നഖം കടിക്കുന്ന ശീലമുണ്ടോ? കാരണങ്ങൾ മനസ്സിലാക്കാം, ദുശ്ശീലം മാറ്റാം

സമ്മർദ്ദമുള്ള ഒരു മീറ്റിംഗിനിടയിലോ, ആകാംക്ഷയേറിയ സിനിമ കാണുമ്പോഴോ, അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴോ അറിയാതെ നഖം കടിക്കാറുണ്ടോ?
നഖം കടിക്കൽ, വൈദ്യശാസ്ത്രപരമായി ഓനിക്കോഫാജിയ (Onychophagia) എന്നാണറിയപ്പെടുന്നത്. ഇത് ശരീരത്തെ കേന്ദ്രീകരിച്ചുള്ള ആവർത്തന സ്വഭാവങ്ങളിൽ (BFRBs) ഏറ്റവും സാധാരണമായ ഒന്നാണ് — ലോകത്തെ ഏത് വ്യക്തിയെയും, ഏത് പ്രായത്തിലും ഇത് ബാധിക്കാം.
നിരുപദ്രവകരമായി തോന്നാമെങ്കിലും, ഈ ശീലത്തിന് വൈകാരികവും മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാം.
എന്തുകൊണ്ടാണ് നഖം കടിക്കാൻ തോന്നുന്നത്, അത് മനസ്സിനെക്കുറിച്ച് സൂചിപ്പിക്കുന്നതെന്താണ്, ആരോഗ്യകരമായ രീതിയിൽ ഇത് എങ്ങനെ മാറ്റാം എന്ന് നമുക്ക് നോക്കാം.
എന്താണ് നഖം കടിക്കൽ (Onychophagia)?
ഓനിക്കോഫാജിയ എന്ന വാക്ക് ഗ്രീക്ക് പദങ്ങളായ ഒനിക്സ് (നഖം), ഫാജിൻ (ഭക്ഷിക്കുക) എന്നിവയിൽ നിന്നാണ് വന്നത്.
അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ (APA) ഇതിനെ ഒരുതരം ഒബ്സസീവ്-കംപൽസീവ് അനുബന്ധ തകരാറായിട്ടാണ് (obsessive-compulsive–related disorder) കണക്കാക്കുന്നത്, പ്രത്യേകിച്ചും ഇത് ആവർത്തിച്ചുള്ളതും നിയന്ത്രിക്കാൻ കഴിയാത്തതുമായി മാറുമ്പോൾ.
ഇത് സാധാരണയായി കുട്ടിക്കാലത്തോ കൗമാരത്തിലോ തുടങ്ങി മുതിർന്നവരിലും ഉണ്ടാകാം. സമ്മർദ്ദം, ഉത്കണ്ഠ, മടുപ്പ്, നിരാശ, അല്ലെങ്കിൽ അമിതമായ കൃത്യനിഷ്ഠ (Perfectionism) തുടങ്ങിയ വികാരങ്ങളാണ് ഇതിന് പലപ്പോഴും പ്രേരകമാകാറുള്ളത്.
നഖം കടിയുടെ പിന്നിലെ ശാസ്ത്രം
നഖം കടിക്കൽ വെറും പരിഭ്രമം തോന്നുന്നതിൻ്റെ പ്രതിഫലനം മാത്രമല്ല — ഇത് തലച്ചോറും ശരീരവും തമ്മിലുള്ള ഒരു പെരുമാറ്റ പ്രതികരണ ചക്രമാണ് (Behavioral Response Loop).
ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം:
1.പ്രേരകം (Trigger): മാനസിക പിരിമുറുക്കം (സമ്മർദ്ദം, ഉത്കണ്ഠ, മടുപ്പ്) അനുഭവപ്പെടുന്നു.
2.പ്രവർത്തനം (Action): ആ പിരിമുറുക്കം ഒഴിവാക്കാൻ നഖം കടിക്കാൻ തുടങ്ങുന്നു.
3.പ്രതിഫലം (Reward): തലച്ചോറിന് ഒരു താൽക്കാലിക ആശ്വാസമോ സംതൃപ്തിയോ ലഭിക്കുന്നു.
4.ശക്തിപ്പെടുത്തൽ (Reinforcement): ഈ പെരുമാറ്റം യാന്ത്രികമായ ഒരു ശീലമായി മാറുന്നു.
മുടി വലിച്ചെടുക്കൽ, ചർമ്മത്തിൽ നുള്ളൽ, പുകവലി തുടങ്ങിയ മറ്റ് ശീലങ്ങൾ രൂപപ്പെടുന്നതിന് സമാനമായ ഒരു രീതി തന്നെയാണിതും.
നഖം കടിക്കുന്നത് എന്തുകൊണ്ട്?
നഖം കടിക്കുന്ന ഈ ശീലം ഒരു വ്യക്തിയിൽ ഉണ്ടാകുന്നതിൻ്റെ പ്രധാനപ്പെട്ട മനഃശാസ്ത്രപരവും, വൈകാരികപരവുമായ ആറു കാരണങ്ങൾ ഇനിപ്പറയുന്നു:
1. സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നുമുള്ള ആശ്വാസം
സമ്മർദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ, നഖം കടിക്കുന്നത് സ്വയം ആശ്വസിപ്പിക്കാനുള്ള ഒരു മാർഗ്ഗമായി മാറുന്നു. ആവർത്തിച്ചുള്ള ഈ ചലനവും സ്പർശനത്തിലൂടെയും രുചിയിലൂടെയുമുള്ള സംവേദനവും തലച്ചോറിൽ ഡോപമിൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ഇത് ഒരു താൽക്കാലികാശ്വാസം നൽകുന്നു.
2. മടുപ്പും അലസതയും
പലരും ഉത്കണ്ഠ കൊണ്ടല്ല, സമയം കളയാൻ വേണ്ടിയാണ് നഖം കടിക്കുന്നത്. തലച്ചോറിന് ഉത്തേജനം ഇല്ലാത്തപ്പോൾ,വെറുതെയിരിക്കുമ്പോൾ, നഖം കടിക്കുന്നത് ഒരു വൃത്തികെട്ട വിനോദമായി മാറുന്നു.
3. പൂർണ്ണതാബോധവും നിയന്ത്രണവും
ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം, നഖം കടിക്കൽ കൃത്യനിഷ്ഠയുമായി (Perfectionist) ബന്ധപ്പെട്ടിരിക്കുന്നു. വൃത്തിയില്ലാത്തതോ പരുപരുത്തതോ ആയ നഖങ്ങൾ “ശരിയാക്കാൻ” വേണ്ടിയാണ് അവർ കടിക്കുന്നത്. വാസ്തവത്തിൽ ഈ പ്രവൃത്തി, നഖങ്ങളെ കൂടുതൽ മോശമാക്കുകയാണ് ചെയ്യുന്നത്. “വൃത്തി”ക്കായുള്ള ഈ ആഗ്രഹം ഒരു നിർബന്ധിത ശീലമായി (Compulsive Pattern) മാറിയേക്കാം.
4. കുട്ടിക്കാലത്ത് പഠിച്ച ശീലം
മാതാപിതാക്കളോ സമപ്രായക്കാരോ നഖം കടിക്കുന്നത് കണ്ടാൽ കുട്ടികൾ അത് അനുകരിച്ചേക്കാം. കാലക്രമേണ, വൈകാരികമായ പ്രേരണകൾ ഇല്ലാതെ തന്നെ ഇത് പരിശീലനത്തിലൂടെയുള്ള ശീലമായി (Conditioned Habit) മാറും.
5. വൈകാരിക നിയന്ത്രണം
നഖം കടിക്കുന്നത് ദേഷ്യം, നിരാശ, കുറ്റബോധം എന്നിവയെ നേരിടാനുള്ള പ്രതിവിധി കൂടിയാകാം — പ്രകടിപ്പിക്കാതെ തന്നെ വികാരങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഒരു നിശബ്ദ മാർഗ്ഗം.
6. ജനിതകപരവും ജൈവികവുമായ ഘടകങ്ങൾ
നഖം കടിക്കുന്നത് കുടുംബങ്ങളിൽ വ്യാപകമായി കാണാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഉത്കണ്ഠയോ പെട്ടെന്നുള്ള ത്വരയോ പോലുള്ള സ്വഭാവങ്ങളുമായി ബന്ധമുള്ള ജനിതക ബന്ധം ഇതിന് ഉണ്ടാകാൻ സാധ്യതയുണ്ട്.
നഖം കടിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത്
നഖം കടിക്കുന്നത് നിസ്സാരമായി തോന്നാമെങ്കിലും, പതിവായുള്ള ഈ ശീലം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും:
1. നഖങ്ങൾക്കും ചർമ്മത്തിനുമുള്ള കേടുപാടുകൾ
- നഖങ്ങൾ പിളരുകയോ രൂപഭേദം സംഭവിക്കുകയോ ചെയ്യുക.
- വേദനയുള്ള ഹാംഗ്നെയിൽസ് (നഖത്തിന് ചുറ്റുമുള്ള തൊലി) ഉണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുക.
- നഖം വളരുന്ന ഭാഗത്ത് അണുബാധയുണ്ടാകുക (പരോണീഷ്യ).
2. ദന്ത പ്രശ്നങ്ങൾ
- പല്ലുകൾ ദ്രവിക്കുകയോ പൊട്ടുകയോ ചെയ്യുക.
- മോണയ്ക്ക് പരിക്കേൽക്കുക.
- തുടർച്ചയായ സമ്മർദ്ദം കാരണം പല്ലുകളുടെ വിന്യാസത്തിൽ മാറ്റം സംഭവിക്കുക.
3. അണുബാധയ്ക്കുള്ള സാധ്യത
വിരലുകളിൽ ഇ.കോളി (E. coli), സ്റ്റാഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus) പോലുള്ള ബാക്ടീരിയകൾ ഉണ്ടാകാം. നഖം കടിക്കുമ്പോൾ ഈ അണുക്കൾ വായിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും, വയറിലോ തൊണ്ടയിലോ അണുബാധകൾക്ക് കാരണമാവുകയും ചെയ്യാം.
4. മാനസികമായ പ്രത്യാഘാതം
പതിവായി നഖം കടിക്കുന്നവർക്ക് പലപ്പോഴും നാണക്കേടും ലജ്ജയും തോന്നാറുണ്ട്. ഇത് സാമൂഹികമായ ഉത്കണ്ഠയ്ക്കും ആത്മവിശ്വാസം കുറയുന്നതിനും കാരണമാകും — പ്രത്യേകിച്ചും നഖങ്ങൾ കേടായ അവസ്ഥയിലായിരിക്കുമ്പോൾ.
നഖം കടിക്കൽ ഒരു രോഗമായി മാറുമ്പോൾ
വല്ലപ്പോഴുമുള്ള നഖം കടിക്കൽ സാധാരണമാണ്. എന്നാൽ ഇത്:
- ആവർത്തിച്ചുള്ളതും നിർത്താൻ പ്രയാസമുള്ളതുമാവുക,
- രക്തസ്രാവത്തിനോ വേദനയ്‌ക്കോ കാരണമാവുക,
- അണുബാധകളിലേക്കോ വൈകാരിക ദുരിതങ്ങളിലേക്കോ നയിക്കുക.
ഇങ്ങനെയാണെങ്കിൽ അത് ക്രോണിക് ഓനിക്കോഫാജിയ (Chronic Onychophagia) എന്ന അവസ്ഥയെ സൂചിപ്പിക്കാം. ഇത് ശരീരത്തെ കേന്ദ്രീകരിച്ചുള്ള ആവർത്തന സ്വഭാവങ്ങളുടെ (BFRB) ഭാഗമാണ്. മുടി വലിച്ചെടുക്കൽ (ട്രൈക്കോട്ടിലോമാനിയ), ചർമ്മം നുള്ളൽ (ഡെർമാറ്റില്ലോമാനിയ) എന്നിവ ഈ വിഭാഗത്തിൽ പെടുന്ന മറ്റ് അവസ്ഥകളാണ്.
ഇത്തരം ഗുരുതരമായ അവസ്ഥകളിൽ സൈക്കോളജിക്കൽ അല്ലെങ്കിൽ ബിഹേവിയറൽ തെറാപ്പി ആവശ്യമായി വന്നേക്കാം.
നഖം കടിക്കുന്നത് എങ്ങനെ നിർത്താം – പ്രായോഗികവും മാനസികവുമായ തന്ത്രങ്ങൾ
1. പ്രേരക ഘടകങ്ങൾ തിരിച്ചറിയുക
എപ്പോഴാണ്, എന്തുകൊണ്ടാണ് നിങ്ങൾ നഖം കടിക്കുന്നതെന്ന് ശ്രദ്ധിക്കുക — സമ്മർദ്ദം, മടുപ്പ്, ഉത്കണ്ഠ, അതോ വെറും ശീലമായതു കൊണ്ടാണോ എന്ന് തിരിച്ചറിയുക. ഈ ശീലം തുടച്ചുനീക്കാനുള്ള ആദ്യപടി അവബോധമാണ്.
2. നഖങ്ങൾ ചെറുതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക
നഖങ്ങൾ വെട്ടി ചെറുതാക്കുന്നത് കടിക്കാനുള്ള പ്രലോഭനം കുറയ്ക്കും. പതിവായുള്ള മാനിക്യൂർ, നഖങ്ങൾ നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കും.
3. കൈപ്പുള്ള നെയിൽ പോളിഷ് പുരട്ടുക
പ്രത്യേകമായിട്ടുള്ള ആൻ്റി-ബൈറ്റ് നെയിൽ കോട്ടിംഗുകൾ (ഫാർമസികളിൽ ലഭ്യമാണ്) ഉപയോഗിക്കുന്നത്, കയ്പ്പ് കാരണം നഖം കടിക്കുന്നത് കുറയ്ക്കും.
4. നഖം കടിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറ്റുക
ഉത്കണ്ഠയുള്ള നിമിഷങ്ങളിൽ ഷുഗർ-ഫ്രീ ച്യൂയിംഗം ചവയ്ക്കുകയോ, ഒരു സ്ട്രെസ് ബോൾ അല്ലെങ്കിൽ ഫിഡ്ജറ്റ് ടോയ് ഉപയോഗിക്കുകയോ ചെയ്യുക.
5. സമ്മർദ്ദ നിയന്ത്രണം പരിശീലിക്കുക
ദീർഘമായി ശ്വാസമെടുക്കൽ, മൈൻഡ്ഫുൾനസ്, യോഗ, അല്ലെങ്കിൽ ജേണലിംഗ് എന്നിവ ശീലമാക്കുക. ഇത് ദോഷകരമായ ശീലങ്ങളിലേക്ക് പോകാതെ പിരിമുറുക്കം കൈകാര്യം ചെയ്യാൻ സഹായിക്കും.
6. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT)
ഗുരുതരമായ കേസുകളിൽ, ആരോഗ്യകരമായ മറ്റ് പ്രതിവിധികൾ ഉപയോഗിച്ച് ഈ ശീലത്തെ മാറ്റാൻ സിബിടിക്ക് കഴിയും.
7. ശീലം മാറാൻ പ്രതിഫലം നൽകുക
നിങ്ങൾ നഖം കടിക്കാതെയിരുന്ന ഓരോ ദിവസവും അല്ലെങ്കിൽ ഓരോ ആഴ്ചയും മനസ്സിന് സന്തോഷം ലഭിക്കുന്ന തരത്തിൽ സ്വയം ആഘോഷിക്കുക — ഇത് നല്ല പെരുമാറ്റത്തെ ശക്തിപ്പെടുത്തും.
നഖം കടിക്കൽ പ്രതിഫലിപ്പിക്കുന്നത് എന്താണ്?
ചിലപ്പോൾ, ഒരു ദുശ്ശീലത്തേക്കാൾ ഉപരിയായി, മാനസിക പിരിമുറുക്കമോ വൈകാരിക അസന്തുലിതാവസ്ഥയോ പ്രകടിപ്പിക്കാൻ ശരീരം സ്വീകരിക്കുന്ന മാർഗ്ഗമായിരിക്കാമിത്.
ഈ പെരുമാറ്റത്തിന്റെ പേരിൽ സ്വയം ശിക്ഷിക്കുന്നതിനു പകരം, ശരീരം പറയാനുദ്ദേശിക്കുന്നതെന്താണെന്ന് ശ്രദ്ധിക്കുക എന്നതാണ് ആദ്യപടി.
നിങ്ങൾക്കറിയാമോ?
- ലോകജനസംഖ്യയുടെ ഏകദേശം 20–30% പേർ പതിവായി നഖം കടിക്കുന്നവരാണ്.
- നഖം കടിക്കൽ സാധാരണയായി 10–18 വയസ്സിനിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നു, തുടർന്ന് പ്രായപൂർത്തിയാകുമ്പോൾ കുറയുകയും ചെയ്യും.
- കൃത്യനിഷ്ഠയുള്ളവരും (Perfectionists) ഉയർന്ന ലക്ഷ്യങ്ങൾ നേടുന്നവരും ഈ ശീലത്തിന് അടിമപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.
ശീലം മാറ്റിയെഴുതുക, മനസ്സിന് സൗഖ്യം നൽകുക
നഖം കടിക്കൽ നിസ്സാരമായി തോന്നാമെങ്കിലും, ഇത് മനസ്സ്, ശരീരം, പെരുമാറ്റം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഉത്കണ്ഠ മൂലമോ ശീലമായതിനാലോ, അമിത കൃത്യനിഷ്ഠയുള്ളതുകൊണ്ടോ ആകട്ടെ, എന്തുതന്നെ ആയാലും ഇത്, ഒരു പ്രതിരോധ സംവിധാനമാണ് (Coping Mechanism) — ആരോഗ്യകരമായ മാർഗ്ഗങ്ങളിലൂടെ ഈ ശീലം മാറ്റിയെടുക്കാനാകും.
അതുകൊണ്ട്, അടുത്ത തവണ നഖം കടിക്കാൻ തുടങ്ങുമ്പോൾ, സ്വയം ചോദിക്കുക — എന്താണ് ശരീരം ഇപ്പോൾ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന്.
ആ ഉത്തരം, ആരോഗ്യമുള്ള നഖങ്ങളോടൊപ്പം ശാന്തതയുള്ള മനസ്സും സമ്മാനിക്കും.
References :
1. Nailbiting, or onychophagia: a special habit
2. Onychophagia as a Spectrum of Obsessive-compulsive Disorder




