ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. അപകടകാരിയായിട്ടും പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ഇത് ‘നിശ്ശബ്ദ കൊലയാളി’ എന്നും അറിയപ്പെടുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയ, ജീവൻ അപകടത്തിലാക്കുന്ന സങ്കീർണ്ണതകളിലേക്ക് എത്തുമ്പോൾ മാത്രമാണ്, പലരും, വർഷങ്ങളായി തങ്ങൾക്ക് ഈ അസുഖം ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
എന്തുകൊണ്ടാണ് ഈ അപകടകരമായ അവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? ഇതിന് പിന്നിലെ കാരണങ്ങളും അപകടസാദ്ധ്യതകളും നമുക്ക് മനസ്സിലാക്കാം. ഒപ്പം, എങ്ങനെയാണ് നേരത്തെയുള്ള രോഗനിർണ്ണയം നമ്മുടെ ജീവൻ രക്ഷിക്കാൻ സഹായകമാകുന്നത് എന്നും.
എന്താണ് ഉയർന്ന രക്തസമ്മർദ്ദം?
രക്തക്കുഴലുകളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന ശക്തിയുടെ തോതാണ് രക്തസമ്മർദ്ദം. ഇതിന് രണ്ട് റീഡിംഗുകളാണുള്ളത്:
- സിസ്റ്റോളിക് പ്രഷർ (മുകളിലെ അക്കം): ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മർദ്ദം.
- ഡയസ്റ്റോളിക് പ്രഷർ (താഴത്തെ അക്കം): സ്പന്ദനങ്ങൾക്കിടയിൽ ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം.
120/80 mmHg ആണ് സാധാരണഗതിയിലുള്ള രക്തസമ്മർദ്ദത്തിൻ്റെ തോത്. രക്തസമ്മർദ്ദം 140/90 mmHg-ൽ കൂടുതലാണെങ്കിൽ (പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 130/80 mmHg-ൽ കൂടുതൽ) അത് ഉയർന്ന രക്തസമ്മർദ്ദമായി കണക്കാക്കുന്നു.
എന്തുകൊണ്ടാണ് ഹൈപ്പർടെൻഷൻ പലപ്പോഴും അറിയാതെ പോകുന്നത്?
1.വ്യക്തമായ ലക്ഷണങ്ങളുടെ അഭാവം
പനി, ചുമ, അല്ലെങ്കിൽ വേദന എന്നീ ബുദ്ധിമുട്ടുകൾ നമുക്ക് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന രക്തസമ്മർദ്ദം, സാധാരണയായി തിരിച്ചറിയുന്ന തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നില്ല. ചിലപ്പോൾ തലവേദന, തലകറക്കം, അല്ലെങ്കിൽ ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം, പക്ഷേ ഇവയൊന്നും സാധാരണയായി ആളുകൾ ഗൗരവമായി കണക്കാക്കാറില്ല.
2.പതിയെ പുരോഗമിക്കുന്ന രോഗം
രക്തസമ്മർദ്ദം വർഷങ്ങളെടുത്ത് വളരെ സാവധാനത്തിലാണ് കൂടി വരുന്നത്. വർദ്ധിച്ച മർദ്ദവുമായി ശരീരം ക്രമേണ പൊരുത്തപ്പെടുന്നതുകൊണ്ട്, ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനുശേഷം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകാറുള്ളൂ.
3. രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ജീവിതശൈലി
ക്ഷീണം, ഉത്കണ്ഠ, അല്ലെങ്കിൽ ഉറക്കക്കുറവ് പോലുള്ള ലക്ഷണങ്ങളെ ആളുകൾ സാധാരണയായി മാനസിക സമ്മർദ്ദത്തിൻ്റെയോ പ്രായം ഏറി വരുന്നതിൻ്റെയോ ഭാഗമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ, ഈ അസ്വസ്ഥതകൾ, ഹൈപ്പർടെൻഷൻ കാരണമാണോയെന്ന സംശയം പോലും ഉണ്ടാകുന്നില്ല.
4.പതിവായുള്ള ആരോഗ്യപരിശോധനകളുടെ കുറവ്
പലരും, പ്രത്യേകിച്ച് ആരോഗ്യവാന്മാരാണെന്ന് കരുതുന്നവർ, രക്തസമ്മർദ്ദം പതിവായി പരിശോധിക്കാറില്ല. ഇത് രോഗം തിരിച്ചറിയാതെ പോകാൻ കാരണമാകുന്നു.
രോഗം ശ്രദ്ധിക്കാതെ പോയാൽ എന്ത് സംഭവിക്കും?
രോഗം കണ്ടെത്തി ചികിത്സിക്കാതിരുന്നാൽ, ഉയർന്ന രക്തസമ്മർദ്ദം ജീവൻ്റെ നിലനിൽപ്പിന് ആവശ്യമായ പല അവയവങ്ങൾക്കും നിശബ്ദമായി കേടുപാടുകൾ വരുത്തും.
- ഹൃദയം: ഇത് കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം, ലെഫ്റ്റ് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി (ഹൃദയ ഭിത്തികൾ കട്ടിയാകുന്നത്) എന്നിവയിലേക്ക് നയിക്കുന്നു.
- മസ്തിഷ്ക്കം: രക്തയോട്ടം കുറയുന്നതുകൊണ്ട് സ്ട്രോക്ക്, അന്യൂറിസം, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
- വൃക്കകൾ: വൃക്കയിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി, വിട്ടുമാറാത്ത വൃക്കരോഗത്തിലേക്ക് നയിക്കുന്നു.
- കണ്ണുകൾ: ഹൈപ്പർടെൻസിവ് റെറ്റിനോപ്പതിക്ക് കാരണമാകുകയും കാഴ്ചക്കുറവ് ഉണ്ടാകുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള, തടയാൻ കഴിയുന്ന തരത്തിലുള്ള അകാല മരണങ്ങളുടെ ഏറ്റവും വലിയ കാരണം ഉയർന്ന രക്തസമ്മർദ്ദമാണ്.
സാദ്ധ്യത ആർക്കെല്ലാം?
ആർക്കുവേണമെങ്കിലും ഉയർന്ന രക്തസമ്മർദ്ദം വരാമെങ്കിലും, താഴെ പറയുന്നവർക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്:
- കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായിട്ടുണ്ടെങ്കിൽ.
- വ്യായാമം ഇല്ലാത്ത ജീവിതരീതി.
- അമിതമായി ഉപ്പ് ഉപയോഗിക്കുന്നവർ.
- അമിതവണ്ണം.
- അമിതമായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവർ.
- ഉയർന്ന മാനസിക സമ്മർദ്ദമുള്ളവർ.
- 40 വയസ്സിന് മുകളിലുള്ളവർ.
നേരത്തെ എങ്ങനെ തിരിച്ചറിയാം?
ഉയർന്ന രക്തസമ്മർദ്ദം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ഒരേയൊരു വഴി പതിവായി രക്തസമ്മർദ്ദം പരിശോധിക്കുക എന്നതാണ്. ഇത് ക്ലിനിക്കുകളിലോ, ഫാർമസികളിലോ, അല്ലെങ്കിൽ വീട്ടിൽ ഡിജിറ്റൽ ബിപി മോണിറ്ററുകൾ ഉപയോഗിച്ചോ ചെയ്യാം. 18 വയസ്സ് മുതൽ എല്ലാവരും വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. അപകടസാധ്യത കൂടുതലുള്ളവർക്ക് ഇടയ്ക്കിടെയുള്ള പരിശോധനകൾ ആവശ്യമാണ്.
പ്രതിരോധവും നിയന്ത്രണവും
ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും പലപ്പോഴും തടയാനും സാധിക്കുമെന്നതാണ് ഏറെ ആശ്വാസകരം. ഇതിനായി ശ്രദ്ധിക്കേണ്ടവ:
- ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക.
- ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
- ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക (ആഴ്ചയിൽ 5 ദിവസം).
- പുകവലി ഉപേക്ഷിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക.
- യോഗ, ധ്യാനം, അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുക.
- പതിവായി ആരോഗ്യ പരിശോധനകൾ നടത്തുക.
തുടക്കത്തിൽ ഉയർന്ന രക്തസമ്മർദ്ദം അപകടകരമാണെന്ന് തോന്നില്ല, അതുകൊണ്ടാണ് ഇത് ജീവന് ഭീഷണിയാകുന്നതും. മുന്നറിയിപ്പൊന്നുമില്ലാതെ ഹൃദയം, മസ്തിഷ്ക്കം, വൃക്കകൾ, രക്തധമനികൾ എന്നിവയെ ഇത് നിശബ്ദമായി നശിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴേക്കും നാശനഷ്ടം ഗുരുതരമായി കഴിഞ്ഞിരിക്കും.
കൃത്യമായ അവബോധം, പതിവായുള്ള പരിശോധന, ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ എന്നിവയാണ് രക്തസമ്മർദ്ദം വഷളാകാതിരിക്കാൻ നമ്മൾ മനസ്സുവെയ്ക്കേണ്ട കാര്യങ്ങൾ. രോഗലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ, രക്തസമ്മർദ്ദം പരിശോധിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കാം.




