ലോക ആർത്രൈറ്റിസ് ദിനം 2025: കരുത്തിൻ്റെ, ശാസ്ത്രത്തിന്റെ, പ്രതീക്ഷയുടെ സന്ദേശം


ഇന്ന് ഒക്‌ടോബർ 12, ലോക ആർത്രൈറ്റിസ് ദിനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന സന്ധിവാതത്തെയും (Arthritis) അതുമായി ബന്ധപ്പെട്ട പേശീ-അസ്ഥി (Musculoskeletal) രോഗങ്ങളെയും കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്താൻ വേണ്ടിയുള്ള ദിവസമാണിന്ന്.
സന്ധിവാതമുള്ളവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മാത്രമല്ല; അവരുടെ കരുത്തുറ്റ മനഃശക്തിയെക്കുറിച്ചും നിശ്ചയദാർഢ്യത്തെക്കുറിച്ചും അവരുടെ ജീവിത യാത്രയിൽ പ്രത്യാശ നൽകുന്ന വൈദ്യശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ചുമാണ് ഓരോ വർഷവും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഈ വർഷത്തെ പ്രമേയം, “നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൂ (Achieve Your Dreams / #RMDreams)എന്നതാണ്. അവബോധം സൃഷ്ടിക്കാനുതകുന്ന മുദ്രാവാക്യമെന്നതിലുപരി, ഇത് ശാക്തീകരണത്തിന്റെ സന്ദേശം പങ്കുവെയ്ക്കുന്നു. സന്ധിവാതവുമായി ജീവിക്കുന്ന വ്യക്തികളുടെ സ്വപ്നങ്ങൾക്ക് കരുത്തുണ്ടെന്നും അവ കൈവരിക്കാൻ കഴിയുമെന്നും സ്വപ്നങ്ങൾ പിന്തുടരാൻ സജീവമായി മുന്നേറണമെന്നും ഇത് ഓർമ്മിപ്പിക്കുന്നു.
സന്ധിവാതത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുക
സന്ധിവാതം (Arthritis) എന്നത് ഒരൊറ്റ രോഗമല്ല, ഇരുനൂറിൽപ്പരം വരുന്ന റൂമാറ്റിക്, പേശീ-അസ്ഥി രോഗങ്ങളെ (RMDs)പൊതുവായി വിശേഷിപ്പിക്കാനുപയോഗിക്കുന്ന പദമാണിത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid Arthritis), ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis), ലൂപസ് (Lupus), ഗൗട്ട് (Gout), അങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് (Ankylosing Spondylitis), ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് (Juvenile Idiopathic Arthritis) തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
സന്ധിവാതം ആർക്കും ഏത് പ്രായത്തിലും വരാമെങ്കിലും പലപ്പോഴും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അത് തിരിച്ചറിയപ്പെടാതെ പോകുന്നു. വേദന, നീര്, സന്ധികളിലെ പിടുത്തം, കടുത്ത ക്ഷീണം എന്നിവയെല്ലാം പ്രായമേറുന്നതിൻ്റെയോ അമിതാദ്ധ്വാനത്തിൻ്റെയോ ഭാഗമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് രോഗനിർണയവും ചികിത്സയും വൈകിപ്പിക്കുന്നു. രോഗം നേരത്തേ കണ്ടെത്തുകയും കൃത്യ സമയത്ത് ചികിത്സ നൽകുകയും ചെയ്താൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതാണ് യാഥാർത്ഥ്യം.
സന്ധിവാതം സന്ധികളെ (Joints) മാത്രമല്ല, വ്യക്തിയെ മൊത്തത്തിൽ ബാധിക്കുന്നു. ഇത് ചലനശേഷിയെ പ്രയാസത്തിലാക്കുന്നു, ഉറക്കം തടസ്സപ്പെടുത്തുന്നു, മാനസികാരോഗ്യത്തെ ബാധിക്കുന്നു, ചില അവസ്ഥകളിൽ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. എന്നാൽ സമകാലിക ആധുനിക വൈദ്യശാസ്ത്രം രോഗത്തെ നിയന്ത്രിച്ച് ജീവിതനിലവാരം വീണ്ടെടുക്കാൻ സഹായിക്കുന്ന സംവിധാനങ്ങളും ചികിത്സകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
വേദനകൾക്കപ്പുറം: അതിജീവനത്തിന്റെ കഥകൾ
ഒരു റൂമറ്റോളജിസ്റ്റ് എന്ന നിലയിൽ, കഴിഞ്ഞ വർഷങ്ങളിൽ, നിശ്ചയദാർഢ്യത്തോടെ മുന്നേറി ജീവിതത്തിൽ വലിയ മാറ്റം വരുത്തിയ നിരവധി പേരെ ചികിൽസിക്കാൻ കഴിഞ്ഞിട്ടുണ്ട്.
- സന്ധിവാതത്തിന്റെ ചികിത്സകൾക്കിടയിലും കുട്ടികളെ പഠിപ്പിക്കാനുള്ള താൽപ്പര്യം ആർജവത്തോടെ മുന്നോട്ട് കൊണ്ടുപോയ യുവ അദ്ധ്യാപിക.
- ഉണർന്നെണീക്കുമ്പോഴെല്ലാം സന്ധികളിൽ കാഠിന്യം അനുഭവപ്പെട്ടിട്ടും, ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ആരോഗ്യം തിരികെ നേടിയ വീട്ടമ്മ.
- തന്റെ ചികിത്സാ ദിനചര്യയെ, മറ്റുള്ളവർക്ക് പ്രചോദനമാകുന്ന തരത്തിൽ കരുത്തു നേടാനുള്ള ചിട്ടയായ പരിശീലനമാക്കി മാറ്റിയ ഒരത്‌ലറ്റ്.
ഇത്തരത്തിൽ കൃത്യമായ ചികിൽസയും ജീവിതചര്യകളും നിശ്ചയദാർഢ്യവും വഴി ജീവിതത്തിൽ സന്തോഷത്തോടെ മുന്നേറുന്ന നിരവധി പേരുണ്ട്.
രോഗം വന്ന്, അതിൽ നിന്ന് മുക്തി നേടിയ കഥകൾ മാത്രമല്ല, ഇതെല്ലാം അതിജീവനത്തിന്റെ കഥകൾ കൂടിയാണ്. സന്ധിവാതം വെല്ലുവിളിയാണെങ്കിലും അതിനെ പരാജയപ്പെടുത്താൻ സാധിക്കും എന്ന് ഈ കഥകൾ തെളിയിക്കുന്നു.
സന്ധിവാതം സുഖപ്പെടുത്തുന്നതിൻ്റെ ശാസ്ത്രം
സന്ധിവാത ചികിത്സയിൽ ആധുനിക വൈദ്യശാസ്ത്രം അതിവേഗം മുന്നേറിയിരിക്കുന്നു. ലളിതമായ വേദന സംഹാരികൾ മുതൽ അത്യാധുനിക ബയോളജിക് ചികിത്സകൾ വരെ ഇന്ന് ലഭ്യമാണ്. മുമ്പത്തേതിനേക്കാൾ ഫലപ്രദമായി നീർക്കെട്ടിൻ്റെ മൂലകാരണങ്ങളിൽ ശ്രദ്ധയർപ്പിച്ച്, സന്ധികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ഇന്ന് നമുക്ക് സാധിക്കും.
സന്ധികളുടെ ചലനശേഷി നിലനിർത്താനും ദീർഘകാല സങ്കീർണ്ണതകൾ കുറയ്ക്കാനും ഇനി പറയുന്ന ഘടകങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള രീതിയിലൂടെ കഴിയും :
- റൂമറ്റോളജിസ്റ്റ് നടത്തുന്ന കൃത്യമായ രോഗനിർണയം.
- ഓരോ വ്യക്തിക്കും അനുയോജ്യമായ മരുന്നുകളും ചികിത്സാ പദ്ധതികളും.
- കൃത്യമായ ഫിസിയോതെറാപ്പിയും ജീവിതശൈലിയിലെ മാറ്റങ്ങളും
ഇന്ത്യയിൽ, രോഗം നേരത്തേ കണ്ടെത്തേണ്ടതു സംബന്ധിച്ച അവബോധം വളർന്ന് വരുന്നതേയുള്ളൂ — ഇവിടെയാണ് ആരോഗ്യപരിപാലന വിദഗ്ധർ എന്ന നിലയിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. നേരത്തെയുള്ള ചികിത്സയിലൂടെ, വേദന കുറയ്ക്കാനാകുന്നത് മാത്രമല്ല, സന്ധികൾക്ക് സംഭവിക്കാനിടയുള്ള സ്ഥായിയായ കേടുപാടുകളും വൈകല്യങ്ങളും തടയാനും സഹായിക്കും.
ചികിത്സകൾക്കപ്പുറമുള്ള സൗഖ്യം
പൂർണ്ണമായ തരത്തിൽ സൗഖ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിൽ, മരുന്നുകളും ചികിത്സാ നടപടിക്രമങ്ങളും മാത്രമല്ല ഉൾപ്പെടുന്നത്. നഷ്ടപ്പെട്ട ശാരീരിക സന്തുലിതാവസ്ഥയും നിയന്ത്രണവും പ്രതീക്ഷയും വീണ്ടെടുക്കുന്നതിനെക്കുറിച്ചു കൂടിയാണിത്.
- വ്യായാമം: നടപ്പ്, നീന്തൽ, യോഗ പോലുള്ള അമിതായാസമില്ലാത്ത തരം വ്യായാമങ്ങൾ സന്ധികളെ സജീവമായി നിലനിർത്താനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.
- പോഷകാഹാരം: പഴങ്ങൾ, പച്ചക്കറികൾ, മീനെണ്ണ, ചെറുധാന്യങ്ങൾ തുടങ്ങിയ വീക്കം കുറയ്ക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് പിന്തുണ നൽകുന്നു.
- മാനസികാരോഗ്യം: മൈൻഡ്ഫുൾനസ്, ധ്യാനം, സമൂഹത്തിൽ നിന്നുള്ള പിന്തുണ എന്നിവ വേദനയുടെ തീക്ഷ്ണത കുറയ്ക്കാനും ഉത്കണ്ഠ അകറ്റാനും സഹായിക്കും.
സൗഖ്യമെന്നത്, ശാരീരികവും വൈകാരികവുമായ പ്രക്രിയയാണ്. സ്ഥിരതയോടെ കൈകാര്യം ചെയ്യുമ്പോൾ അത് ശരീരത്തെയും മനസ്സിനെയും ഒരേപോലെ പരിവർത്തനം ചെയ്യും.
രോഗികൾക്കായി ഒരു സന്ദേശം
രോഗം നിങ്ങളെ പരിവർത്തനപ്പടുത്തുന്നില്ല. നിങ്ങളുടെ ശക്തിയാണ് നിങ്ങളെന്താകണമെന്ന് തീരുമാനിക്കുന്നത് എന്നാണ് സന്ധിവാതവുമായി ജീവിക്കുന്ന ഓരോ വ്യക്തിക്കും നൽകാനുള്ള സന്ദേശം.
എല്ലാ ദിവസവും നിങ്ങൾ ഉറക്കമുണരുമ്പോൾ, വേദനയിൽ നിന്ന് മുന്നോട്ട് വന്ന്, ജീവിതം പൂർണ്ണമായി ജീവിക്കാൻ തീരുമാനിക്കുമ്പോൾ — നിങ്ങൾ വിജയിക്കുകയാണ്. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി ഏറെ അനുകൂലമാണ്, എന്നാൽ അതിനേക്കാൾ ശക്തമാണ്, “ജീവിതത്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ നൽകാനുണ്ട്” എന്ന നിങ്ങളുടെ വിശ്വാസം.
ഈ ലോക ആർത്രൈറ്റിസ് ദിനം ഒരോർമ്മപ്പെടുത്തലാണ്:
- കൂടുതൽ അവബോധം നൽകാൻ,
- നേരത്തേ രോഗം നിർണയിക്കാൻ,
- പരസ്പരം പിന്തുണയ്ക്കാൻ,
- വേദനകളേക്കാൾ മുകളിലേക്ക് ലക്ഷ്യബോധത്തോടെയും അന്തസ്സോടെയും ഉയർന്നു വരുന്ന ഓരോ വ്യക്തിയുടെയും മനക്കരുത്ത് ആഘോഷിക്കാൻ.
നിങ്ങൾ ഒറ്റയ്ക്കല്ല. തികഞ്ഞ അവബോധത്തോടെ, ശാസ്ത്രത്തിൻ്റെ പിൻബലത്തോടെ, സമൂഹത്തിൻ്റെ പിന്തുണയോടെ, ഒറ്റക്കെട്ടായി, സന്ധിവാതവുമായി ജീവിക്കുന്നതിന്റെ അർത്ഥം നമുക്ക് മാറ്റിയെഴുതാം.




