ലോക മൃഗക്ഷേമദിനം 2025: പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിന് മൃഗങ്ങളും അനിവാര്യം

പുലർകാലത്ത് കളകളാരവം പൊഴിച്ചുണർത്തുന്ന കിളിക്കൂട്ടം, മണ്ണിനടിയിൽ കൊട്ടാരം പണിയുന്ന കുഞ്ഞുറുമ്പുകൾ, കുളത്തിൽ നീന്തിത്തുടിക്കുന്ന മീനുകൾ, കാടുകളിൽ ജീവിക്കുന്ന ചെറുതും വലുതുമായ അനേകായിരം
വന്യജീവികൾ – ഇവയെല്ലാം ചേർന്നാണ് ഭൂമിയുടെ സ്പന്ദനത്തിന് കരുത്തു പകരുന്നത്. എങ്കിലും, അംബരചുംബികളായ കെട്ടിടങ്ങളുടെയും സൂപ്പർ കമ്പ്യൂട്ടറുകളുടെയും നിർമ്മിത ബുദ്ധിയുടെയും ഈ യുഗത്തിൽ, നമ്മുടെ ജീവലോകത്തിന്റെ നിശബ്ദ ശിൽപികളായ മൃഗങ്ങളെ, നമ്മൾ പലപ്പോഴും മറന്നുപോകുന്നു.
എല്ലാ വർഷവും ഒക്ടോബർ 4ന് ആചരിക്കുന്ന ലോക മൃഗദിനം ആ ഒറ്റദിവസത്തിൽ ഒതുക്കേണ്ട ആഘോഷമല്ല. മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ മൃഗങ്ങളുടെ നിലനിൽപ്പിനെ ആശ്രയിച്ചിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണത്.
ജീവലോകം: മൃഗങ്ങൾ എങ്ങനെ ഭൂമിയെ നിലനിർത്തുന്നു?
1. പരാഗണകാരികൾ – ലോകത്തെ അറിയപ്പെടാത്ത കർഷകർ
ലോകത്തിലെ എഴുപത്തിയഞ്ച് ശതമാനത്തിലേറെ പുഷ്പ്പിക്കുന്ന സസ്യങ്ങളും മനുഷ്യൻ്റെ ഭക്ഷ്യവിളകളുടെ മുപ്പത്തിയഞ്ച് ശതമാനവും പരാഗണകാരികളെ — അതായത്, തേനീച്ചകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, ചിലയിനം വവ്വാലുകൾ — ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ആകാരം കൊണ്ട് ചെറുതാണെങ്കിലും ഈ ശക്തരായ തൊഴിലാളികൾ ഇല്ലാതെ വന്നാൽ, നമ്മുടെ പലചരക്ക് കടകളെല്ലാം ശൂന്യമാകും. പഴങ്ങൾ, പച്ചക്കറികൾ, കാപ്പി, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം അപ്രത്യക്ഷമാകും.
ഭൂമുഖത്ത് പരാഗണകാരികൾ കുറഞ്ഞുവരുന്നത്, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം എന്ന് ഭക്ഷ്യ-കാർഷിക സംഘടന (FAO) മുന്നറിയിപ്പ് നൽകുന്നുണ്ട്.
2. വിത്തുവിതരണക്കാർ എന്ന വനശിൽപികൾ
ആനകൾ, കുരങ്ങുകൾ, പക്ഷികൾ, വവ്വാലുകൾ എന്നിവ പ്രകൃതിയുടെ തോട്ടം പരിപാലകരാണ്. വിസർജ്ജ്യത്തിലൂടെ വിത്തുകൾ വ്യാപിപ്പിച്ച്, വനങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനം ഈ ജീവികൾ ഉറപ്പാക്കുന്നു.
വലിയ സസ്തനികളെ വേട്ടയാടി ഉൻമൂലനം ചെയ്ത ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വനങ്ങളുടെ പുനരുജ്ജീവന നിരക്ക് ഏകദേശം 60% കുറഞ്ഞു എന്ന് നേച്ചർ ഇക്കോളജി & ഇവല്യൂഷൻ (2021) നടത്തിയ ഒരു പഠനം കണ്ടെത്തി. മൃഗങ്ങളില്ലെങ്കിൽ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശങ്ങൾക്ക് വികസിക്കാൻ കഴിയില്ല എന്നതിന്റെ തെളിവാണിത്.
3. ഭൂമിയുടെ ശുചീകരണ സേന
പ്രാണികൾ, മണ്ണിരകൾ, ശവംതീനികൾ, സൂക്ഷ്മജീവികൾ എന്നിവയാണ് മൃതമായ സസ്യങ്ങളെയും മൃഗങ്ങളെയും വിഘടിപ്പിച്ച്, മണ്ണിലേക്ക് അവശ്യ പോഷകങ്ങൾ തിരികെ എത്തിക്കുന്നത്.
ഇവയില്ലെങ്കിൽ, മാലിന്യങ്ങളും ജീർണ്ണിച്ച വസ്തുക്കളും കൊണ്ട് ഭൂമി നിറഞ്ഞുകവിയും.
- മണ്ണിരകൾ മണ്ണിന്റെ വായു സഞ്ചാരവും ഫലഭൂയിഷ്ഠതയും വർദ്ധിപ്പിക്കുന്നു.
- വണ്ടുകളും കഴുകന്മാരും ജഡങ്ങൾ വേഗത്തിൽ അഴുകിപ്പോകാൻ സഹായിച്ച് രോഗങ്ങൾ പടരുന്നത് തടയുന്നു.
പോഷകങ്ങളുടെ ഇത്തരത്തിലുള്ള പുനഃചംക്രമണം ആണ് ഭൂമിയിലെ എല്ലാ കൃഷിയുടെയും ജീവന്റെയും തന്നെ അടിസ്ഥാനം.
4. സമുദ്ര ജീവികൾ എന്ന നിർമ്മാണ വിദഗ്ധർ
സൂക്ഷ്മ പ്ലാങ്ക്ടൺ മുതൽ ഭീമാകാരന്മാരായ തിമിംഗലങ്ങൾ വരെയുള്ള സമുദ്ര ജീവികൾ, സമുദ്രത്തിന്റെ രാസഘടനയും താപനിലയും നിയന്ത്രിക്കുന്നു.
- ഫൈറ്റോപ്ലാങ്ക്ടൺ ഭൂമിയിലെ 50%-ൽ അധികം ഓക്സിജനും ഉത്പാദിപ്പിക്കുന്നു — ഇത് എല്ലാ വനങ്ങളെക്കാളും കൂടുതലാണ്.
- തിമിംഗലങ്ങൾ, ഇരുമ്പിനാൽ സമ്പന്നമായ വിസർജ്ജ്യത്തിലൂടെ ഫൈറ്റോപ്ലാങ്ക്ടണുകൾക്ക് വളരാനുള്ള പോഷകം നൽകുന്നു. ഇത് സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയ്ക്ക് കരുത്തേകുകയും അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ (CO₂) പിടിച്ചെടുക്കുകയും ചെയ്യുന്നു.
നേച്ചർ എന്ന ശാസ്ത്ര ജേണൽ 2010 ലെ പ്രസിദ്ധീകരണത്തിൽ വിവരിച്ച “തിമിംഗല പമ്പ്” (whale pump) പ്രതിഭാസം വ്യക്തമാക്കുന്നത്, തിമിംഗലങ്ങളുടെ എണ്ണം ആഗോള കാർബൺ സന്തുലിതാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ്. ഇത് കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടത്തിൽ അവയെ സുപ്രധാന ഘടകമാക്കുന്നു.
5. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ കാവൽക്കാർ
കടുവകൾ, ചെന്നായ്ക്കൾ, സിംഹങ്ങൾ തുടങ്ങിയ ജന്തുക്കളെ ഭീകരജീവികളായി തോന്നാമെങ്കിലും, സസ്യഭുക്കുകളുടെ എണ്ണം അമിതമാകാതെ നിയന്ത്രിക്കുന്നതിലും മുഴുവൻ ആവാസവ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്നതിലും ഇവർക്ക് നിർണ്ണായക പങ്കുണ്ട്.
1995-ൽ യുഎസ്എയിലെ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിൽ ചെന്നായ്ക്കളെ തിരികെ കൊണ്ടുവന്നപ്പോൾ ശാസ്ത്രജ്ഞർ ശ്രദ്ധിച്ച മാറ്റങ്ങൾ ഇവയാണ്:
- അമിതമായി മേഞ്ഞത് മൂലം നാശത്തിൻ്റെ വക്കിലെത്തിയ പ്രദേശങ്ങൾ പുനരുജ്ജീവിക്കപ്പെട്ടു.
- നദീതീരങ്ങൾക്ക് ഭദ്രത കൈവന്നു.
- പക്ഷികളും നീർനായകളും തിരികെയെത്തി.
ട്രോഫിക് കാസ്കേഡ് (trophic cascade) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം, പ്രധാന വേട്ടക്കാർ അഭിവൃദ്ധി പ്രാപിക്കുമ്പോൾ, പ്രകൃതി ഒന്നാകെ സൗഖ്യം നേടുന്നു എന്ന് തെളിയിക്കുന്നു.
6. മൃഗങ്ങളുടെ സാംസ്കാരികവും വൈകാരികവുമായ മൂല്യം
പാരിസ്ഥിതിക പങ്കിനുമപ്പുറം, മനുഷ്യന്റെ സംസ്കാരം, ആത്മീയത, വൈകാരിക ക്ഷേമം എന്നിവയെ രൂപപ്പെടുത്തുന്നതിൽ മൃഗങ്ങൾക്ക് വലിയ പങ്കുണ്ട്.
- ഭാരത തത്വദർശനം അനുസരിച്ച് മൃഗങ്ങൾ ദിവ്യത്വത്തെ പ്രതീകവൽക്കരിക്കുന്നു — നന്ദി (കാള) ശക്തിയെ പ്രതിനിധീകരിക്കുന്നു, ഗരുഡൻ ധീരതയെ സൂചിപ്പിക്കുന്നു, ഹനുമാൻ ഭക്തിയെ ഉൾക്കൊള്ളുന്നു.
- വളർത്തുമൃഗങ്ങളുമായുള്ള സഹവാസം മാനസിക സമ്മർദ്ദം, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു. സഹവർത്തിത്വത്തിൻ്റെ അനിവാര്യ ഘടകങ്ങളായ വിനയത്തെയും അനുകമ്പയെയും കുറിച്ച് മൃഗങ്ങൾ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഭീതിത യാഥാർത്ഥ്യം: മൃഗങ്ങൾ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?
മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം നാം ഇന്ന് ആറാം കൂട്ട വംശനാശത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ച് വംശനാശങ്ങളും വലിയ തോതിൽ ജീവിവർഗ്ഗങ്ങളെ മണ്ണിൽ നിന്ന് ഉൻമൂലനം ചെയ്തിരുന്നു.
WWF ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് (2024) അനുസരിച്ച്:
- 1970 മുതൽ വന്യജീവികളുടെ എണ്ണത്തിൽ 69% കുറവുണ്ടായി.
- അടുത്ത ഒരു നൂറ്റാണ്ടിനുള്ളിൽ 10 ലക്ഷത്തിലധികം ജീവിവർഗ്ഗങ്ങൾ വംശനാശം നേരിടാൻ സാധ്യതയുണ്ട്.
ഈ ദുരന്തംഏറെ അപകടകരമാണ്. ആവാസവ്യവസ്ഥ തകരുമ്പോൾ ഭക്ഷ്യക്ഷാമം, കാലാവസ്ഥാ അസ്ഥിരത, രോഗവ്യാപനം എന്നിവയ്ക്കെല്ലാം കാരണമായേക്കാം.
ഉദാഹരണത്തിന്:
- ഡൈക്ലോഫെനാക് വിഷം കാരണം ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞത് തെരുവുനായ്ക്കളുടെ എണ്ണം കൂടാനും പേവിഷബാധ മനുഷ്യരിലേക്ക് പകരാനും കാരണമായി.
- വവ്വാലുകളുടെ ആവാസവ്യവസ്ഥ തകർത്തുകൊണ്ടുള്ള വനനശീകരണം നിപ വൈറസ് പോലുള്ള ജന്തുജന്യ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൃഗങ്ങളുടെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ച തത്വമാണ്. ഇതിൽ നിന്നെല്ലാം മൃഗങ്ങളുടെ ക്ഷേമത്തിന് നമ്മൾ എത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് വ്യക്തമാകുന്നു.
പുതിയ മുന്നേറ്റങ്ങൾ: മൃഗസംരക്ഷണത്തിലെ ശാസ്ത്രീയ ചുവടുവെയ്പ്പ്
1. റീവൈൽഡിംഗ് പ്രോജക്റ്റുകൾ (Rewilding Projects)
ആവാസവ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനായി വംശനാശം വന്നതോ വംശനാശഭീഷണി നേരിടുന്നതോ ആയ ജീവികളെ ആഗോളതലത്തിൽത്തന്നെ, രാജ്യങ്ങൾ തിരികെ കൊണ്ടുവന്ന് പരിപാലിക്കുന്നു.
- ഇന്ത്യയുടെ പ്രോജക്റ്റ് ചീറ്റ, പുൽമേടുകളിലെ ചീറ്റപ്പുലിയുടെ പാരിസ്ഥിതിക പങ്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.
- യൂറോപ്പിൽ, ഐബീരിയൻ ലിങ്ക്സിനെ തിരികെ കൊണ്ടുവന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തിന് പുതുജീവൻ നൽകി.
2. കൺസർവേഷൻ ജീനോമിക്സ് (Conservation Genomics)
ഡിഎൻഎ ശ്രേണീകരണം വഴി ജനിതക വൈവിധ്യം തിരിച്ചറിയാനും സംരക്ഷണ പരിപാടികൾക്കായി ഇണകളെ കണ്ടെത്താനും സാധിക്കുന്നു. ഇത് വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
3. കമ്മ്യൂണിറ്റി കൺസർവേഷൻ (Community Conservation)
അരുണാചൽ പ്രദേശിലെ ഗോത്രവർഗ്ഗ സങ്കേതങ്ങൾ മുതൽ ഒഡീഷയിലെ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള കടലാമ സംരക്ഷണം വരെ, തങ്ങളുടെ ആവാസവ്യവസ്ഥയുടെ കാവൽക്കാരായി പ്രാദേശിക ജനങ്ങൾ മാറുകയാണ്.
നമുക്ക് എന്തുചെയ്യാൻ കഴിയും — ചെറിയ പ്രവൃത്തികളിലൂടെ വലിയ മാറ്റം
1.വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളെയും (NGOs) സങ്കേതങ്ങളെയും പിന്തുണയ്ക്കുക.
2.മൃഗങ്ങളെ ചൂഷണം ചെയ്ത് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുക (രോമം,ചർമ്മം, ആനക്കൊമ്പ്, പവിഴം).
3.പക്ഷികളെയും പരാഗണകാരികളെയും ആകർഷിക്കുന്ന നാടൻ മരങ്ങൾ നടുക.
4.കടകളിൽ നിന്ന് വാങ്ങുന്നതിനു പകരം, തെരുവിൽ ഉപേക്ഷിക്കപ്പെട്ടതോ അലഞ്ഞുതിരിയുന്നതോ ആയ മൃഗങ്ങൾക്ക് വീട് നൽകുക.
5.കുട്ടികളെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക — അനുകമ്പ തുടങ്ങുന്നത് അവബോധത്തിൽ നിന്നാണ്.
ഭൂമിയുടെ ആത്മാവ് മൃഗങ്ങളിലൂടെ സ്പന്ദിക്കുന്നു
അവസാനത്തെ പക്ഷിയും പാട്ട് നിർത്തുമ്പോൾ, സമുദ്രങ്ങൾ നിശ്ശബ്ദമാകുമ്പോൾ, ഒരില പോലും അനങ്ങാതെയാകുമ്പോൾ — നമ്മൾ നഷ്ടമാക്കിയത് സ്വന്തം ഹൃദയമിടിപ്പായിരുന്നുവെന്ന് മനുഷ്യർ തിരിച്ചറിയും.
ലോക മൃഗദിനം 2025ൽ, ഏറ്റവും ചെറിയ തേനീച്ച മുതൽ ഏറ്റവും വലിയ ആന വരെ ഓരോ ജീവിവർഗ്ഗത്തിനും ഈ പ്രപഞ്ചത്തിൽ പവിത്രമായ സ്ഥാനമുണ്ട് എന്ന് നമുക്ക് ഓർമ്മിക്കാം.
മൃഗങ്ങളെ സംരക്ഷിക്കുന്നത് കാരുണ്യപ്രവൃത്തിയല്ല.
അത് മനുഷ്യന് സ്വയം നിലനിൽക്കാനുള്ള മാർഗ്ഗമാണ്.
ഈ ലോകം, അവരുടേതും കൂടിയാണ്.




