ഹൃദയാരോഗ്യം, ഹോർമോണുകൾ, ലൈംഗികത: മാനസിക സമ്മർദ്ദം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മനസ്സിലാക്കാം

ഹൃദയാരോഗ്യം, ഹോർമോണുകൾ, ലൈംഗികത: മാനസിക സമ്മർദ്ദം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മനസ്സിലാക്കാം

പണ്ടേക്കുപണ്ടേ നമ്മുടെ സമൂഹം പുരുഷനെ ഒരു ചട്ടക്കൂടിനുള്ളിൽ വരച്ചുവെച്ചിട്ടുണ്ട്.  ഹൃദയം നുറുങ്ങുന്ന മനോവേദനയിലും ഉറച്ച ശരീരത്തിനകത്തുതന്നെ സങ്കടങ്ങൾ കത്തിയമരണമെന്ന്. പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും കണ്ണീർ പൊഴിക്കരുതെന്ന്. ഉറക്കെക്കരഞ്ഞാൽ ആണത്തം നഷ്ടമാകുമെന്ന്. തലമുറകൾ തുടർന്നുപോന്ന ആ ചട്ടക്കൂടിൽ നിന്നിറങ്ങി നടക്കാൻ എളുപ്പമല്ലാത്തതുകൊണ്ടുതന്നെ,  മിക്ക പുരുഷന്മാരും മാനസിക സമ്മർദ്ദത്തെ മനസ്സിനുള്ളിൽ പൂട്ടി വെയ്ക്കുന്നു.

ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ, കുടുംബത്തിന്റെ പ്രതീക്ഷകൾ, ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന സങ്കടങ്ങൾ…  ആ പട്ടിക അങ്ങനെ നീളുമ്പോഴും മനസ്സുതുറക്കാതെ മുന്നോട്ടു കുതിക്കാൻ, പിന്തുടർന്നു പോന്ന രീതികൾ അവനെ നിർബന്ധിക്കുന്നു.

അതുകൊണ്ട്, കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിനേക്കാൾ അവ ഉള്ളിലൊതുക്കി കൈകാര്യം ചെയ്യാനാണ് അവർ ശ്രമിക്കാറുള്ളത്. പക്ഷേ, എല്ലാം ശരിയാണെന്ന് പുറമെ അഭിനയിക്കുമ്പോഴും ശരീരം മനസ്സിൻ്റെ ഭാരം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടാകും.

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കേവലം ചിന്തകളിൽ മാത്രം ഒതുങ്ങിനിൽക്കില്ല. ഒരു രോഗമായി മാറുന്നതിന് എത്രയോ മുൻപ് തന്നെ അത് നിശബ്ദമായി ഹൃദയത്തെ തളർത്തും, ഹോർമോണുകളുടെ താളം തെറ്റിക്കും, ലൈംഗികാരോഗ്യത്തെ ബാധിക്കും.

മാനസിക സമ്മർദ്ദം പുരുഷശരീരത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത് ഏറെ പ്രധാനമാണ്. ശരീരത്തിനുണ്ടാകുന്ന വലിയ തകരാറുകൾ മുൻകൂട്ടി കണ്ട് തടയാൻ അതു സഹായിക്കും.

സമ്മർദ്ദം: മാനസികാവസ്ഥ മാത്രമല്ലത്

അപകടകരമായ സാഹചര്യങ്ങളെ പെട്ടെന്ന് നേരിടാൻ വേണ്ടി നമ്മുടെ ശരീരം സ്വയമൊരുക്കുന്ന ഒരു പ്രതിരോധ സംവിധാനമാണ് സമ്മർദ്ദം അഥവാ സ്ട്രെസ്. എന്നാൽ ഇത് ദീർഘനേരം നീണ്ടുനിൽക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നു.

നമ്മുടെ മസ്തിഷ്കത്തിന് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ അമിതമായ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ ശരീരത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ സംഭവിക്കുന്നു:

  • അഡ്രീനൽ ഗ്രന്ഥികൾ കോർട്ടിസോൾ (Cortisol), അഡ്രിനാലിൻ (Adrenaline) എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നു  
  • പേശികളിലേക്ക് കൂടുതൽ രക്തം എത്തിക്കുന്നതിനായി ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങുന്നു
  • രക്തസമ്മർദ്ദം ഉയരുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുന്നു
  • ഈ സമയത്ത് അത്യാവശ്യമല്ലാത്ത ദഹനം, പ്രത്യുൽപ്പാദനം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളുടെ വേഗത ശരീരം കുറയ്ക്കുന്നു

ചുരുങ്ങിയ സമയത്തേക്ക് ഇത്തരം മാറ്റങ്ങൾ നമുക്ക് ഗുണകരമാണ്. എന്നാൽ, മനസ്സിലെ ആകുലതകൾ കാരണം ശരീരം എപ്പോഴും ഈ ‘അലർട്ട്’ മോഡിൽ തന്നെ ഇരുന്നാൽ, വിശ്രമിക്കാനുള്ള അവസരം ശരീരത്തിന് ലഭിക്കാതെ വരുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

നിരന്തരമായ സമ്മർദ്ദം ഹൃദയത്തെ തളർത്തുമ്പോൾ

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഏറ്റവും വേഗത്തിൽ ബാധിക്കുന്നത് നമ്മുടെ ഹൃദയത്തെയും രക്തധമനികളെയുമാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന സ്ട്രെസ് ശരീരത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ ഉണ്ടാക്കുന്നു:

  • രക്തസമ്മർദ്ദം എപ്പോഴും ഉയർന്ന നിലയിൽ തന്നെ തുടരുന്നു
  • ഹൃദയമിടിപ്പിന്റെ സ്വാഭാവികമായ താളം തെറ്റുന്നു
  • സ്ട്രെസ് ഹോർമോണുകൾ കാരണം രക്തക്കുഴലുകളിൽ നീർവീക്കം ഉണ്ടാകുന്നു. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും
  • കൊളസ്ട്രോൾ വ്യതിയാനം സംഭവിക്കുന്നു
  • ഇവയെല്ലാം ചേർന്ന് ഹൃദയാഘാതത്തിനുള്ള (Heart Attack) സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് സ്ട്രെസ് മൂലമുള്ള ഹൃദ്രോഗങ്ങൾ നേരത്തേ കണ്ടുവരുന്നത്. ലക്ഷണങ്ങൾ പ്രകടമാകുമ്പോഴും ശ്രദ്ധിക്കാത്ത താണ്  ഇതിന് പ്രധാന കാരണം.

അവഗണിക്കപ്പെടുന്ന ലക്ഷണങ്ങൾ:

  • സമ്മർദ്ദം ഉണ്ടാകുമ്പോൾ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരം
  • അസാധാരണമായ ഹൃദയമിടിപ്പ് (Palpitations)
  • ശ്വാസം മുട്ടൽ 
  • കടുത്ത ക്ഷീണം
  • ഉറക്കക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെ ഉറക്കതടസ്സങ്ങൾ

ഹൃദ്രോഗം പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല; വർഷങ്ങളോളം മനസ്സനുഭവിച്ച സമ്മർദ്ദം നിശബ്ദമായി ഹൃദയത്തെ തകർക്കുന്നതാണ് ഹൃദ്രോഗമായി പരിണമിക്കുന്നത്.

കോർട്ടിസോളും ടെസ്റ്റോസ്റ്റിറോണും വടംവലി നടത്തുമ്പോൾ

നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളും പുരുഷ ഹോർമോണുകളും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. അതായത്, സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ (Cortisol) കൂടുമ്പോൾ, പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ (Testosterone) കുറയുന്നു.

കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ എപ്പോഴും ഉയർന്ന നിലയിൽ തുടരുമ്പോൾ സംഭവിക്കുന്നത്:

  • ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം തടസ്സപ്പെടുന്നു
  • പേശികൾക്ക് ബലക്കുറവുണ്ടാകുന്നു 
  • അമിതവണ്ണം
  • ഉന്മേഷം ഇല്ലാതാകുന്നു
  • ലൈംഗിക താൽപ്പര്യം കുറയുന്നു

 പ്രായമാകുന്നതുകൊണ്ടാണ് ടെസ്റ്റോസ്റ്റിറോൺ കുറയുന്നതെന്ന് നമ്മൾ കരുതാറുണ്ട്. എന്നാൽ പ്രായം കുറഞ്ഞ പുരുഷന്മാരിൽ പോലും ഈ ഹോർമോൺ കുറയാനുള്ള പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മർദ്ദമാണ്.

ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ:

  • ലൈംഗികതയോടുള്ള സ്വാഭാവിക താൽപ്പര്യം നഷ്ടമാകുക
  • ലിംഗോദ്ധാരണ പ്രശ്നങ്ങൾ
  • ഊർജ്ജം ചോർന്നുപോയതായി അനുഭവപ്പെടുക
  • സ്വഭാവ മാറ്റങ്ങൾ
  • ഏകാഗ്രത കുറയുക
  • വ്യായാമത്തിന് ശേഷമുള്ള തളർച്ച കൂടുക

ലൈംഗികാരോഗ്യവും സ്ട്രെസ്സും

നാഡീവ്യൂഹവും ഹോർമോണുകളും ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ലൈംഗികാരോഗ്യത്തിൽ മികവുണ്ടാകുക. എന്നാൽ അമിതമായ സ്ട്രെസ് ഈ പ്രവർത്തനങ്ങളെ താഴെ പറയുന്ന രീതിയിൽ തകിടം മറിക്കുന്നു:

  • രക്തയോട്ടം കുറയുന്നു
  • ആശങ്ക വർദ്ധിപ്പിക്കുന്നു
  • ഹോർമോൺ സിഗ്നലുകൾ തടസ്സപ്പെടുന്നു
  • ശരീരം ശാന്തമായിരിക്കേണ്ട സമയത്ത് പോലും സ്ട്രെസ് മൂലം അതീവജാഗ്രതയിൽ തുടരുന്നു

ഇതിന്റെ ഫലമായി പുരുഷന്മാരിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ:

  • ലിംഗോദ്ധാരണ പ്രശ്നങ്ങൾ
  • ഉത്തേജനക്കുറവ്
  • പെർഫോമൻസ് ആങ്സൈറ്റി
  • ശീഘ്രസ്ഖലനം
  • ആത്മവിശ്വാസക്കുറവ്

മാനസിക ഭാരവും വികാരങ്ങൾ ഉള്ളിലൊതുക്കുന്ന രീതിയും

സങ്കടമോ വിഷമമോ തുറന്നു പ്രകടിപ്പിക്കാൻ പുരുഷന്മാർ പൊതുവെ മടിക്കാറുണ്ട്. അതുകൊണ്ടുതന്നെ, മാനസിക സമ്മർദ്ദം നേരിട്ടുള്ള സങ്കടമായിട്ടല്ല, മറിച്ച് മറ്റ് ചില രീതികളിൽ പുറത്തുവരുന്നു:

  • ദേഷ്യവും അസ്വസ്ഥതയും
  • ഒറ്റയ്ക്ക് ഉൾവലിഞ്ഞ് കഴിയാൻ ആഗ്രഹിക്കുക
  • അമിതമായി ജോലി ചെയ്യുക
  • ലഹരി ഉപയോഗം
  • ശാരീരിക വേദനകൾ

വികാരങ്ങൾ ഇങ്ങനെ ഉള്ളിലൊതുക്കുന്നത് ശരീരത്തെ താഴെ പറയുന്ന രീതിയിൽ ബാധിക്കും:

  • കോർട്ടിസോൾ വർദ്ധിക്കുന്നു
  • രക്തസമ്മർദ്ദം (BP) ഉയരുന്നു
  • ഉറക്കമില്ലായ്മ
  • കാലക്രമേണ ഇത് കടുത്ത വിഷാദരോഗത്തിലേക്ക് നയിക്കാം

മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും വേർപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും പുരുഷന്മാരിൽ.

സ്ട്രെസ് ആദ്യം കവർന്നെടുക്കുന്നത് ഉറക്കത്തെ

മാനസിക സമ്മർദ്ദം തുടർച്ചയായി ഉണ്ടാകുമ്പോൾ, അത്  ഉറക്കത്തിന്റെ സ്വാഭാവിക ഘടനയെത്തന്നെ തകിടം മറിക്കുന്നു. സ്ട്രെസ് അനുഭവിക്കുന്ന പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങൾ ഇവയാണ്:

  • കിടന്നാലും ഉറക്കം വരാത്ത അവസ്ഥ
  • രാത്രി വൈകി ഉറങ്ങിയാലും പുലർച്ചെ തന്നെ ഉറക്കം ഉണരുകയും പിന്നീട് ഉറങ്ങാൻ കഴിയാതിരിക്കുകയും ചെയ്യുക
  • ഉറക്കത്തിനിടയിൽ പലതവണ ഉണരുക
  • ഉറക്കം വരാൻ വേണ്ടി മദ്യപിക്കുകയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്ക്രോളിംഗിൽ, മണിക്കൂറുകൾ ചെലവഴിക്കുകയോ ചെയ്യുക 

ഉറക്കക്കുറവ് ശരീരത്തെ പലതരത്തിലും ബാധിക്കുന്നു:

  • ഹോർമോൺ വ്യതിയാനം
  • രക്തസമ്മർദ്ദം
  • ഇൻസുലിൻ പ്രതിരോധം
  • വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതാവുക

ചുരുക്കത്തിൽ, സമ്മർദ്ദം കാരണം ഉറക്കം നഷ്ടപ്പെടുന്നു, ഉറക്കം നഷ്ടപ്പെടുന്നത് വഴി സമ്മർദ്ദം വീണ്ടും കൂടുന്നു.  ഇതു തുടർന്നുകൊണ്ടേയിരിക്കുന്നു.

പുരുഷന്മാർ സഹായം തേടാൻ മടിക്കുന്നതെന്തുകൊണ്ട്?

രോഗലക്ഷണങ്ങൾ സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പല പുരുഷന്മാരും ഡോക്ടറെ കാണാനോ സഹായം ചോദിക്കാനോ തയ്യാറാകുന്നത്. ഇതിന് പിന്നിൽ പ്രധാനമായും ചില കാരണങ്ങളുണ്ട്:

  • ബലഹീനതയായി കരുതും എന്ന പേടി
  • തളർച്ചയെ സ്വാഭാവികമാണെന്ന് തെറ്റിദ്ധരിക്കുന്നു
  • മറ്റുള്ളവർക്ക് മുൻഗണന നൽകുന്നു
  • അറിവില്ലായ്മ

സഹായം തേടി ഡോക്ടറുടെ അടുത്തെത്തുമ്പോഴേക്കും, അമിതമായ സ്ട്രെസ് ഹൃദയത്തെയും ഹോർമോണുകളെയും മറ്റ് ശാരീരിക പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകും.

എപ്പോഴാണ് സഹായം തേടേണ്ടത്?

സമ്മർദ്ദം താഴെ പറയുന്ന ലക്ഷണങ്ങളായി മാറുമ്പോൾ തീർച്ചയായും വൈദ്യസഹായവും ജീവിതശൈലിയിൽ മാറ്റങ്ങളും അനിവാര്യമാണ്:

  • വിട്ടുമാറാത്ത തളർച്ച
  • ലൈംഗികപരമായ മാറ്റങ്ങൾ
  • രക്തസമ്മർദ്ദം ഉയരുന്നു
  • ഉറക്കമില്ലായ്മ
  • സ്വഭാവ മാറ്റങ്ങൾ
  • നെഞ്ചിൽ ഭാരമോ വേദനയോ അല്ലെങ്കിൽ അസാധാരണമായ ഹൃദയമിടിപ്പോ അനുഭവപ്പെടുക

നിങ്ങളുടെ വേഗത കുറയ്ക്കാനും ജീവിതരീതികൾ പുനഃപരിശോധിക്കാനും ശരീരം തരുന്ന ശക്തമായ മുന്നറിയിപ്പുകളാണിവയെല്ലാം.

സ്ട്രെസ് നിയന്ത്രിക്കാം ആരോഗ്യം നേടാം

സമ്മർദ്ദം കുറയ്ക്കുക എന്നതിനർത്ഥം ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നല്ല. അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ശരീരത്തെയും മനസ്സിനെയും പ്രാപ്തമാക്കുകയാണ് വേണ്ടത്.

സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ചില വഴികളിതാ:

  • ചിട്ടയായ വ്യായാമം ശീലമാക്കുക
  • കൃത്യമായ ഉറക്കം ഉറപ്പാക്കുക
  • മൈൻഡ്‌ഫുൾനെസ് (Mindfulness) അഥവാ മനോനിറവിലൂടെ ശാന്തത കണ്ടെത്താം
  • ലഹരി ഉപേക്ഷിക്കുക
  • തുറന്നു സംസാരിക്കുക
  • വിദഗ്ദ്ധ ചികിത്സ തേടാം

സമ്മർദ്ദം കൃത്യമായി നിയന്ത്രിക്കുന്നത് വഴി നിങ്ങളുടെ ഹൃദയാരോഗ്യം, ഹോർമോൺ സന്തുലിതാവസ്ഥ, ലൈംഗികാരോഗ്യം എന്നിവ ഒരേസമയം മെച്ചപ്പെടും.

പുരുഷൻമാർക്ക് നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം

മാനസിക സമ്മർദ്ദം നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പരാജിതനായി എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. 

താങ്ങാവുന്നതിലേറെ ഭാരവും ചുമന്ന് നിങ്ങൾ ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞു എന്നതിൻ്റെ ലക്ഷണമാണത്.

ശരീരം നൽകുന്ന ചെറിയ ലക്ഷണങ്ങൾ പോലും തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ ഹൃദയത്തെയും ഹോർമോൺ സന്തുലനത്തെയും ബന്ധങ്ങളെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

എല്ലാം നിശബ്ദമായി സഹിച്ച് ഉള്ളിലൊതുക്കുന്നതാണ് കരുത്ത് എന്ന ധാരണ മൂലം എത്രയോ പേർ രോഗഗ്രസ്തരായി ജീവിതം കഴിച്ചു കൂട്ടുന്നുണ്ട്. മനസ്സിലെ ആധികൾ ശരീരത്തിൽ വ്യാധികളായി മാറുന്നതിനു മുൻപേ കരുതലോടെ പ്രതികരിക്കുക എന്നതാണ് യഥാർത്ഥ കരുത്ത്.

ഓർക്കുക, സമ്മർദ്ദം മനസ്സിൽ മാത്രം ഒതുങ്ങുന്ന വികാരമല്ല, അത് നിങ്ങളുടെ ഹൃദയത്തിലും ഹോർമോണുകളിലും ലൈംഗികതയിലും അടയാളങ്ങൾ അവശേഷിപ്പിക്കും.

പുരുഷന്മാർക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള അവസരങ്ങളും ശരിയായ അവബോധവും ശാസ്ത്രീയമായ പരിചരണവും ലഭിക്കണമെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു, തെല്ലും അപകർഷതയില്ലാതെ, ഒട്ടും വൈകാതെ അതു കൈവരുമ്പോൾ, ആരോഗ്യവും മെച്ചപ്പെടും.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe