മനുഷ്യ മസ്തിഷ്ക്കം നാടകം കളിക്കുന്നുണ്ടോ?

നെഗറ്റീവ് ചിന്തകൾക്ക് പിന്നിലെ ശാസ്ത്രമെന്താണ്?
എങ്ങനെ മാറ്റിയെടുക്കാം
നമ്മളെക്കുറിച്ച് പത്തുപേർ പുകഴ്ത്തിപ്പറഞ്ഞു എന്ന് സങ്കൽപ്പിക്കുക. ഒരാൾ മാത്രം കടുത്ത ഭാഷയിൽ വിമർശിച്ചു എന്നും കരുതുക. നമ്മുടെ മനസ്സിൽ തറഞ്ഞുനിൽക്കുന്നത് ആ വിമർശനമാകും. ശരിയല്ലേ? സന്തോഷിക്കാൻ അതിനേക്കാൾ എത്രയോ ഇരട്ടി കാരണങ്ങളുണ്ടെങ്കിലും ഒരു നെഗറ്റീവ് കമൻ്റ് നമ്മുടെ ദിവസം തന്നെ നശിപ്പിച്ചതായി തോന്നും. മറ്റു ചിലപ്പോൾ ഉറങ്ങാൻ നേരത്ത്, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ, മുൻപെന്നോ ഉണ്ടായ ഒരു ദുരനുഭവം മനസ്സിനെ കൊളുത്തിവലിക്കാൻ തുടങ്ങും.
എന്തുകൊണ്ടാണിങ്ങനെ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ലോലഹൃദയമായതുകൊണ്ടോ കാടുകയറി ചിന്തിക്കുന്ന സ്വഭാവമുള്ളതുകൊണ്ടോ ഒന്നുമല്ല ഇങ്ങനെ സംഭവിക്കുന്നത്.
നമ്മുടെ തലച്ചോറ്, അതിന്റെ പരിണാമത്തിലുരുത്തിരിഞ്ഞ ധർമ്മം നിർവ്വഹിക്കുകയാണ്. അപകടമില്ലാത്തപ്പോഴും നമ്മെ ആപത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ജോലി.
ഇതിനെയാണ് നെഗറ്റിവിറ്റി ബയസ് (Negativity Bias) അഥവാ നിഷേധാത്മകതാ പക്ഷപാതം എന്ന് വിശേഷിപ്പിക്കുന്നത്. വന്യമൃഗങ്ങൾ നിറഞ്ഞ ഒരു കൊടുംകാട്ടിലാണ് ഈ നിമിഷം നമ്മൾ ജീവിക്കുന്നതെന്ന മട്ടിൽ പെരുമാറുന്ന, നമ്മുടെ മനസ്സിന്റെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം.
മനുഷ്യ മസ്തിഷ്ക്കം എന്തുകൊണ്ടാണ് നെഗറ്റീവായ കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് എന്നും ഇതിനെക്കുറിച്ച് ആധുനിക ശാസ്ത്രം എന്ത് പറയുന്നുവെന്നും nellikka.life വിശകലനം ചെയ്യുന്നു. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വസ്തുതകൾ വഴി,പോസിറ്റീവായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനസ്സിനെ എങ്ങനെ പരിശീലിപ്പിക്കാം എന്നും നമുക്ക് പരിശോധിക്കാം.
അന്നത്തെ അതിജീവനശേഷി ഇന്ന് വില്ലനാകുമ്പോൾ
പ്രാചീനകാലത്ത് മനുഷ്യൻ്റെ നിലനിൽപ്പിന് സഹായിച്ച അതിജീവന ശേഷി ആധുനിക കാലത്ത് നെഗറ്റീവാകുന്നു. ചെറിയൊരു ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
വിശാലമായൊരു പ്രദേശത്ത്, ഒറ്റയ്ക്ക് നടക്കുന്ന ആദിമ മനുഷ്യനാണ് നിങ്ങളെന്ന് സങ്കൽപ്പിക്കുക.
കുറ്റിക്കാടുകൾ അനങ്ങുന്നത് നിങ്ങൾ തിരിച്ചറിയുന്നു.
ഒരു കടുവ പതുങ്ങുന്നതാണെന്ന് സംശയം തോന്നിയാൽ, നിങ്ങൾ അതിവേഗം ഓടി രക്ഷപ്പെടുന്നു, അങ്ങനെ ആ സാഹചര്യത്തെ അതിജീവിക്കുന്നു.
ഇനി, കുറ്റിക്കാട്ടിനുള്ളിലുള്ളത് ഒരു മുയൽ ആയിരിക്കുമെന്ന് വിചാരിച്ചാൽ,
അപായരഹിതമായ അവസ്ഥയാണല്ലോ എന്ന തോന്നലിൽ നിങ്ങൾ സാവധാനം നടപ്പ് തുടരുന്നു. നിമിഷങ്ങൾക്കുള്ളിൽത്തന്നെ കടുവയുടെ ആഹാരമായിത്തീരുകയും ചെയ്യുന്നു.
നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച മനുഷ്യരാണ് കൂടുതൽ കാലം ജീവിക്കുകയും അവരുടെ ജനിതകങ്ങൾ കൈമാറ്റം ചെയ്യുകയും ചെയ്തിട്ടുള്ളത്.
അതുകൊണ്ടാണ് ഇന്നത്തെ കാലത്തും:
- മോശം വാർത്തകൾ പെട്ടെന്ന് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്
- വിമർശനങ്ങൾ (Criticism) കൂടുതൽ വേദനാജനകമാകുന്നത്
- പരാജയം (Failure) കൂടുതൽ കാലം ഓർമ്മയിൽ തങ്ങിനിൽക്കുന്നത്.
- അപകടങ്ങൾ നിലവിലില്ലാത്തപ്പോഴും തലച്ചോറ് അപായസാദ്ധ്യത പരിശോധിക്കുന്നത്.
ഇതാണ് നെഗറ്റിവിറ്റി ബയസ് (Negativity Bias)—ശാസ്ത്രം ഇത് സ്ഥിരീകരിക്കുന്നുമുണ്ട്:
- പോസിറ്റീവ് ചിത്രങ്ങളേക്കാൾ നെഗറ്റീവ് ചിത്രങ്ങളോട് തലച്ചോറ് കൂടുതലായി പ്രതികരിക്കുന്നു എന്ന് മനഃശാസ്ത്ര വിദഗ്ധനായ ജോൺ കാസ്യോപ്പോ (John Cacioppo) കണ്ടെത്തി.
- മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടികൾ പോലും ജാഗ്രതയോടും മുൻകരുതലോടും ചായ്‌വ് പ്രകടിപ്പിക്കുന്നുണ്ടത്രെ.
- പരാജയങ്ങൾ ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന വേദന, വിജയങ്ങൾ കൈവരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തേക്കാൾ ഇരട്ടിയാണെന്ന്, നൊബേൽ സമ്മാന ജേതാവായ ഡാനിയൽ കാനെമാൻ (Daniel Kahneman) തെളിയിച്ചിട്ടുണ്ട്
പ്രാചീന മനുഷ്യരെ ജീവനോടെ നിലനിൽക്കാൻ സഹായിച്ച ഘടകവും ഈ ചായ്‌വ് തന്നെ.
എന്നാൽ പണ്ട് പ്രയോജനപ്പെട്ട അതേ ചിന്താഗതി, ഇന്ന് ഉത്കണ്ഠയ്ക്കും (Anxiety), അമിത ചിന്തയ്ക്കും (Overthinking), സ്വയം ഇകഴ്ത്തിക്കാട്ടുന്ന മനസ്സിലെ വിമർശന പ്രേരണയ്ക്കും (Inner critic) വളമായി മാറുന്നു.
എങ്കിലും മാറ്റം സാദ്ധ്യമാണ് എന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്ന കാര്യമാണ്.
തലച്ചോറിന് മാറ്റങ്ങൾ വരുത്താൻ കഴിയും. ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) എന്ന പ്രതിഭാസം കാരണം, മാനസിക ശീലങ്ങളെ റീവയർ (പുതിയ രീതിയിൽ സജ്ജീകരിക്കാൻ) ചെയ്യാൻ നമുക്ക് സാധിക്കും.
തലച്ചോറിനെ എങ്ങനെ പുതുക്കിയെടുക്കാം: ഫലപ്രദമായ ശാസ്ത്രീയ മാർഗ്ഗങ്ങൾ
നിഷേധാത്മകതാ പക്ഷപാതത്തെ (Negativity Bias) നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാനാകില്ല. കാരണം അത് തലച്ചോറിന്റെ ‘ഹാർഡ്‌വെയറിന്റെ’ ഭാഗമാണ്.
എങ്കിലും സന്തുലനം സൃഷ്ടിക്കാൻ നമുക്കാകും.
കൂടുതൽ വ്യക്തമായും ശാന്തമായും പോസിറ്റീവായും ചിന്തിക്കാൻ തലച്ചോറിനെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന, ഗവേഷണ പിന്തുണയുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ താഴെപ്പറയുന്നു.
1. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): ചിന്തകളെ ചോദ്യം ചെയ്യുക, വികാരങ്ങളെ മാറ്റിയെടുക്കുക
നെഗറ്റീവ് ചിന്തകളുടെ കുരുക്കുകൾ അഴിച്ചെടുക്കാൻ ഏറ്റവും ശക്തമായ രീതികളിൽ ഒന്നാണ് സി.ബി.ടി. (CBT).
ഇത് താഴെ പറയുന്ന ചിന്താരീതികളെ തിരിച്ചറിയാൻ പഠിപ്പിക്കുന്നു:
- ദുരന്തചിന്തകൾ:ഏറ്റവും മോശം ഫലം മാത്രം പ്രതീക്ഷിക്കുന്നത്
- ഒന്നുകിൽ പൂർണ്ണ വിജയം അല്ലെങ്കിൽ സമ്പൂർണ്ണ പരാജയം എന്ന തോന്നൽ
- എല്ലാം സ്വന്തം കുറ്റമായി കാണാനുള്ള പ്രേരണ
- വൈകാരിക യുക്തി, അഥവാ തോന്നലുകളെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നത്
ഇത് പരീക്ഷിക്കാം:
“ഞാൻ ഒരിക്കൽ പരാജയപ്പെട്ടു, അതുകൊണ്ട് എപ്പോഴും പരാജയപ്പെടും” എന്ന ചിന്ത വരുമ്പോൾ, താഴെ പറയുന്ന ചോദ്യങ്ങൾ എഴുതുക:
- ഈ ചിന്തയ്ക്ക് ബലം നൽകുന്ന തെളിവുകൾ എന്തൊക്കെയാണ്?
- ഈ ചിന്തയ്ക്ക് പ്രതികൂലമാകുന്ന തെളിവുകൾ എന്തൊക്കെയാണ്?
- കൂടുതൽ സന്തുലിതമായ അല്ലെങ്കിൽ യാഥാർത്ഥ്യബോധമുള്ള കാഴ്ചപ്പാട് എന്താണ്?
ശാസ്ത്രം പറയുന്നത്:
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്റെയും ലക്ഷണങ്ങൾ 50–60% വരെ കുറയ്ക്കുന്നു എന്നാണ് മെറ്റാ-അനാലിസിസ് (Meta-analyses) പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
2. മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ: ശ്രദ്ധിക്കുക, ഉൾക്കൊള്ളാതിരിക്കുക
നമ്മൾ ആകാശമാണെന്നു കരുതുക. ചിന്തകൾ മേഘങ്ങൾ പോലെയുമാണെന്ന് വിചാരിക്കുക.
നെഗറ്റീവ് ചിന്തകളെ അവയിലേക്ക് വലിച്ചെടുക്കപ്പെടാതെ ശ്രദ്ധിക്കാൻ മൈൻഡ്ഫുൾനെസ് നമ്മുടെ മസ്തിഷ്ക്കത്തെ പരിശീലിപ്പിക്കുന്നു.
ദിവസവും 10 മിനിറ്റ് ഇങ്ങനെ ചെയ്തു നോക്കൂ:
ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഒരു ചിന്ത ഉടലെടുക്കുമ്പോൾ, അതിന് പേര് നൽകുക (Label):
- “ആശങ്ക”
- “സ്വയം വിമർശനം”
- “ഭാവിയെക്കുറിച്ചുള്ള ഭീതി” എന്നിങ്ങനെ.
എന്നിട്ട് ശാന്തമായി വീണ്ടും ശ്വാസത്തിലേക്ക് ശ്രദ്ധ തിരിക്കുക.
ശാസ്ത്രം പറയുന്നത്:
മൈൻഡ്ഫുൾനെസ് അടിസ്ഥാനമാക്കിയുള്ള കോഗ്നിറ്റീവ് തെറാപ്പി (MBCT):
- വിഷാദരോഗം ആവർത്തിക്കുന്നത് 50% കുറയ്ക്കുന്നു.
- അമിഗ്ഡാലയുടെ (Amygdala) (ഭയം ഉണർത്തുന്ന തലച്ചോറിലെ കേന്ദ്രം) വലിപ്പം കുറയ്ക്കുന്നു.
- വൈകാരിക നിയന്ത്രണത്തിനുള്ള പാതകളെ ശക്തിപ്പെടുത്തുന്നു.
Headspace, Insight Timer പോലുള്ള ആപ്പുകളോ, അല്ലെങ്കിൽ ലളിതമായ ശ്വസന ടൈമറുകളോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
3. നന്ദി പരിശീലനം (Gratitude Training): നെഗറ്റീവ് ചിന്താ പ്രേരകത്തിന് മറുമരുന്ന്
നമ്മൾ മനഃപൂർവ്വം നിലനിർത്താത്ത പക്ഷം, പോസിറ്റീവായ അനുഭവങ്ങൾ പെട്ടെന്ന് മറന്നുപോകും.
തലച്ചോറിന് നെഗറ്റിവിറ്റിക്കുള്ള ഒരു പ്രതിവിധിയാണ് കൃതജ്ഞതാപരിശീലനം.
ദിവസവും ശീലിക്കാം:
നിങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്ന മൂന്ന് കാര്യങ്ങൾ എഴുതുക. അക്കാര്യങ്ങളുടെ പ്രാധാന്യവും എഴുതുക.
അല്ലെങ്കിൽ സ്വസ്ഥമായി അൽപ്പസമയം നടക്കുക. ചുറ്റുമുള്ള, മനോഹരമായ അഞ്ച് കാര്യങ്ങൾ (വെളിച്ചം, ഗന്ധം, ആകാശം, നിറങ്ങൾ, ആളുകൾ) ശ്രദ്ധിക്കുക.
ശാസ്ത്രം പറയുന്നത്:
റോബർട്ട് എമ്മൺസ് (Robert Emmons) നടത്തിയ ഗവേഷണത്തിൽ, കൃതജ്ഞതാ ഡയറി എഴുതുന്നത്:
- സന്തോഷം 25% വർദ്ധിപ്പിക്കുന്നു.
- സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കുന്നു.
- ഉറക്കവും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്നു.
4. വ്യായാമം: ശരീരം ചലിപ്പിക്കുക, മനസ്സിൻ്റെ ഗതി മാറ്റുക
ശാരീരിക പ്രവർത്തനങ്ങളിൽ സംഭവിക്കുന്നത്:
- എൻഡോർഫിനുകൾ (Endorphins – സന്തോഷം നൽകുന്ന രാസവസ്തുക്കൾ)
- ബി.ഡി.എൻ.എഫ്. (BDNF – തലച്ചോറിനെ നന്നാക്കുന്ന പ്രോട്ടീൻ)
- ഡോപമിനും സെറോട്ടോണിനും (Dopamine and Serotonin)
ഇവ നിങ്ങളുടെ തലച്ചോറിലെ വൈകാരിക സർക്യൂട്ടുകളെ പുനർരൂപപ്പെടുത്തുന്നു.
ലക്ഷ്യമിടേണ്ടത്:
ദിവസവും 30 മിനിറ്റ് വ്യായാമം. നടക്കുന്നതും ഇതിൽ ഉൾപ്പെടും.
ശാസ്ത്രം പറയുന്നത്:
ഏറോബിക് വ്യായാമം നേരിയതും മിതമായ തോതിലുള്ളതുമായ വിഷാദരോഗത്തിനെതിരെ ആന്റിഡിപ്രസന്റുകൾ (Antidepressants) പോലെതന്നെ ഫലപ്രദമാണ് എന്ന് 2024ലെ ഒരു പഠനം കണ്ടെത്തി. പ്രത്യേകിച്ചും ഇത് അമിത ചിന്തയെ (Rumination) കുറയ്ക്കുന്നതിനാൽ കൂടുതൽ പ്രയോജനപ്രദമാകുന്നു.
5.ആസ്വാദനവും പുനഃക്രമീകരണവും : നല്ല കാര്യങ്ങളെ മനസ്സിൽ ആഴ്ന്നിറങ്ങാൻ അനുവദിക്കാം
നമ്മുടെ മനസ്സ് നെഗറ്റീവ് അനുഭവങ്ങളെ ഉടൻ ഉൾക്കൊള്ളുന്നു, എന്നാൽ പോസിറ്റീവായവയെ മനഃപൂർവ്വം നിലനിർത്തുന്നില്ലെങ്കിൽ അത് വേഗം മാഞ്ഞുപോകുന്നു.
റിക്ക് ഹാൻസണിന്റെ ‘HEAL’ രീതി ഉപയോഗിക്കുക:
1.H – Have: ഒരു പോസിറ്റീവ് അനുഭവം ഉണ്ടാക്കുക.
2.E – Enrich: അതിനെ സമ്പന്നമാക്കുക (അത് ആഴത്തിൽ അനുഭവിക്കുക, അത് വിവരിക്കുക).
3.A – Absorb: അതിനെ ആഗിരണം ചെയ്യുക (10 സെക്കൻഡ് ശ്വാസമെടുത്ത് മനസ്സിലേക്ക് എടുക്കുക).
4.L – Link: ഒരു നെഗറ്റീവ് ഓർമ്മയെയോ വിശ്വാസത്തെയോ ദുർബലപ്പെടുത്താൻ അതിലേക്ക് ബന്ധിപ്പിക്കുക.
കൂടാതെ, പ്രത്യേകിച്ചും രാത്രി വൈകി, ദുരന്ത വാർത്തകൾ കാണുന്നതും വായിക്കുന്നതും കുറയ്ക്കുക.
ലോകത്തു സംഭവിക്കുന്ന നെഗറ്റീവ് കാര്യങ്ങളെ സദാസമയവും ചിന്തിച്ചിരിക്കാൻ വേണ്ടിയല്ല നമ്മുടെ തലച്ചോറ് സൃഷ്ടിച്ചിരിക്കുന്നത് എന്ന ഓർമ്മ എപ്പോഴും വേണം.
മുകളിൽ വിവരിച്ച അഞ്ച് ശാസ്ത്രീയ വഴികൾ നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിച്ചാൽ, കാലക്രമേണ നെഗറ്റിവിറ്റി ബയസിനെ മറികടന്ന് കൂടുതൽ ശാന്തമായ മാനസികാവസ്ഥ കൈവരിക്കാൻ സാധിക്കും.
ആധുനിക ജീവിതത്തിനായി പ്രാചീന മസ്തിഷ്ക്കത്തെ നവീകരിക്കാം
നെഗറ്റിവിറ്റി ബയസിനെ മറികടക്കുക എന്നതിനർത്ഥം യഥാർത്ഥ പ്രശ്‌നങ്ങളെ അവഗണിക്കുക എന്നോ, അല്ലെങ്കിൽ യാഥാർത്ഥ്യബോധമില്ലാതെ സന്തോഷിക്കുക എന്നോ അല്ല.
നല്ല കാര്യങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുക എന്നതാണ് അതുകൊണ്ടർത്ഥമാക്കുന്നത്. നിങ്ങളുടെ തലച്ചോറ് ഭയം, സ്വയം വിമർശനം, അമിത ചിന്ത എന്നിവയിലേക്ക് തിരിച്ചുപോകാതിരിക്കാൻ അത് സഹായിക്കുന്നു.
ചെറിയ രീതിയിൽ തുടങ്ങാം:
- 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു കൃതജ്ഞതാ കുറിപ്പ് (Gratitude note).
- ശ്രദ്ധയോടെയുള്ള ശ്വസന പരിശീലനം
- ചിന്തകളെക്കുറിച്ചുള്ള ഡയറി എഴുത്ത് (Thought journal entry).
- വൈകുന്നേരം അൽപ്പസമയം നടത്തം
സ്ഥിരമായി ആവർത്തിക്കുന്ന ഈ ചെറിയ ചുവടുകൾ, പുതിയ നാഡീപാതകൾ (Neural pathways) സൃഷ്ടിക്കുന്നു.
അപകടത്തിനായി തയ്യാറെടുത്താണ് നമ്മുടെ പൂർവ്വികർ അതിജീവിച്ചത്.
സന്തുലിതാവസ്ഥ, അവബോധം, മാനസിക ശക്തി എന്നിവ സ്വായത്തമാക്കാൻ മനസ്സിനെ പരിശീലിപ്പിച്ചുകൊണ്ട്, നമുക്ക് ശാന്തത നേടാം.
ശാസ്ത്ര പിന്തുണയുള്ള മാനസികാരോഗ്യ ഉൾക്കാഴ്ചകൾക്കായി nellikka.life ഫോളോ ചെയ്യുക. തെളിവുകളിലും അനുകമ്പയിലും ആരോഗ്യകരമായ മനസ്സിലും വിശ്വസിക്കുന്ന ഒരു സമൂഹവുമായി ബന്ധം നിലനിർത്തുക.
References




