാൻ കഴിയുന്ന ദുരന്തം – ബോധവൽക്കരണം സുപ്രധാനം
മറ്റ് പല ദീർഘകാല രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി, സി ഒ പി ഡി വലിയൊരളവ് വരെ നമുക്ക് തടയാൻ കഴിയുന്ന ഒന്നാണ്. ഇത് പ്രായമാകുമ്പോൾ എല്ലാവർക്കും വരുന്ന ചുമയാണ് എന്ന തരത്തിൽ ചിന്തിച്ച്, രോഗനിർണയം വൈകുമ്പോൾ, അത് ഒഴിവാക്കാനാകുമായിരുന്ന ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു.
“സി ഒ പി ഡി ഒരു ജീവിതശൈലീ രോഗവും പാരിസ്ഥിതിക രോഗവുമാണ്. ഈ രോഗത്തെക്കുറിച്ചുള്ള അവബോധവും നേരത്തെയുള്ള പരിശോധനയും ഏത് മരുന്നിനേക്കാളും കരുത്ത് പകരുന്നു. “
ചെന്നൈയിലെ ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ഡോ. എൻ. രാമകൃഷ്ണൻ അഭിപ്രായപ്പെടുന്നു:
ഈ വർഷത്തെ പ്രചാരണം താഴെ പറയുന്ന കാര്യങ്ങൾ ശക്തിപ്പെടുത്താൻ അധികാരികളോട് ആവശ്യപ്പെടുന്നു:
- ശുദ്ധവായു ഉറപ്പാക്കാനുള്ള പദ്ധതികൾ
- പുകയില ഉപയോഗം നിയന്ത്രിക്കാനുള്ള കർശന നിയമങ്ങൾ
- ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ സ്പൈറോമെട്രി സംവിധാനം ഉറപ്പാക്കൽ
- സ്ത്രീകൾക്ക് വേണ്ടിയുള്ള ശ്വാസകോശ ആരോഗ്യ പരിപാടികൾ
നിങ്ങളുടെ പങ്ക് – ചെറിയ ചുവടുകൾ, വലിയ മാറ്റങ്ങൾ
പുകവലി നിർത്തുക, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുക.
വീടിനകത്ത് മാലിന്യങ്ങൾ കത്തിക്കുകയോ വിറക് അടുപ്പുകൾ ഉപയോഗിക്കുകയോ (വായുസഞ്ചാരമില്ലെങ്കിൽ) ചെയ്യാതിരിക്കുക.
നിങ്ങളുടെ പ്രദേശത്തെ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെ (ഉദാഹരണത്തിന്, പുകയില്ലാത്ത അടുപ്പുകൾ) പ്രോത്സാഹിപ്പിക്കുക.
മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.
വിട്ടുമാറാത്ത ചുമയോ ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ ശ്വാസകോശ പരിശോധനയ്ക്ക് വിധേയമാകുക.
മഹത്തായ സന്ദേശം: അറിവോടെ ശ്വസിക്കാം
ലോക സി ഒ പി ഡി ബോധവൽക്കരണ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: ജീവൻ തന്നെയാണ് വായു, അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
ഈ നിശബ്ദമായ ശ്വാസതടസ്സത്തോട് ദിനംപ്രതി പോരാടുന്ന ഡോക്ടർമാർക്കും
പരിചരിക്കുന്നവർക്കും രോഗത്തെ അതിജീവിച്ചവർക്കും ഒപ്പം nellikka.life നിലകൊള്ളുന്നു.
കാരണം, ശ്വാസമെടുക്കാൻ കഴിയുക എന്നത് ആനുകൂല്യമല്ല – അത് ഓരോ മനുഷ്യന്റെയും അവകാശമാണ്.
References
- World Health Organization. Air Pollution and Health: The Invisible Killer. (2024)
- Global Initiative for Chronic Obstructive Lung Disease (GOLD). World COPD Day 2025 Resources.
- India State-Level Disease Burden Initiative (Lancet, 2022). The burden of chronic respiratory diseases in India.
- American Lung Association. Living Well with COPD: Management and Prevention. (2024)




