തലച്ചോറിന് തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ: അഗ്നോസിയ എന്ന അപൂർവ്വരോഗം

ഏറെ പ്രിയമുള്ളവരെ കണ്ടിട്ടും തിരിച്ചറിയാതിരിക്കുക, പരിചിതമായ കാര്യങ്ങൾ കേട്ടിട്ടും മനസ്സിലാകാതിരിക്കുക, കാണാനും കേൾക്കാനും തൊട്ടറിയാനും കഴിയുമ്പോഴും അതിൻ്റെ കാതലെന്തെന്ന് പിടികിട്ടാത്ത അവസ്ഥ വരിക. ഫോൺ ശബ്ദിക്കുന്നതു വ്യക്തമായി കേൾക്കുമ്പോഴും അതിൻ്റെ അർത്ഥമെന്താണെന്ന് ഗ്രഹിക്കാൻ കഴിയാതെയാകുക.
ഇപ്പറഞ്ഞതെല്ലാം ചെറിയ ചില ഉദാഹരണങ്ങൾ മാത്രം. അപൂർവ്വ രോഗം ബാധിച്ച വ്യക്തികൾ അനുനിമിഷം അനുഭവിക്കുന്ന പ്രയാസങ്ങളുടെ ചില ഉദാഹരണങ്ങൾ.
ഇത് മറവി രോഗമല്ല, ആശയക്കുഴപ്പമല്ല, ബുദ്ധിശൂന്യതയുമല്ല.
ഇതാണ് അഗ്നോസിയ (Agnosia) — നമ്മുടെ ഇന്ദ്രിയങ്ങൾ പൂർണ്ണമായും പ്രവർത്തിക്കുമ്പോഴും, ലഭിക്കുന്ന വിവരങ്ങൾ തിരിച്ചറിയാനുള്ള കഴിവ് തലച്ചോറിന് നഷ്ടമാകുന്ന, അപൂർവ്വ രോഗാവസ്ഥയാണിത്. നാഡീസംബന്ധിയായ ഈ അസുഖത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.
എന്താണ് അഗ്നോസിയ?
ഗ്രഹണശേഷിയെ (perception) ബാധിക്കുന്ന ഒരു തകരാറാണിത്.
അഗ്നോസിയ രോഗികൾക്ക് കാണാനും കേൾക്കാനും മണക്കാനും സ്പർശിക്കാനും സാധിക്കും. പക്ഷേ, അവർക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ എന്താണെന്ന് തിരിച്ചറിയാനോ വ്യാഖ്യാനിക്കാനോ കഴിയില്ല.
വ്യക്തമായ കാഴ്ച്ചയുണ്ട്, ചെവികളുടെ പ്രവർത്തനത്തിൽ അസ്വാഭാവികതയില്ല-എങ്കിലും കാണുന്നത് ആരെയാണെന്നോ കേൾക്കുന്നത് എന്താണെന്നോ ഉള്ളതിൻ്റെ അർത്ഥം നഷ്ടമാകുന്നു. കാരണം, ഇന്ദ്രിയപ്രവർത്തനങ്ങളെ വ്യാഖ്യാനിക്കുന്ന മസ്തിഷ്ക്കത്തിലെ കേന്ദ്രങ്ങൾക്ക് ക്ഷതം സംഭവിച്ചിരിക്കുന്നു.
സാധാരണയായി, തലച്ചോറിൻ്റെ ചില പ്രത്യേക ഭാഗങ്ങളിൽ (പ്രത്യേകിച്ച് പാരൈറ്റൽ, ടെമ്പറൽ, അല്ലെങ്കിൽ ഓസിപിറ്റൽ ലോബുകൾ) ഉണ്ടാകുന്ന ക്ഷതം മൂലമോ രോഗം മൂലമോ ആണ് അഗ്നോസിയ ഉണ്ടാകുന്നത്.
അഗ്നോസിയ തലച്ചോറിൽ വരുത്തുന്ന വ്യത്യാസം എന്താണ്?
നമ്മുടെ തലച്ചോറ് ഒരു പരിഭാഷകനെ പോലെയും വ്യാഖ്യാതാവിനെപ്പോലെയും പ്രവർത്തിക്കുന്നു.
ഇന്ദ്രിയങ്ങൾ (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) വെളിച്ചം, ശബ്ദം, സ്പർശം എന്നീ അസംസ്കൃത വിവരങ്ങൾ (Raw Data) മസ്തിഷ്ക്കത്തിലേക്ക് അയയ്ക്കുന്നു . മസ്തിഷ്ക്കം ഈ വിവരങ്ങളെ അർത്ഥമുള്ള കാര്യങ്ങളാക്കി മാറ്റിയെടുക്കുന്നു.
എന്നാൽ, അഗ്നോസിയയുള്ള അവസ്ഥയിൽ:
- ഇന്ദ്രിയ വിവരങ്ങൾ സാധാരണപോലെ തലച്ചോറിൽ എത്തുന്നു.
- പക്ഷേ, അതിനെ വ്യാഖ്യാനിക്കുന്ന ശൃംഖലയ്ക്ക് തടസ്സം സംഭവിക്കുന്നു.
“ഞാൻ അത് കാണുന്നുണ്ട്… പക്ഷേ അതെന്താണെന്ന് എനിക്കറിയില്ല” എന്ന അവസ്ഥയിലേക്ക് ഈ തകരാർ രോഗിയെ കൊണ്ടെത്തിക്കുന്നു.
അഗ്നോസിയയുടെ വിവിധ തരങ്ങൾ
ഏത് ഇന്ദ്രിയ പാതയെയാണ് (sensory pathway) ബാധിക്കുന്നത് എന്നതിനെ ആശ്രയിച്ച്, അഗ്നോസിയ വ്യത്യസ്ത രീതികളിൽ കാണപ്പെടുന്നു:
1. വിഷ്വൽ അഗ്നോസിയ (Visual Agnosia)
വ്യക്തിക്ക് വസ്തുക്കളെ കാണാൻ കഴിയും, പക്ഷേ തിരിച്ചറിയാൻ കഴിയില്ല.
- ഒരു സ്പൂൺ കണ്ടാൽ, അതെന്താണെന്ന് അറിയാൻ കഴിഞ്ഞെന്ന് വരില്ല.
- വസ്തുക്കളെ തൊട്ടോ അല്ലെങ്കിൽ ശബ്ദം കേട്ടോ മാത്രമായിരിക്കും ചിലപ്പോൾ തിരിച്ചറിയാൻ കഴിയുക.
പ്രോസോപഗ്നോസിയ (Prosopagnosia – മുഖം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്)
ഈ അവസ്ഥയിൽ, പരിചിതമായ മുഖങ്ങൾ — അടുത്ത ബന്ധുക്കളുടേത് പോലും — തിരിച്ചറിയാൻ കഴിയുന്നില്ല.
ഇതൊരു വൈകാരിക അകൽച്ചയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, എന്നാൽ യഥാർത്ഥത്തിൽ നാഡീവ്യൂഹത്തെ (neurological)ആണ് രോഗം ബാധിക്കുന്നത്.
2. ഓഡിറ്ററി അഗ്നോസിയ (Auditory Agnosia)
കേൾവിക്ക് പ്രശ്നമൊന്നും ഉണ്ടാകില്ല, പക്ഷേ കേൾക്കുന്ന ശബ്ദങ്ങൾക്ക് അർത്ഥമില്ലാതെ വരുന്നു.
- ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നു — പക്ഷേ അത് ഫോൺ ബെല്ലാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.
- സംഗീതം ക്രമരഹിതമായ ശബ്ദങ്ങൾ പോലെ തോന്നിയേക്കാം.
അമ്യൂസിയ (Amusia)
- സംഗീതമോ താളമോ (Rhythm) തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
ടാക്റ്റൈൽ അഗ്നോസിയ (Tactile Agnosia / Astereognosis – സ്പർശ സംബന്ധമായത്)
സ്പർശനശേഷി ഉപയോഗിച്ചു മാത്രം ഒരു വസ്തുവിനെ തിരിച്ചറിയാൻ വ്യക്തിക്ക് കഴിയാതെ വരുന്നു.
- കയ്യിൽ ഒരു താക്കോൽ (Key) വെച്ചാൽ അതിൻ്റെ രൂപം അനുഭവപ്പെടുന്നു.
- പക്ഷേ, കണ്ടാൽ മാത്രമേ അതെന്താണെന്ന് തിരിച്ചറിയാനാകൂ.
ഓൾഫാക്ടറി & ഗസ്റ്റേറ്ററി അഗ്നോസിയ (Olfactory & Gustatory Agnosia – മണം, രുചി സംബന്ധമായവ)
വളരെ അപൂർവമായ തരമാണിവ.
- മണവും രുചിയും അറിയാൻ കഴിയുന്നു.
- പക്ഷേ, അത് തിരിച്ചറിയാനോ പേര് പറയാനോ കഴിയുന്നില്ല.
അഗ്‌നോസിയയുടെ കാരണങ്ങൾ എന്തൊക്കെയാണ്?
അഗ്നോസിയ സാധാരണയായി പാരമ്പര്യമായി ലഭിക്കുന്നതല്ല, അത്, രോഗി ആർജിക്കുന്നതാണ്.
സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ ഇനിപ്പറയുന്നു:
- സ്ട്രോക്ക് (പക്ഷാഘാതം – ഏറ്റവും സാധാരണമായ കാരണം)
- തലച്ചോറിന് ഉണ്ടാകുന്ന ആഘാതം (ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി)
- തലച്ചോറിലെ മുഴകൾ (Brain tumors)
- നാഡീവ്യൂഹത്തെ ക്ഷയിപ്പിക്കുന്ന രോഗങ്ങൾ (അൽസ്ഹൈമേഴ്‌സ്, ഡിമെൻഷ്യ പോലുള്ളവ)
- തലച്ചോറിന് ഉണ്ടാകുന്ന അണുബാധകൾ (എൻസെഫലൈറ്റിസ്)
- ഹൈപ്പോക്സിയ (തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ അളവ് കുറയുന്നത്)
തലച്ചോറിൻ്റെ ഏത് ഭാഗത്തെയാണ് ക്ഷതം ബാധിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക.
അഗ്നോസിയ നിർണ്ണയിക്കുന്നതെങ്ങനെ?
വിശദമായ ന്യൂറോളജിക്കൽ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. ഇതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:
- രോഗചരിത്ര വിശകലനം: രോഗിയുടെ ലക്ഷണങ്ങളെക്കുറിച്ചും ആരോഗ്യപരമായ പശ്ചാത്തലത്തെക്കുറിച്ചുമുള്ള വിവരങ്ങൾ.
- ന്യൂറോസൈക്കോളജിക്കൽ ടെസ്റ്റുകൾ: തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ അളക്കുന്ന പ്രത്യേക പരിശോധനകൾ.
- ബ്രെയിൻ ഇമേജിംഗ് (Brain Imaging): തലച്ചോറിൻ്റെ ചിത്രങ്ങളെടുക്കുന്ന എം.ആർ.ഐ. (MRI) അല്ലെങ്കിൽ സി.ടി. സ്കാൻ (CT Scan) പോലുള്ള പരിശോധനകൾ.
- ഇന്ദ്രിയ പരിശോധനകൾ (Sensory Testing): കാഴ്ച, കേൾവി എന്നിവയിൽ തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ.
ഇന്ദ്രിയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായിരിക്കും. പക്ഷേ വിവരങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവ് നഷ്ടമായിട്ടുണ്ടാകും. ഇത് തിരിച്ചറിയുന്നത് രോഗനിർണ്ണയത്തിന് ഏറെ സഹായകമാകുന്നു.
രോഗിയുടെ തുടർന്നുള്ള ജീവിതം
ബുദ്ധിയെയോ ഓർമ്മയെയോ നേരിട്ട് ബാധിക്കുന്നില്ല എങ്കിലും അഗ്നോസിയ, ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു.
ഇതുമായി ജീവിക്കുന്നവർക്ക് സംഭവിക്കാവുന്ന കാര്യങ്ങൾ:
- നാണക്കേടോ നിരാശയോ തോന്നാം.
- ശ്രദ്ധയില്ലാത്തവരെന്നോ ആശയക്കുഴപ്പമുള്ളവരെന്നോ തെറ്റിദ്ധരിക്കപ്പെടാം.
- തെറ്റുകൾ സംഭവിക്കുമോ എന്ന ഭയം കാരണം സാമൂഹികമായി ഒഴിഞ്ഞുമാറാം.
രോഗിയുടെ അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് കൃത്യമായ അവബോധവും ധാരണയും ഉണ്ടാകണം. രോഗിക്കു ലഭിക്കുന്ന വൈകാരിക പിന്തുണ, ചികിത്സാ പരിചരണം പോലെതന്നെ പ്രധാനമാണ്.
ഫലപ്രദമായ ചികിൽസയുണ്ടോ?
അഗ്നോസിയയ്ക്ക് ഒറ്റത്തവണ നൽകി ഭേദമാക്കാൻ കഴിയുന്ന തരത്തിൽ പരിപൂർണ്ണ ചികിത്സ ഇല്ല എങ്കിലും പുനരധിവാസ ചികിത്സ (rehabilitation) ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വലിയൊരളവുവരെ സഹായിക്കും.
രോഗീപരിപാലനം പ്രധാനമായും ശ്രദ്ധിക്കുന്ന ഘടകങ്ങൾ:
- അടിസ്ഥാന കാരണത്തിനുള്ള ചികിത്സ (സ്ട്രോക്ക് പരിചരണം, അണുബാധ നിയന്ത്രിക്കൽ തുടങ്ങിയവ).
- ഒക്യുപേഷണൽ തെറാപ്പി (ദൈനംദിന ജോലികൾ ചെയ്യാൻ പഠിപ്പിക്കുന്നത്).
- സ്പീച്ച്, ധിഷണാ പുനരധിവാസം.
- പകരം ഉപയോഗിക്കാവുന്ന സംവിധാനങ്ങളെക്കുറിച്ച് പഠിപ്പിക്കുക (സ്പർശനത്തിലൂടെ തിരിച്ചറിയുക, ലേബലുകൾ ഉപയോഗിക്കുക, ദിനചര്യകൾ ഉണ്ടാക്കുക).
തലച്ചോറിന് ന്യൂറോപ്ലാസ്റ്റിസിറ്റി (സ്വയം മാറാനുള്ള കഴിവ്) ഉണ്ട്. ക്ഷമയോടെ തെറാപ്പി നൽകി മുന്നോട്ട് പോയാൽ, പല രോഗികൾക്കും കാര്യമായ പുരോഗതി നേടാൻ കഴിയും.
തിരിച്ചറിവിൻ്റെ യഥാർത്ഥ കേന്ദ്രം ഇന്ദ്രിയങ്ങൾക്കുമപ്പുറത്താണെന്ന്
അഗ്നോസിയ നമ്മെ ഓർമ്മിപ്പിക്കുന്നു. കണ്ണോ മൂക്കോ ചെവിയോ അല്ല, മസ്തിഷ്ക്കമാണ് സകല നിർവ്വചനങ്ങളുടേയും അവസാനവാക്കെന്നും.
അഗ്നോസിയ ബാധിതർക്ക് സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് ശരിയായ കരുതലും പരിചരണവും ലഭിക്കണം. സഹാനുഭൂതിയോടെ പ്രശ്നങ്ങളെ നേരിടാനും രോഗിയെ ചേർത്തുനിർത്താനും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും സാധിക്കണം.
കണ്ടും കേട്ടും തൊട്ടും ലോകത്തെ തിരിച്ചറിഞ്ഞിരുന്നവർക്ക് ആ കഴിവുകൾ നഷ്ടമാകുമ്പോഴും, അവരുടെ മനസ്സ്, ഓരോ നിമിഷവും ലോകത്തെ വീണ്ടും വീണ്ടും മനസ്സിലാക്കാനായി നിശബ്ദം ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.




