നാൽപ്പതു കഴിഞ്ഞ സ്ത്രീകളിൽ സ്തനവേദന അനുഭവപ്പെടുന്നതിൻ്റെ കാരണങ്ങൾ; തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ

നാൽപ്പതു കഴിഞ്ഞ സ്ത്രീകളിൽ സ്തനവേദന അനുഭവപ്പെടുന്നതിൻ്റെ കാരണങ്ങൾ; തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ

മിക്ക സ്ത്രീകൾക്കും സ്തനങ്ങളിൽ ഇടയ്ക്കൊക്കെ വേദന അനുഭവപ്പെടാറുണ്ട്, ആർത്തവ സമയത്ത് അല്ലെങ്കിൽ ഗർഭിണിയായിരിക്കുമ്പോൾ, ഇങ്ങനെ ഉണ്ടാകാറുണ്ട്.

എന്നാൽ മധ്യവയസ്സിലെത്തിയ സ്ത്രീകൾക്ക്, പ്രത്യേകിച്ച് പെരിമെനോപോസിലേക്ക് പ്രവേശിക്കുന്നവരെ സംബന്ധിച്ച്, പലപ്പോഴും ഈ വേദനയുടെ സ്വഭാവം മാറിയതായി തോന്നാം. അത് പെട്ടെന്ന് അനുഭവപ്പെടുന്നതോ, സ്ഥായിയായതോ ആശങ്കയുളവാക്കുന്നതോ ആകാം.

ഇത് ഹോർമോൺ കാരണമാണോ? ഈ വേദനയും ഭക്ഷണരീതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇത് എന്തെങ്കിലും ഗുരുതര രോഗത്തിന്റെ സൂചനയാണോ? ഇത്തരം സംശയങ്ങൾ സ്വാഭാവികമാണ്.

മധ്യവയസ്സിലെത്തിയ സ്ത്രീകളുടെ  സ്തനങ്ങളിലെ വേദനയ്ക്ക് പിന്നിലെ ശാസ്ത്രമെന്തെന്നും എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത് എന്നും നമുക്ക് പരിശോധിക്കാം.

എന്താണ് സ്തനങ്ങളിലെ വേദന (മാസ്റ്റൽജിയ)?

സ്തനങ്ങളിലെ വേദനയെ വൈദ്യശാസ്ത്രപരമായി മാസ്റ്റൽജിയ (Mastalgia) എന്ന് പറയുന്നു. ഒരു ഭാഗത്തോ അല്ലെങ്കിൽ രണ്ട് സ്തനങ്ങളിലോ ഉണ്ടാകുന്ന വേദന, തടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത എന്നിവയാണ് ഇത്.

ഇത് താഴെ പറയുന്ന രീതിയിൽ അനുഭവപ്പെടാം:

  • കനത്ത വേദന അല്ലെങ്കിൽ സ്ഥായിയായ വേദന
  • തുടിക്കുന്ന പോലെയോ അല്ലെങ്കിൽ നീറ്റലുളവാക്കുന്നതോ ആയ അനുഭവം
  • മുറുകിയതോ നിറഞ്ഞതോ ആയ അവസ്ഥ
  • സ്പർശിക്കുമ്പോഴോ ചലിക്കുമ്പോഴോ ഉള്ള വേദന

സ്തനങ്ങളിലെ വേദനയെ രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു:

1.ചാക്രികമായ മാസ്റ്റൽജിയ (Cyclical Mastalgia) ആർത്തവ ചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടത്.

2.ചാക്രികമല്ലാത്ത തരം മാസ്റ്റൽജിയ (Non-Cyclical Mastalgia)  ഹോർമോണുകളുമായി ബന്ധമില്ലാത്തത്; ജീവിതശൈലി, പരിക്ക്, അല്ലെങ്കിൽ സ്തന രോഗങ്ങൾ എന്നിവ കാരണം ഉണ്ടാകാം.

മധ്യവയസ്സിൽ ഇത് കൂടുതലായി സംഭവിക്കുന്നത് എന്തുകൊണ്ട്?

40കളിലും 50കളുടെ തുടക്കത്തിലുമാണ് സ്ത്രീകളിൽ സ്തന വേദന കൂടുതൽ തിരിച്ചറിയപ്പെടുന്ന തരത്തിലാകുന്നത്. ഇതിന് പ്രധാന കാരണം പെരിമെനോപോസുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങളും മെറ്റബോളിക് വ്യതിയാനങ്ങളുമാണ്.

പ്രധാന കാരണങ്ങൾ:

1. പെരിമെനോപോസ് സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ

ആർത്തവവിരാമം അഥവാ മെനോപോസിന് തൊട്ടുമുമ്പുള്ള 5–10 വർഷങ്ങളെയാണ് പെരിമെനോപോസ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ സമയം ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ അളവിൽ ക്രമരഹിതമായ മാറ്റങ്ങൾ ഉണ്ടാകുന്നു.

ഈ രണ്ട് ഹോർമോണുകളും  സംവേദനക്ഷമതയേറിയ സ്തനകലകളെ സ്വാധീനിക്കുന്നു.

  • ഈസ്ട്രജൻ സ്തനങ്ങളിലെ നാളികളെ ഉത്തേജിപ്പിക്കുന്നു.
  • പ്രൊജസ്റ്ററോൺ പാൽ ഗ്രന്ഥികളെ (ലോബ്യൂളുകൾ) ബാധിക്കുന്നു.

ഈ ഹോർമോണുകൾക്ക് വ്യതിയാനം വരുമ്പോൾ, അത് ദ്രാവകം കെട്ടിനിൽക്കുന്നതിനും  സ്തനകലകളിൽ വീക്കത്തിനും കാരണമാകുന്നു. ഇത് വേദനയിലേക്കും ഭാരക്കൂടുതലിലേക്കും നയിക്കുന്നു — ഇത് ആർത്തവത്തിന് മുൻപുള്ള ലക്ഷണങ്ങൾക്ക് സമാനമാണെങ്കിലും പലപ്പോഴും പ്രവചിക്കാൻ കഴിയാത്തതായിരിക്കും.

40–55 വയസ്സിനിടയിലുള്ള സ്ത്രീകളിലെ സ്തനങ്ങളിലെ വേദനയുടെ ഏറ്റവും സാധാരണമായ കാരണം ഇതാണ്.

2. കഫീനും ഉത്തേജകങ്ങളോടുള്ള സംവേദനക്ഷമതയും

കാപ്പി, ചായ, ചോക്ലേറ്റുകൾ, ചില ശീതളപാനീയങ്ങൾ എന്നിവയിലുള്ള കഫീൻ സ്തനങ്ങളിലെ വേദന വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഇത് രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും സ്തനകലകളെ കൂടുതൽ സംവേദനക്ഷമമാക്കുകയും ചെയ്യും.

ദോഷകരമല്ലെങ്കിലും, കഫീന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത്, രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വേദന കുറയ്ക്കാൻ സഹായിക്കും.

3. ഹോർമോൺ തെറാപ്പി, ജനന നിയന്ത്രണ ഗുളികകൾ

ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ എന്നിവ ഉപയോഗിക്കുന്ന സ്ത്രീകൾക്ക്  പാർശ്വഫലമായി വേദന അനുഭവപ്പെടാം.

ഈസ്ട്രജൻ അടങ്ങിയ മരുന്നുകൾ സ്തനഗ്രന്ഥികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ജലാംശം കെട്ടിനിൽക്കാൻ കാരണമാവുകയും ചെയ്യുന്നതിനാൽ ചെറിയ വീക്കവും അസ്വസ്ഥതയും ഉണ്ടാകാം.

4. ഭാരത്തിലെ വ്യതിയാനങ്ങളും കൊഴുപ്പുകലകളുടെ സംവേദനക്ഷമതയും

സ്തനങ്ങൾ പ്രധാനമായും കൊഴുപ്പ് കലകൾ (Fatty tissue) കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ വരുമ്പോൾ ഈ കലകൾ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാം.

ശരീരഭാരത്തിൽ പെട്ടെന്നുള്ള വർദ്ധന, ബന്ധിത കോശങ്ങൾ വലിയുന്നതിന് കാരണമാകും. അതുപോലെ, ശരീരഭാരം പൊടുന്നനെ കുറയുന്നത് കൊഴുപ്പിന്റെ ‘കുഷ്യനിംഗ്’ കുറയ്ക്കുകയും സ്തനങ്ങൾക്ക് കൂടുതൽ വേദനയുണ്ടാകാനിടയാക്കുകയും ചെയ്യുന്നു.

5. സമ്മർദ്ദവും കോർട്ടിസോൾ അസന്തുലിതാവസ്ഥയും

സ്ഥിരമായി സമ്മർദ്ദം ഉണ്ടാകുമ്പോൾ കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നു. ഈ ഹോർമോൺ ഈസ്ട്രജന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.

ഉയർന്ന കോർട്ടിസോൾ അളവ് ആർത്തവവിരാമത്തിന് മുൻപുള്ള ഹോർമോൺ മാറ്റങ്ങളെ കൂടുതൽ ക്രമരഹിതമാക്കുകയും സ്തനങ്ങളിലെ വേദന, വയറുസ്തംഭനം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

6. ദ്രാവകം കെട്ടിനിൽക്കുന്നതും ഉപ്പിന്റെ ഉപയോഗവും

പെരിമെനോപോസ് സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ശരീരത്തിൽ, പ്രത്യേകിച്ച് സ്തനകലകളിൽ, വെള്ളം കെട്ടിനിൽക്കാൻ കാരണമാവാം.

ഭക്ഷണത്തിലെ അമിതമായ ഉപ്പ് (സോഡിയം) ഈ വീക്കം വർദ്ധിപ്പിക്കുന്നു.

ഉപ്പിന്റെ അളവ് കുറയ്ക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നത് പലപ്പോഴും ആശ്വാസം നൽകും.

7. ഫൈബ്രോസിസ്റ്റിക് സ്തന മാറ്റങ്ങൾ (Fibrocystic Breast Changes)

മധ്യവയസ്സിലുള്ള പല സ്ത്രീകളിലും ഫൈബ്രോസിസ്റ്റിക് സ്തനകലകൾ രൂപപ്പെടാറുണ്ട് — ഇത് ദോഷകരമല്ലാത്ത (അർബുദത്തിന് വഴി വെയ്ക്കാത്ത) ഒരവസ്ഥയാണ്. സ്തനത്തിനുള്ളിൽ കട്ടിയുള്ള, കയറുപോലെയുള്ള മുഴകൾ ഇതിന്റെ പ്രത്യേകതയാണ്.

ഹോർമോൺ മാറ്റങ്ങൾ, കഫീൻ ഉപയോഗം, അല്ലെങ്കിൽ സമ്മർദ്ദം എന്നിവ ഉണ്ടാകുമ്പോൾ ഈ സിസ്റ്റുകൾ വലുതാവുകയോ വേദനയുള്ളതായി മാറുകയോ ചെയ്യാം.

ലക്ഷണങ്ങൾ ഇവയാണ്:

  • സ്തനങ്ങളിൽ മുഴകളോ തരിതരിയായ തന്തുക്കളോ
  • ഭാരക്കൂടുതൽ അല്ലെങ്കിൽ നിറഞ്ഞതായി തോന്നൽ
  • ആർത്തവത്തിന് മുൻപ് വേദനയുണ്ടാവുകയും ശേഷം കുറയുകയും ചെയ്യുക

ഫൈബ്രോസിസ്റ്റിക് മാറ്റങ്ങൾ സാധാരണവും ദോഷകരമല്ലാത്തതുമാണ്. എങ്കിലും,  അസ്വാഭാവികമായ വളർച്ചകളിൽ നിന്ന് ഇതു വേർതിരിച്ചറിയാൻ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്.

8. പേശീ-അസ്ഥി സംബന്ധമായ വേദനയോ നെഞ്ചു വേദനയോ

ചില സമയങ്ങളിൽ സ്തന വേദന എന്ന് തോന്നുന്നത് യഥാർത്ഥത്തിൽ നെഞ്ചിലെ ഭിത്തിയിൽ, വാരിയെല്ലുകളിൽ, അല്ലെങ്കിൽ പെക്ടറൽ പേശികളിൽ നിന്ന് വരുന്നതാകാം.

സാധാരണ കാരണങ്ങൾ:

  • തെറ്റായ ഇരിപ്പ്/നിൽപ്പ് രീതി 
  • ഭാരം കൂടിയ വസ്തുക്കൾ ഉയർത്തുന്നത്
  • കൃത്യമല്ലാത്ത അളവിലുള്ള ബ്രാ ധരിക്കുന്നത്
  • നെഞ്ചിൽ ഭാരം ചെലുത്തുന്ന രീതിയിലുള്ള ഉറക്കം

ശരിയായ രീതിയിൽ താങ്ങുനൽകുന്ന തരം ബ്രാ ധരിക്കുന്നതും വ്യായാമം ചെയ്യുന്നതും ഇത്തരം അസ്വസ്ഥതകൾ പരിഹരിക്കാൻ സഹായിക്കും.

9. അപൂർവ്വമായ, ഗൗരവമേറിയ കാരണങ്ങൾ

സ്തനവേദന പൊതുവെ ദോഷകരമല്ലാത്തവയാണെങ്കിലും സ്ഥിരമായതോ, ഒരു പ്രത്യേക സ്ഥലത്ത് മാത്രമുള്ളതോ, അല്ലെങ്കിൽ ഒരു വശത്തു മാത്രമുള്ളതോ ആയ വേദനയുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടി വന്നേക്കാം:

  • അണുബാധകൾ (മാസ്റ്റൈറ്റിസ്) – പാലൂട്ടുന്ന സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
  • സ്തനത്തിലെ സിസ്റ്റുകളോ പഴുപ്പോ
  • സ്തനകലകൾക്ക് പരിക്കേൽക്കുന്നത് 
  • ട്യൂമറുകളോ സ്തനാർബുദമോ (തുടക്കത്തിൽ ഇത് വേദനയില്ലാത്ത അവസ്ഥയായിരിക്കും)

വേദനയോടൊപ്പം പുതിയ മുഴ, മുലക്കണ്ണിൽ നിന്ന് സ്രവം വരിക , അല്ലെങ്കിൽ ചർമ്മത്തിൽ കുഴികൾ എന്നിവ കണ്ടാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

വൈദ്യസഹായം തേടേണ്ടത് എപ്പോൾ  ?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരു ആരോഗ്യ വിദഗ്ദ്ധനെ കാണേണ്ടതാണ്:

  • സ്തനത്തിലെ വേദന 2–3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ
  • ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കഠിനമായ വേദനയാണെങ്കിൽ
  • വ്യക്തമാകുന്ന തരത്തിൽ മുഴ ഉണ്ടാവുകയോ അല്ലെങ്കിൽ ചർമ്മത്തിലോ മുലക്കണ്ണിലോ മാറ്റങ്ങൾ കാണുകയോ ചെയ്താൽ
  • വേദന ഒരു സ്തനത്തിൽ മാത്രം ആണെങ്കിൽ
  • മുലക്കണ്ണിൽ നിന്ന് രക്തം കലർന്നതോ അസ്വാഭാവികമായതോ ആയ സ്രവം ഉണ്ടെങ്കിൽ

ഡോക്ടർമാർ ശുപാർശ ചെയ്തേക്കാവുന്ന പരിശോധനകൾ:

  • ശാരീരിക പരിശോധനയും രോഗവിവര ചരിത്രം പരിശോധിക്കലും
  • മാമോഗ്രാം അല്ലെങ്കിൽ അൾട്രാസൗണ്ട് സ്കാൻ
  • ഹോർമോൺ പരിശോധന (പ്രത്യേകിച്ച് പെരിമെനോപോസ് സമയത്ത്)

സ്തനങ്ങളിലെ വേദന നിയന്ത്രിക്കാനും ആശ്വാസം നൽകാനും

1. സപ്പോർട്ടീവ് ബ്രാ ധരിക്കുക

കൃത്യമായ അളവിലുള്ള, താങ്ങ് നൽകുന്ന ബ്രാ ധരിക്കുക — പ്രത്യേകിച്ച് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ അല്ലെങ്കിൽ വേദനയുണ്ടെങ്കിൽ ഉറങ്ങുമ്പോഴോ.

2. ഭക്ഷണക്രമവും ജീവിതശൈലിയും

  • കഫീൻ, മദ്യം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക.
  • പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ (ഫ്ളാക്സ് സീഡ്, സാൽമൺ) എന്നിവയുടെ അളവ് കൂട്ടുക.
  • ജലാംശം നിലനിർത്തുക; ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

3. സമ്മർദ്ദം നിയന്ത്രിക്കുക

ധ്യാനം, യോഗ, ദീർഘമായി ശ്വാസമെടുക്കൽ എന്നിവ ഹോർമോൺ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്ന കോർട്ടിസോൾ വർദ്ധിക്കുന്നത് കുറയ്ക്കുന്നു.

4. മരുന്നുകൾ (ആവശ്യമെങ്കിൽ)

ഡോക്ടർമാർ താഴെ പറയുന്നവ നിർദ്ദേശിച്ചേക്കാം:

  • വിറ്റാമിൻ E, B6, അല്ലെങ്കിൽ ഈവനിംഗ് പ്രിംറോസ് ഓയിൽ സപ്ലിമെന്റുകൾ
  • ഐബുപ്രോഫൻ പോലുള്ള ചെറിയ വേദനസംഹാരികൾ
  • ഹോർമോൺ മരുന്നുകൾ പരിശോധിക്കുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക.

🧴 5. ചൂടുവെള്ളം പിടിക്കുക

ചൂടുവെള്ളത്തിൽ മുക്കിയ തുണി സ്തനങ്ങളിൽ വെയ്ക്കുകയോ അല്ലെങ്കിൽ മൃദുവായി മസാജ് ചെയ്യുകയോ ആണെങ്കിൽ  രക്തയോട്ടം മെച്ചപ്പെടുകയും വേദനയ്ക്ക് ആശ്വാസമേകുകയും ചെയ്യും.

                      ഹോർമോൺ വ്യതിയാനം: സാദ്ധ്യതകൾ

പ്രായംഹോർമോൺ മാറ്റങ്ങൾസ്തനങ്ങളിലെ സംവേദനം
30 കളിലും 40കളിലുംഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയിൽ ഏറ്റക്കുറച്ചിലുകൾആർത്തവത്തിന് മുമ്പുണ്ടാകുന്ന ചാക്രിക വേദന
40കളിലും 50കളിലുംപെരിമെനോപോസ്; ക്രമരഹിതമായ അണ്ഡോത്പാദനംക്രമരഹിതമായ വേദന, സ്തനങ്ങൾ നിറഞ്ഞതായി തോന്നുക
50+ആർത്തവ വിരാമ ശേഷം; ഈസ്ട്രജൻ അളവ് കുറയുന്നുവേദന കുറയുന്നു, എന്നാൽ സിസ്റ്റുകൾ മൂലമോ അല്ലെങ്കിൽ സ്തനകലകൾ ചുരുങ്ങുന്നത് മൂലമോ നേരിയ സംവേദനക്ഷമത ഉണ്ടാകാം

സ്തന വേദന അനുഭവപ്പെടുമ്പോൾ ആശങ്കയുണ്ടാകുന്നത്  സ്വാഭാവികമാണെങ്കിലും, മിക്ക സ്തന വേദനകളും കാൻസറിന്റെ ലക്ഷണമല്ല.

സ്തനാർബുദങ്ങൾ പലപ്പോഴും വേദനയില്ലാത്തവയാണ്, പ്രത്യേകിച്ചും ആദ്യ ഘട്ടങ്ങളിൽ.

പതിവായുള്ള സ്വയംപരിശോധന, മാമോഗ്രാം, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ആത്മവിശ്വാസവും സുരക്ഷയും നൽകും.

വേദന, ശരീരം നൽകുന്ന സന്ദേശമാണ്.

മധ്യവയസ്സിൽ ഉണ്ടാകുന്ന സ്തന വേദന പലപ്പോഴും ഹോർമോൺ മാറ്റത്തിൻ്റെ സ്വാഭാവികമായ സൂചനയാണ് — അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല.

പെരിമെനോപോസിലൂടെയും മെനോപോസിലൂടെയുമുള്ള യാത്രയുമായി ശരീരം പൊരുത്തപ്പെടുമ്പോൾ സംഭവിക്കുന്ന രാസപരമായ മാറ്റങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും സമ്മർദ്ദം നിയന്ത്രിച്ചുകൊണ്ടും സ്വയം പരിചരണം പരിശീലിച്ചുകൊണ്ടും സ്ത്രീകൾക്ക് ഈ മാറ്റങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനാകും — ഈ ഘട്ടത്തെ ഒരു വെല്ലുവിളിയായി കാണാതെ, സ്ത്രീത്വത്തിന്റെ സ്വാഭാവിക പരിണാമമായി സ്വീകരിക്കാം.

References :

1. Menopausal hormone therapy and menopausal symptoms

2. Evaluation and management of breast pain

3. Caffeine consumption and fibrocystic breast disease: a case-control epidemiologic study

4. Menopause

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe