പല്ലുകൾ വെളുപ്പിക്കുംമുമ്പ് അറിഞ്ഞിരിക്കാം:ചികിത്സകളെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ

പല്ലുകൾ വെളുപ്പിക്കുംമുമ്പ് അറിഞ്ഞിരിക്കാം:ചികിത്സകളെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ

ടൂത്ത് പേസ്റ്റുകളുടെ പരസ്യത്തിൽ കാണുന്നതുപോലെയുള്ള വെളുത്തു തിളങ്ങുന്ന പല്ലുകൾ എല്ലാവരും മോഹിക്കുന്ന കാര്യമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിരയും നിറവുമൊത്ത  മുത്തുപോലുള്ള പല്ലുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. വെളുത്ത ദന്തനിര, ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അനിവാര്യമായ ഘടകമാണ്.  

പല്ലുകൾ വെളുപ്പിക്കുന്നതിന് മുൻപും വെളുപ്പിച്ച ശേഷവുമുള്ള വ്യത്യാസം കാണുമ്പോൾ, വെളുപ്പിൻ്റെ ഭംഗിക്കപ്പുറം, ഈ രീതി സുരക്ഷിതമാണോ? അത് ഇനാമലിനെ (Enamel) ദോഷകരമായി ബാധിക്കുമോ എന്നെല്ലാം നമ്മൾ അറിയേണ്ടതുണ്ട്.

nellikka.lifeലൂടെ,  തിളക്കത്തിന് പിന്നിലെ ശാസ്ത്രീയ വശം നമുക്കൊന്ന് പരിശോധിക്കാം. പല്ല് വെളുപ്പിക്കൽ ചികിത്സകൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്, അത് എങ്ങനെയെല്ലാം പല്ലുകളെ ബാധിക്കും, ദീർഘകാല ദന്താരോഗ്യത്തിന് ശരിക്കും സുരക്ഷിതമായത് എന്താണ് എന്നെല്ലാം വിശദമായി നമുക്ക് നോക്കാം.

പല്ലുകൾക്ക് തിളക്കം നഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

വെളുപ്പിക്കൽ ചികിത്സകൾ മനസ്സിലാക്കാൻ, പല്ലുകളിൽ പാടുകൾ വരുന്നത് (staining) സംബന്ധിച്ച് അറിഞ്ഞിരിക്കണം.

പല്ലുകൾക്ക് സ്വാഭാവികമായി തൂവെള്ള നിറമല്ല. ഇനാമലിന് താഴെയുള്ള പാളിയായ ഡെന്റിൻ (Dentin) കാരണമാണ് അവയ്ക്ക് മങ്ങിയ വെള്ള നിറം വരുന്നത്. കാലക്രമേണ, പല കാരണങ്ങളാൽ പല്ലുകളിൽ പാടുകൾ അടിഞ്ഞുകൂടുന്നു.

 പ്രധാനമായും:

  • ബാഹ്യ കാരണങ്ങൾ (പുറത്തെ പാടുകൾ): ചായ, കാപ്പി, റെഡ് വൈൻ, പുകയില, മഞ്ഞൾ അല്ലെങ്കിൽ ബെറികൾ പോലുള്ള നിറമുള്ള ഭക്ഷണങ്ങൾ.
  • ആന്തരിക കാരണങ്ങൾ (ആഴത്തിലുള്ള പാടുകൾ): പ്രായമാകൽ, ജനിതക ഘടകങ്ങൾ, ചില ആൻ്റിബയോട്ടിക്കുകൾ (ടെട്രാസൈക്ലിൻ പോലുള്ളവ), ഫ്ലൂറൈഡ് അമിതമാകുക , അല്ലെങ്കിൽ പല്ലിന് ഉണ്ടാകുന്ന ആഘാതം.

പല്ല് തേക്കുന്നത് ഉപരിതലത്തിലുള്ള നിറവ്യത്യാസം നീക്കം ചെയ്യുമെങ്കിലും ആഴത്തിലുള്ള പാടുകൾക്ക് രാസവസ്തുക്കളുടെ ഉപയോഗം വേണ്ടിവരും.  അവിടെയാണ് വെളുപ്പിക്കൽ ചികിത്സകൾ പ്രസക്തമാകുന്നത്.

പല്ല് വെളുപ്പിക്കുന്നത് എങ്ങനെ? അതിന് പിന്നിലെ ശാസ്ത്രമെന്താണ്?

പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കുന്ന ഏജന്റുകളിൽ പെറോക്സൈഡ് സംയുക്തങ്ങൾ (peroxide compounds) അടങ്ങിയിരിക്കുന്നു — ഇവ ഹൈഡ്രജൻ പെറോക്സൈഡോ (Hydrogen Peroxide) അല്ലെങ്കിൽ കാർബമൈഡ് പെറോക്സൈഡോ (Carbamide Peroxide) ആകാം.

ഇവ ഓക്സിജൻ തന്മാത്രകളെ പുറത്തുവിടുന്നു. ഈ തന്മാത്രകൾ ഇനാമലിലൂടെ ഉള്ളിലേക്ക് കടന്ന് ക്രോമോജനുകൾ (chromogens) എന്നറിയപ്പെടുന്ന വർണ്ണ പിഗ്മെന്റ് തന്മാത്രകളെ വിഘടിപ്പിക്കുന്നു.

ഈ രാസപ്രവർത്തനം പല്ലുകളുടെ നിറം വ്യത്യാസപ്പെടുത്തുമെങ്കിലും ഇത് ഇനാമലിന്റെ ഘടനയെ മാറ്റുന്നില്ല. (ശരിയായ രീതിയിൽ, സുരക്ഷിതമായ തോതിൽ ആണെങ്കിൽ).

പ്രൊഫഷണൽ വൈറ്റനിംഗ് (ദന്തരോഗവിദഗ്ദ്ധർ ചെയ്യുന്നത്):

25–40% ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നു. ഇത് പലപ്പോഴും LED അല്ലെങ്കിൽ ലേസർ ലൈറ്റ് ഉപയോഗിച്ച് സജീവമാക്കുന്നു.

വീട്ടിൽ ഉപയോഗിക്കുന്ന കിറ്റുകൾ അല്ലെങ്കിൽ സ്ട്രിപ്പുകൾ:

5–10% പെറോക്സൈഡ് മാത്രമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇത് സാവധാനമാണ് പ്രവർത്തിക്കുക. നേരിയ തോതിലുള്ള നിറവ്യത്യാസങ്ങൾക്ക് ഇത് കൂടുതൽ സുരക്ഷിതമാണ്.

വെളുപ്പിക്കൽ ചികിത്സകൾ അപകടരഹിതമല്ല

പെറോക്സൈഡ് (peroxide) അടിസ്ഥാനമാക്കിയുള്ള വെളുപ്പിക്കൽ ചികിത്സകൾ പൊതുവെ സുരക്ഷിതമാണെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ (ADA) അംഗീകരിക്കുന്നുണ്ടെങ്കിലും, അമിതമായോ തെറ്റായോ ഉള്ള ഉപയോഗം താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു:

1.പല്ല് പുളിപ്പ്: പെറോക്സൈഡ് കാരണം ഇനാമലിലെ സൂക്ഷ്മ സുഷിരങ്ങൾ (microscopic pores) താത്കാലികമായി തുറക്കുകയും, ഡെന്റിൻ പുറത്തുവരികയും ചെയ്യും. ഇത് ചൂടുള്ളതോ, തണുത്തതോ, മധുരമുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോൾ ശക്തമായ വേദനയ്ക്ക് കാരണമാവാം.

2.ഇനാമൽ ദ്രവിക്കൽ : ഗാഢത കൂടിയതോ അല്ലെങ്കിൽ നിരന്തരമായ വെളുപ്പിക്കൽ പ്രക്രിയയോ മൂലം ഇനാമലിന്റെ ഉപരിതലം നശിക്കാൻ സാധ്യതയുണ്ട്. ചികിത്സയ്ക്ക് ശേഷം ഉടൻ പല്ല് തേച്ചാലും ഇത് സംഭവിക്കാം.

3.മോണയിലെ അസ്വസ്ഥത: വെളുപ്പിക്കാൻ ഉപയോഗിക്കുന്ന ജെൽ മോണയിലോ മറ്റ് മൃദുവായ കലകളിലോ തട്ടിയാൽ വീക്കം അല്ലെങ്കിൽ രാസവസ്തുവിൽ നിന്നുള്ള പൊള്ളൽ അനുഭവപ്പെടാം.

4.ഫലങ്ങളിലെ വ്യതിയാനം: ക്രൗണുകൾ, ഫില്ലിംഗുകൾ, വെനീറുകൾ എന്നിവയിൽ വെളുപ്പിക്കൽ ഫലം കാണില്ല. ഇത് സ്വാഭാവിക പല്ലുകളും കൃത്രിമ ഭാഗങ്ങളും തമ്മിൽ നിറവ്യത്യാസത്തിന് കാരണമാകും.

ദന്തരോഗവിദഗ്ദ്ധർ ചെയ്യുന്ന ചികിത്സകളെ അപേക്ഷിച്ച്, മേൽനോട്ടമില്ലാതെ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഇനാമലിന് കേടുപാടുകൾ വരുത്താൻ കൂടുതൽ സാധ്യതയുണ്ട് എന്നാണ് ജേണൽ ഓഫ് എവിഡൻസ്-ബേസ്ഡ് ഡെന്റൽ പ്രാക്ടീസ് 2020ൽ നടത്തിയ  പഠനം സ്ഥിരീകരിക്കുന്നത്. 

വൈറ്റനിംഗും ബ്ലീച്ചിംഗും: വ്യത്യാസം മനസ്സിലാക്കാം

  • വൈറ്റനിംഗ്: പാടുകൾ നീക്കം ചെയ്ത് പല്ലുകളുടെ സ്വാഭാവിക നിറം വീണ്ടെടുക്കുന്ന രീതിയാണിത് (ഉദാഹരണത്തിന്, പോളിഷ് ചെയ്യുകയോ നേരിയ അബ്രേസീവുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത്).
  • ബ്ലീച്ചിംഗ്: ഇത്, രാസവസ്തുക്കൾ ഉപയോഗിച്ച് പല്ലുകളെ സ്വാഭാവിക നിറത്തേക്കാൾ കൂടുതൽ വെളുപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

വിപണികളിൽ ലഭിക്കുന്ന പല “വൈറ്റെനിംഗ്” ടൂത്ത് പേസ്റ്റുകളും പെറോക്സൈഡിന് പകരം അബ്രേസീവ് കണങ്ങളാണ് (സിലിക്ക അല്ലെങ്കിൽ ബേക്കിംഗ് സോഡ പോലുള്ളവ) ചേർക്കുന്നത് . ഇവയുടെ അമിതോപയോഗം ഇനാമലിൽ സൂക്ഷ്മമായ പോറലുകൾക്ക് കാരണമാവുകയും കാലക്രമേണ പല്ലുകളുടെ തിളക്കം കുറയ്ക്കുകയും ചെയ്യും.

സ്വാഭാവിക വെളുപ്പിക്കൽ വഴികൾ: സുരക്ഷിതമോ ദോഷകരമോ?

സോഷ്യൽ മീഡിയ ട്രെൻഡുകൾ പലപ്പോഴും “സ്വാഭാവിക” വഴികൾ പ്രോത്സാഹിപ്പിക്കാറുണ്ട് — എന്നാൽ അവയെല്ലാം സുരക്ഷിതമല്ല.

സാധാരണയായി പ്രചാരത്തിലുള്ള ചില വഴികൾ എന്താണെന്ന് നോക്കാം:

  • ബേക്കിംഗ് സോഡ: നേരിയ തോതിൽ അബ്രേസീവ് ആണ്. ഉപരിതലത്തിലെ പാടുകൾ നീക്കാൻ സഹായിക്കുമെങ്കിലും ആഴത്തിലുള്ള നിറവ്യത്യാസം മാറ്റില്ല. അമിത ഉപയോഗം ഇനാമലിൻ്റെ കനം കുറച്ചേക്കാം. 
  • ആക്ടിവേറ്റഡ് ചാർക്കോൾ: ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ഇത് അമിതമായി പരുപരുത്തതും ഇനാമൽ ദ്രവിക്കാൻ കാരണമാകുന്നതുമാണെന്ന് പഠനങ്ങൾ പറയുന്നു.
  • ഓയിൽ പുള്ളിംഗ് (വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ): വായയുടെ ശുചിത്വത്തിനും ചെറിയ തോതിലുള്ള പ്ലാക്ക് നീക്കം ചെയ്യാനും ഫലപ്രദമാണ്, എന്നാൽ പല്ലുകൾ വെളുപ്പിക്കാൻ കാര്യമായി സഹായകമാകില്ല.
  • ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള കഴുകൽ: സ്വന്തമായി തയ്യാറാക്കുന്ന പെറോക്സൈഡ് ഉപയോഗിച്ച് കഴുകുമ്പോൾ ഗാഢത കൂടിയാൽ മോണയ്ക്ക് കേടുപാടുകൾ പറ്റാനും വായയിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ (oral microbiome) നഷ്ടമാകാനും സാധ്യതയുണ്ട്.

വെളുപ്പിക്കലിന്റെ കാര്യത്തിൽ, “നാച്ചുറൽ” എന്നാൽ എല്ലായ്പ്പോഴും “സൗമ്യമായത്” എന്നല്ല അർത്ഥമാക്കുന്നത്. ഓൺലൈൻ ട്രെൻഡുകളല്ല, ക്ലിനിക്കൽ തെളിവുകൾ ഉപയോഗിച്ച് എപ്പോഴും കാര്യങ്ങൾ ഉറപ്പുവരുത്തുക.

സുരക്ഷിത മാർഗ്ഗം: പ്രൊഫഷണൽ വെളുപ്പിക്കൽ

നിങ്ങളുടെ പല്ലിന്റെ തരം, പാടുകളുടെ ആഴം, ഇനാമലിന്റെ സംവേദനക്ഷമത എന്നിവ അനുസരിച്ച് ദന്തരോഗവിദഗ്ദ്ധർക്ക് ചിട്ടയായ ചികിത്സകൾ നൽകാൻ കഴിയും.

ഇത്തരം പ്രൊഫഷണൽ വെളുപ്പിക്കൽ ചികിത്സകളിൽ സാധാരണയായി ഉൾപ്പെടുന്ന കാര്യങ്ങൾ:

1.ടാർട്ടാർ നീക്കം ചെയ്യാനുള്ള ക്ലീനിംഗ്: ആദ്യം പല്ലുകൾ വൃത്തിയാക്കുന്നു.

2.മോണയുടെ സംരക്ഷണം: ജെൽ മോണയിൽ തട്ടാതിരിക്കാൻ പ്രത്യേക കവചങ്ങൾ ഉപയോഗിക്കുന്നു.

3.നിയന്ത്രിത അളവിൽ പെറോക്സൈഡ് ജെൽ: ഡോക്ടറുടെ മേൽനോട്ടത്തിൽ ജെൽ പല്ലുകളിൽ പുരട്ടുന്നു.

4.LED/ലേസർ: ആവശ്യമെങ്കിൽ ലൈറ്റ് ഉപയോഗിച്ച് ചികിത്സ ചെയ്യുന്നു.

5.ചികിത്സയ്ക്ക് ശേഷം: ഫ്ലൂറൈഡ് അല്ലെങ്കിൽ ധാതുക്കളെ പുനഃസ്ഥാപിക്കുന്ന തരം ജെൽ ഉപയോഗിക്കുന്നു.

ദന്തരോഗവിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ചെയ്യുമ്പോൾ, ഈ രീതി ഫലപ്രദവും ഇനാമലിന് സുരക്ഷിതവുമാണ്.

ചികിത്സയ്ക്ക് ശേഷം തിളക്കം നിലനിർത്താൻ,  ചികിത്സാ ഘട്ടങ്ങൾ പൂർണ്ണമായും ആവർത്തിക്കുന്നതിന് പകരം, ഗാഢത കുറഞ്ഞ പെറോക്സൈഡ് അടങ്ങിയ ട്രേകൾ ഏതാനും മാസത്തിലൊരിക്കൽ ഉപയോഗിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്തേക്കാം.

വെളുപ്പിച്ച ശേഷം ഇനാമലിനെ എങ്ങനെ ശക്തിപ്പെടുത്താം?

സുരക്ഷിതമായ വെളുപ്പിക്കൽ ചികിത്സകൾക്ക് ശേഷവും പല്ലുകളിൽ താത്കാലികമായി ധാതുനഷ്ടം സംഭവിക്കാം. ഇനാമൽ പുനർനിർമ്മിക്കുന്നത് നിർണായകമാണ്:

  • ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ദിവസവും രണ്ടുതവണ ഉപയോഗിക്കുക.
  • ധാതുക്കളെ പുനഃസ്ഥാപിക്കാൻ കാൽസ്യം ഫോസ്ഫേറ്റ് മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുക.
  • ചികിത്സയ്ക്ക് ശേഷം 24–48 മണിക്കൂർ നേരത്തേക്ക് പുളിയുള്ള ഭക്ഷണങ്ങൾ (കോള, നാരങ്ങ, വിനാഗിരി) ഒഴിവാക്കുക.
  • ഉമിനീർ നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക — പ്രകൃതിയുടെ ഏറ്റവും മികച്ച ഇനാമൽ ചികിൽസാ മാർഗ്ഗമാണിത്.

ജേണൽ ഓഫ് ഡെന്റിസ്ട്രി (2018) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ധാതുക്കളെ പുനഃസ്ഥാപിക്കുന്ന ടൂത്ത് പേസ്റ്റുകൾ വെളുപ്പിക്കലിന് ശേഷമുള്ള പല്ല് പുളിപ്പ് ഗണ്യമായി കുറയ്ക്കുകയും ഇനാമലിന്റെ കാഠിന്യം പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സ്വാഭാവികമായി വെളുത്ത പല്ലുകൾക്കുള്ള ഭക്ഷണക്രമവും ജീവിതശൈലിയും

  • പാടുകൾക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ (കാപ്പി, ചായ, റെഡ് വൈൻ, പുകയില) പരിമിതപ്പെടുത്തുക.
  • ആപ്പിൾ, കാരറ്റ്, സെലറി തുടങ്ങിയ ക്രഞ്ചി പഴങ്ങളും പച്ചക്കറികളും കഴിക്കുക — ഇവ സ്വാഭാവിക ടൂത്ത് ബ്രഷുകൾ പോലെ പ്രവർത്തിക്കുന്നു.
  • ഗ്രീൻ ടീ കുടിക്കുക — ഇതിൽ അടങ്ങിയ പോളിഫെനോളുകൾ പ്ലാക്ക് ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.
  • നിറമുള്ള ഭക്ഷണങ്ങൾ കഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക.

ഓർക്കുക: പല്ലുകൾക്ക് സ്വാഭാവികമായി നേരിയ മഞ്ഞ കലർന്ന വെള്ള നിറം ഉണ്ടായിരിക്കും — അത് അഭംഗിയല്ല, ബലമുള്ള പല്ലുകളുടെ ലക്ഷണമാണ്.

ആയുർവേദ കാഴ്ചപ്പാട്: ദുർബലമാക്കാതെ വെളുപ്പിക്കൽ

ആയുർവേദം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൃത്രിമമായ വെളുപ്പിലല്ല, മറിച്ച് “ശുദ്ധമുഖം” — അതായത് വായുടെ ശുദ്ധിയിലാണ്.

ഓയിൽ പുള്ളിംഗ്, വേപ്പ് ഉപയോഗിച്ചുള്ള ദന്തശുദ്ധി, ത്രിഫല കവിൾക്കൊള്ളൽ തുടങ്ങിയ പരമ്പരാഗത രീതികൾ വായയുടെ ശുചിത്വം നിലനിർത്തുകയും പി  എച്ച് സന്തുലിതമാക്കുകയും പാടുകൾ വരുന്നത് സ്വാഭാവികമായി തടയുകയും ചെയ്യുന്നു.

ആധുനിക ഗവേഷണങ്ങളും ഈ രീതികളെ പിന്തുണയ്ക്കുന്നു: ഓയിൽ പുള്ളിംഗ് സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് (Streptococcus mutans) പോലുള്ള പ്ലാക്ക് ഉണ്ടാക്കുന്ന ബാക്ടീരിയകളെ കുറയ്ക്കുന്നു. ഇത് ബ്ലീച്ചിംഗ് ആവശ്യമില്ലാതെ തന്നെ വൃത്തിയുള്ള, തിളക്കമുള്ള പല്ലുകൾക്ക് വഴിയൊരുക്കുന്നു.

ഓർമ്മ വെയ്ക്കാൻ

പല്ലുകൾ ദുർബലമാക്കിക്കൊണ്ട് തിളക്കമുള്ള ചിരി നേടരുത്.

യഥാർത്ഥ സൗന്ദര്യം നിറത്തിലല്ല, ആരോഗ്യത്തിലാണുള്ളത്.

ശാസ്ത്രീയമായ അറിവോടെ, വിദഗ്ധ സഹായത്തോടെ ചെയ്യുകയാണെങ്കിൽ വെളുപ്പിക്കൽ സുരക്ഷിതമാണ്.

കുറുക്കുവഴികൾ ഒഴിവാക്കുക: ബലമുള്ള ഇനാമലും സന്തുലിതമായ സൂക്ഷ്മാണുക്കളും ശ്രദ്ധയോടെയുള്ള വദന ശുചിത്വവും പ്രധാനമാണ്.

പരിപൂർണ്ണതയിൽ നിന്നല്ല, മറിച്ച് കരുതലോടെയുള്ള ശീലങ്ങളിൽ നിന്നാണ് യഥാർത്ഥ ആത്മവിശ്വാസത്തിന് തുടക്കമാകുന്നത് എന്ന് nellikka.life വിശ്വസിക്കുന്നു. ആരോഗ്യം സംരക്ഷിച്ചുകൊണ്ടാണ് സൗന്ദര്യം നിലനിർത്തേണ്ടത് എന്നും.

Science-Backed References

  1. Joiner, A. (2016). Review of the effects of peroxide on enamel and dentin properties. Journal of Dentistry.
  2. Carey, C.M. (2014). Tooth whitening: What we know now. Journal of Evidence-Based Dental Practice.
  3. Kwon, S.R. & Wertz, P.W. (2015). Review of the mechanism of tooth whitening. Journal of Esthetic and Restorative Dentistry.
  4. Remineralizing agents reduce post-whitening enamel sensitivity: a randomized clinical trial. Journal of Dentistry.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe