നെഞ്ചിടിപ്പ് ഉയരുന്നുണ്ടോ?ഹൃദയതാളത്തിലെ വ്യതിയാനങ്ങൾ അറിഞ്ഞിരിക്കാം

നെഞ്ചിടിപ്പ് ഉയരുന്നുണ്ടോ?ഹൃദയതാളത്തിലെ വ്യതിയാനങ്ങൾ അറിഞ്ഞിരിക്കാം

ഓരോ മിടിപ്പും ഉച്ചത്തിലാകുമ്പോൾ

നിങ്ങളുടെ ഹൃദയം പെട്ടെന്ന് അതിവേഗം മിടിക്കുകയോ, പിടയ്ക്കുകയോ, അല്ലെങ്കിൽ നെഞ്ചിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതുപോലെ ബുദ്ധിമുട്ടുക്കുകയോ ചെയ്യുന്നപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അസ്വസ്ഥമായ ഈ അനുഭവത്തെയാണ് പാൽപിറ്റേഷൻ (Palpitation) എന്ന് പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, ഇടയ്ക്കിടെ ഇത്തരത്തിൽ അനുഭവപ്പെടുകയോ ദീർഘനേരം നീണ്ടുനിൽക്കുകയോ ചെയ്യുന്ന പാൽപിറ്റേഷനുകൾ  ഹൃദയത്തിനോ ശരീരത്തിനോ എന്തെങ്കിലും ഗുരുതരമായ പ്രശ്‌നമുണ്ടെന്നതിൻ്റെ സൂചനയാകാം.

ഉയർന്ന നെഞ്ചിടിപ്പ് എപ്പോഴും അപകടകരമാകണമെന്നില്ല, പക്ഷേ അതവഗണിക്കുന്നത് ഹൃദയസംബന്ധമായതോ മറ്റ് ശാരീരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതോ ആയ ഗുരുതരാവസ്ഥയെ കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമാണ്. എന്താണ് ഇതിന് കാരണമാകുന്നതെന്നും എപ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്നും ഹൃദയതാളം എങ്ങനെ  നിലനിർത്താമെന്നും നമുക്ക് മനസ്സിലാക്കാം.

നെഞ്ചിടിപ്പ് ഉയരുക എന്നാൽ 

ഒരു വ്യക്തിക്ക്, സ്വന്തം ഹൃദയമിടിപ്പ് സ്വയം അറിയുന്ന ഒരുതരം അനുഭവമാണിത്. ഇത് വേഗത്തിലോ, ക്രമം തെറ്റിയോ, പിടയ്ക്കുന്നതുപോലെയോ, ശക്തിയായി ഇടിക്കുന്നതുപോലെയോ  അനുഭവപ്പെട്ടേക്കാം.

ഈ അനുഭവം എവിടെയെല്ലാം :

  • നെഞ്ചിലോ, തൊണ്ടയിലോ, കഴുത്തിലോ
  • സമ്മർദ്ദമുള്ളപ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ, വിശ്രമിക്കുമ്പോഴോ, അല്ലെങ്കിൽ രാത്രിയിലോ
  • നിമിഷങ്ങൾ മുതൽ മിനിറ്റുകൾ വരെ നീണ്ടുനിൽക്കുന്നത്

വല്ലപ്പോഴുമുള്ള പാൽപിറ്റേഷനുകൾ സാധാരണവും നിരുപദ്രവകരവുമാണെങ്കിലും, ആവർത്തിച്ചുള്ളതോ സ്ഥായിയായതോ ആയ അവസ്ഥകൾ ഹൃദയത്തിൻ്റെ വൈദ്യുതി സംവിധാനം, ഹോർമോണുകൾ, അല്ലെങ്കിൽ രക്തയോട്ടം എന്നിവയിലെ അടിസ്ഥാന പ്രശ്‌നത്തിലേക്കുള്ള ചൂണ്ടുപലകയാകാം.

ഹൃദയമിടിപ്പിന് പിന്നിലെ ശാസ്ത്രം

നമ്മുടെ ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്നത് സൈനോഏട്രിയൽ (SA) നോഡ് എന്ന സ്വാഭാവിക പേസ്‌മേക്കറാണ്. ഈ പേസ്‌മേക്കർ ഹൃദയപേശികളിലൂടെ വൈദ്യുത സിഗ്നലുകൾ അയയ്ക്കുന്നു.

ഈ സിഗ്നലുകൾ നേരത്തെയോ, വൈകിയോ, അല്ലെങ്കിൽ ക്രമം തെറ്റിയോ പുറപ്പെടുവിക്കുമ്പോൾ ഹൃദയമിടിപ്പിൻ്റെ താളം മാറുന്നു—ഇതിൻ്റെ ഫലമായുണ്ടാകുന്ന പിടയ്ക്കുന്നതോ ഇടിക്കുന്നതോ ആയ അനുഭവമാണ് പാൽപിറ്റേഷൻ .

സാധാരണ കാരണങ്ങൾ

പല കാരണങ്ങൾകൊണ്ടും ഹൃദയം താളം തെറ്റി മിടിച്ചേക്കാം. ഇതിനെ പ്രധാനമായി മൂന്ന് വിഭാഗങ്ങളായി തിരിക്കാം:

  • ജീവിതശൈലിയും വൈകാരികമായ കാരണങ്ങളും

സമ്മർദ്ദവും ഉത്കണ്ഠയും: അഡ്രിനാലിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

  • കഫീൻ, നിക്കോട്ടിൻ, മദ്യം, എനർജി ഡ്രിങ്കുകൾ എന്നിവയുടെ അമിത ഉപയോഗം.
  • ഉറക്കക്കുറവ്.
  • അമിതമായ വ്യായാമം അല്ലെങ്കിൽ ശരീരത്തിലെ ജലാംശം കുറയുന്നത് .

2. ആരോഗ്യപരമായ കാരണങ്ങൾ

  • തൈറോയ്ഡ് രോഗങ്ങൾ (പ്രത്യേകിച്ച് ഹൈപ്പർതൈറോയ്ഡിസം).
  • വിളർച്ച: ചുവന്ന രക്താണുക്കളുടെ കുറവ് ഹൃദയത്തിന് കൂടുതൽ ആയാസം നൽകുന്നു.
  • പനി, അണുബാധകൾ, അല്ലെങ്കിൽ നിർജ്ജലീകരണം.
  • ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ (പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ കുറയുന്നത്).
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ.
  • ഹൃദയ രോഗങ്ങൾ: അരിത്മിയ, കാർഡിയോമയോപ്പതി, വാൽവ് തകരാറുകൾ എന്നിവ.

3. മരുന്നുകളും ലഹരിവസ്തുക്കളും

  • ഡീകൺജസ്റ്റന്റുകൾ, ആസ്ത്മ ഇൻഹേലറുകൾ, തൈറോയ്ഡ് മരുന്നുകൾ, ഡയറ്റ് ഗുളികകൾ, ചില വിഷാദ രോഗ മരുന്നുകൾ.
  • കൊക്കെയ്ൻ അല്ലെങ്കിൽ ആംഫെറ്റാമൈൻ പോലുള്ള ലഹരിവസ്തുക്കൾ.

ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നതെപ്പോൾ?

നെഞ്ചിടിപ്പുയരുന്നത് പലപ്പോഴും അപകടകാരിയല്ലെങ്കിലും, ചില സന്ദർഭങ്ങളിൽ ഇത് ഹൃദയമിടിപ്പിലുണ്ടാകുന്ന ഗുരുതരമായ തകരാറുകളെ (അരിത്മിയ) സൂചിപ്പിച്ചേക്കാം, ഉദാഹരണത്തിന്:

  • ഏട്രിയൽ ഫൈബ്രിലേഷൻ (AFib): ക്രമം തെറ്റിയ, അസാധാരണമായ ഹൃദയമിടിപ്പ്, ഇത് പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
  • സുപ്രാവെൻട്രിക്കുലാർ ടാക്കികാർഡിയ (SVT): പെട്ടെന്നുള്ളതും അതിവേഗത്തിലുള്ളതുമായ നെഞ്ചിടിപ്പ്.
  • വെൻട്രിക്കുലാർ ടാക്കികാർഡിയ (VT): ഹൃദയത്തിന്റെ താഴത്തെ അറകളിൽ നിന്നുള്ള അതിവേഗ മിടിപ്പ്, ഇത് ജീവന് തന്നെ ഭീഷണിയാകാം.

ഹൃദയ താളത്തിലെ വ്യത്യാസത്തിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക:

  • നെഞ്ചുവേദന
  • ശ്വാസംമുട്ടൽ
  • തലകറക്കം
  • ബോധക്ഷയം 
  • അമിതമായ വിയർപ്പ്

ഇവ ഹൃദയാഘാതത്തിൻ്റെയോ അരിത്മിയയുടെയോ അടിയന്തിര സാഹചര്യങ്ങളെ സൂചിപ്പിച്ചേക്കാം.

അനുബന്ധമായ അപകടസാധ്യതകൾ

നെഞ്ചിടിപ്പിലെ ആവർത്തിച്ചുള്ള താളപ്പിഴകൾ  അവഗണിക്കുന്ന പക്ഷം അത് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:

  • സ്ഥിരമായ ഉത്കണ്ഠയും പാനിക് അറ്റാക്കുകളും.
  • ഹൃദയതാളത്തിലെ തകരാർ നീണ്ടുനിൽക്കുന്നതു കാരണം ഹൃദയസ്തംഭനം.
  • പക്ഷാഘാത സാധ്യത (പ്രത്യേകിച്ച് ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ളവരിൽ).
  • കുറഞ്ഞ രക്തസമ്മർദ്ദവും തലകറക്കവും.
  • ശരിയായ രക്തയോട്ടമില്ലാത്തതു കാരണം ക്ഷീണവും ഏകാഗ്രതക്കുറവും.

രോഗനിർണയം: ഡോക്ടർമാർ കാരണം കണ്ടെത്തുന്ന വിധം

ഉയർന്ന നെഞ്ചിടിപ്പിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഡോക്ടർ താഴെ പറയുന്ന പരിശോധനകൾ നിർദ്ദേശിച്ചേക്കാം:

  • ഇലക്ട്രോകാർഡിയോഗ്രാം (ECG/EKG): ഹൃദയമിടിപ്പിലെ താളപ്പിഴകൾ കണ്ടെത്താൻ സഹായിക്കുന്നു.
  • ഹോൾട്ടർ മോണിറ്റർ: 24–48 മണിക്കൂർ ശരീരത്തിൽ ധരിക്കുന്ന, കൊണ്ടു നടക്കാവുന്ന തരം ഇ സി ജി. ഇടവിട്ടുണ്ടാകുന്ന പാൽപിറ്റേഷനുകൾ രേഖപ്പെടുത്താൻ ഇത് സഹായിക്കും.
  • എക്കോകാർഡിയോഗ്രാം: ഹൃദയത്തിൻ്റെ ഘടനയും പ്രവർത്തനക്ഷമതയും പരിശോധിക്കാനുള്ള അൾട്രാസൗണ്ട് സ്കാനിംഗ്.
  • തൈറോയ്ഡ്, രക്തപരിശോധനകൾ: ഹോർമോൺ, ചയാപചയ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ.
  • ഇലക്ട്രോലൈറ്റ്, ഹീമോഗ്ലോബിൻ പരിശോധന: പോരായ്മകളോ വിളർച്ചയോ  ഉണ്ടോയെന്ന് കണ്ടെത്താൻ.
  • സ്ട്രെസ് ടെസ്റ്റ്: വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് എങ്ങനെയാണെന്ന് വിലയിരുത്താൻ.

ചികിത്സയും പരിചരണവും

അടിസ്ഥാനപരമായ കാരണത്തെ ആശ്രയിച്ച് ചികിത്സകൾ വ്യത്യാസപ്പെടാം:

  • ബീറ്റാ-ബ്ലോക്കറുകൾ/കാൽസ്യം ചാനൽ ബ്ലോക്കറുകൾ: ഹൃദയമിടിപ്പ് കുറയ്ക്കാൻ.
  • ആൻ്റിഅരിത്മിക് മരുന്നുകൾ: നിരന്തരമായ താളപ്പിഴകൾക്ക്.
  • കത്തീറ്റർ അബ്ലേഷൻ: SVT അല്ലെങ്കിൽ AFib പോലുള്ള ആവർത്തിച്ചുള്ള അരിത്മിയകൾക്ക്.
  • അയേൺ അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ തെറാപ്പി: വിളർച്ചയോ തൈറോയ്ഡ് അസന്തുലിതാവസ്ഥയോ ആണ് കാരണമെങ്കിൽ.

ജീവിതശൈലിയും വീട്ടിലെ പരിചരണവും

  • കഫീൻ, മദ്യം, നിക്കോട്ടിൻ എന്നിവ കുറയ്ക്കുക.
  • ശരീരത്തിൽ ജലാംശം നിലനിർത്തുക — പ്രത്യേകിച്ചും വ്യായാമം ചെയ്യുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും.
  • നന്നായി ഉറങ്ങുക — ഉറക്കക്കുറവ് ഹൃദയത്തിന് സമ്മർദ്ദം കൂട്ടുന്നു.
  • സമ്മർദ്ദം നിയന്ത്രിക്കുക — ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ.
  • ഹൃദയത്തിന് ആരോഗ്യം നൽകുന്ന ഭക്ഷണം കഴിക്കുക — മഗ്നീഷ്യം, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തുക.
  • ആരോഗ്യകരമായ തരത്തിൽ ഭാരം നിലനിർത്തുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.
  • ഉത്തേജക മരുന്നുകളുടെയോ ഡീകൺജസ്റ്റന്റുകളുടെയോ അമിതമായ ഉപയോഗം ഒഴിവാക്കുക.

മനസ്സും ശരീരവുമായുള്ള ബന്ധം

അമിതമായ നെഞ്ചിടിപ്പ് പലരിലും ഉത്കണ്ഠയുമായും പാനിക് അറ്റാക്കുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. മൈൻഡ്ഫുൾനസ് പരിശീലിക്കുന്നതും ഡയറി എഴുതുന്നതും തെറാപ്പിയും, ഭയവും ശാരീരിക ലക്ഷണങ്ങളും തമ്മിലുള്ള ഈ ചക്രം തകർക്കാൻ സഹായിക്കും.

ഹൃദയതാളം തെറ്റാതിരിക്കാൻ

40 വയസ്സിന് ശേഷം പതിവായ ആരോഗ്യ പരിശോധനകളും ECG സ്ക്രീനിംഗുകളും നടത്തുക.

  • അമിതമായ ഉത്തേജക പദാർത്ഥങ്ങൾ ഒഴിവാക്കുക — കാപ്പി, ചായ, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  • പ്രമേഹം, തൈറോയ്ഡ്, രക്താതിമർദ്ദം തുടങ്ങിയ ദീർഘകാല രോഗങ്ങളെ നിയന്ത്രിക്കുക.
  • മിതമായ രീതിയിൽ വ്യായാമം ചെയ്യുക — അമിതാവേശം ഒഴിവാക്കുക.
  • ദൈനംദിന റിലാക്സേഷൻ ദിനചര്യകളിലൂടെ സമ്മർദ്ദ സാധ്യത പരിമിതപ്പെടുത്തുക.

അടിയന്തിര വൈദ്യസഹായം തേടേണ്ടതെപ്പോൾ?

നെഞ്ചിടിപ്പ് ഉയരുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ  അനുഭവപ്പെടുകയാണെങ്കിൽ, ഉടൻതന്നെ ആശുപത്രിയിൽ പോകുക:

  • നെഞ്ചുവേദനയോ നെഞ്ചിന് ഭാരമോ.
  • ബോധക്ഷയമോ കഠിനമായ തലകറക്കമോ.
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്.
  • വിശ്രമിക്കുമ്പോൾ പോലും പൾസ് മിനിറ്റിൽ 150-ൽ കൂടുതലാകുന്നത്.
  • ഹൃദയരോഗങ്ങളോ സ്ട്രോക്കോ മുൻപുണ്ടായിട്ടുണ്ടെങ്കിൽ.

ഹൃദയം പറയുന്നത് ശ്രദ്ധിക്കാം

ഹൃദയം അതിൻ്റെ താളത്തിലൂടെ സംസാരിക്കുന്നു. വല്ലപ്പോഴുമുള്ള പാൽപിറ്റേഷനുകൾ സമ്മർദ്ദത്തോടുള്ള ശരീരത്തിൻ്റെ പ്രതികരണം മാത്രമാകാം—എന്നാൽ ഇടയ്ക്കിടെയോ ക്രമം തെറ്റിയോ ഉള്ളവ കൂടുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പായിരിക്കും.

ഈ വ്യത്യാസം തിരിച്ചറിയാനും വൈദ്യപരിശോധന മുതൽ ജീവിതശൈലിയിലെ മാറ്റങ്ങൾ വരെയുള്ള മുൻകരുതലുകൾ എടുക്കാനും പഠിക്കുന്നത്, ഹൃദയതാളം അവതാളത്തിലാകാതെ നിലനിർത്താൻ സഹായിക്കും. 

References :

1. Palpitations: Evaluation and management by primary care practitioners

2.Management of patients with palpitations: a position paper from the European Heart Rhythm Association

3.Heart Palpitations: Causes, Symptoms, and Treatments

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe