ഹോർമോണുകളുടെ മാറ്റം: 40 ന് ശേഷമുള്ള ലൈംഗിക ആരോഗ്യം 

ഹോർമോണുകളുടെ മാറ്റം: 40 ന് ശേഷമുള്ള ലൈംഗിക ആരോഗ്യം 

പ്രായം നാൽപ്പതു കടന്നാൽ ജീവിതത്തിൽ പലതിനും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് കരുതുന്നവരാണ് നമ്മളിൽ വലിയൊരു വിഭാഗവും. പ്രായമേറുന്തോറും ശരീരത്തിനും മനസ്സിനും വരുന്ന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാൽ, ഇതു സംബന്ധിച്ച് നിലനിൽക്കുന്ന കുറെ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയും. നമ്മുടെ നാട്ടിൽ പൊതുവെ ജോലിസംബന്ധമായ കാര്യങ്ങൾ, മക്കളുടെ പഠനം,വീട്, അസുഖങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ചയാകുമെങ്കിലും ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് വലിയ തെറ്റായി കാണുന്നവരുണ്ട്. ഇങ്ങനെ സംവദിക്കാതെ, മനസ്സിൽ ഒതുക്കി വെയ്ക്കുന്ന സംശയങ്ങളും ആശങ്കകളും മിഥ്യാധാരണകളിലേക്ക് വഴിമാറാൻ വളരെ എളുപ്പമാണ്. നാൽപ്പതിന് ശേഷം ലൈംഗികതയിൽ വരുന്ന മാറ്റങ്ങൾ എന്താണ്, അതിൻ്റെ ശാസ്ത്രീയകാരണങ്ങൾ എന്തെല്ലാമാണ്, നാൽപ്പത് വയസ്സ് എന്നത്, ലൈംഗികതയുടെ അവസാന ലാപ്പായി കണക്കാക്കണോ തുടങ്ങിയ സംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങൾ നമുക്ക് കണ്ടെത്താം.  

ഹോർമോണുകൾക്ക് മാറ്റം വന്നുതുടങ്ങുമെങ്കിലും, 40-ന് ശേഷമുള്ള ലൈംഗിക ആരോഗ്യം നഷ്ടങ്ങളെക്കുറിച്ചല്ല, മറിച്ച് പരിവർത്തനത്തെക്കുറിച്ചുള്ളതാണ്.

ശരീരഘടന മാറുന്നു എന്നത് സത്യമാണ്. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ തുടങ്ങിയ പ്രധാന ഹോർമോണുകൾ കുറഞ്ഞുതുടങ്ങുന്നത് ലൈംഗികാസക്തിയെയും ഊർജ്ജത്തെയും അടുപ്പത്തെയും സ്വാധീനിക്കുന്നു. എന്നാൽ, കൃത്യമായ അവബോധം, നല്ല ജീവിതശൈലി, തുറന്ന മനോഭാവം എന്നിവയിലൂടെ ലൈംഗികോർജ്ജം 60കളിലും 70കളിലും അതിനുശേഷവും ത്രസിച്ചു നിൽക്കുമെന്ന് ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നു.

ഓരോ പ്രായത്തിലും അടുപ്പവും ഊഷ്മളബന്ധവും സന്തോഷവും നിലനിർത്താനുള്ള ജീവശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ചും, വൈകാരിക പരിവർത്തനങ്ങളെക്കുറിച്ചും, ശാസ്ത്ര പിന്തുണയുള്ള വഴികളെക്കുറിച്ചും നമുക്ക് പരിശോധിക്കാം.

ഹോർമോൺ ക്ലോക്ക്: 40ന് ശേഷം എന്തെല്ലാം മാറ്റങ്ങൾ

സ്ത്രീകളിൽ

ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള ഘട്ടമായ പെരിമെനോപോസ് (Perimenopause) സാധാരണയായി 40-കളിലാണ് ആരംഭിക്കുന്നത്. ഈ സമയത്ത് ഈസ്ട്രജൻ, പ്രൊജെസ്റ്ററോൺ എന്നീ ഹോർമോണുകളുടെ അളവിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു.

ഇത് ഇനിപ്പറയുന്നവയ്ക്ക് കാരണമായേക്കാം:

  • യോനിയിലെ വരൾച്ച അല്ലെങ്കിൽ അസ്വസ്ഥത
  • ലൈംഗികാസക്തി കുറയുക
  • മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷീണം
  • ഉറക്കമില്ലായ്മ
  • ശരീരത്തിന് അമിതമായ ചൂട് അനുഭവപ്പെടുക, രാത്രിയിലെ അമിത വിയർപ്പ്

ആർത്തവവിരാമം സംഭവിച്ചാൽ (തുടർച്ചയായി 12 മാസം ആർത്തവം ഇല്ലാതിരുന്നാൽ ആർത്തവ വിരാമമായി കണക്കാക്കാം), ഈസ്ട്രജൻ്റെ അളവ് കുറഞ്ഞ നിലയിൽത്തന്നെ നിലനിൽക്കുന്നു — ഇത് യോനിയിലെ പേശികളുടെ ഇലാസ്തികതയെയും രക്തയോട്ടത്തെയും ബാധിക്കുന്നു.

പുരുഷന്മാരിൽ

പുരുഷന്മാരിൽ ഹോർമോൺ കുറയുന്നത് മന്ദഗതിയിലാണ്. ഇതിനെ പലപ്പോഴും ആൻഡ്രോപോസ് (Andropause) എന്ന് വിളിക്കുന്നു.

30 വയസ്സിനുശേഷം ടെസ്റ്റോസ്റ്റിറോൺ അളവ് പ്രതിവർഷം ഏകദേശം 1% എന്ന കണക്കിൽ കുറയുന്നു. ഇത് താഴെ പറയുന്നവയിലേക്ക് നയിക്കുന്നു:

  • ലൈംഗിക താൽപ്പര്യം കുറയുന്നത്
  • ഉദ്ധാരണത്തിന് കരുത്തു കുറയുക
  • പേശികളുടെ കനവും ഊർജ്ജവും നഷ്ടപ്പെടുക
  • മനോഭാവത്തിൽ മാറ്റങ്ങൾ, ദേഷ്യം

പ്രധാനമായും ഓർക്കേണ്ട കാര്യം, പ്രായമാകുന്നു എന്നതിന് പ്രവർത്തനശേഷി നഷ്ടമാകുന്നു എന്നർത്ഥമില്ല എന്നതാണ്.  ഈ മാറ്റങ്ങൾ ഒരു പുതിയ ശാരീരിക താളത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

പ്രായമാകലും ലൈംഗികതയും: ശാസ്ത്രം പറയുന്നത് 

ലൈംഗികശേഷി നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പഠനങ്ങൾ തെളിയിക്കുന്നതനിസരിച്ച്:

  • പതിവായുള്ള ലൈംഗികബന്ധം, മധ്യവയസ്സിനു ശേഷവും ഹോർമോൺ സന്തുലിതാവസ്ഥ മെച്ചപ്പെട്ട രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു.
  • ലൈംഗികബന്ധം നിലനിർത്തുന്നവർക്ക്  മെച്ചപ്പെട്ട ഹൃദയാരോഗ്യം, നല്ല ഉറക്കം, രോഗപ്രതിരോധശേഷി എന്നിവയുണ്ടെന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
  • വൈകാരികമായ അടുപ്പവും സ്പർശവും ഓക്സിടോസിൻ, എൻഡോർഫിൻ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, 40ന് ശേഷം ആരോഗ്യകരമായ ലൈംഗിക ജീവിതം നിലനിർത്തുന്നത് ആനന്ദത്തിന് വേണ്ടി മാത്രമല്ല, ദീർഘായുസ്സിനും മാനസികാരോഗ്യത്തിനും ഹോർമോൺ സ്ഥിരതയ്ക്കും കൂടി വേണ്ടിയാണ്.

ശരീരവും മസ്തിഷ്ക്കവും തമ്മിലുള്ള ബന്ധം

ലൈംഗികാസക്തിയുടെ ഉറവിടം ജനനേന്ദ്രിയങ്ങളിലല്ല, അത് തലച്ചോറിലാണ്.

നമുക്ക് പ്രായമാകുമ്പോൾ, ഹോർമോണുകളേക്കാൾ കൂടുതൽ സ്വാധീനം ചെലുത്തുന്നത് മാനസികവും വൈകാരികവുമായ ഘടകങ്ങളാണ്.

സാധാരണയായി നേരിടുന്ന വെല്ലുവിളികൾ ഇവയാണ്:

  • ശരീര ഘടനയെക്കുറിച്ചുള്ള ആശങ്കകൾ 
  • ലൈംഗികതയിലെ പ്രകടനത്തെക്കുറിച്ചുള്ള ഉത്കണ്ഠ അഥവാ ആത്മവിശ്വാസമില്ലായ്മ
  • സമ്മർദ്ദം, അമിതമായ ജോലി, പരിചരണത്തിൻ്റെ ഉത്തരവാദിത്തങ്ങൾ
  • ബന്ധങ്ങളിലെ മടുപ്പ് അഥവാ പുതുമ നഷ്ടപ്പെടുന്നത്

ഈ വൈകാരിക ഘടകങ്ങളെ സംഭാഷണം, കൗൺസിലിംഗ്, മൈൻഡ്ഫുൾനെസ് എന്നിവയിലൂടെ പരിഹരിക്കുന്നത് ഹോർമോണുകൾ കുറയുമ്പോഴും അടുപ്പം വീണ്ടെടുക്കാൻ സഹായിക്കും.

സന്തുലിതാവസ്ഥ സ്വാഭാവികമായി പുനഃസ്ഥാപിക്കാൻ

വൈദ്യശാസ്ത്രപരമായ ചികിത്സകൾ നിലവിലുണ്ടെങ്കിലും, 40ന് ശേഷം ലൈംഗിക ആരോഗ്യം പഴയപടി നിലനിർത്താൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്തമായതും ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് ആർജിക്കാൻ കഴിയുന്നതുമായ ഘടകങ്ങളുണ്ട്:

1️⃣ പതിവായി വ്യായാമം ചെയ്യുക

ഏറോബിക്, പേശീബലം കൂട്ടുന്ന വ്യായാമങ്ങൾ എന്നിവ പരിശീലിക്കുന്നത്  രക്തചംക്രമണം, ടെസ്റ്റോസ്റ്റിറോൺ, ഡോപമിൻ എന്നിവ വർദ്ധിപ്പിക്കുന്നു — ഇവയെല്ലാം ലൈംഗികാസക്തിക്ക് അത്യാവശ്യമാണ്.

2️⃣ ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷണം കഴിക്കുക

ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക:

  • ഒമേഗ-3 (ചണവിത്ത്, സാൽമൺ മത്സ്യം) – രക്തചംക്രമണത്തിനായി
  • സിങ്ക് & മഗ്നീഷ്യം (പരിപ്പ്, വിത്തുകൾ, ഡാർക്ക് ചോക്ലേറ്റ്) – ടെസ്റ്റോസ്റ്റിറോണിനായി
  • ഫൈറ്റോ ഈസ്ട്രജൻ (സോയ, എള്ള്, കടല) – ഈസ്ട്രജൻ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കാൻ

3️⃣ നന്നായി ഉറങ്ങുക

ഗാഢനിദ്ര വളർച്ചാ ഹോർമോണിൻ്റെയും ടെസ്റ്റോസ്റ്റിറോണിൻ്റെയും ഉൽപ്പാദനത്തെ സഹായിക്കുന്നു.

ആരോഗ്യകരമായ ഉപാപചയ പ്രവർത്തനവും ലൈംഗികാസക്തിയും നിലനിർത്താൻ 40 വയസ്സിനു മുകളിലുള്ളവർക്ക് പലപ്പോഴും 7–8 മണിക്കൂർ ഉറക്കം ആവശ്യമാണ്.

4️⃣ സമ്മർദ്ദം നിയന്ത്രിക്കുക

സമ്മർദ്ദമുണ്ടാകുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ക്രോണിക് കോർട്ടിസോൾ വർദ്ധനവ് ലൈംഗിക ഹോർമോണുകളെ നേരിട്ട് ബാധിക്കുന്നു.

ശരീരത്തിൻ്റെ സമ്മർദ്ദ പ്രതികരണം നിയന്ത്രിക്കാൻ ധ്യാനം, യോഗ, സാവധാനത്തിലുള്ള ശ്വസന രീതികൾ എന്നിവ പരീക്ഷിക്കാം.

5️⃣ ലൈംഗികബന്ധത്തേക്കാൾ സ്പർശത്തിന് പ്രാധാന്യം നൽകുക. സ്പർശം, ആലിംഗനം, മസാജ്, ഊഷ്മളമായ പൂർവ്വലീലകൾ എന്നിവ ഓക്സിടോസിൻ്റെ അളവ് നിലനിർത്താനും ബന്ധം വീണ്ടും സുദൃഢമാകാനും സഹായിക്കും.

വൈദ്യശാസ്ത്രപരവും ചികിത്സാപരവുമായ വഴികൾ 

സ്വാഭാവിക മാർഗ്ഗങ്ങൾ പോരാതെ വന്നാൽ, ആധുനിക വൈദ്യശാസ്ത്രം നൽകുന്ന സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കാം:

സ്ത്രീകൾക്ക്

  • യോനിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഈസ്ട്രജൻ തെറാപ്പി (ക്രീമുകൾ, റിംഗുകൾ, പാച്ചുകൾ).
  • DHEA സപ്ലിമെന്റുകൾ പേശികളുടെ കരുത്തും ലൈംഗികാസക്തിയും മെച്ചപ്പെടുത്തുന്നു.
  • പെൽവിക് ഫ്ലോർ വ്യായാമങ്ങൾ പേശീബലവും രക്തയോട്ടവും വർദ്ധിപ്പിക്കുന്നു.

പുരുഷന്മാർക്ക്

  • ഡോക്ടറുടെ നിർദ്ദേശപ്രകാരം ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി (TRT) സഹായകമായേക്കാം.
  • ഉദ്ധാരണം മെച്ചപ്പെടുത്താൻ PDE5 ഇൻഹിബിറ്ററുകൾ (സിൽഡെനാഫിൽ പോലുള്ളവ).
  • പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ നിയന്ത്രിക്കുന്നത് ലൈംഗിക ശേഷിക്ക് അത്യന്താപേക്ഷിതമാണ്.

ഏതെങ്കിലും ഹോർമോൺ അല്ലെങ്കിൽ സപ്ലിമെന്റ് ചികിത്സകൾ ആരംഭിക്കുന്നതിന് മുമ്പ് എപ്പോഴും ഒരു ഡോക്ടറുമായി കൂടിയാലോചിക്കേണ്ടതാണ്.

40ന് ശേഷം അടുപ്പത്തെ പുനർനിർവചിക്കാം

ആരോഗ്യകരമായ ലൈംഗികത എന്നത് എത്ര തവണ, എങ്ങനത്തെ പ്രകടനം എന്നതല്ല, മറിച്ച് അടുപ്പം, ആത്മവിശ്വാസം, ആനന്ദം എന്നിവയെക്കുറിച്ചുള്ളതാണ്.

വൈകാരികമായ അടുപ്പം, ചിരി, ഒരുമിച്ചു പങ്കിട്ട കാര്യങ്ങളെക്കുറിച്ചുള്ള നല്ല ഓർമ്മകൾ, പരസ്പര ധാരണ എന്നിവ ലൈംഗികബന്ധത്തെ എന്നത്തേക്കാളും അർത്ഥവത്തും സംതൃപ്തവുമാക്കുന്നു.

40 വയസ്സിനു ശേഷമുള്ള അടുപ്പം വികാരത്തേക്കാൾ (lust) സ്നേഹത്തെ (love) അടിസ്ഥാനമാക്കിയുള്ളതാണെന്ന് പല ദമ്പതികളും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആഴമേറിയതും കരുതലോടെയുള്ളതും വൈകാരികമായ ഇഴയടുപ്പമുള്ളതുമാണത്. 

മൈൻഡ്ഫുൾ ലൈംഗികത: ആഗ്രഹത്തിലേക്കുള്ള പുതിയ പാത

മൈൻഡ്ഫുൾ അടുപ്പം പരിശീലിക്കുന്നത് — അതായത്, പൂർണ്ണമായി വർത്തമാന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ലൈംഗികത— ഉത്കണ്ഠ കുറയ്ക്കുകയും ആസ്വാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക:

  • ശ്വാസത്തിലും സംവേദനങ്ങളിലും
  • കണ്ണുകളിലേക്കുള്ള നോട്ടത്തിൽ 
  • സാവധാനമുള്ള സ്പർശം
  • ലൈംഗികമല്ലാത്ത അടുപ്പം (സംസാരിക്കുക, മനസ്സ് തുറന്ന പെരുമാറ്റം തുടങ്ങിയവ)

ഇതെല്ലാം ഉത്തേജനത്തിൻ്റെ നാഡീപരവും വൈകാരികവുമായ പാതകളെ ശക്തിപ്പെടുത്തുന്നു.

ഹോർമോണുകൾക്ക് കാലക്രമേണ   മാറ്റം വന്നേക്കാം, പക്ഷേ പരസ്പരമുള്ള അടുപ്പത്തിൽ കുറവു വരുത്തേണ്ട കാര്യമേയില്ല.

അവബോധം, സ്വയം പരിപാലനം, വൈകാരികമായ തുറന്ന സമീപനം എന്നിവയിലൂടെ ലൈംഗികോർജ്ജം പ്രായത്തിനനുസരിച്ച് മെച്ചപ്പെട്ടു വരാം. അത് കൂടുതൽ സൗമ്യവും ആഴമേറിയതും സംതൃപ്തവുമാകാം.

യൗവനം അഭിനിവേശം നൽകും. പ്രായം ബന്ധത്തിന് വ്യാപ്തിയും.

References

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe