എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ബ്ളഡ് ഷുഗർ ക്രമാതീതമായി വർദ്ധിച്ചുവരുന്നത്? കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും

ഏകദേശം അമ്പത് വയസ്സുപിന്നിട്ടാൽ വരാവുന്ന രോഗങ്ങളായാണ് രക്തസമ്മർദ്ദത്തേയും പ്രമേഹത്തേയും നമ്മൾ കണക്കാക്കിപ്പോരുന്നത്. അമിതവണ്ണമുള്ളവരിലോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലോ മാത്രം കണ്ടുവരുന്ന ഒന്നായാണ് നാം ഡയബെറ്റിസിനെ പലപ്പോഴും സങ്കൽപ്പിക്കാറുള്ളത്.
എന്നാൽ ഇന്ന് നമ്മുടെ ഈ ധാരണയെ പാടേ തിരുത്തുന്ന യാഥാർത്ഥ്യങ്ങളാണ് ഇന്ത്യയിലും ലോകമൊട്ടാകെയുമുള്ള ഡോക്ടർമാർ പറയുന്നത്. ഇരുപതുകളിലും മുപ്പതുകളിലും ഉള്ള യുവാക്കളിൽ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ ഉയരുന്നുണ്ട് —അതും യാതൊരു ലക്ഷണങ്ങളും പുറമെ കാണിക്കാതെ തന്നെ.
ബ്ലഡ് ഷുഗർ കൂടിയാലും അത് തുടക്കത്തിൽ നമുക്ക് വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കില്ല എന്നതുകൊണ്ടുതന്നെ അതു തിരിച്ചറിയാനുമാകുന്നില്ല എന്നതാണ് ഇതിലെ അപകടം.
ഷുഗർ കൂടിയാലും നിങ്ങൾക്ക് അസുഖമുള്ളതായി തോന്നില്ല, തളർച്ച അനുഭവപ്പെടില്ല, മാത്രമല്ല, സജീവമായി കാര്യങ്ങളെല്ലാം ചെയ്യാനുമാകും. പക്ഷെ, ശരീരത്തിനുള്ളിൽ പലമാറ്റങ്ങളും സംഭവിക്കുന്നുണ്ടാകും.
സാവധാനത്തിൽ, വർഷങ്ങളെടുത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ശരീരം നിശബ്ദമായി അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കും. ഈ ഘട്ടത്തിൽ, പഞ്ചസാരയെ നിയന്ത്രിക്കാൻ പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു. ഇതിനെയാണ് ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) എന്ന് പറയുന്നത്. പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനും എത്രയോ മുൻപ് തന്നെ ശരീരം ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടാകും.
യുവാക്കൾ ഇത് തിരിച്ചറിയുന്നത് എപ്പോഴാണ്?
- സാധാരണ നടത്തുന്ന എന്തെങ്കിലും രക്തപരിശോധനയിൽ ഷുഗർ കൂടുതൽ കാണുമ്പോൾ
- ഓഫീസിലെ വാർഷിക ഹെൽത്ത് ചെക്കപ്പിൽ അല്ലെങ്കിൽ ഹെൽത്ത് പാക്കേജ് സർവ്വീസിൽ HbA1c ലെവൽ ഉയർന്നു നിൽക്കുമ്പോൾ
- രക്തം ദാനം ചെയ്യാൻ പോകുമ്പോൾ
- മറ്റെന്തെങ്കിലും അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ
നമ്മൾ ഇത് തിരിച്ചറിയുമ്പോഴേക്കും, നമ്മുടെ ശരീരം വലിയ സമ്മർദ്ദത്തിലൂടെ കടന്നുപോയിട്ടുണ്ടാകും. ആന്തരികമായ തകരാറുകൾ സംഭവിച്ചിട്ടുണ്ടാകും. നമ്മുടെ ആരോഗ്യത്തെയും ജീവിതരീതിയെയും കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ഇൻസുലിൻ റെസിസ്റ്റൻസ്: അദൃശ്യമായ ആരംഭം
ശരീരത്തിലെ ഗ്ളൂക്കോസിനെ കോശങ്ങളിലേക്ക് എത്തിച്ച്, നമുക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. എന്നാൽ നമ്മുടെ കോശങ്ങൾ ഇൻസുലിനോട് ശരിയായ രീതിയിൽ പ്രതികരിക്കാതിരിക്കുമ്പോൾ, പഞ്ചസാര കോശങ്ങളിലേക്ക് ചെല്ലാതെ രക്തത്തിൽ തന്നെ തങ്ങിനിൽക്കുന്നു. ഈ അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇന്നത്തെ യുവാക്കളിൽ കൂടുതലായി കാണപ്പെടാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:
- തുടർച്ചയായി ഇരുന്നുള്ള ജോലി
- രാത്രി വൈകി ആഹാരം കഴിക്കുന്ന രീതി
- കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും ഉറക്കക്കുറവും
- വിട്ടുമാറാത്ത സമ്മർദ്ദം
- മധുരവും മൈദയും: സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെയും അമിതോപയോഗം
അമിതവണ്ണമുള്ളവർക്ക് മാത്രമേ ഈ പ്രശ്നം വരൂ എന്നു ചിന്തിക്കുന്നത് ശരിയല്ല. കൃത്യമായ ശരീരഭാരമുള്ളവർക്കും അവരുടെ ജീവിതശൈലി ആരോഗ്യകരമല്ലെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് വരാം. അതുകൊണ്ടാണ് തടി കുറഞ്ഞവരിലും ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കണ്ടുവരുന്നത്.
ശരീരഭാരത്തേക്കാൾ അപകടകാരി വയറ്റിലെ കൊഴുപ്പ്
നമ്മുടെ ശരീരത്തിലെ എല്ലാ കൊഴുപ്പും ഒരേപോലെയല്ല പ്രവർത്തിക്കുന്നത്. കൈകളിലോ കാലുകളിലോ അടിഞ്ഞുകൂടുന്ന കൊഴുപ്പിനേക്കാൾ എത്രയോ മാരകമാണ് വയറിന് ചുറ്റുമുള്ള കൊഴുപ്പ് (Visceral Fat).
വയറ്റിലെ ഈ കൊഴുപ്പ് വളരെ സജീവമാണ്. ഇത് നമ്മുടെ ശരീരത്തിൽ ചില രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും അത് ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് മറ്റ് ഭാഗങ്ങളിലെ കൊഴുപ്പിനേക്കാൾ വയറിലെ കൊഴുപ്പ് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നത്.
ചെറുപ്പക്കാരിൽ പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയാണ്:
- കൈകാലുകൾ മെലിഞ്ഞിരുന്നാലും വയർ മാത്രം തള്ളി നിൽക്കുന്ന അവസ്ഥ
- അരക്കെട്ടിന്റെ ചുറ്റളവ് കൂടുന്നത്
- ഭക്ഷണം കഴിച്ചാലുടൻ വയർ വീർത്ത പോലെ (Bloating) തോന്നുക.
ശരീരഭാരം വലിയ രീതിയിൽ കൂടിയില്ലെങ്കിൽ പോലും, വയറിലെ കൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.
ഉറക്കക്കുറവും പ്രമേഹവും
ആന്തരികമായ രാസപ്രവർത്തനങ്ങളെ ശരിയാക്കുന്ന സമയമാണ് ഉറക്കം. അത് കുറയുമ്പോഴോ കൃത്യമല്ലാതാകുമ്പോഴോ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു:
- സ്ട്രെസ് ഹോർമോൺ കൂടുന്നു
- ഇൻസുലിൻ തകരാറിലാകുന്നു
- അമിത വിശപ്പ്
ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ:
- രാത്രി 12 മണിക്ക് ശേഷം ഉറങ്ങുന്നവർ
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ
- നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ
- രാത്രി വൈകി സിനിമയോ സീരീസോ കണ്ട് ഉറക്കമിളയ്ക്കുന്നവർ
- ആവശ്യത്തിന് ഉറങ്ങിയാലും രാവിലെ വല്ലാത്ത തളർച്ചയോടെ ഉണരുന്നവർ
നല്ല ഭക്ഷണം കഴിച്ചാൽ പോലും, ഉറക്കം കൃത്യമല്ലെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.
മാനസിക സമ്മർദ്ദവും പ്രമേഹവും
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Chronic Stress) നമ്മുടെ ശരീരത്തെ എപ്പോഴും ഒരു ‘സർവൈവൽ മോഡിൽ’ (Survival Mode) നിലനിർത്തുന്നു. അതായത്, എപ്പോഴും തൊട്ടടുത്ത നിമിഷം സംഭവിക്കാവുന്ന ഒരു പ്രശ്നത്തെ നേരിടാൻ തയ്യാറെടുക്കുന്ന ഒരു അവസ്ഥയിലാക്കുന്നു. ഈ അവസ്ഥയിൽ ഭക്ഷണം അമിതമായി കഴിച്ചില്ലെങ്കിൽ പോലും ശരീരത്തിലെ പഞ്ചസാരയുടെ അളവ് താളം തെറ്റാം.
സമ്മർദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?
ശരീരം സ്ട്രെസ്സിലായിരിക്കുമ്പോൾ താഴെ പറയുന്ന മാറ്റങ്ങൾ സംഭവിക്കുന്നു:
- അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ശരീരത്തിൽ സജീവമായി നിൽക്കുന്നു
- പെട്ടെന്ന് ഊർജ്ജം നൽകാനായി കരൾ (Liver) രക്തത്തിലേക്ക് അധികമായി ഗ്ലൂക്കോസ് പുറപ്പെടുവിക്കുന്നു
- ഇൻസുലിന് അതിന്റെ ജോലി കൃത്യമായി ചെയ്യാൻ കഴിയാത്ത അവസ്ഥ വരുന്നു
- ശരീരം ഊർജ്ജം സൂക്ഷിച്ചു വെക്കുന്നതിന്റെ ഭാഗമായി കൊഴുപ്പ് കൂടാൻ തുടങ്ങുന്നു
യുവാക്കൾ നേരിടുന്ന പ്രധാന സമ്മർദ്ദങ്ങൾ:
വർത്തമാനകാലത്ത് യുവാക്കൾ നേരിടുന്ന പല പ്രശ്നങ്ങളും അവരറിയാതെ തന്നെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു:
- സാമ്പത്തികമായ ബുദ്ധിമുട്ടുകൾ
- കരിയറിനെക്കുറിച്ചുള്ള ആശങ്ക
- സോഷ്യൽ മീഡിയ വഴിയുള്ള താരതമ്യപ്പെടുത്തലുകൾ
- ജോലികളിലെ സമയപരിധി (Deadlines)
- ഡിജിറ്റൽ ലോകത്തെ അമിതമായ വിവരങ്ങൾ നൽകുന്ന ഭാരം
സംസ്കരിച്ച ഭക്ഷണങ്ങളും ലിക്വിഡ് ഷുഗറും
നമ്മുടെ ഭക്ഷണരീതിയിൽ കുറച്ചു കാലങ്ങളായി വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
നമ്മുടെ ഭക്ഷണത്തിലെ വില്ലന്മാർ:
- പാക്കറ്റ് ഭക്ഷണങ്ങൾ
- ബേക്കറി പലഹാരങ്ങൾ
- മധുരപാനീയങ്ങൾ
- എനർജി ഡ്രിങ്കുകൾ
- പഞ്ചസാര ചേർത്ത ചായയും കാപ്പിയും
ദിവസവും പല തവണ ഇത്തരം പാനീയങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നു. ഇതിനെ നിയന്ത്രിക്കാൻ പാൻക്രിയാസിന് അമിതമായി ഇൻസുലിൻ ഉൽപ്പാദിപ്പിക്കേണ്ടി വരുന്നു. ഇതാവർത്തിക്കുമ്പോൾ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതാവുകയും അങ്ങനെ ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് നയിക്കുകയും ചെയ്യുന്നു.
മാറുന്ന ശീലങ്ങൾ:
പഴയകാലത്ത് എല്ലാത്തിനും ചിട്ടയും അടുക്കുമുണ്ടായിരുന്നു. ആഹാരവും ആരോഗ്യത്തെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു.
നാരുകൾ (Fiber) അടങ്ങിയ സമീകൃതാഹാരം അധികം എണ്ണയും കളറും പ്രസർവ്വേറ്റീവുകളുമൊന്നുമില്ലാതെ വീട്ടിൽ പാകം ചെയ്തതായിരുന്നു. ആഹാരം കഴിക്കുന്നതിലും സമയനിഷ്ഠ പാലിച്ചിരുന്നു.
ഇന്നതൊക്കെ പാടേ വ്യത്യാസപ്പെട്ടു. വറുത്തതും പൊരിച്ചതും ഇടയ്ക്കിടെ കൊറിക്കുകയും സ്നാക്കുകൾ തോന്നുംപോലെ കഴിക്കുകയും രാത്രി വൈകിയും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ആഹാരം കഴിക്കുന്ന രീതിയുമായി. അങ്ങനെ, സദാസമയവും ശരീരത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കേണ്ട അവസ്ഥയുമായി.
നമ്മൾ അവഗണിക്കുന്ന അപകടസൂചനകൾ
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ:
- വിട്ടുമാറാത്ത ക്ഷീണം
- ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ
- എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥ
- കൂടുതൽ തവണ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ
- വായ എപ്പോഴും ഉണങ്ങിയിരിക്കുന്നത് പോലെ തോന്നുക
- കാഴ്ചയിൽ ഇടയ്ക്കിടെ ചെറിയ അവ്യക്തത അനുഭവപ്പെടുക
- ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ കാലതാമസം വരിക
- വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുക
- മാനസികമായ അവ്യക്തത (Brain Fog)
ലക്ഷണങ്ങൾ തിരിച്ചറിയാം
പ്രമേഹം തുടക്കത്തിലേ കണ്ടെത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഇൻസുലിൻ റെസിസ്റ്റൻസ് മാറ്റിയെടുത്ത് ശരീരത്തെ പഴയ ആരോഗ്യത്തിലേക്ക് എത്തിക്കാം
- ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ പലപ്പോഴും മരുന്നുകളുടെ ആവശ്യം വരില്ല
- ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഷുഗർ ലെവൽ സാധാരണ നിലയിലാക്കാം
- മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാതെ മുൻകൂട്ടി തടയാൻ ഇത് സഹായിക്കും
അവഗണിച്ചാൽ എന്ത് സംഭവിക്കും?
തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ അത് ശരീരത്തിലെ ഓരോ അവയവത്തെയും സാവധാനം ബാധിച്ചു തുടങ്ങും:
- കൈകാലുകളിൽ തരിപ്പും വേദനയും അനുഭവപ്പെടാം
- രക്തം ശുദ്ധീകരിക്കാനുള്ള വൃക്കകളുടെ ശേഷി കുറയാം
- ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത ഇരട്ടിയാകുന്നു
- കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചശക്തി കുറയുകയും ചെയ്യാം
- കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ‘ഫാറ്റി ലിവർ’ എന്ന അവസ്ഥയിലേക്ക് നയിക്കാം
ചുരുക്കത്തിൽ, പ്രമേഹം എന്നത് വെറും ബ്ലഡ് ഷുഗർ കൂടുന്ന പ്രശ്നം മാത്രമല്ല; അത് നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന സങ്കീർണ്ണാവസ്ഥയാണ്.
ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന പരിശോധനകൾ
- ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (Fasting Blood Sugar)
- പി പി ബ്ലഡ് ഷുഗർ (Post-Meal Sugar)
- എച്ച് ബി എ വൺ സി (HbA1c)
- ലിപിഡ് പ്രൊഫൈൽ (Lipid Profile)
- അരക്കെട്ടിന്റെ അളവ് (Waist Measurement)
- രക്തസമ്മർദ്ദം (Blood Pressure)
ശരീരത്തിന് വലിയ കേടുപാടുകൾ സംഭവിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ സൂചനകൾ നൽകാൻ ഈ പരിശോധനകൾ സഹായിക്കും.
ആശ്വാസത്തിന് വക നൽകുന്ന വിവരങ്ങൾ
യുവാക്കളിൽ കണ്ടുവരുന്ന ഉയർന്ന രക്തസമ്മർദ്ദം ഭൂരിഭാഗവും മോശം ജീവിതശൈലി മൂലം ഉണ്ടാകുന്നതാണ്. അതുകൊണ്ട് തന്നെ, കൃത്യമായ മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാനും പഴയ ആരോഗ്യം തിരിച്ചുപിടിക്കാനും നമുക്ക് സാധിക്കും.
നമ്മുടെ ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ ഗുണങ്ങൾ നൽകും:
- ദിവസവും 30 മിനിറ്റ് നടക്കുക
- കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
- മധുരവും ബേക്കറി പലഹാരങ്ങളും കുറയ്ക്കുക
- രാത്രി 12ന് മുൻപ് ഉറങ്ങുക
- സമ്മർദ്ദം കുറയ്ക്കുക
- ആഹാരത്തിൽ പ്രോട്ടീനും നാരുകളും കൂടുതൽ ഉൾപ്പെടുത്തുക
- രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുക
ഇതൊന്നും കഠിനമായ നിയന്ത്രണങ്ങളല്ല, മറിച്ച് നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ മാത്രമാണ്.
പുതിയ തലമുറ നേരിടുന്ന പുതിയ ആരോഗ്യ യാഥാർത്ഥ്യം
രക്തത്തിലെ പഞ്ചസാര വർദ്ധിക്കുന്നത് പ്രായമായവർക്ക് മാത്രം വരുന്ന ഒരു രോഗമല്ല. സത്യത്തിൽ, ഇത് നമ്മുടെ ആധുനിക ജീവിതരീതിയുടെ ഭാഗമായി രൂപപ്പെടുന്ന ഒരു പ്രശ്നമാണ്.
നമ്മുടെ ശരീരം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ചില അടിസ്ഥാന കാര്യങ്ങൾ മുൻനിർത്തിയാണ്:
- ശാരീരിക അധ്വാനം
- സൂര്യപ്രകാശം
- പ്രകൃതിദത്തമായ ഭക്ഷണം
- വിശ്രമം
- മാനസിക സന്തുലിതാവസ്ഥ
ജീവിതത്തിൽ നിന്ന് ഇവയെല്ലാം അപ്രത്യക്ഷമാകുമ്പോൾ, ശരീരം ആദ്യം നൽകുന്ന മുന്നറിയിപ്പാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റം.
ഇന്നത്തെ ചെറുപ്പക്കാർ ആരോഗ്യത്തിന് മുൻഗണന നൽകി, അതിനു ഗുണപ്രദമാകുന്ന രീതിയിൽ ആഹാരവും ജീവിതവും ക്രമീകരിക്കേണ്ടതുണ്ട്.
പ്രമേഹം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് അത് വരാതെ നോക്കുന്നത്.




