വിശ്വാസം തകരുമ്പോൾ: വഞ്ചിക്കപ്പെട്ടതിന് ശേഷം പെൺമനസ്സിൽ ഉടലെടുക്കുന്ന വൈകാരിക മതിൽ

വിശ്വാസവഞ്ചന തിരിച്ചറിഞ്ഞു കഴിഞ്ഞാൽ സ്ത്രീയുടെ മനസ്സിൽ പലതരത്തിലുള്ള വൈകാരിക വിക്ഷോഭങ്ങളുണ്ടാകും. അവളുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന വിഷയങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെയുള്ള ഘട്ടത്തിലെത്തിച്ചേരും. ഒരേസമയം ജീവിതം പരാജയപ്പെട്ടെന്നു തോന്നാം, ചതിയെന്ന മുറിവേൽപ്പിച്ച വേദനയിൽ പുളയുമ്പോഴും ഇനിയെന്ത് എന്ന ചിന്ത വലിയ ചോദ്യചിഹ്നമായി അവൾക്കു മുന്നിലുണ്ടാകും. ആശയക്കുഴപ്പവും വഞ്ചിക്കപ്പെട്ടതിൻ്റെ നോവുമെല്ലാം ഉള്ളുപൊള്ളിക്കുമ്പോഴും മാനസികമായി തളരാതിരിക്കാൻ അവൾ ആവുന്നതും ശ്രമിക്കും.
ആ ഘട്ടത്തിൽ അവൾ തർക്കിക്കാനോ സംസാരിക്കാനോ മെനക്കെടില്ല, മൗനം മാത്രം. വാസ്തവത്തിൽ അവളുടെ ഈ മൗനം കീഴടങ്ങലല്ല, വൈകാരികമായി കരുത്തുള്ള ഒരു സ്ത്രീ വഞ്ചിക്കപ്പെടുമ്പോൾ അവൾ തകർന്നുപോവുകയല്ല, മറിച്ച് സ്വയം പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, ഇത് കാണുന്ന വ്യക്തിക്ക്, അവളുടെ ഈ പുതിയ ശാന്തത വിചിത്രമായി തോന്നിയേക്കാം. നിരാകരണമായി അനുഭവപ്പെട്ടേക്കാം. യഥാർത്ഥത്തിൽ, ഈ വൈകാരിക മതിൽ അഹങ്കാരമോ പ്രതികാരമോ അല്ല. അത് അതിജീവനത്തിനായുള്ള ഒരു മാർഗ്ഗമാണ്.
വൈകാരികമായി കരുത്തുള്ള സ്ത്രീകളിലെ അകൽച്ചയ്ക്ക് പിന്നിലെ മനഃശാസ്ത്രം എന്താണെന്ന് നമുക്ക് പരിശോധിക്കാം. വഞ്ചന എങ്ങനെയാണ് അവരിൽ സ്വയംസംരക്ഷണത്തിനുള്ള മാർഗ്ഗമായി മാറുന്നതെന്നും ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള അതിജീവന മാർഗ്ഗങ്ങളെക്കുറിച്ച് ശാസ്ത്രം എന്താണ് വെളിപ്പെടുത്തുന്നതെന്നും അറിഞ്ഞിരിക്കാം. ഒപ്പം, പങ്കാളികൾക്ക്, പരസ്പരം കുറ്റപ്പെടുത്തി വെറുപ്പുളവാക്കുന്നതിന് പകരം എങ്ങനെ തിരിച്ചറിവോടെ പ്രതികരിക്കാമെന്നും nellikka.life ലൂടെ നമുക്ക് മനസ്സിലാക്കാം.
തകർന്നടിയുന്നത് വിശ്വാസം, സ്നേഹമല്ല
വഞ്ചന എന്നത് എപ്പോഴും വലിയ ചതികളിൽപ്പെടുത്തിക്കൊണ്ടാകണമെന്നില്ല. വിശ്വാസം പതിയെപ്പതിയെ മാഞ്ഞുപോകുന്നതാകാമത്. വാഗ്ദാനങ്ങൾ പാലിക്കാതെ, വികാരങ്ങളെ വിലമതിക്കാതെ, പരിഗണന നൽകാതെ വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ, മെല്ലെ മാഞ്ഞുപോകുന്ന ഇഴയടുപ്പം.
വൈകാരികമായും മാനസികമായും ആത്മീയമായും ആഴത്തിൽ ബന്ധം സൂക്ഷിക്കുന്ന സ്ത്രീകളെ സംബന്ധിച്ച്, വഞ്ചന അവരുടെ ആന്തരിക ഘടനയെ തന്നെ ഉലച്ചുകളയും.
ഇത്തരം ആഘാതങ്ങൾ നേരിടേണ്ടി വരുമ്പോൾ, സുരക്ഷിതത്വത്തിനായി ക്രമീകരിച്ചിട്ടുള്ള നമ്മുടെ മസ്തിഷ്ക്കം, ഉടൻതന്നെ സ്വയം-സംരക്ഷണ രീതിയിലേക്ക് (Self-protection mode) മാറുന്നു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) പറയുന്നത് അനുസരിച്ച്, ബന്ധങ്ങളിൽ ആഘാതങ്ങൾ നേരിടുമ്പോൾ, സ്ത്രീകൾ വൈകാരികമായി എല്ലാം ഒതുക്കിവെയ്ക്കുന്ന പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ, പങ്കാളികൾ ഇതിനെ അകൽച്ചയായും അല്ലെങ്കിൽ മരവിച്ചുപോയ പെരുമാറ്റമായും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
ശാന്തമായി കാണപ്പെടുന്ന ഉപരിതലത്തിനുള്ളിൽ, ആന്തരിക സംവിധാനം മുഴുവൻ ഊർജ്ജവും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സംഘർഷങ്ങൾക്ക് ശേഷം നിയന്ത്രണം വീണ്ടെടുക്കാൻ വേണ്ടി മനസ്സ് പോരാടുന്നതാണത്.
ബൗദ്ധികതലത്തിലെ അപസ്വരങ്ങൾ: ഹൃദയവും മനസ്സും തമ്മിലുള്ള പോരാട്ടം
ബന്ധങ്ങൾക്ക് വലിയ മൂല്യം കൽപ്പിക്കുന്ന ഒരു സ്ത്രീ വഞ്ചന അനുഭവിക്കുമ്പോൾ, അവളുടെ തലച്ചോറിൽ ആഴത്തിലുള്ള ആന്തരിക പോരാട്ടം ഉണ്ടാകുന്നു. മനഃശാസ്ത്രജ്ഞർ ഇതിനെ കോഗ്നിറ്റീവ് ഡിസൊണൻസ് (Cognitive Dissonance) എന്ന് വിശേഷിപ്പിക്കുന്നു. പരസ്പര വിരുദ്ധമായ രണ്ട് യാഥാർത്ഥ്യങ്ങളെ ഒരേസമയം മനസ്സിൽ ഉൾക്കൊള്ളേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക അസ്വസ്ഥതയാണിത്.
ഈ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി അവൾ അകലം പാലിച്ചേക്കാം. അത് പങ്കാളിയെ വേദനിപ്പിക്കാൻ വേണ്ടിയല്ല, മറിച്ച് മുറിവുകൾ സ്വയം ഉണക്കാൻ വേണ്ടിയാണ്.
അകൽച്ച (Detachment) എന്നത് അവളുടെ വികാരങ്ങളെ പുതിയ യാഥാർത്ഥ്യവുമായി യോജിപ്പിക്കാനുള്ള മാർഗ്ഗമായി മാറുന്നു.
വിശ്വാസം ലംഘിക്കപ്പെടുമ്പോൾ, തലച്ചോറിലെ ആന്റീരിയർ സിങ്കുലേറ്റ് കോർട്ടെക്സ് (സംഘർഷം കണ്ടെത്തുന്ന ഭാഗം) പ്രീഫ്രോണ്ടൽ കോർട്ടെക്സ് (തീരുമാനമെടുക്കുന്ന ഘടകം) എന്നിവ ഒരേസമയം സജീവമാകുന്നു എന്ന് MRI പഠനങ്ങൾ കാണിക്കുന്നു. ഇത് വൈകാരിക പ്രക്ഷുബ്ധത സൃഷ്ടിക്കുന്നു. വൈകാരിക സജീവത താൽക്കാലികമായി അവസാനിപ്പിക്കുക എന്നതാണ് ശരീരം ഈയവസ്ഥയിൽ സ്വീകരിക്കുന്ന മാർഗ്ഗം. ഇത് താൽക്കാലികമായ ഒരകൽച്ചയാണ്, അത് ശക്തിയായി തോന്നുമെങ്കിലും, സത്യത്തിൽ അത് സ്വയം വീണ്ടെടുക്കലാണ്. (എ പി എ, 2021;ജേണൽ ഓഫ് കൊഗ്നിറ്റീവ് ന്യൂറോസയൻസ്,2018)
ആഘാതത്തോടുള്ള പ്രതികരണം: വൈകാരിക മതിൽ രക്ഷാമാർഗ്ഗമാകുമ്പോൾ
വൈകാരികമായി കരുത്തുള്ള സ്ത്രീകളെ സംബന്ധിച്ച്, അവരുടെ സ്വാതന്ത്ര്യം സ്നേഹത്തെ തള്ളിക്കളയുന്ന തരത്തിലുള്ളതല്ല. അതൊരു അതിജീവന മാർഗ്ഗമാണ്. വഞ്ചിക്കപ്പെട്ട ശേഷം, കൂടുതൽ വേദന ഉണ്ടാകാതിരിക്കാൻ അവർ ഒരു വൈകാരിക അതിർത്തി സ്ഥാപിക്കാറുണ്ട്.
അവർക്ക് വികാരങ്ങൾ ഇല്ലാതാവുന്നു എന്നല്ല ഇതിനർത്ഥം; സുരക്ഷിതത്വം വീണ്ടും സ്ഥാപിക്കപ്പെടുന്നതുവരെ അവർ വികാരങ്ങൾ പുറത്തുകാണിക്കുന്നത് നിർത്തുന്നു എന്നാണതിനർത്ഥം.
മാനസികാഘാതത്തെക്കുറിച്ചുള്ള (Trauma) ഗവേഷണം ഇതിനെ വൈകാരിക നിയന്ത്രണം (Emotional Regulation) എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നു — സമ്മർദ്ദമുണ്ടാകുമ്പോൾ വൈകാരിക പ്രതികരണങ്ങളെ ക്രമീകരിക്കാനുള്ള കഴിവാണ് ഇത്.
അമിതമായ സമ്മർദ്ദമുണ്ടാകുമ്പോൾ, തലച്ചോറിലെ അമിഗ്ഡാല (ഭയത്തിന്റെ കേന്ദ്രം) ശരീരത്തിൽ കോർട്ടിസോൾ (cortisol) നിറയ്ക്കുന്നു. ഇതിനെ പ്രതിരോധിക്കാനായി, ശക്തരായ വ്യക്തികൾ ധിഷണാപരമായ പ്രതിരോധം സജീവമാക്കുന്നു. അതായത്, വൈകാരിക പ്രതികരണങ്ങളിൽ നിന്ന് യുക്തിപരമായ നിയന്ത്രണത്തിലേക്ക് മാറുന്നു.
അതുകൊണ്ടാണ്, അവൾ തളർന്നിരിക്കുമ്പോഴും ശാന്തയായി കാണപ്പെടുന്നത്. അവളുടെ മൗനം അവഗണനയായി തോന്നാമെങ്കിലും, വാസ്തവത്തിൽ അത് സംയമനമാണ്.
(അവലംബം: American Psychological Association, “Gendered Patterns in Emotional Regulation,” 2020)
അകൽച്ചയായി തെറ്റിദ്ധരിക്കപ്പെടുന്ന വൈകാരിക ശക്തി
പുരുഷന്റെ കാഴ്ചപ്പാടിൽ, വഴക്കിനു ശേഷം പൊടുന്നനെ ഉണ്ടാകുന്ന ഈ ശാന്തത ആശയക്കുഴപ്പമുണ്ടാക്കും.
പുരുഷന്മാർ പലപ്പോഴും വൈകാരികമായ തുറന്ന സമീപനത്തെ സ്നേഹവുമായി ബന്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, അവൾ പിന്മാറുമ്പോൾ, അത് വ്യക്തിപരമായ കുറ്റപ്പെടുത്തലായി അയാൾക്ക് തോന്നാം. എന്നാൽ അയാൾക്ക് മുമ്പിൽ പ്രകടമാകുന്നത് സ്നേഹത്തിന്റെ നിരാസമല്ല; മറിച്ച്, അവളുടെ മാന്യതയെയും നിയന്ത്രണബോധത്തെയും സംരക്ഷിക്കാൻ അവളുടെ ആന്തരിക സംവിധാനം ശ്രമിക്കുന്നതാണ്.
ബന്ധങ്ങളെയും കുടുംബ മനഃശാസ്ത്രത്തെയും കുറിച്ചുള്ള എ പി എ യുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്:
പുരുഷന്മാർ സമ്മർദ്ദം പുറത്തേക്ക് പ്രകടിപ്പിക്കാൻ (പ്രവർത്തനത്തിലൂടെയോ തർക്കത്തിലൂടെയോ) ശ്രമിക്കുമ്പോൾ,
സ്ത്രീകൾ അത് മനസ്സിലേക്കെടുത്ത് (വിശകലനം ചെയ്തും പിൻവാങ്ങിയും) കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു.
ഈ വൈരുദ്ധ്യമാണ് തെറ്റിദ്ധാരണകൾക്ക് വഴിവെയ്ക്കുന്നത്.
മനസ്സ് തീർക്കുന്ന മതിലിൻ്റെ വൈകാരിക ഘടന
അവൾ പണിത ഈ “മതിലിൻ്റെ” യഥാർത്ഥ ഘടകങ്ങൾ എന്താണെന്ന് മനസ്സിലാക്കാം:
- വിദ്വേഷമല്ല, അതിർവരമ്പ്: വീണ്ടും മനസ്സ് തകരാതിരിക്കാൻ, അടുപ്പത്തിൻ്റെ അതിർവരമ്പ് അവൾ പുനർനിർവചിക്കുകയാണ്.
- പ്രതികാരമല്ല, സംയമനം: അമിതമായ വികാരങ്ങളെ അവൾ നിയന്ത്രിക്കുകയാണ്.
- ഒഴിഞ്ഞുമാറലല്ല, നിരീക്ഷണം: വാക്കുകളിൽ വന്ന മാറ്റങ്ങൾ പ്രവർത്തികളിൽ ഉണ്ടോ എന്ന് അവൾ ശ്രദ്ധിക്കുകയാണ്.
ബന്ധത്തിലെ വിശ്വാസം തിരികെ വരുന്നതിന് മുൻപ്, ശാന്തമായി സ്വന്തം ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ഇടമാണിത്.
എങ്ങനെ പ്രതികരിക്കണം: ശക്തിയെ സൗമ്യമായി നേരിടുമ്പോൾ
സ്ത്രീയുടെ വൈകാരിക മതിലിന് മുന്നിൽ നിൽക്കുമ്പോൾ, “അത് തകർക്കാൻ” ശ്രമിക്കുന്നത് പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക. ശക്തിയെ സമ്മർദ്ദം ചെലുത്തിയിട്ടല്ല, സുരക്ഷിതത്വം നൽകിയാണ് നേരിടേണ്ടത്.
1. കുറ്റപ്പെടുത്തരുത്, അംഗീകരിക്കുക.
“നീ ആകെ മാറിയല്ലോ” എന്ന് പറയുന്നതിന് പകരം, “നിങ്ങൾക്ക് സ്വസ്ഥമാകാൻ കുറച്ച് സമയം ആവശ്യമുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്” എന്ന് പറയുക. ഇത് അവളുടെ നിലവിലെ സാഹചര്യത്തോടുള്ള പങ്കാളിയുടെ ബഹുമാനം വ്യക്തമാക്കുന്നു.
2. വാഗ്ദാനങ്ങളല്ല, സ്ഥിരത വേണം
വെറും വാക്കുകളല്ല; സ്ഥായിയായ പെരുമാറ്റ രീതികളാണ് അവൾക്ക് ആവശ്യം. വിശ്വസനീയതയിൽ സുരക്ഷിതത്വം നേടാനാകുമെന്ന് അവളുടെ നാഡീവ്യൂഹത്തെ അത് വീണ്ടും പഠിപ്പിക്കും.
3. അഹംഭാവമല്ല, സഹാനുഭൂതി
മനസ്സിൽ ആഴത്തിലേറ്റ മുറിവുണക്കാനായാണ് ഈ വൈകാരിക മതിൽ അവൾ പണിതുയർത്തുന്നത്. അത് തകർക്കാൻ ശ്രമിക്കുന്നതിനേക്കാൾ, ക്ഷമയോടെ കാത്തുനിൽക്കുന്നതാണ് ഏറ്റവും പ്രധാനം.
4. പതിയെപ്പതിയെ തുറന്നു സംസാരിക്കാൻ പ്രേരിപ്പിക്കുക
വൈകാരികമായി സുരക്ഷിതമായ ചെറിയ ഇടപെടലുകൾ വലിയ ക്ഷമാപണങ്ങളേക്കാൾ വേഗത്തിൽ തലച്ചോറിനെ പുനഃ ക്രമീകരിക്കുന്നു എന്ന് ട്രോമ സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വാദപ്രതിവാദങ്ങൾ വേണ്ട, വാത്സല്യത്തിലൂടെ വിശ്വാസം വീണ്ടും തളിർക്കട്ടെ.
കരുത്ത് അകൽച്ചയായി തോന്നുമ്പോൾ ഓർക്കുക:
അത് സ്നേഹശൂന്യതയല്ല, ആത്മസംഘർഷമാണ്. ഭയമാണ്. വീണ്ടും മുറിവേൽക്കുമോ എന്ന ഭയം.
വഞ്ചിക്കപ്പെട്ടതിന് ശേഷം കരുത്തരായ സ്ത്രീകൾ സ്നേഹിക്കാതിരിക്കുന്നില്ല. വീണ്ടും വിശ്വസിക്കാൻ കഴിയുന്നതുവരെ, സുരക്ഷിതമായ ഒരകലം പാലിച്ച് അവർ സ്നേഹിക്കാൻ പഠിക്കുന്നു എന്ന് മാത്രം.
References
- Betrayal Trauma and Gender: An Examination of the Victim–Offender Overlap
- Journal of Cognitive Neuroscience (2018). Neural Correlates of Cognitive Dissonance and Emotional Regulation after Relational Betrayal.
- APA Division 43 – Society for Couple and Family Psychology (2020). Patterns of Emotional Regulation in Relationship Repair.
- Mikulincer, M. & Shaver, P. R. (2016). Attachment in Adulthood: Structure, Dynamics, and Change.
- Frontiers in Behavioral Neuroscience (2019). Trauma, Regulation, and Interpersonal Trust Recovery.




