മൗനം വെടിയാം ശബ്ദമുയർത്താം

ലോക എയ്ഡ്‌സ് ദിനത്തിന് 2025ലും പ്രാധാന്യമേറുന്നത് എന്തുകൊണ്ട്?
1988 മുതൽ എല്ലാവർഷവും ചുവപ്പു റിബണുകൾ അണിഞ്ഞ്, മെഴുകുതിരി കത്തിച്ച് ലൈക്കുകളും ഹാഷ്ടാഗുകളുമായി ഡിസംബർ ഒന്ന് കടന്നുപോകുന്നു.
എന്നാൽ ഈ വർഷം, 2025ലെ ഈ ലോക എയ്ഡ്‌സ് ദിനത്തിൽ, മറ്റൊരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് മൗനം വെടിയാം, ശബ്ദമുയർത്താം. നാം ജീവിക്കുന്ന സമൂഹം വ്യക്തമായി കേൾക്കുന്ന തരത്തിൽ, ഉച്ചത്തിൽ നമുക്ക് കാര്യങ്ങൾ വ്യക്തമാക്കാം. കാരണം, നമുക്കു ചുറ്റുമുള്ളവരിൽ പലരെയും സംബന്ധിച്ച്, എച്ച് ഐ വി ദിനാചരണം എന്നത് കലണ്ടറിൽ മറഞ്ഞുപോകുന്ന ഒരു സാധാരണ ദിനമല്ല. അതവർക്ക് പോരാട്ടമാണ്, പ്രതീക്ഷയാണ്, ജീവിതം തന്നെയാണ്.
2025ലെ പ്രമേയം:
ലോക എയ്ഡ്സ് ദിനം സംബന്ധിച്ച ഈ വർഷത്തെ പ്രമേയം “പ്രതിബന്ധങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനപ്പെടുത്തുക” എന്നതാണ്.
ആഹ്വാനത്തിനപ്പുറം, ഈ വാചകം ഒരു മുന്നറിയിപ്പാണ്.
പതിറ്റാണ്ടുകളായി സാമൂഹിക കൂട്ടായ്മകളും ആക്ടിവിസ്റ്റുകളും ആരോഗ്യ പ്രവർത്തകരും പ്രതിരോധത്തിനും രോഗനിർണ്ണയത്തിനും പരിചരണത്തിനും വേണ്ടി നിരവധി സംവിധാനങ്ങൾ പടുത്തുയർത്തി.
എന്നാൽ ഇന്ന്, ഫണ്ട് വെട്ടിക്കുറച്ചതും വർധിച്ചുവരുന്ന അസമത്വവും പകർച്ചവ്യാധി നൽകിയ തിരിച്ചടികളും സാമൂഹിക നിസ്സംഗതയുമെല്ലാം ഈ സംവിധാനങ്ങൾ ദുർബലമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ലോക എയ്ഡ്സ് ദിനം ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കാനും പുരോഗതി ആഘോഷിക്കാനുമുള്ള ദിനം മാത്രമല്ല. സംവിധാനങ്ങളെ കൂടുതൽ നീതിയുക്തവും മനുഷ്യത്വപരവും പ്രതിരോധശേഷിയുള്ളതുമാക്കി പുനർനിർമ്മിക്കുക എന്ന അടിയന്തരാവശ്യത്തിലേക്കും ഈ ദിനം വിരൽ ചൂണ്ടുന്നു.
ബോധവൽക്കരണ പോസ്റ്ററുകളിൽ തെളിയാത്ത യാഥാർത്ഥ്യങ്ങൾ
- ലിംഗഭേദം, ജാതി, വരുമാനം, ഭൂമിശാസ്ത്രം എന്നിവയൊന്നും മാനദണ്ഡമാക്കാതെ ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന രോഗമാണ് എച്ച് ഐ വി.
- മരണത്തേക്കാൾ ഭീതിദമാകുന്ന കളങ്കം തിരസ്കരണത്തെക്കുറിച്ചുള്ള ഭയം, അപമാനം, സമൂഹം കൽപ്പിക്കുന്ന ഭ്രഷ്ടിനെക്കുറിച്ചുള്ള ഭീതി – ഇതെല്ലാം സാധാരണ മനുഷ്യരെ പരിശോധനയ്ക്ക് പോലും വിധേയമാകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അസുഖം തിരിച്ചറിഞ്ഞാൽപ്പോലും അത് രഹസ്യമാക്കിവെച്ച് ചികിൽസ വൈകിപ്പിക്കുന്നതിലേക്ക് രോഗികളെ കൊണ്ടെത്തിക്കുന്നതിൽ സമൂഹം ചാർത്തുന്ന കളങ്കത്തിന് വലിയ പങ്കുണ്ട്. ചുവപ്പ് റിബൺ, എയ്ഡ്സ് ദിനത്തിൽ വസ്ത്രത്തിലണിയുന്ന അലങ്കാരമല്ലെന്ന ബോദ്ധ്യം നമുക്കെല്ലാവർക്കും ഉണ്ടാകണം.
- എയ്ഡ്സ് സംബന്ധിച്ച അവബോധം ആർജിക്കേണ്ടത് ഇപ്പോഴും ഒരാവശ്യമായി തുടരുകയാണ്. ചികിത്സയും പ്രതിരോധ സംവിധാനങ്ങളും എന്നത്തേക്കാളും മികച്ചതായിരിക്കുന്ന ഈ 2025ലും അജ്ഞതയും അവഗണനയും നിലനിൽക്കുന്നു എന്നതിന് ഒരു ന്യായീകരണവും നൽകാനാവില്ല. കൃത്യമായ പരിശോധന, സുരക്ഷിതമായ രീതികൾ, പിന്തുണയ്ക്കായുള്ള സംവിധാനങ്ങൾ — ഇവയെല്ലാം എല്ലാവരിലേക്കുമെത്തിക്കാൻ കഴിഞ്ഞാൽ പ്രവർത്തനങ്ങൾ ഫലപ്രദമാകും.
പ്രമേയം ആവശ്യപ്പെടുന്ന “പരിവർത്തനം”
- സമൂഹത്തിൻ്റെ സജീവ ഇടപെടലോടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന പരിചരണം. എച്ച് ഐവി ബാധിതരെ മാറ്റിനിർത്തരുത്. സപ്പോർട്ട് ഗ്രൂപ്പുകൾക്കും ബോധവൽക്കരണ കാംപെയ്നുകൾക്കും നയപരമായ ചർച്ചകൾക്കും അവർ തന്നെ നേതൃത്വം നൽകട്ടെ. അവരെ അതിന് പ്രാപ്തരാക്കാൻ നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന ഈ സമൂഹത്തിന് കഴിയണം. അവരുടെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്.
- സംഭാഷണങ്ങൾ സാധാരണമാക്കാം. പ്രമേഹത്തെക്കുറിച്ചോ രക്തസമ്മർദ്ദത്തെക്കുറിച്ചോ സംസാരിക്കുന്നതുപോലെ എച്ച് ഐ വി യെക്കുറിച്ചും സംസാരിക്കാം. വീടുകളിലും പ്രാദേശിക കൂട്ടായ്മകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം. നിശബ്ദതയ്ക്ക് പകരം അവബോധം പ്രചരിപ്പിക്കാം.
- ജീവകാരുണ്യ പ്രവർത്തനത്തിനപ്പുറം: അവകാശങ്ങളും അന്തസ്സും. ബഹുമാനം, രഹസ്യാത്മകത, ചികിത്സാലഭ്യത, വിവേചനരഹിതമായ സമീപനം, LGBTQIA+ സൗഹൃദ പരിചരണം, സാധാരണക്കാർക്ക് ചെലവ് താങ്ങാനാവുന്ന തരം മരുന്നുകൾ ഇവയെല്ലാം വേണം. നിയമപരമായ സുരക്ഷാ സംവിധാനങ്ങളും (ഇന്ത്യയിലെ എച്ച് ഐ വി/എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ആക്ട്, 2017 പോലുള്ള നിയമങ്ങളിലേത് പോലെ). പലരും പ്രതിസന്ധിയിൽ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു; തുല്യമായ അന്തസ്സാണ് രൂപാന്തരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
- യുവത സൗഹൃദ വിദ്യാഭ്യാസം, നേരത്തെയുള്ള പരിശോധന.
അഭ്യൂഹങ്ങൾക്കും ഭയത്തിനും പകരം, യഥാർത്ഥ അറിവ് നൽകി അടുത്ത തലമുറയെ ശാക്തീകരിക്കുക.
nellikka.life നൽകുന്ന പ്രാധാന്യം: നമുക്കേവർക്കും പ്രധാനമാകാൻ കാരണം
ക്ഷേമത്തിനും ആർജവത്തിനും അനുകമ്പയ്ക്കും അർഹമായ പ്രാധാന്യം നൽകുന്നതിനായാണ് ഞങ്ങൾ നിലകൊള്ളുന്നത്. ആരോഗ്യമെന്നത്, ശാരീരിക സ്വാസ്ഥ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. മാനസികാരോഗ്യവും അന്തസ്സും സാമൂഹിക നീതിയും അതിൽ ഉൾച്ചേർന്നിരിക്കുന്നു.
ഈ ലോക എയ്ഡ്‌സ് ദിനത്തിൽ:
- എച്ച് ഐ വിയെക്കുറിച്ച് രഹസ്യമായിപ്പറയാതെ, വ്യക്തമായും മനുഷ്യത്വത്തോടെയും നമുക്കുറക്കെപ്പറയാം.
- പരിശോധനകൾക്കും ചികിത്സാലഭ്യതയ്ക്കും പിന്തുണ നൽകാം.
- സംഭാഷണങ്ങളിലോ ജോലിസ്ഥലത്തോ മാധ്യമങ്ങളിലോ ആകട്ടെ, എച്ച് ഐ വി ബാധിതർ കളങ്കിതരായി മുദ്രകുത്തപ്പെടുന്നതിനെ നമുക്ക് ചോദ്യം ചെയ്യാം.
- വൈറസ് കാരണം ആരും ഒറ്റപ്പെടുന്നില്ലെന്ന് നമുക്ക് ഉറപ്പുവരുത്താം.
രോഗത്തോട് പോരാടുന്ന അതേ തീവ്രതയോടെ നാം നിശബ്ദതയോട് പോരാടുമ്പോൾ മാത്രമേ യഥാർത്ഥ ക്ഷേമം കൈവരിക്കാനാകൂ.




