ഭക്ഷണം ഭീതിയായ് മാറുമ്പോൾ: അനോറെക്സിയയോടുള്ള പെൺപോരാട്ടം 

ഭക്ഷണം ഭീതിയായ് മാറുമ്പോൾ: അനോറെക്സിയയോടുള്ള പെൺപോരാട്ടം 

നിയന്ത്രണം എന്ന മിഥ്യ 

ഓരോതവണത്തെ ആഹാരത്തിലും എത്ര കലോറിയുണ്ടെന്ന് കണക്കുക്ളാസിൽ ഇരിക്കുംപോലെ കൂട്ടിയും കുറച്ചും നോക്കുക.

ഒരു നേരത്തെ ആഹാരം ഒഴിവാക്കുമ്പോൾ വലിയ വിജയം കൈവരിച്ചതായി തോന്നുക.പക്ഷെ, കണ്ണാടിയിൽ ശോഷിച്ച് ദുർബലമായ, പേടിപ്പെടുത്തുന്ന സ്വന്തം പ്രതിബിംബം കാണുമ്പോൾ,തികഞ്ഞ ശൂന്യതാബോധം അനുഭവപ്പെടുക. 

ഇതാണ് അനോറെക്സിയ നെർവോസ (Anorexia Nervosa)യുടെ  ക്രൂരമായ വിരോധാഭാസം- സന്തോഷവും സംതൃപ്തിയും നേടാനായി സ്വയം കർശന നിയന്ത്രണണങ്ങളുടെ തടവറ സൃഷ്ടിച്ച് അതിനുള്ളിൽപ്പെട്ടു ശ്വാസം മുട്ടുന്ന അവസ്ഥയിലെത്തുക.  

പൂർണ്ണതയ്ക്കായുള്ള കഠിനപരിശ്രമം, ശരീരത്തെയും മനസ്സിനെയും നിശ്ശബ്ദമായി കാർന്നു തിന്നുന്ന അവസ്ഥ. ഭക്ഷണനിയന്ത്രണവുമായി ബന്ധപ്പെട്ട ഗുരുതരമായ മാനസികരോഗമാണിത്. 

അഴകളവുകളെക്കുറിച്ചുള്ള സങ്കൽപ്പം യാഥാർത്ഥ്യമാക്കാൻ വേണ്ടി പ്രിയരുചികൾ ഉപേക്ഷിച്ചും അതികഠിനമായ വ്യായാമമുറകൾ നിരന്തരം അഭ്യസിച്ചുമുള്ള ജീവിതരീതിയിലേക്ക് ഈ രോഗമുള്ളവർ മാറിനടക്കുന്നു. 

ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വികലമാക്കുകയും അപകടകരമാം വിധം ഭാരം കുറയുന്നതിനും പോഷകാഹാരക്കുറവിനും ഗുരുതരമായ കേസുകളിൽ മരണത്തിന് പോലും കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. 

എന്താണ് അനോറെക്സിയ നെർവോസ?

ആഹാരം കഴിക്കുന്നതിൽ അമിതനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ശരീരഭാരം കൂടുമോയെന്ന ഭയത്തിൽ കഴിയുകയും സ്വന്തം  ശരീരഘടനയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ വികലമാകുകയും ചെയ്യുന്ന ഈറ്റിങ് ഡിസോഡറാണ് അനോറെക്സിയ നെർവോസ.

ശരീരഭാരം കുറവാണെങ്കിൽ പോലും, രോഗികൾ പലപ്പോഴും തങ്ങളെ അമിത വണ്ണമുള്ളവരായോ ന്യൂനതയുള്ളവരായോ ആയി കണക്കാക്കുന്നു.

മാനസികാരോഗ്യത്തകരാറുകളിൽ ഏറ്റവും ഉയർന്ന മരണനിരക്ക് കാണുന്നത് അനോറെക്സിയ നെർവോസയ്ക്കാണെന്ന് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ്റെ (APA) കണക്കുകൾ വ്യക്തമാക്കുന്നു. ചികിത്സാ സങ്കീർണ്ണതകളും ആത്മഹത്യകളുമാണ് ഇതിന് കാരണമാകുന്ന ഘടകങ്ങൾ.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

അനോറെക്സിയ ഒറ്റദിവസം കൊണ്ടുണ്ടാകുന്നതല്ല. ഇത് പലപ്പോഴും സാധാരണ രീതിയിൽ തുടങ്ങുന്ന ഡയറ്റിംഗിൽ നിന്നോ “വൃത്തിയായി കഴിക്കാനുള്ള” ആഗ്രഹത്തിൽ നിന്നോ ആരംഭിക്കുന്നു. ക്രമേണ ആഴത്തിൽ വേരോടിയ  മാനസിക-സാമൂഹിക ഘടകങ്ങളുമായി കൂടിച്ചേരുമ്പോൾ അത് ഭ്രാന്തമായ അവസ്ഥയിലേക്ക് മാറുന്നു.

1. മാനസിക ഘടകങ്ങൾ

  • ആത്മവിശ്വാസക്കുറവും പൂർണ്ണത വേണമെന്ന നിർബന്ധവും.
  • ഉത്കണ്ഠ (Anxiety) അല്ലെങ്കിൽ ഒബ്സസീവ്-കംപൾസീവ് സ്വഭാവങ്ങൾ.
  • വൈകാരികമായ സംഘർഷങ്ങൾക്കിടയിൽ നിയന്ത്രണം നിലനിർത്താൻ.

2. സാമൂഹിക-സാംസ്കാരിക സമ്മർദ്ദം

  • സോഷ്യൽ മീഡിയയിലെ യാഥാർത്ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കൽപ്പങ്ങൾ.
  • ശരീരഘടനയെക്കുറിച്ചുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ സൃഷ്ടിക്കുന്ന പ്രയാസം
  • നേർത്തു മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ചുള്ള സാംസ്കാരികമായ മഹത്വവൽക്കരണം.

3. ജൈവിക ബന്ധങ്ങൾ 

  • ജനിതകപരമായ പ്രവണത (കുടുംബത്തിൽ ഭക്ഷണ ക്രമക്കേടുകൾ ഉണ്ടായിട്ടുള്ള ചരിത്രം).
  • വിശപ്പിനെയും മാനസികാവസ്ഥയെയും ബാധിക്കുന്ന ഹോർമോൺ, ന്യൂറോട്രാൻസ്മിറ്റർ അസന്തുലിതാവസ്ഥകൾ.

ഇതെങ്ങനെ തിരിച്ചറിയാം: ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തെല്ലാം

ശാരീരിക ലക്ഷണങ്ങൾ

  • പെട്ടെന്ന്, ഗണ്യമായി ഭാരം കുറയുക.
  • ക്ഷീണം, തലകറക്കം, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം.
  • ആർത്തവത്തിലെ ക്രമക്കേടുകൾ (ആർത്തവം നിലയ്ക്കുക).
  • ഹൃദയമിടിപ്പ് കുറയുക, രക്തസമ്മർദ്ദം കുറയുക, നഖങ്ങൾ പൊട്ടിപ്പോവുക.

പെരുമാറ്റ- വൈകാരിക ലക്ഷണങ്ങൾ

  • ഭക്ഷണം ഒഴിവാക്കുക അല്ലെങ്കിൽ കഴിച്ചു എന്ന് കള്ളം പറയുക.
  • അമിതമായ ക്ഷീണമുണ്ടെങ്കിൽപ്പോലും കഠിനമായി വ്യായാമം ചെയ്യുക.
  • കർശനമായ ഭക്ഷണ ശീലങ്ങൾ (ഭക്ഷണം ചെറിയ കഷണങ്ങളാക്കി മുറിക്കുക, വളരെ പതുക്കെ കഴിക്കുക).
  • സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പിൻവാങ്ങുക.
  • ശരീരത്തെക്കുറിച്ച് നിരന്തരമായി നെഗറ്റീവായി സംസാരിക്കുക 

ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ: 

അനോറെക്സിയ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും.

നീണ്ടുനിൽക്കുന്ന പോഷകാഹാരക്കുറവ് താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകും:

  • ഹൃദയ സംബന്ധമായ സങ്കീർണ്ണതകൾ: ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ (Arrhythmia), ഹൃദയസ്തംഭനം (Heart Failure).
  • അസ്ഥിക്ഷയം (Osteoporosis): എല്ലുകൾക്ക് ബലക്കുറവ് സംഭവിക്കുന്നത്.
  • വന്ധ്യതയും ഹോർമോൺ അസന്തുലിതാവസ്ഥയും.
  • ദഹന പ്രശ്നങ്ങൾ: വയറുവീർക്കൽ, മലബന്ധം, വയറുവേദന.
  • പ്രതിരോധശേഷി കുറയുക.
  • ബൗദ്ധിക പ്രശ്നങ്ങൾ: ശ്രദ്ധക്കുറവ്, ക്ഷോഭം, വിഷാദം.

ചികിത്സിക്കാതിരുന്നാൽ, അനോറെക്സിയ ശാരീരികമായും മാനസികമായും സങ്കീർണ്ണതകൾ സൃഷ്ടിക്കുകയും ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യും.

തിരികെ സ്വാസ്ഥ്യത്തിലേക്ക്: ശരീരത്തെയും മനസ്സിനെയും തിരിച്ചുപിടിക്കാം

അനോറെക്സിയ മൂലം ബുദ്ധിമുട്ടുന്നവർ, തങ്ങളുടെ പ്രശ്നം അംഗീകരിച്ചാൽ, ചികിൽസ എളുപ്പമാകും.

വൈദ്യശാസ്ത്രം, മനഃശാസ്ത്രം, പോഷകാഹാര സംരക്ഷണം എന്നിവ സംയോജിപ്പിച്ചുള്ള ചികിൽസാസമീപനം കൂടുതൽ ഫലപ്രദമാകും:

1.വൈദ്യശാസ്ത്രപരമായുള്ള സ്ഥിരതയ്ക്ക് 

ആരോഗ്യകരമായ ഭാരം പുനഃസ്ഥാപിക്കുകയും ശാരീരിക സങ്കീർണ്ണതകൾക്ക് ചികിത്സ നൽകുകയും ചെയ്യുക.

2.മനഃശാസ്ത്ര ചികിത്സ (Psychotherapy) 

  • വികലമായ ചിന്തകളെ മാറ്റിയെടുക്കാൻ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ഉപയോഗിക്കുന്നു. 
  • കൗമാരക്കാർക്ക് വേണ്ടിയുള്ള കുടുംബാധിഷ്ഠിത തെറാപ്പി (FBT). 
  • ആത്മബോധത്തിനും ശരീരത്തെ അംഗീകരിക്കുന്നതിനും സഹായിക്കുന്ന തെറാപ്പികൾ 

3.പോഷകാഹാര ചികിൽസ 

ഡയറ്റീഷ്യൻമാരുമായി ചേർന്ന് സന്തുലിത ഭക്ഷണക്രമങ്ങൾ സുരക്ഷിതമായി ശീലിക്കാൻ.

4.പിന്തുണയ്ക്കാനുള്ള സംവിധാനങ്ങൾ 

കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ഗ്രൂപ്പുകളിൽ നിന്നുമുള്ള പ്രോത്സാഹനം സാധാരണ നിലയിലെത്തുന്നതിന് സഹായകമാകും.

സാംസ്കാരിക അനുകരണം

ഇന്ത്യയിൽ, ഭക്ഷണ ക്രമക്കേടുകൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ “അമിതമായ ഡയറ്റിംഗ്”  എന്ന തരത്തിൽ തള്ളിക്കളയുകയോ ചെയ്യുന്നു.

എന്നാൽ പാശ്ചാത്യ സൗന്ദര്യ സങ്കൽപ്പങ്ങൾ, മത്സരാധിഷ്ഠിതമായ തൊഴിൽ സാഹചര്യങ്ങൾ, സോഷ്യൽ മീഡിയയുടെ അമിത സ്വാധീനം എന്നിവ മൂലം പെൺകുട്ടികളിൽ മാത്രമല്ല, ആൺകുട്ടികളിലും അനോറെക്സിയ വർദ്ധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 

നമുക്ക് എന്തുചെയ്യാൻ കഴിയും

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അനോറെക്സിയയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതായി സംശയം തോന്നിയാലുടൻതന്നെ ശ്രദ്ധ നൽകുക.

മറ്റുള്ളവരുടെ ഭാരത്തെക്കുറിച്ചോ ഭക്ഷണ ശീലങ്ങളെക്കുറിച്ചോ അഭിപ്രായം പറയുന്നത് ഒഴിവാക്കുക.

വീടുകളിലും സ്കൂളുകളിലും പോസിറ്റീവായ ശരീര സങ്കൽപ്പം പ്രോത്സാഹിപ്പിക്കുക.

മറ്റുള്ളവർക്ക് അളന്നു മാർക്കിട്ടു നിർണ്ണയിക്കാനുള്ളതല്ല നമ്മുടെ ശരീരം എന്ന് കുഞ്ഞുന്നാൾ മുതൽ തന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാം.

സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, അല്ലെങ്കിൽ ഡയറ്റീഷ്യൻമാർ എന്നിവരുടെ സഹായം നേരത്തേ  തേടുക.

രോഗശാന്തിയിലേക്കുള്ള വഴി

സങ്കീർണ്ണമായ അവസ്ഥയിൽ നിന്ന് സാധാരണജീവിതത്തിലേക്ക് തിരികെയെത്തുന്നതിന് ക്ഷമയും ആത്മവിശ്വാസവും അനിവാര്യമാണ്. 

ശാരീരികവും മാനസികവുമായി ആരോഗ്യം തിരികെ നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുവെയ്പ്പും ഏറെ നിർണ്ണായകമാണ്. 

References

  1. National Health Service (UK) — Overview: Anorexia nervosa.
  2. National Eating Disorders Association (USA) — Anorexia Nervosa | Symptoms, Treatment & Support.
  3. Eating Disorders: What Are They?
  4. Anorexia Nervosa: Practice Essentials.
  5. https://www.nature.com/articles/nrdp201574

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe