ഗർഭിണികളിലെ മാനസിക സമ്മർദ്ദം കുഞ്ഞിന് ദോഷം ചെയ്യുമോ?

ഗർഭകാലത്തും പ്രസവത്തിലുമുണ്ടാകുന്ന സമ്മർദ്ദത്തിന്റെ അനന്തരഫലങ്ങൾ
ഒറ്റ ശരീരത്തിനുള്ളിൽ രണ്ട് ഹൃദയങ്ങൾ മിടിക്കുന്ന സമയമാണ് ഗർഭകാലം. അമ്മയ്ക്ക് എന്തെല്ലാം തോന്നുന്നുവോ, അതെല്ലാം കുഞ്ഞും അറിയുന്നു. ഇടയ്ക്ക് വല്ലപ്പോഴുമുണ്ടാകുന്ന സമ്മർദ്ദവും ആശങ്കയുമൊക്കെ സാധാരണമാണെങ്കിലും നിരന്തരമായ സമ്മർദ്ദം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പരോക്ഷമായി ബാധിച്ചേക്കാം.
ഗർഭകാലത്തെ മാനസിക സമ്മർദ്ദം ഹോർമോണുകൾ, രോഗപ്രതിരോധശേഷി, കുഞ്ഞിന്റെ വളർച്ച, സ്വഭാവം, പ്രസവസങ്കീർണ്ണതകൾ എന്നിവയിലെല്ലാം സ്വാധീനം ചെലുത്തുമെന്ന് ആധുനിക ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
മാനസിക സമ്മർദ്ദം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നത്, ഗർഭിണിയുടെയും കുഞ്ഞിൻ്റെയും ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ സഹായകമാകും.
സമ്മർദ്ദത്തിന്റെ ശാസ്ത്രം: ഉള്ളിൽ എന്തു സംഭവിക്കുന്നു?
സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ, നോറെപിനെഫ്രിൻ പോലുള്ള ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് പ്രശ്നങ്ങൾ നേരിടാനോ അല്ലെങ്കിൽ ഓടി രക്ഷപ്പെടാനോ (fight or flight) നമ്മളെ തയ്യാറാക്കുന്നു.
ചെറിയ തോതിലാണെങ്കിൽ, ഈ പ്രതികരണം സംരക്ഷണം നൽകും. എന്നാൽ ഗർഭകാലത്ത്, സ്ഥിരമായ സമ്മർദ്ദം ഈ ഹോർമോണുകളുടെ അളവ് ഉയർന്നു നിൽക്കാൻ ഇടയാക്കുന്നു. ഇത് അമ്മയെയും കുഞ്ഞിനെയും ബാധിക്കുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്നു.
സമ്മർദ്ദമുണ്ടാകുമ്പോൾ സംഭവിക്കുന്നത്:
1.കോർട്ടിസോൾ കുഞ്ഞിലേക്കെത്തുന്നു: അമ്മയുടെ ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ മറുപിള്ള (Placenta) വഴി കുഞ്ഞിലേക്ക് എത്തുന്നു. ഇത് നിരന്തരമായുണ്ടാകുമ്പോൾ കുഞ്ഞിൻ്റെ മസ്തിഷ്ക വളർച്ചയെ വരെ (fetal brain development) ബാധിച്ചേക്കാം.
2.ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു: സമ്മർദ്ദം കാരണം ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം കുറയുകയും കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും വേണ്ടത്ര ലഭിക്കാതാകുകയും ചെയ്യുന്നു.
3.വീക്കം വർദ്ധിക്കുന്നു: ഇത് മാസം തികയാതെയുള്ള പ്രസവത്തിനോ (preterm contractions) കുഞ്ഞിൻ്റെ തൂക്കക്കുറവിനോ (low birth weight) കാരണമായേക്കാം.
നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിൽ 2022ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത് ഇപ്രകാരമാണ്: തുടർച്ചയായ സമ്മർദ്ദം അനുഭവിച്ച അമ്മമാരുടെ അമ്നിയോട്ടിക് ദ്രവത്തിൽ (amniotic fluid) കോർട്ടിസോളിന്റെ അളവ് കൂടുതലായിരുന്നു. ഇത് ജനനശേഷം കുഞ്ഞുങ്ങളിലെ വൈകാരിക നിയന്ത്രണത്തിലെ (infant emotional regulation) വ്യതിയാനങ്ങളെ സ്വാധീനിക്കുന്നു.
സമ്മർദ്ദം അമ്മയെ എങ്ങനെ ബാധിക്കുന്നു?
1. ശാരീരികമായി
- ഉയർന്ന രക്തസമ്മർദ്ദവും പ്രീഎക്ലാംസിയ (Preeclampsia)യ്ക്കുള്ള സാധ്യതയും
- ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ.
- രോഗപ്രതിരോധശേഷി (Immunity) കുറയുന്നു അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.
- വിശപ്പിലും ദഹനത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ.
2. വൈകാരികവും മാനസികവുമായ മാറ്റങ്ങൾ
- തുടർച്ചയായ ആശങ്ക, ദേഷ്യം, അല്ലെങ്കിൽ മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ (mood swings).
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
- പ്രസവത്തെക്കുറിച്ചുള്ള കുറ്റബോധം, കഴിവില്ലായ്മ, അല്ലെങ്കിൽ ഭയം എന്നിവ തോന്നുക.
3. പെരുമാറ്റം സംബന്ധിച്ച പ്രത്യാഘാതങ്ങൾ
സമ്മർദ്ദം ചില അമ്മമാരെ ആരോഗ്യകരമല്ലാത്ത പ്രതിരോധ രീതികളിലേക്ക് നയിച്ചേക്കാം. ഭക്ഷണം ഒഴിവാക്കുക, വിശ്രമം വേണ്ടെന്ന് വെയ്ക്കുക, അമിതമായി ജോലി ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാലക്രമേണ, ഇത് ശാരീരികവും വൈകാരികവുമായ ക്ഷീണം വർദ്ധിപ്പിക്കുന്നു.
സമ്മർദ്ദം കുഞ്ഞിനെ എങ്ങനെ ബാധിക്കുന്നു?
1. വളർച്ചയും വികാസവും (Growth and Development)
ഗർഭകാലത്തെ തുടർച്ചയായ സമ്മർദ്ദം ജനനസമയത്തെ തൂക്കക്കുറവിനും
(low birth weight) മാസം തികയാതെയുള്ള പ്രസവത്തിനും (preterm birth) ഉള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
തുടർച്ചയായ മാനസിക സമ്മർദ്ദമുള്ള അമ്മമാർക്ക് മറുപിള്ളയിലെ രക്തയോട്ടം കുറയുന്നതു കാരണം വളർച്ച മുരടിച്ച കുഞ്ഞുങ്ങൾ ജനിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി 2020 ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
2. നാഡീവ്യൂഹ വികാസം (Neurodevelopment)
കുഞ്ഞിന്റെ മസ്തിഷ്ക്കം ഗർഭകാലത്തിന്റെ രണ്ടാം ട്രൈമസ്റ്ററിൽ തന്നെ ബന്ധങ്ങൾ സ്ഥാപിക്കാൻ തുടങ്ങുന്നു. കോർട്ടിസോളിന്റെ അമിതമായ സാന്നിധ്യം സമ്മർദ്ദ ഹോർമോണുകളോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ മാറ്റിമറിച്ചേക്കാം. ഇത് ഭാവിയിൽ കുട്ടിയുടെ സമ്മർദ്ദത്തോടും ഉത്കണ്ഠയോടുമുള്ള പ്രതികരണ രീതിയെ വലിയ തോതിൽ സ്വാധീനിക്കുന്നു.
ഗർഭകാലത്തെ സമ്മർദ്ദം, കുട്ടികളിലെ ശ്രദ്ധക്കുറവിനോ അല്ലെങ്കിൽ സ്വഭാവ പ്രശ്‌നങ്ങൾക്കോ കാരണമാകുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
3. സ്വഭാവവും വൈകാരികാരോഗ്യവും (Temperament and Emotional Health)
നിരന്തര സമ്മർദ്ദമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ, ചിലപ്പോൾ അമിത പ്രതികരണശേഷി, കുടലിലെ പ്രശ്നങ്ങൾ, ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ട് എന്നിവ പ്രകടിപ്പിക്കാറുണ്ട്. ഇത് മാതാപിതാക്കളുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് ജനനത്തിനു മുൻപ് തന്നെ അവരുടെ സമ്മർദ്ദ പ്രതികരണ സംവിധാനം (stress response system) വ്യത്യസ്തമായി ട്യൂൺ ചെയ്യപ്പെട്ടതുകൊണ്ടാണ്.
സമ്മർദ്ദം നിയന്ത്രിക്കാൻ: ഗർഭിണിയേയും കുഞ്ഞിനേയും സംരക്ഷിക്കാൻ
സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള ലളിതമായ ചില മാർഗ്ഗങ്ങൾ:
1. ശ്രദ്ധയോടെ ശ്വാസമെടുക്കുക (Breathe Mindfully)
ശാന്തമായ, താളാത്മകമായ ശ്വസനം പരിശീലിക്കുക, അല്ലെങ്കിൽ ഗർഭകാല യോഗ (prenatal yoga) ചെയ്യുക. ഇത് നാഡീവ്യൂഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും 10 മിനിറ്റ് പരിശീലിക്കുന്നത് പോലും കോർട്ടിസോളിൻ്റെ അളവും രക്തസമ്മർദ്ദവും കുറയ്ക്കും.
2. പോഷണം ഉറപ്പാക്കുക (Nourish Yourself)
അയേൺ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ സന്തുലിത ഭക്ഷണം കഴിക്കുക.
കഫീൻ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക — ഇത് ഉത്കണ്ഠ വർദ്ധിപ്പിക്കാനും ഉറക്കം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.
3. കുറ്റബോധമില്ലാതെ വിശ്രമിക്കുക (Rest Without Guilt)
ഉറക്കം അമ്മയ്ക്കും കുഞ്ഞിനും സ്വസ്ഥത നൽകും. അൽപ്പനേരത്തേക്കുള്ള മയക്കം, ശാന്തമായ സംഗീതം, ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുന്നത് – ഇവയെല്ലാം ശാരീരിക മാനസിക വ്യവസ്ഥകളെ പുനഃക്രമീകരിക്കാൻ സഹായിക്കും.
4. തുറന്നു സംസാരിക്കുക (Talk and Share)
നിങ്ങളുടെ ആശങ്കകൾ പങ്കാളിയോടോ, ഡോക്ടറോടോ, കൗൺസിലറോടോ തുറന്ന് സംസാരിക്കുക. വൈകാരിക ബുദ്ധിമുട്ടുകൾ പങ്കുവെയ്ക്കുന്നത് സമാധാനം നൽകും.
സപ്പോർട്ട് ഗ്രൂപ്പുകളിലൂടെയും പ്രസവത്തിനു മുമ്പുള്ള ക്ലാസുകളിലൂടെയും ആശങ്കകൾ പരിഹരിക്കാനാകും. നിങ്ങൾക്ക് തോന്നുന്ന വികാരങ്ങൾ സാധാരണമാണെന്ന് തിരിച്ചറിയാൻ ഇത് സഹായകമാകും.
5. ചിന്തകളെ പുനഃക്രമീകരിക്കുക (Reframe Your Thinking)
“എന്തെങ്കിലും പ്രശ്നം സംഭവിച്ചാലോ?” എന്നതിന് പകരം, “എല്ലാം നന്നായി നടന്നാലോ?”എന്ന് ചിന്തിക്കാൻ ശ്രമിക്കുക.
പോസിറ്റീവ് വിഷ്വലൈസേഷൻ സമ്മർദ്ദം കുറയ്ക്കുകയും കുഞ്ഞുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.
6. നെഗറ്റീവ് കാര്യങ്ങളോടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക
ഓൺലൈൻ വാർത്തകൾ, സംഭാഷണങ്ങൾ, അല്ലെങ്കിൽ മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ഭയപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കി, പോസിറ്റീവായ വിവരങ്ങൾ മാത്രം തെരഞ്ഞെടുക്കുക.
7. സ്പർശനവും ബന്ധവും പ്രോത്സാഹിപ്പിക്കുക
മസാജും സ്നേഹത്തോടെയുള്ള സ്പർശവും കുഞ്ഞിന്റെ ചലനങ്ങൾ ശ്രദ്ധിക്കുന്നതുമെല്ലാം ഓക്സിടോസിൻ എന്ന “സ്നേഹ ഹോർമോൺ” ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ഇത് സമ്മർദ്ദത്തെ ചെറുക്കാൻ ഉത്തമമാണ്.
ഡോക്ടറുടെ സഹായം തേടണ്ടതെപ്പോൾ?
വിട്ടുമാറാത്ത ദുഃഖം, ഉത്കണ്ഠ, അല്ലെങ്കിൽ ദൈനംദിന കാര്യങ്ങളോടുള്ള താല്പര്യക്കുറവ് എന്നിവ അനുഭവപ്പെട്ടാൽ, ഡോക്ടറുമായോ മാനസികാരോഗ്യ വിദഗ്ദ്ധനുമായോ സംസാരിക്കാൻ മടിക്കരുത്.
തെറാപ്പിയും സമ്മർദ്ദ നിയന്ത്രണവും സങ്കീർണ്ണതകൾ കുറയ്ക്കാനും പ്രസവശേഷം വേഗം തന്നെ സ്വാസ്ഥ്യം തിരികെ നേടാനും സഹായകമാകും.
പ്രസവത്തിൻ്റെ ശാസ്ത്രം
ഗർഭകാലത്ത് റിലാക്സേഷൻ, ധ്യാനം, മൈൻഡ്ഫുൾനസ് എന്നിവ പരിശീലിച്ച അമ്മമാർക്ക് താഴെ പറയുന്ന ഗുണങ്ങൾ ലഭിച്ചു എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഉൾപ്പെടെ നടത്തിയ നിരവധി പഠനങ്ങൾ വെളിപ്പെടുത്തുന്നു :
- മാസം തികയാതെയുള്ള പ്രസവ നിരക്കിൽ കുറവ്.
- പ്രയാസം കൂടാതെയുള്ള പ്രസവം, വൈദ്യസഹായം തേടേണ്ട അവസ്ഥയുള്ള കേസുകളിൽ കുറവ്
- നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ, സുഗമമായ മുലയൂട്ടൽ.
ചുരുക്കത്തിൽ, അമ്മയുടെ മനസ്സ് ശാന്തമാകുമ്പോൾ, ഗർഭകാലവും പ്രസവവും താരതമ്യേന എളുപ്പമാകുന്നു.




