നിയന്ത്രണാതീതമായ ലൈംഗിക സ്വഭാവം (OCSB): പുരുഷന്മാരെ കൂടുതൽ ബാധിക്കാനുള്ള കാരണങ്ങൾ

അമിതമായി അശ്ളീല ചിത്രങ്ങൾ കാണുന്ന സ്വഭാവം, ആത്മബന്ധമില്ലാതെ, ശാരീരിക സംതൃപ്തിക്ക് വേണ്ടി മാത്രമുള്ള ലൈംഗിക ബന്ധങ്ങൾ, അടിക്കടിയുള്ള ബന്ധപ്പെടൽ, സ്ഥിരമായുള്ള വിവാഹേതര ബന്ധങ്ങൾ തുടങ്ങിയ വിചിത്രമായ സ്വഭാവവിശേഷമാണ് സംയമനം പാലിക്കാൻ പറ്റാത്ത തരത്തിലുള്ള ലൈംഗിക സ്വഭാവം (Out-of-Control Sexual Behavior – OCSB). ഇത് കംപൾസീവ് സെക്ഷ്വൽ ബിഹേവിയർ അല്ലെങ്കിൽ ഹൈപ്പർസെക്ഷ്വാലിറ്റി എന്നും അറിയപ്പെടുന്നു. ഈ സ്വഭാവം, മാനസിക സംഘർഷത്തിനും സങ്കീർണ്ണമായ ജീവിതപ്രശ്നങ്ങൾക്കും കാരണമാകുന്നു.
ഒ സി എസ് ബി സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെങ്കിലും, പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ഈ അസ്വാഭാവികത ഉണ്ടാകുന്നതെന്ന് നോക്കാം.
1. ജൈവപരവും ഹോർമോൺ സംബന്ധവുമായ ഘടകങ്ങൾ
- ടെസ്റ്റോസ്റ്റിറോണിൻ്റെ സ്വാധീനം:
ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉയർന്ന അളവിൽ ഉണ്ടാകുന്ന പുരുഷൻമാർക്ക്, അമിതമായ ലൈഗികാസക്തി ഉണ്ടാകുമെന്നും വൈകാരിക നിയന്ത്രണങ്ങൾ കുറവായിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പുരുഷന്മാരെ കൂടുതൽ എടുത്തുചാട്ടക്കാരാക്കാനും ദുഃഖം, ദേഷ്യം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവില്ലാത്തവരാക്കാനും പ്രേരിപ്പിക്കുന്നു.
- അമിഗ്ഡാലയുടെ പ്രവർത്തനം:
ലൈംഗികമായ ഉത്തേജനം ഉണ്ടാകുമ്പോൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ തലച്ചോറിലെ അമിഗ്ഡാല എന്ന ഭാഗം കൂടുതൽ ശക്തമായി പ്രവർത്തിക്കുന്നു. വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത് അമിഗ്ഡാലയാണ്. ഇതിന് അമിത സമ്മർദ്ദം ഉണ്ടാകുമ്പോൾ, അത് അനിയന്ത്രിതമായ പെരുമാറ്റങ്ങൾക്ക് കാരണമായേക്കാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
2. വ്യക്തിബന്ധങ്ങളും വികാര നിയന്ത്രണ രീതികളും
- പുരുഷന്മാരിലെ അലെക്സിത്തൈമിയ (വികാരങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്):
നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ പലപ്പോഴും കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ, വൈകാരികമായ ദുർബലത മറച്ചുവെക്കാനാണ് പഠിപ്പിക്കുന്നത്. ഇതുമൂലം പുരുഷന്മാർക്ക് അവരുടെ വികാരങ്ങൾ തിരിച്ചറിയാനോ പ്രകടിപ്പിക്കാനോ ബുദ്ധിമുട്ടുണ്ടാകാം – ഇതിനെ “നോർമേറ്റീവ് അലെക്സിത്തൈമിയ” എന്ന് പറയുന്നു.ഈ പ്രയാസം മൂലം, വികാരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം അവർ ലൈംഗികതയിലൂടെ അത് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു.
- ഒഴിഞ്ഞുമാറുന്ന വ്യക്തിബന്ധ ശൈലികൾ:
വൈകാരികമായി അകലം പാലിക്കുന്ന പുരുഷന്മാരിൽ ഒ സി എസ് ബി കൂടുതലായി കാണപ്പെടുന്നുണ്ട് എന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. അനുയോജ്യമായ തരത്തിലുള്ള വൈകാരിക അടുപ്പം സൃഷ്ടിക്കാൻ അവർക്ക് കഴിയാത്തതുകൊണ്ട്, അതിനു പകരം വെയ്ക്കുന്ന ഘടകമായി ലൈംഗികത മാറുന്നു.
3. പരിണാമപരവും സാമൂഹികവുമായ സ്വാധീനങ്ങൾ
- പരിണാമപരമായ വൈരുദ്ധ്യം :
പരിണാമപരമായി നോക്കുമ്പോൾ, പുരുഷന്റെ ലൈംഗിക താൽപ്പര്യങ്ങൾ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗം പരിധിയില്ലാത്ത ലൈംഗിക ഉത്തേജനം നൽകുന്നു. ഈ പൊരുത്തക്കേട് ചില പുരുഷന്മാരെ ഇത്തരം കാര്യങ്ങളുടെ അനിയന്ത്രിതമായ ഉപയോഗത്തിലേക്ക് നയിക്കുന്നു.
- പുരുഷ വികാരങ്ങളോടുള്ള സാമൂഹിക കാഴ്ചപ്പാട്:
പുരുഷന്മാർ വികാരങ്ങൾ അടക്കിപ്പിടിച്ച് ധൈര്യശാലികളായിരിക്കണം എന്ന് സമൂഹം പ്രതീക്ഷിക്കുന്നു. ഇത് വികാരങ്ങളെ നിയന്ത്രിക്കുന്നതിന് പകരം, പെരുമാറ്റങ്ങളിലൂടെ അവയെ പുറത്തുകാണിക്കാൻ അവരെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു.
4. മറ്റ് അസുഖങ്ങളുമായുള്ള ബന്ധം
- ഒ സി ഡി, വിഷാദരോഗങ്ങൾ, അല്ലെങ്കിൽ എടുത്തുചാട്ടം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ മറ്റ് അവസ്ഥകളോടൊപ്പം ഒ സി എസ് ബി യും വരുന്നതായി കാണാറുണ്ട്.
- സമാനമായ പെരുമാറ്റങ്ങളുള്ള സ്ത്രീകളെ അപേക്ഷിച്ച്, OCSB ഉള്ള പുരുഷന്മാരിൽ ഉത്കണ്ഠ, ദേഷ്യം, അല്ലെങ്കിൽ മറ്റ് വൈകാരിക പ്രശ്നങ്ങൾ എന്നിവ കൂടുതലായി അനുഭവപ്പെടാം.
സുഖപ്രാപ്തിയിലേക്കുള്ള വഴി: ശാസ്ത്രീയ സമീപനങ്ങൾ
ഒ സി എസ് ബിയ്ക്ക് കാരണമാകുന്ന പുരുഷ കേന്ദ്രീകൃതമായ ഘടകങ്ങൾ മനസ്സിലാക്കുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് അത്യാവശ്യമാണ്. വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ചില ചികിത്സാരീതികൾ ഇനിപ്പറയുന്നു:
- CBT-യും വൈകാരിക നിയന്ത്രണ പരിശീലനവും: വൈകാരികമായ കാരണങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ രീതിയിൽ അവയെ നേരിടാനുള്ള കഴിവുകൾ വികസിപ്പിക്കാനും ഇത് പുരുഷന്മാരെ സഹായിക്കുന്നു.
- വ്യക്തിബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള തെറാപ്പി : ബന്ധങ്ങളിലെ പഴയ മുറിവുകൾ ഉണക്കാനും വൈകാരികമായ അടുപ്പം ഉണ്ടാക്കിയെടുക്കാനുള്ള കഴിവുകൾ വളർത്താനും ഇത് സഹായിക്കുന്നു.
- ഒ സി എസ് ബിയെക്കുറിച്ചുള്ള ശാസ്ത്രീയമായ ബോധവൽക്കരണം : സമ്മതം , സ്വയം നിയന്ത്രണം എന്നിവയെക്കുറിച്ച് അവബോധം വളർത്താനും, കുറ്റബോധത്തിൽ നിന്ന് മാറി ആത്മസ്‌നേഹത്തോടെ സ്വയം സമീപിക്കാനും ഇത് പഠിപ്പിക്കുന്നു.
പുരുഷന്മാരെ കൂടുതലായി ബാധിക്കാൻ കാരണം?
| ഘടകം | പുരുഷന്മാരിലെ സ്വാധീനം |
| ജൈവപരം | ടെസ്റ്റോസ്റ്റിറോണും അമിഗ്ഡാലയുടെ അമിതപ്രവർത്തനവും എടുത്തുചാട്ടം വർദ്ധിപ്പിക്കുന്നു. |
| വൈകാരിക നിയന്ത്രണം | വികാരങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും വ്യക്തിബന്ധങ്ങളിലെ അകൽച്ചയും ലൈംഗികതയെ വികാരങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. |
| പരിണാമപരം/സാഹചര്യം | ഡിജിറ്റൽ ലോകത്തെ അമിതമായ ലൈംഗിക ഉത്തേജനം സഹജ വാസനകളുമായി പൊരുത്തക്കേടുണ്ടാക്കുന്നു. |
| മറ്റ് അസുഖങ്ങൾ | ഒ സി ഡി, ഉത്കണ്ഠ, എടുത്തുചാട്ടം എന്നിവയോടൊപ്പം ഒ സി എസ് ബി കാണപ്പെടുന്നത് നിയന്ത്രണം കൂടുതൽ വഷളാക്കുന്നു. |
ജൈവപരവും മാനസികവും സാമൂഹികവുമായ ഘടകങ്ങളുടെ ഒരു സംയോജനമാണ് പുരുഷന്മാരെ ഒ സി എസ് ബി എന്ന അവസ്ഥയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. ഈ ഘടകങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം, സ്വഭാവ വൈചിത്ര്യം സംബന്ധിച്ച കുറ്റപ്പെടുത്തലിൽ നിന്നല്ല, ശരിയായ മനസ്സിലാക്കലിൽ നിന്നാണ് രോഗമുക്തിയുടെ പാത ആരംഭിക്കുന്നത്.




