പ്രായമേറുന്തോറും മായുന്ന പുഞ്ചിരി: വാർദ്ധക്യത്തിലെ വിഷാദത്തെക്കുറിച്ച് മനസ്സിലാക്കാം

പ്രായമേറുന്തോറും മായുന്ന പുഞ്ചിരി: വാർദ്ധക്യത്തിലെ വിഷാദത്തെക്കുറിച്ച് മനസ്സിലാക്കാം

വിശ്രമകാലത്തെ നിശബ്ദ ദുഃഖം

വാർദ്ധക്യം പലപ്പോഴും സ്വസ്ഥതയുടേയും  സമാധാനത്തിൻ്റേയും കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത് – കൊച്ചുമക്കളോടൊത്തുള്ള നിമിഷങ്ങൾ, ക്ഷേത്ര ദർശനം, പ്രഭാത സവാരി, വേണ്ടത്ര വിശ്രമം- അങ്ങനെയങ്ങനെ.

എന്നാൽ പലർക്കും, ഈ രണ്ടാം ബാല്യത്തിൽ ഒപ്പം കൂടുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്, വിഷാദരോഗം (Depression).

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, പ്രായമായ നാല് പേരിൽ ഒരാൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടാകാം. എങ്കിലും, അവരിൽ ഭൂരിഭാഗം പേരിലും ഇത് തിരിച്ചറിയപ്പെടുകയോ ചികിത്സ ലഭിക്കുകയോ ചെയ്യുന്നില്ല.

നമ്മുടെ സമൂഹം പലപ്പോഴും “പ്രായമാകുമ്പോഴുള്ള സാധാരണ പ്രശ്നങ്ങൾ”, “ഒറ്റപ്പെടൽ”, “അകാരണമായ ദേഷ്യം” എന്നൊക്കെ പറഞ്ഞ് വിഷാദാവസ്ഥയെ  തള്ളിക്കളയുന്നു.

വിഷാദരോഗം വാർദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമല്ല എന്നത് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് – പ്രമേഹമോ ഹൃദ്രോഗമോ പോലെ പരിചരണവും ചികിത്സയും അർഹിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയാണത്.

എന്താണ് വാർദ്ധക്യകാല വിഷാദം?

പ്രായമായവരിൽ (സാധാരണയായി 60 വയസ്സിന് മുകളിലുള്ളവർ) ഉണ്ടാകുന്ന കടുത്ത വിഷാദരോഗത്തെയോ (MDD) അല്ലെങ്കിൽ സ്ഥിരമായി നീണ്ടുനിൽക്കുന്ന വിഷാദ ലക്ഷണങ്ങളെയോ ആണ് ‘ജെറിയാട്രിക് ഡിപ്രഷൻ’ എന്ന് വിശേഷിപ്പിക്കുന്നത്.

ഇത് വെറും സങ്കടത്തേക്കാൾ വ്യത്യസ്തമാണ്. താൽപ്പര്യമില്ലായ്മ, ഊർജ്ജക്കുറവ്, ഒന്നിനും ഒരു ഉൻമേഷമില്ലാത്ത അവസ്ഥ എന്നിവ തുടർച്ചയായി അനുഭവപ്പെടുന്നു. ക്രമേണ,  ഉറക്കം, വിശപ്പ്, ചിന്താശേഷി തുടങ്ങി ശാരീരിക ആരോഗ്യത്തെപ്പോലും ഇത് ബാധിക്കുന്നു.

പ്രമേഹം, സന്ധിവാതം, അല്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ പോലെയുള്ള ദീർഘകാല രോഗങ്ങളുള്ള പ്രായമായവർക്ക് വിഷാദരോഗം വരാനുള്ള സാധ്യത രണ്ടോ മൂന്നോ ഇരട്ടി കൂടുതലാണ്.

എന്തുകൊണ്ടിത് സംഭവിക്കുന്നു? കാരണങ്ങൾ എന്തെല്ലാം?

പ്രായമായവരിലെ വിഷാദത്തിന് ഏതെങ്കിലും ഒറ്റക്കാരണം മാത്രമായിരിക്കില്ല. ജൈവികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളുടെ സങ്കീർണ്ണമായ കൂടിച്ചേരലാണിത്.

A. ജൈവികമായ ഘടകങ്ങൾ

  • തലച്ചോറിലെ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ (സെറോടോണിൻ, ഡോപമിൻ എന്നിവയുടെ കുറവ്).
  • വിട്ടുമാറാത്ത മറ്റ് രോഗങ്ങളും വേദനയും.
  • ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ (ഉദാഹരണത്തിന്: ബീറ്റാ-ബ്ലോക്കറുകൾ, കോർട്ടിക്കോസ്റ്റിറോയ്ഡുകൾ, അല്ലെങ്കിൽ ഉറക്കഗുളികകൾ).
  • ഹോർമോണുകളിലും ഉറക്കത്തിന്റെ ക്രമത്തിലും വരുന്ന മാറ്റങ്ങൾ.

B. മാനസികമായ ഘടകങ്ങൾ

  • പങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ മരണം മൂലമുള്ള നഷ്ടബോധം.
  • മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമോ എന്ന ഭയം, അല്ലെങ്കിൽ താനൊരു ഭാരമാകുമോ എന്ന ചിന്ത.
  • പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള ദുഃഖം, കുറ്റബോധം, മുമ്പ് നേരിട്ട മാനസിക ആഘാതങ്ങൾ വീണ്ടും വേട്ടയാടുന്നത്.
  • ഓർമ്മക്കുറവ് അല്ലെങ്കിൽ ഡിമെൻഷ്യയുടെ (മറവിരോഗം) ആദ്യ ലക്ഷണങ്ങൾ.

C. സാമൂഹികമായ ഘടകങ്ങൾ

  • മക്കൾ ജോലിക്കോ മറ്റോ ദൂരസ്ഥലങ്ങളിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ഒറ്റപ്പെടൽ.
  • വിരമിക്കലുമായി (Retirement) ബന്ധപ്പെട്ട വ്യക്തിത്വ നഷ്ടം (സ്വന്തം റോൾ നഷ്ടപ്പെട്ടുവെന്ന തോന്നൽ).
  • ആവശ്യമായ സാമൂഹിക പിന്തുണയോ പരിചരണമോ ലഭിക്കാതെ വരുന്നത്.

ചുരുക്കത്തിൽ: ശരീരം മന്ദഗതിയിലാവുകയും ചുറ്റുമുള്ള ലോകം മാറുകയും പ്രിയപ്പെട്ടവർ അകന്നുപോവുകയും ചെയ്യുമ്പോൾ – മനസ്സ് നിശബ്ദമായി ദുഃഖിക്കുന്നു.

പരോക്ഷ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

പ്രായമായവരിലെ വിഷാദരോഗം പലപ്പോഴും വൈകാരിക പ്രകടനങ്ങൾക്കു പകരം ശാരീരിക പരാതികളുടെ രൂപത്തിലാകും പുറത്തുവരുന്നത്.

സാധാരണ ലക്ഷണങ്ങൾ:

  • സ്ഥിരമായ സങ്കടം, ശൂന്യതാബോധം, അല്ലെങ്കിൽ പെട്ടെന്നുള്ള ദേഷ്യം.
  • ദൈനംദിന കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ.
  • കടുത്ത ക്ഷീണം അല്ലെങ്കിൽ ഉറക്കമില്ലായ്മ (അമിതമായ ഉറക്കവും ആകാം).
  • ഓർമ്മക്കുറവ് അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
  • വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക.
  • കൃത്യമായ കാരണമില്ലാത്ത വേദനകൾ, തലവേദന, അല്ലെങ്കിൽ വയറ്റിലെ പ്രശ്നങ്ങൾ.
  • നിരാശ, അല്ലെങ്കിൽ കുറ്റബോധം.
  • സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.

പ്രത്യേകിച്ച് പ്രായമായ പുരുഷന്മാരിൽ, സങ്കടം പ്രകടിപ്പിക്കുന്നതിന് പകരം ദേഷ്യം, മദ്യപാനം, ഒറ്റയ്ക്കിരിക്കാനുള്ള പ്രവണത എന്നിവയാണ് കൂടുതലായി കണ്ടുവരുന്നത്.

വിഷാദവും മറവിരോഗവും തമ്മിലുള്ള സാമ്യവും വ്യത്യാസവും

വിഷാദത്തെയും ഡിമെൻഷ്യയെയും വേർതിരിച്ചറിയാൻ പൊതുവെ പ്രയാസമാണ്. കാരണം, രണ്ടിലും ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ഒന്നിനോടും താൽപ്പര്യമില്ലായ്മ എന്നിവ കാണാറുണ്ട്.

എങ്കിലും, പ്രധാന വ്യത്യാസങ്ങൾ ഇവയാണ്:

  • വിഷാദത്തിൽ: ശരിയായ ചികിത്സയും പ്രോത്സാഹനവും ലഭിക്കുമ്പോൾ ഓർമ്മശക്തി മെച്ചപ്പെടാറുണ്ട്.
  • ഡിമെൻഷ്യയിൽ: ഓർമ്മശക്തിയും ചിന്താശേഷിയും ക്രമേണ കുറഞ്ഞുവരികയും അത് പഴയപടി ആക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

ഒരു സൈക്യാട്രിസ്റ്റിന്റെയോ ന്യൂറോളജിസ്റ്റിന്റെയോ സഹായത്തോടെ നടത്തുന്ന സമഗ്രമായ ‘ജെറിയാട്രിക് അസ്സെസ്സ്മെന്റ്’ (വാർദ്ധക്യകാല ആരോഗ്യ പരിശോധന) വഴി ഈ വ്യത്യാസം തിരിച്ചറിയാൻ സഹായിക്കും.

പ്രത്യാഘാതങ്ങൾ: വിഷാദം ശരീരത്തെ മുഴുവൻ ബാധിക്കുമ്പോൾ

ചികിത്സ നൽകാതെ അവഗണിക്കപ്പെടുന്ന വാർദ്ധക്യകാല വിഷാദം മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് – അത് ശാരീരിക അസുഖങ്ങളെ കൂടുതൽ വഷളാക്കുകയും മരണനിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രായമായവരിലെ വിഷാദം താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു:

  • ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത 40% വർദ്ധിപ്പിക്കുന്നു.
  • ശസ്ത്രക്രിയയ്ക്ക് ശേഷമോ മറ്റ് അസുഖങ്ങൾക്ക് ശേഷമോ രോഗമുക്തി നേടുന്നത് സാവധാനത്തിലാക്കുന്നു.
  • മരുന്നുകൾ കൃത്യസമയത്ത് കഴിക്കാതിരിക്കാനുള്ള സാധ്യത കൂട്ടുന്നു.
  • ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുർബലമാക്കുന്നു.
  • ആത്മഹത്യാ പ്രവണത വർദ്ധിപ്പിക്കുന്നു – പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ.

ഏത് പ്രായത്തിലും ഇത് ചികിത്സിച്ചു ഭേദമാക്കാം എന്നതാണ് പ്രതീക്ഷ നൽകുന്ന ഘടകം.

വിഷാദം എന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമേയല്ല – അത് ശരീരത്തിലെയും മനസ്സിലെയും ഒരു അസന്തുലിതാവസ്ഥയുടെ ലക്ഷണമാണ്.

എത്ര നേരത്തെ അത് തിരിച്ചറിയുന്നുവോ, അത്രയും വേഗത്തിൽ ഫലം ലഭിക്കും.

ചികിത്സാ മാർഗ്ഗങ്ങൾ

1. സൈക്കോതെറാപ്പി

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): നിഷേധാത്മകമായ (നെഗറ്റീവ്) ചിന്താരീതികളെ മാറ്റിയെടുക്കാൻ സഹായിക്കുന്നു.
  • ഇന്റർപേഴ്സണൽ തെറാപ്പി (IPT): മറ്റുള്ളവരുമായി നന്നായി ആശയവിനിമയം നടത്താനും സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  • റെമിനിസെൻസ് തെറാപ്പി (Reminiscence Therapy): പഴയകാല ജീവിതാനുഭവങ്ങളും നല്ല ഓർമ്മകളും പങ്കുവെച്ച് പോസിറ്റീവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

2. മരുന്നുകൾ

  • ആന്റിഡിപ്രസന്റുകൾ (Antidepressants): പ്രായമായവരെ ചികിത്സിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഡോക്ടറുടെ (Geriatrician/Psychiatrist) മേൽനോട്ടത്തിൽ ഇവ സുരക്ഷിതവും ഫലപ്രദവുമാണ്.
  • പ്രായമായവർ മറ്റ് പല അസുഖങ്ങൾക്കും മരുന്ന് കഴിക്കുന്നവരാകാം. അതിനാൽ, വിഷാദത്തിനുള്ള മരുന്നുകൾ മറ്റ് മരുന്നുകളുമായി പ്രതിപ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ തുടർപരിശോധനകൾ ആവശ്യമാണ്.

3. ജീവിതശൈലിയും സാമൂഹിക പിന്തുണയും

  • ചിട്ടയായ വ്യായാമം: ദിവസവുമുള്ള ചെറിയ നടത്തം പോലും തലച്ചോറിലെ സന്തോഷം നൽകുന്ന സെറോടോണിന്റെ അളവ് മെച്ചപ്പെടുത്തും.
  • സമീകൃതാഹാരം: ഒമേഗ-3, വിറ്റാമിൻ ബി12, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.
  • സാമൂഹികമായ ഇടപഴകൽ: ക്ലബ്ബുകളിൽ ചേരുക, സന്നദ്ധസേവനം ചെയ്യുക, അല്ലെങ്കിൽ മറ്റ് സാമൂഹിക പരിപാടികളിൽ പങ്കെടുക്കുക.
  • നല്ല ഉറക്കശീലം: കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, രാവിലത്തെ വെയിൽ കൊള്ളുന്നത് ഉറക്കത്തെ സഹായിക്കും.
  • മൈൻഡ്ഫുൾനെസ് അല്ലെങ്കിൽ പ്രാർത്ഥന: മനസ്സിനെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

മരുന്നുകൾ പോലെ തന്നെ ശക്തമാണ് വൈകാരികമായ അടുപ്പവും. കുറച്ചുനേരത്തെ സംസാരം,  ഒരു പുഞ്ചിരി, സാമീപ്യം – ഇവയെല്ലാം വിഷാദത്തെ അകറ്റാൻ സഹായിക്കുന്ന അദൃശ്യമായ മരുന്നുകളാണ്.

വിഷാദമുള്ള പ്രിയപ്പെട്ടവരെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം?

  • വിമർശിക്കാതെ കേൾക്കാം: അവരെ സംസാരിക്കാൻ അനുവദിക്കുക. അവരുടെ വേഗതയിൽ അവർ കാര്യങ്ങൾ പറയട്ടെ.
  • വിദഗ്ദ്ധ സഹായം തേടാൻ പ്രോത്സാഹിപ്പിക്കാം: ആവശ്യമെങ്കിൽ, ഡോക്ടറെ കാണാൻ അവരോടൊപ്പം ചെല്ലാമെന്ന് വാക്ക് നൽകാം.
  • അപകടസൂചനകൾ ശ്രദ്ധിക്കുക: പെട്ടെന്ന് എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറുകയോ മരണത്തെക്കുറിച്ച് സംസാരിക്കുകയോ ചെയ്താൽ അത് ഗൗരവമായി കാണുകയും ഉടനടി സഹായം തേടുകയും വേണം.
  • ബന്ധം നിലനിർത്തുക: സ്ഥിരമായി ഫോണിൽ വിളിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, അല്ലെങ്കിൽ ചെറിയ നടത്തത്തിന് ഒപ്പം കൂടുക. ഇതെല്ലാം അവരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്.  
  • രോഗത്തെക്കുറിച്ച് സ്വയം മനസ്സിലാക്കുക: ഈ അവസ്ഥയെക്കുറിച്ച് അറിയുന്നത് ദേഷ്യവും തെറ്റിദ്ധാരണയും കുറയ്ക്കാൻ സഹായിക്കും.

സമൂഹത്തിന്റെ പങ്ക്: വാർദ്ധക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാം

വാർദ്ധക്യത്തെ തളർച്ചയുടെ കാലമായി കാണുന്നത് നമ്മൾ നിർത്തണം.

ഓരോ മുതിർന്ന പൗരനും തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അറിവും പങ്കുവെയ്ക്കാൻ ഏറെ കഥകളും പ്രതിസന്ധികളെ അതിജീവിച്ചതിന്റെ കരുത്തും പേറുന്നവരാണ്. എങ്കിലും, അവർക്ക് നമ്മുടെ വൈകാരികമായ പിന്തുണയും ആവശ്യമുണ്ട്.

പ്രായമായവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നത് ഔദാര്യമല്ല; അത് നാം അവർക്ക് നൽകുന്ന ആദരവാണ്.

അവരുടെ മനസ്സിനെ പരിപാലിക്കുക എന്നതാണ് അവരുടെ ജീവിതയാത്രയെ ആദരിക്കാനുള്ള ഏറ്റവും മികച്ച മാർഗം.

References

  1. World Health Organization. (2023). Depression and Other Common Mental Disorders: Global Health Estimates.
  2. National Institute on Aging (2022). Depression and Older Adults.
  3. Journal of Geriatric Psychiatry and Neurology (2021). Late-Life Depression and Cognitive Impairment: Overlapping Pathways.
  4. Indian Journal of Psychiatry (2022). Depression in the Elderly: Epidemiology and Clinical Challenges.
  5. Harvard Health Publishing (2023). Treating Depression in Older Adults: What Works Best.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe