ലോക അൽസ്ഹൈമേഴ്‌സ് ദിനം 2025: മായാതെ കാത്തുവെയ്ക്കാം ഓർമ്മകൾ

മറവിയിലാഴ്ന്നവരെ ചേർത്തുനിർത്താം
പിന്നിട്ട കാലവും ആ കാലത്തെ ജീവിതവും സ്വപ്നങ്ങളും ഭാഷയും വിശപ്പും ദാഹവും…എല്ലാം നഷ്ടമാവുക…ഓർമ്മകളുടെ അടരുകൾ പതിയെപ്പതിയെ പൊഴിഞ്ഞുപോകുക, ഒന്നും തിരിച്ചറിയാതാകുക…മറവിരോഗത്തിൻ്റെ നിഗൂഢതയിൽ ജീവിക്കുന്നവരെ ഓർക്കാൻ ലോകജനത മാറ്റിവെച്ച ദിവസമാണ് സെപ്റ്റംബർ 21.
പക്ഷേ ഇന്ന്, ലോക അൽസ്ഹൈമേഴ്സ് ദിനത്തിൽ, നമ്മൾ ഇവരെ ഓർക്കുക മാത്രമല്ല ചെയ്യുന്നത്. മറവിരോഗത്തെക്കുറിച്ച് ഏവർക്കും അവബോധം നൽകാനും മറവിയിലാണ്ടുപോയവരെ ചേർത്തുനിർത്താനും പരിചരിക്കുന്നവർക്ക് പിന്തുണ നൽകാനും കൂടിയുള്ളതാണ് ഈ ദിവസം.
അൽസ്ഹൈമേഴ്‌സിൻ്റെ പ്രസക്തി വർത്തമാനകാലത്ത്
2025-ൽ, ലോകത്തിലെ അതിവേഗം വളരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നായി അൽസ്ഹൈമേഴ്‌സ് മാറിയിരിക്കുന്നു. ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകൾ ഡിമെൻഷ്യയുമായി ജീവിക്കുന്നുണ്ട്, ഓരോ 3 സെക്കൻഡിലും ഒരു പുതിയ കേസ് തിരിച്ചറിയപ്പെടുന്നുണ്ട്. കുടുംബബന്ധങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത്, ഈ രോഗം നൽകുന്ന ആഘാതം വളരെ വലുതാണ്. പരിചരിക്കുന്നവർ – പലപ്പോഴും ഭാര്യമാരോ, ഭർത്താക്കന്മാരോ, മകളോ, മകനോ – മറവിരോഗം കീഴടക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ അവർക്ക് ജോലിയും ഉറക്കവും സ്വന്തം ആരോഗ്യവും നിശ്ശബ്ദമായി ഉപേക്ഷിക്കേണ്ടി വരുന്നു.
പക്ഷെ പലപ്പോഴും അൽസ്ഹൈമേഴ്‌സ് രോഗത്തെ സമൂഹം അവഗണിക്കുന്നുണ്ട് എന്നതാണ് സത്യം. പലരും ചെറിയ ചെറിയ മറവികളെ വാർദ്ധക്യത്തിൻ്റെ ലക്ഷണമായി തള്ളിക്കളയുന്നു. പരമപ്രധാനമായ വിലയേറിയ വർഷങ്ങൾ കടന്നുപോയ ശേഷം, ഏറെ വൈകി മാത്രം ചിലർ കാര്യങ്ങൾ തിരിച്ചറിയുന്നു.
അതുകൊണ്ടാണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം എടുത്ത് പറയേണ്ടത്: ലോക അൽസ്ഹൈമേഴ്‌സ് ദിനം ബോധവൽക്കരണത്തിന് വേണ്ടി മാത്രമുള്ളതല്ല. രോഗത്തിൻ്റെ ഗൗരവം മനസ്സിലാക്കാനും മുൻവിധി കൂടാതെ പ്രവർത്തിക്കാനുള്ള ഊർജം നൽകാനും അസുഖം നേരത്തെ കണ്ടെത്താനുള്ള വഴികാട്ടിത്തരാനും കൂടി വേണ്ടിയുള്ളതാണ്.
ഒത്തുചേർന്ന് നമുക്കെന്തുചെയ്യാൻ കഴിയും?
1. ആദ്യകാല ലക്ഷണങ്ങൾ മനസ്സിലാക്കാം – സാധാരണ മറവിയ്ക്കപ്പുറമുള്ള ഓർമ്മക്കുറവ്, സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള ആശയക്കുഴപ്പം, പരിചിതമായ കാര്യങ്ങൾ പോലും ചെയ്യാുള്ള ബുദ്ധിമുട്ട്, വ്യക്തിത്വത്തിലെ മാറ്റങ്ങൾ, അല്ലെങ്കിൽ സാമൂഹിക ജീവിതത്തിൽ നിന്ന് ഉൾവലിയൽ എന്നിവ ശ്രദ്ധിക്കുക. ബോധവൽക്കരണം തന്നെയാണ് ആദ്യത്തെ മരുന്ന്.
2.പരിചരിക്കുന്നവരെ പിന്തുണയ്ക്കാം – ഓരോ രോഗിയോടൊപ്പവും ശാരീരികവും മാനസികവുമായ വെല്ലുവിളികൾ സദാ നേരിടുന്ന, നിരാശകരാകുന്ന, സാമ്പത്തിക ബുദ്ധിമുട്ടുകളുമായി പോരാടുന്ന ഒരു വ്യക്തിയും ആ വ്യക്തിയുടെ കുടുംബമുണ്ട്. ഇന്നത്തെ ദിവസം അവർക്കും കൂടി വേണ്ടിയുള്ളതാണ്.
3.മസ്തിഷ്ക്കാരോഗ്യത്തിന് പ്രധാന്യം നൽകാം – വ്യായാമം, സമീകൃതാഹാരം, പുതിയ കഴിവുകൾ പഠിക്കൽ, സംഗീതം, ധ്യാനം, സാമൂഹിക ബന്ധങ്ങൾ എന്നിവ തലച്ചോറിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ശക്തമായ മാർഗ്ഗങ്ങളാണ്.
4.മൗനം വെടിയാം – അൽ സ്ഹൈമേഴ്‌സിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് മുൻവിധി കുറയ്ക്കാൻ സഹായിക്കും, ഒപ്പം രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ് വേണ്ട സഹായം തേടുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യാം.
വൈകാരികാഘാതം നൽകുന്ന അവസ്ഥ
നിങ്ങളുടെ അമ്മ നിങ്ങളുടെ പേര് മറക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.
നിങ്ങളുടെ അച്ഛൻ അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടിലേക്കുള്ള വഴി മറന്നുപോകുന്നത്. അല്ലെങ്കിൽ,
എല്ലാ സുഖദുഃഖങ്ങളിലും കൂടെ നിന്ന നിങ്ങളുടെ പങ്കാളി, ഒരു അപരിചിതനെപ്പോലെ നിങ്ങളെ നോക്കുന്നത് ഓർക്കാൻ കഴിയുന്നുണ്ടോ?
ഇനി, എല്ലാം മറവിയിൽ മാഞ്ഞുപോകുന്നത് സ്വയം ആലോചിച്ച് നോക്കുമ്പോഴോ?
ആശങ്കയും ഭീതിയും നിരാശയും പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഉത്ക്കണ്ഠയും തോന്നും. അല്ലേ?
അൽസ്ഹൈമേഴ്‌സ് ആരെയും ബാധിക്കാം എന്നത് വാസ്തവമാണ്. പക്ഷെ, നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.
നമുക്ക് കരുണയോടെ പരിചരിക്കാൻ കഴിയും.
ശാസ്ത്രത്തെ പിന്തുണച്ച് കൂടെ നിൽക്കാൻ കഴിയും.
ഒത്തൊരുമിച്ച് നിലകൊള്ളാൻ കഴിയും.
ഈ ലോക അൽസ്ഹൈമേഴ്സ് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം:
- രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ
- പരിചരിക്കുന്നവരെ ബഹുമാനിക്കാൻ
- സമൂഹത്തിൽ ബോധവൽക്കരണം വളർത്താൻ.
- എല്ലാറ്റിനുമുപരി, മറന്നുപോകുന്നവരെ ഓർമ്മിക്കാൻ.
നമ്മൾ സ്വപ്നം കാണുന്ന ഭാവി
ഒരാളും നിശ്ശബ്ദമായി ഡിമെൻഷ്യയെ നേരിടാത്ത ഭാവിയെക്കുറിച്ച്, അൽസ്ഹൈമേഴ്‌സ് രോഗികൾക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന, പരിചരിക്കുന്നവർക്ക് പിന്തുണ ലഭിക്കുന്ന, ഗവേഷണങ്ങൾ പ്രതീക്ഷ നൽകുന്ന വരുംകാലത്തെക്കുറിച്ച്.
ആ ഭാവി ആരംഭിക്കുന്നത് നമ്മളിൽ നിന്നുതന്നെയാണ്—ഇത് വായിക്കുന്ന ഓരോരുത്തരിലും നിന്ന്.
ഈ സന്ദേശം പങ്കിടുക. നിങ്ങളുടെ കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അൽസ്ഹൈമേഴ്‌സിനെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ ജോലിസ്ഥലത്തോ സമൂഹത്തിലോ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുക. ഡിമെൻഷ്യ പരിചരണത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്ക് സംഭാവന നൽകുക. ഓരോ ചെറിയ ചുവടുവെയ്പ്പും വലിയൊരു മാറ്റത്തിലേക്കുള്ള കുതിപ്പാണെന്ന് തിരിച്ചറിയുക.
കാരണം, ഓർമ്മ എന്നത്, ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമല്ല—അത് നമ്മുടെ സ്വത്വത്തെ തിരിച്ചറിയാനുള്ള ബോധം കൂടിയാണ്. ഓർമ്മകൾ മാഞ്ഞുപോകുമ്പോഴും സ്നേഹവും മാനുഷികതയും മായാതെ നിലനിൽക്കുമെന്ന് നമുക്ക് ഒരുമിച്ച് ഉറപ്പുവരുത്താം.
References for Further Reading:
അവബോധമാണ് സൗഖ്യത്തിലേക്കുള്ള ആദ്യചുവടെന്ന് nellikka.life വിശ്വസിക്കുന്നു.ഈ ലോക അൽസ്ഹൈമേഴ്സ് ദിനത്തിൽ, നമുക്ക് ഒത്തൊരുമിച്ച് സൗഖ്യത്തിലേക്ക് മുന്നേറാം.




