ഓരോ സ്ത്രീയും ജീവിതത്തിൽ ഒരിക്കലെങ്കിലും തനിച്ചു യാത്ര ചെയ്യണം

കാരണമെന്തെന്നല്ലേ?
ഭയത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്; നിങ്ങളെ ശക്തയാക്കുന്ന ഒരു യാത്ര പോകണം
സ്വാതന്ത്ര്യത്തിൻ്റെ മന്ത്രധ്വനി
വൺ-വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഇഷ്ടനിറത്തിലുള്ള വസ്ത്രം പാക്ക് ചെയ്യുമ്പോഴും, സുരക്ഷിതമായ ഇടത്തിൽ നിന്ന് പുറത്തേക്ക് കാലെടുത്ത് വെക്കുമ്പോഴും അതും തനിച്ച്… അതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ആവേശമുണ്ട് .
കൂടെ വരാൻ ഒരു സുഹൃത്തില്ല, കാര്യങ്ങൾ തീർപ്പാക്കാൻ ഒരു യാത്രാ പ്ലാനുമില്ല. നിങ്ങൾ മാത്രം, നിങ്ങളുടെ ചിന്തകൾ, പിന്നെ നിങ്ങളെ കാണാൻ കാത്തിരിക്കുന്ന ഈ വിശാലമായ ലോകവും.
പല സ്ത്രീകൾക്കും, ഒറ്റയ്ക്കുള്ള യാത്ര എന്നത് പുതിയ സ്ഥലങ്ങൾ കാണൽ മാത്രമല്ല – അത് അവരെത്തന്നെ, അവരുടെ പുതിയ കഴിവുകളെ, അവരുടെ സ്വത്വത്തെത്തന്നെയുള്ള കണ്ടെത്തൽ കൂടിയാണ്. അത് ഭയമില്ലാതെ തനിച്ചായിരിക്കാനുള്ള ഒരു കലയാണ്, അതൊരിക്കലും ഒറ്റപ്പെടലല്ല.
” സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്ന തെറ്റിദ്ധാരണ മാറ്റാം:
ഒരു സ്ത്രീ തനിച്ചാണ് യാത്ര ചെയ്യുന്നതെന്ന് പറയുമ്പോൾ, അവൾക്ക് ആദ്യം കേൾക്കേണ്ടി വരുന്ന പ്രതികരണം ആശങ്ക കലർന്നതായിരിക്കും. “അത് സുരക്ഷിതമാണോ?” എന്ന ഉൾഭയം ഗ്രസിച്ച കുറെ ചോദ്യങ്ങൾ ഉയരും.
എന്നാൽ എവിടെയും പോകാതെ ഒരിടത്ത് അടങ്ങിയിരിക്കുന്നതിലൂടെ സുരക്ഷ കൈവരില്ല – അത് ജാഗ്രതയോടെ, തയ്യാറെടുപ്പോടെ, ആത്മവിശ്വാസത്തോടെ ജീവിക്കുന്നതിലൂടെയാണ് കൈവരുന്നത്.
ഇന്ത്യയിലും ലോകമെമ്പാടും, തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. സ്പിതി താഴ്‌വരയിലൂടെ ബൈക്ക് ഓടിക്കുന്നത് മുതൽ ക്യോട്ടോയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് വരെ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ തെളിയിക്കുന്നത്, ആളുകൾ പറഞ്ഞു പേടിപ്പിക്കുന്നത് പോലെ അത്ര അപകടം പിടിച്ച ഒന്നല്ല ലോകം എന്നാണ് – മറിച്ച്, ശ്രദ്ധയോടെ അനുഭവിച്ചറിഞ്ഞാൽ, അത് നിങ്ങളെ അടിമുടി മാറ്റാൻ കഴിവുള്ള ഒന്നാണ് താനും.
ഒരു പ്രോ ടിപ്പ്: എപ്പോഴും ഡിജിറ്റലായി കണക്റ്റഡ് ആയിരിക്കുക (വീട്ടുകാരുമായും മറ്റും). നിങ്ങളുടെ ഉള്ളിലെ തോന്നലിനെ (intuition) വിശ്വസിക്കുക. ഒപ്പം, സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന, സ്ത്രീകൾക്ക് അനുയോജ്യമായ താമസസ്ഥലങ്ങളോ ഹോംസ്റ്റേകളോ തെരഞ്ഞെടുക്കുക (ഉദാഹരണത്തിന് കേരളത്തിലെ വെൽനസ് റിട്രീറ്റുകൾ അല്ലെങ്കിൽ ഋഷികേശിലെ യോഗ ഹബ്ബുകൾ).
സ്വയം തിരിച്ചറിയുന്ന യാത്രകൾ
ഒറ്റയ്ക്കുള്ള യാത്ര വാസ്തവത്തിൽ ഒരു പ്രതിഫലനം കൂടിയാണ്. അപരിചിതമായ ഒരു നഗരത്തിലൂടെ വഴി കണ്ടെത്തുമ്പോഴും പുതിയൊരു ഭാഷാശൈലിയിൽ ചായ ഓർഡർ ചെയ്യുമ്പോഴും അല്ലെങ്കിൽ ഒരു സൂര്യാസ്തമയം തനിച്ച് ആസ്വദിക്കുമ്പോഴും, നിങ്ങളുടെ ഉള്ളിൽ ഒരു പരിവർത്തനം നടക്കുന്നുണ്ട്.
നിങ്ങൾ നിങ്ങളെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങുന്നു. നിങ്ങൾ നിങ്ങളുടെ സ്വന്തം കൂട്ട് ആസ്വദിക്കാൻ തുടങ്ങുന്നു. പതുക്കെപ്പതുക്കെ, ഭയങ്ങളെല്ലാം അലിഞ്ഞ് ആത്മവിശ്വാസമായി മാറുന്നു.
ഹംപിയിലേക്ക് തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീ പറഞ്ഞതുപോലെ:
“ഞാൻ ഒരു സ്ഥലം സന്ദർശിക്കുകയല്ല ചെയ്തത്. ഞാൻ എന്നെത്തന്നെ അവിടെവെച്ച് കണ്ടുമുട്ടുകയായിരുന്നു.”
ബന്ധങ്ങളിലൂടെ പഠിക്കുന്നു
ഒറ്റയ്ക്കുള്ള യാത്രകൾ പലപ്പോഴും ഏറ്റവും ആഴത്തിലുള്ള ബന്ധങ്ങൾ നമുക്ക് സമ്മാനിക്കാറുണ്ട്. നിങ്ങൾ അപരിചിതരോട് സംസാരിക്കുന്നു, കഥകൾ പങ്കുവെയ്ക്കുന്നു, ആളുകളിലെ നന്മയെ വിശ്വസിക്കാൻ പഠിക്കുന്നു, സൗഹൃദത്തിന്, അനുകമ്പയ്ക്ക് ഭാഷയുടെ അതിർവരമ്പുകളില്ല എന്ന് തിരിച്ചറിയുന്നു.
മലകളിലേക്ക് തനിച്ചുള്ള യാത്ര, പല പുതിയ അനുഭവങ്ങളും നമുക്ക് നൽകും. റാഗി റൊട്ടി ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഒരു മുത്തശ്ശിയെ ആ യാത്ര നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നേക്കാം. നിങ്ങളേപ്പോലെ ഒറ്റയ്ക്ക് യാത്ര ആസ്വദിക്കുന്ന
മറ്റൊരു സ്ത്രീയെ പരിചയപ്പെട്ടേക്കാം – അങ്ങനെ രണ്ട് അപരിചിതർ ഒരു മേശയ്ക്കിരുപുറവുമിരുന്ന് ചായ കുടിച്ചുകൊണ്ട് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.
സ്ത്രീകൾക്കായുള്ള ഒരു ‘തെറാപ്പി’
ജോലിസ്ഥലത്തെ ഡെഡ്‌ലൈനുകൾക്കും, കുടുംബ ഉത്തരവാദിത്തങ്ങൾക്കും ആരും കാണാത്ത സങ്കടങ്ങൾക്കും ഇടയിൽ സ്ത്രീകൾ പലപ്പോഴും ഒരു ഇടവേളയെടുക്കാൻ മറന്നുപോകുന്നു. ഒറ്റയ്ക്കുള്ള യാത്ര ആ ഒരിടവേള നൽകുന്നു – മുറിവുണക്കുന്ന പ്രക്രിയയായി ആ യാത്ര മാറുന്നു.
ശാസ്ത്രവും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്: തനിച്ചുള്ള യാത്രകൾ സ്വന്തം കഴിവിലുള്ള വിശ്വാസം (self-efficacy) വർദ്ധിപ്പിക്കുമെന്നും ആത്മവിശ്വാസം ഉയർത്തുമെന്നും ഉത്കണ്ഠ കുറയ്ക്കുമെന്നും പ്രശ്‌നപരിഹാരശേഷി പോലും ശക്തിപ്പെടുത്തുമെന്നും പഠനങ്ങൾ കാണിക്കുന്നു. ഇതൊരു ഇടവേള മാത്രമല്ല -‘റീസെറ്റ് ബട്ടൺ’ (reset button) കൂടിയാണ്.
നിങ്ങൾക്കും ഈ ലോകത്തിൽ തനിച്ചു നിൽക്കാൻ ഒരിടമുണ്ട്
ഓരോ സ്ത്രീയും മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ, അവളവളായിത്തന്നെ ജീവിക്കാനുള്ള ഒരവസരം അർഹിക്കുന്നു എന്ന് nellikka.life വിശ്വസിക്കുന്നു. തനിച്ച് ഒരു കഫേയിലേക്ക് പുഞ്ചിരിയോടെ നടന്നു കയറാൻ. കൂട്ടിന് ആരെയും കാത്തുനിൽക്കാതെ ഒരു മല കയറാൻ. സ്വന്തം ഹൃദയം പറയുന്നു എന്ന ഒറ്റക്കാരണത്താൽ ഒരു യാത്ര ബുക്ക് ചെയ്യാൻ- എല്ലാം.
കാരണം, ഒറ്റയ്ക്കുള്ള യാത്ര ഒരു ‘വിപ്ലവമല്ല’. അത് ആത്മാഭിമാനമാണ്.
അത് നിങ്ങളോടുതന്നെ പറയുകയാണ് – “തനിച്ച് യാത്ര ചെയ്യാൻ മാത്രം ഞാൻ എന്നെ വിശ്വസിക്കുന്നു.”
അതുകൊണ്ട്, ഇത് വായിക്കുന്ന ഓരോ സ്ത്രീകളോടും പറയട്ടെ: അടുത്തുള്ള ഒരു സ്ഥലത്തേക്ക് ഒരു വാരാന്ത്യ യാത്ര നടത്തിക്കൊണ്ട് തുടങ്ങിക്കോളൂ. അല്ലെങ്കിൽ പണ്ടേ സ്വപ്നം കണ്ട ആ വിദേശയാത്ര പ്ലാൻ ചെയ്യൂ. നിങ്ങളുടെ ധൈര്യവും ലോകത്തെ അറിയാനുള്ള ആകാംക്ഷയും ഒപ്പം ഒരു പെപ്പർ സ്പ്രേയും കൂടെ കരുതുക. പ്രായോഗികമായി ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല.
നിങ്ങൾ തിരികെ വരുമ്പോൾ – നിങ്ങളുടെ കയ്യിൽ കുറച്ച് സുവനീറുകൾ മാത്രമല്ല ഉണ്ടാവുക. സ്വത്വബോധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിച്ച ചില കഥകളുമുണ്ടാവും.
‘സോളോ ട്രാവൽ സ്റ്റാർട്ടർ കിറ്റ്’ ( Solo Travel Starter Kit)
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കുള്ള പ്രധാന ടിപ്പുകൾ
1.മനസ്സിലാക്കി യാത്ര ചെയ്യാം: പോകുന്ന സ്ഥലത്തെ ആചാരങ്ങൾ, വസ്ത്രധാരണ രീതികൾ, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ വായിച്ചറിയുക. “TripAdvisor Forums”, “SafetyWing Nomad Insurance” പോലെയുള്ള ആപ്പുകൾ പ്രയോജനപ്രദമാണ്.
2.വിവരം പങ്കുവെച്ചു കൊണ്ടേയിരിക്കുക (Stay connected): നിങ്ങളുടെ ലൈവ് ലൊക്കേഷനോ യാത്രാ വിവരങ്ങളോ വിശ്വസ്തനായ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ഷെയർ ചെയ്യുക.
3.ശരിയായ താമസസ്ഥലം തെരഞ്ഞെടുക്കുക: സ്ത്രീകൾക്ക് മാത്രമുള്ള ഹോസ്റ്റലുകൾ, വിശ്വാസയോഗ്യമായ ഹോംസ്റ്റേകൾ, അല്ലെങ്കിൽ മറ്റ് വനിതാ യാത്രക്കാർ നല്ല അഭിപ്രായം പറഞ്ഞ ഗസ്റ്റ് ഹൗസുകൾ എന്നിവ തെരഞ്ഞെടുക്കുക.
4.സ്മാർട്ടായി പാക്ക് ചെയ്യുക: പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രങ്ങൾ, ഒരു റീയൂസബിൾ വാട്ടർ ബോട്ടിൽ, ഒരു ചെറിയ ഫസ്റ്റ് എയ്ഡ് കിറ്റ്, ലഗേജ് പൂട്ടാൻ ഒരു ലോക്ക് എന്നിവ കരുതുക.
5.അത്യാവശ്യ വിവരങ്ങൾ കയ്യിൽ കരുതുക: പ്രാദേശിക എമർജൻസി നമ്പറുകൾ, നിങ്ങളുടെ എംബസി കോൺടാക്റ്റ്, അടുത്തുള്ള ആശുപത്രിയുടെ വിവരങ്ങൾ എന്നിവ ഫോണിൽ സേവ് ചെയ്യുക.
6.നിങ്ങളുടെ ഉള്ളിലെ തോന്നലിനെ വിശ്വസിക്കുക : എന്തെങ്കിലും ഒരു പന്തികേട് തോന്നിയാൽ, മിക്കവാറും അത് ശരിയായിരിക്കും. ഒരു വിശദീകരണവും നൽകാതെ, മാന്യമായി അവിടെ നിന്ന് മാറുക.
7.അവരിൽ ഒരാളാകുക: ആവശ്യമുള്ളിടത്ത് മാന്യമായി വസ്ത്രം ധരിക്കുക, അപരിചിതമായ സ്ഥലങ്ങളിൽ വിലകൂടിയ വസ്തുക്കൾ പ്രദർശിപ്പിക്കാതിരിക്കുക.
8.ഡിജിറ്റൽ, ഫിസിക്കൽ കോപ്പികൾ കരുതുക: പാസ്‌പോർട്ട്, ഐഡി, ഇൻഷുറൻസ്, ബുക്കിംഗ് വിവരങ്ങൾ എന്നിവയുടെയെല്ലാം കോപ്പികൾ ഫോണിലും അല്ലാതെയും സൂക്ഷിക്കുക.
9.ടെക്നോളജി വിവേകത്തോടെ ഉപയോഗിക്കുക: ഓഫ്‌ലൈൻ മാപ്പുകൾ, ഗൂഗിൾ ട്രാൻസ്‌ലേറ്റ്, അവിടുത്തെ ലോക്കൽ ട്രാൻസ്പോർട്ട് ആപ്പുകൾ എന്നിവ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.
10.ദയയോടെയും ജിജ്ഞാസയോടെയും പെരുമാറുക: അത്ഭുതപ്പെടുത്തുന്ന പലരെയും കണ്ടുമുട്ടും. എപ്പോഴും നിങ്ങളുടെ അതിർവരമ്പുകൾ മനസ്സിൽ വെച്ചുകൊണ്ടുതന്നെ എല്ലാവരോടും തുറന്ന മനസ്സോടെ ഇടപെടുക.
യാത്രയ്ക്ക് മുമ്പുള്ള ‘ചെക്ക്‌ലിസ്റ്റ്’
- പോകുന്ന സ്ഥലത്തെ സുരക്ഷ, കാലാവസ്ഥ, സാംസ്കാരിക രീതികൾ എന്നിവയെക്കുറിച്ച് റിസർച്ച് ചെയ്യുക.
- സ്ത്രീകൾക്ക് അനുയോജ്യമായതോ അല്ലെങ്കിൽ വിശ്വാസയോഗ്യമായതോ ആയ പ്ലാറ്റ്‌ഫോമുകളിൽ (Airbnb, Zostel, Booking.com ഫിൽട്ടറുകൾ) താമസം ബുക്ക് ചെയ്യുക.
- വിശ്വസ്തരായ രണ്ട് പേരെ നിങ്ങളുടെ യാത്രാവിവരങ്ങളും നിങ്ങൾ എവിടെയെത്തി എന്ന വിവരവും അറിയിക്കുക.
- ആരോഗ്യത്തിനും മോഷണത്തിനും പരിരക്ഷ ലഭിക്കുന്ന ട്രാവൽ ഇൻഷുറൻസ് എടുക്കുക.
- ഓഫ്‌ലൈൻ മാപ്പുകൾ, ട്രാൻസ്ലേറ്റർ ആപ്പുകൾ, ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യുക.
- അത്യാവശ്യത്തിനുള്ള കുറച്ച് പണം മറ്റൊരു ബാഗിൽ മാറ്റി സൂക്ഷിക്കുക.
- ഒരു പോർട്ടബിൾ ചാർജർ, പവർ ബാങ്ക്, യൂണിവേഴ്സൽ പ്ലഗ് അഡാപ്റ്റർ എന്നിവ കരുതുക.
- ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കയ്യിൽ കരുതുക – നട്സ്, പ്രോട്ടീൻ ബാറുകൾ, ഹൈഡ്രേഷൻ സാഷെകൾ (ORS) തുടങ്ങിയവ.
- നിങ്ങളുടെ എംബസി കോൺടാക്റ്റുകളും അടുത്തുള്ള പോലീസ് സ്റ്റേഷനുകളുടെ വിവരങ്ങളും കുറിച്ചെടുക്കുക.
- ഇനി യാത്ര തുടങ്ങാം. ഒന്ന് ദീർഘമായി ശ്വാസമെടുക്കുക – ഈ ലോകം നിങ്ങൾക്കായി കാത്തിരിക്കുന്നു.
യാത്രയുടെ ഹൃദയം
നിങ്ങൾ തനിച്ച് യാത്ര ചെയ്യുമ്പോൾ, ഭയമില്ലാത്ത അവസ്ഥയല്ല ധൈര്യം എന്ന് നിങ്ങൾ മനസ്സിലാക്കും – മറിച്ച്, ഭയമുണ്ടായിട്ടും മുന്നോട്ട് പോകാനുള്ള ശാന്തമായ തീരുമാനമാണത്.
ചിലപ്പോൾ, നിങ്ങൾ ഒരു പുതിയ വഴിയിലൂടെ നടക്കുമ്പോൾ, തനിച്ച് ഭക്ഷണം കഴിക്കുമ്പോൾ, അല്ലെങ്കിൽ ഒരു സഹയാത്രികൻ്റെ ആവശ്യമില്ലാതെ സൂര്യാസ്തമയം ആസ്വദിക്കുമ്പോൾ അതിലാണ് യഥാർത്ഥ ശക്തി.
പ്രിയപ്പെട്ട സ്ത്രീകളേ, ഈ ലോകം ഭയപ്പെടാനുള്ളതല്ല – അത് അനുഭവിച്ചറിയാനുള്ളതാണ്.
നിങ്ങൾ തനിച്ച് നടക്കുന്ന ഓരോ വഴിയും നിങ്ങളിൽത്തന്നെയുള്ള വിശ്വാസത്തിൻ്റെ പ്രതീകമാണ്, നിങ്ങളുടെ സ്വാതന്ത്ര്യത്തിന് നിങ്ങൾ എഴുതുന്ന പ്രണയലേഖനമാണത്, നിങ്ങൾ തനിച്ച് തന്നെ പൂർണ്ണതയുള്ളവളാണ് എന്ന ഓർമ്മപ്പെടുത്തലുമാണ്.
അതുകൊണ്ട്, നിങ്ങളുടെ സ്വപ്നങ്ങൾ പാക്ക് ചെയ്യൂ, സധൈര്യം മുന്നേറൂ.
ഈ ലോകം വിശാലവും മനോഹരവുമാണ്. അത് കാത്തിരിക്കുന്നത് നിങ്ങളെ മാറ്റാനല്ല, മറിച്ച്, ‘എനിക്കിത് കഴിയും’ എന്ന് എപ്പോഴും വിശ്വസിച്ചിരുന്ന നിങ്ങളുടെ ഉള്ളിലെ സ്വത്വത്തെ വീണ്ടും കണ്ടെത്താൻ സഹായിക്കാനാണ്.




