വാക്കുകൾ വരാതിരിക്കുമ്പോൾ : മസ്തിഷ്ക ക്ഷതത്തിന് ശേഷമുള്ള സംസാര, ഭാഷാ പ്രശ്നങ്ങൾ മനസ്സിലാക്കാം

കാര്യങ്ങൾ പറഞ്ഞ് വ്യക്തത വരുത്താൻ തീവ്രമായി ആഗ്രഹിക്കുമ്പോൾ, വാക്കുകൾ വരാതിരുന്നാൽ ഉണ്ടാകുന്ന പ്രയാസം നമുക്കാലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. വാക്കുകൾ മനസ്സിൽ വരികയും നാവിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തികച്ചും ബുദ്ധിമുട്ടുളവാക്കുന്നതാണ്.
സംസാരശേഷിയെയും ഭാഷാ പ്രയോഗത്തെയും ബാധിക്കുന്ന ഡിസാർത്രിയ (Dysarthria), അഫേസിയ (Aphasia) പോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ഈ അനുഭവം സാധാരണമാണ്. ആശയവിനിമയത്തെ തീർത്തും വ്യത്യസ്തമായ രീതിയിൽ ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളാണിത്.
സാധാരണയായി സ്ട്രോക്ക് (Stroke), തലയ്ക്കേൽക്കുന്ന പരിക്കുകൾ, അല്ലെങ്കിൽ മറ്റ് നാഡീരോഗങ്ങൾ (Neurological disorders) എന്നിവയ്ക്ക് ശേഷമാണ് ഈ അവസ്ഥകൾ കണ്ടുവരുന്നത്.
രണ്ടു പ്രശ്നങ്ങളും സംസാരശേഷിയെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, ഇവ രണ്ടും വ്യത്യസ്തമാണ്.
ഈ അവസ്ഥകളെന്താണെന്നും സംസാരശേഷിയെ ഇത് എങ്ങനെ ബാധിക്കുന്നു എന്നും ശരിയായ ചികിത്സയിലൂടെ എങ്ങനെ സൗഖ്യം നേടാൻ കഴിയുമെന്നും nellikka.life ലൂടെ നമുക്ക് മനസ്സിലാക്കാം.
സംസാരപ്രശ്നങ്ങൾ സംക്ഷിപ്തമായി
| അവസ്ഥ | ബാധിക്കുന്ന ഭാഗം | പ്രധാന സങ്കീർണ്ണത | സംസാരരീതി |
| ഡിസാർത്രിയ | സംസാരത്തിനായി ഉപയോഗിക്കുന്ന പേശികൾ | സംസാര പേശികൾക്ക് ബലക്കുറവ്, ഏകോപനമില്ലായ്മ | വിക്ക്, സംസാരത്തിന് വേഗതക്കുറവ്, അല്ലെങ്കിൽ പിറുപിറുക്കുന്നതുപോലുള്ള ശബ്ദം |
| അഫേസിയ | തലച്ചോറിലെ ഭാഷാ കേന്ദ്രത്തെ | വാക്കുകൾ കണ്ടെത്താനും വാചകങ്ങൾ രൂപപ്പെടുത്താനും മനസ്സിലാക്കാനും ഉള്ള ബുദ്ധിമുട്ട് | വാചകങ്ങൾ കൂടിക്കുഴഞ്ഞതോ അപൂർണ്ണമോ ആകാം |
ചുരുക്കിപ്പറഞ്ഞാൽ,
ഡിസാർത്രിയ എന്നത് സംസാരിക്കാനുള്ള പേശികളുടെ നിയന്ത്രണത്തിലുള്ള പ്രശ്നമാണ് (വാക്കുകൾ ഉച്ചരിക്കുന്നതിൽ).
അഫേസിയ വാക്കുകൾ മനസ്സിലാക്കാനും രൂപപ്പെടുത്താനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന പ്രശ്നമാണ് (വാക്കുകളുടെ അർത്ഥത്തിലും ഘടനയിലും).
ഡിസാർത്രിയയിൽ എന്തു സംഭവിക്കുന്നു
സംസാര പേശികളെ നിയന്ത്രിക്കുന്ന നാഡികൾക്കോ പേശികൾക്കോ (നാക്ക്, ചുണ്ട്, ശബ്ദതന്തുക്കൾ, ഡയഫ്രം) ക്ഷതം സംഭവിക്കുമ്പോഴാണ് ഡിസാർത്രിയ ഉണ്ടാകുന്നത്.
ഡിസാർത്രിയ ബാധിച്ച വ്യക്തിക്ക് എന്താണ് പറയേണ്ടതെന്ന് കൃത്യമായി അറിയാമെങ്കിലും വായയ്ക്കോ നാക്കിനോ തലച്ചോറ് നൽകുന്ന നിർദ്ദേശം ശരിയായി അനുസരിക്കാൻ കഴിയുന്നില്ല.
പ്രധാന കാരണങ്ങൾ:
- സ്ട്രോക്ക് അല്ലെങ്കിൽ തലച്ചോറിനേറ്റ പരിക്ക്
- പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അല്ലെങ്കിൽ സെറിബ്രൽ പാൾസി
- അമിത മദ്യപാനം അല്ലെങ്കിൽ ദീർഘകാലമായുള്ള മയക്കുമരുന്നുകളുടെ ഉപയോഗം (Sedatives)
- നാഡീ-പേശീ രോഗങ്ങൾ
ലക്ഷണങ്ങൾ:
- വിക്കിവിക്കിയുള്ള സംസാരം അല്ലെങ്കിൽ വളരെ സാവധാനത്തിൽ സംസാരിക്കുക
- ഒരേ സ്വരത്തിലുള്ള സംസാരം (Monotone voice)
- ഉമിനീർ ഒലിക്കുക അല്ലെങ്കിൽ വിഴുങ്ങാൻ പ്രയാസം
- ശബ്ദത്തിന്റെ വോളിയം നിയന്ത്രിക്കാൻ ബുദ്ധിമുട്ട് (വളരെ കുറഞ്ഞതോ കൂടിയതോ ആയ ശബ്ദം)
ഡിസാർത്രിയ, സംസാരത്തിന്റെ വ്യക്തതയെയാണ് ബാധിക്കുന്നത്, ബുദ്ധിയെ അല്ല. രോഗികൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെങ്കിലും അവരുടെ വാക്കുകൾക്ക് പഴയ പോലെ വ്യക്തത വരുന്നില്ലെന്ന് മാത്രം.
അഫേസിയയിൽ എന്തു സംഭവിക്കുന്നു?
തലച്ചോറിലെ ഭാഷാ കേന്ദ്രങ്ങൾക്ക്, സാധാരണയായി ഇടത് അർദ്ധഗോളത്തിൽ ക്ഷതം സംഭവിക്കുമ്പോഴുണ്ടാകുന്ന ഭാഷാ സംബന്ധമായ പ്രശ്നമാണ് അഫേസിയ.
ഈ അവസ്ഥയിൽ വ്യക്തിയുടെ സംസാര പേശികൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ഭാഷയെ വേണ്ടരീതിയിൽ പ്രകടിപ്പിക്കാനുള്ള കഴിവ് തടസ്സപ്പെടുന്നു.
ചിന്തകൾക്ക് ചേരുന്ന തരത്തിൽ ശരിയായ വാക്ക് കണ്ടെത്തിപ്പറയാൻ, നീണ്ട വാചകങ്ങൾ മനസ്സിലാക്കാൻ, വായിക്കാനും എഴുതാനുമെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
പ്രധാന കാരണങ്ങൾ
- തലച്ചോറിനേറ്റ ക്ഷതമാണ് ഈ അവസ്ഥകൾക്കെല്ലാം പ്രധാന കാരണം.
- സ്ട്രോക്ക് (പക്ഷാഘാതം) – ഏറ്റവും സാധാരണമായ കാരണം ഇതാണ്.
- തലയ്ക്ക് സംഭവിക്കുന്ന ആഘാതങ്ങൾ’. (Traumatic Brain Injury).
- തലച്ചോറിലെ ട്യൂമറുകൾ അല്ലെങ്കിൽ അണുബാധകൾ.
- അൽസ്ഹൈമേഴ്‌സ് പോലെ, ക്രമേണ വഷളാകുന്ന നാഡീരോഗങ്ങൾ.
അഫേസിയ- പ്രധാന തരങ്ങൾ
അഫേസിയ തലച്ചോറിൽ എവിടെയാണ് ബാധിക്കുന്നത് എന്നതിനനുസരിച്ച് പല തരത്തിലുണ്ടാകുന്നു:
1.ബ്രോക്കാസ് അഫേസിയ (Broca’s or Expressive Aphasia): എന്താണ് പറയേണ്ടതെന്ന് രോഗിക്ക് കൃത്യമായി അറിയാം, പക്ഷേ പൂർണ്ണമായ വാചകങ്ങൾ രൂപപ്പെടുത്താൻ കഴിയുന്നില്ല.
(ഉദാഹരണത്തിന്: “പുസ്തകം… മേശ… വേണം.”)
2.വെർണിക്സ് അഫേസിയ (Wernicke’s or Receptive Aphasia): രോഗി നന്നായി സംസാരിക്കും, പക്ഷേ ആ വാക്കുകൾക്ക് അർത്ഥമുണ്ടാകില്ല. കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും പ്രയാസം നേരിടും.
(ഉദാഹരണത്തിന്: “പുല്ല് മീനുമായി ചാടുന്നു.”)
3.ഗ്ലോബൽ അഫേസിയ (Global Aphasia): തലച്ചോറിന് കഠിനമായ ക്ഷതം സംഭവിക്കുന്നത് കാരണം സംസാരിക്കാനും മനസ്സിലാക്കാനും ഒരുപോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
അഫേസിയയുള്ള ആളുകൾക്ക് ബുദ്ധിക്കുറവോ ആശയക്കുഴപ്പമോ സംഭവിക്കുന്നില്ല. അവരുടെ ചിന്താശേഷിക്ക് യാതൊരു തകരാറുമില്ല. പക്ഷെ, ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗം തടസ്സപ്പെടുന്നു എന്നതാണ് വസ്തുത.
ആശയവിനിമയം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്
സംസാര പ്രശ്നങ്ങൾ വാക്കുകളെ മാത്രമല്ല ബാധിക്കുന്നത്; അത് നമ്മുടെ ആത്മവിശ്വാസം, ബന്ധങ്ങൾ, വ്യക്തിത്വം എന്നിവയെയും ബാധിക്കുന്നു.
ലളിതമായ സംഭാഷണങ്ങൾ പോലും ശ്രമകരമായി മാറുന്നത് പലപ്പോഴും വിഷാദം, ഒറ്റപ്പെടൽ, നിരാശ എന്നിവയിലേക്ക് നയിച്ചേക്കാം.
സഹാനുഭൂതിയും ക്ഷമയും ശരിയായ തെറാപ്പിയും ഏറെ പ്രധാനമാണ്.
സ്പീച്ച് തെറാപ്പി എങ്ങനെ സഹായിക്കുന്നു
രോഗിയുടെ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിൽ സംസാര-ഭാഷാ വിദഗ്ധർ (Speech-Language Pathologists – SLPs) പ്രധാന പങ്ക് വഹിക്കുന്നു. ആശയവിനിമയ ശേഷി പുനഃസ്ഥാപിക്കുന്നതിനായി തലച്ചോറിനെയും പേശികളെയും പരിശീലിപ്പിക്കാൻ തെറാപ്പി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഡിസാർത്രിയയ്ക്ക്:
- ശ്വസന വ്യായാമങ്ങളും ഉച്ചാരണ പരിശീലനങ്ങളും
- വേഗത കുറച്ച് സംസാരിക്കാനുള്ള പരിശീലനം
- ചെറിയ, വ്യക്തമായ വാചകങ്ങൾ ഉപയോഗിച്ച് സംസാരിക്കുക
- മുഖത്തെയും വായയിലെയും പേശികൾക്ക് ബലം നൽകാനുള്ള വ്യായാമങ്ങൾ.
അഫേസിയയ്ക്ക്:
- വാക്കുകൾ ഓർത്തെടുക്കാനും വാചകങ്ങൾ കൃത്യമാക്കാനുമുള്ള പ്രവർത്തനങ്ങൾ.
- ദൃശ്യപരമായതോ എഴുതിയതോ ആയ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുക.
- പ്രായോഗിക സംഭാഷണങ്ങൾക്ക് വേണ്ടി ഗ്രൂപ്പ് തെറാപ്പി.
- വീട്ടിൽ ആശയവിനിമയത്തെ പിന്തുണയ്ക്കാൻ കുടുംബാംഗങ്ങൾക്ക് പരിശീലനം നൽകുക.
സംസാരം സൃഷ്ടിക്കുന്ന ഉപകരണങ്ങളും (speech-generating devices) തെറാപ്പി ആപ്പുകളും സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ശബ്ദം തിരികെ നൽകാൻ കഴിയും. സാങ്കേതികവിദ്യ ഈ ചികിൽസയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
കുടുംബാംഗങ്ങളും സുഹൃത്തുക്കൾക്കളും ശ്രദ്ധിക്കേണ്ടത്:
സംസാരത്തിലോ ഭാഷയിലോ ബുദ്ധിമുട്ടുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ ക്ഷമയും വിവേകവും ആവശ്യമാണ്. നമുക്കവരെ എങ്ങനെ സഹായിക്കാനാകുമെന്ന് നോക്കാം.
- ക്ഷമയുള്ളവരായിരിക്കുക: അവർക്ക് സംസാരിക്കാൻ സമയം നൽകുക. വാചകങ്ങൾ അവർക്കുവേണ്ടി പൂർത്തിയാക്കാതിരിക്കുക.
- ആംഗ്യങ്ങളോ ചിത്രങ്ങളോ ഉപയോഗിക്കുക: ലളിതമായ തരത്തിൽ കാര്യങ്ങൾ പ്രകടിപ്പിക്കാൻ ഇത് സഹായിക്കും.
- ലളിതമായ ഭാഷ ഉപയോഗിക്കുക: ചെറിയ വാചകങ്ങൾ മതി. വ്യക്തമായി പറയുക.
- വിമർശിക്കരുത്: സംസാരിക്കുന്നതിൽ വ്യാകരണപൂർണ്ണതയ്ക്കല്ല പ്രാധാന്യമെന്ന് എപ്പോഴും ഓർമ്മവേണം. ആശയവിനിമയം നടത്താനാകുന്നുണ്ടോ എന്നതിലാണ് ശ്രദ്ധ നൽകേണ്ടത്.
- പ്രോത്സാഹിപ്പിക്കുക, തിരുത്താതിരിക്കുക: എത്ര ചെറുതാണെങ്കിലും അവരുടെ പുരോഗതിയെ അഭിനന്ദിക്കുക.സഹാനുഭൂതിയ്ക്ക് വലിയ മാറ്റം കൊണ്ടുവരാനാകും.
സ്വാസ്ഥ്യത്തിലേക്ക് തിരികെയെത്താം
സ്ഥിരമായ തെറാപ്പിയും ശക്തമായ പിന്തുണയും ഉണ്ടെങ്കിൽ, പലർക്കും അവരുടെ ആശയവിനിമയ ശേഷിയുടെ ഭൂരിഭാഗവും തിരികെ നേടാനാകും.
തലച്ചോറിൻ്റെ ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity), അതായത്, പുതിയ പാതകൾ രൂപപ്പെടുത്താനും സ്വയം പുനഃക്രമീകരിക്കാനുമുള്ള കഴിവ് — പരിക്ക് സംഭവിച്ച് മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷവും രോഗശാന്തിക്ക് വഴിയൊരുക്കും.
സുഖം പ്രാപിക്കുക എന്നതുകൊണ്ട്, പൂർണ്ണമായും പഴയ നിലയിലേക്കെത്തുക എന്നല്ല അർത്ഥമാക്കുന്നത്. ആശയവിനിമയം സാദ്ധ്യമാക്കുന്ന ഒരു പുതിയ നിലയിലേക്കെത്തുക എന്നതാണ് ലക്ഷ്യമാകേണ്ടത്. അവിടെ ഓരോ വാക്കും ഒരു വിജയം തന്നെയായി കണക്കാക്കണം.
ഡിസാർത്രിയ ആയാലും അഫേസിയ ആയാലും ആശയവിനിമയം പുനഃസ്ഥാപിക്കുക എന്നതാകണം ആത്യന്തിക ലക്ഷ്യം.
References
- American Speech-Language-Hearing Association (ASHA), Understanding Aphasia and Dysarthria, 2022.
- National Institute of Neurological Disorders and Stroke (NINDS), Speech Disorders Overview, 2023.
- World Health Organization (WHO), Rehabilitation for Neurological Communication Disorders, 2021.
- Journal of Speech, Language, and Hearing Research, Neuroplasticity in Post-Stroke Aphasia Recovery, 2020.
- Harvard Health Publishing, Speech Therapy and Cognitive Rehabilitation After Stroke, 2022.




