മുതിർന്നവരിലെ കേൾവിക്കുറവ്: നിശ്ശബ്ദതയുടെ ലോകത്തെ പ്രതിസന്ധികൾ തിരിച്ചറിയാം

നമ്മൾ ഓരോരുത്തരേയും ലോകവുമായി ബന്ധിപ്പിക്കുന്നതിൽ ശബ്ദവും കേൾവിശക്തിയും വഹിക്കുന്ന പങ്ക് ചെറുതല്ല. വാസ്തവത്തിൽ ബാഹ്യലോകവുമായി നമ്മളെ വിളക്കിച്ചേർക്കുന്ന കണ്ണിയാണ് ശബ്ദം.
മുതിർന്ന വ്യക്തികളിൽ പലർക്കും കേൾക്കാനുള്ള കഴിവ് ക്രമേണ നഷ്ടമാകുന്നുണ്ട്. ശബ്ദങ്ങളുടെ ലോകത്തു നിന്ന് സാവധാനത്തിലാണ് ഇവർ നിശബ്ദതയിലേക്ക് സഞ്ചരിക്കുക. ഏറ്റവും സാധാരണമായ സംവേദന വൈകല്യങ്ങളിൽ പെടുന്നതാണെങ്കിലും ബധിരത പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള 430 ദശലക്ഷത്തിലധികം പേർക്ക് കേൾവി നഷ്ടമായിക്കൊണ്ടിരിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ മുതിർന്നവരിൽ നാലിലൊന്ന് പേർക്ക് എന്ന തരത്തിൽ ഗണ്യമായ കേൾവിത്തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.
മുതിർന്ന വ്യക്തികൾക്ക് കേൾവിക്കുറവ് അനുഭവപ്പെടാനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ രീതികൾ – എല്ലാം nellikka.life ലൂടെ നമുക്ക് മനസ്സിലാക്കാം. കൂടാതെ, കേൾവി കുറഞ്ഞുവരുന്നത് എത്രയും നേരത്തെ തിരിച്ചറിഞ്ഞ് എങ്ങനെ പരിഹരിക്കാമെന്നും വിശദമായി നോക്കാം.
കേൾവിയുടെ ശാസ്ത്രം
ഒരു ശബ്ദം നമുക്ക് അനുഭവവേദ്യമാകുമ്പോൾ ചെവികൾക്കകത്ത് നിരവധി പ്രക്രിയകൾ നടക്കുന്നുണ്ട്.
ശബ്ദ തരംഗങ്ങൾ ചെവിക്കുട എന്നറിയപ്പെടുന്ന ബാഹ്യകർണ്ണത്തിലൂടെ (Outer Ear) പ്രവേശിച്ച് കർണ്ണപടത്തിൽ (Eardrum) കമ്പനം സൃഷ്ടിക്കുന്നു.
ഈ കമ്പനങ്ങൾ മധ്യകർണ്ണത്തിലെ മൂന്ന് ചെറിയ അസ്ഥികൾ (മാലിയസ്-Malleus, ഇൻകസ്-Incus, സ്റ്റേപിസ്-Stapes) വഴി ആന്തരകർണ്ണത്തിലെ (Inner Ear) കോക്ലിയയിലേക്ക് എത്തുന്നു. സങ്കീർണ്ണമായ ഒട്ടനവധി പ്രക്രിയകൾ നിർവ്വഹിക്കുന്ന നാഡികളും നാളികളും ആന്തരകർണ്ണത്തിൽ സജീവമാണ്.
കോക്ലിയയ്ക്കകത്ത്, ആയിരക്കണക്കിന് അതിസൂക്ഷ്മ സംവേദ കോശങ്ങൾ (Microscopic Hair Cells) ഉണ്ട്. ഈ ഹെയർ സെല്ലുകളാണ് കമ്പനങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നത്, ഇതിനെ മസ്തിഷ്ക്കം ശബ്ദമായി തിരിച്ചറിയുന്നു.
ഉച്ചത്തിലുള്ള ശബ്ദം, രോഗങ്ങൾ, വാർദ്ധക്യം, ചില മരുന്നുകൾ എന്നിവ മൂലം ചെവിയിലെ ഈ സങ്കീർണ്ണമായ സംവിധാനത്തിന് കേടുപാടുകൾ സംഭവിക്കുമ്പോൾ, സിഗ്നലുകൾ ദുർബലമാവുകയും കേൾക്കാനുള്ള കഴിവ് ക്രമേണ നഷ്ടമാകുകയും ചെയ്യുന്നു.
മുതിർന്നവരിൽ കേൾവി കുറയാനുള്ള പ്രധാന കാരണങ്ങൾ
പ്രായാധിക്യം മാത്രമല്ല കേൾവിക്കുറവിന് കാരണമാകുന്നത്. കേൾവിത്തകരാർ മുപ്പതുകളിലോ നാൽപ്പതുകളിലോ തന്നെ ആരംഭിക്കുകയും ക്രമേണ വഷളാവുകയും ചെയ്യുന്നു.
പ്രധാനമായും മൂന്ന് തരത്തിലാണ് കേൾവിക്കുറവ് ഉണ്ടാകുക.
1. സെൻസറിന്യൂറൽ കേൾവിക്കുറവ് (Sensorineural Hearing Loss)
ഏറ്റവും സാധാരണയായി കാണുന്ന പ്രശ്നമാണിത്. ആന്തരിക കർണ്ണത്തിനോ (കോക്ലിയ) അല്ലെങ്കിൽ ഓഡിറ്ററി ഞരമ്പിനോ (Auditory Nerve) ഉണ്ടാകുന്ന കേടുപാടുകൾ മൂലമാണിത് സംഭവിക്കുന്നത്.
സാധാരണ കാരണങ്ങൾ:
- പ്രായാധിക്യം മൂലമുള്ളത് (Presbycusis): മുതിർന്നവരിൽ കേൾവിക്കുറവിനുള്ള പ്രധാന കാരണം ഇതാണ്.
- ഉച്ചത്തിലുള്ള ശബ്ദങ്ങളുമായുള്ള നിരന്തര സമ്പർക്കം: (ഹെഡ്‌ഫോണുകൾ, യന്ത്രസാമഗ്രികൾ, സംഗീത പരിപാടികൾ).
- ജനിതകപരം: (Genetic Predisposition) കുടുംബത്തിൽ പാരമ്പര്യമായി കേൾവിക്കുറവുണ്ടെങ്കിൽ
- പ്രമേഹവും ഹൃദ്രോഗവും: ഇവ ആന്തരിക കർണ്ണത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു.
- ഓട്ടോടോക്സിക് മരുന്നുകൾ: ചില ആൻ്റിബയോട്ടിക്കുകൾ, കീമോതെറാപ്പി മരുന്നുകൾ, ചില വേദന സംഹാരികൾ (NSAIDs) എന്നിവ.
ആന്തര കർണ്ണത്തിലെ അതിസൂക്ഷ്മ കോശങ്ങൾ (Hair Cells) നശിച്ചുപോയാൽ, അവ പുനർനിർമ്മിക്കപ്പെടില്ല. അതുകൊണ്ടുതന്നെ എത്രയും നേരത്തെ പ്രശ്നങ്ങൾ കണ്ടെത്തി ചികിൽസിക്കേണ്ടത് ഏറെ നിർണ്ണായകമാണ്.
2. കണ്ടക്റ്റീവ് കേൾവിക്കുറവ് (Conductive Hearing Loss)
ഈ അവസ്ഥയിൽ, പുറം ചെവിയിലോ മധ്യ ചെവിയിലോ ഉള്ള തടസ്സങ്ങൾ കാരണം ശബ്ദത്തിന് അകത്തേക്ക് കടന്നുപോകാൻ കഴിയില്ല.
കാരണങ്ങൾ:
- ചെവിക്കായം അടിഞ്ഞുകൂടുന്നത് (Earwax Blockage).
- ചെവിയിലുണ്ടാകുന്ന തുടർച്ചയായ അണുബാധകൾ.
- കർണ്ണപടത്തിൽ സുഷിരമുണ്ടാകുക (Eardrum Perforation).
- മധ്യകർണ്ണത്തിൽ ദ്രാവകം നിറയുക: (സൈനസ് അണുബാധകൾക്ക് ശേഷം ഇങ്ങനെ സംഭവിക്കാറുണ്ട്).
- ഓട്ടോസ്ക്ലീറോസിസ് (Otosclerosis) പോലുള്ള അസ്ഥി വളർച്ചാ വൈകല്യങ്ങൾ.
3. സമ്മിശ്ര കേൾവിക്കുറവ് (Mixed Hearing Loss)
ഇത് സെൻസറിന്യൂറൽ സങ്കീർണ്ണതയും, കണ്ടക്റ്റീവ് കാരണങ്ങളും ചേർന്നുവരുമ്പോൾ സംഭവിക്കുന്നു. ഏറെക്കാലമായി ചെവിയിൽ അസുഖങ്ങൾ അനുഭവപ്പെടുകയോ പരിക്ക് പറ്റുകയോ ചെയ്യുമ്പോൾ അത് ഇത്തരം കേൾവിക്കുറവിന് കാരണമാകാറുണ്ട്.
അവഗണിക്കപ്പെടുന്ന ആദ്യകാല ലക്ഷണങ്ങൾ
പെട്ടെന്നുള്ള ബധിരതയിൽ നിന്ന് വ്യത്യസ്തമായി, മുതിർന്നവരിൽ കേൾവി കുറയാനിടയാക്കുന്ന മിക്ക കാരണങ്ങളും വളരെ സാവധാനത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ ബുദ്ധിമുട്ട് ശ്രദ്ധിക്കാതെ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
ഈ സൂചനകൾ ശ്രദ്ധിക്കാം:
- മറ്റുള്ളവരോട് സംസാരം ആവർത്തിക്കാൻ നിരന്തരം ആവശ്യപ്പെടുക.
- ടിവിയുടെയോ ഫോണിൻ്റെയോ ശബ്ദം പതിവായി കൂട്ടിവെയ്ക്കുക.
- തിരക്കുള്ള സ്ഥലങ്ങളിലെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നതിനോ ബഹളമുള്ള ചുറ്റുപാടുകളിൽ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കുന്നതിനോ പ്രയാസം നേരിടുക.
- മറ്റുള്ളവർ സാധാരണ ശബ്ദത്തിൽ സംസാരിച്ചാലും പിറുപിറുക്കുകയാണെന്ന് തോന്നുക.
- സംഭ്രമം മൂലമോ ക്ഷീണം തോന്നുന്നതു കൊണ്ടോ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക.
- ചെവിയിൽ മൂളൽ (Tinnitus) അനുഭവപ്പെടുക.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ, ഒരു ഓഡിയോളജിസ്റ്റിൻ്റെയോ (Audiologist) ഇഎൻടി ഡോക്ടറുടെയോ (ENT) പരിശോധനയ്ക്ക് വിധേയമാകണം. കൃത്യമായ രോഗനിർണ്ണയത്തിന് വിദഗ്ധ പരിശോധന അനിവാര്യമാണ്.
കേൾവിയും മസ്തിഷ്ക്കാരോഗ്യവും: ശാസ്ത്രം പറയുന്നത്
കേൾവിക്കുറവ് അവഗണിക്കുന്നത് ചെവിയെ മാത്രമല്ല, മസ്തിഷ്ക്കത്തെയും ബാധിക്കുമെന്ന് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നു.
ധിഷണാശേഷിക്കുറവ് (Cognitive Decline)
കേൾവിക്കുറവിന് ചികിത്സ തേടാത്ത മുതിർന്ന വ്യക്തികളിൽ, സാധാരണ കേൾവിയുള്ളവരെ അപേക്ഷിച്ച്, 30-40% വേഗത്തിൽ ഓർമ്മശക്തിയും ചിന്താശേഷിയും കുറയുമെന്ന്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി 2017ൽ നടത്തിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
ശബ്‌ദ സന്ദേശങ്ങൾ ലഭിക്കാതെ വരുമ്പോൾ, മസ്തിഷ്ക്കം സ്വയം പുനഃക്രമീകരിക്കാൻ തുടങ്ങുന്നു. തലച്ചോറിലെ കേൾവിക്ക് വേണ്ടിയുള്ള ഭാഗങ്ങൾ മറ്റ് പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നത് ഓർമ്മശക്തിയും വിവരങ്ങൾ സൂക്ഷിക്കാനുള്ള ശേഷിയും കുറയ്ക്കുന്നു.
കേൾവിത്തകരാറും മാനസികാരോഗ്യവും
കേൾവിക്കുറവ് വിഷാദത്തിനും സാമൂഹികമായ ഒറ്റപ്പെടലിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് മധ്യവയസ്ക്കരിലും വൃദ്ധരിലും.
കേൾവിത്തകരാറുള്ളതു കൊണ്ട്, മറ്റുള്ളവരോട് സംവദിക്കാനും മടി തോന്നുന്നു. ഇത് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു, ബന്ധങ്ങളും ക്രമേണ ഇല്ലാതാകുന്നു.
വീഴ്ചകളും ശാരീരികാരോഗ്യവും
ചെവിയിലെ വെസ്റ്റിബുലാർ സംവിധാനം (Vestibular System) ശരീരത്തിൻ്റെ തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കേൾവിശേഷി കുറയുന്നത്, അതിനാൽത്തന്നെ വീഴ്ച്ചകൾക്കുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുമെന്ന്
ജാമ ഓട്ടോലാറിംഗോളജി (JAMA Otolaryngology) 2018ൽ നടത്തിയ സുപ്രധാന പഠനം പറയുന്നു.
കേൾവിക്കുറവ് എങ്ങനെ കണ്ടെത്താം?
കേൾവിത്തകരാറിൻ്റെ കാരണം, തീവ്രത, തരം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ശരിയായ ചികിത്സ നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായുള്ള സമ്പൂർണ്ണ പരിശോധനയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
1.ഓട്ടോസ്കോപ്പി (Otoscopy): കർണ്ണനാളിയും കർണ്ണപടവും സൂക്ഷ്മമായി പരിശോധിക്കുന്നു.
2.ഓഡിയോമെട്രി (Audiometry): വ്യത്യസ്ത ഫ്രീക്വൻസികളിൽ കേൾവിശക്തിയുടെ പരിധി അളക്കുന്നു.
3.ടിംപനോമെട്രി (Tympanometry): മധ്യകർണ്ണത്തിലെ മർദ്ദവും പ്രവർത്തനവും വിലയിരുത്തുന്നു.
4.സംഭാഷണ പരിശോധനകൾ (Speech Discrimination Tests): ശബ്ദത്തിൻ്റെ വ്യക്തതയും ഗ്രഹണശേഷിയും വിലയിരുത്തുന്നു.
5.ഇമേജിംഗ് (CT/MRI): ഘടനാപരവും നാഡീസംബന്ധവുമായ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.
കേൾവി വീണ്ടെടുക്കാനുള്ള ചികിത്സാ രീതികൾ
1. ശ്രവണസഹായികൾ (Hearing Aids)
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ശ്രവണസഹായികൾ സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതും വ്യക്തിഗത പ്രത്യേകതകൾക്കനുസൃതമായി സജ്ജീകരിക്കാവുന്നതുമാണ്.
ഇവ പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യുകയും നിർദ്ദിഷ്ട തരംഗദൈർഘ്യങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്നു.
2. കോക്ലിയർ ഇംപ്ലാന്റുകൾ (Cochlear Implants)
ശ്രവണസഹായികൾ കൊണ്ട് പ്രയോജനം ലഭിക്കാത്ത ഗുരുതരമായ സംവേദന-നാഡീ വൈകല്യമുള്ളവർക്ക് ഇത് സഹായകമാണ്.
ഈ ഇംപ്ലാൻ്റുകൾ കേടായ ഹെയർ സെല്ലുകൾ മറികടന്ന് ഓഡിറ്ററി നാഡിയെ നേരിട്ട് ഉത്തേജിപ്പിക്കുന്നു.
3. മെഡിക്കൽ അല്ലെങ്കിൽ സർജിക്കൽ ചികിത്സകൾ
കണ്ടക്റ്റീവ് കേൾവിക്കുറവിന് വേണ്ടിയുള്ള ചികിത്സകളിൽ ഇവ ഉൾപ്പെടുന്നു:
- ചെവിക്കായമോ ദ്രാവകമോ നീക്കം ചെയ്യുക.
- കർണ്ണപടത്തിലെ സുഷിരം ശരിയാക്കുക (ടിംപനോപ്ലാസ്റ്റി).
- ഓട്ടോസ്ക്ലീറോസിസ് (Otosclerosis) പോലുള്ള അവസ്ഥകൾക്കോ ഓസിക്കിൾ പുനഃസ്ഥാപനത്തിനോ ശസ്ത്രക്രിയ നടത്തുക.
4. സഹായക ശ്രവണോപകരണങ്ങൾ (Assistive Listening Devices – ALDs)
ബ്ലൂടൂത്ത് സംവിധാനമുള്ള മൈക്രോഫോണുകൾ, ആംപ്ലിഫൈഡ് ടെലിഫോണുകൾ, മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ തുടങ്ങിയവ ദൈനംദിന ജീവിതത്തിലെ ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കും.
ചെവികൾക്ക് സംരക്ഷണം നൽകാം:കേൾവിക്കുറവ് തടയാം
ശബ്ദ ശുചിത്വം (Noise Hygiene)
- ഹെഡ്‌ഫോൺ വോളിയം 60%ൽ താഴെ നിലനിർത്തുക, തുടർച്ചയായി കേൾക്കുന്നത് 60 മിനിറ്റിൽ താഴെയായി പരിമിതപ്പെടുത്തുക.
- സംഗീത പരിപാടികൾ, ഫാക്ടറികൾ, തിരക്കേറിയ റോഡുകൾ എന്നിങ്ങനെയുള്ള ശബ്ദായമാനമായ ചുറ്റുപാടുകളിൽ ഇയർപ്ലഗുകൾ ഉപയോഗിക്കുക.
ആരോഗ്യം ശ്രദ്ധിക്കാം
- പ്രമേഹം, രക്താതിമർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക – രക്തയോട്ടം കുറയുന്നത് കോക്ലിയയുടെ നാശത്തിന് ആക്കം കൂട്ടും.
- ഓട്ടോടോക്സിക് (ചെവിക്ക് ദോഷകരമായ) എന്ന് അറിയപ്പെടുന്ന വേദന സംഹാരികളോ ആൻ്റിബയോട്ടിക്കുകളോ സ്വയം ചികിത്സയായി ഉപയോഗിക്കാതിരിക്കുക.
പരിശോധന പതിവാക്കാം
40 വയസ്സിനു മുകളിലുള്ള മുതിർന്നവർ, പ്രത്യേകിച്ച് ജോലിസ്ഥലത്ത് ശബ്ദവുമായി സമ്പർക്കമുള്ളവരോ ദിവസവും ഇയർഫോൺ ഉപയോഗിക്കുന്നവരോ ആണെങ്കിൽ മൂന്ന് വർഷം കൂടുമ്പോൾ കേൾവി പരിശോധന നടത്തണം.
മനസ്സ് പറയുന്നത് കേൾക്കാം
കേൾവി സംരക്ഷിക്കുന്നത് മാനസിക വ്യക്തത, സന്തുലനാവസ്ഥ, വൈകാരിക ക്ഷേമം എന്നിവയെല്ലാം ആരോഗ്യകരമായി നിലനിർത്തുന്നു. നേരത്തെയുള്ള രോഗനിർണയം ചെവിക്കും മനസ്സിനും ആരോഗ്യം നൽകും.
കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടമായി എന്നല്ല, പക്ഷേ ജീവിതത്തിന് നിറം നൽകുന്ന ലോകത്ത് നിന്ന് ഒറ്റപ്പെട്ടുപോകാൻ കേൾവിക്കുറവ് ഇടയാക്കിയേക്കാം.
കേൾവി കുറഞ്ഞുവരുന്നതായി തോന്നിയാൽ, ഒട്ടും അവഗണിക്കരുത്. നേരത്തെ തന്നെ പരിശോധന നടത്തുക, ചികിൽസ തേടുക.
References
- World Health Organization. World Report on Hearing.
- Johns Hopkins University School of Medicine. Hearing Loss and Cognitive Decline Study.
- JAMA Otolaryngology. Association Between Hearing Loss and Falls in Older Adults. (2018)
- National Institute on Deafness and Other Communication Disorders (NIDCD). Adult Hearing Loss Statistics. (2024)
- The Lancet Public Health. Global burden of hearing loss and prevention strategies. (2022)




