എന്തുകൊണ്ടാണ് ദ്രാവകരൂപത്തിൽ യോനീസ്രവം ഉണ്ടാകുന്നത്? 

എന്തുകൊണ്ടാണ് ദ്രാവകരൂപത്തിൽ യോനീസ്രവം ഉണ്ടാകുന്നത്? 

വെള്ളപോക്ക് സാധാരണമാണോ? ചികിൽസ തേടേണ്ടത് എപ്പോൾ ?

വെള്ളം പോലെയുള്ള യോനീസ്രവം സംബന്ധിച്ച്  പല സ്ത്രീകളിലും  ആശങ്ക ഉണ്ടാകാറുണ്ട്. എങ്കിലും അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുകയാണ് പതിവ്. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ യോനീസ്രവം പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും,അതിന്റെ നിറത്തിലോ, കട്ടിയിലോ, അളവിലോ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെങ്കിലും രോഗങ്ങൾ മൂലമാണോ എന്ന ആശങ്ക സൃഷ്ടിക്കും.

ദ്രാവക രൂപത്തിലുള്ള യോനീസ്രവത്തിന്റെ കാരണങ്ങൾ,  ഇത് തികച്ചും സാധാരണമാണോ, ഏത് സാഹചര്യത്തിലാണ്  ഡോക്ടറെ കാണേണ്ടത് തുടങ്ങിയ കാര്യങ്ങൾ  നമുക്ക് വിശദമായി നോക്കാം.

എന്താണ് യോനീസ്രവം?

സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനത്തിൻ്റെ ഫലമായി  യോനിയിൽ കാണപ്പെടുന്ന സ്രവമാണ് യോനീസ്രവം എന്നറിയപ്പെടുന്നത്. ഗർഭാശയമുഖത്തെ സ്രവം, യോനിയിലെ സ്രവങ്ങൾ, കോശങ്ങൾ എന്നിവ കൂടിച്ചേർന്നതാണ് ഇത്. ഈ സ്രവം, യോനിയെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും  സംരക്ഷിക്കുകയും ചെയ്യുന്നു.

സ്ത്രീയുടെ പ്രായം, ആരോഗ്യസ്ഥിതി, ഹോർമോൺ മാറ്റങ്ങൾ എന്നീ ഘടകങ്ങളെ ആശ്രയിച്ച്, സ്രവത്തിൻ്റെ കട്ടി, അളവ്, നിറം എന്നിവയിൽ വ്യതിയാനങ്ങൾ വരാം. 

യോനീസ്രവം സാധാരണയായി  വെള്ളം പോലെയോ മങ്ങിയ നിറമുള്ളതോ ആയിരിക്കും, രൂക്ഷഗന്ധം ഉണ്ടാകില്ല. ആർത്തവചക്രത്തിലെ ചില ദിവസങ്ങളിൽ, വ്യായാമം ചെയ്യുമ്പോൾ, അല്ലെങ്കിൽ ലൈംഗികമായി ഉത്തേജിതയാകുമ്പോൾ ഒക്കെ സ്രവം കൂടുതലായി കാണപ്പെടാം. 

വെള്ളപോക്ക് –  സാധാരണ കാരണങ്ങൾ

1. അണ്ഡോത്പാദനം (ആർത്തവചക്രത്തിന്റെ പകുതിയോടെ) 

ഇരുപത്തിയെട്ട് ദിവസത്തെ ആർത്തവചക്രത്തിന്റെ ഏകദേശം പതിനാലാം ദിവസം, ഈസ്ട്രജൻ ഹോർമോണിന്റെ ഉൽപ്പാദനം കൂടുന്നു. ഇത് ഗർഭാശയമുഖത്തെ സ്രവം നേർത്ത വഴുവഴുപ്പുള്ളതും വെള്ളം പോലെയുള്ളതുമാക്കി മാറ്റുന്നു. ബീജങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ യോനിയെ സജ്ജമാക്കുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ഒരു രീതിയാണിത്. ഈ സ്രവം മുട്ടയുടെ വെള്ള പോലെയായിരിക്കും. ആർത്തവചക്രത്തിന്റെ മധ്യത്തിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

2. ലൈംഗിക ഉത്തേജനം

 ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ, യോനീമുഖത്തിന് സമീപമുള്ള ബർത്തോലിൻ ഗ്രന്ഥികൾ സ്നിഗ്ധത നൽകാനായി കൂടുതൽ  ദ്രാവകം ഉത്പാദിപ്പിക്കുന്നു. വെള്ളം പോലെയുള്ള ഈ ദ്രാവകം തികച്ചും സാധാരണമാണ്.

3. ഗർഭാവസ്ഥ

 ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ യോനിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതുവഴി, നേർത്തതും വെള്ളം പോലെയുള്ളതുമായ സ്രവം കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടും. ഇത് ലൂക്കോറിയ (leukorrhea) എന്നറിയപ്പെടുന്നു.

4. ആർത്തവവിരാമ കാലം (പെരിമെനോപോസ്) 

ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിൽ ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ കുറയുന്നത്, വെള്ളം പോലെയുള്ള സ്രവം ഉണ്ടാകാൻ കാരണമാകും.

5. വ്യായാമവും ചൂടും

അമിതമായി വിയർക്കുന്നതും ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നതും യോനീഭാഗത്ത് നനവുണ്ടാക്കും.  ഇത് യോനീസ്രവമായി തെറ്റിദ്ധരിക്കാമെങ്കിലും, യഥാർത്ഥത്തിൽ യോനീദളങ്ങളിലെയും തുടയിടുക്കുകളിലെയും വിയർപ്പ് ആകാം ഇതിന് കാരണം.

6. ഗർഭനിരോധന മാർഗ്ഗങ്ങളും ഹോർമോൺ മരുന്നുകളും

 ചില ഗർഭനിരോധന ഗുളികകൾ അല്ലെങ്കിൽ ഹോർമോണൽ IUD-കൾ ഗർഭാശയമുഖത്തെ സ്രവത്തിന്റെ ഉത്പാദനത്തെ ബാധിക്കുകയും അത്  സ്രവം വർദ്ധിക്കാൻ കാരണമാകുകയും ചെയ്യും.

എപ്പോഴാണ് വെള്ളപോക്ക്  രോഗസൂചനയാകുന്നത്?

ഇത്തരം സ്രവങ്ങൾ പലപ്പോഴും നിരുപദ്രവകരമാണെങ്കിലും ഗന്ധത്തിലോ നിറത്തിലോ ഉണ്ടാകുന്ന മാറ്റങ്ങളോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഇനിപ്പറയുന്ന അസുഖങ്ങളാകാൻ സാദ്ധ്യതയുണ്ട് :

1. ബാക്ടീരിയൽ വജൈനോസിസ് 

  • നേർത്തതുോ വെള്ളം പോലെയുള്ളതോ ചാരനിറം കലർന്ന വെളുത്ത നിറത്തോടു കൂടിയതോ ആയ സ്രവം ഉണ്ടാകാം.
  •  മീനിന്റെ ഗന്ധം, പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിന് ശേഷം.
  • മറ്റ് ലക്ഷണങ്ങൾ: ചൊറിച്ചിൽ, അസ്വസ്ഥത.

2. യീസ്റ്റ് ഇൻഫെക്ഷൻ

സ്രവം: നേർത്തതും വെള്ളം പോലെയുള്ളതും അല്ലെങ്കിൽ ചീസ് പോലെ കട്ടിയുള്ളതും വെളുത്ത നിറത്തിലുള്ളതും ആകാം.

  • ലക്ഷണങ്ങൾ: കഠിനമായ ചൊറിച്ചിൽ, നീറ്റൽ, ചുവപ്പ് നിറം.

3. ലൈംഗിക അണുബാധകൾ

  • ക്ലമീഡിയ , ഗൊണോറിയ എന്നീ രോഗങ്ങൾ ഉണ്ടാകുമ്പോൾ അത് യോനീസ്രവത്തിന് കാരണമാകും. അടിവയറിൽ വേദന,  മൂത്രമൊഴിക്കുമ്പോൾ വേദന എന്നീ ലക്ഷണങ്ങൾ കാണാം.
  • ട്രൈക്കോമോണിയാസിസ്, പതപോലെയുള്ളതും മഞ്ഞനിറം കലർന്നതും ദുർഗന്ധത്തോടു കൂടിയതുമായ സ്രവത്തിന് കാരണമാകുന്നു.

സിഡിസി എസ്ടിഐ മാർഗ്ഗനിർദ്ദേശങ്ങൾ

4. അമ്നിയോട്ടിക് ദ്രവം പുറത്തു വരുമ്പോൾ (ഗർഭാവസ്ഥയിൽ)  

ഗർഭിണിയാണെങ്കിൽ, യോനീമുഖത്ത് നിന്ന് വെള്ളം പോലെ ഒലിച്ചിറങ്ങിയാൽ, അത് അംമ്നിയോട്ടിക് ദ്രാവകം ആകാനിടയുണ്ട്.  ഈ ദ്രവം ഗന്ധമില്ലാത്തതും തുടർച്ചയായി ഒഴുകിവരുന്നതുമാണെങ്കിൽ എത്രയും പെട്ടെന്ന് വിദഗ്ധ ഡോക്ടറെ കാണണം.

5. സെർവിക്കൽ അല്ലെങ്കിൽ വജൈനൽ കാൻസർ

ആർത്തവവിരാമത്തിന് ശേഷം, യോനിയിൽ അസാധാരണമായി വെള്ളം പോലെയുള്ള സ്രവം, പ്രത്യേകിച്ച് രക്തമയമുള്ളത് കണ്ടാൽ ചികിൽസ തേടണം.  അർബുദ പരിശോധന ആവശ്യമായി വന്നേക്കാം.

ഡോക്ടറെ എപ്പോൾ സമീപിക്കണം?

ഇനിപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക:

  • സ്രവത്തിന് രൂക്ഷമായ ദുർഗന്ധം ഉണ്ടെങ്കിൽ.
  • ചൊറിച്ചിൽ, നീറ്റൽ, വീക്കം എന്നിവ അനുഭവപ്പെട്ടാൽ.
  • അടിവയറ്റിലോ ഇടുപ്പിലോ വേദനയുണ്ടെങ്കിൽ.
  • സ്രവത്തിന് പച്ച, ചാരനിറം, അല്ലെങ്കിൽ മഞ്ഞ നിറമുണ്ടെങ്കിൽ.
  • ഗർഭിണിയാണെങ്കിൽ, പ്രസവത്തിനു മുന്നോടിയായി അമ്നിയോട്ടിക് വെള്ളം ഒഴുകുന്നതാണെന്ന  സംശയമുണ്ടെങ്കിൽ.
  • ആർത്തവവുമായി ബന്ധപ്പെട്ടതല്ലാത്ത രക്തസ്രാവം ഉണ്ടാകുന്നുവെങ്കിൽ.

രോഗനിർണയവും ചികിത്സയും

ഇനിപ്പറയുന്ന പരിശോധനകൾ വേണ്ടിവന്നേക്കാം:

  • പെൽവിക് പരിശോധന
  • യോനിയിലെ സ്രവത്തിന്റെ സാമ്പിൾ പരിശോധന
  • മൂത്രപരിശോധന
  • പാപ്സ്മിയർ 
  • അൾട്രാസൗണ്ട് (ഗർഭാവസ്ഥയിലോ അല്ലെങ്കിൽ  മറ്റ് പ്രശ്നങ്ങൾ കണ്ടെത്താനോ)

രോഗകാരണം മുൻനിർത്തിയാണ് ചികിൽസ നിശ്ചയിക്കുക:

  • അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റിഫംഗൽ മരുന്നുകൾ.
  • ആർത്തവവിരാമവുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്ക് ഹോർമോൺ തെറാപ്പി.
  • ഗർഭാവസ്ഥയിൽ കൃത്യമായ നിരീക്ഷണവും ആവശ്യമായ ചികിൽസയും.

യോനിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ

  • ഡൂഷിംഗ്  ഒഴിവാക്കുക, ഇത് യോനിയിലെ സ്വാഭാവികമായ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു.
  • മണമില്ലാത്ത സോപ്പുകളും വായുസഞ്ചാരമുള്ള കോട്ടൺ അടിവസ്ത്രങ്ങളും ഉപയോഗിക്കുക.
  • ധാരാളം വെള്ളം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക.
  • സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക.
  • സ്രവത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ആർത്തവചക്രം ശ്രദ്ധിക്കുക.

വെള്ളം പോലെയുള്ള യോനീസ്രവം തികച്ചും സ്വാഭാവികമാണ്. എങ്കിലും  സ്രവത്തിൽ  മാറ്റങ്ങളുണ്ടാകുമ്പോൾ വിദഗ്ധ നിർദ്ദേശം തേടുന്നത് ഗുണം ചെയ്യും.  

ശരീരത്തെ വിശ്വസിക്കാം, അവബോധം ഉള്ളവരായിരിക്കാം, സംശയം ജനിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ടാൽ  ഡോക്ടറെ സമീപിക്കാം.

References :

1. Diseases Characterized by Vulvovaginal Itching, Burning, Irritation, Odor or Discharge

2. Vaginal discharge: The diagnostic enigma

3. What is vaginal discharge

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe