എട്ട് മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം മാറാത്തതെന്താണ്?

ഡോക്ടർമാർ വിശദമാക്കുന്ന കാരണങ്ങളിതാ
കൃത്യസമയത്ത് തന്നെ ഉറങ്ങാൻ കിടന്നു. ഏഴെട്ടു മണിക്കൂർ വരെ നന്നായി ഉറങ്ങുകയും ചെയ്തു. എന്നിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത തളർച്ചയും തലയ്ക്ക് ഭാരവും. ഒന്നിനും ഒരു ഉന്മേഷമില്ലാത്ത അവസ്ഥ. ഇങ്ങനെ അനുഭവപ്പെടുന്നുണ്ടോ?
ഇന്ന് ഒട്ടേറെപ്പേർ, പ്രത്യേകിച്ച് യുവാക്കളും ജോലിക്ക് പോകുന്നവരും ഡോക്ടർമാരോട് പരാതിപ്പെടുന്ന പ്രധാന പ്രശ്നമാണിത്. ആവശ്യത്തിന് ഉറങ്ങിയിട്ടും എന്തുകൊണ്ടാണ് ഈ തളർച്ച മാറാത്തത്?
എത്ര നേരം ഉറങ്ങുന്നു എന്നതല്ല, എത്ര നന്നായുറങ്ങുന്നു എന്നതിലാണ് കാര്യം. ഉറങ്ങുന്ന സമയത്ത് നമ്മുടെ ശാരീരികാവസ്ഥ എങ്ങനെയെന്നത് പ്രധാനമാണ്.
ആന്തരികതലത്തിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയുടെ സൂചനയാവാം ഉറങ്ങിയ ശേഷവും അനുഭവപ്പെടുന്ന ഈ ക്ഷീണം.
അടുത്ത കാലത്തായി ഡോക്ടർമാർ നിരവധി പേരിൽ കണ്ടെത്തിയ പ്രധാന ആരോഗ്യ-ജീവിതശൈലി പ്രശ്നങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
1. അയേൺ അപര്യാപ്തത — വിളർച്ച ഇല്ലെങ്കിലും ക്ഷീണമുണ്ടാകാം
ശരീരത്തിലെ ഓരോ കോശത്തിലേക്കും ഓക്സിജൻ എത്തിക്കുന്നത് അയേൺ അഥവാ ഇരുമ്പാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ കോശങ്ങളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും ഊർജോൽപ്പാദനം സാവധാനത്തിലാവുകയും ചെയ്യുന്നു.
പൂർണ്ണമായ വിളർച്ച (Anemia) ഉണ്ടാകുന്നതിന് മുൻപ് തന്നെ ശരീരം വല്ലാതെ തളർന്നുപോകാൻ സാധ്യതയുണ്ട് എന്ന വസ്തുത പലർക്കുമറിയില്ല.
പ്രധാന കാരണങ്ങൾ:
- പോഷകാഹാരക്കുറവ്
- ആർത്തവസമയത്തെ അമിത രക്തസ്രാവം
- ഇടയ്ക്കിടെ രക്തം ദാനം ചെയ്യുന്നത്
- ദഹനസംബന്ധമായ പ്രശ്നങ്ങൾ കാരണം ശരീരം വേണ്ടവിധത്തിൽ അയേൺ ആഗിരണം ചെയ്യാത്തത്
- ശരീരത്തിനുള്ളിലെ നീർക്കെട്ടുകൾ
ലക്ഷണങ്ങൾ:
- രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴുള്ള കടുത്ത ക്ഷീണം
- ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ
- അമിതമായ മുടികൊഴിച്ചിൽ
- വിളറിയ ചർമ്മം
- തലവേദന
- ഉറങ്ങാൻ കിടക്കുമ്പോൾ കാലുകളിൽ അനുഭവപ്പെടുന്ന അസ്വസ്ഥത (Restless legs)
സ്ത്രീകൾ, കൗമാരപ്രായക്കാർ, സസ്യഭുക്കുകൾ, ദഹനപ്രശ്നങ്ങളുള്ളവർ എന്നിവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
2. സ്ലീപ്പ് ആപ്നിയ— ഉറക്കം വിശ്രമമാകാതെ വരുമ്പോൾ
നമ്മൾ എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെങ്കിലും ഉറക്കത്തിനിടയിൽ ശ്വസനം ഇടയ്ക്കിടെ തടസ്സപ്പെടുന്നുണ്ടെങ്കിൽ തലച്ചോറിന് സ്വസ്ഥമായ വിശ്രമം ലഭിക്കില്ല. ശരീരം ശരിക്കും റീചാർജ് ചെയ്യപ്പെടുന്ന ഘട്ടത്തിലേക്ക് എത്താൻ ഇത് തടസ്സമാകും.
വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
- ശരീരഭാരം കൂടുന്നത്
- സജീവമല്ലാത്ത ജീവിതശൈലി
- മൂക്കിലെ തടസ്സങ്ങൾ
- ലഹരി ഉപയോഗം
സൂചനകൾ എന്തെല്ലാം?
- കൂർക്കംവലി
- രാവിലെ എഴുന്നേൽക്കുമ്പോൾ വായ ഉണങ്ങിയിരിക്കുക
- വിട്ടുമാറാത്ത തലവേദന
- പകൽ സമയത്ത് വല്ലാത്ത ഉറക്കം തൂങ്ങൽ
- ഏകാഗ്രത കുറയുക, പെട്ടെന്ന് ദേഷ്യം വരിക.
ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. പലപ്പോഴും ഉറക്കത്തിൽ സംഭവിക്കുന്ന കാര്യമായതുകൊണ്ട് ഈ പ്രശ്നമുണ്ടെന്ന് പലരും തിരിച്ചറിയാറില്ല.
3. ഇൻസുലിൻ പ്രതിരോധവും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനവും
നമ്മുടെ ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് കൃത്യമായി പ്രതികരിക്കാതിരിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയെ (Glucose) ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് കഴിയില്ല. തത്ഫലമായി,
രക്തത്തിൽ ധാരാളം പഞ്ചസാര ഉണ്ടാകും, പക്ഷേ അത് ഉപയോഗിക്കാൻ കഴിയാതെ കോശങ്ങൾ പട്ടിണിയിലാകും. ഇത് ശരീരത്തെ എപ്പോഴും തളർത്തുന്നു.
ഇതിന്റെ പ്രധാന ലക്ഷണങ്ങൾ:
- ഭക്ഷണത്തിന് ശേഷം ക്ഷീണം അനുഭവപ്പെടുക
- ചിന്താക്കുഴപ്പം (Brain Fog)
- മധുരത്തോടുള്ള ആർത്തി
- ശരീരഭാരം കൂടുക, പ്രത്യേകിച്ച് വയറിന് ചുറ്റും
- ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഉറക്കം തൂങ്ങൽ
കൂടുതൽ കണ്ടുവരുന്നത്
- ഒരേയിടത്ത് ഇരുന്ന് ജോലി ചെയ്യുന്നവർ (Office workers)
- കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവർ
- മധുരവും അന്നജവും (Carbs) കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർ
- വൈകി ഉറങ്ങുന്ന ശീലമുള്ളവർ
പ്രമേഹം (Diabetes) വരുന്നതിന് മുൻപ് തന്നെ, ഇൻസുലിൻ പ്രതിരോധം കാരണം വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാം. ഇത് തിരിച്ചറിഞ്ഞ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാൽ വലിയ വ്യത്യാസം ഉണ്ടാകും.
4. തൈറോയ്ഡ് വ്യതിയാനം — ശരീരത്തിന്റെ എനർജി റെഗുലേറ്റർ
തൈറോയ്ഡ് ഹോർമോണുകളാണ് നമ്മുടെ ശരീരത്തിലെ ഊർജ്ജത്തിന്റെ അളവും ഉപാപചയ പ്രവർത്തനങ്ങളും (Metabolism) നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ (Hypothyroidism), ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളും സാവധാനത്തിലാകും. ഇത് സ്വാഭാവികമായും ഊർജ്ജോല്പാദനത്തെയും ബാധിക്കുന്നു.
പ്രധാന ലക്ഷണങ്ങൾ:
- വിട്ടുമാറാത്ത ക്ഷീണം
- തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ
- ശരീരഭാര വർദ്ധന
- ചർമ്മ വരൾച്ചയും മുടി കൊഴിച്ചിലും
- മലബന്ധം
- വിഷാദത്തിന് സമാനമായ അവസ്ഥ
അറിഞ്ഞിരിക്കേണ്ടത്:
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. കൃത്യമായ രക്തപരിശോധനയിലൂടെ മാത്രമേ തൈറോയ്ഡിന്റെ ചെറിയ വ്യതിയാനങ്ങൾ പോലും കണ്ടെത്താൻ കഴിയൂ. പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നതാണ് ക്ഷീണം മാറാത്തതിന് കാരണം.
5. ശരീരത്തിലെ നീർക്കെട്ട് — നിശബ്ദമായി ഊർജ്ജം ചോർത്തുന്ന വില്ലൻ
ശരീരത്തിനകത്ത് പുകയുന്ന കനൽ പോലെയാണ് വിട്ടുമാറാത്ത നീർക്കെട്ടുകൾ. നിങ്ങളുടെ ഊർജ്ജം മുഴുവൻ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ശരീരം ഉപയോഗിക്കുന്നത് കൊണ്ട് സാധാരണ കാര്യങ്ങൾ ചെയ്യാൻ ഊർജ്ജമില്ലാതെ വരുന്നു.
ഇതിന് കാരണമാകുന്നത്:
- അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും (Processed foods) പഞ്ചസാരയും കഴിക്കുന്നത്
- ജീവിതശൈലി
- ശരീരഭാരം
- ദഹനപ്രശ്നങ്ങൾ
ഇത് എങ്ങനെ ബാധിക്കുന്നു?
- ശരീരത്തിലുടനീളം ചെറിയ വേദനകൾ അനുഭവപ്പെടുക
- വിട്ടുമാറാത്ത ക്ഷീണവും ഉന്മേഷക്കുറവും
- ചിന്താക്കുഴപ്പം അല്ലെങ്കിൽ കാര്യങ്ങൾ ഓർത്തെടുക്കാൻ പ്രയാസം (Brain fog)
- ഉറക്കം ശരിയാകാത്ത അവസ്ഥയും മാനസികമായ അസ്വസ്ഥതകളും
ഗുരുതരമായ അസുഖങ്ങൾ വരുന്നതിന് മുൻപ് തന്നെ ശരീരത്തിലെ നീർക്കെട്ടുകൾ കണ്ടെത്താൻ സി ആർ പി (hs-CRP) പോലുള്ള രക്തപരിശോധനകൾ സഹായിക്കും.
6. വിറ്റാമിനുകളുടെ കുറവ് — പ്രത്യേകിച്ച് B12, D എന്നിവ
ഇന്നത്തെ നമ്മുടെ ആഹാരരീതി വയർ നിറയ്ക്കാൻ സഹായിക്കുമെങ്കിലും ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. ഊർജ്ജം നൽകുന്ന വിറ്റാമിനുകളുടെ കുറവ് ക്ഷീണത്തിന്റെ പ്രധാന കാരണമാണ്.
വിറ്റാമിൻ B12 കുറഞ്ഞാൽ:
- അമിതമായ തളർച്ച: ഉറങ്ങിയാലും മാറാത്ത ക്ഷീണം
- തരിപ്പ്: കൈകാലുകളിൽ സൂചി കുത്തുന്നതുപോലെയുള്ള തരിപ്പ്
- ഓർമ്മക്കുറവ്: കാര്യങ്ങൾ മറന്നുപോകുകയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുക
- സ്വഭാവമാറ്റങ്ങൾ: പെട്ടെന്ന് മൂഡ് മാറുന്ന അവസ്ഥ
വിറ്റാമിൻ ഡി കുറഞ്ഞാൽ:
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഈ വിറ്റാമിൻ കുറയുമ്പോൾ:
- പേശികളുടെ ബലക്കുറവ്: ശരീരം എപ്പോഴും കുഴഞ്ഞിരിക്കുന്നത് പോലെ തോന്നുക
- എല്ലുവേദന: സന്ധികളിലും എല്ലുകളിലും വിട്ടുമാറാത്ത വേദന
- രോഗപ്രതിരോധശേഷി കുറയുക: ഇടയ്ക്കിടെ അസുഖങ്ങൾ വരിക
ആരിലാണ് കൂടുതൽ കണ്ടുവരുന്നത്?
- സസ്യഭുക്കുകൾ (ബി12 പ്രധാനമായും മാംസാഹാരത്തിലാണ് ഉള്ളത്)
- വെയിൽ അധികം കൊള്ളാത്തവർ
- ദഹനപ്രശ്നങ്ങൾ ഉള്ളവർ
- പ്രായമായവർ
7. നിരന്തരസമ്മർദ്ദവും നാഡീവ്യൂഹത്തിന്റെ അമിതാദ്ധ്വാനവും
ഉറങ്ങുമ്പോഴും നാഡീവ്യൂഹം “അലർട്ട് മോഡിൽ” (എപ്പോഴും ജാഗരൂകമായിരിക്കുക) തന്നെ തുടരുകയാണെങ്കിൽ ശരീരത്തിന് വിശ്രമം ലഭിക്കില്ല. സമ്മർദ്ദമുണ്ടാക്കുന്ന കോർട്ടിസോൾ (Cortisol) ഹോർമോണിന്റെ അളവ് ശരീരത്തിൽ കൂടുന്നത് താഴെ പറയുന്നവയെ ദോഷകരമായി ബാധിക്കും:
- ഉറക്കത്തിന്റെ ഘട്ടങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു
- രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം
- തൈറോയ്ഡ് പ്രവർത്തനം
- ദഹനപ്രക്രിയയെ തകരാറിലാക്കുന്നു
ഇത് എങ്ങനെയെല്ലാം ബാധിക്കുന്നു?
- ഉണർന്നെഴുന്നേൽക്കുമ്പോൾ വല്ലാത്ത തളർച്ച
- ആശങ്കയും അസ്വസ്ഥതയും
- ദേഷ്യം
- ദഹനപ്രശ്നങ്ങൾ
- രോഗപ്രതിരോധശേഷി കുറയുക
ശാരീരിക ക്ഷീണം പോലെ തന്നെയാണ് മാനസിക തളർച്ചയും (Mental exhaustion). മനസ്സ് ശാന്തമല്ലെങ്കിൽ, ശരീരം എത്രതന്നെ വിശ്രമിച്ചാലും ഫലമുണ്ടാകില്ല.
കൂടുതൽ ഉറങ്ങിയിട്ടും വ്യത്യാസം വരാതിരിക്കാൻ കാരണം
നമ്മുടെ ശരീരത്തെ ഒരു മൊബൈൽ ഫോണിനോട് ഉപമിക്കാം. ഉറക്കം എന്നത് ഫോൺ ചാർജ് ചെയ്യുന്നത് പോലെയാണ്. ഫോണിന്റെ ബാറ്ററിക്കാണ് തകരാറെങ്കിൽ, നമ്മൾ എത്ര മണിക്കൂർ ചാർജ് ചെയ്താലും അത് ശരിയാകില്ല. അതുപോലെ തന്നെയാണ് നമ്മുടെ ശരീരവും.
യഥാർത്ഥ ഉന്മേഷം (Energy) ലഭിക്കാൻ ഉറക്കം മാത്രം പോരാ. താഴെ പറയുന്ന കാര്യങ്ങൾ കൂടി കൃത്യമായി നടക്കണം:
- ഓക്സിജൻ ലഭ്യത
- ഹോർമോൺ സന്തുലിതാവസ്ഥ
- രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ വ്യതിയാനമില്ലാതെ നിലനിൽക്കണം
- പോഷകങ്ങൾ
- മനസ്സിനും നാഡികൾക്കും വിശ്രമം ലഭിക്കണം
- ശരീരത്തിനകത്ത് തടിപ്പുകളോ നീർക്കെട്ടുകളോ (Inflammation) ഉണ്ടാകാൻ പാടില്ല
ഈ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിന് തകരാർ സംഭവിച്ചാൽ, നിങ്ങൾ എത്ര നേരം ഉറങ്ങിയാലും വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.
ക്ഷീണം മാറ്റാൻ എന്ത് ചെയ്യണം?
ക്ഷീണം തോന്നുമ്പോൾ സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം, ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിച്ചു തുടങ്ങുക. ഉന്മേഷം തിരിച്ചുപിടിക്കാൻ സഹായിക്കുന്ന പ്രായോഗികമായ ചില കാര്യങ്ങൾ:
- എച്ച് ബി, ഫെറിറ്റിൻ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിവ പരിശോധിക്കാം
- ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താം
- ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ (മാംസ്യം) ഉൾപ്പെടുത്തുക
- മധുരവും മൈദയും പരമാവധി കുറയ്ക്കുക
- രാവിലെ അല്പനേരം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി ലഭിക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും സഹായിക്കും
- ദിവസവും അല്പനേരം വ്യായാമം ശീലമാക്കുക
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുക:
- വിശ്രമിച്ചിട്ടും രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ക്ഷീണം
- ശരീരഭാരത്തിൽ മാറ്റങ്ങൾ
- മുടികൊഴിച്ചിൽ
- ശ്വസനതടസ്സം
- ഉറക്കം ഇടയ്ക്കിടെ തടസ്സപ്പെടുകയോ ഉറക്കമില്ലായ്മയോ
- സ്വഭാവമാറ്റങ്ങൾ
- ആർത്തവസമയത്തെ അമിത രക്തസ്രാവം
- കൂർക്കംവലിയും പകൽ ഉറക്കവും
എട്ട് മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം തോന്നുന്നത് ഒരു സാധാരണ കാര്യമായി തള്ളിക്കളയരുത്. വാസ്തവത്തിൽ, നിങ്ങളുടെ ശരീരം ശ്രദ്ധ ആവശ്യപ്പെടുന്നു എന്നതിന്റെ ലക്ഷണമാണത്.
വിശ്രമത്തെ മാത്രം ആശ്രയിച്ചല്ല നമ്മുടെ ഉൻമേഷം . അത് താഴെ പറയുന്നവയുടെ സന്തുലനമാണ്:
- പോഷകാഹാരം (Nutrition)
- ഹോർമോണുകൾ (Hormones)
- രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood sugar)
- ശരീരത്തിലെ നീർക്കെട്ടുകൾ (Inflammation)
- മാനസിക സമ്മർദ്ദം (Stress)
- ഉറക്കത്തിന്റെ ഗുണമേന്മ (Sleep quality)
ഈ കാര്യങ്ങളെല്ലാം കൃത്യമായ രീതിയിലാണെങ്കിൽ, നിങ്ങളുടെ ഊർജ്ജവും ഉന്മേഷവും സ്വാഭാവികമായിത്തന്നെ തിരിച്ചുവരും.
ശരീരം നൽകുന്ന ചെറിയ സൂചനകൾ നേരത്തെ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുന്നത് ഭാവിയിലെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും
ക്ഷീണം ഒരു ബലഹീനതയല്ലെന്നും അത്, ശരീരം നൽകുന്ന സന്ദേശമാണെന്നും അതിലൂടെ ആന്തരികതലത്തിലെ അസന്തുലനം തിരിച്ചറിയാനാകുമെന്നും നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.




