കാഴ്ചകൾ മങ്ങുമ്പോൾ: എന്താണ് കെരാട്ടോകോനസ്? അറിഞ്ഞിരിക്കേണ്ടത് അനിവാര്യം

(ലോക കെരാട്ടോകോനസ് ദിനത്തോടനുബന്ധിച്ച്)
കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ട്. കണ്ണിൻ്റെ ധർമ്മം കൃത്യമായി നിർവ്വഹിക്കുന്നിടത്തോളം അതിൻറെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഓർക്കാറേയില്ല. കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടു തുടങ്ങുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവിക്കുമ്പോൾ, അപ്പോൾ മാത്രമാണ് നേത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നിറയ്ക്കുന്ന വർണ്ണവെളിച്ചങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം വരിക.
എന്നാൽ ഈ കാഴ്ച്ചകൾ പതിയെപ്പതിയെ മങ്ങി വരുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. ചുറ്റുമുള്ള പ്രിയപ്പെട്ടവരും ഇഷ്ടമുള്ള കാഴ്ചകളും എല്ലാം അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് – ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക്, കാഴ്ചകൾ ഇങ്ങനെ സാവധാനം മങ്ങുന്നുണ്ട്, രൂപമാറ്റം വരുന്നുണ്ട്, മാഞ്ഞുപോകുന്നുണ്ട്. ലോകം തന്നെ കൺമുന്നിൽ ഉരുകിപ്പോകുന്നത് പോലെയാകുന്നുണ്ട്.
ഇതാണ് കെരാട്ടോകോനസ് (Keratoconus) എന്ന നേത്രരോഗത്തിൻ്റെ യാഥാർത്ഥ്യം. കണ്ണിൻ്റെ കോർണിയയുടെ ആകൃതിയെ നിശബ്ദമായി മാറ്റിമറിക്കുകയും കാലക്രമേണ ജീവിതത്തിൻ്റെ തന്നെ വ്യക്തത കവർന്നെടുക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
എല്ലാ വർഷവും നവംബർ 10, ലോക കെരാട്ടോകോനസ് ദിനമായി ആചരിക്കുന്നു. അത്രയൊന്നും ചർച്ച ചെയ്യപ്പെടാത്ത ഈ നേത്രരോഗത്തെക്കുറിച്ച് ബോധവൽക്കരണം നൽകാനും നേരത്തെയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ ഇല്ലാതാക്കാനും വേണ്ടിയുള്ള ഒരു ദിനമാണിത്.
എന്താണ് കെരാട്ടോകോനസ്?
ഗ്രീക്ക് ഭാഷയിൽ നിന്നാണ് ‘കെരാട്ടോകോനസ്’ എന്ന വാക്ക് വന്നത്. ‘കെരാട്ടോ’ (Kerato) എന്നാൽ കോർണിയ, ‘കോനസ്’ (Conus) എന്നാൽ കോൺ (Cone) അഥവാ കോണാകൃതി.
സാധാരണയായി ഗോളാകൃതിയിൽ, താഴികക്കുടം പോലെയിരിക്കുന്ന കോർണിയ (കണ്ണിൻ്റെ മുൻഭാഗത്തുള്ള സുതാര്യമായ പാളി) കനം കുറഞ്ഞ് കോൺ ആകൃതിയിലായി പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണിത്.
ഈ രൂപമാറ്റം കാരണം കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തെ റെറ്റിനയിൽ കൃത്യമായി പതിപ്പിക്കാൻ കണ്ണിന് കഴിയാതെയാകുന്നു. ഇത് അവ്യക്തമായതും രൂപമാറ്റം സംഭവിച്ചതും സ്ഥിരതയില്ലാത്തതുമായ കാഴ്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
കെരാട്ടോകോനസ് സാധാരണയായി രണ്ട് കണ്ണുകളെയും ബാധിക്കാറുണ്ട്, എങ്കിലും ഓരോ കണ്ണിലും രോഗതീവ്രത വ്യത്യസ്തമായിരിക്കാം.
സാധാരണയായി ഈ നേത്രരോഗം കൗമാരപ്രായത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആണ് ആരംഭിക്കുന്നത്. തുടർന്നുള്ള പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ സാവധാനം പുരോഗമിക്കുകയും ചെയ്യാം.
ഈ രൂപമാറ്റത്തിന് പിന്നിലെ ശാസ്ത്രം
കെരാട്ടോകോനസിൻ്റെ യഥാർത്ഥ കാരണം അറിയാൻ ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്. എങ്കിലും ജനിതകപരവും ജൈവരാസപരവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സമ്മിശ്ര രൂപമാണ് ഇതിലേക്ക് നയിക്കുന്നതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പ്രധാനപ്പെട്ട ചില ഘടകങ്ങൾ:
- ജനിതകപരമായ സാധ്യത: രോഗം ബാധിച്ച 10 പേരിൽ ഒരാൾക്ക് എന്ന കണക്കിൽ കുടുംബത്തിൽ ഈ രോഗമുണ്ടായ ചരിത്രമുണ്ടാകാം.
- കണ്ണ് തിരുമ്മൽ: സ്ഥിരമായോ ശക്തിയായോ കണ്ണ് തിരുമ്മുന്നത് (പലപ്പോഴും അലർജി കാരണം) ഒരു പ്രധാന കാരണമാണ്.
- ഓക്സിഡേറ്റീവ് സ്ട്രെസ്: ഫ്രീ റാഡിക്കലുകളും ആൻ്റിഓക്‌സിഡൻ്റുകളും തമ്മിലുള്ള അസന്തുലിതാവസ്ഥ കോർണിയയിലെ കലകളെ (tissue) ദുർബലപ്പെടുത്തുന്നു.
- അലർജിയും അറ്റോപ്പിയും: ആസ്ത്മ, എക്‌സിമ, അലർജിക് കൺജങ്ക്റ്റിവൈറ്റിസ് (കണ്ണിലെ അലർജി) തുടങ്ങിയ അവസ്ഥകൾ അനുഭവപ്പെടുന്നവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു.
- ഹോർമോൺ സ്വാധീനം: കൗമാരപ്രായം, ഗർഭകാലം എന്നിവ ചിലപ്പോൾ രോഗാവസ്ഥ വേഗത്തിലാക്കാൻ കാരണമായേക്കാം.
കോർണിയയ്ക്കുള്ളിലെ കൊളാജൻ നാരുകളുടെ (Collagen Fibers) ഘടനയിലെ അപാകതകൾ അതിൻ്റെ ബലക്കുറവിലേക്കും രൂപമാറ്റത്തിലേക്കും നയിക്കുന്നതായി സമീപകാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആദ്യകാല ലക്ഷണങ്ങൾ – ശ്രദ്ധിക്കേണ്ട സൂചനകൾ
കെരാട്ടോകോനസ് പലപ്പോഴും നിശബ്ദമായാണ് ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ, കണ്ണടയുടെ പവർ ഇടയ്ക്കിടെ മാറുന്നതായോ അല്ലെങ്കിൽ അകാരണമായ കാഴ്ചമങ്ങലായോ മാത്രം അനുഭവപ്പെടാം.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- മങ്ങിയതോ വികലമായതോ ആയ കാഴ്ച (നേർരേഖകൾ വളഞ്ഞതായി തോന്നുക)
- പ്രകാശത്തോടും വെളിച്ചത്തിൻ്റെ തിളക്കത്തോടും അമിതമായ അസഹനീയത (Sensitivity)
- ഇടയ്ക്കിടെ കണ്ണുകൾ ഇറുക്കിപ്പിടിക്കുകയോ തിരുമ്മുകയോ ചെയ്യുക
- ഇരട്ടക്കാഴ്ച അല്ലെങ്കിൽ നിഴൽ പോലെയുള്ള പ്രതിബിംബങ്ങൾ കാണുക (പ്രത്യേകിച്ച് രാത്രിയിൽ)
- കാഴ്ച കൂടുതൽ ആവശ്യമുള്ള ജോലികൾ ചെയ്ത ശേഷം കണ്ണിന് ആയാസമോ തലവേദനയോ അനുഭവപ്പെടുക
തുടക്കത്തിലെ ലക്ഷണങ്ങൾ സാധാരണ കാഴ്ചക്കുറവിന് (മയോപ്പിയ അല്ലെങ്കിൽ അസ്റ്റിഗ്മാറ്റിസം) സമാനമായതിനാൽ, കെരാട്ടോകോനസ് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാൻ സാധ്യതയുണ്ട്.
അതുകൊണ്ടാണ്, ചെറിയ കാഴ്ചാ പ്രശ്‌നങ്ങളുള്ളവർ പോലും കോർണിയൽ ടോപ്പോഗ്രഫി (Corneal Topography – കോർണിയയുടെ ഘടന പരിശോധിക്കുന്ന സ്കാൻ) ഉൾപ്പെടെയുള്ള കൃത്യമായ നേത്രപരിശോധനകൾ നടത്തേണ്ടത് വളരെ പ്രധാനമാകുന്നത്.
രോഗനിർണ്ണയം എങ്ങനെ?
ആധുനിക സാങ്കേതികവിദ്യകൾ കാഴ്ചാപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുമ്പുതന്നെ കെരാട്ടോകോനസ് കണ്ടെത്താൻ ഇന്ന് നേത്രരോഗവിദഗ്ദ്ധരെ സഹായിക്കുന്നു.
പ്രധാനപ്പെട്ട രോഗനിർണ്ണയ രീതികൾ:
- കോർണിയൽ ടോപ്പോഗ്രഫി (Corneal Topography): കോർണിയയുടെ ഉപരിതലത്തിൻ്റെയും ഘടനയുടെയും വിശദമായ ഒരു മാപ്പ് തയ്യാറാക്കുന്നു. രോഗനിർണ്ണയത്തിനുള്ള ഏറ്റവും മികച്ച (gold standard) മാർഗ്ഗമാണിത്.
- പാകിമെട്രി (Pachymetry): കോർണിയയുടെ കനം അളക്കുന്നു. കോർണിയയുടെ കട്ടി കുറയുന്നത് ഈ രോഗത്തിൻ്റെ ഒരു പ്രധാന ലക്ഷണമാണ്.
- സ്ലിറ്റ്-ലാമ്പ് പരിശോധന (Slit-lamp examination): കോർണിയയിലെ സൂക്ഷ്മമായ ഘടനാപരമായ മാറ്റങ്ങൾ നേരിട്ട് കാണാൻ ഡോക്ടറെ ഈ രീതി സഹായിക്കുന്നു.
- ടോമോഗ്രഫി (Scheimpflug imaging): കോർണിയയുടെ ആകൃതിയുടെയും സാന്ദ്രതയുടെയും ഒരു 3D മാപ്പ് എടുക്കുന്നു.
രോഗം നേരത്തെ കണ്ടെത്തുന്നത്, കൃത്യസമയത്ത് ചികിൽസ തുടങ്ങാനും കാഴ്ചശക്തിക്ക് കാര്യമായ തകരാർ സംഭവിക്കുന്നതിന് മുമ്പ് രോഗ മൂർച്ഛ മന്ദഗതിയിലാക്കാനോ അല്ലെങ്കിൽ ഒഴിവാക്കാനോ സഹായിക്കുന്നു.
ചികിത്സ: രോഗം തടയുന്നത് മുതൽ കാഴ്ച വീണ്ടെടുക്കുന്നത് വരെ
കെരാട്ടോകോനസ് ചികിത്സയ്ക്ക് രണ്ട് പ്രധാന ലക്ഷ്യങ്ങളാണുള്ളത്: രോഗം കൂടുതൽ വഷളാകുന്നത് തടയുക, അതോടൊപ്പം കാഴ്ച വീണ്ടെടുക്കുക.
1. ശസ്ത്രക്രിയ ഇല്ലാതെയുള്ള ചികിത്സാരീതികൾ
- കണ്ണടകളും സോഫ്റ്റ് കോൺടാക്റ്റ് ലെൻസുകളും: രോഗത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഇവ ഉപയോഗപ്രദമാകും.
- റിജിഡ് ഗ്യാസ് പെർമിയബിൾ (RGP) അല്ലെങ്കിൽ സ്ക്ലീറൽ ലെൻസുകൾ: ആകൃതി മാറിയ കോർണിയക്ക് മുകളിൽ കൃത്യമായ ഒരു പ്രതലം സൃഷ്ടിച്ച് വ്യക്തമായ കാഴ്ച നൽകാൻ ഇവ സഹായിക്കുന്നു.
- ഹൈബ്രിഡ് ലെൻസുകൾ: സോഫ്റ്റ് ലെൻസുകളുടെ സുഖവും റിജിഡ് ലെൻസുകളുടെ വ്യക്തതയും സംയോജിപ്പിക്കുന്നു.
2. കോർണിയൽ കൊളാജൻ ക്രോസ്-ലിങ്കിംഗ് (CXL)
വിപ്ലവകരമായൊരു ചികിത്സാരീതിയാണിത്. റൈബോഫ്ലേവിൻ (വിറ്റാമിൻ ബി 2) തുള്ളികൾ കണ്ണിലൊഴിച്ച് അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് കോർണിയയിലെ നാരുകളെ ബലപ്പെടുത്തുന്നു.
രോഗം മൂർച്ഛിക്കുന്നത് തടയാനോ അല്ലെങ്കിൽ ഗണ്യമായി മന്ദഗതിയിലാക്കാനോ കഴിയും ഈ ചികിത്സയിലൂടെ സാധ്യമാകുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാരായ രോഗികളിൽ.
3. നൂതന ശസ്ത്രക്രിയാ മാർഗ്ഗങ്ങൾ
- ഇൻട്രാസ്ട്രോമൽ കോർണിയൽ റിംഗ് സെഗ്‌മെൻ്റുകൾ (ICRS): കോർണിയയുടെ രൂപം പരത്താനും ഫോക്കസ് മെച്ചപ്പെടുത്താനും സഹായിക്കുന്ന, കണ്ണിനുള്ളിൽ സ്ഥാപിക്കുന്ന ചെറിയ വളയങ്ങൾ.
- ടോപ്പോഗ്രഫി-ഗൈഡഡ് ഫോട്ടോറിഫ്രാക്റ്റീവ് കെരാറ്റെക്ടമി (PRK): രോഗം അധികം ഗുരുതരമല്ലാത്തവരിൽ ലേസർ ഉപയോഗിച്ച് കോർണിയയുടെ ആകൃതി മെച്ചപ്പെടുത്തി കാഴ്ച വർദ്ധിപ്പിക്കുന്ന രീതി.
- കോർണിയ മാറ്റിസ്ഥാപിക്കൽ (കെരാട്ടോപ്ലാസ്റ്റി): രോഗം വളരെ മൂർച്ഛിക്കുകയോ കോർണിയയിൽ പാടുകൾ വീഴുകയോ കനം വല്ലാതെ കുറയുകയോ ചെയ്യുമ്പോൾ ഈ ശസ്ത്രക്രിയ വേണ്ടിവരും. ഇതിൻ്റെ വിജയനിരക്ക് 90 ശതമാനത്തിലധികമാണ്.
ആഗോള കണക്കുകളും അവബോധത്തിൻ്റെ അപര്യാപ്തതയും
അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജിയുടെയും ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും കണക്കനുസരിച്ച്, ലോകമെമ്പാടും ഏകദേശം 400ൽ ഒരാൾക്ക് കെരാട്ടോകോനസ് ബാധിക്കുന്നുണ്ട്. എന്നാൽ ഏഷ്യയുടെയും മിഡിൽ ഈസ്റ്റിൻ്റെയും ചില ഭാഗങ്ങളിൽ, പാരമ്പര്യവും കാലാവസ്ഥയും ചെലുത്തുന്ന സ്വാധീനം മൂലം 100ൽ ഒന്ന് എന്ന അനുപാതത്തിലേക്ക് ഈ കണക്ക് ഉയർന്നുകാണാറുണ്ട്.
ഈ രോഗം ഇത്രയധികം സാധാരണമായിരുന്നിട്ടും, ഇതേക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്. പല രോഗികളിലും വളരെ വൈകിയാണ് രോഗം കണ്ടെത്തുന്നത്, അപ്പോഴേക്കും കോർണിയക്ക് ചികിൽസിച്ചു മാറ്റാൻ കഴിയാത്ത തരത്തിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ടാകും.
സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെയും രോഗികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയും പൊതുജന ബോധവൽക്കരണത്തിലൂടെയും ഈ അവസ്ഥ മാറ്റാനാണ് ലോക കെരാട്ടോകോനസ് ദിനം ലക്ഷ്യമിടുന്നത്.
കെരാട്ടോകോനസിനൊപ്പം ജീവിക്കുമ്പോൾ: പ്രതീക്ഷ വളർത്തുന്ന അവബോധം
കെരാട്ടോകോനസ് രോഗനിർണ്ണയം, കാഴ്ച്ച വഷളാകുന്നതിൻ്റെ വിധിതീർപ്പല്ല എന്നാണ് ആധുനിക വൈദ്യശാസ്ത്ര പുരോഗതി തെളിയിക്കുന്നത്.
നേരത്തെയുള്ള രോഗനിർണ്ണയം, ക്രോസ്-ലിങ്കിംഗ് ചികിത്സ, പ്രത്യേകതരം ലെൻസുകൾ എന്നിവയിലൂടെ മിക്ക വ്യക്തികൾക്കും മികച്ച കാഴ്ച നിലനിർത്താനും ശസ്ത്രക്രിയ ഒഴിവാക്കാനും സാധിക്കും.
ജീവിതശൈലിയിലെ ചില മാറ്റങ്ങൾ വലിയ വ്യത്യാസമുണ്ടാക്കും. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുക, അലർജികൾ നിയന്ത്രിക്കുക, സംരക്ഷണമേകുന്ന കണ്ണടകൾ ഉപയോഗിക്കുക, കൃത്യമായ ഇടവേളകളിൽ കോർണിയൽ സ്കാനുകൾ നടത്തുക എന്നിവ ഏറെ പ്രധാനമാണ്.
കെരാട്ടോകോനസ് ഫൗണ്ടേഷൻ ഇൻ്റർനാഷണൽ, ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി തുടങ്ങിയ പിന്തുണാ ശൃംഖലകൾ രോഗികളെ പരസ്പരം ബന്ധപ്പെടാനും അറിവ് നേടാനും രോഗത്തെ അതിജീവിച്ച് മുന്നേറാനും സഹായിക്കുന്നു.
ഭയത്തെ അറിവുകൊണ്ട് മറികടക്കാൻ സാധിക്കുമെന്ന് nellikka.life വിശ്വസിക്കുന്നു.
ആരോഗ്യം എന്നത് രോഗം സുഖപ്പെടുത്തുക എന്നത് മാത്രമല്ല, മറിച്ച് ഒരു നഷ്ടം സംഭവിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നേരത്തെ മനസ്സിലാക്കുക എന്നതുകൂടിയാണെന്ന് 2025 ലെ ഈ ലോക കെരാട്ടോകോനസ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
നിങ്ങളുടെ കണ്ണുകൾ ലോകത്തിലേക്കുള്ള നിങ്ങളുടെ ജാലകമാണ് – ഹൃദയത്തിനും മനസ്സിനും നൽകുന്ന അതേ പരിചരണത്തോടെ നേത്രങ്ങളേയും സംരക്ഷിക്കുക.
“കാഴ്ചകൾ മങ്ങുമ്പോൾ, അവബോധം അതിനെ തിരികെ വ്യക്തതയിലേക്ക് എത്തിക്കുന്നു.”
References
- American Academy of Ophthalmology (AAO). Keratoconus – Diagnosis and Treatment.
- World Keratoconus Day Campaign – The Global KC Foundation.
- Indian Journal of Ophthalmology (2023). Epidemiology and Management of Keratoconus in the Indian Subcontinent.
- Eye (British Journal of Ophthalmology). Advances in Corneal Cross-Linking for Keratoconus.
- National Eye Institute (NEI). Facts about the Cornea and Corneal Diseases.




