മുപ്പതുകളിലെ ആർത്തവ മാറ്റങ്ങൾ: ഡോക്ടറെ എപ്പോൾ കാണണം? അറിയേണ്ടതെല്ലാം

മുപ്പതുകളിലെ ആർത്തവ മാറ്റങ്ങൾ: ഡോക്ടറെ എപ്പോൾ കാണണം? അറിയേണ്ടതെല്ലാം

മുപ്പതുകളുടെ അവസാനത്തേക്ക് അടുക്കുമ്പോൾ പല സ്ത്രീകൾക്കും ആർത്തവത്തിൽ വ്യത്യാസങ്ങൾ വരാറുണ്ട്. ഈ മാറ്റങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കാറുമുണ്ട്. കൃത്യസമയത്ത് വന്നിരുന്ന ആർത്തവം നേരത്തെ വരുന്നു, കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നു, അമിതമായ രക്തസ്രാവം ഉണ്ടാകുന്നു. ചിലപ്പോൾ ഒരു മാസം ആർത്തവമില്ലാതിരിക്കാം, അടുത്ത മാസം അപ്രതീക്ഷിതമായി വരികയും ചെയ്തേക്കാം.

നാൽപ്പതിലേക്ക് സഞ്ചരിക്കാൻ റെഡിയായി നിൽക്കുന്ന ശരീരത്തിന് പ്രായമേറുന്നതിൻ്റെ ലക്ഷണമാണെന്നും  ഈ മാറ്റങ്ങൾ സ്വാഭാവികമാണെന്നുമൊക്കെ മറ്റുള്ളവർ പറയും. 

35 വയസ്സിന് ശേഷം ആർത്തവത്തിൽ വരുന്ന ചില മാറ്റങ്ങൾ സ്വാഭാവികമാണ് എന്നതു ശരിയാണ്. പക്ഷെ എല്ലാ മാറ്റങ്ങളെയും നിസ്സാരമായി കാണരുത്. ഹോർമോണുകളുടെ മാറ്റം കൊണ്ടുണ്ടാകുന്ന സ്വാഭാവിക പരിവർത്തനങ്ങളും ഗൗരവമായി കാണേണ്ട ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.  

മുപ്പത്തിയഞ്ച് വയസ്സു പിന്നിടുമ്പോൾ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങും. ആർത്തവവിരാമം (Menopause) ആയി എന്നല്ല, മറിച്ച് ഹോർമോണുകൾ ഒന്ന് ക്രമീകരിക്കപ്പെടാൻ തുടങ്ങുന്നു.

ഈ സമയത്തെ പ്രധാന ഹോർമോൺ മാറ്റങ്ങൾ ഇവയാണ്:

  • പ്രൊജസ്റ്ററോൺ (Progesterone) കുറയുന്നു
  • അണ്ഡോത്പാദനം (Ovulation) ക്രമമല്ലാതാകുന്നു
  • ഈസ്ട്രജൻ (Estrogen) തോതിൽ ഇടയ്ക്കിടെ ഏറ്റക്കുറച്ചിലുണ്ടാകുന്നു
  • മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ (Cortisol) പോലുള്ള ഹോർമോണുകളോട് ശരീരം കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നു

ഈസ്ട്രജൻ അളവ് സാധാരണ നിലയിലാണെങ്കിൽ പോലും ആർത്തവചക്രത്തെ നിയന്ത്രിക്കുന്ന പ്രൊജസ്റ്ററോൺ കുറയാൻ തുടങ്ങുന്നതോടെ ആർത്തവത്തിൽ വ്യത്യാസങ്ങൾ പ്രകടമായി തുടങ്ങും.

ഈ പ്രായത്തിൽ സാധാരണയായി കാണുന്ന മാറ്റങ്ങൾ

സ്വാഭാവികമായ ഹോർമോൺ വ്യതിയാനങ്ങൾ കാരണം താഴെ പറയുന്ന കാര്യങ്ങൾ അനുഭവപ്പെട്ടേക്കാം:

  • ആർത്തവചക്രത്തിന്റെ ദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യാം
  • വർഷത്തിൽ ഒന്നോ രണ്ടോ തവണ ആർത്തവം മുടങ്ങുന്നു
  • ആർത്തവത്തിന് മുന്നോടിയായുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ (PMS) കൂടുന്നു
  • ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളിൽ കൂടുതൽ രക്തസ്രാവം ഉണ്ടാകുന്നു
  • പതിവല്ലാത്ത തരത്തിൽ വയറുവേദനയോ നടുവേദനയോ അനുഭവപ്പെടാം

സാധാരണ ഗതിയിൽ ഇത്തരം മാറ്റങ്ങൾ:

  • പെട്ടെന്നല്ലാതെ സാവധാനത്തിൽ മാത്രം പ്രകടമാകുന്നു
  • ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കില്ല
  • ചിലപ്പോൾ കുറച്ചു മാസങ്ങൾ മാത്രം നീണ്ടുനിൽക്കുകയും പിന്നീട് പഴയതുപോലെ ആകുകയും ചെയ്യും

മുപ്പതുകളുടെ അവസാനത്തിലോ നാൽപ്പതുകളുടെ തുടക്കത്തിലോ സംഭവിക്കുന്ന ‘പെരിമെനോപോസ്’ (Perimenopause) അഥവാ ആർത്തവവിരാമത്തിലേക്കുള്ള ആദ്യപടിയാണിത്.

എന്താണ് പെരിമെനോപോസ്?

ആർത്തവം പൂർണ്ണമായും നിൽക്കുന്നതിന് (മെനോപോസ്) തൊട്ടുമുൻപുള്ള, 4 മുതൽ 10 വർഷം വരെയുള്ള കാലയളവിനെയാണ് പെരിമെനോപോസ് ഘട്ടമെന്നു പറയുന്നത്. ആർത്തവം നിലയ്ക്കുന്നതിന് വളരെ മുൻപ് തന്നെ ശരീരത്തിൽ ഈ മാറ്റങ്ങൾ പ്രകടമായി തുടങ്ങും.

പെരിമെനോപോസ് സമയത്ത് ആർത്തവത്തിൽ വരുന്ന മാറ്റങ്ങൾ:

  • ആർത്തവചക്രത്തിന്റെ ദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യുക
  • ഒരു മാസം അമിതമായ രക്തസ്രാവം ഉണ്ടാകുകയും അടുത്ത മാസം വളരെ കുറവാകുകയും ചെയ്യുക
  • ആർത്തവത്തിന് ഇടയിലുള്ള ദിവസങ്ങളിൽ രക്തത്തുള്ളികൾ (Spotting) കാണപ്പെടുക
  • അടുത്തടുത്ത ദിവസങ്ങളിൽ ആർത്തവം വരിക
  • ചില മാസങ്ങളിൽ അണ്ഡോത്പാദനം (Ovulation) നടക്കാതിരിക്കുക

ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ കാരണം ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ കൂടാതെ മറ്റ് ചില ബുദ്ധിമുട്ടുകളും ഈ സമയത്തുണ്ടാകാം:

  • ഉറക്കമില്ലായ്മ: കൃത്യമായ ഉറക്കം ലഭിക്കാൻ പ്രയാസം നേരിടുക
  • മാനസികാവസ്ഥയിലെ മാറ്റങ്ങൾ: പെട്ടെന്ന് ദേഷ്യം വരിക, വിഷമം തോന്നുക അല്ലെങ്കിൽ അനാവശ്യമായ ഉത്കണ്ഠ (Anxiety)
  • ശരീരം ചൂടാകുക: പെട്ടെന്ന് അമിതമായി വിയർക്കുകയോ ശരീരത്തിന് ചൂട് അനുഭവപ്പെടുകയോ ചെയ്യുക (Hot flashes)
  • തടി കൂടുക: പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിയുകയും തടി കൂടുകയും ചെയ്യുക
  • തളർച്ച: എപ്പോഴും ക്ഷീണം തോന്നുക, കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ (Brain fog) വരിക.

ആർത്തവം തുടരുന്നതുകൊണ്ട് തന്നെ, പല സ്ത്രീകൾക്കും ഈ ലക്ഷണങ്ങൾക്ക് പെരിമെനോപോസുമായി ബന്ധമുണ്ടെന്നു മനസ്സിലാകില്ല. അമിതമായ ജോലിഭാരം കൊണ്ടോ മാനസിക സമ്മർദ്ദം കൊണ്ടോ ഉണ്ടാകുന്നതാണെന്ന് കരുതി മിക്കവരും ഇതിനെ അവഗണിക്കുന്നു.

35 വയസ്സിന് ശേഷം കഠിനമായ വേദന വരാൻ കാരണം 

  • ഈസ്ട്രജൻ വ്യതിയാനം (Estrogen dominance): ശരീരത്തിൽ പ്രൊജസ്റ്ററോൺ ഹോർമോൺ കുറയുകയും ഈസ്ട്രജന്റെ അളവ് കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്
  • തൈറോയ്ഡ് പ്രശ്നങ്ങൾ: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകൾ ആർത്തവത്തെ നേരിട്ട് ബാധിക്കാം
  • ശരീരത്തിലെ വീക്കം (Inflammation): ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് വേദന വർദ്ധിപ്പിക്കാൻ കാരണമാകും
  • ഇൻസുലിൻ റെസിസ്റ്റൻസ് (Insulin resistance): രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ശരീരം പരാജയപ്പെടുന്നത് ഹോർമോണുകളെ ബാധിക്കാം
  • മാനസിക സമ്മർദ്ദം (Stress): അമിതമായ സ്ട്രെസ്, ഹോർമോൺ പ്രവർത്തനങ്ങളെ ആകെ താളംതെറ്റിക്കാം

കാലക്രമേണ, ഇങ്ങനെയുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഗർഭപാത്രത്തിന്റെ ആന്തരിക പാളിയെ (Uterine lining) ബാധിക്കുകയും, ഇത് ആർത്തവസമയത്ത് കൂടുതൽ രക്തം പോകുന്നതിനും കഠിനമായ വേദനയ്ക്കും കാരണമാവുകയും ചെയ്യുന്നു.

ആർത്തവത്തിൽ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും പ്രായമാകുന്നതിന്റെ ഭാഗമായി കണക്കാക്കരുത്. ചില മാറ്റങ്ങൾ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. ഇത് തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണ്.

ഡോക്ടറുടെ സഹായം തേടേണ്ട അപായസൂചനകൾ 

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവയെ അവഗണിക്കരുത്:

  • ആർത്തവം ഏഴെട്ടു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നത്
  • രക്തം വലിയ കട്ടകളായി പോകുക
  • രണ്ട് ആർത്തവങ്ങൾക്കിടയിലോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷമോ രക്തം കാണപ്പെടുക
  • ഓരോ 2-3 ആഴ്ച കൂടുമ്പോഴും ആർത്തവം വരുന്നത്
  • ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും പറ്റാത്ത രീതിയിലുള്ള കഠിനമായ വേദന
  • കുറച്ചു മാസങ്ങൾ കുറഞ്ഞ അളവിൽ രക്തസ്രാവമുണ്ടാകുകയും പെട്ടെന്ന് അമിതമായ രക്തസ്രാവം ഉണ്ടാകുകയും ചെയ്യുക
  • 40 വയസ്സിന് മുൻപ് പെട്ടെന്ന് ആർത്തവം നിലയ്ക്കുന്നത്

ഈ ലക്ഷണങ്ങൾ താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാകാനിടയുണ്ട്:

  • ഫൈബ്രോയ്ഡുകൾ (Fibroids)
  • അഡിനോമയോസിസ് (Adenomyosis)
  • പോളിപ്‌സ് (Endometrial Polyps)
  • തൈറോയ്ഡ് ഹോർമോണിലെ വ്യതിയാനങ്ങൾ
  • പി സി ഒ എസ് (PCOS)
  • അകാല ആർത്തവവിരാമം (Early Ovarian Insufficiency)

ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് കൃത്യമായ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകും. അതിനാൽ ബുദ്ധിമുട്ടുകൾ തോന്നിയാൽ ഒട്ടും വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തണം.

തൈറോയ്ഡ്, സമ്മർദ്ദം, മെറ്റബോളിസം എന്നിവ ആർത്തവത്തെ എങ്ങനെ ബാധിക്കുന്നു

തൈറോയ്ഡ് 

തൈറോയ്ഡ് ഹോർമോണിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആർത്തവത്തെ സാരമായി ബാധിക്കും. ഇത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം:

  • ആർത്തവം ക്രമമല്ലാതാവുക
  • അമിതമായ രക്തസ്രാവം
  • ഇടയ്ക്ക് ആർത്തവം വരാതിരിക്കുക

സ്ട്രെസ്സും കോർട്ടിസോളും

നിരന്തരമായ മാനസിക സമ്മർദ്ദം തലച്ചോറും അണ്ഡാശയവും തമ്മിലുള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഫലമായി:

  • അണ്ഡോത്പാദനം വൈകുന്നു
  • ആർത്തവം തെറ്റുകയോ വരാതിരിക്കുകയോ ചെയ്യുന്നു
  • PMS ലക്ഷണങ്ങൾ (ആർത്തവത്തിന് മുന്നോടിയായുള്ള ബുദ്ധിമുട്ടുകൾ) കൂടുന്നു

ഇൻസുലിൻ റെസിസ്റ്റൻസ്

35 വയസ്സിന് ശേഷം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ് ഇൻസുലിൻ പ്രതിരോധം. ഇത് ആർത്തവത്തെ താഴെ പറയുന്ന രീതിയിൽ ബാധിക്കാം:

  • അണ്ഡോത്പാദനത്തെ (Ovulation) ബാധിക്കുന്നു
  • ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ വ്യതിയാനമുണ്ടാക്കുന്നു
  • രക്തസ്രാവം കൂടാനോ ആർത്തവം ക്രമം തെറ്റാനോ കാരണമാകുന്നു

ചുരുക്കത്തിൽ, ആർത്തവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിനുള്ളിൽ നടക്കുന്ന മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ സൂചനയായിരിക്കാം.

മെഡിക്കൽ റിപ്പോർട്ടുകൾ നോർമൽ ആണെന്ന് കരുതി എല്ലാ ആരോഗ്യപ്രശ്നങ്ങളും മാറിയെന്ന് പറയാനാകില്ല. 

സ്കാനിംഗ് റിപ്പോർട്ടും രക്തപരിശോധനാഫലവും നോർമലാണെങ്കിലും 

ശാരീരിക ബുദ്ധിമുട്ടുകൾ മാറാതിരിക്കുന്നതിന് പല കാരണങ്ങളുമുണ്ടാകാം:

  • ഹോർമോണുകൾ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഒരു തവണ മാത്രം ചെയ്യുന്ന രക്തപരിശോധനയിൽ ഈ വ്യതിയാനങ്ങൾ എപ്പോഴും കൃത്യമായി കാണണമെന്നില്ല
  • ആർത്തവചക്രത്തെ നിയന്ത്രിക്കുന്ന പ്രൊജസ്റ്ററോൺ (Progesterone) ഹോർമോൺ തോത് മിക്കവാറും പരിശോധനകളിൽ ഉൾപ്പെടുത്താറില്ല 
  • പെരിമെനോപോസിന്റെ (Perimenopause) ആദ്യഘട്ടത്തിലെ മാറ്റങ്ങൾ റിപ്പോർട്ടുകളിൽ പ്രകടമായെന്ന് വരില്ല

റിപ്പോർട്ടുകൾ നോർമൽ ആണെങ്കിൽ പോലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഗൗരവമായിത്തന്നെ കാണണം.

ഹോർമോൺ സന്തുലനം മെച്ചപ്പെടുത്താൻ ചില സ്വാഭാവിക മാർഗ്ഗങ്ങൾ

  • ഉറക്കത്തിന് വേണ്ട പ്രാധാന്യം നൽകുക 
  • മാനസിക സമ്മർദ്ദം കുറയ്ക്കുക
  • പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരം കഴിക്കുക
  • പതിവായി വ്യായാമം ചെയ്യുക

ആർത്തവചക്രം ശ്രദ്ധിക്കാം:

ശരീരത്തിൽ വരുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയാൻ ഡയറിയിലോ മൊബൈൽ ആപ്പിലോ താഴെ പറയുന്നവ കുറിച്ചുവെയ്ക്കാം:

  • ആർത്തവചക്രത്തിന്റെ ദൈർഘ്യത്തിൽ വരുന്ന മാറ്റങ്ങൾ 
  • രക്തസ്രാവം കൂടുകയോ കുറയുകയോ ചെയ്യുന്നത്
  • ആർത്തവത്തിന് മുന്നോടിയായുള്ള ശാരീരിക മാറ്റങ്ങളും മാനസികാവസ്ഥയിലെ വ്യതിയാനങ്ങളും

ആർത്തവത്തിൽ വരുന്ന മാറ്റങ്ങളും പ്രശ്നങ്ങളും തുടക്കത്തിലേ കണ്ടെത്താനും കൃത്യമായ ചികിത്സ തേടാനും ഇതു സഹായകമാകും.

ഡോക്ടറുടെ സഹായം തേടേണ്ടതെപ്പോൾ?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒട്ടും വൈകാതെ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്:

  • ആർത്തവത്തിൽ പെട്ടെന്നോ അല്ലെങ്കിൽ വളരെ സങ്കീർണ്ണമായ തരത്തിലോ മാറ്റങ്ങൾ ഉണ്ടായാൽ
  • രക്തസ്രാവം കാരണം ദൈനംദിന കാര്യങ്ങൾ തടസ്സപ്പെടുന്നുണ്ടെങ്കിൽ
  • ലക്ഷണങ്ങൾ മൂന്നോ നാലോ മാസങ്ങൾ തുടർച്ചയായി നിലനിൽക്കുന്നുണ്ടെങ്കിൽ
  • ആശ്വാസം ലഭിക്കാതായാൽ

പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നത് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വലിയ സങ്കീർണ്ണതകൾ ഒഴിവാക്കാനും അനാവശ്യമായ വേദനകളിൽ നിന്ന് മുക്തി നേടാനും സഹായിക്കും.

യാഥാർത്ഥ്യം തിരിച്ചറിയാം

പ്രായമാകുന്നതിന്റെ സ്വാഭാവികമായ മാറ്റങ്ങളും ശാരീരിക പ്രശ്നങ്ങളും തമ്മിൽ തിരിച്ചറിയാൻ കഴിയണം. ആർത്തവവിരാമം (Menopause) സംഭവിക്കുന്നതിന് എത്രയോ മുൻപ് തന്നെ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ ഓരോ സ്ത്രീയെയും ഇതു പ്രാപ്തയാക്കും.

ഹോർമോൺ വ്യതിയാനങ്ങളുടെ ഘട്ടത്തിൽ, അവഗണിക്കപ്പെടലല്ല, കൃത്യമായ അറിവും വ്യക്തതയുമാണ് സ്ത്രീകൾ അർഹിക്കുന്നത് എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe