പുരുഷന്മാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ: അവഗണിച്ചാൽ അപകടം – ഡോക്ടറെ കാണേണ്ടതെപ്പോൾ?

പുരുഷന്മാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ: അവഗണിച്ചാൽ അപകടം – ഡോക്ടറെ കാണേണ്ടതെപ്പോൾ?

സുഖമാണോ എന്ന ചോദ്യത്തിന്, “കുഴപ്പമില്ല” എന്ന ഉത്തരം നൽകുന്നവരിൽ പലരും ആ വാക്കിൽ വേദന മറച്ചുകൊണ്ടാണ് അത് പറയുന്നുണ്ടാവുക. അവർ 

സുഹൃത്തുകളോട് ചിരിക്കുന്നുണ്ടാവാം, തമാശകൾ പറയുന്നുണ്ടാവാം, എല്ലാ ദിവസവും കൃത്യമായി ജോലിക്ക് പോകുന്നുണ്ടാവാം.

എന്നാൽ, ആ ശാന്തമായ പെരുമാറ്റത്തിന് പിന്നിൽ ഒരുപക്ഷേ വലിയൊരു കൊടുങ്കാറ്റ് ഒളിഞ്ഞിരിപ്പുണ്ടാകും – അത് ഉത്കണ്ഠയോ, കുറ്റബോധമോ, ഒറ്റപ്പെടലോ, അല്ലെങ്കിൽ ജീവിതത്തിൽ പരാജയപ്പെട്ടു എന്ന തോന്നലോ ആകാം.

പല പുരുഷന്മാരും ഇത്തരത്തിൽ ആഴത്തിലുള്ള വൈകാരിക വേദന അനുഭവിക്കുന്നുണ്ടെങ്കിലും  വളരെ അപൂർവ്വമായി മാത്രമേ അവർ സഹായം തേടാറുള്ളൂ. “ആണുങ്ങളേപ്പോലെ പെരുമാറൂ”, “കരയാതെ സ്ട്രോങ്ങ് ആയിരിക്കൂ”, എന്നെല്ലാം അവർ അവരോടുതന്നെ പറഞ്ഞുകൊണ്ടിരിക്കും.

വാസ്തവത്തിൽ, മാനസികമായ കരുത്ത് എന്ന് പറയുന്നത് എല്ലാം ഉള്ളിലൊതുക്കി നിശബ്ദനായിരിക്കുന്നതല്ല. മറിച്ച്, സ്വന്തം മനസ്സിനെ അറിയാനും അത് സുഖപ്പെടുത്താൻ ആവശ്യമായ ധൈര്യം കാണിക്കുന്നതിലുമാണ് ഉൾക്കരുത്ത് നിറയുന്നത്.

മാനസികാരോഗ്യത്തെ അവഗണിക്കുന്നത് നിങ്ങളെ ഒരിക്കലും ശക്തനാക്കില്ല. അത് നിങ്ങളുടെ വേദനയുടെ കാലം കുറച്ചുകൂടി നീട്ടിക്കൊണ്ടുപോകുകയേ ഉള്ളൂ.

പുരുഷന്മാരുടെ മാനസികാരോഗ്യ പ്രതിസന്ധി: നിശബ്ദമായ മഹാമാരി

ലോകമെമ്പാടും, പുരുഷന്മാർ മാനസികാരോഗ്യ സേവനങ്ങൾ തേടാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാൽ, ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാകട്ടെ, ഏറെ കൂടുതലും.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ആഗോളതലത്തിൽ നടക്കുന്ന ആത്മഹത്യകളിൽ ഏകദേശം 75 ശതമാനവും പുരുഷന്മാരാണ്.

ഇന്ത്യയിലെ കാര്യം നോക്കിയാൽ, 2023ലെ എൻസിആർബി (NCRB) റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ, ഓരോ 8 മിനിറ്റിലും ഒരു പുരുഷൻ എന്ന കണക്കിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ജോലി നഷ്ടം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക സമ്മർദ്ദം എന്നിവയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

ഈ കണക്കുകൾക്ക് പിന്നിൽ, നമ്മുടെ സമൂഹം പഠിപ്പിച്ച ചില കാര്യങ്ങളും സ്വന്തം വികാരങ്ങളെ അടിച്ചമർത്തുന്ന ശീലവും കൂടിക്കലർന്നിട്ടുണ്ട്.

വീട്ടിൽ നിന്നായാലും സ്കൂളിൽ നിന്നായാലും സൗഹൃദങ്ങളിൽ നിന്നായാലും, കുട്ടിക്കാലം മുതൽ ആൺകുട്ടികളോട് പ്രതികരിക്കുന്ന രീതിയിൽ ചില പ്രത്യേകതകളുണ്ട്. കാലാകാലങ്ങളായി സമൂഹം മുദ്ര ചാർത്തിയിട്ടുള്ള പുരുഷ സങ്കൽപ്പങ്ങളുടെ പ്രതിഫലനമാണിത്.

“ആൺകുട്ടികാളായാൽ  കരയരുത്,” “ധൈര്യമായിരിക്കണം,” ” ആണത്തത്തോടെെ കൈകാര്യം ചെയ്യണം.”  എന്നെല്ലാമാണ് ചെറുപ്പം മുതലേ നമ്മുടെ സമൂഹം ആൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്.

വളർന്നു വലുതാകുമ്പോൾ, ഈ പാഠങ്ങൾ അവരുടെ വികാരങ്ങൾക്ക് ചുറ്റും വലിയ മതിലുകൾ തീർക്കുന്നു. പുറത്തുകടക്കാൻ കഴിയാത്ത വിധത്തിൽ അവരതിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.

പുരുഷന്മാരിലെ മാനസിക ആഘാതം എങ്ങനെ തിരിച്ചറിയാം?

സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, പുരുഷന്മാർ പലപ്പോഴും അവരുടെ മാനസിക വിഷമങ്ങൾ പ്രകടിപ്പിക്കുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും.

സങ്കടത്തിന് പകരം, അവർ ചിലപ്പോൾ ദേഷ്യം, പെട്ടെന്നുള്ള അസ്വസ്ഥത, കടുത്ത ക്ഷീണം, അല്ലെങ്കിൽ എല്ലാവരിൽ നിന്നും ഉൾവലിയൽ എന്നിവയാകാം പുറത്തുകാണിക്കുന്നത്.

ശ്രദ്ധിക്കേണ്ട ചില പ്രധാന സൂചനകൾ:

  • ഒറ്റപ്പെട്ടതായും ഒന്നിനോടും താൽപര്യമില്ലാത്തതായും ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായും തോന്നുക.
  • ഉറങ്ങാൻ ബുദ്ധിമുട്ടുക, അല്ലെങ്കിൽ അമിതമായി ഉറങ്ങുക.
  • പ്രശ്നങ്ങളെ “അതിജീവിക്കാൻ” വേണ്ടി മദ്യം, പുകവലി, അല്ലെങ്കിൽ മറ്റ് ലഹരിവസ്തുക്കൾ എന്നിവയെ ആശ്രയിക്കുക.
  • ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, അല്ലെങ്കിൽ തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുക.
  • പെട്ടെന്ന് ദേഷ്യം വരുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുക.
  • ബന്ധങ്ങളിലും ഹോബികളിലും ജോലിയിൽ പോലും താൽപ്പര്യം നഷ്ടപ്പെടുക.

ഇതൊന്നും ജീവിതത്തിലെ ഒരു ഘട്ടം എന്ന വിശേഷണം നൽകി  തള്ളിക്കളയരുത്. ഇവ കടുത്ത മാനസിക സമ്മർദ്ദം (burnout), വിഷാദരോഗം (depression), ഉത്കണ്ഠ (anxiety), അല്ലെങ്കിൽ പരിഹരിക്കപ്പെടാത്ത പഴയ മാനസികാഘാതങ്ങൾ (trauma) എന്നിവയുടെ ലക്ഷണങ്ങളാകാം. ശരിയായ സഹായം ലഭിച്ചാൽ ഇതെല്ലാം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ എന്ന വസ്തുത എപ്പോഴും ഓർമ്മ വേണം.

എന്തുകൊണ്ടാണ് പുരുഷന്മാർ തെറാപ്പി ഒഴിവാക്കുന്നത്? 

  • സമൂഹം എന്ത് വിചാരിക്കും എന്ന പേടി 

തെറാപ്പിക്ക് പോകുന്നത് ഒരു കുറവായോ ബലഹീനതയായോ ആണ് പല പുരുഷന്മാരും കാണുന്നത്. 

എന്നാൽ വാസ്തവത്തിൽ ഒരു തെറാപ്പിസ്റ്റിനെ കാണുന്നത് പരാജയം സമ്മതിക്കലല്ല, മറിച്ച് സ്വയം മനസ്സിലാക്കാനും മെച്ചപ്പെടാനുമുള്ള ആദ്യ പടിയാണ്.

  • മറ്റുള്ളവർ കളിയാക്കുമോ എന്ന ഭയം

മനസ്സ് തുറന്ന് സംസാരിച്ചാൽ മറ്റുള്ളവർ കളിയാക്കുകയോ തന്നോടുള്ള ബഹുമാനം നഷ്ടപ്പെടുകയോ ചെയ്യുമെന്ന് പുരുഷന്മാർ ഭയപ്പെടുന്നു.

എന്നാൽ ലോകാരോഗ്യ സംഘടന (WHO) മുതൽ ഹാർവാർഡ് ഹെൽത്ത് വരെയുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളും ഒരേ സ്വരത്തിൽ പറയുന്നത്, തുടക്കത്തിലേയുള്ള തെറാപ്പി, വലിയ മാനസിക തകർച്ചകൾ, ലഹരി ഉപയോഗം, ശാരീരിക അസുഖങ്ങൾ എന്നിവ തടയാൻ സഹായിക്കും എന്നാണ്.

  • ” ഞാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്തോളാം” എന്ന ചിന്ത

മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നത് തനിയെ മാറുന്നതല്ല. ചികിത്സിക്കാതിരിക്കുന്ന അണുബാധ പോലെയാണത് – അവഗണിക്കുന്തോറും അത് കൂടുതൽ വഷളാകും.

സഹായം തേടാതിരുന്നാൽ 

മാനസിക ആഘാതങ്ങളെ അവഗണിക്കുന്നത് നിസ്സാരകാര്യമല്ല – അത് അപകടകരമാണ്.

അനിയന്ത്രിതമായ സമ്മർദ്ദവും വിഷാദവും താഴെ പറയുന്ന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:

  • വിട്ടുമാറാത്ത ഉത്കണ്ഠയും കടുത്ത മാനസിക തളർച്ചയും (Chronic anxiety and burnout).
  • ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും.
  • ലഹരിവസ്തുക്കളുടെ ദുരുപയോഗം അല്ലെങ്കിൽ അപകടകരമായ പെരുമാറ്റങ്ങൾ.
  • കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും വിള്ളലുകൾ വീഴുന്നതും ഒറ്റപ്പെടലും.
  • ആത്മഹത്യാ ചിന്തകൾ അല്ലെങ്കിൽ സ്വയം മുറിവേൽപ്പിക്കാനുള്ള പ്രവണത.

‘ജേണൽ ഓഫ് ബിഹേവിയറൽ മെഡിസിനിൽ’ 2021ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത്, വികാരങ്ങൾ അടിച്ചമർത്തുന്ന പുരുഷന്മാർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുരുതരമായ ശാരീരിക രോഗങ്ങൾ വരാനുള്ള സാധ്യത 35% കൂടുതലാണ് എന്നാണ്.

നമ്മുടെ മനസ്സും ശരീരവും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു – ഒന്നിനെ അവഗണിക്കുന്നത് മറ്റ്തിനെയും തകരാറിലാക്കും.

ആശ്വാസം നേടാൻ വേണ്ടത്

ഒരു മാനസികാരോഗ്യ വിദഗ്ദ്ധൻ്റെ സഹായം തേടിയാൽ മരുന്നുകൾ കഴിക്കേണ്ടി വരുമെന്ന തെറ്റിദ്ധാരണയും ഭീതിയും പലർക്കുമുണ്ട്. ഡോക്ടറെ കണ്ട് മനസ്സിലെ വിഷമങ്ങൾ തുറന്നുപറയുന്നത് ഒരുപാട് ഗുണം ചെയ്യും.

സൈക്യാട്രിസ്റ്റുകൾ (Psychiatrists), സൈക്കോളജിസ്റ്റുകൾ (Psychologists), അല്ലെങ്കിൽ തെറാപ്പിസ്റ്റുകൾ (Therapists) പോലുള്ള വിദഗ്ദ്ധർ, നിങ്ങളുടെ മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സുരക്ഷിതവും രഹസ്യാത്മകവുമായ ഒരിടം നിങ്ങൾക്ക് നൽകുന്നു.

അവർ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പല രീതികളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്:

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): നമ്മുടെ മോശമായ ചിന്താരീതികളെ തിരിച്ചറിയാനും അവയെ മാറ്റിയെടുക്കാനും സഹായിക്കുന്നു.
  • ട്രോമ-ഫോക്കസ്ഡ് തെറാപ്പി: മനസ്സിൽ ആഴത്തിൽ മുറിവേറ്റ അനുഭവങ്ങളെ (Trauma) അതിജീവിക്കാൻ സഹായിക്കുന്നു.
  • മൈൻഡ്ഫുൾനെസ് (Mindfulness): മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദത്തെ അതിജീവിക്കാനുമുള്ള കഴിവ് വളർത്തുന്നു.
  • കപ്പിൾ/ഫാമിലി തെറാപ്പി: ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നു.

ഇതെല്ലാം നമ്മുടെ മനസ്സിനെ മുറിവേൽക്കാതെ കാക്കാനും വളരാനും സഹായിക്കുന്ന അത്യാവശ്യ ഘടകങ്ങളാണ്.

വേദനകളെ ഒളിച്ചുവെയ്ക്കുന്നവരല്ല, മറിച്ച് അതിനെ ധൈര്യത്തോടെ നേരിടുന്നവരാണ് ഏറ്റവും കരുത്തരായ പുരുഷന്മാർ.

നടി ദീപിക പദുകോൺ തൻ്റെ വിഷാദരോഗത്തെക്കുറിച്ച് തുറന്നു സംസാരിച്ചത് സ്ത്രീകളുടെ ഇടയിലെ ഈ വിഷയത്തോടുള്ള ഭയം മാറ്റാൻ ഒരുപാട് സഹായിച്ചു. അതുപോലെ കൂടുതൽ പുരുഷന്മാർ കൂടി സംസാരിച്ചു തുടങ്ങിയാൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

യഥാർത്ഥ പൗരുഷം (Masculinity) എന്നത് ഒരിക്കലും തോൽക്കാതെ, എല്ലാം സഹിച്ചിരിക്കുന്ന സ്വഭാവമല്ല. അത്, സ്വന്തം വികാരങ്ങളോട് സത്യസന്ധത പുലർത്തുന്നതും സ്വയം മനസ്സിലാക്കുന്നതും വൈകാരികമായി ഉത്തരവാദിത്തം കാണിക്കുന്നതുമാണ്.

“നിങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങളെ ഒരു പുരുഷൻ അല്ലാതാക്കുന്നില്ല. അത് നിങ്ങളെ കൂടുതൽ മനുഷ്യത്വമുള്ള ഒരാളാക്കി മാറ്റുകയേ ഉള്ളൂ.”

എങ്ങനെ തുടങ്ങാം?

  • തിരിച്ചറിയുക: മനസ്സ് വല്ലാതെ തളർന്നു എന്ന് തോന്നുന്നത് സ്വാഭാവികമാണ്. അത് അംഗീകരിക്കുന്നതാണ് ആദ്യപടി.
  • സഹായം തേടുക: ഒരു മാനസികാരോഗ്യ വിദഗ്ദ്ധനോടോ, വിശ്വസ്തനായ സുഹൃത്തിനോടോ, അല്ലെങ്കിൽ ഒരു സപ്പോർട്ട് ഗ്രൂപ്പിലോ സംസാരിക്കുക.
  • അതിരുകൾ നിശ്ചയിക്കുക: നിങ്ങളുടെ മനസ്സിൻ്റെ സമാധാനം കെടുത്തുന്ന സാഹചര്യങ്ങളിൽ നിന്ന് ബോധപൂർവ്വം മാറിനിൽക്കുക.
  • വ്യായാമം ചെയ്യുക: വ്യായാമം ചെയ്യുമ്പോൾ ശരീരം എൻഡോർഫിനുകൾ (Endorphins) പുറത്തുവിടും. ഇത് സ്വാഭാവികമായി മനസ്സ് മെച്ചപ്പെടുത്താൻ സഹായിക്കും.
  • സ്വയം ചികിത്സ അരുത്: മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നത് നിങ്ങളുടെ വേദനയെ താൽക്കാലികമായി മരവിപ്പിക്കുകയേ ഉള്ളൂ. അത് പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുക.

നിങ്ങൾ ഈ ലേഖനം വായിക്കുമ്പോൾ, ആരോടും പറയാതെ വിഷമങ്ങൾ ഉള്ളിൽ അമർത്തിവെയ്ക്കുകയാണെങ്കിൽ, ഒന്നോർക്കുക – നിങ്ങൾ ഒറ്റയ്ക്കല്ല. തൊട്ടരികിൽത്തന്നെ സഹായമുണ്ട്.

References

  1. World Health Organization (2023). Suicide Worldwide in 2023: Global Health Estimates.
  2. National Crime Records Bureau (India, 2023). Accidental Deaths & Suicides in India.
  3. Harvard Health Publishing (2022). Men and Mental Health: Why Silence Can Be Deadly.
  4. American Psychological Association (2022). Gender Differences in Help-Seeking Behavior.
  5. Journal of Behavioral Medicine (2021). Emotional Suppression and Physical Health Outcomes in Men.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe