പ്രിയങ്കരമാകുന്ന ഡേറ്റിംഗ് ആപ്പുകൾ : മാറിമറിയുന്ന പ്രണയസങ്കൽപ്പങ്ങൾ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുമ്പ്, അടുത്ത സുഹൃത്തുക്കൾ അതീവ രഹസ്യമായി മാത്രം സംസാരിച്ചിരുന്ന ഈ വിഷയം ഇപ്പോൾ ജെൻസീയും മില്ലേനിയൽസും പറയുന്ന സാധാരണ സംഭാഷണങ്ങളിൽപ്പോലും നിറസാന്നിദ്ധ്യമാണ്. എന്താണ് ഈ മാറ്റത്തിനുള്ള കാരണം? എന്ത്കൊണ്ടാണ് ഡേറ്റിംഗ് ആപ്പുകൾ ഇത്രയും സ്വീകാര്യത നേടിയത്? റൈറ്റ് സ്വൈപ്പിനും ലെഫ്റ്റ് സ്വൈപ്പിനും പിന്നിലുള്ള മാനസികാവസ്ഥ എന്താണ്?
ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് പ്രിയമേറുന്നു
ഇന്ത്യയുടെ പ്രണയ സങ്കൽപ്പങ്ങൾ ഒരു ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 650 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുള്ള ഇന്ത്യയിൽ, താഴെ പറയുന്ന ഡേറ്റിംഗ് ആപ്പുകൾ എളുപ്പത്തിൽ ലഭ്യമാണ്.
- ടിൻഡർ (Tinder)
- ബംബിൾ (Bumble)
- ഹിഞ്ച് (Hinge)
- ഐൽ (Aisle)
- ട്രൂലിമാഡ്ലി (TrulyMadly)
- വൂ (Woo)
പ്രണയം, ബന്ധങ്ങൾ, സിറ്റ്വേഷൻഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾക്ക്, ഈ ആപ്പുകളുടെ ലഭ്യതയും സ്വകാര്യതയും വഴിതെളിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം ഉപയോക്താക്കളുടെ എണ്ണത്തിൽ 48% വർദ്ധനവുണ്ടായെന്ന് ബംബിൾ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ശാരീരിക അകലം പാലിക്കേണ്ടി വന്നപ്പോഴത്തെ ശൂന്യതയും മനംമടുപ്പും നികത്താൻ ഡിജിറ്റൽ ബന്ധങ്ങൾ സഹായിച്ചു എന്നാണ് കണക്കുകളിലെ ഈ വർദ്ധന സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ത്യൻ മൂല്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തതെന്ന് അവകാശപ്പെടുന്ന ഐൽ (Aisle) പോലുള്ള ആപ്പുകൾ, പരമ്പരാഗതകാലത്തെ പ്രതീക്ഷകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം ആധുനികലോകത്തെ ഇഷ്ടങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.
സ്വൈപ്പിംഗിന് പിന്നിലെ മനശാസ്ത്രം
ബിഹേവിയറൽ സൈക്കോളജി (behavioral psychology)യുടെ, പ്രത്യേകിച്ച് ഓപ്പറൻറ് കണ്ടീഷനിംഗ്, ഡോപമിൻ റിവാർഡ് സിസ്റ്റം എന്നിവയുടെ തത്വങ്ങളാണ് ഡേറ്റിംഗ് ആപ്പുകൾ ഉപയോഗപ്പെടുത്തുന്നത്. ഓരോ മാച്ച് (match) അല്ലെങ്കിൽ “ലൈക്ക്” ലഭിക്കുമ്പോഴും തലച്ചോറിൽ ചെറിയ അളവിൽ ഡോപമിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് സന്തോഷം നൽകുകയും സോഷ്യൽ മീഡിയ സ്ക്രോളിംഗ് അല്ലെങ്കിൽ ഗെയിമിംഗ് പോലെ ഒരു ശീലമായി മാറുകയും ചെയ്യുന്നു.
2021ൽ Journal of Social and Personal Relationships എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു പഠനം പറയുന്നത്, ഡേറ്റിംഗ് ആപ്പുകളിലെ നല്ല പ്രതികരണങ്ങളിലൂടെ, ഉപയോക്താക്കൾക്ക് ആത്മാഭിമാനവും സാമൂഹിക മൂല്യവും വർദ്ധിച്ചതായി അനുഭവപ്പെടുന്നു എന്നാണ്.
എന്നാൽ, അമിതമായ ഓപ്ഷനുകൾക്ക് സാദ്ധ്യതയുള്ളപ്പോൾ ഉണ്ടാകുന്ന “paradox of choice” (അമിത തെരഞ്ഞെടുപ്പുകളുടെ പ്രതിസന്ധി) എന്ന പ്രതിഭാസം തീരുമാനമെടുക്കുന്നതിനുള്ള ആശയക്കുഴപ്പത്തിലേക്കും അതൃപ്തിയിലേക്കും നയിച്ചേക്കാം.
ഡേറ്റിംഗ് ആപ്പുകളുടെ ഗുണങ്ങൾ
1. എളുപ്പമാണ്,സൌകര്യപ്രദവും:
സാധാരണ സാമൂഹിക ചുറ്റുപാടുകൾക്ക് പുറത്തുള്ള ആളുകളുമായി സുഗമമായി ബന്ധപ്പെടാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നു.
2. സാംസ്കാരിക വൈവിധ്യം:
മതങ്ങൾക്കും ജാതികൾക്കും ലിംഗഭേദങ്ങൾക്കും അതീതമായി പ്രണയബന്ധങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു, ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹസൃഷ്ടിക്ക് സഹായിക്കുന്നു.
3. സ്വയം തിരിച്ചറിയാനുള്ള അവസരം:
മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ, വ്യക്തികൾക്ക് സ്വന്തം ആവശ്യങ്ങളെക്കുറിച്ചും വൈകാരികമായ പരിധികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു.
4. സ്ത്രീ ശാക്തീകരണം:
ബംബിൾ (Bumble) പോലുള്ള ആപ്പുകൾ സ്ത്രീകൾക്ക് ആദ്യം സംസാരിക്കാനുള്ള അവസരം നൽകുന്നു, ഇത് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു.
ദോഷങ്ങളും മാനസിക സ്വാധീനവും
ഡേറ്റിംഗ് ആപ്പുകളുടെ അമിതോപയോഗം ചില ദോഷഫലങ്ങൾക്കും ഇടവരുത്തിയേക്കാം. ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
1. ആപ്പ് ഫറ്റീഗ് (App Fatigue) & ബേൺഔട്ട് (Burnout)
അമിതമായ ഉപയോഗം വൈകാരികമായ ക്ഷീണത്തിനും അതൃപ്തിക്കും കാരണമാകും.
2. ഉപരിപ്ലവമായ വിലയിരുത്തലുകൾ
ഈ ആപ്പുകളിൽ പലപ്പോഴും വ്യക്തിത്വത്തേക്കാൾ രൂപത്തിനാണ് പ്രാധാന്യം ലഭിക്കുന്നത്. ഇത് തെറ്റായ പ്രതീക്ഷകളിലേക്ക് നയിച്ചേക്കാം.
3. ഗോസ്റ്റിംഗും തിരസ്കരണവും
ഓൺലൈനിലൂടെ ഉണ്ടാകുന്ന തുടർച്ചയായ തിരസ്കരണങ്ങൾ മാനസിക പിരിമുറുക്കം (anxiety), ആത്മാഭിമാനക്കുറവ് (low self-esteem), വിഷാദം (depression) എന്നിവയ്ക്ക് കാരണമാകാമെന്ന് 2020-ൽ Lancet Psychiatryയിൽ വന്ന പഠനം ചൂണ്ടിക്കാട്ടുന്നു.
4. അടിമത്തവും ഡോപമിൻ ആശ്രിതത്വവും
സോഷ്യൽ മീഡിയയെപ്പോലെ, ഡേറ്റിംഗ് ആപ്പുകളും ഒരുതരം ആസക്തി സൃഷ്ടിച്ചേക്കാം. ഇത് ആപ്പുകളെ അമിതമായി ആശ്രയിക്കുന്നവരെ, യഥാർത്ഥ ജീവിതത്തിലെ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സാധ്യതയുണ്ട്.
വിദഗ്ദ്ധാഭിപ്രായം
ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. പ്രജ്ഞാ ശർമ്മ പറയുന്നത് ഇങ്ങനെയാണ്:
“ഡേറ്റിംഗ് ആപ്പുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, യുവതലമുറ ബന്ധങ്ങളെ എങ്ങനെ കാണുന്നു എന്നതിലെ മാറ്റമാണ് വെളിപ്പെടുത്തുന്നത് – സ്ഥിരത കുറവും അന്വേഷണങ്ങൾ കൂടുതലും. ഡിജിറ്റൽ ബന്ധങ്ങൾ യഥാർത്ഥ ജീവിതത്തിലെ വൈകാരികമായ അടുപ്പത്തിന് പകരമാകരുത്.”
ഡേറ്റിംഗ് ആപ്പ് ഉപയോക്താക്കൾക്കുള്ള മാനസികാരോഗ്യ ടിപ്പുകൾ
- സ്ക്രീൻ സമയം നിയന്ത്രിക്കുക.
- മറ്റുള്ളവരുടെ മാച്ചുകളുമായോ അനുഭവങ്ങളുമായോ നിങ്ങളുടെ അനുഭവങ്ങളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ മാനസികാരോഗ്യം എപ്പോഴും ശ്രദ്ധിക്കുക.
- തുടർച്ചയായി മാനസിക ബുദ്ധിമുട്ടുകളോ തിരസ്കരണമോ ആശയക്കുഴപ്പമോ നേരിടുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.
ഡാറ്റ വ്യക്തമാക്കുന്നത്
സ്റ്റാറ്റിസ്റ്റ (Statista) നടത്തിയ 2024-ലെ ഒരു സർവേ പ്രകാരം:
- 20-നും 30-നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ 31% ആപ്പ് ഉപയോക്താക്കളും ഡേറ്റിംഗ് ആപ്പുകൾ സജീവമായി ഉപയോഗിക്കുന്നു.
- ഏകദേശം 67% വനിതാ ഉപയോക്താക്കളും സ്വകാര്യത ഉറപ്പാക്കുന്ന ആപ്പുകളാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടു.
- 40% പേരും ഗൗരവമായ ബന്ധം തേടുന്നവരാണ്.
ഡേറ്റിംഗ് ആപ്പുകൾ നല്ലതോ ചീത്തയോ അല്ല. അവ വെറും ഉപകരണങ്ങൾ മാത്രമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനും വളരാനും സ്വയം മനസ്സിലാക്കാനും ഇവ സഹായിക്കും. എന്നാൽ, ദുരുപയോഗമാകുമ്പോൾ, അത് മാനസികമായ ക്ഷീണത്തിനും ആത്മാഭിമാനം കുറയുന്നതിനും കാരണമാകും.
പാരമ്പര്യവും ആധുനികതയും ഒരുമിച്ച് കൊണ്ടുപോകുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, ഡേറ്റിംഗ് ആപ്പുകൾ സ്വന്തം ഇഷ്ടങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും അർത്ഥവത്തായ ബന്ധങ്ങൾ വളർത്താനുള്ള ഉത്തരവാദിത്തത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് ഓൺലൈനിലായാലും ഓഫ് ലൈനിലായാലും ഒരുപോലെ പ്രധാനമാണ്.
അക്കാദമിക പഠനങ്ങൾ
- ഫ്രെയർ, രേമ & നോവായിസ് (2024) – ഡേറ്റിംഗ് ആപ്പുകളും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിൽ, ഡേറ്റിംഗ് ആപ്പുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അതുപയോഗിക്കാത്തവരെ അപേക്ഷിച്ച് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കൂടുതലാണെന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തുന്നു.
- ഷാ & കൃഷ്ണമൂർത്തി (2023) – ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നവരുടെയും അല്ലാത്തവരുടെയും മാനസിക സന്തോഷം എന്ന വിഷയത്തിൽ യുവ ഇന്ത്യൻ ഉപയോക്താക്കളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നവരുടെയും അല്ലാത്തവരുടെയും മാനസിക സന്തോഷത്തിൽ വലിയ വ്യത്യാസമില്ലെന്ന് കണ്ടെത്തി. എന്നാൽ, തുടർച്ചയായ ഉപയോഗം പലപ്പോഴും സമ്മിശ്ര വികാരങ്ങൾക്ക് കാരണമാകാറുണ്ടെന്നും പഠനം പറയുന്നു.
- ലിനും സംഘവും (2020, BMC സൈക്കോളജി) – സ്വൈപ്പ് അധിഷ്ഠിത ഡേറ്റിംഗ് ആപ്ലിക്കേഷനുകളും മാനസിക ബുദ്ധിമുട്ടുകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ, സ്ഥിരമായി ഈ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് കടുത്ത മാനസിക പ്രയാസങ്ങളും ഉത്കണ്ഠയും വിഷാദ രോഗത്തിൻ്റെ ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.




